loader
blog

In History

By Shuaibul Haithami


കേരള ഇസ്ലാം : നിശബ്ദ നൂറ്റാണ്ടുകളുടെ ശബ്ദം

ദിപ്തി എന്നാണ്  ' നൂറ്' എന്ന അറബ് പദത്തിനർത്ഥം. സ്രഷ്ടാവ്  സ്വന്തത്തിനെക്കുറിച്ചും നിയോഗിച്ച ദൂതരെക്കുറിച്ചും പ്രയോഗിച്ച പദമാണ് നൂറ്. മലയാളത്തിലെത്തുമ്പോൾ 'നൂറ് ' സംഖ്യാമൂല്യമാണ്. എന്നാൽ ,
നൂറ് കൊല്ലങ്ങൾ ചേർത്തുണ്ടാക്കിയ ഒരു കാലവൃത്തത്തിൽ സമസ്ത കൊളുത്തിയ ദീപാങ്കുരങ്ങൾക്ക് കാലാതിവർത്തിയായ വ്യാഖ്യാനങ്ങളുണ്ട്. കാരണം ,നൂറ് എന്ന അക്കം കാലപ്രവാഹത്തിൽ ഒരൊറ്റത്തുള്ളിയോളമേ വരുന്നുള്ളൂവെങ്കിലും വഹ്‌യ് മുറിഞ്ഞതിന് ശേഷമൊഴുകിയ പതിനാലര  നൂറ്റാണ്ടിന്റെ ദൈർഘ്യത്തിൽ നൂറാണ്ട് പരന്ന നൂറ് ഒരു ചെറിയ സാന്നിധ്യമല്ല.അന്ത്യപ്രവാചകനാൽ സമ്പൂർണ്ണമായൊരു പ്രാപഞ്ചിക വീക്ഷണത്തെ , തത്വശാസ്ത്രത്തെ , നിയമഘടനയെ , പ്രയോഗരീതിയെ കാത്തും കൈമാറിയും ഒരു വിജ്ഞാന സമൂഹം അറിവിന്റെ രേവതി കൊണ്ടും ആത്മീയ നിവേദ്യങ്ങൾ കൊണ്ടും കാലത്തിനഴകായ് , നന്മയുള്ള മനുഷ്യരുടെ യുഗമുദ്രയായ് അവിടെ അടയാളപ്പെട്ടിരിക്കുന്നു. അപ്പോൾ ,ആശയം കൊണ്ട് സമസ്ത തുടങ്ങുന്നത് നൂറാണ്ട് മുമ്പല്ലെന്ന് വരുന്നു. ബുറാഖിനെ വഴിക്ക് നിർത്തി , ജിബ്രീലിന് കൈകൊടുത്ത് നബി കാലൂന്നിക്കയറിപ്പോയ അതിർത്തികളറിയപ്പെടാത്ത പൂർവ്വാകാശങ്ങൾക്കപ്പുറത്തേക്ക്  നീട്ടമുണ്ട് സമസ്ത കാവൽ നിൽക്കുന്ന ദീനിന്റെ നോട്ടങ്ങൾക്ക് . ആ നോട്ടത്തിന്റെ കാഴ്ച്ചപ്പാടുകൾ ഒരു പേരിലും മന്ദിരത്തിലും വ്യവസ്ഥയായതാണ് സമസ്ത .
 
കടല് കടന്ന കാലുകൾ .

ഭൂമിയെ സൗകര്യത്തിന് നാല് മട്ടത്രികോണങ്ങളാക്കി മുറിച്ച് ഭാഗമാക്കിയാൽ തെക്കോട്ട് തൂങ്ങുന്ന വടക്കുകിഴക്കൻ മണ്ണാണ് കേരളം. സമസ്തയിലൂടെ പൂവിട്ട ദീനിനീ മണ്ണിൽ വിത്തുണ്ടായ മിത്തും മരമുണ്ടായ കഥയും ശിഖിരങ്ങൾ പരന്ന ചരിത്രവും പാകപ്പെടുത്തിയ കാലാവസ്ഥയും വിരിയുന്നുണ്ട് ഈ നൂറാണ്ടിന്റെ ഓർമ്മകളിൽ. മലപ്പൊത്തിലാണ് വഹ്യ് ഇറങ്ങിത്തുടങ്ങിയതെങ്കിലും കടല് കടന്നാണത് അവകാശികളെ കണ്ടെത്തിയത് .
അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനുമിടയിലൂടെ ഒഴികിനടന്ന പായക്കപ്പലുകളിലാണ് ദക്ഷിണേന്ത്യ ദിവ്യദക്ഷിണ കിട്ടിയത്.  കാറ്റലകൾ വകഞ്ഞ് കടലുരഞ്ഞ് ഇക്കരയിലേക്ക് തിരിഞ്ഞ ഒരു പായക്കപ്പലിലാണ് ശറഫ് ബിൻ മാലിക് , മാലിക് ബിൻ ദീനാർ , മാലിക് ബിൻ ഹബീബും പത്നി ഖമരിയ്യയും മക്കളും , സുഹൃത്തുക്കൾ എന്നിവർ ദീർഘനാളത്തെ യാത്രക്ക് ശേഷം കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയത്. നേരത്തെ , സിലോണിലെ ആദംമല കാണാൻ പോകുകയായിരുന്ന അറബ്സംഘം വഴിമധ്യേ അതേ കൊടുങ്ങല്ലൂരിലിറങ്ങി രാജാവ് ചേരമാൻ പെരുമാളിനെ കാണിനിടയായതും അറേബ്യയിലെ 'ബേദാംബർ പോരിഷ ' നിലാവ് നെടുകെ മുറിഞ്ഞ് മക്കത്തെ മലപ്പുറത്തിറങ്ങിയ കഥ പങ്കുവെച്ചതുമാണ് ചരിത്രം വഴിമാറി സഞ്ചരിക്കാൻ നിമിത്തമായത്.
ഒപ്പം മക്കത്ത് പോയി താജുദ്ദീനായ രാജാവ് മടക്കവഴിയിൽ മരിക്കവേ തന്റെ അനന്തിരവന് കൈമാറാനുള്ള കത്തുമായ് വിട്ട സംഘമാണ് സമസ്തയിപ്പോൾ തുടരുന്നത് തുടങ്ങി വെച്ചതെന്ന് ബലം കുറയാത്ത ചരിത്രഭാഷ്യം. മണ്ണും മനസ്സും നൽകി തദ്ദേശീയർ അവരെ വരിച്ചപ്പോൾ കൊടുങ്ങല്ലൂരിന് പുറമേ കൊല്ലം , ഏഴിമല , ബട്കൽ , മംഗലാപുരം , കാസർഗോഡ് , ശ്രീകണ്ഠാപുരം , ധർമടം , പന്തലായിനി , ചാലിയം എന്നിവിടങ്ങളിൽ പള്ളിയും അതിനുള്ളിൽ വിളക്കുമായി.
 പതിതരെ പതുക്കെയുയർത്തി അവരുണ്ടാക്കിയ
 ആശയ സമൂഹം ക്രമാനുഗതമായി മണ്ണിനോടും മനുഷ്യരോടും ഇഴചേർന്ന് വിപുലമാവുകയായിരുന്നു.
പത്താം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ഘട്ടത്തിനിടയിലാവാം മുസ്ലിംകൾ സാമൂഹിക - വാണിജ്യ -സംഘടിത ശക്തിയായ് ഏകോപിക്കപ്പെട്ട് തുടങ്ങിയതെന്നാണ് അനുമാനം. ചരിത്രരേഖകൾ ഏറെക്കുറേ നിശബ്ദമായ ഇടക്കാലത്ത് ഇവിടെ നിലനിന്നിരുന്നത് തനത് ഇസ്ലാമിന്റെ മദീനാ മോഡൽ തന്നെയായിരുന്നുവെന്ന് ,
എഡി . 849 ലെ തരിസ്സാപ്പള്ളി ശാസന മുതൽ ചൈനീസ് റഷ്യൻ സഞ്ചാരികളടക്കം കുറിച്ചിട്ടതിലുണ്ട്.  902 മുതൽ 1331 വരെയുള്ള കാലത്ത് കേരളത്തെക്കുറിച്ചും ഇന്ത്യൻ മഹാസമുദ്ര തീരത്തെ മുസ്ലിം സാംസ്ക്കാരിക ശിൽപ്പങ്ങളെക്കുറിച്ചും കുറിച്ചിട്ട ഇബ്നു ഫഖീഹ് , ഇബ്നു റുസ്ത , മസ്ഊദി , അൽ ബിറൂനി , അൽ ഇദ്രീസി , റഷീദുദ്ദീൻ , അൽ ഖസ്വീനി , അബുൽ ഫിദാ , ഒടുവിൽ ആഫ്രിക്കൻ സഞ്ചാരിയായ ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ വിവരണങ്ങളുടെ നുറുങ്ങ് വെട്ടത്തിലും അക്കാര്യം അരണ്ട് കാണാം. പലവട്ടം മലബാറിൽ സഞ്ചരിച്ച ഇബ്നു ബത്തൂത്ത ആത്മീകാചാര്യന്മാരുടെ കീഴിൽ രൂപപ്പെട്ടുവന്ന കേരള മുസ്ലിം മോഡലിന്റെ തൈക്കൊടികൾ കാട്ടിത്തരുന്നുണ്ട് രിഹ്ലയിൽ . കോഴിക്കോട്ടെ ശൈഖ് ശിഹാബുദ്ദീൻ കാസറൂനി, കൊല്ലത്തെ ശൈഖ് ഫഖ്റുദ്ദീൻ , ബസറൂനിലെ ശൈഖ് അബൂ സിത്ത , ഫാക്കനൂരിലെ ഹുസൈൻ സലാത്ത , മംഗലാപുരത്തെ ബദറുദ്ദീൻ മഅ്ബരി, ഏഴിമലയിലെ ഹസനുൽ മസ്താൻ തുടങ്ങിയ നാമങ്ങൾ പേരുകൾക്കപ്പുറം സമസ്തയുടെ ജനിതക വേരുകൾ തന്നെയാണ്.

യമനിലെ മഅ്ബറിൽ നിന്നും തെന്നിന്ത്യയിലേക്ക് കുടിയേറി , കീളക്കര , കായൽപ്പട്ടണം , മഥുര , തഞ്ചാവൂർ , തിരുച്ചിറപ്പള്ളി , നാഗൂർ തുടങ്ങിയ കിഴക്കൻ തമിഴ് പ്രദേശങ്ങളിൽ നാഗരിക ഇസ്ലാമിന് നാന്ദികുറിച്ച മഖ്ദൂം കുടുംബത്തിലെ ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം ബിൻ അഹ്മദിന്റെ പൊന്നാനി പ്രവേശത്തോടെയാണ് കേരള മുസ്ലിംകളുടെ ആത്മീക - വൈജ്ഞാനിക - സാമൂഹിക സ്വത്വങ്ങൾ അനാവൃതമാവുന്നത് . പതിനാറാം ശതകത്തോടെ, അനുമാനങ്ങളുടെ ചാരനിറം നീങ്ങി ശബ്ദവും കാഴ്ച്ചയുമുള്ള മലയാള മുസ്ലിം ചരിത്രം മിഴി തുറന്നപ്പോൾ നൂലിട്ട് കെട്ടിയ കിതാബുകൾക്ക് ചുറ്റിലും വട്ടമിട്ട തലയിൽ കെട്ടിയ മുസ്ലിംകളും  തെളിഞ്ഞ് വന്നു.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും പൗത്രൻ സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും ചേർന്നപ്പോഴാണ് മലയാള മുസ്ലിം നാംസ്കാരിക വിനിമയത്തിന് മൂല്യം പകർന്ന " പൊന്നാനി " അഥവാ രണ്ട് സ്വർണ്ണക്കട്ടകൾ കേരളത്തിന് കിട്ടിയത് . നടുവിലുള്ള ശൈഖ് മുഹമ്മദ് ഗസ്സാലിക്ക് ചോമ്പാലിലാണ് തട്ടകമൊരുങ്ങിയത്, ഖാദിൽ ഖുദാത്ത് , മുഫ്തി .
ആ തറവാട്ടിൽ നിന്ന് പിറന്ന, വിഷയ സമസ്തം ഉൾക്കൊണ്ട ഗദ്യ- പദ്യ  ഗ്രന്ഥങ്ങൾക്ക് കോസ്മോപൊളിറ്റൽ സ്വീകാര്യതയുണ്ടായി. മുസ്ലിം ലോകം അവരിലൂടെ കേരള ഇസ്ലാമിനെ വിലയിരുത്തി. പിന്നീടുള്ളവർക്ക് തെളിവായ് വരത്തക്കം പതിനാറ് മുതൽ പത്തൊമ്പത് വരെയുള്ള ശതകങ്ങളിൽ അവർ വാക്കാലും വാളാലും സമുദായത്തെ ശരിക്കും ഉണ്ടാക്കുകയായിരുന്നു. ഓത്തും ബൈത്തും ഒപ്പം രണോൽസവത്തിന്റെ ഝണഝണാരവങ്ങളും മുഴങ്ങുന്ന ഓർമ്മയുടെ അഭ്രപാളികൾ നിവർന്നു തീരുമ്പോൾ ഇങ്ങേത്തലക്കൽ വരുന്ന ക്ലൈമാക്സാണ് സമസ്ത .
അവിടെ , മഖ്ദൂമീ ജ്ഞാന - ബോധന - സാമൂഹിക മാതൃകയായ ഉലമാ ആക്ടീവിസത്തിന്റെ കൈത്തുടർച്ചക്കാർ എന്നർത്ഥത്തിൽ, കാലം സമസ്തക്ക് പിന്നീട് സഞ്ചരിക്കാൻ വരയിട്ട് വെച്ച രണ്ട് പൊരുളുകൾ വായിച്ചെടുക്കാം . ഒന്ന് തമിഴ്നാട്ടിലേക്ക് നീളുന്ന പൊക്കിൾക്കൊടി ബന്ധം. മറ്റൊന്ന് മക്കത്തേക്ക് വളർന്ന സമസ്തയുടെ സനദിന്റെ സത്യതയും . മഖ്ദൂം രണ്ടാമൻ മക്കയിൽ ദശാബ്ദം അധ്യായനവും അധ്യാപനവുമായ് താമസിക്കുന്നതിനിടയിൽ ഇമാം ഇബ്നു ഹജരിൽ ഹൈതമി , ഇസ്സുദ്ദീൻ അബ്ദുൽ അസീസ് അസ്സുമരി തുടങ്ങിയവരിൽ നിന്ന് ഇസ്ലാമിന്റെ ശരീരവും അബുൽ ഹസൻ സിദ്ദീഖ് അൽ ബകരിയിൽ നിന്ന് അതിന്റെ ആത്മാവും സ്വായത്തമാക്കി ഖാദിരീ ധാരയുടെ ശൈഖായി അവരോധിതനായിരുന്നു.  മഹല്ലുകൾ എന്ന മുസ്ലിം നാട്ടുസഭകളെ ഉപവസിച്ച് ഓതിപ്പഠിക്കാൻ  സിലബസ് നൽകുന്നതിനോടൊപ്പം പഠിച്ചോതാൻ സിൽസിലയും നൽകി വരുന്ന സമസ്ത ചെന്നുമുട്ടുന്ന വഴിയതാണ്. കേരളത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവുമധികം മസ്ജിദുകളുടെ നാമം മുഹ്‌യിദ്ദീൻ എന്നായതിന്റെ കാരണമതാണെന്ന് നിരീക്ഷപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര സമര ഭടന്മാർ വള്ളുവനാട്, ഏറനാടുകളിൽ നിന്ന് മാലപാടി പുകയുന്ന സാമ്പ്രാണിക്ക് ചുറ്റിലും വാൾച്ചുഴറ്റി 'ബറകതെടുത്തിരുന്ന ' പാരമ്പര്യവും തഥൈവ .
തലയിൽ കെട്ടും നീളൻ ജുബയും അരമുണ്ടുമണിഞ്ഞ് നിവർന്ന 'മുസ്ലിയാർ' മാതൃക യമനിലേക്കാണ് നീളുക . ആ പദത്തിലുമുണ്ട് ദേശാന്തര സംസ്കൃതിയുടെ ആദാനപ്രദാനം.
വന്ദന സൂചകമായ് തമിഴിൽ മൊഴിയുന്ന 'യാർ' സദ് വൃത്തൻ  എന്നർത്ഥത്തിലുള്ള മുസ്വ്‌ലിഹിൻ്റെയോ നമസ്ക്കാരി എന്നർത്ഥത്തിലുള്ള മുസ്വല്ലിയുടെയോ കൂടെ വന്നപ്പോഴാണ് മലയാളത്തിൽ ഉലമാക്കൾ മുസ്ലിയാർമാരായത്.
സമസ്തയുടെ അസ്തിത്വത്തിൽ ഏറെയുള്ളത് മുസ്ലിയാർ സംസ്കൃതിയാണ് .
ആ വലയം വിശാലമാക്കിയാൽ ലോക മുസ്ലിം ചരിത്രത്തിന്റെ പ്രൊഫൈൽ പിക്ച്ചറുകളും കവർസ്റ്റോറികളുമായ  വിശ്വാസ , കർമ്മ ശാസ്ത്രകരന്മാർ , ചരിത്ര - സാഹിത്യ വിശാദരർ , ദാർശനിക - ആധ്യാത്മിക ചിന്തകർ തുടങ്ങി സകലരും വേഷത്തിലും ഭാവത്തിലും സന്ധിക്കുന്ന ആദർശനിലത്താണ് സമസ്തനില എന്ന് കാണാം. 


മാപ്പിള വീണ്ടെടുത്ത ബുദ്ധി .

1800 കളിൽ ഇഛാശക്തരായ പടത്തലവന്മാരും ശേഷം മമ്പുറം വലിയ തങ്ങളും പിന്നീട് പുത്രൻ സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങളും മുസ്ലിം സമുദായത്തിന്റെ സാമൂഹിക അസ്തിത്വത്തിന് വേണ്ടി നേരിട്ടടപെട്ടു . മരണാനന്തര ജീവിതത്തോട് ചേർത്ത് പറയപ്പെട്ട സമര കാഹളങ്ങൾക്ക് ആത്മീകമാനം തന്നെയായിരുന്നു അക്കാലത്ത്. അവരുടെ മഹത്തായ നേതൃത്വത്തിന് ബദലന്യമായതോടെ , പത്തൊമ്പത് -ഇരുപതാം ശതകങ്ങളിൽ മലബാർ മുസ്ലിംകൾ അക്ഷരാർത്ഥത്തിൽ തീ തിന്നു.ശേഷം പല പണ്ഡിതരും അതേ " സൈഫുൽ ബതാർ അലാ മൻ യുവാവിൽ കുഫാർ " വഴിയേ സഞ്ചരിച്ചെങ്കിലും, നേതൃദാരിദ്ര്യം 1920 കളിലെ മലബാർ കലാപത്തോടെ മുസ്ലിം സമൂഹത്തെ ശോകമായ അനാഥത്വത്തിലാഴ്ത്തി.തീക്ഷ്ണമായ ബ്രിട്ടീഷ് വൈതരണികൾ അവരെ എത്തിച്ച ആഹുതികളുടെയും അരക്ഷിതാവസ്ഥയുടെയും തീച്ചാരങ്ങളിൽ നിന്നാണ് ഉലമാക്കൾ ചിതറിയ ദീൻ പെറുക്കിക്കൂട്ടി അതിന്റെ പൂർവ്വശോഭയോട് പുന:കോർത്തത്. വാസ്തവത്തിൽ , ലോക മുസ്ലിംകൾ ഒന്നിച്ചകപ്പെട്ട ഇരുട്ടിന്റെ ഘട്ടമായിരുന്നുവത്. കാരണം ഒന്നാം ലോക മഹായുദ്ധത്തിൽ ( 1914 - 18 ) ജർമ്മനിയോടൊപ്പം നിന്ന തുർക്കിയുടെ പതനത്തോടെ ഉസ്മാനീ ഖിലാഫ: നിലം പൊത്തുകയും സുന്നീ- സൂഫീ ആഗോള മുസ്ലിം ഘടന തകർത്ത് ബ്രിട്ടീഷുകാർ വിശുദ്ധ ഭൂമികകളുടെ നിയന്ത്രണം " മതാന്തർ യുക്തിവാദികളുടെ " കൈകളിലേൽപ്പിക്കുകയും ചെയ്തു. സൗദിയൻ വഹാബിസം , ഈജിപ്ത്യൻ മോഡേൺ- പാനിസ്ലാമിസം, ടർക്കിഷ് ഇസ്ലാമിക് സ്വതന്ത്രചിന്ത ഇവമൂന്നും ഏറിയും കുറഞ്ഞും കേരളത്തിലുമെത്തി, വിധി പൈപരീത്യമാവാം , ബ്രിട്ടീഷ് സൈനിക വിമാനത്തിലിറങ്ങി വന്ന് അവ നേരെ പോയതും കൊടുങ്ങല്ലൂരിലേക്ക് തന്നെയായിരുന്നു. പക്ഷെ ,  പായക്കപ്പലിൽ വന്നവർ ചെന്നത് പാവങ്ങളിലേക്കും ഇവർ പ്രമാണിമാരിലേക്കും എന്നൊരു കാതലായ മാറ്റമുണ്ടായിരുന്നു രണ്ടിനുമിടയിൽ . തെറ്റ് തെറ്റിക്കാനുള്ളതാണെന്ന് തെളിയിച്ച് മതനവീകരണ ചിന്ത കൊടുങ്ങല്ലൂർ വരേണ്യ മുസ്ലിംകൾക്കിടയിൽ ഗോത്രശാത്രവങ്ങളായ് കരിനാക്ക് നീട്ടി. വീട്ടുപ്രശ്നങ്ങൾ നാട്ടുപ്രശ്നങ്ങളായി.
അഭ്യന്തര വഴക്കുകൾ തീർത്ത് സമുദായത്തെ വഴിക്ക് നടത്താൻ 1922 ൽ ഏറിയാട്ട് നടന്ന മുസ്ലിം പ്രധാനികളുടെ യോഗം " നിഷ്പക്ഷ സംഘ " ത്തെ പ്രസവിച്ചു.
 അത് " കേരള മുസ്ലിം ഐക്യ സംഘ " മായി പ്രായപൂർത്തിയായി. യൗവനത്തോടടുത്തപ്പോഴേക്കത് അന്ത:ദൂഷ്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങി. 
1923 ൽ  മറച്ചുവെച്ച് പറഞ്ഞ സുന്നീ വിരുദ്ധത 24 ൽ മുറിച്ചുവെച്ച് പറഞ്ഞതോടെ 25 ലെ പ്രഖ്യാപിത ഐക്യസംഘ സമ്മേളനം ,മൗലാനാ ശാലിയാത്തി , മൗലാനാ പാങ്ങിൽ , മൗലാനാ അബ്ദുൽ ഖാദിർ ഫള്ഫരി , അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്ല്യാർ തുടങ്ങിയ 
അന്നത്തെ സമസ്ത സരണിക്കാർ ബഹിഷ്കരിക്കാനാഹ്വാനം ചെയ്തു.
അക്കൊല്ലം തന്നെ കോഴിക്കോട് വലിയ ജുമുഅ : മസ്ജിദിൽ സുന്നീ പ്രമുഖർ യോഗം ചേർന്ന് " ചട്ടക്കൂട് " രൂപപ്പെടുത്തേണ്ടതിന്റെ ഗൗരവം പരസ്പരം കൈമാറി " കേരള ജംഇയ്യതുൽ ഉലമ " യായ് സംഘടിച്ചു. കോഴിക്കോട്ടെ സൂഫീ പ്രമുഖൻ കെ പി മുഹമ്മദ് മീറാൻ മുസ്ലാരും പ്രഭാഷകനായ പാറോൽ ഹുസൈൻ മൗലവിയും പ്രധാനമായും ഉത്തരവാദിത്വം വഹിച്ച് മലബാറിന്റെ അങ്ങിങ്ങുകളിൽ ആദർശം വിശദീകരിച്ച് കൊല്ലം 1926 ലെത്തിച്ചു. 
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാർ ബാറ്റൺ ഏറ്റെടുത്തതോടെ വേഗത്തിലായ് കാര്യങ്ങൾ.
കോഴിക്കോടിന്റെ ആത്മീകാചാര്യൻ വരക്കൽ മുല്ലക്കോയ തങ്ങളുടെയും തന്റെ ആത്മീയഗുരു പുതുപ്പറമ്പ് ശൈഖ് അഹ്മദ് കോയക്കുട്ടി മുസ്ല്യാരുടെയും നിർദ്ദേശങ്ങളും ആശീർവാദങ്ങളുമായിരുന്നു പാങ്ങിലിന്റെ സമസ്ത വഴി . വരക്കൽ തങ്ങൾ ഓരോ പുറപ്പെടലിനും പ്രാർത്ഥിച്ചയക്കും ,കോയക്കുട്ടി മുസ്ലാർ സ്വന്തം പൈസ കൈമടക്കിൽ വെച്ച് കൊടുത്താണ് സമസ്ത ഉണ്ടാക്കാൻ പാങ്ങിലിനെ അയച്ചത്, ഒപ്പം മകനായ വാളക്കുളം അബ്ദുൽ ബാരി മുസ്ല്യാരായി മാറിയ ചെറുപ്പക്കാരനെയും . 26 - 06 - 1926 ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് വരക്കൽ മുല്ലക്കോയ തങ്ങൾ അല്ലാഹുവിനോട് പറഞ്ഞ് , സഹോദരീ പുത്രൻ സയ്യിദ് ഹാഷിം ചെറുകുഞ്ഞി കോയ തങ്ങൾ അദ്ധ്യക്ഷനായ് , ഉലമാക്കൾ കൂട്ടമായ് നിന്ന് നാൽപ്പതംഗങ്ങളുടെ കൂട്ടായ്മയുണ്ടാക്കിയതിനാണ് ഇപ്പോൾ സമസ്ത കേരള ജംഇയ്യതിൽ ഉലമാ എന്ന് പറയുന്നത്. ഇസ്ലാമിന്റെ തനത് രൂപമായ അഹ്ലുസ്സുന്നയുടെ പഠന - പ്രബോധനം , വിപരീത , വികല ചിന്താഗതികൾക്കെതിരായ അവബോധ സാംക്രമണം , മുസ്ലിം സമൂഹത്തിന്റെ അവകാശ സംരക്ഷണം , മതവിരുദ്ധമല്ലാത്ത മതേതര വിദ്യാഭ്യാസവൽക്കരണം, സാമുദായികമായ പൊതുവൈക്യം എന്നീ അഞ്ച് തത്വങ്ങളായ് ചുരുക്കെഴുതാവുന്ന ദൗത്യവും ലക്ഷ്യവുമായ് 1934 നവംബർ നാലിന് സമസ്ത നിയമപരമായ സംഘടനയായി. 
ശേഷം 1933 ൽ ഫറോക്ക് , 45 ൽ കാര്യവട്ടം , 47 ൽ മീഞ്ചന്ത, 48 ൽ വളാഞ്ചേരി ,50 ൽ വടകര , 54 ൽ താനൂർ ,61 ൽ കക്കാട് , 63 ൽ കാസർഗോഡ് , 72 ൽ തിരുന്നാവാഴ , 85, 96, ൽ കോഴിക്കോട്, 2001ൽ വിവിധ കേന്ദ്രങ്ങളിൽ  , 2012 ൽ കൂരിയാട് , 2017 ൽ ആലപ്പുഴ എന്നിവിടങ്ങളിൽ  അണികളെയും അനുഭാവികളെയും ക്ഷണിച്ച് മഹാസമ്മേളനങ്ങൾ നടത്തി സമസ്ത ജനങ്ങളുടെ ആവശ്യമാണെന്നും മറ്റൊന്ന് പകരമാവാത്ത പ്രസ്ഥാനമാണെന്നും തെളിയിച്ചു.  ഉത്തരേന്ത്യയിലെ ഇമാം അഹ്മദ് റസാ ഖാൻ ബറേൽവിയുടെ പ്രാസ്ഥാനിക രീതികളോട് തത്വത്തിലൊക്കുന്ന സമസ്തയുടെ ദർശനം തന്നെയാണ് , മദ്ഹബീ - സൂഫീ ധാര പിൻപറ്റുന്ന രണ്ട് ബില്യണോളം വരുന്ന ലോകമുസ്ലിംകളുടെ മൂന്നിൽ രണ്ടും അനുധാവനം ചെയ്യുന്നത്. ആഗോള തലത്തിൽ , അലി ജുമുഅ : അബ്ദുൽ ഹകീം മുറാദ് , മുഹമ്മദ് സഈദ് ബൂത്വി, ശൈഖ് യൂസുഫ് ഹാഷിം രിഫാഈ , ഉമർ ഹഫീദ് , ഹബീബ് അലി ജിഫ്രി , ശൈഖ് അബ്ദുല്ലാ ബിൻ ബയ്യ , അഹ്മദ് മുഹമ്മദ് ത്വയ്യിബ് , അബ്ദുല്ലാ ഫദ്അഖ്, അഖ്തർ റസാ ഖാൻ ബറേൽവി തുടങ്ങിയ ഉത്തരാധുനിക പണ്ഡിതരുമായി സഹവർത്തനം സാധ്യമാവുന്നു. എണ്ണിപ്പറയാൻ അനേകമുള്ളതിൽ നിന്നും രണ്ടെണ്ണം കാഴ്ച്ചക്ക് വെച്ചാൽ ഒന്ന് സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് എന്ന ലോകോത്തര മതവിദ്യുൽവിതരണ ശൃംഖലയും മറ്റൊന്ന് ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്ല്യാർ എന്ന യുഗപ്രഭാവനായ പണ്ഡിത സാരഥ്യവും തന്നെയാവും. 1964 ജൂൺ 23 ന്റെ മനോരമ എഡിറ്റോറിയൽ സമസ്തയുടെ വിദ്യാഭ്യാസ മിഷനറിയെ ശ്ലാഘിച്ച് കൊണ്ടായിരുന്നു.
പ്രസ്ഥാനത്തിന്റെ 60 , 70 വാർഷിക സമ്മേളനങ്ങളും ശംസുൽ ഉലമയിൽ കേന്ദ്രീകൃതമായ അതിന്റെ ക്ലാസിക് & മാസ്റ്റർ നിമിഷങ്ങളും ശംസുൽ ഉലമ തന്റെ വിരലറ്റം കൊണ്ട് കോർത്തിട്ട മനുഷ്യസമുദ്രങ്ങളെ സാക്ഷിയാക്കി സംസാരിച്ചതുമൊക്കെ ആവർത്തിക്കപ്പെടുന്ന കഥകളിലിടം പിടിച്ചു.



പ്രത്യുൽപ്പന്നപരത , പ്രതിരേധാത്മകത .

കേരളീയ മത പരിസരം എന്നും ജ്ഞാനസമ്പാദന- പ്രസരണങ്ങളുടെ മണ്ണായിരുന്നു.
വൈജ്ഞാനിക നിർമ്മാണവും സാമൂഹിക സമുദ്ധാരണ പ്രക്രിയകളും ഒരേ സമയം
ഏത് നാട്ടിലേയുമെന്ന പോലെ ഇന്നാട്ടിലെ സൂഫീപണ്ഡിതരും എന്നും ചെയ്തു വന്നിരുന്നു.
രചനാ സപര്യകളുടെ ഘട്ടമായിരുന്നു പൂർവ്വാധുനിക കേരളീയ ഉലമാ സംസ്കൃതി.
 അതിന്റെ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു 1500 മുതൽ 1900 ത്തിന്റെ തുടക്കം വരെ, അതായത് സൈനുദ്ധീൻ മഖ്ദൂം ( റ ) മുതൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ നിര്യാണം വരെയുള്ള കാലഘട്ടം.കേരളീയ പാരമ്പര്യ ഇസ്ലാം പരിസരങ്ങളിൽ നിന്ന് അറബ് - മലയാളത്തിൽ ധാരാളം ഗ്രന്ഥങ്ങൾ വിരചിതമാവുന്നത് അപ്പോഴാണ്. ഏകദേശം ആറായിരത്തോളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്. 
അതിൽ മതവിഷയങ്ങൾക്കു പുറമേ നോവലുകൾ, ഗദ്യ, പദ്യ, സാഹിത്യങ്ങളും ഉണ്ടായിരുന്നുവെന്നതാണ്ആശ്ചര്യകരം.1889 ലാണ് മലയാളത്തിലെ ആദ്യനോവൽ ഇന്ദുലേഖ പുറത്ത് വരുന്നതെങ്കിൽ അതിന്റെ 109 കൊല്ലം മുമ്പേ  തത്തയുടെകഥ എന്ന അറബ്- മലയാള കൃതി പുറത്ത് വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ഖുർആൻ , ഹദീസ് , ഫിഖ്ഹ് തുടങ്ങിയ മത വിഷയങ്ങളും ചരിത്രവും സാഹിത്യങ്ങളുമടങ്ങുന്ന പൊതു വിഷയങ്ങളും രചനകളിൽ വന്നു.
ജ്‌ഞാന വിശേഷണത്തിന്റെ വഴിയിൽ ഇത്രയേറെ പാരമ്പര്യവും പൈതൃകവും ഉണ്ടായിരുന്ന പണ്ഡിത സമൂഹത്തിൽ നിന്നും പിന്നീടങ്ങോട്ട്, ഒറ്റയും തെറ്റയുമായ രചനകൾ നടന്നിട്ടുണ്ടെങ്കിൽ പോലും നിരന്തരമായ ഒരു പരിശ്രമം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് എന്ന ഒരു ചോദ്യം മുഴച്ചു നിൽക്കുന്നുണ്ട്. 
           

തൊള്ളായിരത്തി ഇരുപതുകളിൽ അതായത് സമസ്തയുടെ രൂപികരണ പശ്ചാതലം, മുസ്ലിം സാമ്പ്രദായിക പണ്ഡിതൻമാരെ അവരുടെ ജ്ഞാനോൽപാദനത്തിൽ നിന്നും തുടർന്നു വന്നിരുന്ന ശീലങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് പ്രത്യുൽപന്നപരതയിൽ നിന്ന് പ്രതിരോധാത്മകതയിലേക്ക് വഴി തിരിച്ച് വിടുന്ന ചില രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുണ്ടായി. ഇത് സ്വാതന്ത്ര സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജസ്വലത കൈവരിച്ച സമയമായത് കൊണ്ട് തന്നെ ഇതിന്റെ പിന്നിലെ മുഖ്യ സൂത്രധാരകന്മാർ കൊളോണിയൽ ശക്തികൾ തന്നെയായിരുന്നു. ആഫ്രിക്ക, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ പയറ്റിത്തെളിഞ്ഞ  തന്ത്രം പുതിയ കുപ്പിയിലാക്കി കേരളത്തിലും അവർ പ്രയോഗിച്ചു. അവിടെയുള്ള സാമ്പ്രദായിക സൂഫി ഉലമാഇനെ അവരുടെ സമയവും ധൈഷണിക ഊർജ്ജവും മൗലികമായ സാമൂഹിക നിർമ്മിതിയിൽ വിനിയോഗിക്കുന്നതിൽ നിന്ന് തടയുന്ന രൂപത്തിൽ മറ്റു മേഖലകളിലേക്ക് വഴി തിരിച്ച് വിടുക എന്നതായിരുന്നു അവരുടെ തന്ത്രം. കേരളത്തിൽ അത് നടപ്പാക്കിയതിന്റെ രൂപം, മത നവീനവാദികളെ കേളോണിയൽ ശക്തികൾ തന്നെ ആളും അർത്ഥവും സഹായവും  സർവ്വോപരി ഭരണഘൂടത്തിന്റെ സർവാത്മനപിന്തുണകളും നൽകി കൊണ്ട് പരിപോഷിപ്പിച്ചെടുക്കുകയും സൂഫി ഉലമാഇന്റെ ശ്രദ്ധ മുഴുവനും അവരെ പ്രധിരോധിക്കുന്നതിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തു കൊണ്ടായിരുന്നു. 
പണ്ഡിത ധർമ്മത്തിന്റെ മുൻഗണനാ ക്രമത്തിൽ മാറ്റം വന്നു. ഗ്രന്ഥരചനാ മേഖലയിൽ നിന്ന് അവർ തെന്നി മാറി. ഇതാണ്  കേരളീയ മുസ്ലിം പണ്ഡിതൻമാർക്ക് ഉത്തരേന്ത്യൻ പണ്ഡിതൻമാരെപ്പോലെ രചനകൾ ഇല്ലാതതിന്റെ ഒരു കാരണം.
നേരത്തെ പറഞ്ഞതു പോലെത്തന്നെ സമസ്ത രൂപികൃതമായ് 97 വർഷങ്ങൾക്കിപ്പുറം ഒറ്റയും തെറ്റയുമായ ഗ്രന്ഥങ്ങൾ വിരചിക്കപ്പെട്ടുവെങ്കിലും അതൊരു പ്രധാന അജണ്ടയായ് മാറാത്തതിന്ന് മറ്റൊരു കാരണം കുടിയുണ്ട്, ഒരു ഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് കിട്ടുന്ന ഉപകാരങ്ങൾക്ക് തത്തുല്യമായ അല്ലെങ്കിൽ അതിനേക്കാളുപരി ആശ്രയിക്കപ്പെടാനും റെഫറൻസുകളാവാനും ഉതകുന്ന തരത്തിലുള്ള ശിഷ്യഗണങ്ങളെ കേരളീയ പണ്ഡിതർ സമ്മാനിച്ചു എന്നുള്ളതാണത്. ഒരു ഗ്രന്ഥം ചെയ്യുന്ന സേവനങ്ങളും സാധ്യതകളും ജീവനുള്ള പുസ്തകങ്ങളാവുന്ന ഉലമാക്കളിലൂടെ അവർ കേരളത്തിന് പകരം നൽകിയിരുന്നു. 



സമസ്ത ഇന്നേവരെ ഔദ്യോഗികമായ ഫത്വയിലുടെയോ പ്രസ്താവനയിലൂടെയോ ഇംഗ്ലീഷ് ഭാഷയെ എതിർത്തതായ് കാണാൻ സാധിക്കില്ല. എന്നാൽ ഭാഷാപഠന സൗകര്യത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകയ്യെടുത്തിട്ടുണ്ട് താനും. ഇതിന് ഉപോൽബലകമാവുന്ന ഒരുപാട് തെളിവുകൾ ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. 1924 ലാണ് താനൂർ ഇസ്ലാഹുൽ ഉലും പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാരുടെ കീഴിൽ സ്ഥാപിതമാവുന്നത്. തുടർന്ന് 1928 ൽ അവിടെ കൂടിയ അതിന്റെ കമ്മിറ്റി മിനുറ്റ്സിൽ ഇങ്ങനെ കാണാം : ഇംഗ്ലീഷ് , ഉറുദു, മലയാളം ഭാഷാപ്രാവീണ്യം വിദ്യാർത്ഥികൾക്ക് നൽകാൻ വേണ്ടി നിശാപാഠശാല ഒരുക്കാൻ  ഈ കമ്മിറ്റി പൊന്നാനി താലൂക്ക് വരണാധികാരിയോട് ആവശ്യപ്പെടുന്നു. അതിന് മുമ്പേ 1915 ൽ ഖുവ്വതുൽഇസ്ലാം ഉണ്ടാകുന്നുണ്ട്.1909 ൽ താനൂരിൽ തന്നെ തന്മിയതുൽ ഇസ്ലാം എന്ന മദ്രസയും രൂപികൃതമാവുന്നുണ്ട്. അതായത് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മൾട്ടി ലിഗ്വസ്റ്റിക് പഠന സൗകര്യമുള്ള പഠന ശാലകൾ സമസ്തയുടെ സമുന്നതരായ നേതാക്കൾക്ക് കീഴിൽ ഇവിടെ ഉണ്ടായിരുന്നു എന്നർത്ഥം. 
എന്നാൽ ഇംഗ്ലീഷ് ഭാഷയോട് വിരോധമുണ്ടായിരുന്ന പണ്ഡിതർ അക്കാലത്ത് സുന്നീ ലോകത്തുടനീളം ഉണ്ടായിരുന്നു , സമസ്തയിലും ഉണ്ടായിരുന്നു. അതിന് പ്രേരിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും ഉണ്ടായിരുന്നു .കൊളോണിയൽ വിരുദ്ധത തന്നെയായിരുന്നു അതിൽ പ്രധാനം. കേവലം ഇംഗ്ലീഷ് ഭാഷ എന്ന നിലയിലല്ല , മറിച്ച് ഇംഗ്ലീഷുകാർ ആവിഷ്കരിച്ച ഒരു പാഠ്യപദ്ധതി എന്ന നിലക്കാണ് അത്തരം പണ്ഡിതർ അതിനെ നിരാകരിച്ചത്. ഭാഷയോടുള്ള വിപ്രതിപത്തിയായിരുന്നില്ല പ്രേരണ. മാത്രവുമല്ല മുശാവറാഅംഗങ്ങളിൽ  പറവണ്ണ മൊയ്തീൻ കുട്ടി മുസ്ലിയാർ , ജർമൻ മുസഹാജി പോലെയുള്ള ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യമുള്ളവരും ആദ്യകാലത്ത് തന്നെ ഉണ്ടായിരുന്നു. 
അന്നുണ്ടായിരുന്ന പണ്ഡിതൻമാരെല്ലാം മികച്ച തത്വദീക്ഷയുള്ളവരായിരുന്നു .1835 ലാണ് മെക്കാളോ കേരളത്തിലെ അവരുടെ ഗവർണ്ണരായിരുന്ന വില്യം ബെനഡിക്റ്റിന് ഇങ്ങനെയൊരു നിർദ്ദേശം കൊടുത്തത് : ദശലക്ഷകണക്കായ കേരളത്തിലെ ജനങ്ങൾക്ക് നമ്മുടെ സന്ദേശവും സംസ്കാരവും കൈമാറാൻ കാഴ്ച്ചയിൽ ഇന്ത്യക്കാരും മാനസികമായ് ബ്രിട്ടീഷുകാരുമായ ഒരു ജനവിഭാഗത്തെ പള്ളിക്കൂടങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കണം. 
രണ്ട് സന്ദേശങ്ങളാണ്  ഈ നിർദ്ദേശത്തിലുടെ മെക്കാളോ മുന്നോട്ട് വെക്കുന്നത്. ഒന്ന്, കൊളോണിയൽ അധിനിവേശത്തെ ന്യായികരിക്കുന്ന രാഷ്ട്രീയ സന്ദേശം, രണ്ടാമത് , ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൃസ്ത്യൻ മിഷനറി സന്ദേശം.  ഈ പദ്ധതി മനസ്സിലാക്കിയ സൂഫി ഉലമാക്കൾ ബ്രിട്ടീഷ് വിദ്യാഭ്യാസം അംഗീകരികേണ്ടതില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു .
ഈ സാമ്രാജ്യത്വത്തോടുള്ള സാംസ്കാരിക പ്രതിരോധമായിരുന്നു പിന്നീട് ഇംഗ്ലീഷ്ഭാഷാ  വിരോധമെന്ന പേരിൽ ചിലർ അവതരിപ്പിച്ചത്.  അവരുടെ ജാഗ്രത ശരിയായിരുന്നു താനും. മുസ്ലിംകൾക്കിടയിൽ " മെക്കാളോ സന്ദേശം " പ്രചരിപ്പിക്കുവാൻ ബ്രിട്ടീഷുകാർ പ്രത്യേക സഹായങ്ങൾ നൽകി   സ്ഥാപനങ്ങൾ വരെ ഉണ്ടാക്കിയിരുന്നു. അതിന്റെ ഉദാഹരണമായിരുന്നു അലിഗഡ് മുസ്ലിം യുണിവേഴ്സിറ്റി പോലും . അന്ന് ജവഹർ ലാൽ നെഹ്റു പറഞ്ഞത് :  ബ്രിട്ടിഷ് ആശയങ്ങളും ആദർശങ്ങളും മുസ്ലിംകൾക്കിടയിൽ വ്യാപിപ്പിക്കാൻ വേണ്ടി അവർ പണിത ഒരു പാലമാണ് അലീഗഢ് എന്നായിരുന്നു. 
അക്കാലത്ത് അവിടെ നിന്ന് പുറത്തിറങ്ങിയ പലരും പിന്നീട് മതനിരാസകരും നിരീശ്വവാദികളുമായി മാറി എന്നാണ് ചരിത്രം . ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ബൗദ്ധികമായ അടിത്തറ രൂപപ്പെട്ടത് അവിടെ നിന്നായിരുന്നു. 
ആഫ്രിക്കൻ സൂഫീ ഇസ്ലാമിനെതിരായ യൂറോപ്യൻ അക്രമണങ്ങളും ഓട്ടോമൻ തുർക്കിയെ തകർക്കാനുള്ള ബ്രിട്ടീഷ് ഗൂഢാലോചനയുമൊക്കെ സൂക്ഷ്മമായി വിലയിരുത്തിയിട്ടായിരുന്നു പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാരെപ്പോലുള്ള പണ്ഡിതർ ഇവിടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായത്. എന്നാൽ , ഇവിടെ ദഅവതും ഇബാദതും മുടങ്ങാത്ത കാലത്തോളം ബ്രിട്ടീഷുകാരെ എതിർക്കേണ്ടതില്ല  എന്ന് നിരീക്ഷിച്ച പണ്ഡിതരും സമസ്തയുടെ ഭാഗമായിത്തന്നെ ഉണ്ടായിരുന്നു.

ആര്യനെഴുത്ത്  അഥവാ സംസ്കൃത മലയാളത്തോട് ഉലമാക്കൾ മാത്രമല്ല അക്കാലഘട്ടത്തിലുളള ഭൂരിഭാഗം മലയാളികളും നിരാകരണ സമീപനം തന്നെയാണ് സ്വീകരിച്ചത്. കാരണം കേരളത്തിൽ അന്ന് സവർണ്ണ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു സംസൃകതം പഠിക്കാനും വേദഭാഷയായ സംസ്കൃത മലയാളത്തിൽ എഴുതുവാനും സംസാരിക്കുവാനുമുള്ള അനുമതി ഉണ്ടായിരുന്നത്. സ്വാഭാവികമായ് പിന്നോക്ക , അവർണ്ണ ഹിന്ദുക്കൾ മുഴുവനും ആര്യനെഴുത്തിനെതിരായിരുന്നു. കാരണം അതൊരു ചൂഷണോപാധിയായിരുന്നു.പിന്നോക്കക്കാരുടെ , അടിച്ചമർത്തപ്പെടുന്നവരുടെ കൂടെ നിൽക്കുകയെന്നത് എന്നും ഉലമാഇന്റെ രീതി ആയിരുന്നു. മത- സാമൂഹിക നിലപാടുകളിൽ പ്രദേശികതയെ മറന്നോ നിഷേധിച്ചോ കൊണ്ട് സമസ്ത വേർത്തിക്കില്ല.
പക്ഷെ പിന്നീട് വിവിധ നിയമ നിർമ്മാണങ്ങളിലൂടെ , സാമൂഹിക സമുദ്ധാരണങ്ങളിലൂടെ ഉഛനീചത്വങ്ങളും അസ്പൃശ്യതയും ഒരു പരിധിയോളം ഇല്ലാതായപ്പോൾ സമസ്ത നിലപാടും മാറ്റി. പിന്നീട് ഇതേ സംസ്കൃത മലയാളം ഉപയോഗിച്ച് കൊണ്ടാണ് ഖുർആൻ വ്യാഖ്യാനം പോലും വരുന്നത് എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. ( ഖുർആൻ വ്യാഖ്യാന ,പരിഭാഷാ വിഷയങ്ങളിൽ വ്യത്യസ്ത പഞ്ചിത വീക്ഷണങ്ങൾ നിലവിലുണ്ട് ) 
അതായത് , ഏതൊരു നിലപാടിനെയും  വിലയിരുത്തേണ്ടത് അതിന്റെ എല്ലാ ഭാഗങ്ങളും പരിഗണിച്ച് കൊണ്ടാണ്.

മാത്രവുമല്ല ,അറബ് മലയാളത്തെ തകർക്കാൻ കൂടിയാണ് അക്കാലത്ത് സംസ്കൃത മലയാളത്തെ ചിലർ ഭരണകൂട ഒത്താശയോടെ  തിരുകിക്കയറ്റാൻ ശ്രമിച്ചിരുന്നത് എന്നു കുടി പണ്ഡിതൻമാർ മനസ്സിലാക്കായിരുന്നു. 1924 ൽ ബ്രിട്ടീഷ്കാർ തന്നെയാണ്  അധിനിവിഷ്ട തുർക്കിയിൽ അവിടുത്തെ പ്രദേശികഭാഷയായ തുർക്ക് - അറബ് ഭാഷ നിരോധിച്ചത്. തത്ഫലമായ് ആ ഭാഷയിൽ വാ - വര മൊഴികളായ് പണ്ഡിതന്മാർ കൈമാറിയിരുന്ന ആയിരക്കണക്കിന് ഓട്ടോമൻ  അറിവുകളുടെ സ്രോതസ്സുകൾ അവർക്ക് നഷ്ടപ്പെട്ടത് ഇവിടെയുള്ള പണ്ഡിതർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.  തദ്സ്ഥിതി അറബ്- മലയാളത്തെ ഒഴിവാക്കി സംസൃകൃത -മലയാളത്തിന് പിറകേ പോയാൽ കേരളത്തിലും ഉണ്ടാവുമോ എന്നവർ ജാഗ്രതപ്പെടുകയായിരുന്നു.കാരണം, അറബ്- മലയാളത്തിലായിരുന്നു ഏതാണ്ടെല്ലാ ജ്ഞാന കലവറകളും അടുക്കിവെക്കപ്പെട്ടിരുന്നത്. 

സമസ്ത സ്ത്രീകളെ വായിച്ചതിലുമില്ല അക്ഷരത്തെറ്റ്. 1930 ൽ മണ്ണാർക്കാട്ട്  നടന്ന സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിലാണ് ഈ ആരോപണത്തിന് ഉപോൽബലകമാകുന്ന , പെണ്ണിനെ എഴുത്ത് പഠിപ്പിക്കുന്നത് അഭിലഷണീയമല്ല എന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ ഒരു പ്രമേയം ഉണ്ടാകുന്നത്.
2030 ൽ അതല്ലല്ലോ സന്ദർഭം . മസ്ലഹത് പരിഗണിക്കലും അനിവാര്യത മുഖവിലക്കെടുക്കലും ഫിഖ്ഹുൽ അഖല്ലിയ്യാത്തിന്റെ വാക്താക്കൾ പറയുന്നത് പോലെ ആധുനികതയോട് ഒത്ത്പോവലല്ല , മറിച്ച് ഫിഖ്ഹിന്റെ അടിസ്ഥാന തത്വങ്ങൾ നിർദ്ദേശിക്കുന്ന നിയമങ്ങൾ തന്നെയാണ് . 
" കിതാബത് " എന്നതിന് ഗുമസ്തപ്പണി , ഓഫീസ് ജോലി എന്ന സാങ്കേതികാർത്ഥം വെച്ചാൽ ആ പ്രമേയത്തിന് പിന്നിലും ദേശക്കൂറാണെന്ന് വരും. ഗുമസ്തൻ എന്ന അർത്ഥത്തിലുള്ള കാതിബ് എന്ന പദം കുടുതലായ് ഉപയാഗിക്കപ്പെടുന്ന സമയം കൂടിയായിരുന്നു അത്. അപ്പോൾ സ്വാഭാവികമായ് സ്ത്രീകൾ എഴുത്ത്കുത്തുകൾ പഠിച്ചാൽ അവർക്ക് ജോലി കിട്ടുക ബ്രിട്ടീഷ് കമ്പനികളിലായിരിക്കും. അത് കൊണ്ട് തന്നെ ഈ സ്ത്രീകളെ ബ്രിട്ടീഷുകാരുടെ ഓഫിസ് പണിക്ക് വേണ്ടി പറഞ്ഞയക്കേണ്ടതില്ല എന്നാവും രംഗസാരം. മതനിയമങ്ങൾ പാലിച്ച് അനുവദിനീയമായ ജോലികൾ സ്ത്രീകൾക്ക് ചെയ്യാം , സമ്പാദിക്കാം.
ഇന്ന് സമസ്ത എത്തി നിൽക്കുന്നയിടം പരിശോധിച്ചാൽ ആ ആരോപണം അസ്ഥാനത്താവും.
വനിതാ വിദ്യാഭ്യാസത്തിന്റെ വിവിധ കരിക്കുലങ്ങൾ പ്രസ്ഥാനം നേരിട്ട് ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുന്നു. സുരക്ഷിതമായ  സ്ത്രീപക്ഷ ബദലുകൾക്ക് വേണ്ടിയുള്ള കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുന്നു. 
മറുപുറത്ത് : കേവലം 20 വർഷം മുമ്പ് പുറത്തിറങ്ങിയ ആഗോള സലഫി പണ്ഡിതൻ ഇബ്നു ബാസിന്റെ സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഫത്വ വ എല്ലാവർക്കും അറിയാവുന്നതാണല്ലോ.
കെമസ്ട്രി ,  ബയോളജി, ഫിസിക്സ് തുടങ്ങിയ ശാസ്ത്രജ് ഞാനങ്ങൾ പെൺകുട്ടികളെ പഠിപ്പിക്കുന്നതിന്റെ വിധി എന്താണ് എന്ന ചോദ്യത്തിന് ആഗോള സാഹചര്യത്തിൽ നിന്ന് കൊണ്ട് നൽകപ്പെട്ട മറുപടി ഇന്നും നെറ്റിലുണ്ട്.പ്രാഥമികമായ ഭാഷാ പരിജ്ഞാനവും ഗൃഹഭരണവും പോലെയല്ലാത്ത അത്തരം സയൻസ് വിഷയങ്ങൾ പെൺകുട്ടികളെ പഠിപ്പിക്കാൻ പാടില്ല, മാത്രവുമല്ല ചെറിയ ബാലികാ ബാലൻമാരെപ്പോലും ഒറ്റ മുറിയിലിരുത്തി പഠിപ്പിക്കുന്നതും ശരിയല്ല എന്നായിരുന്നു ഫത്വവ .
ഉലമാക്കൾ നൂറ്റാണ്ടുകൾക്ക് മുമ്പേ വിശദീകരിച്ച സ്ത്രീപക്ഷ ബദലുകൾ എന്ന കാഴ്ചപ്പാടിലേക്ക്  ആധുനിക ജനാധിപത്യ സമുഹം എത്തിക്കൊണ്ടിരിക്കുന്നു എന്നത്കുടി ഇതിനോട് കുട്ടി വായിക്കപ്പെടേണ്ടതാണ് . ഡൽഹിയിൽ നിർഭയ സംഭവം ഉണ്ടായപ്പോൾ  ഫെമിനുസ്റ്റുകൾ പോലും മുന്നോട് വച്ച ആർഗ്യൂമെന്റ് , ഷീ ടാക്സികൾ വരട്ടെ, ഷീ ഹോസ്പിറ്റലുകൾ , ഷീ ഫേവർ പബ്ലിക് സ്പെയിസ് വരട്ടെ എന്നെല്ലാമാണ്. അപ്പോൾ വാസ്തവത്തിൽ സ്ത്രീപക്ഷബദലുകളുടെ ജനാധിപത്യ സാധ്യതകളെ നുറ്കൊല്ലം മുമ്പേ ജനാധിപത്യപരമായ് ആവിഷ്കരിച്ച ക്രാന്തദർശികളായിരുന്നു സമസ്തയുടെ ഉലമാക്കൾ .
പിന്നീട് സ്ത്രീകളെ  സലഫികളെ ഉപയോഗിച്ച് കൊണ്ട് പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതും തൊഴിലിടത്തിൽ തുല്യമാകാമെങ്കിൽ ആരാധാനാലയങ്ങളിലും തുല്യമായിക്കൂടെ എന്നൊക്കെ പ്രസംഗിപ്പിച്ചതും കൊളോണിയൽ ശക്തികളാണ്.പെണ്ണിനെ ആരാധാനാലയങ്ങളിലേക്ക് കൊണ്ടു പോകുക എന്നതിൽ,  പ്രമാണബദ്ധമായ പ്രേരണയായിരുന്നില്ല അക്കാലത്ത് ഉണ്ടായിരുന്നത്. മറിച്ച് രാഷ്ട്രീയ പ്രേരിതമായ ഐഡിയോളജിയാണ് അവിടെ വർത്തിച്ചത് എന്നുള്ളതിനും ചരിത്രം സാക്ഷിയാണ്.


നൂറിൽ നൂറിന്റെ ചട്ടക്കൂട് .

സംഘടനാപരമായ ഹെറാർക്കിക്കൽ വ്യവസ്ഥയുടെ കീഴിൽ നിന്നു കൊണ്ടാണ് ഉത്തരാധുനിക ഉലമാഇന്റെ വൈജ്ഞാനിക വ്യവഹാരങ്ങൾ കൂടുതലും . യഥാർത്ഥത്തിൽ സംഘടനാ ഫ്രയിം അധികവും നിലകൊള്ളുന്നത് ഡമോക്രാറ്റിക് - ഫെഡറൽ മാതൃകകളെ അവലംബിച്ചാണ്.
എന്നാൽ അതിന്റെ കീഴ് വഴക്കങ്ങൾ ഇത്തിബാഉം തഖ്ലീദും തന്നെയാണ്.
മുമ്പ് പ്രാദേശികാടിസ്ഥാനത്തിൽ ഒരു , ഒരു സംഘം മുഫ്തിമാരെ ആശ്രയിച്ച് രൂപപ്പെട്ട മുസ്ലിം കൂട്ടായ്മകൾ സംഘഘടനയിലേക്ക് മാറിയപ്പോൾ സോഷ്യൽ എംഗേജ്മെന്റിന്  വേഗത കൈവന്നു. ആദ്യകാലത്ത് , എല്ലായിനം അറിവും അഭ്യാസവും സ്വയത്തമാക്കിയ പരിണിത പ്രജ്ഞർ എല്ലാ ഭാഗത്തും ഉണ്ടായിരുന്നു. പിന്നീട് ജഞാനനബലം ശുഷ്ക്കിച്ചതോടെ തെറ്റുപിണയില്ലെന്നുറപ്പിക്കാൻ , അനുമാനിക്കാൻ പണ്ഡിതസംഘം ആവശ്യമായ് വന്നു. 
ആഗോളാടിസ്ഥാനത്തിൽ തന്നെ ആ മാറ്റം കാണാം. വിവിധ ഫത്വാ കൗൺസിലുകളാണ്  (ദാറുൽ ഇഫ്താ ) ആഗോള രീതി. അതിനപ്പുറം ഉലമാ ആക്ടീവിസം കൂടി ഉൾക്കൊള്ളുന്ന മെക്കാനിസമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ.
തീവ്ര ഉലമാധികാര ഘടനാവാദമല്ല സമസ്തയുടേത്. മറിച്ച് മതദർശനങ്ങളുടെ തന്മയത്വം ബാഹ്യ സമ്മർദ്ധങ്ങൾക്കൊത്ത് കളങ്കപ്പെടുത്താതിരിക്കപ്പെടാനുള്ള ജാഗ്രതയാണ്. അതിനെ തീവ്രസംഘടനാ ബോധം എന്ന് ആക്ഷേപിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ പ്രസ്തുത ബോധം മതപ്രതിബദ്ധതയുടെ ഉപോൽപ്പന്നമാണ്.'എല്ലാ മുസ്ലിം സംഘടനകളും മൗലികമായ വ്യതിരിക്തതകൾ അദൃശ്യപ്പെടുത്തി, ഒന്നിച്ച്, മുസ്ലിം ഉമ്മ :യായി മാറണം 'എന്ന് പറയുന്നവരേക്കാൾ സങ്കുചിത ചിന്താഗതിക്കാർ മുസ്ലിം സമുദായത്തിലില്ല.
അവരല്ലാത്ത ഒരാളെയും അവരംഗീകരിക്കുന്നില്ല . സമസ്ത സ്വന്തം ആത്മീക - ഭൗതിക സ്വത്വം നിലനിർത്തുന്നു. അത് കേവലം നിരീക്ഷണമല്ല , സംഘടനാ ശരീരവും മിഷനറിയുമുള്ള സംവിധാനമാണ്. എന്നാൽ മറ്റുള്ളവരുടെ വിയോജിക്കാനുള്ള അവകാശങ്ങളെ മാനിക്കുന്നു. അപരന്മാരുടെ ആശയപരമോ അനുഷ്ഠാനപരമോ ഘടനാപരമോ ആയ വൈവിധ്യങ്ങൾ അതേപടി നിലനിൽക്കലിലാണ് ഭംഗി എന്ന് വിശ്വസിക്കുന്നു. എല്ലാം കൂടി തച്ചുടച്ച് ചുട്ടടുക്കേണ്ട ബാഹ്യസൃഷ്ടിയാണ് ഐക്യം എന്ന മനോഭാവം തെറ്റാണ് . അങ്ങനെയൊരു പൊതുത്വത്തിൽ സമുദായമോ സമൂഹമോ കൂപ്പുകുത്തിയാൽ സർഗാത്മകത ഉപ്പിനില്ലാതെ സമുദായം വരളും, സമൂഹവും . ഇങ്ങനെ സമസ്തതല സ്പൃക്കായ ജീവിത വീക്ഷണങ്ങളെ ജനാധിപത്യപരമായി ഉൾക്കൊണ്ടും സ്വന്തം വിശ്വാസ പ്രതലത്തെ ജീവാർപ്പണം ചെയ്ത് പരിരക്ഷിച്ചും പ്രസ്ഥാനം വിധി വിതക്കുന്ന പാതകളിലൂടെ വഴി പറയുന്ന പാന്ഥാവായി പ്രവഹിക്കുകയാണ് , നൂറിലേക്ക് .
സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തിക്കോയത്തങ്ങളുടെ കീഴിൽ എണ്ണം പറഞ്ഞ ഉലമാക്കളുടെ , നേതൃത്വത്തിന്റെ , രഥോൽസവമായ് , സമസ്ത പ്രകാശമായ് , സത്യ പ്രഹർഷമായ് .
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us