loader
blog

In Prophetic

By Shuaibul Haithami


അല്ലഫൽ അലിഫ് : ഉള്ളിന്റെ ഉൽസവം صل الله عليه و سلم

പ്രണയനഗരത്തില്‍ ഉമറുല്‍ ഖാഹിരി പണിത പാട്ടുകൊട്ടാരമാണ് അല്ലഫല്‍ അലിഫ്. വാക്കുകള്‍ക്ക് ഹൃദയമുണ്ടെങ്കില്‍ അല്ലഫല്‍ അലിഫ് നിറയെ ആത്മ ചുംബനങ്ങളാണ്. ഹൃദയത്തിന്റെ ചുണ്ടുകൊണ്ട് മുത്തുനബിയെ മുത്തിപ്പൊത്തുന്നതിന്റെ ശ്വാസം മുട്ടലുകളാണ് പദവിന്യാസത്തിന്റെ അന്തര്‍ധാരകള്‍ നിറയെ.


അല്ലഫല്‍അലിഫിന്റെ കൂട്ടിനുള്ളിലെ പറവ അര്‍ശിന്റെ അഴകിലേക്ക് മഹത്വത്തിന്റെ ചിറകുയര്‍ത്തിപ്പറന്ന രാജാളിക്കിളിയായതാണ് പാട്ടിന്റെ അകച്ചന്തവും പുറച്ചമയവും. പാട്ടെഴുതുന്നവര്‍ പലരുണ്ടാകുമെങ്കിലും എഴുതുന്നത് പാട്ടാകുന്നതും നെഞ്ചില്‍ സ്‌നേഹപാനം കനലുതിക്കാച്ചുന്നതും നബി സങ്കീര്‍ത്തന സരണിയില്‍ എപ്പോഴുമില്ല എന്ന് ഈ കായര്‍പട്ടണത്തിന്റെ അക്ഷരഗുരു സ്ഥാപിച്ചിരിക്കുന്നു.



തമിഴ്‌നാടിന്റെ റൂമിയാണ് ഉമര്‍ വലിയ്യില്ലാഹില്‍ ഖാഹിരി ( 1740 എ.ഡി.1153 - 1216 ഹിജ്‌റ). മഥ്‌നവിയുടെ ആത്മാവ് അല്ലഫല്‍ അലിഫിന്റെ ഇതിവൃത്തത്തിൽ സത്ത പ്രാപിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതലാണ് ഉമറുബ്‌നു അബ്ദില്‍ ഖാഹിരി ധൈഷണിക ലോകത്ത് ശ്രദ്ധേയനാവുന്നത്. പ്രവാചകന്റെ സ്‌നേഹനിധി സിദ്ധീഖുല്‍ അക്ബറിന്റെ ചോരയില്‍ വിടര്‍ന്നതാണ് കവിയുടെ അടിവേര്. പൈതൃകപ്പൊരുളിന്റെ ഗുണപ്പൊരുത്തം കവിയുടെ കവനകൗമുദിക്ക് തിളക്കത്തിനുമേല്‍ തിളക്കമായി. ശാഫിഈ മദ്ഹബുകാരനായ ഇശ്‌ഖെഴുത്തുകാരനാണ് കവി.


നബിയനുരാഗത്തിന്റെ കടല്‍പ്രവേശനത്തിനു കവിയെ പാകപ്പെടുത്തിയത് അദ്ദേഹത്തിന്റെ ആത്മീയ ഗുരുക്കന്മാരായ ശൈഖുമുഹമ്മദുന്നസഖിയും സയ്യിദ് ശൈഖ് ജിഫ്രിയുമാണ്.


മനസ്സില്‍ ഇശ്ഖിന് തീപിടിച്ചാല്‍ അവനാണ് പിന്നെ സൗഭാഗ്യ നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്നത്. ഓരോ കണ്ണീര്‍തുള്ളിയും പരലോകത്ത് പൊന്നായ്പൂക്കുന്ന അല്‍ഭുതമാണ്. തിടം വെച്ചു തുടുത്ത ഹൃദയകാമന കവിയെ മദീനാ ശരീഫില്‍ - നബി നഗരി - എത്തിച്ചതോടെ അനുതാപവിജ്രംഭണങ്ങളുടെ അലമാലകള്‍ പിറന്നു; അവിടെ കവി തിരിച്ചറിഞ്ഞു; സ്‌നേഹം ഒരില്ലാതകലാണെന്ന്, എടുക്കാനല്ല കൊടുക്കാനാണെന്ന്, നേടാനല്ല നല്‍കാനാണെന്നും.

വഴിത്തിരിവായത് കവി സയ്യിദ് മുഹ്സീന്‍ അല്‍ മുഖ്ബിലിയുമായി ആത്മബന്ധം സ്ഥാപിക്കുന്നതുമുതലാണ്. ഈ സൂഫി സ്വരച്ചേര്‍ച്ച തിരുനബി നഗരിയില്‍ വെച്ചായിരുന്നു. കവിയുടെ പരിവേദനങ്ങളുടെ ആവിഷ്‌ക്കാരങ്ങള്‍ക്ക് പലപ്പോഴായി പ്രകാശനം സിദ്ധിച്ചു.


ഇതര പ്രവാചകാനുരാഗ കാവ്യങ്ങളില്‍ നിന്നും അല്ലഫല്‍ അലിഫിനെ വ്യത്യാസപ്പെടുത്തുന്നത് അതിലുടനീളം ഒഴുകിപ്പരന്ന തസ്വവ്വുഫിന്റെ കുളിരും നനവുമാണ്. സൂഫിയുടെ പ്രണയത്തിനു കണ്ണും കാതുമുണ്ടാകുമെന്നാണ് ഈ തിരു കാവ്യത്തിന്റെ കാര്യത്തിലെ ശരി. അറബി അക്ഷരമാലയിലെ ഇരുപത്തിയൊമ്പത് അക്ഷരങ്ങള്‍ ക്രമാനുസാരിയായ രാഗബദ്ധതയോടെ ചേര്‍ത്തൊരുക്കിയ ഈ കാവ്യഹാരം, അകക്കണ്ണു തുറന്നു വായിക്കുന്നവര്‍ക്കെ അതിന്റെ സാരസുരഭിലത കൈമാറുകയുള്ളു. അതിശയകരമായ കോര്‍വ്വയും അതിനിപുണമായ ചേര്‍ത്തിവെപ്പുമാണ് അല്ലഫല്‍ അലിഫിന്റെ അകമഹിമയെന്ന് കരുതിയവര്‍ക്ക് ശരിക്കും തെറ്റി. അറബി ഭാഷയുടെ പദാന്ത്യവ്യതിയാന ശാസ്ത്രത്തില്‍ (ഇല്‍മുല്‍ ഇഅ്‌റാബ്) അഗാധമായ വ്യൂല്‍പത്തിയുള്ളവര്‍ക്ക് അല്ലഫല്‍ അലിഫിന്റെ പുറം തോടിലെത്താവുന്നതാണ്. അലിഫ് മുതല്‍ യാവരെ അക്ഷരം പ്രതി ഈരടികളും ഇതിവൃത്ത ഭംഗിയുടെ സുരക്ഷിതത്വത്തിനു അല്ലാഹുവിന്റെ അപരിമേയ മഹത്വത്തെയാവാഹിക്കുന്ന രണ്ട് ഹംസകളും ചേരുന്ന മുപ്പത്തൊന്ന് ഈരടികളാണ് അല്ലഫല്‍ അലിഫിന്റെ അലങ്കാര രീതി. ഒരു മഹാശില്പിയുടെ കരവിരുതില്‍ ഉരുകിയുണര്‍ന്ന ലീലാ വിലാസം അങ്ങനെ അനശ്വരതയുടെ അടയാളമായി മാറി. നാളെ അര്‍ശിന്റെ ചാരെ അദ്ധ്യക്ഷം വഹിക്കുന്ന നബി മഹത്വത്തിന്റെ സമ്പൂര്‍ണ സാക്ഷാല്‍കാര സന്ദര്‍ഭത്തിലും അല്ലഫല്‍ അലിഫിന്റെ പൊരുളുകള്‍ തിളങ്ങും. തീര്‍ച്ച. അതിനാല്‍ കേട്ട പാട്ടുകള്‍ മധുര തരം കേള്‍ക്കാത്ത പാട്ടുകള്‍ അതിമധുരം എന്നതു തന്നെയാണ് അല്ലഫല്‍ അലിഫിലെയും ഒരു ശരി.





കവി ഇവിടെ പാര്‍ത്ത കാലത്തിനും നമ്മുടെ ചര്‍ച്ചയില്‍ പരിഗണനയുണ്ട്.

പരിസര പ്രേരണകളുടെ ഗതിയൊഴുക്കുകളില്‍പ്പെടാതെ ആന്തരിക ബലത്തിന്റെ അടിസ്ഥാന ശക്തിയോടെ കവി നിലകൊള്ളുകയായിരുന്നു. ആത്മീയ നിരാസത്തിന്റെ ഋണാത്മക പക്ഷവും അത്യാചരങ്ങള്‍ നിറഞ്ഞ അമിതാത്മികതയുടെ ധനാത്മക പക്ഷവും ഉയര്‍ത്തിയ വിശ്വാസ വൈകല്യങ്ങള്‍ക്കിടയില്‍ കവി നിന്നതൊരു നില്‍പ്പാണ്, പ്രതിഷ്ഠാപരമായ നില്‍പ്പ്. തന്റെ ഗുരുവായ ശൈഖ് മുഹ്സിനില്‍ നിന്നും ഇജാസത്ത് ലഭിച്ചതോടെ കവി നേരിട്ടു രംഗത്തെത്തി മതത്തിലെ മിതത്വസങ്കല്‍പ്പത്തെ തെര്യപ്പെടുത്തി. അതിനാല്‍ അല്ലഫല്‍ അലിഫ് പക്വതയില്ലാത്ത പ്രണയ ചേഷ്ടകളല്ല. പക്വതയുടെ പൂര്‍ണ്ണത പ്രാപിച്ച ആത്മാടനങ്ങളാണ്. പ്രാസഭംഗിയുടെ മുന്തി നില്‍പ്പിലും കാവ്യം ഒരുപടി ഉയരത്തിലാണ്. ഭംഗി വാക്കുകളുടെ ഇടതടവില്ലാത്ത പ്രവാഹത്തിനൊപ്പം ആശയ തലങ്ങളും വികസിക്കുമ്പോഴാണ് വായന മധുരമാവുന്നത്.


അക്ഷര ക്രമാനുകത മാത്രമല്ല. അതത് അക്ഷരങ്ങളുടെ വരികളില്‍ വരുന്ന അക്ഷര സമാനതകളുടെ ആവര്‍ത്തനമാണ് കൗതുകം. കൂടാതെ ദ്വയാര്‍ത്ഥങ്ങളും ത്രയാര്‍ത്ഥങ്ങളുമുള്ള വാക്കുകളുടെ ഉപയോഗം വ്യാഖ്യാന സാധ്യതയുടെ ജബലുന്നൂറുകള്‍ പണിയുന്നു. സാരവ്യതിയാനങ്ങളോരോന്നും സൃഷ്ടിക്കുന്ന വര്‍ദ്ധിത യോജിപ്പ് മനപ്പൂര്‍വ്വമായ രചനാജന്യ സിദ്ധിയോ അതല്ല പടച്ചവന് പ്രിയപ്പെട്ടവന്റെ അതിഗഹനമായ അപദാനങ്ങളാകയാല്‍ അവന്റെ പൊരുളുമായി യാദൃശ്ചികമായി ഒത്തുപൊരുത്തം പ്രാപിച്ചതിനാണോ എന്നതിനു തീര്‍പ്പായിട്ടില്ല. അത്രമേലാണ് കാവ്യത്തിലെ സാരമേന്മകള്‍. 



ചിത്രശലഭത്തെ പിടിക്കാന്‍ മുതിരുന്ന കുട്ടിക്ക് പിടികൊടുക്കാതെ ശലഭറാണി മധുകണം നുണഞ്ഞു തെന്നിമാറിയും മിന്നിമറഞ്ഞും മിന്നലാട്ടം തീര്‍ക്കുന്നതുപോലെയാണ് കാവ്യത്തില്‍ കവിയും കവനനായകനും ആത്മാവിന്റെ പൂവാടിയില്‍ അകസാരസല്ലാപത്തിലാറാടി മദിക്കുന്നത്. പക്ഷെ ഖാഹിരിയുടെ ആവനാഴിയിലെ ഇരുപത്തിയൊമ്പത് സ്‌നേഹാസ്ത്രങ്ങളും കഴിയുവത് കരുത്തോടെ എയ്തിട്ടും ചിത്രശലഭം കൈപിടിയിൽ ഒതുങ്ങാതെ പാറുന്ന അനര്‍ഘതയെ പാട്ടാക്കിപ്പാടുകയാണ് കവി, തോറ്റതിന്റെ തിളക്കത്തോടെ ...







അലിഫിന്റെ പൊരുളായ അഹദായ നാഥന്റെ നമോവാക്യങ്ങള്‍ സമര്‍പ്പിച്ച് അലിഫ് കൊണ്ടാരംഭിക്കുകയാണ് കവി.

അല്ലഫല്‍ അലിഫ് എന്നതിലെ അല്‍ അലിഫിനെ കുറിച്ചു തന്നെ നടന്നിട്ടുണ്ട്. അതിഗഹനമായ ചര്‍ച്ചകള്‍. വ്യാഖ്യാന വീക്ഷണങ്ങളുടെ ചെപ്പുതുറന്നു കൊണ്ടാണു നാന്ദി തന്നെ. അറബി അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷര ചിഹ്നമായ അലിഫ് ദുര്‍ബലമാണെന്നാണ് ഭാഷാ ന്യായം. കാരണം അകാരത്തിനു അടിക്കനം കുറവാണ്. അനാദം മുഴക്കുമ്പോള്‍ നാവീനുമില്ല വിന തീരെ. കവി തന്റെ ദുര്‍ബലത വെളിപ്പെടുത്തുകയാണ് തുടക്കത്തില്‍. പ്രേമവിവശതയുടെ അവശതയാണ് ആത്മാവിനിവിടെ. എന്നാല്‍ ഞാന്‍ എന്നതിന്റെ അറബിയായ അനയെയാണ് അലിഫ് പ്രതിനിധാനം ചെയ്യുന്നത് എന്നും പറയുന്നുണ്ട്.





പാശ്ചാത്യ സാഹിത്യങ്ങളില്‍ പോലും അല്ലഫല്‍ അലിഫ് ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. മുഹമ്മദ് അസദിന്റെ നിരീക്ഷണത്തില്‍ അലിഫ് അല്ലാഹുവിനെയാണ് ഉന്നയിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സമാനമായ ആഖ്യാന ശൈലികളുമായി തുലനം ചെയ്തു കൊണ്ട് സുദീര്‍ഘം സംസാരിക്കുന്ന നിരൂപകന്‍ തിരുകടലിന് മുന്‍പില്‍ അന്തിച്ച് നിന്ന് പോയതിലെന്തല്‍ഭുതം. അല്ലാഹുവിന്റെ അനാവിഷ്‌കൃത സത്യവും നബി തിരുമേനി (സ) യും മാത്രമുണ്ടായിരുന്ന ഒരു ഘട്ടത്തിലേക്ക് അലിഫില്‍ സൂചനയുണ്ട്. നൂറുമുഹമ്മദിന്‍ എന്ന പ്രപഞ്ചനാന്ദിയാണ് ആ അലിഫ് എന്നും പറയപ്പെടുന്നു. അനാദിയായ അഹദോന്‍ ആദ്യം എന്ന ആശയത്തെ (മഅ്‌ന) സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ തിരുപ്രകാശത്തിനു സാക്ഷാല്‍ക്കാരം നല്‍കിയിരുന്നു. 

പൊരുളുകളുടെ ചുരുളുകള്‍ അനന്തമാവുകയാണ് അലിഫില്‍. തിരുകീര്‍ത്തനം അല്ലാഹു തന്നെ തുടങ്ങിയതാണെന്ന വീക്ഷണമാണ് തിരുമഹത്വത്തിനോട് നീതിയാവുന്നത് എന്ന് അനുമാനിക്കാവുന്നതാണ്. 





ഈ വരി കുറിക്കുന്ന കവിയുടെ ശോഭയാര്‍ന്ന ഭാവം, കരഞ്ഞു കലങ്ങിയ ഉള്ളകങ്ങള്‍, മദീനാവിഭാവനത്തിന്റെ നെഞ്ചിലെ നിറവ്, എഴുതുന്നതിന്റെ പരിസരപശ്ചാത്തലങ്ങള്‍ തുടങ്ങഇയവ കൂടി ചേര്‍ത്തോര്‍ത്ത് വായിക്കുമ്പോള്‍ അറിയാതെ നുണയാം കണ്ണീരിന്റെ ഉപ്പിച്ച ആശിഖിന്. അലിഫു കൊണ്ട് പടച്ചവനെ വരഞ്ഞിട്ട മലയാളത്തിന്റെ മോയിന്‍കുട്ടി വൈദ്യര്‍ക്കും ഓര്‍മ്മയുടെ പുണ്യത്തില്‍ പങ്കുണ്ട്. യശശരീരന്‍ പാടി,


അഹദത്തിലെ അലിഫിലാം അകമിയം


അലീഫക്ഷരപ്പൊരുള്‍ ബിസ്മില്ലാഹ്...


നേരിന്റെ നിരയില്‍ അലിഫിന്റെ പൊരുള്‍ ചിറകേറിപ്പറക്കുകയാണ്. അലിഫ് പരിശുദ്ധിയുടെ പരിശുദ്ധിയാണ്. മായം ചേര്‍ന്ന് തന്മയത്വം നശിച്ച സ്വരമല്ലയത്.

എന്തിലേക്കുമാക്കാന്‍ ഇലാസ്തികപ്പാകതയുള്ള തനി രൂപമാണത്. മറ്റു സ്വരങ്ങള്‍ക്കില്ലാത്ത ഈ ആന്തരിക നിര്‍മ്മലതയാണ് കവി സ്വന്തത്തിനെ ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്. അതിനാല്‍ അലിഫ് തിരു സ്‌നേഹത്തിന്റെ മധുപാനം മോന്താന്‍ ഒഴിഞ്ഞുകിടക്കുന്ന തിരുപാത്രമായ കവിഹൃദയത്തെയാണ് കുറിക്കുന്നത് എന്നും പറഞ്ഞവരുണ്ട്. 

അല്ലഫല്‍ അലിഫിലെ പ്രവാഹസരിത്തിനു ഏകമാനമായ തീവ്രതയില്ല. ഗിരിശൃംഖങ്ങളുണ്ട്. വരികള്‍ക്കിടയിലെ വരിയില്‍, ചില ഭാഗങ്ങള്‍ അനുവാചക ഹൃദയങ്ങളിലേക്ക് അഗ്നിബാധപോലെ പടര്‍ന്നു കയറും. അപ്പോള്‍ വായന നിര്‍ത്തി കാറ്റ് കൊള്ളാനിറങ്ങിയാലെ തലയിലെ തല തണുത്ത് വരികയുള്ളൂ.








ആധ്യാത്മിക സംജ്ഞകളായ ജംഅ്, ജംഉല്‍ജംഅ്, ഫര്‍ഖ് തുടങ്ങിയ ഘട്ടങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുന്ന ദിവ്യ പുരുഷന്മാര്‍ക്ക് മാത്രം വഴങ്ങുന്ന ഭാഷയിൽ തസ്വവ്വൂഫിന്റെ രക്തം കലര്‍ത്തി പ്രകീര്‍ത്തനത്തിനു ജീവന്‍പകരുകയാണ് കവി . ആത്മ വിലയനത്തിന്റെ നിമഗ്നതയാണ് ജംഅ്. അഹനിരാസത്തിന്റെ രാവിനു ശേഷം വന്നു ചേരുന്ന തജല്ലിയുദയത്തില്‍ ഉരുകിത്തീരലാണ് പിന്നെ. | തുടക്കത്തില്‍ ഗ്രാഹ്യമായ ആഖ്യാനങ്ങള്‍ക്കു ശേഷം അപ്രാപ്യതയുടെ ജാലകങ്ങള്‍ തുറന്ന് കൊണ്ടാണ് കവി കുതിക്കുന്നത്. ഇലാഹീ പ്രേമത്തില്‍ നിന്നും പ്രവാചകാനുരാഗങ്ങള്‍ മാറിനടന്ന് ചിലപ്പോഴൊക്കെ വ്യാജമായ ഖേദപ്പെടലുകളില്‍ കെട്ടടങ്ങിപ്പോകാറുണ്ട് ചിലരുടെ ആത്മീയത . പക്ഷെ അല്ലഫല്‍ അലിഫിന്റെ ഗോവണി കയറിയാലെത്തുന്ന വിശുദ്ധ സ്‌നാനത്തിന്റെ ആകാശഗംഗയില്‍ ഇരുതിരുപ്പിരിശങ്ങളുടെയും കൈവഴികള്‍ ഏകാത്മാവില്‍ ലയിക്കുന്നത് അനുഭവിക്കാനാകും. ഹൃദയവസന്തത്തിന്റെ സ്ഥിരാവസ്ഥ ദിവ്യ പരിണയത്തിന്റെ പൂന്തോപ്പിലെത്തിക്കുമെന്ന് പറയുന്ന കവി ഉറ്റവരെ ഒറ്റക്കാക്കി ദേശാടനം ചെയ്യാന്‍ വിശ്വാസിയോടാവശ്യപ്പെടുന്നു. സ്വകാര്യമായ താല്‍പര്യങ്ങളില്‍ നിന്നുള്ള മോചനമാണ് ത്യാഗിയുടെ ആദ്യപാഠം. ആത്മചൂഷണത്തിന്റെ ചതിച്ചുഴികള്‍ക്കെതിരെയും കവി ജാഗ്രതനാകുന്നുണ്ട്. മുറബ്ബിയായ ശൈഖിന്റെ ചമയാലങ്കാരവുമായി ഊരിനിറങ്ങുന്ന വ്യാജര്‍ക്കെതിരായ കവിയുടെ രോഷാമര്‍ശത്തിന് കാലഭേദങ്ങളിലും ചൂടാറാത്ത ആദര്‍ശ തീവ്രതയുണ്ട്.






മാസ്റ്റര്‍ ടച്ചിന്റെ മഹനീയത വെളിപ്പെടുന്നത് കവി തിരു മുസ്തഫയെ(സ്വ) കുറിച്ച് മതിപ്പിന്റെയും ഉദിപ്പിന്റെയും കഥകള്‍ നിരത്തുമ്പോഴാണ് .ഇതര പ്രകീര്‍ത്തന കാവ്യങ്ങളിലേതിനെക്കാള്‍ ഉന്നത വിധാനത്തിലാണ് മദീനാനഗരിയെ കുറിച്ചുള്ള കാല്‍പനിക ബിംബങ്ങള്‍ അവതരിപ്പിക്കുന്നത്. റിയലിസത്തിന്റെ കര്‍ശനമായ നിര്‍ണ്ണയങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ റൊമാന്റിസമനുവദിക്കുന്ന ആത്മനിവേദ്യങ്ങളെ പുണരാനും കവിക്ക് കഴിയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ പരിമിതികളില്‍ നിന്നും മദീനാ നഗരിയെ പറിച്ചെടുത്ത് ഹൃദയത്തില്‍ മാറ്റിപണിതു കെട്ടുന്നയനുഭവം മറ്റു പ്രകീര്‍ത്തന ഗാഥകളിലും സാധ്യമാണെങ്കിലും അല്ലഫല്‍ അലീഫ്, സങ്കല്പങ്ങളെ യഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതില്‍ വിജയപൂര്‍ണ്ണിമയിലെത്തിയിട്ടുണ്ട്. ഓരോ മനസ്സിനും അവനവന്റെ ഇശ്ഖിനനുസരിച്ച് ഓരോരോ മദീനയാണ്. അല്ലാതെ കപ്പലില്‍ കയറിയാലും ഒട്ടകത്തിലേറിയാലുമെത്തുന്ന മരുഭൂമിയിലെ ഒരിടമല്ല മദീന ആശിഖിന്. മദീനാ നഗരിയിലെ വ്യാപാരങ്ങള്‍ ഇശ്ഖിന്റെ അത്തറും മധുരവുമാണ്. 


തിരുമേനിപ്പള്ളിയും തിരുസവിധവുമാണ് മനസ്സിലെ നഗരി, അല്ലാതെ ചന്തയും തെരുവുമല്ല. ഈന്തമരങ്ങള്‍ പൂത്തുലഞ്ഞ വിശുദ്ധ താഴ് വാരങ്ങളില്‍ പദവിന്യാസങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ പാദംപതറിയെന്നും നെഞ്ചിടറി ശരീരം വിവശമായെന്നും പറയുന്ന കവിയുടെ പച്ചത്തരം പച്ചവെള്ളം പോലെ സംശുദ്ധമാണ്. ആത്മദീനങ്ങള്‍ക്കുള്ള ചികിത്സാലിയാണ് പുണ്യനബിയെന്ന് അനുഭവത്തില്‍ നിന്നറിഞ്ഞു പറയുന്ന കവി ശരീഅത്തിന്റെ ബലിഷ്ടതയിലൂന്നി നിന്നാണ് ആത്മസായൂജ്യങ്ങള്‍ക്ക് മുമ്പില്‍ ശിരസുനമിക്കാനാവശ്യപ്പെടുന്നത്.




മേഘങ്ങള്‍ തിരുമേനിക്ക് തണലിട്ടതിനെ മരുഭൂമിയില്‍ ആകാശം പണിത സ്വീകരണപ്പന്തലെന്നുപമിച്ച് പറഞ്ഞ കവി കൊച്ചു കൊച്ചു സര്‍ഗകുസൃതികളിലും വിരുതറിയിക്കുന്നുണ്ട്. തിരുദേഹത്തിന് നിഴലുണ്ടാവില്ലെന്ന കവിയോക്തിക്ക് ഇക്കാലത്തെചര്‍ച്ചയിലും ഇടവും ഭാഗദേയവുമുണ്ട്. തിരുമേനിയെ പ്രപഞ്ചത്തിലെ ഒരു പ്രകാശപ്പൊട്ടായി ഓമനിച്ച് ചെറുതാക്കുന്നതിനോട് കവിക്ക് യോജിപ്പില്ലെന്നും തോന്നുന്നു. അവിടുന്ന് അന്തര്‍ ലോകത്തിന്റെയും ദൃശ്യപ്രപഞ്ചത്തിന്റെയും സത്താ

സാകല്യമാണെന്നാണ് കവിഭാഷ്യം. നബി തിരുമേനി(സ്വ)യെ ഉള്‍ക്കൊള്ളാന്‍ പാകമായ പുറം നേത്രമോ അകക്കാഴ്ചയോ ഇല്ലാത്തതിനാല്‍ നാമാരും നബി പൂര്‍ണ്ണതയുടെ തുള്ളിക്കപ്പുറം കണ്ടില്ലെന്നതാണ് പ്രാമാണികം. ഇത് അത്യുക്തിയല്ലെന്ന് കവിയും കണ്ടെത്തിയെന്നു മാത്രം. പാപത്തിന്റെ പൂപ്പലും ക്ലാവും കലര്‍ന്നു തുരുമ്പിച്ച് പോയ ഹൃദയത്തിന്റെ സ്‌നാനോപാസനയാണ് ഇശ്ഖുന്നബി(സ്വ). അകന്നിരിക്കുമ്പോഴനുഭവിക്കുന്നഅടുപ്പത്തിന്റെ കടുപ്പം കവിയെ ചിലപ്പോള്‍ ഉന്മത്ത മോഹിതനാക്കുന്നുണ്ട്. പുണ്യമേനി ഹൃദയത്തിന്റെ താഴുകള്‍ പൊട്ടിച്ചുകളഞ്ഞുവെന്ന് പറയുന്നതിന്റെ കാല്‍പനികചാരുത അനുഭവിച്ചവര്‍ക്കുമാത്രമുള്‍ക്കൊള്ളാന്‍ കഴിയുന്ന ആത്മരഹസ്യമാണ്. തന്റെയും തിരുമേനിയുടെയും ഇടയിലുള്ള പ്രണയത്തിന്റെ നൈര്‍മല്യം ചിലപ്പോള്‍ ആത്മഹര്‍ഷത്തിന്റെ മൂര്‍ഛയിലെത്തുന്നു. ആ നിമിഷമുദ്ര ഒരു ബീജമാണെന്നും ചേരുവകളില്ലാത്ത സ്ഫടിക ശുദ്ധമാണെന്നും കവി പറയുന്നു.


ക്ലാസിക് സാഹിത്യത്തിന്റെ പൊതു ഇതിവൃത്തങ്ങളായ ലൈഫ്, ലവ്, ഡത്ത് എന്നിവ പൂര്‍ണ്ണമായും അല്ലഫല്‍ അലിഫിലുണ്ട്. ഉത്തമ സൗഹൃദ ബോധം, ഉദാത്ത സുകൃതബോധം തുടങ്ങിയ അടിസ്ഥാന തലങ്ങളും, ദിവ്യലയനത്തിന്റെ മൂര്‍ത്തരൂപങ്ങളായ ഫനാഉല്‍ ഫില്ലാഹി (സായൂജ്യം), ബഖാഉന്‍ ബില്ലാഹി (സാരൂപ്യം തുടങ്ങിയ ആധ്യാത്മിക തലവും ഒരു പുറത്തില്‍ തന്നെയാണ് ഒന്നിച്ചു വന്നത്. 







സ്‌നേഹഗാഥകള്‍ ചിലപ്പോള്‍ രചയിതാവിന്റെ ഭാവനയുടെ നിദര്‍ശനമാകും, ചിലപ്പോള്‍ ഭാവനാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണമാവും. പക്ഷേ അപൂര്‍വ്വം ഘട്ടങ്ങളില്‍ മാത്രമേ കാവ്യവും ഗാഥയും രചയിതാവിന്റെ സ്വന്തം ജീവിതാവസ്ഥയുടെ സാക്ഷ്യപത്രമാകാറുള്ളൂ. അല്ലാഹുവന്റെ ഔലിയാക്കളും അബ്ദാലീങ്ങളും എത്തിയയിടത്തെത്തിയത് തിരു സ്‌നേഹം പാതയും പാഥേയവുമൊരുക്കിയപ്പോഴാണെന്ന തിരിച്ചറിവാണ് കവിയെ ആവേശപ്പെടുത്തിയത്. അതിനാല്‍, ജീവിതം കഴുകി വെടിപ്പാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മദീനയിലെത്തി തിരുപാദങ്ങള്‍ തിരുമുദ്രകള്‍വെച്ച മണ്ണില്‍ സ്‌നേഹ മരം നടണം എന്നാണ് കവി പറയുന്നത് .


മിഅ്‌റാജിന്റെ അനവദ്യ സൗന്ദര്യം കവിയെ പഠാദാകര്‍ശിച്ചത് കുറച്ചോറെയാണ്. കവിഹൃദയത്തിലെ നനഞ്ഞു കുതിര്‍ന്ന പച്ചപ്പുല്‍മേടുകള്‍ വിരിഞ്ഞു പടരുന്നത് അവിടെ കാണാം. ആകാശപാതകള്‍ താണ്ടി ബഹ്‌റൂന്നൂറും കടന്ന് ഖാബഖൗസൈനിയോളമായി വളര്‍ന്ന മഹത്വത്തിന്റെ രാജപാതകള്‍ നോക്കി വികാര തരളിതനാകുന്ന കവിയും അറിയാതെ പാറിപ്പറന്നു പോകുന്നുണ്ട് നബിയോടൊപ്പം മിഅ്‌റാജിന്ന്. അല്ലഫല്‍ അലിഫിന്റെ വായന കേട്ടുപറയുന്ന രീതിയില്ല, കണ്ടുപറയുന്നതുമല്ല. പിന്നെ കണ്ടുകൊണ്ടു പറയുന്നതാണ്. അപ്പോള്‍ അനുവാചകനും ചിറകുവിരിയും, മുഹബ്ബത്തിന്റെ മഴ പെയ്ത മരുഭൂമിയില്‍ വിശുദ്ധ നീറ്റലുകളുടെ പച്ചപ്പുകള്‍ പടരും, പിന്നെ അവനും പറക്കും മേഘവീഥികള്‍ താണ്ടിത്തള്ളി.


ഒന്നുറപ്പാണ്, സൂഫി സിദ്ധാന്തത്തിന്റെ സാങ്കേതിക സാങ്കേതങ്ങളറിയാതെ അല്ലഫല്‍ അലിഫിന്റെ നിറം പോലും കാണാനാകില്ല. ഹൃദയം മുറിഞ്ഞവന്റെ സംഗീതമാകയാല്‍ വേദനിച്ചു പരിശീനം നേടാത്തവന്നു കാവ്യത്തിന്റെ അകപ്രവേശവും സാധ്യമല്ല. ഖുര്‍ആനും സുന്നത്തും തൗഹീദുമൊക്കെത്തന്നെയാണ് ഇതിവൃത്തത്തിന്റെ നാഡീ ഞരമ്പുകളെങ്കിലും കവിതയുടെ രക്തവും ജീവനും ആശിഖിന്റെ മൗനവും ബോധനവും വെളിപാടുമാണ്, അനുവാചകന്‍ പ്രാര്‍ത്ഥിച്ചുണ്ടാക്കിയ നബിക്കുപ്പായത്തിന്റെ കീറക്കഷ്ണമെങ്കിലുമെടുത്ത് ചെന്നാലേ അല്ലഫല്‍ അലിഫിന്റെ ജീവല്‍ സ്പന്ദനമറിയൂ.

അങ്ങനെ നിബന്ധനകളൊത്താല്‍ ഈ കാവ്യ പാരായണം ഉത്സവമാണ്, അക്ഷരങ്ങള്‍ മറന്നുപോയ ചുണ്ടാണെങ്കിലും ഉള്ളിന്റെ ഉരുക്കവും ഊര്‍ജ്ജവുമാണ്. വിശുദ്ധ പൂമാന്റെ കാല്‍ച്ചുവട്ടിലേക്കുള്ള ഇശ്ഖിന്റെ പരശ്ശതം പരിമളസംഘങ്ങളുടെ മിഅ്‌റാജ് യാത്രകളുടെ ആരവമുണരുന്നതിന്റെ പുളകമൃഗ്ദതയാണ്.

കരച്ചിലിന്റെ ബഹ്റൂന്നൂറും താണ്ടി, ദു:ഖമൗനത്തിന്റെ ബൈത്തുല്‍മഅഅമൂറും കടന്ന് ഇശ്ഖിന്റെ ബുറാഖിലേറി നമുക്കുമെത്താം ആത്മരതിമൂര്‍ച്ചയുടെ സിദ്‌റത്തുല്‍ മൂന്‍തഹ:യില്‍. തിരുപാദങ്ങളുടെ കാല്‍ച്ചുവട്ടിലെ ഖാബഖൗസൈനിയിലെത്തി നമുക്കും കരയാം, തുള്ളിത്തുളു

മ്പുന്ന നിറകണ്‍മിഴികളോടെ യാ നബീ...

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us