loader
blog

In Prophetic

By Shuaibul Haithami


റംഗീലേറസൂൽ , മീസാനുൽ ഹഖ് , ഇദ്ഹാറുൽ ഹഖ് : ഒരൊറ്റ മുഹമ്മദ് ( സ്വ ) .

Blasphemy അഥവാ ദൈവദൂഷണത്തെ അന്താരാഷ്ട്ര സമൂഹം തത്വത്തിൽ നിരാകരിക്കുകയും ലോകരാഷ്ട്രങ്ങൾ വ്യത്യസ്ത തരത്തിൽ കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ബ്രട്ടീഷ്ഭരണ കാലത്തെ നിലവിലുണ്ടായിരുന്ന അടിസ്ഥാന നിയമമിപ്പോൾ പീനൽകോഡിലെ 124 A , 153A , 153B,292 293 , 295 A പ്രകാരം പിഴ മുതൽ 3 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് അപരവിശ്വാസഭൽസനം എന്ന് നിശ്കർഷിക്കുന്നു.

ആരാധ്യപാത്രങ്ങളെ അധിക്ഷേപമോ പരിഹാസമോ നടത്തി വിശ്വാസികൾക്ക് മനോവിഷമം വരുത്തുന്ന കൃത്യമെന്നാണ് പ്രസ്തുത കുറ്റത്തിന്റെ പൊതുവായ നിർവ്വചനം.ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മതവിമർശനത്തിൽ നിന്നും ദൈവദൂഷണം വ്യത്യസ്തമാവുന്നത് ഉരിയാടപ്പെടുന്ന പരാമർശങ്ങളുടെ സന്ദർഭവും പ്രേരണയും അനുസരിച്ചാണ്.വാക്കുകളുടെ സഭ്യാസഭ്യതകളും വ്യക്തികളുടെ മാനാഭിമാനങ്ങളും പരസ്പരം വകവെച്ച് കൊടുത്തും ഉൾക്കൊണ്ടും കൊണ്ടല്ലാതെ ആധുനിക സമൂഹത്തിന് സുസ്ഥിര സമാധാനം കൈവരിക്കാൻ കഴിയില്ലെന്ന് മതാന്ധത(Bigotry)ക്കെതിരായ റെസലൂഷനിൽ യു എൻ ഒ നിരീക്ഷിച്ചിട്ടുണ്ട്. 

നബിത്വം വിമർ ശനാതീതമോ ?

മാനവരിലെ ഇതിഹാസ വക്തിത്വമാണ് മുഹമ്മദ് നബി (സ്വ)യെന്ന് വ്യത്യസ്ത മാനദണ്ഡങ്ങളിലൂടെ വിലയിരുത്തിയ അത്യുന്നതരിൽ ഹെരാക്ലീസ് ഗ്രേറ്റ് , നേഗസ് , നെപ്പോളിയൻ,ജോർജ്ബെർണാർഡ് ഷാ , എച്ച് ജി വെൽസ്, എച്ച് എ ആർ ഗിബ്ബ്, തോമസ് കാർലൈൽ , മഹാത്മാഗാന്ധി , ആർണോൾഡ് ടോയൻ ബി , ആനി ബസന്റ് , എ.ജെ ആർബറി , അൽഫോൻസാ ലാമാർട്ടിൻ ,മാർട്ടിൻ ലിംഗ്സ് , കാരൻ ആസ്ട്രോങ്ങ് , ഫിലിപ്പ് കെ ഹിറ്റി , വോൾട്ടയാർ , എബ്രഹാം ലിങ്കൺ , മാർട്ടിൻ ലൂഥർ കിംഗ് , സ്വാമി വിവേകാനന്ദൻ ,നെൽസൽ മണ്ടേലെ ,മൈക്കിൾ എച്ച് ഹാർട്ട് ,ശ്രീനാരായണ ഗുരു , വള്ളത്തോൾ നാരായണമേനോൻ , ജി ശങ്കരക്കുറുപ്പ് എന്നിങ്ങനെ വ്യക്തിമാഹാത്മ്യങ്ങളുടെ നാലറ്റങ്ങളിൽ പടർന്ന പലരുമുണ്ട്. അവരിൽ പലരും നിരുപാധികം പ്രവാചകകീർത്തനം നടത്തുകയായിരുന്നില്ല.ചരിത്രവ്യക്തത,ദൗത്യനിർവ്വഹണം ,സ്വാധീനം,സന്ദേശം തുടങ്ങിയ മാനദണ്ഡങ്ങൾ മുന്നിർത്തി കൃത്യമായ നിരൂപണങ്ങൾക്കും വിമർശനങ്ങൾക്കും പിറകെയാണ് അസാമാന്യവും അതിഗംഭീരവുമായ മാനുഷഭാവത്താൽ ഒന്നാമരിൽ ഒന്നാമനാരാണെന്ന നിഗമനത്തിലെത്തിയത്.പ്രവാചകൻ മുന്നോട്ട് വെച്ച മതവിശ്വാസം വരിക്കാതെ തന്നെ ആ വ്യക്തിത്വത്തെ അവിശ്വസിക്കാൻ ചരിത്രപുരുഷന്മാർക്ക്ന്യായമുണ്ടായിരുന്നില്ല.നേരത്തെ , ആദർശപരമായി നബിത്വത്തിൽ സന്ദേഹങ്ങളുന്നയിച്ചഅവിശ്വാസികളോട് വിശദമായും മാന്യമായും സംവദിച്ച ഖുർആൻ , പ്രവാചകനെ വ്യക്തിഹത്യ നടത്തിയ ഒറ്റപെട്ട ഗോത്രവമ്പന്മാരെ നിശിതമായി തിരികെ വിമർശിക്കുകയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഭൽസനം എന്ന കുൽസിതശ്രമം.

നബിനിന്ദാശ്രമങ്ങൾക്ക് ആധുനിക വംശീയത അവലംബിക്കുന്ന രീതിശാസ്ത്രം രൂപപ്പെട്ടത് കുരിശുയുദ്ധാനന്തര രാഷ്ട്രീയവും ഓറിയന്റലിസം കൈകടത്തി വികലമാക്കിയ വൈജ്ഞാനിക വായനകളുമായിരുന്നു.യുക്തിഭദ്രമായ ഇസ്ലാമിക തത്വശാസ്ത്രവും വേദഗ്രന്ഥവും മധ്യപൗരസ്ത്യ ദേശങ്ങൾ കടന്ന് പടിഞ്ഞാറൻ പ്രവിശ്യകളെ ഹഠദാകർശിച്ച് തുടങ്ങിയപ്പോൾ ഇഛാഭംഗിതർ കണ്ടെത്തിയ മാർഗമായിരുന്നു , നേരിട്ട് ഇസ്ലാമിക പ്രമാണങ്ങളോട് സംവാദം നടത്തുന്നതിനേക്കാൾ മെച്ചം അവയുടെ പ്രാണേതാവായ പ്രവാചകന് കരിഛായകൾ ചാർത്തി ആലോചനയുടെ ഗതിമാറ്റുക എന്ന തന്ത്രം.ചരിത്രപരമായ സന്ദർഭങ്ങളെ അവയുടെ മൂല്യസന്ദേശത്തിൽ നിന്നുമടർത്തി വിവാദസാധ്യതകളുള്ള സംഭവങ്ങൾ മാത്രമായി വളച്ചവതരിപ്പിക്കാൻ എളുപ്പമായിരുന്നു. അതുവഴി അവധാനതയോടെ ആശയ പ്രകാശനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന മുസ്ലിംകളെ വിചാരപഥത്തിൽ നിന്നും വികാരപഥത്തിലേക്ക് എളുപ്പത്തിൽ മറിച്ചിടാനാവുമെന്നും അവർ പ്രത്യാശിച്ചിരുന്നു.ഇന്ത്യയിലും, കൊളോണിയൽ ശക്തികൾ അവരുടെ മതതാൽപര്യങ്ങൾക്ക് വിഘാതമാവുന്ന ഘടകം വേരുറച്ച ഇസ്ലാമാണെന്നും മനുഷ്യരെ സമഭാവനയോടെ കാണുന്ന ദർശനത്തിലേക്ക് അവർണ്ണവരുടെ വരവുണ്ടെന്നും മനസ്സിലാക്കിയപ്പോൾ പ്രയോഗിച്ചത് ഇതേ മാർഗമായിരുന്നു.

അടിച്ചമർത്തപ്പെട്ട സ്ത്രീകളായിരുന്നു കൂടുതൽ ഇസ്ലാമിനെ ഇഷ്ടപെട്ടത്. അതിനാലാണ് സ്ത്രീപീഢകനും ഭാര്യാബാഹുവുമായ പ്രവാചകൻ എന്ന ചിത്രം പ്രചരിപ്പിക്കാൻ അവർ തുനിഞ്ഞത്. ജർമ്മൻ പുരോഹിതനായിരുന്ന പ്രഫഡർ രചിച്ച മീസാനുൽ ഹഖ് എന്ന കൃതിയായിരുന്നു പ്രവാചകനെ വ്യക്തിഹത്യ നടത്താൻ ഇന്ത്യയിൽ രചിക്കപ്പെട്ട ആദ്യകൃതി. അതിനോട് മുസ്ലിംകൾ സമചിത്തതയോടെയാണ് പ്രതികരിച്ചത്.അല്ലാമാ റഹ്മതുല്ലാഹ് കീറാനവി ഇദ്ഹാറുൽ ഹഖ് എന്ന മറുകൃതി രചിച്ചായിരുന്നു അതിനെ പ്രതിരോധിച്ചത്.മിഡിലീസ്റ്റിലും പാകിസ്ഥാനിലുമൊക്കെ പലപ്പോഴും മുസ്ലിം തീവ്രരാഷ്ട്രീയക്കാർ തങ്ങളുടെ ഇംഗിതനിർവ്വഹണത്തിന് ഇന്ധനം കിട്ടാനായി പതിറ്റാണ്ടുകൾ മുമ്പേ കെട്ടടിങ്ങിയ നബിവിമർശന കൃതികൾ പുന:ചർച്ചയിലേക്ക് കൊണ്ടുവന്ന് രംഗം വഷളാക്കാറുണ്ട്.1959 ൽ ഈജിപ്ത്യൻ സാഹിത്യകാരൻ നജീബ് മഹ്ഫൂസ് രചിച്ച ചിൽഡ്രൻസ് ഓഫ് ഗലബാലി, തസ്ലീമാ നസ്റിന്റെ സാത്താനിക് വേഴ്സസ് , 2012 ൽ പുറത്തുവന്ന ഇന്നസെൻസ് മുസ്ലിംസ്,ഡാനിഷ് കാരിക്കേച്ചർ തുടങ്ങിയവയോടുള്ള പ്രതികരണം ശരിയായും തെറ്റായും സംഭവിച്ചിട്ടുണ്ട്.ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ശരിയായ സംവാദങ്ങൾ നടത്തുകയും ചെയ്യുന്നതിനപ്പുറം നിയമം കയ്യിലെടുക്കാൻ ഒരവസരത്തിലും ഇസ്ലാം സമ്മതിക്കുന്നില്ല.

അവർണ്ണരുടെ

'ആഇശ'

1850 - 1930 കൾക്കിടയിൽ ഇന്ത്യയിലെ കീഴാളസ്ത്രീകൾക്ക് വിമോചനവും വിദ്യാഭ്യാസവും സാധ്യമാവുന്ന നിരവധി നിയമങ്ങൾ പ്രാബലത്തിൽ വന്നു.1891 ൽ ലൈംഗികസമ്മതപ്രായം(Age of consent)പത്തിൽ നിന്നും 12 ആക്കി ഉയർത്തിയ രാഷ്ട്രീയസാഹചര്യം ഏറെ പ്രസക്തമാണ്.ശൈഷവ വിവാഹങ്ങൾ അക്കാലത്തെ പതിവ് രീതിയായിരുന്നു.വിവാഹാനന്തരം ഋതുമതിത്വം അറിയിക്കുന്ന പെൺകുട്ടിയെ ആഘോഷഹർഷം വരന്റെ വീട്ടിലേക്ക് ആനയിക്കപ്പെട്ട കാലത്ത് ഉത്തരേന്ത്യയിൽ നടന്ന ചില Marital rape കേസുകൾ വമ്പിച്ച കോളിളക്കളുണ്ടാക്കി. Fulmany Dasi Rape കേസ് , Rugma Bhai Rape കേസ് തുടങ്ങിയ പലതിലും 10 - 11 വയസ്സുള്ള പെൺകുട്ടികളിൽ 35- 50 വയസ്സിലുള്ള ഭർത്താവിന്റെ ബലാൽസംഘം മുഖേനെ മരണപ്പെട്ടവരും വൈധവ്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവരുമുണ്ട്. പധാനമായും അക്കാലത്തെ സാമൂഹ്യപരിഷ്ക്കർത്താവായിരുന്ന ബെഹ് റാംജി മലബാറിയുടെ ശ്രമഫലമായാണ് മുകളിൽ പറഞ്ഞ നിയമഭേദഗതി ഉണ്ടാവുന്നത്.അതോടെ സ്ത്രീകൾ വിമോചനവഴികൾ തേടിത്തുടങ്ങി .റേപ്പ് കേസിലെ ഇര തന്നെയായ ഫാൽമണി ദാസി ഡോക്ടറായി മുമ്പിൽ നിന്നു.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായ ആനന്ദി ഗോപാൽ ജോഷി പത്താം വയസിലാണ് വിവാഹിതയാവുന്നത്.പിറ്റേവർഷം പ്രസവിച്ചപ്പോൾ കുട്ടി മരണപെട്ടു.മികച്ച ചികിൽസയറിയുന്ന വിധം മാതാക്കൾ തന്നെ ഉയരണമെന്ന സന്ദേശവുമായി അവർ വൈദ്യശാസ്ത്രബിരുദം നേടി. ഈ കോളിളക്കങ്ങളിൽ സവർണ്ണ പൗരുഷങ്ങളുടെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും രക്ഷതേടി ധാരാളം ദളിത്ഹിന്ദു സ്ത്രീകൾ ഇസ്ലാമിലേക്ക് വന്നത് പഞ്ചാബിലും ചുറ്റിലും നിരന്തര വർഗീയ സംഘർഷങ്ങളുണ്ടാക്കി.നേരത്തെ യൂറോപ്പിലും അതേറ്റുപിടിച്ച് ഇവിടെയും നടത്തപ്പെട്ട അതേ പ്രചാരവേല പിന്തുടർന്ന് ചില സ്വാർത്ഥംഭരികൾ മുസ്ലിം പുരുഷന്മാരെ കാമാസുരന്മാരമായി ചിത്രീകരിക്കുന്ന വിധം ചരിത്രം , സാഹിത്യം ,കല എന്നിവയിലെല്ലാം ഇടപെട്ടു. മുസ്ലിംകളുടെ മാതൃകാപുരുഷനായ പ്രവാചകൻ ശൈശവ വിവാഹത്തിന്റെ വക്താവാണെന്നും പിഡോഫീലിയാണെന്നും വരുത്തിത്തീർക്കാനായി ഉറുദുവിൽ മഹേഷ് എഴുതപ്പെട്ട റംഗീലാറസൂൽ എന്ന കൃതിയാണ് എരിതീയിലെ എണ്ണയായത്.പുസ്തകം പ്രസിദ്ധീകരിച്ച മഹഷെ രാജ്പാലിനെ ബ്രട്ടീഷ് ഭരണകൂടം അറസ്റ്റുചെയ്യുകയും മതനിന്ദയ്ക്കെതിരെ പ്രത്യേക നിയമങ്ങളുടെ അഭാവത്തിൽ ലാഹോർ കോടതി വെറുതെ വിടുകയും ചെയ്തു. പിന്നീട് 1923 ഏപ്രിൽ 26 ന് കോടതിയിൽ വെച്ച് ഇൽമുദ്ദീൻ എന്നൊരാളുടെ കുത്തേറ്റ് രാജ്പാൽ കൊല്ലപ്പെട്ടു. ആ കേസിൽ വധശിക്ഷ ലഭിച്ച ഇൽമുദ്ദീനെ 1929 ൽ തൂക്കിലേറ്റി. ആര്യസമാജ പ്രവർത്തകനായ എം.എ. ചമുപതി എന്ന വ്യക്തി കൃതി ഹിന്ദിയിലേക്ക് മൊഴിമാറ്റിയതോടെ അതിന്റെ ഉള്ളടക്കം കൃത്യമായ ലക്ഷ്യത്തോടെ മുസ്ലിംവിരോധ മണ്ഡലങ്ങളിൽ വ്യവഹരിക്കപ്പെട്ടു. നാനാഭാഗത്തും പ്രശ്നങ്ങളുടെ തിരകൾക്ക് തിരികൊളുത്തപ്പോൾ ബ്രിട്ടീഷ് ഭരണകൂടം മതനിന്ദയ്ക്കെതിരായ 295(എ) വകുപ്പ് നടപ്പിലാക്കി,മത സ്ഥാപകരെയും നേതാക്കളെയും നിന്ദിക്കുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റി.

ചരിത്രത്തിന്റെ ആധുനികവായന.

വൈവാഹികമോ അല്ലാത്തതോ ആയ ലൈംഗിക സഹജീവനങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്ന ആധുനിക മാനദണ്ഢം ഉഭയകക്ഷി സമ്മതവും ഭരണകൂടം നിശ്ചയിക്കുന്ന പ്രായപരിധിയുമാണ്. ഈ നിർണ്ണയം വെച്ച് വേണം പ്രവാചകൻ (സ്വ) നടത്തിയ എല്ലാ വിവാഹങ്ങളെയും സമീപിക്കാൻ. മാന്യമായി പിരിയാം എന്ന ഒരു തെരെഞ്ഞെടുപ്പ് പ്രവാചകൻ പത്നിമാർക്ക് മുമ്പിൽ വെക്കുന്ന ഘട്ടം ചരിത്രത്തിലുണ്ട്.പത്നിമാർ അവരുടെ നിബന്ധന നിരുപാധികം പിൻവലിച്ച് ബന്ധം സദൃഢമാക്കാൻ മൽസരിക്കുകയായിരുന്നു.വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ അവരുടെ തെരെഞ്ഞെടുപ്പും ഉൾപ്പെടും.വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ആഇശ(റ)യെ പ്രവാചകൻ അങ്ങോട്ട് പ്രപ്പോസൽ ചെയ്തതല്ല.അതിന് മുമ്പ് അറേബ്യയിലെ പ്രമുഖർ അവരെ വിവാഹഭ്യർത്ഥന നടത്തിയിരുന്നുവെന്നതിൽ നിന്നും അക്കാലത്തെ പൊതുബോധം ഗ്രഹിച്ചെടുക്കാം.വിവേകമെത്തുന്ന പ്രായമാണ് വിവാഹത്തിന്റെ ഇസ്ലാമിക പ്രായപരിധി. ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിൽ ഈ 2022 ലും 12 മുതൽ 22 വരെയാണ് Age ofconsent.അതിവികസിത രാഷ്ട്രമായ ചൈനയിൽ 13 ഉം ഫിലിപെയിനിൽ 12മാണ് പ്രായപരിധി. അക്കാര്യം അതതു കാലത്തിന്റെ പൊതുരീതിയോട് പൊരുത്തപ്പെടുന്നതാവണം എന്ന പ്രയോഗനിത്യതയാണ് പ്രവാചക വിവാഹത്തിന്റെ മൂല്യസന്ദേശം.അതിന് പുറമേ ,ചക്രവർത്തിമാർക്കും നേതാക്കൾക്കും സാധാരണ നിയമം ബാധകമല്ലെന്ന രീതി അന്നും കുറേയൊക്കെ ഇന്നുമുണ്ട്. വിവാഹ പ്രായം ഭരണകൂടം തീരുമാനിക്കുക എന്നത് തന്നെ സ്വാതന്ത്ര്യ സങ്കൽപ്പത്തിനെതിരാണ്.മാത്രമല്ല ,നബിജീവിതം മനുഷ്യസമാജത്തിന് അനുകരിക്കാൻ പര്യാപ്തമായ നിലയിൽ ഡിസ്പ്ലേ ചെയ്യപെടാനുള്ളതാകയാൽ ബാലിക മുതൽ വൃദ്ധ വരെ ,ഭൃത്യ മുതൽ വരേണ്യ വരെ പ്രവാചകന്റെ രഹസ്യങ്ങൾ പങ്കിട്ട് ലോകത്തിന് പകരണം എന്ന ദൈവികനിയമത്തിന്റെ സാക്ഷാൽക്കാരമായിരുന്നു ആ വിവാഹങ്ങൾ എന്ന മെറ്റാഫിസിക്കൽ ഘടകം കൂടി അവിടെ പ്രധാനമാണ്.ഇരുപത്തഞ്ചിന്റെ തീക്ഷ്ണയൗവ്വനത്തിൽ 40 കാരിയായ വിധവയെ വിവാഹം ചെയ്ത് , അറേബ്യയിലെ ഏറ്റവും മാദകത്വമുള്ള കന്യകമാരെ വെച്ച് പ്രലോഭിപ്പിച്ചിട്ടും തന്റെ അൻപത്തിമൂന്നാം വയസ് വരെ ഏകപത്നീവ്രതം പാലിച്ച ഒരു മനുഷ്യനെങ്ങനെ ലൈംഗികദാഹിയാവും ? പ്രവാചക വിവാഹങ്ങൾ ത്യാഗമായിരുന്നു. 

സീത , റബേക്ക , മാരിയ

2008ൽ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിൽ ഗീലാനിയുടെ നടത്തിയ Communalism, Fascism and Democracy: Rhetoric and Reality’ എന്ന സെമിനാറിൽ വെച്ച് അധ്യാപകനായ ഗീലാനിയുടെ മുഖത്ത് തുപ്പിയ വിദ്യാർത്ഥിനേതാവായിരുന്നു നുപൂർശർമ്മ.തുടർന്ന് ടൈംസ് നൗവിന്റെ ചർച്ചയിൽ, ദൈവത്തെ പോലെ കാണേണ്ട അധ്യാപകനെ അപമാനിച്ചത് അവതാരകൻ പരാമർശിച്ചപ്പോൾ നുപൂർ ആവർത്തിച്ചത് , രാജ്യം മുഴുവൻ ആ രാജ്യദ്രോഹിയുടെ മുഖത്ത് തുപ്പണമെന്നായിരുന്നു.വിയോജിപ്പുള്ള മതാചാര്യനെ അപകീർത്തിപ്പെടുത്തുവോളം ആ 'സഹിഷ്ണുത' വളർന്നിരിക്കുമ്പോൾ അവരും അതേറ്റ് ആറാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കുന്ന ഇസ്ലാമോഫോബികളും മറക്കരുതാത്ത ശൈവവവിവാഹ ചരിത്രം വേറെയുമുണ്ട്.ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.

മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതി 9: 24 അനുശാസിക്കുന്നു.

കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങുകയും90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചുവെന്നും യഹൂദർ വിശ്വസിക്കുന്നു.40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണെന്ന് ബൈബിൾ പറയുന്നു. സ്വാമിവിവേകാനന്ദന്റെ ഗുരു യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദദേവിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് അഞ്ച് വയസ്സായിരുന്നു.പരിഷ്ക്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാണെ തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.സ്വതന്ത്രചിന്തകൻ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ്.പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേളി കഴിച്ചത്.മഹാത്മാഗാന്ധി വിവാഹം ചെയ്തത് 13 കാരിയായ കസ്തൂർബയെയായിരുന്നു.ഇങ്ങനെ എത്രയും നീളുന്ന പട്ടികയിൽ lntelectua Puberty -ബൗദ്ധിക പ്രായപൂർത്തി, ചിലപ്പോൾ Metabolic Puberty -ശാരീരിക പ്രായപൂർത്തി വരിക്കാത്ത പെൺകുട്ടികൾ വിവാഹം ചെയ്യട്ട മത -മതേതര വൃത്താന്തങ്ങൾ പരസ്പരം ഉൾക്കൊണ്ടും വകവെച്ചും മനസ്സിലാക്കപ്പെടേണ്ടതാണ്.അവയൊന്നും അവയുടെ രംഗഭാവം ചോർത്തി ദുരുപയോഗപ്പെടുത്തപ്പെടുകയും അരുത്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us