loader
blog

In Prophetic

By Shuaibul Haithami


നടുക്ക് നബിയെ വെച്ചൊഴുകുന്ന കാലം : കാലാതിവർത്തിത്വത്തിൻ്റെ നബിത്വം.


പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ ജീവിതകാലം ക്രിസ്താബ്ദം 570 ഏപ്രിൽ 22 തിങ്കൾ - 632 ജൂൺ 8 തിങ്കൾ വരെയാണ്.

പക്ഷെ ,അതിന് മുമ്പും ശേഷവും വ്യക്തിത്വം നിലനിൽക്കുന്നു. കാലപ്രവാഹത്തിൻ്റെ ആദ്യമധ്യാന്തങ്ങളുടെ മുദ്രയാണ് പ്രവാചകൻ ജീവിച്ച ആറ് പതാറ്റാണ്ടുകൾ.ചന്ദ്രവർഷ പ്രകാരം തിരുപ്പിറവി സംഭവിച്ചതാവാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ട മാസമാണിത്. 

 







ഒന്ന്:







ഒരു മുറിയിൽ വിളക്ക് വെക്കുമ്പോൾ ഒത്തനടുവിലാവുമ്പോഴേ വെളിച്ചം ഒരുപോലാകൂ .ഭൂമിയാണിവിടെ മുറി .

നബിയാണാ ദീപം . ഹിജാസാണാ മധ്യം .

അന്നത്തെ ലോകനാഗരികതകൾ പോക്കുവരവുകൾ നടത്തുന്ന പൊതുവിടം ഹിജാസായിരുന്നു .കരയിലൂടെ മെസപ്പെട്ടോമിയയിലേക്ക് - പേർഷ്യയിലേക്ക് പോവാം ,സിറിയലെത്താം ,കരയും കടലും വഴി ഈജിപ്തിലണയം ,അബ്സീനിയയിലെത്താം .

കടലിലൂടെ ഇന്ത്യയിലെത്താം ,സിൽക്ക് റൂട്ടിലൂടെ ചൈനയിലുമെത്താം .ഏഷ്യാ - ഓഷ്യാനക്കും യൂറോ - ആഫ്രിക്കക്കും മക്കയിലേക്കുള്ള പാതകൾ എളുപ്പമായിരുന്നു . യൂറോപ്യരുടെ സഞ്ചാരസമ്പർക്കത്തിലൂടെ അമേരിക്കൻ വൻകരയും വൈകാതെ ആ  വിളക്ക് കണ്ടെത്തി . ജനഭൂപഥത്തിൻ്റെ മധ്യം മക്കയായതിൻ്റെ സൗകര്യവും സാധ്യതയുമാണ് കഅബാലയം അവിടെയാക്കിയതെങ്കിൽ മറ്റൊരു പൊരുളല്ല നബിയുടെ നാടാവാനുള്ള നിയോഗവും .






നബിയാഗമനത്തിന് മരുഭൂമി നിമിത്തമായതിന് പൊരുളുകൾ ധാരാളം ഇനിയുമുണ്ട് . 

മരുഭൂമിയും അതിലെ അറബികളും അന്ന് ഒരു പോലെയായിരുന്നു , ചുട്ടുപൊള്ളുന്ന ഉപരിതലവും , ഒരു തുള്ളി നനവിനായി കേഴുന്ന ആന്തരിക തലവുമാണ് മരുഭൂമിയുടേത് , 

അറബികളുടെ മനോതലവും തഥൈവ.

അവിടെ ജീവിതം നിതാന്ത ജാഗ്രതയെ ആവശ്യപ്പെടുന്നു . അപകടങ്ങളെ കുറിച്ചുള്ള ആശങ്കയും അതിജീവനത്തിന്റെ കാമനയും ഒരുമിക്കുന്ന ഭൂമിശാസ്ത്രമാണവിടെ. മറുപുറത്തെത്താനുള്ള തിടുക്കവും , ലക്ഷ്യം കാണാനുള്ള നൊമ്പരംനിറഞ്ഞ കാത്തിരിപ്പും അവിടെ കാണാം , ഏറക്കുറെ , അന്നത്തെ അറബികളുടെ മനശാസ്ത്രവും ഇത് 

പോലെയായിരുന്നു . താപോഗ്രമായിരുന്നു അവരുടെ മനോതലം . ക്ഷിപ്രകോപികളും തീവശാഠ്യക്കാരുമായിരുന്നു അവർ . എങ്കിലും ആദർശത്തിന്റെ നനവിനായ് പൈദാഹിക്കുന്ന ഒരാത്മതലം അവരെല്ലാം ഉള്ളിലൊളിപ്പിച്ച് വെച്ചിരുന്നു . വൈരത്തിന്റെ ഒരൊറ്റത്തീപ്പൊരികൊണ്ട് നാശത്തിന്റെ തീത്തിര  തീർക്കാൻ അവർ കാണിച്ച മിടുക്കിനപ്പുറം അവരുടെ ഹൃദയത്തിൽ തുടിച്ചിരുന്ന ചില തിടുക്കങ്ങളെ ഉണർത്താൻ , ഒരു അവധൂതനെന്നോണം വന്നണഞ്ഞ വസന്തത്തിൻ്റെ പേരായിരുന്നു മുഹമ്മദ് (സ്വ). മണ്ണും മനസ്സും ചേർന്നുണ്ടായ ഈ ഭൂമിശാസ്ത്രപരമായ ഒത്തുപൊരുത്തം , പിന്നീട് വിശ്വവിസ്മയങ്ങളുടെ നിത്യസ്മാരകങ്ങൾ പണിതു . നടപ്പുദൂഷ്യങ്ങളുടെ ഒടുക്കവും പുതുനടപ്പുകളുടെ തുടക്കവും അവിടെ ഉണ്ടായി, ഉണ്ടായിക്കൊണ്ടേയിരിന്നു.






തന്റെ ജനത നൂലറ്റ പട്ടം പോലെ അലക്ഷ്യസഞ്ചാരികളും അധർമ്മ വാഹകരുമായതിൽ മനംനൊന്തിരുന്ന ചെറുപ്പക്കാരനായ ' അൽഅമീൻ ' ജബലുന്നൂറിലെ മലപ്പൊത്തിൽ ചെന്നിരിക്കുമായിരുന്നു പലപ്പോഴും . 

ശക്തിയുള്ളവൻ്റെ ന്യായം സത്യമാവുന്ന സാമൂഹിക കാലുഷ്യങ്ങളോട് കലഹിക്കുന്ന വിപ്ലവകാരിയുടെ മനസ്സ് പാകപ്പെട്ടത് ഈ പാറക്കെട്ടിലെ ഏകാന്തവാസത്തിലായിരുന്നു . പലപ്പോഴും ദിവസങ്ങളോളം മടങ്ങിവരാതെ അവിടെത്തന്നെയായിരുന്നു ആ യുവാവ്.  ധ്യാനനിമഗ്ദതയുടെ ഉഛസ്ഥായീഭാവത്തിലലിഞ്ഞുചേരുന്ന പ്രിയതമന് ; പത്നി ഖദീജ അങ്ങോട്ട്  ഭക്ഷണവുമായി ചെല്ലാറായിരുന്നു ,വളഞ്ഞും പുളഞ്ഞും ചെങ്കുത്തായി പടർന്ന പാറക്കെട്ടുകൾക്കിടയിലൂടെ ..






രണ്ട് :






ചരിത്രത്തിലെ ഒരടരല്ല തിരുപ്പിറവി ,കാലനൈരന്തര്യത്തിൻ്റെ തുടർച്ചകളെ ബന്ധിപ്പിച്ച യുഗമുദ്രയാണ്. 

നബിത്വത്തിൻ്റെകാലം കാലത്തിൻ്റെ ആദ്യമധ്യാന്തമാണ് .

ഭൂമിയിൽ ജീവിച്ച ചരിത്രമാണ്  കള്ളികളുടെ കണക്കിൽ വരുന്നത് .

ക്രിസ്താബ്ദം 610 ആഗസ്റ്റ് മാസം 29 ന് തിങ്കളാഴ്ച , ഉദയത്തിന് തൊട്ടുമുമ്പുള്ള മുനകൂർത്ത മുഹൂർത്തം , ആകാശഭൂമികളുടെ ഉൾപൊരുളുകൾ പ്രകമ്പനം കൊണ്ട സന്ദർഭം , ഇനിയും തെളിയാത്ത ഇരുളിന്റെയും ചെറുതായി വീശുന്ന മന്ദാരകാറ്റിന്റെയും മധ്യേ , തളം കെട്ടിനിന്നിരുന്ന മൗനം കീറി ജബലന്നൂറിനകത്ത് വെളിപാടിന്റെ വെളിച്ചപ്പാടുമായി മലക്കിറങ്ങി , മരുഭൂമിയുടെ ഊഷരതയിൽ വചനപ്രസാദങ്ങളുടെ നീരൊഴുക്കിന് അന്നാണ് നാന്ദിയായത് . അക്ഷരമിനാരങ്ങളും സഹന സൗധങ്ങളും പരിവർത്തനഗാഥകളും തുടങ്ങിയ ആ ചെറിയ മലപ്പൊത്ത് - ഹിറ- സർവ്വ പ്രപഞ്ചങ്ങളിലും വെച്ചേറ്റവും വലിയ വാങ്മയത്തിൽ ലയിച്ചു ചേർന്നു. 





അന്നും ഉദിച്ചു സൂര്യൻ ,മക്കക്കാർ കഥയറിയാതെ നേരം വെളുത്തപ്പോൾ മറുതലക്കൽ ആ യുവാവ് ഏകാന്തനായി നടക്കുകയായിരുന്നു ,വേഗത്തിൽ വീട്ടിലേക്ക് .

ആദ്യാനുഭവത്തിൽ വിറങ്ങലിച്ച തിരുനബി വീടണഞ്ഞു . വിയർത്തുകുളിച്ച നായകന് പനി പിടിച്ചു . പ്രപഞ്ചനാഥന്റെ നോട്ടവും നീട്ടവും ഏറ്റെടുക്കാൻ തിരുനബിയുടെ മനുഷ്യപ്രകൃതി വഴങ്ങിത്തുടങ്ങുകയാണ്. പ്രിയപ്പെട്ടവളുടെ തണലിൽ നബി ചൂട്കൊണ്ടു . പുതപ്പിട്ട് മൂടിയ വിറയാർന്ന നബിയെ നാഥൻ നേരിട്ടുണർത്തി . ഇനി ഉണർവ്വിന്റെ നാളുകൾ , ഉത്ഥാനത്തിന്റെ തിരിനാളങ്ങൾ കൊണ്ട് പ്രപഞ്ചത്തെ ഉണർ ത്താൻ തിരുനബി സജ്ജനായ് കഴിഞ്ഞു .




മൂന്ന് : 




തിരുനബിയുടെ ജീവിതമൊഴുകിയത് മിഴിതുറന്ന ചരിത്രത്തിൻ്റെ വെളിച്ചത്തിലായിരുന്നു . ഭാഷകളും ദേശങ്ങളും ഒരംശം ചോരാതെ ആ സരിത്ത് നന്നായ് കൊണ്ടു .അവിടെ  ഒട്ടനേകം  കാലസ്പന്ദിയായ മുഹൂർത്തങ്ങൾ ലോകത്തിൻ്റെ പ്രമേയങ്ങളും തലമുറകളുടെ പ്രേരണകളുമായി .  സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, മനുഷ്യമഹത്വത്തിന്റെ വാക്കുകൾ, കൃത്യങ്ങൾ , സമ്മതങ്ങൾ അതായിരുന്നു അവ.  

അനുസരിക്കപ്പെടുക മാത്രം ചെയ്താൽ നേതാക്കളാവുന്ന സങ്കൽപ്പം നബിയോടെ തീർന്നു .തിരുനബി അനുസരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്തു . 

തിരുനബി ചെയ്തത് പോലെ ചെയ്യാൻ നബിയുടെ നടത്തത്തിന്റെ പാദപതനങ്ങൾപോലും അനുയായികൾ എണ്ണിവച്ചു ,എന്നിട്ടവർ നടക്കുമ്പോൾ എണ്ണമത്രമാത്രമാക്കാൻ ,അത്രതന്നെയാക്കാൻ അവർ സ്വന്തം പാദപതനം റീഡിസൈൻ ചെയ്തു . നബികാലുവെച്ചിടത്ത് കാല് വെച്ചും തലകുനിച്ചയിടത്ത് തലകുനിച്ചും മോണകാട്ടിച്ചിരിച്ച സന്ദർഭങ്ങൾ റീ ക്രിയേറ്റ് ചെയ്ത് അങ്ങനെ ചിരിച്ചും അനുസരണ സമം അനുകരണം എന്ന മതവ്യാഖ്യാനത്തിന് മാതൃകയിട്ടു.  ആദ്യം മാംസാഹാരപ്രിയരായിരുന്ന അനുചരർ നേതാവ് കഴിക്കുന്ന പച്ചക്കറികകൾക്കായ് , വിശിഷ്യാ ചുരങ്ങക്ക്  തീപതപ്പിച്ചു .മതം നേരിട്ട് നിർണ്ണയിച്ചില്ലെങ്കിലും സ്നേഹം അവരുടെ കമ്പോള നിലവാരത്തെ ,അടുക്കള നിർണ്ണയത്തെ ഭക്ഷണ മെന്യുവിനെ വരെ തിട്ടപ്പെടുത്തി . ഇഷ്ടം എന്നാൽ നബിയുടെ ,നബിയോട് എന്ന് വന്നു .  . ജീവചരിത്രങ്ങളും വ്യക്തിചരിത്രങ്ങളുമെല്ലാം ലോകത്ത് പലരെക്കുറിച്ചും ധാരാളം രചിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ , ഒരു വ്യക്തിയുടെ കാലടി മുതൽ തലമുടിവരെ വരുന്ന ശാരീരിക വിശേഷങ്ങൾ , ഉടുത്തണിഞ്ഞ പുടവകൾ , ചിരിയുംകരച്ചിലും , ഭാവവുംഭാഷയും , വാക്കും മൗനവും , ഇണയും തുണയും അങ്ങനെ ഒന്നുമൊഴിയാതെ. താടിരോമങ്ങളിൽ നരബാധിച്ചവയുടെ എണ്ണം പറഞ്ഞ് പിൽക്കാലം സംവാദം നടത്തി .തൃപ്പാദം ചേർന്ന ചെരുപ്പിനെ വർണ്ണിച്ചുകൊണ്ട് മാത്രം ആയിരക്കണക്കിന് ഈരടികൾ കോർക്കപ്പെട്ടു  ' അൽഫത്ഹുൽ മുതആലി , ഫീമദ്ഹിന്നിആൽ ' പോലെ ..






നാല്:






പാഠങ്ങളെ ഏടിൽ നിന്നും ജീവിതസന്ദർഭങ്ങളിലേക്ക് നീട്ടിവായിക്കാനാവുമ്പോഴാണ് കാലം കൊണ്ട് ദൂരത്തായിപ്പോയ നമുക്ക് നബിയെ തൊടാനാവുന്നത്. നബിവചനങ്ങൾ ഉദ്ധരിക്കുമ്പോൾ ഉച്ചരിക്കുന്ന ചേർപ്പ് വാക്കാണ് " തൊട്ട് " .

തീപ്പതക്കുന്ന വെയിലേറ്റ് കൂർത്ത് പൊങ്ങിയ മക്കാമലകൾ വെട്ടിത്തിളങ്ങിയ അക്കാലം ചരിത്രത്തിൻ്റെ ക്യാൻവാസിൽ കറുത്ത കാലമാണ്. ദേശീയവിനോദം രക്തദാഹവും ഇഷ്ടവിനോദം രത്യുൽസവുമായ ജനതയായിരുന്നു മുക്കാലും , നാല്കാലുള്ളവയും അവയെ മേയ്ക്കുന്ന രണ്ട് കാലുള്ളവയും . മേലാളൻ്റെ ശരി കീളാൻ്റെ ജീവിതം നിർണ്ണയിച്ചു പോന്നിരുന്ന കാട്ടുനീതി. ഹിംസ്രജന്തുക്കളോട് മൽപ്പിടുത്തം നടത്താൻ ദുർബലരെ കുഴിയിലിറക്കി രക്തം ചീറുന്നത് കാണുമ്പോൾ ബാൽക്കണികണികളിലിരുന്ന് നാട്ടുരാജാക്കന്മാർ കയ്യടിച്ച ഗ്ലാഡിയേറ്റർ സ്പോർടിസിൻ്റെ കാലം .. ഇപ്പറഞ്ഞവയുടെ പരിശ്കൃത പതിപ്പുകൾ മാത്രമാണ് ഇക്കാലത്തിൻ്റെ ദീനങ്ങൾ .ഇനി നബി വരാനില്ലാത്തതിനാൽ വരാനുള്ള നബിദിനങ്ങൾക്ക് പത്തരയാണ് മാറ്റ്.

ഓർമ്മകൾക്കെതിരെ കലാപം നയിക്കുന്ന ചരിത്രധ്വംസനത്തിൻ്റെ ഭരണകാലവുമാണിത് .

അസ്ഥിത്വങ്ങളും അടിസ്ഥാനങ്ങളും മറവിയിലേക്ക് മായുമ്പോൾ  സമുദായസ്വത്വത്തിന് മണ്ണും മനസ്സും ഇല്ലാതാവുന്നു .ഓർമ്മ ഏറ്റവും വലിയ പ്രത്യാഖ്യാനവും പ്രത്യാക്രമണവുമാണിപ്പോൾ .തിരുനബിയെയും നബി നടുവിൽ നിന്ന കഥകളും ഓർക്കുമ്പോൾ മാത്രമാണ് നാം വേരുകളോട്  ഒട്ടിനിൽക്കുന്നത്.

വേരില്ലാത്ത മരങ്ങൾ പൂക്കാറില്ല ..







അഞ്ച്:






ഒരനുയായി തിരുനബിയുടെ മുമ്പിലെത്തി തന്നെ അലട്ടുന്ന നൊമ്പരം പങ്കുവെച്ചു . കേട്ടുനിൽക്കുന്നവർ ഓരോരുത്തരും അക്കാര്യം തുറന്നുപറയാൻ ആഗ്രഹിച്ചവരായിരുന്നു . പക്ഷെ , അവസരമൊത്തുവന്നില്ല എന്നുമാത്രം . ആഗതൻ പറഞ്ഞു . ' സ്നേഹിക്കുന്ന ആളെ എപ്പോഴും കാണണമെന്നുണ്ടെങ്കിലും ജീവിത പ്രശ്നങ്ങൾ കാരണം നിരന്തര സമാഗമത്തിന് സാധിക്കാതിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥയെന്താണ് ? ' ചോദ്യകർത്താവിന്റെ സങ്കടത്തിൽ ചാലിച്ച ആശങ്കയുടെ മർമ്മം തിരുനബി തന്നെയായിരുന്നുവെന്ന് സദസ്സിന് വ്യക്തമായി . ഒരിട , തിരുനബിയും വിഷണ്ണനായി . ശേഷംമൊഴിഞ്ഞു . ' സ്നേഹിക്കുന്നവനോടൊപ്പമായിരിക്കും മനുഷ്യൻ ' . ആഗതൻ സംതൃപ്തനായി , തിരുനബി സന്തുഷ്ടനും .എന്നും അനുചരന്മാരെ കേൾക്കാൻ നബി സന്നദ്ധത കാണിച്ചിരുന്നു.

മറ്റുള്ളവരെ കേട്ട് കൊടുക്കലാണ് വലുത് ,പറഞ്ഞ് കൊണ്ടേയിരിക്കുന്ന നേതാക്കൾക്ക് പഞ്ഞമുണ്ടാവില്ല ,കേട്ട് തരുന്നവർക്കാണ് മനുഷ്യരെ മനസ്സിലാവുക . 



ആറ് :



ദു:ഖമാണ് എന്റെ കൂട്ടുകാരൻ എന്ന് പറഞ്ഞ തിരുനബി , അസ്വസ്ഥതയുടെയും ആഭിമുഖ്യത്തിന്റെയും മധ്യയാണ് ജീവിതത്തെ നിർത്തിയത് . ദിവ്യസുക്തങ്ങൾ അവതരിക്കവേ തിരുനബിയുടെ നെറ്റിത്തടം സജലമാവുകയും , പാരായണം ചെയ്യവേ കൺതടം നനഞ്ഞു കുതിരുകയും ചെയ്തിരുന്നു . പുഞ്ചിരി ആരാധനയാണെന്ന് അരുളിയ നബി , ദൈവമാർഗത്തിലെ കണ്ണീർ നരകാഗ്നിയെ കെടുത്തുമെന്നും പറഞ്ഞു . പ്രാപഞ്ചികമായ നിഗൂഢതകൾ ഞാനറിയുന്നത് പോലെ നിങ്ങളറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ സ്വൽപ്പം മാത്രം ചിരിക്കുകയും ഏറെ കരയുകയും ചെയ്യുമായിരുന്നുവെന്ന് തിരുനബി ഉണർത്തി .

ജീവിതമെന്നാൽ മധുരമലയും മാരിവില്ലും മാത്രമാണെന്ന കമ്പോള സംസ്കൃതിയുടെ അപനിർമ്മിതിയിൽ മനോബലം ക്ഷയിച്ച മനുഷ്യർ ഇടക്കിടെ ഓർക്കേണ്ട തത്വമാണിത്.





ഏഴ് :




ഒരനുയായി രേഖപ്പെടുത്തുന്നു ; ഞാൻ മസ്ജിദിലെത്തിയപ്പോൾ തിരുനബി മിൻബറിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്നു . എന്നെ കണ്ടപ്പോൾ , തിരുനബി വിശുദ്ധഗ്രന്ഥത്തിലെ ഏതെങ്കിലും ഭാഗം ഓതി കേൾപ്പിക്കാൻ ആവശ്യപ്പെട്ടു . ഞാൻ ചോദിച്ചു ; 

' അങ്ങേക്ക് അവതീർണ്ണമായത് ഞാൻ ഓതിക്കേൾപ്പിക്കണമെന്നോ ' ? തിരുനബി പറഞ്ഞു : അത് മറ്റൊരാളിൽ നിന്നും കേൾക്കാനാഗ്രഹിച്ചിട്ടല്ലേ നിന്നോട് പറഞ്ഞത് . ഞാൻ ഓതി തിരുനബിത്തുടങ്ങി . ഓതിയോതി , 'ഓരോ സമൂദായത്തിൽ നിന്നും ഓരോ സാക്ഷിയെ  നാം കൊണ്ടുവരികയും , ഇക്കൂട്ടർക്കെതിരിൽ നാം താങ്കളെ സാക്ഷിയാക്കുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ  ' എന്ന അന്നിസാത്ത് അധ്യായത്തിലെ നാൽപ്പത്തിയൊന്നാം വചനമെത്തിയപ്പോൾ ,തിരുനബിയുടെ ശബ്ദമിടറി , എന്നോട് - പാരായണം നിർത്താനാവശ്യപ്പെട്ടു . ഞാൻ തലയുയർത്തി നോക്കുമ്പോൾ തിരുനബിയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . 






എട്ട് : 




തിരുസവിധത്തിലാണ് മനുഷ്യത്വം ജനിച്ചത് . ഒരിക്കൽ ഒരു പെൺകുട്ടി വന്ന് യുദ്ധത്തിൽ കാണാതായ ആങ്ങളയെകുറിച്ചുള്ള സ്നേഹഗീതം നബിയുടെ മുമ്പിലവതരിപ്പിച്ചു . അവൾ അവിശ്വാസികളുടെ പക്ഷത്തെ കുട്ടിയായിരുന്നു കാവ്യം തീരുംമുമ്പ് നബി കരഞ്ഞുപോയി , 'അൽപം മുമ്പേ നീയത് ആലപിച്ചിരുന്നുവെങ്കിൽ ഞാൻ നിന്റെ സഹോദരനെ കണ്ടെത്തുമായിരുന്നു മകളേ ..' പെൺകുട്ടിക്ക് ആങ്ങളയെ തിരിച്ച് കിട്ടിയതിനേക്കാൾ വലിയ സന്തോഷമായി , തിരുനബിക്ക് ആശ്വാസവും.






ഒമ്പത് :



യുദ്ധത്തിരക്കിനിടെ നഷ്ടപ്പെട്ട കുഞ്ഞുമകൻ സൈദിനെ തേടി പിതാവ് ഹാരിസ് അന്വേഷണങ്ങൾക്കൊടുവിൽ നബിയുടെ മുന്നിലെത്തി . സൈദ് അവിടെ ഓമന മകനായി വളരുകയാണ് . പിതാവ് മകനെ മാറോടണച്ചു . വീട്ടിൽ കാത്തിരിക്കുന്ന മാതാവിന്റെ കഥകൾ മകനെ ധരിപ്പിച്ചു . പിതാവ് പുത്രനെ കൊണ്ടു പോകാൻ വന്നതാണ് .നബി എല്ലാം സൈദിന്റെ ഇഷ്ടത്തിന് വിട്ടു . സൈദ് പിതാവിനെ നോക്കി , പിന്നെ തിരുനബിയെയും ." നിങ്ങളോടൊപ്പം വീട്ടിലേക്ക് വരാൻ എനിക്ക് കൊതിയുണ്ട് . ഉമ്മയെ കാണാൻ എനിക്ക് മോഹമുണ്ട് . പക്ഷെ , ഈ മുഖത്തിന്റെ വെളിച്ചത്തോട് വിടപറയാൻ എന്നെക്കൊണ്ട് കഴിയില്ല ബാപ്പാ " . 





പത്ത് :




ഇരുപത്തഞ്ചുകൊല്ലം തണലേകിയ ഖദീജ പോയ് മറഞ്ഞു ; പരിപാലിച്ച പിതൃവ്യൻ അബൂത്വാലിബും വിടപറഞ്ഞു . തിരുനബിയുടെ മനസ്സിൽ ദുഖക്കടൽ അലയടിച്ചു . അകന്ന ബന്ധുക്കൾ കൈവിടില്ലെന്ന ധാരണയോടെയാണ് മലകയറി പച്ചവിരിച്ച ത്വാഇഫിലെത്തിയത് . ബനൂസഖീഫിലെ നേതാക്കളെ സമീപിച്ച് രക്ഷാമാർഗം പറഞ്ഞുകൊടുക്കുന്ന തിരുനബി ഞെട്ടിപ്പോയി.  അവിടെ ചെന്നുകണ്ട ഒന്നാമൻ അബുയഅലിൻ നബിയെ കളിയാക്കി, ' യാത്രചെയ്യാൻ സ്വന്തമായി ഒരു കഴുത പോലുമില്ലാത്ത നിന്നെയല്ലാതെ നബിയാക്കാൻ മറ്റൊരാളെയും കിട്ടിയില്ലേ പടച്ചവന് ?' .

നബി മുന്നോട്ട്പോയി . ഇപ്പോൾ മസ്ഊദാണ് മുമ്പിൽ : ' നാണക്കേടാണിത് , നീപ്രവാചകനായാൽപ്പിന്നെ ഞാൻ കഅബയുടെ മൂടുതുണി മോഷ്ടിക്കും ' . 

തിരുനബി നിർത്തിയില്ല . ഹബീബാണിപ്പോൾ മുമ്പിൽ , പക്ഷെ , ഫലം തഥൈവ .ഒന്നുകൂടി തീഷ്ണമായിരുന്നു ഇത്തവണത്തെ പ്രതികരണം ; ' ഞാൻ നിന്നോട് സംസാരിക്കില്ല, നീ യഥാർത്ഥ പ്രവാചകനാണെങ്കിൽ ഞാൻ അതിന് മാത്രം യോഗ്യനല്ല . ഇനി നീ വ്യാജനാ ണെങ്കിൽ നിന്നോട് സംസാരിക്കുന്നത് എനിക്ക് മാനഹാനിയുമാണ് . അതിനാൽ പോവുക

മനുഷ്യാ ' .

കല്ലേറും തെറിവിളിയുമാണ് പിന്നെ . പുണ്യരക്തം മണലിൽ ചിതറി , കാലം നടുങ്ങിയ പാതകത്തിൽ നബി മോഹാലസ്യപ്പെട്ടു . സൈദ് താങ്ങിയെടുത്തു . ഒന്നരമൈൽ അവരോടി . മുന്തിരിത്തോട്ടത്തൊഴിലാളി അദ്ദാസ് മധുരം നൽകിയപ്പോൾ ത്വാഇഫിൽ വെച്ച് ആദ്യമായ് തിരുനബി ആശ്വാസനിശ്വാസമുതിർത്തു . പ്രവാചകൻ യൂനുസിൻ്റെ നിനേവാ നാട്ടുകാരനായ അദ്ദാസ് തിരുനബിയെ തിരിച്ചറിഞ്ഞു . കാൽക്കൽ വീണു ചുംബിച്ചു . അദ്ദാസിൽ വെളിച്ചത്തിന്റെ കാറ്റടിച്ചു . മടങ്ങുംവഴി മലയുടെ മാലാഖ വന്നു . പീഢകരെ നശിപ്പിക്കാൻ സമ്മതം തേടിയ തിരുനബി ഗദ്ഗദപ്പെട്ടു . അലിവിന്റെ അലകടൽ കണ്ട് ചരിത്രം കോരിത്തരിച്ചു . തിരുനബി വിസമ്മതിച്ച് മാലാഖയെ തിരിച്ചയച്ചു . ഇവരോ ഇവരുടെ പിന്മുറക്കാരാ സത്യം പിന്നീടൊരിക്കൽ കണ്ടെത്തും ,തിരുനബി പ്രത്യാശിച്ചു ,പ്രാർത്ഥി ച്ചു ,ആകാശലോകം ഏറ്റുപറഞ്ഞു . പച്ചപുതച്ച മാമലകളിൽ നിന്നും വന്നൊരു ഇളങ്കാറ്റ് തിരുനബിയുടെ രക്തംപരന്ന മണൽതട്ടുകളെ തലോടി കടന്നുപോയി . 






പതിനൊന്ന് :



കണ്ണുകൾ ദാഹിച്ചകാത്തിരിപ്പിനൊടുവിലാണ് മദീനക്കാർക്ക് തിരുനബിയെ കിട്ടിയത് . ആതിഥ്യമരുളാൻ അവിടെ ഉള്ളവരും ഇല്ലാത്തവരും തന്നാലാവും വിധം ഭവനങ്ങളലങ്കരിച്ചിരുന്നു . സ്ഥല നിർണായകാവകാശം ദിവ്യകൽപ്പിതമായ ഒട്ടകം , ഖസ്വാഇന് വിട്ടുകൊടുത്ത തിരുനബി പരാതികൾക്കിടം ഒന്നിലും ഒരിക്കലും നൽകിയിരുന്നില്ല . ഒട്ടകം ആദ്യം മുട്ടുകുത്തിയത് അനാഥബാലൻമാരുടെ മണ്ണിലായിരുന്നു ; അവിടെ മസ്ജിദുയർന്നു . പിന്നെ , വീടലങ്കരിക്കാൻ സമ്പത്തില്ലാത്തതിനാൽ ദു :ഖിതനായിരുന്ന അബൂഅയ്യൂബിന്റെ വീ ട്ടുമുറ്റത്തും , നബിയുടെ പാർപ്പിടം പിന്നെ അതായി , പാവങ്ങളോടും നിരാലംബരോടുമാണ് തന്റെ പ്രഥമ പ്രതിപത്തി എന്ന് തിരുനബി വിളംബരം ചെയ്തു .  അബൂഅയ്യൂബിന്റെ സന്തോഷത്തിനിപ്പോൾ അതിരുകളില്ല . വീടിനകത്ത് രണ്ട് തട്ടുകളായിരുന്നു . മുകൾനില തിരുനബിക്കാണെന്നായിരുന്നു ആദ്യധാരണ . തിരുനബിയുടെ മീതെ താനും കുടുംബവും കിടന്നുറങ്ങുന്നത് ആ സഹൃദയന് അസഹ്യമായിരുന്നു . പക്ഷെ , സന്ദർശകരുടെ സൗകര്യം പറഞ്ഞ് തിരുനബി നിർബന്ധം പിടിച്ചപ്പോൾ താഴെനില നബിക്കായി . രാത്രി ഉറങ്ങുകയാണ് ; അബൂഅയ്യൂബിന്റെ കാല്തടഞ്ഞ് വെള്ളപാത്രം നിലത്തുവീണു ,

ജലം ചിതറിപ്പരന്നു . ഈന്തമരത്തടിയുടെ നിലമാണ് . താഴെ ഉറങ്ങുന്ന തിരുനബിയുടെ ദേഹത്ത് വെള്ളമുറ്റിവീഴുമോ, ഉറക്കത്തിന് ഭംഗമാകുമോ ? ആശങ്കകൾ മിന്നിമറിഞ്ഞു . ആലോചിക്കാൻ നേരമില്ല ; തുടച്ചുനീക്കുന്ന തുണി തിരയാൻ അവസരമില്ല . ഒറ്റമാർഗം ; ഭർത്താവും ഭാര്യയും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പുതപ്പും വിരിപ്പുമടക്കം ജലം പരന്ന നിലത്തിലൂടെ കിടന്നുരുണ്ടു . അവസാനതുള്ളിയും ഒപ്പിയെന്നായപ്പോൾ അബൂഅയ്യുബ് താഴെക്കോടി , നക്ഷത്രതിളക്കത്തിൽ മയങ്ങുന്ന തിരുനബിയെ നോക്കി , ഇല്ല ! വെള്ളമുറ്റി വീണിട്ടില്ല . ഉറങ്ങുകതന്നെയാണ് . ആനന്ദക്കണ്ണീരോടെ , നനഞ്ഞുകുതിർന്ന ദമ്പതികൾ രാവിന് കാവൽനിന്നു . 





പന്ത്രണ്ട് :




ഏറെകൊതിച്ച മഴയുടെ കുളിരാസ്വദിച്ച് എല്ലാവരും പാതിഉറക്കത്തിലമർന്നു കഴിഞ്ഞിരുന്നു . വെട്ടം പുലർന്നാൽ പോരാട്ടമാണ് ,ബദ്ർ . പിൽക്കാലത്തിന്റെ സ്വഭാവം തീരുമാനമാകുന്ന പോരാട്ടമാണ് . സാമൂഹിക പ്രതിബദ്ധതയുള്ള നേതാവിന് ഉറങ്ങാൻ കഴിഞ്ഞില്ല . ചാരെ സഹചാരിയായ അബൂബക്കർ ( റ ) മാത്രം കൂട്ടിന് . ഒരുയർന്ന കുന്നിൻമുകളിലെ തമ്പിൽ തിരുനബി പ്രാർ തനയിലമർന്നു . സുജൂദിൽ നിന്നുയരുന്നില്ല . 

' ഈ ചെറുസംഘം നശിപ്പിക്കപ്പെട്ടാൽ പിന്നെ നീ ആരാധിക്കപ്പെടില്ല ' . പ്രാർത്ഥനയിൽ പരിസരം മറന്ന തിരുനബിയുടെ ചുമലുകളിൽ നിന്നും പുതപ്പ് താഴെ വീണിരിക്കുന്നു .  അത്താഴ മുഹൂർത്തത്തിൽ , അനുചരർ ഓരോരുത്തരായി ഉണർന്നുവന്നു . പുതിയ പ്രഭാതമാണ് അവർക്കിനി , പക്ഷെ നേതാവ് പഴയ രാത്രിയിലെ സുജൂദിൽ നിന്നിനിയുമുയർന്നിട്ടില്ല . 






പതിമൂന്ന് :




പൂർണ്ണമാവുകയാണ് . അറഫാമൈതാനം നിറഞ്ഞു തുളുമ്പിയിരുന്നു . ഹിറയുടെ ഹൃദയതാളമേറ്റെടുത്ത് ദാറുൽ അർഖമിന്റെ നാൽചുവരുകളിൽ ഒളിച്ച് പാർത്തവരാണീ പടർന്നുപരന്നപരായിരങ്ങൾ . അതിനിടെ , യുദ്ധ ങ്ങളുടെ മരുഭൂമികൾ താണ്ടി , സഹനങ്ങളുടെ കടലുകൾ കടന്നു , മാപ്പിന്റെ മാമലകൾ പണിതു . തുടങ്ങിവച്ചവർ പലരും പാതി വഴിയിലൂടെ പോയ് മറഞ്ഞു ; മക്ക അധീ നത്തിലായി , ശ്രതുക്കൾ പലരും മിത്രങ്ങളായി , കീഴാളർ മേലാളരായി , മേൽവിലാസമില്ലാത്തവർ വിജുഗീഷുക്കളായി . കറുപ്പും വെളുപ്പും ഒന്നായി ,  ഭക്തിയാണ് യഥാർത്ഥ ശക്തിയെന്നായി , ഉയിർപ്പായി , തളിർപ്പായി .. എല്ലാത്തിനും മീതെ മഹാവിജയത്തിന്റെ വിനയസ്തതിയെന്നോണം തിരുനബി മുനിഞ്ഞുകത്തി . മതവും മനുഷ്യാവകാശവും പറഞ്ഞുതീർത്ത് തിരുനബി പ്രസംഗിച്ചു . എല്ലാ കണ്ണുകളുമിപ്പോൾ ആ വെളിച്ചത്തിലമർന്നുകഴിഞ്ഞു . കാതുകളിൽ ആ സ്വരസുധമാത്രം . ഒന്നേകാൽലക്ഷം അനുചരർക്ക് മദ്ധ്യ സത്യോദയം അതിന്റെ ഉദയ പൂർണ്ണത പ്രാപിക്കുകയാണ് . മാലാഖ പറന്നുവന്നു . സമ്പൂർത്തീകരണത്തിന്റെ വേദവിളംബരം മുഴങ്ങി . 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്ക് ഞാൻ പൂർണ്ണമാക്കി തന്നിരിക്കുന്നു . എന്റെ അനുഗ്രഹത്തെ നിങ്ങൾക്കുമേൽ സമ്പൂർണമാക്കുകയും ഇസ്ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തി രിക്കുന്നു ' . 

സന്തോഷമോ ! ആനന്ദമോ ! കണ്ണീരിന്റെ കട ലിരമ്പി , ശുക്കിന്റെ വിർദുകൾ പരന്നു . മറുപുറം കണ്ട അബൂബക്കർ ( റ ) പൊട്ടിക്കരഞ്ഞു ; തിരുനബിയും പൂർണമാവുകയാണ്.ഏതോ ശൂന്യത സിദ്ദീഖിനെ വലയം ചെയ്യുംപോലെ ,  തിരുനബി വീണ്ടും മിണ്ടിത്തുടങ്ങി ,

 ' ഇവിടെ ഉള്ളവൻ ഇല്ലാത്തവർക്കീ സത്യം എത്തിച്ചുനൽകട്ടെ . ' അനുചരൻ അത് നെഞ്ചിലേറ്റെടുത്തു . തിരുനബി ജനങ്ങളോട് ചോദിച്ചു . 'ഞാനീ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തരുന്നതിന് നാളെ നിങ്ങൾ അല്ലാഹുവിന് മുമ്പിൽ സാക്ഷ്യം പറയില്ലേ ? ' സദസ്സ് ഒന്നിച്ച് ഏറ്റുപറഞ്ഞു . 'അതെ തിരുദൂതര ... ' 

തിരുനബി ആകാശത്തേക്ക് കൈയ്യുയർത്തി . ചൂണ്ടാണിവിരൽ എനിയും വ്യാഖ്യാനിക്കപ്പെടാത്ത ഏതോ ലക്ഷ്യത്തിലേക്ക് നീണ്ടു . ഭാവം മാറി  , തിരുനബിക്ക് മാത്രം പ്രാപ്യമായ അവസ്ഥ ; ആകാശാരോഹണ രാവിൽ കണ്ടുവന്ന നാഥനെ ചൂണ്ടി ചുണ്ടുകൾ മൊഴിഞ്ഞു : " അല്ലാഹുവേ നീ സാക്ഷി നീ സാക്ഷി , നീ സാക്ഷി ". നബിയുടെ ദേഹവിയോഗം പിന്നെയും മൂന്ന് മാസം കഴിഞ്ഞാണ്. അന്നൊരു തിങ്കൾ പ്രഭാതോദയം കിഴഞ്ഞ് നാഴിക നേരം പിന്നിട്ടിരിക്കുമ്പോൾ ആ തിരുമിഴികൾ മലർന്നു, ചുണ്ടിൽ മന്ദഹാസം വിടർന്നു .ഏകദേശം 37000 മനുഷ്യർ ഒറ്റക്കൊറ്റക്ക്  ജനാസ നമസ്ക്കാരത്തിൽ പങ്കെടുത്തു. അന്നത്തെ മദീനാ നഗരരാഷട്രത്തിൻ്റെ മുക്കാൽ ഭാഗമായിരുന്നു അത് . നബിയുടെ വേർപ്പാട് ഭൗതികമായിട്ട് തന്നെ അനുഗ്രഹമാണ്. അവിടന്ന് അമരനായി ഭൂമിക്ക് പുറത്ത് ജീവ‌ക്കുകയും അനുരാഗികർ മരിച്ച് മണ്ണടിയുകയും ചെയ്യുകയാണെങ്കിൽ എത്ര ശൂന്യമാകുമായിരുന്നു ബർസഖ് !

പ്രാപഞ്ചിക പ്രവാഹത്തിനിടെ ഒരിക്കൽ മാത്രം സംഭവിച്ച ആ അനർഘ സന്ദർഭത്തിന്റെ സൗന്ദര്യത്തിനു മേൽ സ്വല്ലല്ലാഹു അലൈഹിവസല്ലം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us