loader
blog

In Prophetic

By Shuaibul Haithami


ഹദീസ് നിഷേധം : ജെർമി ബെൻതം , രിസാലതുത്തൗഹീദ് , ചേകനൂർ മൗലവി.

ഇസ്ലാമിക നിഷേധികളെ ചെറുക്കാൻ ഇസ്ലാമിനെ യുക്തിഭദ്രമാക്കാൻ നടത്തിയ അർത്ഥരഹിതവും അപകടകരവുമായ ചിന്താരീതിയായിരുന്നു ഇഅ'തിസാലിസം.

ശത്രുക്കൾക്കിടയിൽ മതിപ്പുണ്ടാക്കാനുള്ള തത്വദീക്ഷയറ്റ തിടുക്കവും  അപകർശതകുമായിരുന്നു അവരുടെ പ്രേരണ. 



ഇലാഹീകലാം അനാദിയാണെങ്കിൽ അതിൻ്റെ ഭാഗമാണെന്ന് ഖുർആൻ പറയുന്ന ഈസ (അ) മിനും അനാദിത്വം നൽകേണ്ടി വരില്ലേ എന്ന അക്കാലത്തെ വിവരദോഷ യുക്തിയായിരുന്നു ഖുർആൻ സൃഷ്ടിവാദത്തിലേക്ക് അവരെ നയിച്ചത്. അല്ലാഹുവിന് അടിമകളോട് കടപ്പാടുണ്ടാവും ,അവൻ നീതിസങ്കൽപ്പത്താൽ നിയന്ത്രിതനാവണം തുടങ്ങിയ ധാരണകളാണ് പ്രാപഞ്ചിക വ്യവഹാരങ്ങളിലും മനുഷ്യ കർമ്മങ്ങളിലും കാര്യകാര്യണ ബന്ധമാണ് പരമാധാരം എന്ന വാദത്തിലേക്ക് അവരെയെത്തിച്ചത്. യൂറോപ്യൻ - യവന ഭൗതിക വാദത്തിൻ്റെ ,മതനിഷേധത്തിൻ്റെ അടിസ്ഥാനം അത് തന്നെയാണെന്നവർ ഓർത്തില്ല . ആത്മാർത്ഥതയും അജ്ഞതയും ഒന്നിച്ച മതയുക്തിയായിരുന്നു മുഅ'തസിലിസമെങ്കിൽ അതിൻ്റെ നിയോപതിപ്പുകൾ തന്നെയാണ് ഇപ്പോഴും പല പേരുകളിലാണ് ഇവിടെ നിലനിൽക്കുന്നത്. 

ഈജിപ്തടങ്ങുന്ന മധ്യപൗരസ്ത്യ ദേശത്ത് ഇസ്ലാമിക് മോഡേണിസവും യൂറോപ്പിൽ ശാസ്ത്രീയ മുന്നേറ്റവും സംഭവിക്കുന്നത് ഏകദേശം ഒരേകാലത്തായിരുന്നു. അതിനാൽ ,ശാസ്ത്രീയമായി തെളിയിക്കാനാവുന്ന കാര്യങ്ങൾ മാത്രമേ ഇസ്ലാമിലുള്ളൂ എന്ന് വരുത്തേണ്ട ബൗദ്ധികദാസ്യം ചിലർ ഏറ്റെടുക്കുകയും ചിലരിൽ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു. വിശ്വാസത്തിന് വീര്യമോ വിജ്ഞാനത്തിന് വേരുകളോ ഇല്ലാത്ത , ദീനിനെ രാഷ്ട്രീയ വ്യവസ്ഥയായും അക്ഷരപ്രമാണങ്ങളായും മാത്രം വീക്ഷിച്ച ദുർബലമുസ്ലിംകൾക്ക് തോന്നിയ അപകർശതാബോധമായിരുന്നു 

Ex .Musim എന്ന അനർത്ഥ പ്രതിഭാസത്തിൻ്റെ ഫാക്ടറി തുറക്കപ്പെട്ട അടിനിലങ്ങൾ .

കാലഹരണപ്പെട്ട ഇസ്ലാമിക ജ്ഞാനനിർദ്ധാരണ മാർഗങ്ങൾ അവലംബിക്കാതെ , യൂറോപ്യൻ ശാസ്ത്രീയ ബോധവും സ്വതന്ത്രചിന്തയും ആധാരമാക്കിയാണ് ഇസ്ലാം പുന:വായന നടത്തേണ്ടത് എന്നവർ ശഠിക്കുകയും ,എന്നാൽ അങ്ങനെ പോലും ചെയ്യാതിരിക്കുകയും ചെയ്യുകയായിരുന്നു അവർ. അവർ , പദാർത്ഥവാദത്തിനനുസരിച്ച് ഇസ്ലാമിനെ ബാഹ്യമായി ബോഡിഷെയിമിങ്ങ് നടത്തുക മാത്രമായിരുന്നു , മാംസവും മജ്ജയും പരിഗണിച്ചേയില്ല ,ഇസ്ലാമിനെ ശാസ്ത്രീയ വിശകലനം ചെയ്യാനും തയ്യാറായില്ല . ശാസ്ത്രം എന്നാൽ ഭൗതിക ശാസ്ത്രം എന്ന തടവറയിൽ അവർ മുട്ടിലിഴഞ്ഞ് ചെന്നിരുത്ത് കൊടുക്കുകയായിരുന്നു. 

ഈ ഭാഗം വിലയിരുത്തുമ്പോൾ , എന്തായിരുന്നു യൂറോപ്യൻ സ്വതന്ത്രചിന്ത എന്നത് കൂടി നോക്കേണ്ടിവരും .

എങ്ങനെയാണ് യൂറോപ്യൻ ദാർശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞിരുന്നുവെങ്കിൽ മുഹമ്മദ് അബ്ദു , റഷീദ് രിദ , ജമാലുദ്ധീൻ അഫ്ഗാനി , ഫരീദ് വജ്ദി ,മുസ്തഫാ മറാഗി ,ഖാസിം അമീൻ ,ഹുസൈൻ ഹൈക്കൽ തുടങ്ങിയ മുസ്ലിം മോഡേണിസ്റ്റുകളുടെ വാദങ്ങൾ അവരെത്തന്നെ തിരിഞ്ഞുകുത്തുമായിരുന്നു.

റെനെ ദെക്കാർത് ,ഇമ്മാനുവൽ കാൻ്റ് ,ബറൂച് സ്പിനോസ എന്നിവരുടെ ആശയവാദവും ഫ്രാൻസിസ് ബേക്കൺ , ജോൺ സ്റ്റാർട്ട് മിൽ തുടങ്ങിയവരുടെ അനുഭവ വാദവും സമം ചേർത്ത പതിപ്പായിരുന്നു ഇസ്ലാമിക് മോഡേണിസം എന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ ബോധ്യമാവും .

ഏതൊരുകാര്യവും സ്വീകരിക്കേണമോ ,നിരാകരിക്കേണമോ എന്ന കാര്യത്തിൽ നിരുപാധികമായ തീർപ്പ് ഉണ്ടാക്കിയതിന് ശേഷം ,അതിനനുകൂലമായ രീതിയിൽ തെളിവുകൾ പരിശോധിക്കുക എന്നതാണ് വാസ്തവത്തിൽ യൂറോപ്യൻ രീതി. വിചിത്രമെന്ന് പറയട്ടെ , നിരീശ്വരവാദികൾ ഈശ്വരവാദികൾക്കെതിരെ മറിച്ചുന്നയിച്ച് മുൻകൂർ ജാമ്യം നേടുന്ന ഒരു വസ്തുത കൂടിയാണിത്. അമേരിക്കൻ തത്വചിന്തകനായ വില്യം ജയിംസ് രചിച്ച Pragmatism എന്ന കൃതി അതിനെ ഒരു സ്വീകാര്യ ചിന്താരീതിയായി അംഗീകരിക്കുന്നുണ്ട്.

ബ്രിട്ടീഷ് താത്വികനായ Jermy Bentham ,Alfred Von Kremer ,Georges Anawati ,Luice Gardet തുടങ്ങിയവർ അതേ രീതി ഔദ്യോഗികമായി അവലംബിച്ചവരാണ്. അവർ രചിച്ച The Philosophy of religious thought between islam and christyanity , H A R Gibb രചിച്ച The structure of Religious thought in islam തുടങ്ങിയ കൃതികൾ , ആധുനിക ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്ക് അപ്രാപ്യമായ മതവിശ്വാസം തള്ളപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചതാണ്. മുസ്ലിം മോഡേണിസ്റ്റുകൾ സ്വീകരിച്ച നിർണ്ണയങ്ങൾ ഇവരുടേതാണ്. അക്കാലത്തെ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിൽ പലതും നൂറ് - നൂറ്റമ്പത് വർഷങ്ങൾക്കിപ്പുറം തള്ളപ്പെട്ടു. സ്ഥായിയല്ലാത്ത തുടരന്വേഷണങ്ങളാണ് ശാസ്ത്രീയ നിഗമനങ്ങൾ എന്നത് അത്തിരക്കുകൾക്കിടയിൽ അവരോട് മറന്നു പോയി.

ആധുനിക Ex. Muslim ഉൽപ്പാദനം ചർച്ച ചെയ്യപ്പെടുമ്പോൾ, ആദ്യം വിചാരണചെയ്യപ്പെടേണ്ട വ്യക്തി മുഹമ്മദ് അബ്ദു തന്നെയായിരിക്കും.

ഇദ്ദേഹത്തിൻ്റെ രിസാലത്തൗഹീദ് എന്ന ഗ്രന്ഥമാണ്

നിയോ മുഅ'തസിലിസ( Neo Mu'thasilism)ത്തിൻ്റെ ബൈബിൾ .

വഹ്യ് - ദിവ്യബോധനം ( Revelation) എന്ന രിസാലതിൻ്റെ അടിസ്ഥാനത്തെ തന്നെ അദ്ദേഹം നിരാകരിച്ചു . പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അമാനുഷിക സംഭവങ്ങളെയും നിഷേധിച്ചു. രിസാലത് എന്നാൽ ആകാശദൂത് അല്ലെന്നും , ഉയർന്ന മനോനിലവാരമുള്ള വ്യക്തിയിൽ ജനിക്കുന്ന അന്തഃജ്ഞാനമാണെന്നും വാദിച്ചു. ഓരോന്നോരോന്നായി ഇവിടെ എഴുതുന്നില്ല. 

പാശ്ചാത്യ യുക്തിചിന്തകന്മാർക്ക് അംഗീകരിക്കാൻ കഴിയാത്ത അഭൗമികവും അലൗകികവുമായ ( Metaphysical & Super natural ) എല്ലാ കാര്യങ്ങളെയും മുഹമ്മദ് അബ്ദു നിശ്ശേഷം തള്ളിക്കളഞ്ഞു. അദ്ദേഹത്തിൻ്റെ വാദങ്ങൾക്ക് എതിരാവുന്ന ഹദീസുകൾ വ്യാജമാണ് എന്ന് സ്വാഷ്ടപ്രകാരം പറയലായിരുന്നു കക്ഷി. 

പ്രത്യുപകാരമെന്നോണം ബ്രിട്ടീഷുകാർ അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. 

മുഹമ്മദ് അബ്ദുവിനെ ന്യായീകരിക്കുന്നവർ മനസ്സിലാക്കാത്ത ഒരുകാര്യം ,

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ വഹ്യ് എന്നാൽ പ്രവാചകൻ്റെ ആന്തരിക പ്രക്രിയകളാണ് . 

മുഹമ്മദ് അബ്ദു ,രിസാലതുത്തൗഹീദിൽ രിസാലതിനെ നിർവ്വചിക്കുന്നത് പ്രവാചകന് സ്വയം ബോധ്യം വന്ന ജ്ഞാനമാണ് രിസാലത് എന്നാണ്. ഇത് പാശ്ചാത്യ ജ്ഞാനോദയ സിദ്ധാന്ത പ്രകാരമുള്ളSelf Vaid Truth തിയറിയുടെ പച്ചപ്പകർപ്പാണ് . അല്ലാഹുവിങ്കൽ നിന്ന് നേരിട്ടോ മാധ്യമങ്ങൾ മുഖേനെയോ ഉള്ളതാണെന്ന് സ്വയം ബോധ്യം വന്ന ജ്ഞാനമാണ് ദിവ്യബോധനം എന്ന് പറയുമ്പോൾ ,പ്രവാചകന് തോന്നുന്നത് ബോധ്യമാണെന്ന് ആര് സാക്ഷ്യപ്പെടുത്തും. തോന്നൽ പുറപ്പെട്ടത് അല്ലാഹുവിൽ നിന്നാണെന്ന് ആര് പറഞ്ഞ് കൊടുക്കും .

വിശപ്പ് ,ദാഹം ,സന്തോഷം ,സന്താപം തുടങ്ങിയ അനുഭവങ്ങൾ പോലെയാണ് ബോധനം എന്ന് പറയുമ്പോൾ , ഇസ്ലാം മുഹമ്മദിൻ്റെ ( സ്വ) സ്വാർത്ഥ ജൽപ്പനങ്ങളായിരുന്നുവെന്ന് നേരിട്ട് പറയുന്ന നാസ്തികർക്കാണ് ദിശാബോധം ലഭിക്കുന്നത്. 

ഖാസിം അമീൻആയിരുന്നു മുഹമ്മദ് അബ്ദുവിനേക്കാൾ സ്വേഷ്ടകൾ മതവ്യാഖ്യാനങ്ങളിൽ ചേർത്ത മോഡേണിസ്റ്റ് . ഇസ്ലാമിക് ഫെമിനിസത്തിൻ്റെ വക്താവാണ് ഖാസിം അമീൻ . ചാൾസ് ഡാർവിനിനിൻ്റെ പരിണാമവാദവും ഹെർബർട് സ്പെൻസറുടെ ജ്ഞാനനിർദ്ധാരണ മാർഗങ്ങളും ജോൺ സ്റ്റാർട്ട് മില്ലിൻ്റെ മാനവികതാമൂല്യങ്ങളും അംഗീകരിക്കുക വഴി 'ആസ്തികയുക്തിവാദം' എന്ന വൈരുധ്യാധിഷ്ഠിത ചിന്താരീതിയായിരുന്നു അദ്ദേഹത്തിൻ്റേത്.

ഈ ഖാസിം അമീനെ തത്വാധിഷ്ഠിതമായി അനുധാവനം ചെയ്തു കൊണ്ടായിരുന്നു ഹുസൈൻ ഹൈക്കൽ പ്രവാചക ജീവിതം എഴുതിയത് . 1968 ൽ ഇസ്രായേൽ എന്ന സിയോണിസ്റ്റ് രാജ്യത്തെ ഔദ്യോഗിക റേഡിയോ നബിദിനത്തോടനുബന്ധിച്ച് പ്രക്ഷേപണം ചെയ്ത സീറാപാരായണത്തിന് തെരെഞ്ഞെടുത്ത കൃതി ടി .പുസ്തകമായത് വെറുതെയല്ല എന്ന് ചുരുക്കം. 

കഥയറിയാതെ , നബിയെ പഠിക്കാൻ പോവുന്നവർ യുക്തിരഹിത മുസ്ലിം യുക്തിവാദിയാവുന്നത് മിച്ചം .

അദ്ദേഹം രചിച്ച പ്രവാചകൻ , ദിവ്യകേന്ദ്രവുമായി അസാധാരണ ബന്ധമില്ലാത്ത , ഉയർന്ന മാനസികനിലവാരവും രാഷ്ട്രീയ ലക്ഷ്യങ്ങളുമുള്ള പരിഷ്കർത്താവ് മാത്രമായിരുന്നു , ആറാം നൂറ്റാണ്ടിൽ ജീവിച്ച വെളുത്ത മുസ്ലിം ഗാന്ധിജിയായി അന്ത്യപ്രവാചകനെ അവതരിപ്പിച്ച ആ പ്രജ്ഞാപരാധം അർഹിക്കുന്നത് അവജ്ഞ മാത്രമാണ്. 

19- 20 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികൾ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകർശതയാണ് ഹൈക്കലിനെ പല വിഡ്ഢിത്തങ്ങൾക്കും പ്രേരിപ്പിച്ചത്.

അദ്ദേഹം മറ്റു പലരുടെയും താക്കോലായി പ്രവർത്തിച്ചു . ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിൻ്റെ ഇരകളായിരുന്നു അവർ പലരും. ഹൈക്കലിന് ആമുഖമെഴുതി ബലം പകർന്ന ഫരീദ് വജ്ദി , അൽ അസ്ഹറിൻ്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30- 8 - 1937ൽ അൽ അഹ്റാം പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട് .

" ശാസ്ത്രീയ പുരോയാനത്തിൻ്റെ വഴികളിൽ തങ്ങളുടെ മതവും ,മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താൽ പൗരസ്ത്യ മുസ്ലിം പണ്ഡിതന്മാർ ഒരക്ഷരം എതിർത്തുരിയാടിയില്ല , ശാസ്ത്രം പുരോഗമിച്ചാൽ വിശ്വാസികൾ നാസ്തികന്മാരാവുമെന്ന് അവർക്കറിയാമായിരുന്നു " .

ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം അൽ അസ്ഹറിലെ ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്.

മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നിൽ .യുക്തിമാത്രവാദത്തേക്കാൾ അയുക്തികം മറ്റൊന്നുമില്ല . 

അമാനുഷികതകളില്ലാത്ത വ്യക്തി എങ്ങനെ പ്രവാചകനാവും , ആകാശദൂതില്ലാത്ത വ്യക്തി എങ്ങനെ ദൈവ ദൂതരാവും എന്ന സന്ദേഹം അവർ ഗൗനിച്ചില്ല . അസാധാരണജ്ഞാനങ്ങൾ പ്രവാചകന് ഒട്ടുമുണ്ടായിരുന്നില്ല എന്നവർ തീർത്തു പറഞ്ഞിരുന്നു. അപ്പോൾ ഉയരുന്ന ഒരു ചോദ്യങ്ങൾക്ക് മറുപടി അവർ നടേപ്പറഞ്ഞ യൂറോപ്യൻ കൃതികളിൽ നിന്ന് അപ്പടി പകർത്തിയെഴുതി. മുഹമ്മദ് അബ്ദു രിസാലതുത്തൗഹീദിലും റഷീദ് രിദ അൽ വഹ്യുൽ മുഹമ്മദീയിലും അങ്ങനെ കോപിയെഴുതിയിട്ടുണ്ട് .അത് പിന്നെ ഹൈക്കലടക്കം കോപിയടിക്കുകയായിരുന്നു.ഉദാഹരണമായി , നിരക്ഷരനും അറേബ്യനുമായിരുന്ന പ്രവാചകന് മുൻകാല പ്രവാചകന്മാരെയും സംസ്ക്കാരങ്ങളെയും സംബന്ധിച്ച അറിവുകൾ പിന്നെയെങ്ങനെ ലഭിച്ചു എന്ന ചോദ്യം അവർ പരിശോധിക്കുന്നുണ്ട്. അവർ അംഗീകരിക്കുന്ന ഖുർആൻ അവയംഗീകരിക്കുന്നുവെന്നിരിക്കെ മറ്റൊരു ന്യായം പറയേണ്ടതുണ്ടായിരുന്നില്ല. പക്ഷെ ,അവധാനതയില്ലാതെ ആ ചോദ്യത്തിന് അവർ നൽകുന്ന മറുപടി , മുഹമ്മദ് പന്ത്രണ്ടാം വയസ്സിൽ സിറിയയിലേക്ക് പിതൃവ്യനോടൊപ്പം പോയപ്പോൾ ഉണ്ടായ ലോക പരിചയമായിരുന്നു അത് എന്നാണ്. മുൻകാല വേദങ്ങളെ സംബന്ധിച്ചറിഞ്ഞത് അതേ പ്രായത്തിൽ കാണാനിടയായ ബുഹൈറ, പിന്നീട് കണ്ട വറഖതുബിനി നൗഫൽ , ബാഖൂമുറൂമി തുടങ്ങിയ ജൂത- ക്രൈസ്തവ പണ്ഡിതരിൽ നിന്നാണെന്നാണ്. എമിലി ഡെർമിങ്ങ് ഹാമും മോണ്ട് ഗോമറിവാട്ടും ഇതേ അഭിപ്രായം പ്രകടിപ്പിച്ചവരാണ്. 

ഇതേ ബുഹൈറാ സംഭവം പല സാമ്പ്രദായിക സീറക്കാരും തള്ളിക്കളഞ്ഞിട്ടുണ്ട് താനും. 

സ്വഹീഹായ ഹദീഥ് പോലും നിസ്സങ്കോചം തള്ളിയ അവർ നിവേദനധാര മുർസലായ ഒരു സംഭവത്തെ വിശ്വാസത്തിലെടുത്തത് ആശ്ചര്യജനകമാണ്. മുർസൽ എന്നാൽ , നിവേദകൻ സംഭവം നേരിട്ട് കണ്ടിട്ടുണ്ടാവില്ല എന്ന് മാത്രമല്ല നേരിട്ട് കണ്ട വ്യക്തിയുടെ പേര് പരാമർശിക്കുക പോലും ചെയ്യാതെ 'എനിക്ക് വിവരം ലഭിച്ചു ' എന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന പ്രവാചകീയ സംഭവമാണ്. 

"Neither was the original narrater an eyewitness him self nor he does name the eye witness from whome he quates " - ഇത്ര ദുർബലമായ സംഭവം , അതും കേവലം 12 വയസ്സുകാരനായ ബാലൻ മുൻവേദങ്ങളെ സംബന്ധിച്ച് യാത്രാമധ്യേ കണ്ട് ഏതാനും സമയം സംബന്ധിച്ച ഒരാളിൽ നിന്നുംസ്വയം ധാരണ വരുത്തി എന്ന് പറയാൻ അവർക്ക് ലജ്ജയില്ലാതെ പോയി. സമകാലീനരായ എതിരാളികൾ പോലും മുഹമ്മദ് ബഹീറയെ , വറഖയെ ,ബാഖൂമിനെ കേട്ട് പറയുന്നതാണെന്ന് പറഞ്ഞിട്ടില്ല. ബഹീറയുമായി കുഞ്ഞുന്നാളിൽ പ്രവാചകൻ സന്ധിച്ചത് ഒറ്റക്കമല്ല , അവരാരും ആ ആരോപണം ഉന്നയിച്ചിട്ടുമില്ല. 

മലയാളവും മതാന്തർ യുക്തിവാദവും .

ഹദീസ് നിഷേധം ഒരു വിശ്വ പ്രതിഭാസമാണ്.

രണ്ട് ഘട്ടങ്ങളാണ് ചരിത്രപരമായി അതിന്റെ പ്രാദുർഭവം. ഒന്ന്; ജമൽ, സിഫീൻ, യമാമ യുദ്ധാനന്തരം നാലാം ഖലീഫ, പുത്രൻ ഇമാം ഹുസൈൻ ( റ ) എന്നിവർക്കെതിരായും അനുകൂലമായും നടന്ന ഹദീസ് നിഷേധം.

ഖവാരിജ് – ശിയാ ആശയദ്വയങ്ങളുടെ ആധാരങ്ങളിലൊന്ന് ഹദീസ് നിർമ്മാണവും നിഷേധവുമാണ്. പിന്നീട് മുഅ’തസിലികൾ ആ ദൗത്യം ഏറ്റെടുത്തു. സത്യത്തിൽ മതത്തിനകത്തെ ആദ്യത്തെ യുക്തിവാദികൾ അവരായിരുന്നു.

രണ്ടാം ഘട്ടം, കുരിശ് പടയോട്ടാനന്തരം മുസ്ലിം സമുദായത്തിൽ ധൈഷണിക പ്രതിസന്ധി ഉണ്ടാക്കാതെ അവരെ തകർക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ക്രൈസ്തവ യൂറോപ്പ് നടത്തിയ ഓറിയന്റിലിസ്റ്റ് അധിനിവേശാനന്തര ഹദീസ് നിഷേധം.

അബ്ദുല്ല ചക്റാലവി, ഗുലാം അഹ്മദ് പർവേസ്, ത്വാഹാ ഹുസൈൻ, സിയ ഗോഗലുപ് തുടങ്ങിയവരാണ് ആഗോള – ആധുനിക ഹദീസ് നിഷേധികൾ.

സിയാഉദ്ദീൻ സർദാർ മുതൽ അസ്ഗറലി എഞ്ചിനീയറടക്കം കേരളത്തിലെ ഇപ്പോഴത്തെ എക്സ് മുസ്ലിംകളെ വരെ ബാധിച്ചത് ഈ നീരാളിബാധയാണ്. ചില മതവിമലീകരണമെന്ന പേരിലും ചിലർ മതനിഷേധമെന്ന ലേബലിലും ഹദീസുകൾ നിഷേധിക്കുന്നത് ഒരേ അടിസ്ഥാനത്തിൽ നിന്നാണ്. 

കേരളത്തിലെ ഹദീസ് നിഷേധ ചരിത്രത്തിൽ സിഎൻ അഹ്മദ് മൗലവിയും ചേകനൂർ മൗലവിയുമാണ് ആദ്യം വരുന്ന രണ്ട് നാമങ്ങൾ .

ഒന്നാമൻ അനാവശ്യവും അജ്ഞതാജന്യവുമായ ആത്മാർത്ഥത കൊണ്ടും രണ്ടാമൻ ദുഷ്ടലാക്ക് ഉള്ളിലൊളുപ്പിച്ചും ഇസ്ലാമിക് മോഡേണിസം ഇങ്ങോട്ടേക്ക് കടത്തി. സി എൻ തൻ്റെ പ്രശസ്തമായ ബുഖാരീസംഗ്രഹം വഴി ഇമാം ബുഖാരി ഉദ്ധരിച്ച പല ഹദീസുകൾ പോലും നിരാകരിച്ചു . ചേകനൂർ നിരീക്ഷണം ,അൽ ബുർഹാൻ തുടങ്ങിയ മാധ്യമങ്ങളിലൂടെയും നിരീക്ഷിച്ച ചില മതാന്തർ യുക്തിവാദങ്ങൾ മാത്രമാണ് ഇക്കാലത്ത് സോഷ്യൽ മീഡിയയിലൂടെ ഒറ്റപ്പെട്ടചിലർ പുനരാനയിക്കുന്നത് .അവരിൽ പലരും ചേകനൂരിൻ്റെ ശിഷ്യത്വം ഉള്ളവർ തന്നെയാണ്.

ചേകനൂരിൻ്റെ ചില വാദങ്ങൾ ശ്രദ്ധിച്ചാൽ അക്കാര്യം ബോധ്യമാവും .

1- നമസ്ക്കാരം മൂന്ന് വഖ്താണ് ഇസ്‌ലാമിൽ.

2-റമദാനിൽ മൂന്ന് ദിവസം നോമ്പ് നോറ്റാൽ ബാധ്യത വീടും.

3-ഗവൺമെന്റിന് നികുതി കൊടുക്കുന്നവർ സകാത് കൊടുക്കേണ്ടതില്ല.

4-ബാങ്കും ഇഖാമതും അല്ലാഹുവിനെ അപമാനിക്കലാണ്.

5- ഹജ്ജിലെ കല്ലേറ് ഇക്കാലത്ത് ആവശ്യമില്ല.

5- വ്യഭിചാരിയെ വധിക്കണമെന്ന് ഇസ്ലാമിൽ നിയമമില്ല.

6- ഇസ്റാഅ ‘ വിനോദയാത്രയാണ്.

മിഅ’റാജ് കെട്ടുകഥയും.

7- മുഹമ്മദ് നബിക്ക് മരണാനന്തരം ഇസ്ലാമിൽ പ്രസക്തിയില്ല. സ്വലാതും സലാമും ചൊല്ലൽ ദൈവനിഷേധമാണ്.

8 – ഇസ്ലാം കാര്യങ്ങൾ അഞ്ചല്ല ,പത്താണ്.

9- പിതാമഹന്റെ സ്വത്തിൽ പൗത്രന് അനന്തരാവകാശമുണ്ട്.

10- അബൂഹുറൈറ (റ )ജൂതനാണ്.

11 : ഖുർആൻ പരാമർശിച്ച അബാബീൽ പക്ഷികൾ എന്നാൽ ചിക്കൻപോക്സാണ് .

12 : ഇസ്ലാമിലെ ക്രിമിനൽ വ്യവസ്ഥകൾ പലതും മനശാസ്ത്രപരമായി ആധുനീകരിക്കണം .

13 : സ്വർഗത്തിൽ പ്രവേശിക്കാൻ ഇസ്ലാം നിർബന്ധമില്ല .

പ്രമുഖ ഉത്തരേന്ത്യൻ പണ്ഡിതനായ സയ്യിദ് സുലൈമാൻ നദ്വി തൻ്റെ സീറത്തുന്നബിയുടെ പ്രഥമ വാള്യത്തിൻ്റെ നാൽപ്പത്തഞ്ചാം പേജിൽ നിരാകരിക്കപ്പെടേണ്ട ഹദീസുകളെ ഇങ്ങനെ തിട്ടപ്പെടുത്തി ,  

"സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്തവ ,നിവേദനത്തിൻ്റെ അംഗീകൃത തത്വങ്ങൾക്ക് നിരക്കാത്തവ ,അനുഭവസാക്ഷ്യങ്ങൾക്ക് നിരക്കാത്തവ ,നിസ്സാരകാര്യത്തിന് കഠിനശിക്ഷ പ്രഖ്യാപിക്കുന്നവ ,ചെറിയ നന്മകൾക്ക് വമ്പിച്ച പ്രതിഫലം പ്രഖാപിക്കുന്നവ ,പണ്ഡിതലോകത്തിൻ്റെ ഏകോപിതാഭിപ്രായത്തോട് എതിരായവ " .

ഇത് വിലയിരുത്തിയ യൂസുഫുൽ ഖറദാവി ഏറെക്കുറേ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത് .

" ഹദീസിൻ്റെ ആശയം ചർച്ച ചെയ്യപ്പെടുക എന്നത് ആവശ്യം മാത്രമല്ല ,അത്യാവശ്യം കൂടിയാണ് .ബുദ്ധിക്ക് നിരക്കാത്ത ഹദീസുകൾ തള്ളിക്കളയുകയും വേണം. പക്ഷെ ,ഇങ്ങനെ സ്വീകരിക്കാനും നിരാകരിക്കാനുമുള്ള അവകാശം വിവരദോഷികൾക്ക് വകവെച്ച് നൽകുന്നത് മതത്തിനെതിരാണ് ,അവ്വിഷയകമായ പ്രാഗൽഭ്യം ഉള്ളവരാണ് അത് ചെയ്യേണ്ടത് " എന്ന് അദ്ദേഹവും പറഞ്ഞു.

സൂക്ഷ്മതയുടെ രണ്ട് ഭാഗങ്ങളും സൂക്ഷിക്കലാണ് സൂക്ഷ്മത .ഹദീസുകളുടെ വ്യാജനിർമ്മിതിയും വ്യാജവൽക്കരണവും തടയപ്പെടുകയാണ് വേണ്ടത് .പക്ഷെ മേൽപ്പറഞ്ഞ മാനങ്ങൾ അന്ധമായ ഹദീസ് നിഷേധത്തിനാണ് ആക്കം കൂട്ടിയത് എന്നതാണ് വാസ്തവം .ബുദ്ധിയുടെയും യുക്തിയുടെയും സാമാന്യത ആര് തീരുമാനിക്കും ,അനുഭവസാക്ഷ്യങ്ങൾക്ക് നിരക്കാത്ത ഹദീസുകൾ തള്ളമെന്ന ശാഠ്യവും അനുഭവപരമല്ലാത്ത തിയോളജിക്കൽ - മെറ്റാഫിസിക്കൽ ഡോഗ്മകൾ തള്ളമെന്ന ഫ്രാൻസിസ് ബേക്കണിനെ പോലോത്ത യൂറോപ്യൻ എംപരിസിസ്റ്റുകളുടെ വാദവും തമ്മിലുള്ള വ്യത്യാസം എന്താണ് ,രക്ഷാ ശിക്ഷകൾക്ക് കാരണമാവാൻ മാത്രം കാര്യങ്ങളുടെ നിസ്സാരതയും ഗൗരവവും തീരുമാനിക്കാൻ മനുഷ്യർക്ക് അർഹതയുണ്ടാവുമ്പോൾ മതത്തിൻ്റെ ധാർമ്മിക വ്യവസ്ഥയുടെ അടിത്തറയിളകിയില്ലേ , പണ്ഡിതലോകത്തിൻ്റെ ഏകോപിതാഭിപ്രായം എന്ന് പറയുന്നതിലെ പാണ്ഡിത്യത്തിൻ്റെ മാനദണ്ഡം എന്താണ് , ഒരാളെ വിവരദോഷിയാക്കാനുള്ള ന്യൂനത എന്താണ് ,അവയാര് നിർവ്വചിക്കും തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങൾ ബാക്കിയാവുന്ന അയുക്തകരമായ മാനദണ്ഡങ്ങളാണ് സയ്യിദ് നദ്വിയും ഖറദാവിയുമൊക്കെ നിരത്തിയത്. 

യുക്തിക്കും അനുഭവപരതക്കും അമിത പ്രാധാന്യം നൽകുക എന്ന പടിഞ്ഞാറൻ ഭൗതികവാദത്തിൻ്റെയും ആശയവാദത്തിൻ്റെയും സ്വാധീനമാണവിടെയൊക്കെ കാണുന്നത്. ദൃശ്യദ്രവ്യങ്ങൾ മാത്രമാണ് പ്രപഞ്ചം എന്ന് വാദിക്കുന്നവരുടെ എപിസ്റ്റമോളജി അതിഭൗതികതയെയും അധിഭൗതികതയെയും അംഗീകരിക്കുന്ന ഇസ്ലാമിക് എപിസ്റ്റമോളജിയിൽ നിന്നും എവ്വിധം വേറിട്ട് നിൽക്കുന്നുവെന്ന അടിസ്ഥാന ധാരണ ഇല്ലാത്തതോ മറ്റേതോ ധാരണ ഉള്ളതോ ആണ് പ്രശ്നം .ഹദീസ് നിവേദനശാസ്ത്രത്തിൻ്റെ ഘടനാപരമായ വ്യവസ്ഥകൾ ഹദീസ് ക്രോഡീകരണ കാലത്തും തുടർന്നും നിലവിൽ വന്നിട്ടുണ്ട് .ശാസ്ത്രീയ -സാമൂഹിക പ്രേരണകൾക്കനുസരിച്ച് അതിൽ മായം ചേർക്കാതിരുന്നാൽ മതി.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us