loader
blog

In Quranic

By Shuaibul Haithami


ഖുർആനിലെ ഭൂമിശാസ്ത്രത്തിൽ യൂറോപ്പും അമേരിക്കയുമെന്തിന് ?

മാനവരാശിക്കഖിലം മാർഗദർശനമാണെന്ന നിലയിൽ പരികൽപ്പിക്കപ്പെടുന്ന ഗ്രന്ഥത്തിൽ ആധുനിക ലോകക്രമത്തെ നിയന്ത്രിക്കുകയോ നിർണ്ണായക യിടമാവുകയോ ചെയ്യുന്ന അമേരിക്ക,ചൈന  തുടങ്ങിയ പ്രദേശങ്ങളെ സംബന്ധിച്ച് എന്ത് കൊണ്ട് പരാമർശങ്ങളില്ലാതായി എന്ന ന്യൂനീകരണമാണ് വിമർശകർ ഉന്നയിക്കാറുള്ളത്. ദൈവദൂതരെ സംബന്ധിച്ചുള്ള സമാനമായ ചോദ്യത്തേക്കാൾ ഇതിനുള്ള പ്രസക്തി , പ്രത്യക്ഷത്തിൽ തന്നെ സാർവ്വജനീനമാണെന്നതും ഖുർആനിലൂടെയാണ് ദൈവദൂത് നിലനിൽക്കുന്നതെന്നതാണ് .

ഒന്നാമതായി പറയട്ടെ ,ഖുർആനിൽ ഭൂമിയെ സംബന്ധിച്ചും മനുഷ്യരെ സംബന്ധിച്ചും ധാരാളം പറയുന്നുണ്ട്. അക്കൂട്ടത്തിൽ പെട്ടതാണ് യൂറോപ്പും യൂറോപ്പല്ലാത്തതും .ആധുനിക പേരുകൾ ഇന്നലെ ഉണ്ടായിരുന്നില്ല , നാളെ മാറാം ,മാറാത്ത ഖുർആനിൽ പൊതുവായി എല്ലാം പ്രസ്താവ്യം.
ആധുനിക ജനാധിപത്യ രാഷ്ട്രക്രമം ഖുർആനിൽ വിശദീകരിക്കപ്പെടരുതല്ലോ .
ഒന്നാമതായി ,ഖുർആൻ തിയോക്രാറ്റിക് വ്യവസ്ഥയാണ് പരിചയപ്പെടുത്തുന്നത്.
ആഗോള മനുഷ്യരാശിയെയാണ് ഖുർആൻ വ്യവഹരിക്കുന്നത്. മറിച്ച് , ആധുനിക ജനാധിപത്യപരമായ ദേശീയ സങ്കൽപ്പങ്ങളെയല്ല . 
എന്നാൽ , മനുഷ്യരാശി അധിവസിച്ച ഇടങ്ങളിലേക്കെല്ലാം അല്ലാഹു തൻ്റെ  ദൂതരെ നിയോഗിച്ചതായി ഖുർആൻ നേരെചൊവ്വേ പല സന്ദർഭങ്ങളിലായി പറഞ്ഞിട്ടുണ്ട്. 
ആദിമനുഷ്യനായ ആദം (അ) മിനും അന്ത്യപ്രവാചകനുമിടയിൽ പതിനായിരത്തിന്നും ഇരുപതിനായിരത്തിനുമിടയിൽ വർഷങ്ങുടെ വ്യത്യാസമാണ് പല അഭിപ്രായങ്ങളിലായി വന്നത്. അവയിൽ പതിനയ്യായിരം വർഷങ്ങളുടെ ദൈർഘ്യവും ആകെ നിയുക്തരായ ഒന്നേകാൽ ലക്ഷം പ്രവാചകന്മാരുടെ എണ്ണവും പരിഗണിച്ചാൽ പ്രതിവർഷം ശരാശരി ഒമ്പത് പ്രവാചകന്മാർ വീതം ഭൂമിയിൽ ഉണ്ടായിരിക്കണം എന്ന് മനസ്സിലാവും. അക്കൂട്ടത്തിൽ ഇരുപത്തഞ്ച് പ്രവാചകന്മാർ മാത്രമാണ് ഖുർആനിൽ ഇടം നേടിയത്. 
വിശുദ്ധഗ്രന്ഥം ,നാൽപ്പതാം അധ്യായം ,എഴുപത്തിയെട്ടാം സൂക്തം ഇങ്ങനെയാണ് ,
" താങ്കളേക്കാൾ നേരത്തെ നിയുക്തരായ ദൂതന്മാരിൽ , താങ്കളോട് നാം കഥപറഞ്ഞു തന്നവരും കഥപറഞ്ഞുതരാത്തവരും ഉണ്ട് " .
ഖുർആൻ ആത്യന്തികമായി ചരിത്രഗ്രന്ഥമല്ലാത്തതിനാൽ ആവശ്യമുള്ള അടിസ്ഥാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന നബിഗാഥകൾ പൊതുവായി പറഞ്ഞതാണ്. ഇത്രേ ആശയം തന്നെയാണ് , സൂറ: നിസാഇലിലെ നൂറ്റി അറുപത്തി നാലാം വചനവും. ദൈവദൂതൻ കടന്നുചെല്ലാത്ത ഒരു നാഗരികതയും ഭൂമുഖത്തുണ്ടായിട്ടില്ല എന്ന ഖണ്ഡിതമായ പ്രഖ്യാപനം സൂറ:ഫാത്വിർ 24 - 26 വചനങ്ങളിലും സൂറ:നഹ്ൽ 31-36 വചനങ്ങളിലും സൂറ: ഇസ്റാ 15 വചനത്തിലും കാണാം .

അവിടെ ഖുർആൻ ആധാരമാക്കിയ പൊതുതത്വങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം ,
ഒന്ന് : മനുഷ്യരാശിയുടെ ബൗദ്ധിക വ്യവഹാരങ്ങൾ ,ആത്മദാഹങ്ങൾ ,അന്വേഷണങ്ങൾ ,മനോവ്യാപാരങ്ങൾ , വ്യതിചലന പ്രേരണകൾ തുടങ്ങിയവ അടിസ്ഥാനപരമായി ഏകം തന്നെയായിരിക്കും. ഒന്നാമനെ ചിന്തിപ്പിച്ചത് അവസാനക്കാരനെയും ചിന്തിപ്പിക്കും , ചിരിപ്പിച്ചത് ചിരിപ്പിക്കും ,കരയിപ്പിച്ചത് കരയിപ്പിക്കും. കാലവും ദൂരവും അവിടെ അപ്രസക്തമാണ്. 
അമേരിക്കയിലെ കോടീശ്വരനെ സന്തോഷിപ്പിക്കുന്ന മാനുഷികഗുണം എരിത്രിയയിലെ ഗ്രാമീണനെയും സന്തോഷിപ്പിക്കും ,തിരിച്ചും മറിച്ചും. 
അപ്പോൾ എല്ലാ വികാരങ്ങളുടെയും തീക്ഷ്ണമായ വ്യവഹാരക്രമങ്ങൾ അരങ്ങേറിയ സാമൂഹിക ജീവിതങ്ങൾ പൊതുവിൽ പറഞ്ഞാൽ മതിയാവും.
ചരിത്രാതീതകാലത്തെ മാനുഷികസന്ധാരങ്ങളും ഉത്തരാധുനിക സങ്കീർണ്ണതകളുടെ അടിസ്ഥാന ഘടകങ്ങളും ഒന്നിക്കുന്ന നാഗരികതൾ വിവിധ പ്രവാചക ഗാഥകളിലായി ഖുർആൻ കഥകളിലെടുക്കുകയായിരുന്നു. 
ബിംബാരാധനയുടെ വകഭേദങ്ങളായ ധാരാളം മതങ്ങൾ ലോകത്ത് കാണാം ,ഹൈന്ദവതയടക്കം. 
വിഗ്രഹപൂജയും ആൾദൈവാവതാരവും പ്രകൃതിവാദവും പലരൂപങ്ങളിൽ ലോകത്തുണ്ടായിട്ടുണ്ട്. ഇബ്റാഹീം , യൂസുഫ് ( അ ) മിൻ്റെ കഥകളിലൂടെ ഖുർആൻ അവ പരാമർശിക്കുന്നു. 
നിരീശ്വരവാദിയായിരുന്നു ബ്ലാക്ക് മാജിക്ക് കൊണ്ട് മിറാക്കിൾസിനെ മറികടക്കാൻ ശ്രമിച്ച ഫറവോനും കൂട്ടരും .മെറ്റാഫിസിക്കലിസത്തെ തികഞ്ഞ ഭൗതികവാദിയായിരുന്ന റംസീസ് രണ്ടാമനും മൂസ (അ ) മും തമ്മിലുള്ള സംഭാഷണവും തുടർന്ന് അല്ലാഹു നടത്തുന്ന പ്രാപഞ്ചിക പ്രഖ്യാപനങ്ങളും നവനാസ്തികതയെ പോലും നേരിട്ട്  സ്പർശിക്കുന്നതാണ്. 
അരിസ്ട്രോക്രസിയുടെയും മോബോക്രസിയുടെയും അപൂർണ്ണതകൾ പലയിടങ്ങളിലായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു
രണ്ട്: ലോകമാനവരാശിയെ മൊത്തത്തിൽ നിയന്ത്രിക്കാൻ ചില സാമ്പിളുകൾ മാത്രം മതിയാവുക , സാർവ്വജനീനത്വം നഷ്ടപ്പെടാതെ അത്തരം നിർണ്ണിത സാമ്പിളുകൾ കാലാതിവർത്തിയായി നിലകൊള്ളുക എന്നത് ചിന്തിക്കുന്നവരെ അല്ലാഹുവിലേക്ക് നയിക്കും. 
മൂന്ന്: ഖുർആൻ പരാമർശിച്ച 25 പേരിൽ ആദം ,ഇദ്രീസ് ,ശീസ് ,നൂഹ് (അ) എന്നിവർ മനുഷ്യനാഗരികതയുടെ പ്രപിതാക്കൾ കൂടിയാണ്. അവരില്ലാതെ രിസാലതിൻ്റെ ആദ്യമധ്യാന്തം സമ്പൂർണ്ണമാവില്ല .
നബി(സ്വ) ഇബ്റാഹീമീ താവഴിയിലാണ് ജനിക്കുന്നത്.  സ്വാഭാവികമായി ആ വഴികളിലുള്ള പ്രവാചകന്മാർക്ക് പ്രമേയ പ്രസക്തി കൂടുതലാണ്. ഇസ്മാഈൽ ,ഇസ്ഹാഖ്  (അ) എന്നീ രണ്ട് മക്കളായിരുന്നു ഇബ്റാഹീം (അ) മിന് ഉണ്ടായിരുന്നത്. ലൂത്വ് ( അ ) ബന്ധുവായിരുന്നു. 
അവരിൽ , അറബികളും ഖുറൈഷികളും വിടരുന്നത് ഇസ്മാഈൽ (അ) വഴിയും ഇസ്റായേലീ പ്രവാചകന്മാർ വരുന്നത് ഇസ്ഹാഖ് (അ) വഴിയുമാണ്. അയ്യൂബ് , മൂസ ,ഹാറൂൺ , യഅ'ഖൂബ് ,യൂസുഫ് , ദാവൂദ് ,സുലൈമാൻ ,ഇൽയാസ് ,സകരിയ്യ ,യഹ്യ ,അൽയസ , ഈസ (അ) എന്നിവർ ഒരു വംശാവലിയുടെ ഭാഗമാവും. ഇവരെ സംബന്ധിച്ച് പലതരത്തിലുള്ള അറിവുകളുള്ള ക്രിസ്ത്യാനികളോടും യഹൂദരോടും അറബികളോടും സംസാരിക്കുന്ന അന്ത്യപ്രവാചകന് അവരുടെ സ്ഥിതിവിവര ജ്ഞാനം അനിവാര്യമായിരുന്നു. 
നാല്: ബൈബിളിലുള്ളവയേ ഖുർആനിലുള്ളൂ എന്ന ആരോപണം ആരോപണമല്ല .ജ്ഞാനങ്ങളുടെ - രിസാലതിൻ്റെ ഉറവിടം  ഏകമാണെന്നതിൻ്റെ ദൃഷ്ടാന്തമാണ്. എന്നാൽ അപ്പറഞ്ഞത് ശരിയുമല്ല. ഇന്ന് ലഭ്യമായ 67 ബൈബിൾ ഭേദങ്ങളിലും വരാത്ത പ്രവാചകന്മാർ തന്നെ ഖുർആനിലുണ്ട്. 
അറബികളായിരുന്ന സ്വാലിഹ് ,ഹൂദ് ,ശുഐബ് (അ) എന്നിവർ നേരിട്ടും ഖിദ്ർ ( അ ) പരോക്ഷമായും ഖുർആനിൽ വന്നിട്ടുണ്ട്.
ഗുഹാവാസികളായിരുന്ന ഏഴു യുവാക്കൾ ബൈബിളിലില്ല ,ദാർശനികനായിരുന്ന ലുഖ്മാനുൽ ഹകീം (റ) , തുർക്കിയിലെ ചക്രവർത്തിയും പ്രവാചകനുമായിരുന്ന ദുൽഖർനൈൻ എന്നിവരും ബൈബിളിലില്ല. 
അഞ്ച്: മിഡിലീസ്റ്റിന് പുറത്തുള്ള പ്രദേശങ്ങൾ സാന്ദർഭികമായി ഖുർആനിൽ വന്നിട്ടുണ്ട്. 
ഖിദ്ർ (അ ) മിനെ മുസ (അ) സന്ധിച്ച കടൽത്തീരം അറ്റ്ലാൻ്റിക് സമുദ്രവും മെഡിറ്ററേനിയൻ സമുദ്രവും കൂട്ടിമുട്ടുന്നയിടത്ത് വെച്ചാണ്. പ്രവാചകൻ ദുൽകിഫിൽ പേർഷ്യയിലെ ചക്രവർത്തി കൂടിയായിരുന്ന Cyres ആവാനുള്ള സാധ്യത ചരിത്രത്തിലുണ്ട്. 
അഫ്ഗാനിസ്ഥാനിലെ കപില വാസിയായ മനുഷ്യൻ എന്ന വ്യാഖ്യാനവും അദ്ദേഹത്തെ കുറിച്ചുണ്ട്. കപിലവസ്തുവിലെ രാജകുമാരനായിരുന്ന സിദ്ധാർത്ഥ് എന്ന ഗൗതമൻ തന്നെയായിരുന്നു ദുൽകിഫിൽ എന്ന തരത്തിൽ ചരിത്രഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആധികാരികമല്ല .
സൂറ: ബഖറയുടെ പതിനേഴാം വചനത്തിൽ സൂചിപ്പിച്ച റാന്തലുകാരനായ മനുഷ്യൻ സൗരാഷ്ട്ര Zoroaster എന്ന പേർഷ്യൻ പ്രവാചകനായിരുന്നു എന്നും കാണാം. 
അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് വരുന്ന ആളുകളെ റാന്തൽ വെട്ടത്തിലിരുന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നത്രെ. 
പിൽക്കാലം ,അതിൻ്റെ അടിസ്ഥാനം മാറ്റി അഗ്നിയാരാധനയായും സൂര്യനമസ്ക്കാരമായും പരിണമിക്കുകയായിരുന്നു.
ഖുർആൻ പറയുന്ന ആദ് ,സമുദ് ,തുബ്ബഅ' ,റസ്സ് എന്നീ നാല് ഗോത്ര പ്രദേശങ്ങളെ സംബന്ധിച്ചും വ്യത്യസ്ത വിവരങ്ങളുണ്ട്. റസ്സ് ഇന്ത്യയിൽ നിലനിന്നിരുന്ന മോഹൻജദാരോ ഹാരപ്പൻ നാഗരികതയാണെന്ന വീക്ഷണവും കൂട്ടത്തിലുണ്ട്. മീഡിലീസ്റ്റിന് വെളിയിലുള്ള യൂറോപ്യൻ വൻകരയുടെ ഭാഗമായിരുന്ന കോൺസ്റ്റാൻ്റിനോപ്പിൾ പല പ്രവാചകന്മാരുടെയും തട്ടകമായിരുന്നു.
ഖുർആൻ വിശദീകര ഗ്രന്ഥങ്ങൾ കൂടി അവലംബിച്ചാൽ അക്കാര്യം വ്യക്തമാവും. 
ആദം (അ ) ഇന്ത്യയിലൂടെ ജിദ്ദയിലെത്തി കുടുംബസമേതം ആദനിലേക്ക് Eden ( തുർക്കി) കുടിയേറിയതായി ചരിത്രത്തിലുണ്ട്. 
ശീസ് (അ) തുർക്കിയിലേക്ക് തന്നെ നിയുക്തനായി .
ഹാബീൽ ദക്ഷിണേഷ്യയിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു. അനൗസ് ,മഹ്ലബീൽ ,ഖിനാൻ തുടങ്ങിയവരും ആ മേഖലയിലെ പ്രവാചകന്മാരായിരുന്നുവെന്ന് കാണാം .ഇദ്രീസ് (അ) ബാബിലോണിയയിലേക്കും പിന്നീട് ഈജിപ്തിലേക്കും നിയുക്തനായി. നൂഹ് (അ) മിൻ്റെ പ്രബോധന പരിധിയിൽ ഇന്ത്യയിലെ കുഷ് പ്രവിശ്യ ( ഹിന്ദുകുഷ് ) ഉൾപ്പെട്ടിരുന്നു. 
രാമ ,ഷേബ, ഏല തുടങ്ങിയ നാമങ്ങളിലുള്ള അദ്ദേശീയരായ പ്രവാചകന്മാരെ സംബന്ധിച്ച പരാമർശവും കാണാം .ആര്യമിത്തിലെ ബ്രഹ്മയെ  ഇബ്റാഹീം (അ)നോട് തുലനപ്പെടുത്തി വായിച്ചവരും ഉണ്ട്. ആർകൻസദ ,ജറാദ് ,ലാമുക് ,മെതുസ്വലഹ് ,പെലഗ്, രാവു ,ജുജ തുടങ്ങിയ നാമങ്ങളിലുള്ള പ്രവാചകന്മാരെ സംബന്ധിച്ച പരാമർശങ്ങൾ കാണാം .അവയൊന്നും കൃത്യമായ ചരിത്രപരത ഉള്ളവയല്ല ,അതിനാൽ അന്തിമതീർപ്പ് സാധ്യവുമല്ല. പക്ഷെ ,നൂറ് ഏടുകൾ അല്ലാഹു അവതരിപ്പിച്ചു എന്നത് ഇസ്ലാമിക വിശ്വാസമാണ്. അവയേറ്റുവാങ്ങിയ പ്രവാചകരിലൂടെയാണ് ലോകത്ത് ജ്ഞാനങ്ങളും ശാസ്ത്രങ്ങളും ഉടലെടുത്തത്. യവന തത്വാചാര്യന്മാരിലെ പലരും പ്രവാചകന്മാരായിരുന്നുവെന്ന് കാണാം.
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us