loader
blog

In Litrature

By Shuaibul Haithami


യുക്തിവേദം : ബുക്ക്ഭുക്ക്

'പ്രസ്താവത്തിൽ' പണ്ടുണ്ടായിരുന്ന നിരീശ്വരവാദികളെ അന്നുണ്ടായിരുന്ന പണ്ഡിതന്മാർ വേണ്ടതുചെയ്ത് ചികിത്സിച്ച ചിന്താരീതികൾ പറഞ്ഞുകൊണ്ടാരംഭിക്കുന്ന "വേദം യുക്തി വാദം " എന്ന ഉസ്താദ് മുസ്തഫൽ ഫൈസിയുടെ 

കൃതി മലയാളത്തിൽ അവ്വിഷയം പറഞ്ഞ കൃതികളുടെ കൃതിയാണ്. നാനൂറാം പേജ് വായനക്കാരനെഴുതാൻ സൗകര്യത്തിന് എഴുതാതെ വിട്ട ഗ്രന്ഥകാരൻ അതുവരെ അധികവും പറഞ്ഞുതന്നും ചിലപ്പോൾ പറഞ്ഞുപോയും ചിലയിടങ്ങളിലേക്ക് പോയി പറഞ്ഞും നിറഞ്ഞുനിൽക്കുന്ന പുസ്തകമാണത്.ഓരോ പ്രസ്താവനയിലും ഗ്രന്ഥകൃത്ത് , കൃതഹസ്തനായ മുസ്തഫൽ ഫൈസിയുടെ സ്വതസിദ്ധമായ ടച്ച് ശബ്ദിക്കുമ്പോൾ പ്രതിപാദിക്കപ്പെടുന്ന മഹാവിഷയങ്ങൾ അവയുടെ സങ്കീർണ്ണമായ ജാഢകൾ ലംഘിച്ച് സാദാവിഷയങ്ങളായി ഞാനിത്രയേ ഉള്ളൂ എന്ന് വായനക്കാരനോട് പറയുന്നുണ്ടാവും. ഒരോ ഉപശീർഷകവും അടുത്തതിനവസരമേകി പിൻവലിയുമ്പോൾ ഉളവാകുന്ന ഈ ലാളിത്യം തന്നെയാണ് കൃതിയുടെ ആകെത്തുകയായ ഗൗരവം പണിതത്. അക്കാദമിക വ്യവഹാരങ്ങൾ അർഹിക്കുന്ന സാങ്കേതിക വിശേഷങ്ങൾ ഒരുപരിധിയോളം നൽകാൻ രചനക്ക് സാധിച്ചിട്ടുമുണ്ട്. 1985 - 2000 കാലയളവിൽ യുക്തിവാദ മണ്ഡലങ്ങളിൽ അരങ്ങേറിയ ഇസ്ലാം ഭജ്ഞനങ്ങളെ അക്കാലത്തിന്റെ ഭാഷയും മട്ടുമണിഞ്ഞ് ഖണ്ഡിക്കുമ്പോൾ പുതിയതലമുറക്ക് വായിച്ച് ശീലമില്ലാത്ത മുനയും മൂർച്ചയും ഗ്രഹണപഥത്തിൽ തടയും .അക്കാലത്ത് വീശിപ്പോയിട്ടും ഇക്കാലത്തും കാറ്റ് ബാക്കിയാവുന്നത്ര പ്രത്യുൽപ്പന്നരമാണ് ഗ്രന്ഥകാരന്റെ വിശകലന പാടവം എന്ന് നിർവ്യാജം ബോധ്യമാവുമ്പോഴാണ് നാനൂറാം പേജിലെത്തുക.

 അതിനിടയിൽ അടുക്കിവെച്ച പാഠങ്ങുടെ തർതീബിനെ കുറിച്ച് ഒരിട വേണ്ടാത്തത് തോന്നിയേക്കാം.

ക്രമീകരണ ഘടനയാണ് ഏറ്റവും ശക്തമായ സാഹിത്യസിദ്ധി എന്ന് പറയപ്പെടാറുണ്ട്. ഏറ്റവും മികച്ച സാഹിത്യകൃതി ഏറ്റവും ബൃഹത്തായ നിഘണ്ടുവും. ഈ പുസ്തകം പരികൽപ്പിച്ച മുൻഗണനാക്രമം അതിന്റെ സമാപനത്തിലെത്തുമ്പോഴേക്ക് നാലറ്റം കോർത്ത് ഉള്ളുള്ള പുസ്തകമായി രൂപാന്തരപ്പെടുകയാണ്. ആ മനോരൂപീകരണം നടക്കുമ്പോൾ വായനക്കാരനുണ്ടാവുന്ന അസ്വസ്ഥത തന്റെ ആത്മാർത്ഥയെ ആശ്രയിച്ച് നിൽക്കുന്നു.ഇതേ പ്രക്രിയ പുസ്തകത്തിന്റെ നാമകരണത്തിന്റെ കാര്യത്തിലും ഉണ്ടാവാം. ഒടുവിൽ , ഇതല്ലാത്ത മറ്റൊരു പേര് ഇതിനിട്ടിരുന്നുവെങ്കിൽ പുരക്ക് പറമ്പിന്റെ പേരെന്ന പോലെ ഫ്ലോപ്പായേനെ എന്നും ബോധ്യമാവും.

യുക്തിവിരുദ്ധ യുക്തിവാദം , ഖുർആൻ ഒരു വിമർശന പഠനം , യുക്തിവാദി മാസിക , ഖുർആനിൽ എല്ലാമെല്ലാം , ഡോകിൺസിന്റെ ലോകം , ഡോകിൺസ് ഡില്യൂഷൻ , യുക്തിദർശനം ,പെറുക്കിപ്പൊട്ടിക്കൽ , ചോദ്യോത്തരങ്ങൾ , ഇനി ഇവർ പറയട്ടെ മറുപടി എന്നിങ്ങനെ അധികം ഭംഗിയില്ലാതെ പറഞ്ഞുവെച്ച തലക്കെട്ടുകളും അവയവങ്ങളുമാണ് പുസ്തകത്തിന്റെ ഉടൽ. ശീർഷകമൊരുക്കുന്ന കാര്യത്തിൽ ഗ്രന്ഥകാരൻ അവലംബിക്കുന്ന അറബികിതാബുകളുടെ ശൈലിയുടെ സ്വാധീനം കാണാം.ഫൽസഫയുടെ ക്ലാസിക് രചനകളിലും അഖീദയുടെ ആധുനിക രചനകളിലും ഉള്ളടക്കം ഇഴചേർന്ന് പിരിഞ്ഞ വർത്തമാനങ്ങളാണ്. അതിനെ കുറിക്കുന്ന ഒരടിസ്ഥാനവാക്യം ശീർഷകമായുണ്ടാവും. കോർത്ത് വെച്ച ഭംഗിവാക്കുകളായിരിക്കില്ല തലക്കെട്ടുകൾ.അല്ലാമാ മുസ്ത്വഫാ സബ്രിയുടെ മൗഖിഫുൽ അഖ്ൽ ഒക്കെപ്പോലെ.


സംക്ഷിപ്തയാണ് ഇതിൽ പറയേണ്ടുന്ന ഒന്ന്. യുക്തിവിരുദ്ധ യുക്തിവാദം എന്ന ശീർഷകത്തിന് ചുവട്ടിൽ യുക്തിവാദികള ലളിതമായി വിലയിരുത്തിക്കൊണ്ട് ഇങ്ങനെ കാണാം , " യുക്തി ഈ വാദങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.യുക്തിയെ സ്വതന്ത്രമാക്കുകയല്ല " . സത്യത്തിൽ കാര്യം അവിടെ തീർന്നിട്ടുണ്ട്. ബാക്കിഭാഗം രചനാപരമായ നാട്ടുനടപ്പ് നടന്ന് പൂർത്തീകരിച്ചെന്ന് മാത്രം. വ്യംഗന്തരേണയും ഭംഗ്യന്തരേണയും വാക്കുകളുടെ കഷ്ണങ്ങൾ കോർത്ത് നർമ്മങ്ങളിലൂടെ മർമ്മം പറയാനുള്ള നടേപ്പറഞ്ഞ ടച്ച് മറക്കാൻ വിടാതെ ആവർത്തിക്കുന്നുണ്ട് , നാട്ടുഭാഷയുടെ ലാളിത്യം വിടാതെ തന്നെ.നേരത്തെ പലരും ചർച്ച ചെയ്ത ഭാഗങ്ങൾ തന്നെ പറയുമ്പോഴും വിശേഷിച്ചെന്തെങ്കിലും കിട്ടാത്ത ഭാഗങ്ങൾ പുസ്തകത്തിൽ കിട്ടാനില്ല.





മനുഷ്യന്റെ നിസ്സാരതയെ തൊട്ടുണർത്താൻ ഭൂമിയിൽ തന്നെയുള്ള ബർമുഡ ട്രയാങ്കിൾ , നവാദാ ട്രയാങ്കിൾ തുടങ്ങിയ നിഗൂഢതകൾ മുന്നോട്ട് വെക്കുന്ന പുസ്തകം അഹംഭാവത്തെ കോറിയിട്ടേ കടന്ന് പോവുന്നുള്ളു. 


മതം വിപരീതം പൊതുബോധം എന്ന ദ്വന്ദത്തിന്റെ കാലമാണിത്. പൊതുബോധത്തിനൊത്ത് മതത്തെയും തിരിച്ചും പാകപ്പെടുത്തുന്നതിന്റെ ജനാധിപത്യാവകാശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണിപ്പോൾ. അതിനിടെ , യുക്തിവാദത്തെ പൊതുബോധത്തിനെതിരാക്കി മതമാണ് പൊതുബോധം എന്നുവരുത്തുന്നുണ്ട് പുസ്തകം, 'ഒന്നോ രണ്ടോ പേരുടെ യുക്തികൾ ചേർന്നാൽ പൊതുവേ സദാചാരം നിർവ്വചിക്കാനാനില്ല . ഒരുവേള എല്ലാവരും ഒന്നിച്ച് പറയുന്നതാണ് സദാചാരം , ഇതിന്റെ കൂട്ടായ്മയാണ് ജനാധിപത്യം അല്ലെങ്കിൽ മതം. യഥാർത്ഥ മതം ഒരാൾ മാത്രം പറയുന്നതാവില്ല. ജനങ്ങൾ വിശ്വസിച്ചത് പോലെ വിശ്വസിക്കണം (അൽബഖറ :13) എന്നും മറ്റും ഖുർആൻ നിർദേശിച്ചത് ഈ നിലക്കാണ് '. 

സ്ത്രീ - പുരുഷ സന്തുലിത്വമാണ് പ്രകൃതിനീതി എന്ന ചർച്ചയിൽ "സ്ത്രീ കൃഷിയിടമാണ് " എന്ന പ്രമാദമായ മതോക്തിയുടെ ആശയശക്തി സമർത്ഥിക്കുവേ ഇങ്ങനെ കാണാം , " നിയമവിരുദ്ധമായി ഒന്നും ചെയ്യുകയോ അനുവദിക്കുകയോ വേണ്ട ,നെല്ലുണ്ടാക്കാൻ ഞാറ് തലമാറ്റി കുത്തുകയോ തെങ്ങുണ്ടാക്കാൻ തൈ കമിഴ്ത്തി കുത്തുകയോ ചെയ്താൽ നെല്ലും തെങ്ങുമുണ്ടാക്കാനുള്ള ഉത്തരവാദിത്വം ഭൂമിക്കില്ലല്ലോ ". കഴിഞ്ഞു കാര്യം .

അനന്തരാവകാശവുമായി ബന്ധപ്പെട്ട് കൊണ്ടാവും ഒരുപക്ഷേ ഖുർആൻ പ്രത്യക്ഷത്തിൽ ഏറ്റവും കഴമ്പുണ്ടെന്ന് തോന്നിക്കുന്ന വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടാവുക.സ്ത്രീ - പുരുഷാവകാശത്തിന്റെ അനുപാത വ്യത്യാസങ്ങൾ , 

പിതാമഹനും പൗത്രനുമിടയിലെ അർഹാർഹതകൾ ,വിശുദ്ധ ഖുർആനിലെ ഹാര്യവും ഹാരകവും തുടങ്ങിയ ഭാഗങ്ങൾ അവതരിപ്പിക്കുമ്പോൾ രചന കാണിച്ച സൂക്ഷ്മതയും കൃത്യതയും മറ്റുമലയാള ഭേദങ്ങളെ അപേക്ഷിച്ച് എടുത്ത് പറയേണ്ടത് തന്നെയാണ്.

തുടക്കം കുറിച്ചത് ഇസ്ലാമല്ലാതിരുന്നിട്ടും അടിമത്തം നിരോധിക്കേണ്ട ബാധ്യത ; അക്കാലത്തെ അടിമത്ത സമ്പ്രദായം എന്തായിരുന്നുവെന്നറിയാതെ ഇസ്ലാമിന് മേൽ ചുമത്തുന്ന രീതി വിശകലനം ചെയ്യവേ , പരമ സ്വതന്ത്രരെന്ന് കരുതുന്ന ആധുനികർ കോർപറേറ്റ് ഭീമന്മാരുടെ ദാസ്യം പേറുന്ന അടിമത്തത്തെ കുറിച്ച് ഗ്രന്ഥം നിരീക്ഷിച്ചത് ശ്രദ്ധേയമായി, 

" ഒരുവേള പറഞ്ഞാൽ സ്വാതന്ത്ര്യം പണത്തിന് വേണ്ടി പണയപ്പെടുത്തി 'അടിമത്തം ' സ്വീകരിച്ച വലിയ താരനേതാക്കളെ ലോകത്തിന്നു കാണാം. ഇത് ലോകം അംഗീകരിച്ച് കഴിഞ്ഞു. വലിയ ക്ലബ്ബുകൾ ഉയർന്ന വിലക്ക് കളിക്കാരെ വർഷങ്ങളോളം അടിമകളാക്കി ക്ലബ്ബ് വിടാൻ അനുവദിക്കാത്ത അവസ്ഥയല്ലേ ഇന്നുള്ളത് " . പുസ്തകം ചൂണ്ടിക്കാണിച്ച ഈ ഭാഗം തന്നെയായിരുന്നു ഇസ്ലാമിക വ്യവഹാരങ്ങളിൽ വിവിധ വിമോചന യജ്ഞങ്ങൾക്ക് പിറകേയും ബാക്കിയായിപ്പോയ അടിമകളുടെ കാര്യത്തിലെയും ശരി. കളിക്കാരോട് ക്ലബ്ബ് അധികൃതർ " നിങ്ങൾക്ക് ഏത് ക്ലബ്ബുകൾക്ക് വേണ്ടിയും കളിക്കാം , നിങ്ങൾ സ്വതന്ത്ര കളിക്കാരാണ് " എന്ന് പറഞ്ഞുവിട്ടാൽ ഫുട്ബോൾ ടീമുണ്ടാവുമോ ,ലീഗുണ്ടാവുമോ ?

അടിമകളെ ഒന്നടങ്കം ഒറ്റയടിച്ച് സ്വതന്ത്രരാക്കിയിരുന്നുവെങ്കിൽ അവരെല്ലാം ഒന്നിച്ച് അടിമത്തം പുന:സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്തേനെ . ലോക ചരിത്രത്തിൽ അധിനുമുണ്ടായിട്ടുണ്ട് ഉദാഹരണങ്ങൾ .


ഡിജിറ്റൽ മാൻ എന്ന ആധുനിക സങ്കൽപ്പത്തെ മതപശ്ചാത്തലത്തിൽ നിന്ന് കൊണ്ട് നടത്തുന്ന അപഗ്രഥനം സൂക്ഷ്മവും അനിതരുവുമാണ്. പരലോക പുനരുത്ഥാനം മുതൽക്കിങ്ങോട്ട് മഹാത്മാക്കളുടെ ലോകത്തെ " അബ്ദാൽ " സങ്കൽപ്പം വരെ ഭംഗിയിൽ സാധുകരിക്കപ്പെടുന്ന ഭാഗം വായനയുടെ നവ്യാനുഭവമായിരിക്കും .



ഹൈന്ദവത മുന്നോട്ട് വെക്കുന്ന "പുനർജന്മ " സങ്കൽപ്പത്തോട് സാമ്യമല്ലാതെ , ഒരാത്മാവിന് വ്യത്യസ്ത കാലസന്ധിയിൽ വ്യത്യസ്ത മനുഷ്യശാരീരികാവസ്ഥകൾ ചില സൂഫികളുടെ അഭിപ്രായത്തിൽ ഉണ്ടാവാം എന്ന നിരീക്ഷണം വഴി ഈ കൃതി പുതിയൊരു സംവാദ പരിസരം സൃഷ്ടിച്ചിരിക്കുയാണ്.

എന്നാൽ ഒരാത്മാവും അതിന്റെ കൂടായ ഏക ശരീരവും ഒന്നിലേറെ തവണ ജനിക്കാം എന്ന പ്രകടമായ കാര്യമല്ല അപ്പറഞ്ഞ സാധ്യത.

ദൈവിക ശിക്ഷയുടെ യുക്തി , യുക്തി കൂടി അടിസ്ഥാനപ്പെടുത്തി വ്യാഖ്യാനിച്ചതാവാം ഗ്രന്ഥകൃത്ത്. 



ജെയിംസ് വെബ് ടെലസ്ക്കോപ്പ് പ്രപഞ്ചോൽപ്പത്തിയെ കുറിക്കുന്ന സൂചനകൾ ശേഖരിച്ച് തുടങ്ങുന്നുവെന്ന വാർത്തകളുടെ കാലത്താണ് ഈ കൃതി പുറത്തിറങ്ങിയത്. "ഖുർആനും ശാസ്ത്രവും " സംസാരിക്കുന്ന ഭാഗം

 " ഭൗതികമായി കണ്ടെത്തപ്പെട്ട ശേഷം ഖുർആനിൽ നേരത്തെ വന്നതാണ് " എന്ന വർത്തമാനത്തെ വൃത്തിയിൽ വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത് , അന്യഗ്രഹ ജീവികളുടെ അസ്തിത്വ സാധ്യതകൾക്ക് വിശുദ്ധ ഖുർആൻ നൽകുന്ന സാധൂകരണങ്ങൾ തന്നെ . 

വിഷയങ്ങളിൽ നിന്നും വിഷയങ്ങളിലേക്ക് ചാടിക്കളിക്കുന്ന രചന വായനയുടെ ഏകധാനത അനുവദിക്കാതെ വിവിധതരം അഭിരുചികളെ ഉണർത്തിക്കൊണ്ടേയിരിക്കും. 

" ജീവലോകത്തെ മഹാൽഭുതം " എന്ന ശീർഷകത്തിന് ചുവട്ടിൽ ഗഹനവും കൗതുകകരവുമായ വിജ്ഞാനങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. തൻത്വാവിയുടെ തഫ്സീറുൽ ജവാഹിർ , ദമീരിയുടെ ഹയാതുൽ ഹയവാൻ തുടങ്ങിയ അവലംബങ്ങളെ ഉപജീവിച്ച് വിന്യസിക്കപ്പെട്ട അറിവുകൾ വിസ്മയാവഹം തന്നെ. പ്രത്യേകിച്ച് ,ഹയാതുൽ ഹയവാൻ ആധുനിക ജന്തുശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഗഹനമായ പുന:വായനക്ക് വിധേയമാവേണ്ടതാണെന്ന ബോധവും അപ്പോഴുണരാം . 

വിശുദ്ധ ഖുർആനിന്റെ അമാനുശികതയിൽ സന്ദേഹമുന്നയിച്ചവരോടുള്ള അല്ലാഹുവിന്റെ "വെല്ലുവിളി " യിൽ തുല്യത എങ്ങനെ , ആര് തീരുമാനിക്കുമെന്ന പരിഹാസത്തിന്റെ അപഹാസ്യത അനാവരണം ചെയ്ത് കൊണ്ട് ഗ്രന്ഥകാരൻ നടത്തിയ നിരീക്ഷണം മലയാളത്തിൽ വേറെവിടെയും കണ്ടിട്ടിലാത്ത വിധം കൃത്യമാണ്.

" ഇവിടെ തുല്യത തീരുമാനിക്കുന്നതെങ്ങനെ?ഖുർആൻ ദൈവിക ഗ്രന്ഥവും അത് കൊണ്ടുവന്നത് ദൈവിക പ്രവാചകനുമാണ്.മേൽക്കാരം സംശയം ജനിപ്പിക്കുന്നത് അത്പോലൊരു ദൈവിക പ്രവാചകൻ കൊണ്ടുവന്നൊരു ദൈവക വേദത്തിലാവണം".അപ്പോൾപ്പിന്നെ ആ വെല്ലുവിളിയെ അതിന്റെ സാഹിത്യഭംഗിയിലാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ആക്ഷേപഹാസ്യമാവാമത്. ഇതോർക്കാതെ ഒരുഭാഗത്ത് വിശുദ്ധ ഖുർആനും മറുഭാഗത്ത് ലോക ക്ലാസിക്കുകളും വെച്ച് താരതമ്യം ചെയ്ത് ഖുർആനിനെ "നൂലിന് " ജയിപ്പിച്ചെടുക്കുന്നവർ ഈ ഭാഗം വായിക്കേണ്ടത് തന്നെ.



സൂഫിസം മുന്നോട്ട് വെക്കുന്ന ഇലാഹീ വിലയനത്തിന്റെ മർമ്മമായ വഹ്ദതുൽ വുജൂദിനെതിരായ പ്രധാന വിമർശനം അത് ശ്രീ ശങ്കരന്റെ അദ്വയ്ത ദർശനം തന്നെയാണെന്നും സമാനമായി ബഹുദൈവത്വവാദമാണെന്നതുമാണ്.പ്രത്യക്ഷത്തിൽ തോന്നുന്ന സാധർമ്മ്യത്തിനപ്പുറം അവരണ്ടും പൂർണ്ണമായും പരസ്പര വിപരീതങ്ങളായ ആശയങ്ങളാണെന്ന് വിശ്വവിജ്ഞാനകോശവും ഹദീസുകളും മുന്നിർത്തി സംസാരിക്കുന്ന ഭാഗവും വിലപ്പെട്ടതാണ്.ഇസ്ലാമിലെ ബഹുസ്വരതയുടെ ഉദാഹരണമാണ് കേമമായ മറ്റൊന്ന്. " ഈസ, മൂസ(അ) തുടങ്ങിയവർ പ്രവാചകരെന്ന് മുസ്ലിംകൾ വിശ്വസിക്കുറുണ്ട്. ശ്രീരാമൻ ,ശ്രീ കൃഷ്ണൻ തുടങ്ങിയവർ പ്രവാചകരോ മറ്റോ അല്ലെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നുമില്ല.അതേസമയം ഇപ്പറയപ്പെട്ടവരുടെ അനുയായികൾ പലരും ഇസ്ലാമിനെയും അതിന്റെ അന്ത്യപ്രവാചകനെയും വിശ്വസിക്കുന്നില്ല; എന്നുവേണ്ട തള്ളിപ്പറയുന്നു".മറ്റേത് പ്രത്യയശാസ്ത്രത്തേക്കാൾ ഉൾക്കൊള്ളലിന്റെ തത്വശാസ്ത്രം ഇസ്ലാമാണെന്ന് മനോഹരമായി പറയുകയായിരുന്നു.

പുനർജീവനത്തെ സംബന്ധിച്ച ചർച്ച കൂടുതൽ അന്വേഷണങ്ങൾ ആവശ്യപ്പെടുന്നുണ്ട് , എങ്കിലും പറഞ്ഞുതീർത്തതിൽ വ്യക്തതക്കുറവില്ല താനും.

ചോദ്യോത്തരങ്ങൾ എന്ന ഭാഗത്ത് 28 തലയെടുപുള്ള പ്രമേയങ്ങളിലൂടെയാണ് കൃതി സഞ്ചരിക്കുന്നത്. ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കലാശക്കൊട്ട് എന്ന് വിശേഷിപ്പിക്കാവുന്ന അവിടെ കഴിഞ്ഞ പത്ത്നാൽപ്പത് വർഷങ്ങളിലെ മലയാളത്തിലെ ഇസ്ലാം വിമർശനങ്ങളുടെ നാൾവഴികൾ കൂടി പരോക്ഷമായി നിഴലിക്കുന്നുണ്ട്. നിശ്ചലത ഒരു ചലതമാണെന്നതാണ് അവരുടെ കാര്യത്തിലെ ശരി. കൂട്ടത്തിൽ " ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" എന്ന ഭാഗത്തെ ചില  

" ഓപറേഷനുകൾ" കാണുമ്പോഴാണ് " എന്ത്കൊണ്ട് മുസ്തഫൽ ഫൈസി " എന്നതിനുത്തരമാവുന്നത്. "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല " എന്ന ശ്രീ ജോസഫ് ഇടമുറുകിന്റെ കൃതിയെ ഉദ്ധരിച്ച് കൊണ്ട് സി രവിചന്ദ്രൻ അദ്ദേഹത്തിന്റെ "നാസ്തികനായ ദൈവം" എന്ന പുസ്തകത്തിൽ അവരടക്കം ചരിത്രത്തിലെ മതാചാര്യന്മാരെല്ലാം കെട്ടുകഥകളാണെന്ന ആശയം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. യേശു കേവലം സങ്കൽപ്പമാണെന്ന് വരുത്തുന്ന അതേ രവിചന്ദ്രൻ അതേ പുസ്തകത്തിന്റെ തുടക്കത്തിലും മറ്റൊരിടത്തും തന്റെ ജനനം 1970 ലാണെന്നും തന്റെ ആചാര്യൻ റിച്ചാർഡ്‌ ഡോകിൺസിന്റേത് 1941 ലാണെന്നും എഴുതുന്നുണ്ട്. 1970, 1941 എന്നീ രണ്ട് വർഷങ്ങൾ എന്നുമുതലാണ് കാലഘടനയുടെ ഭാഗമായതെന്ന ഗ്രന്ഥകർത്താവിന്റെ ചോദ്യത്തിന് അവർ തള്ളിയ ചരിത്രത്തേക്കാൾ ദുർബലമായ ചരിത്രം കൊണ്ടല്ലാതെ രവിചന്ദ്രന് സ്വബോധത്തിൽ മറുപടി പറയാനാവില്ല. ക്രിസ്തുവിനെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ " കാലത്തിന്റെ ഗണന " എന്ന് വിശേഷിപ്പിച്ചത് കൂടി ഉണർത്തുമ്പോൾ മറുപടി സമ്പൂർണ്ണമാവുകയാണ്.

ലോക ശ്രദ്ധ നേടിയ പ്രതിഭാവിലാസങ്ങൾ അവർക്ക് ശരിയാണെന്ന് ബോധ്യപ്പെട്ട ഇസ്ലാമിനെ കുറിച്ച് സംസാരിച്ചതിന് പുന: ശബ്ദമേകാനുള്ള ശ്രമമാണ് അടുത്ത ഭാഗങ്ങൾ . അവർ പറഞ്ഞു പോയ കാര്യങ്ങൾ വായനാവർത്തനമായിരിക്കാം. പക്ഷെ, അത് വരെ പറഞ്ഞ് ജയിച്ച ഇസ്ലാമിനെ ലോകം ജയിച്ചവർ നേരത്തെ കണ്ടെത്തിയിരുന്നു എന്ന ഫീലാണ് മൊത്തത്തിലുണ്ടാവുക. മാത്രമല്ല, പിന്നീടൊരിക്കൽ അവരുടെ പേരുകളും ഉദ്ധരിണികളും വേണ്ടി വരാവുന്ന പഠിതാക്കൾക്ക് ക്ഷിപ്രപ്രാപ്യത ഒരുക്കാനായി എന്നയർത്ഥത്തിലും ആ ശ്രമം വ്യഥാവിലല്ല.

അവസാന ഭാഗം വിഷയാടന മധ്യേ സൂചിപ്പിക്കപ്പെട്ട രേഖകളുടെ കൊളാഷാണ്. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർക്ക് മുതൽക്കൂട്ടാണവ .അപൂർവ്വം ശേഖരം എന്ന് പറഞ്ഞാൽ അതിശയോക്തി അല്ലെന്ന് തന്നെ പറയാം. ഹദീസിലെ ഈച്ചച്ചിറക് വിവാദം , പനിക്ക് ജലപാനചികിത്സ തുടങ്ങിയവയെ മെഡിക്കൽ സയൻസ് ശരിവെക്കുന്ന കടലാസ് ചിത്രങ്ങൾ എടുത്തുപറയേണ്ടതാണ്.




വേദം യുക്തി വാദം എന്ന പുസ്തകത്തിന്റെ ഉള്ളടക്കങ്ങൾക്കും പ്രമേയങ്ങൾക്കും യോചിച്ച ഭാഷാശൈലിയാണ് ഉടനീളം പ്രയോഗിക്കപ്പെട്ടത്. മൗനവും ഓർമ്മയുമല്ല , ശബ്ദവും ആലോചനയുമാണ് വാക്യങ്ങളോരോന്നും. മലയാള ഭാഷാ നിയമങ്ങൾക്ക് തന്റേതായ ശൈലി കൂടി ചാലിച്ചത് വായനയെ സരളമാക്കുന്നു. പ്രൂഫ് റീഡ് നൂറിൽ തൊണ്ണൂറ്റഞ്ചാണ്. മതമേഖലയിലേക്ക് ചേർക്കപ്പെടുന്ന അധിക മെഴുത്തുകാരും പാലിക്കാത്ത ചിഹ്നങ്ങളുടെ ഔചിത്യം ഭംഗിയായി പാലിക്കപ്പെട്ടിരിക്കുന്നു. കുറുക്കിക്കറന്നെടുക്കുന്ന മലയാളമാണ് മാറ്റ് .ഒരിടം കാണിച്ച് നിർത്താം. പേജ് 318 ൽ ഹിജാബിന്റെ ചർച്ച തുടരുകയാണ്.

" അതിനാൽ കൂടുതൽ 'ഹിജാബ്' പാലിക്കേണ്ടത് സ്ത്രീ തന്നെ. സ്ത്രക്ക് വേണ്ടി പുരുഷൻ 'ഹിജാബ് 'ധരിക്കുന്നത് ബുദ്ധിയല്ലല്ലോ . സ്ത്രീ തനിക്ക് വേണ്ടി ; പുരുഷനും തഥൈവ .

പറഞ്ഞില്ലേ ; പൈസക്കുള്ള പുസ്തകമാണതെന്ന് . വായിക്കാം , സൂക്ഷിക്കാം.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us