loader
blog

In Quranic

By Shuaibul Haithami


മതനിരാസം : പ്രത്യാഖ്യാനത്തിൻ്റെ ഖുർആനികത






എല്ലാതരം ഭൗതികവാദങ്ങൾക്കും പൊതുവായി കാണപ്പെടുന്ന ന്യൂനത അജ്ഞാതമായ കാര്യങ്ങൾക്ക് മുൻധാരണയോടെ തീർപ്പ് കൽപ്പിക്കുന്നുവെന്നതാണ്. പദാർത്ഥപരമായ പ്രപഞ്ചത്തിലെ ഓരോ അംഗവും അതിൻ്റെ അസ്ഥിത്വത്തിൽ തന്നെ അഞ്ച് അപൂർണ്ണതകൾ ഉൾവഹിക്കുന്നുണ്ട്. 

സിദ്ധികളുടെ പരിമിതി , ഗുണങ്ങളുടെ പരിവർത്തനം , അസ്ഥിത്വത്തിൻ്റെ പരസ്പരാശ്രയത്വം, പ്രതിഫലനത്തിലെ സോപാധികത്വം ,അനുഭവത്തിലെ ആപേക്ഷികത എന്നിവയാണവ. 

അപ്പറഞ്ഞയഞ്ചും ദ്രവ്യപദാർത്ഥം തന്നെയായ മനുഷ്യനും ബാധകമാണ്. 

എന്നാൽ , പരിമിതി എന്ന പൊതുത്വത്തിനപ്പുറത്ത് മനുഷ്യന് പദാർത്ഥേതരമായ മറ്റു ചില സാധ്യതകൾ കൂടിയുണ്ട്. ഭൗതികവാദം ആദ്യഭാഗത്തെ അഹങ്കാരത്തോടെ പരിമിതികളെ കുറിച്ച് മൗനമവലംബിക്കുകയും പദാർത്ഥതര സാധ്യതകളെ നിരാകരിക്കുകയോ അല്ലെങ്കിൽ അവയെ കൂടി ഭൗതികപരതക്കകത്താക്കുകയോ ചെയ്യുന്നു. 

ഈ രണ്ട് സമീപനങ്ങളും ഇസ്ലാമിൻ്റെ തൗഹീദിനും രിസാലതിനും വിരുദ്ധമാണ്.

കാരണം , പദാർത്ഥീന പ്രാതിഭാസികതകളുടെയും പദാർത്ഥീത പരമാർത്ഥങ്ങളുടെയും നിമിത്തങ്ങൾക്ക് പിറകിലെ ഏകത്വമാണ് അല്ലാഹു . പദാർത്ഥങ്ങൾക്കപ്പുറവും പദാർത്ഥമാണെന്ന (Matter and Daark Matter ) ഭൗതികവാദം അത്തരമൊരു നിമിത്തങ്ങളുടെ സൂത്രധാരനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. 

അത്പോലെ , മനുഷ്യൻ്റെ ഇന്ദ്രിയങ്ങളുടെയും മസ്തിഷ്കത്തിൻ്റെയും പരിമിതികൾ ഭൗതികയാഥാർത്ഥ്യമായി തൊട്ടുമുമ്പിലുണ്ടായിട്ട് കൂടി മനുഷ്യജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലെ അജ്ഞാത കാര്യങ്ങളെ കുറിച്ചും ധാർമ്മിക ബോധസാംക്രമണത്തിൻ്റെ ആദിനിദാനങ്ങളെ സംബന്ധിച്ചുമുള്ള യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുന്ന ഭൗതികേതര ജ്ഞാന സ്രോതസ് എന്ന സാധ്യതയെയും അവർ തള്ളിക്കളയുന്നു. രിസാലതിൻ്റെ നിരാകരണമാണ് സത്യത്തിൽ ഭൗതികവാദം .

ദൈവാസ്തിക്യം എന്ന ആശയത്തെ മുന്നോട്ട് വെക്കുന്ന രേഖകളുടെ  കൈമാറ്റക്കൈ രിസാലതാണ്. 





ലോകം കണ്ട ഏറ്റവും ശക്തരായ രണ്ട് ഭൗതികവാദികളെ വിശുദ്ധഖുർആൻ പരിചയപ്പെടുന്നത് ശ്രദ്ധിച്ചാൽ അക്കാര്യം ബോധ്യമാവും. ഈജിപ്തിലെ ഫറവോനായിരുന്ന റംസീസ് രണ്ടാമതും അതിസമ്പന്നനായിരുന്ന ഖാറൂനും. ഫിസിക്കലിസത്തിൻ്റെ അകത്ത് നിന്നും മെറ്റാഫിസിക്കലായ ദൈവത്തിൻ്റെ അസ്ഥിത്വം തേടുന്നുവെന്നതാണല്ലോ എക്കാലത്തുമുണ്ടായ നാസ്തികതയുടെ പ്രധാന പ്രശ്നം. മൂസാ പ്രവാചകൻ (അ) പരിചയപ്പെടുത്തിക്കൊടുത്ത സ്രഷ്ടാവിനെ നിരാകരിക്കാൻ ഫിർഔൻ നിരത്തിയ ന്യായങ്ങൾ മുഴുവൻ ഭൗതികമായിരുന്നു. 

അമാനുഷിക സിദ്ധികളുമായി വന്ന പ്രവാചനെ ബ്ലാക്ക് മാജിക്കുകൾ കൊണ്ട് എതിരിടാൻ ശ്രമിച്ച ഫിർഔൻ നൽകുന്ന വ്യക്തമായ സന്ദേശമുണ്ട് : മൂസ കാണിക്കുന്ന കാര്യങ്ങളുടെ ഉറവിടം അഭൗമികമോ അമാനുഷികമോ അല്ല , പ്രത്യുത ഭൗതികം തന്നെയാണത് എന്നതാണത്. 

ദ്രവ്യ പ്രപഞ്ചത്തിൻ്റെ നൂറിൽ തൊണ്ണൂറ്റൊമ്പതും അജ്ഞാതമാണെന്നിരിക്കേ , മെറ്റാഫിസിക്കൽ മണ്ഡലങ്ങൾ സംഗതമല്ലെന്ന് പറയുന്നതിൻ്റെ അയുക്തികത അനാവൃതമാവാതിരിക്കാൻ വേണ്ടി , അജ്ഞാതമെന്ന വിശേഷണം കൊണ്ടുപോയി ദ്രവ്യത്തിന് തന്നെ നൽകി ( ശ്യാമദ്രവ്യം , ശ്യാമോർജ്ജം ) താക്കോൽ സംജ്ഞകളിലൂടെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ആധുനിക നാസ്തിക ഭീമന്മാരുടെ തലവനായിരുന്നു ഫറോവ . ഇത് കൂടുതൽ കൃത്യമാവാൻ , അമാനുഷിക സംഭവങ്ങളുമായി വന്ന അന്ത്യപ്രവാചകൻ മുഹമ്മദ് നബിക്ക് (

സ്വ) യെ ബഹുദൈവാരാധകരായിരുന്ന മക്കക്കാർ നൽകിയിരുന്ന പ്രത്യാഖ്യാനം ശ്രദ്ധിച്ചാൽ മതിയാവും. 

മക്കക്കാർ പദാർത്ഥപരമായ ബദൽ ജാലകവിദ്യകളിലൂടെ പ്രവചകനെ മറികടക്കാനോ ജനശ്രദ്ധ തിരിക്കാനോ ശ്രമിച്ചില്ല. മറിച്ച് , അമാനുഷികതയുടെ ഉറവിടം സത്യസന്ധമല്ല എന്നയർത്ഥം ഫലം വരുത്തുന്ന മറുവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. ചിലർ ഉന്മത്തത ആരോപിച്ച് കാതും കതകുമടച്ചു കളഞ്ഞിതിനപ്പുറം അവർ നാസ്തിക പ്രവണതകൾ കാണിച്ചിട്ടില്ല. എന്നാൽ ഫറവോനും ഹാമാനും പ്രകോപിതരായപ്പോൾ  തനി നാസ്തികശൈലിയിലേക്കാണ് നീങ്ങിയത്. 





സൂക്ഷ്മമായി നിരീക്ഷിച്ചാൽ , ആധുനിക നാസ്തികത ധാർമ്മികതയുടെ രണ്ട് ധാരകളും റംസീസ് രണ്ടാമനിൽ ചെന്ന് മുട്ടുന്നതായി കാണാം . ഒന്നാമത്തേത് കമ്മ്യൂണിസ്റ്റ് ധാർമ്മികതയാണ്. കമ്മൂണിസം ഒരു സംസ്ക്കാരമാണെങ്കിൽ അതിൻ്റെ ഭരണ നിർവ്വഹണങ്ങളും സാമൂഹിക ഇടപെടലുകളും State Facism / State Humanism ത്തിൻ്റെ രീതിശാസ്ത്രമനുസരിച്ചാണ്. അതായത് , ശരിയും ശരികേടും ഏറ്റുമുട്ടുമ്പോഴോ , കുറേ ശരികളിൽ നിന്നും ആത്യന്തികശരി കണ്ടെത്തുമ്പോഴോ അവർ ആധാരമാക്കുന്ന നിർണ്ണയം ഭരണകൂടത്തിൻ്റെ ലാഭവും ലോഭവും മാത്രമാണ്. അതാണ് കമ്മ്യൂണിസം. സംവാദാത്മകത , യുക്തിവിചാരം , ജനഹിതം , ശാസ്ത്രീയത തുടങ്ങിയ വിശകലന മാപിനികളെ താത്വികമായി തള്ളാതെ കമ്മ്യൂണിസം കൃത്വിമമായി രൂപപ്പെടുത്തി പുകമറകൾ സൃഷ്ടിക്കും. എന്നുമെവിടെയും അവർ അങ്ങനെയായിരുന്നു. ഒരുദാഹരണം പറയാം :

പരിണാമസിദ്ധാന്തം ഇപ്പോൾ ജനിതക ശാസ്ത്രത്തെ കൂടുതൽ അവലംബിക്കുന്ന നിയോഡാർവ്വീനിയൻ കാഴ്ച്ചപ്പാടുകളായി മാറി.

ഇസ്റേയേലുകാരനായ യുവാൽ നോവ ഹരാരിയുടെ നവപരിണാമ നിഗമനങ്ങൾ നാസ്തിക ലോകത്ത് വലിയ തോതിൽ സ്വീകരിക്കപ്പെടുന്നു. പക്ഷെ, ഇപ്പോഴും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലെ വർഗസ്വത്വവാദികൾ ചാൾസ് ഡാർവ്വിൻ പോലും നിരാകരിച്ച ലാമാർക്കിയൻ പരിണാമവാദത്തെ ഭാഗികമായി അംഗീകരിക്കുന്നവരാണ്. 

കാരണം , ഡാർവ്വിൻ പറയാത്ത ഒരുകാര്യം ലാമാർക്ക് പറഞ്ഞിട്ടുണ്ട് : അനേകായിരം ജീവി വർഗങ്ങളിൽ നിന്നും മനുഷ്യൻ മാത്രം പ്രകൃതിയുടെ മേൽ മേൽക്കോയ്മ നേടിയത് അവൻ്റെ അധ്വാനശീലം വഴിയാണ്. മറ്റു ജീവികളിൽ നിന്ന് പൊതുവേ വ്യത്യസ്തമായി മനുഷ്യരുടെ കൈകാൽ പള്ളകളിൽ രോമങ്ങൾ ഇല്ലാത്തത് അവിടങ്ങൾ കൊണ്ട് കൂടുതൽ അധ്വാനങ്ങൾ നടന്നത് കൊണ്ടാണെന്ന മഹത്തായ മണ്ടത്തരം ഊഹിച്ചെടുത്ത കക്ഷിയാണ് ലാമാർക്കിനിസ്റ്റുകൾ . സ്ത്രീയുടെ ശരീരത്തിൽ പൊതുവേ ഒട്ടും രോമമില്ലാത്തതും അധ്വാനിക്കാതെ മടിയന്മാരായിരിക്കുന്ന മനുഷ്യരുടെ കൈകാൽ പള്ളകളിൽ രോമങ്ങൾ തിരിച്ച് വരാത്തതും എന്തുകൊണ്ടാണെന്നതിന് ദണ്ഡ് കൊണ്ടാകാണ്ടായിരുന്നു സോവിയറ്റ് റഷ്യയിൽ മറുപടി. ജനിതക ശാസ്ത്രം സാമ്പ്രദായിക പരിണാമശാസ്ത്രത്തിൻ്റെ അടിത്തറയിളക്കുമെന്നായപ്പോൾ ജോസഫ് സ്റ്റാലിൻ തൻ്റെ രാജ്യത്ത് ജനിതക ശാസ്ത്ര പഠനം നിരോധിക്കുകയും  Trofin Lysenko യെപ്പോലുള്ള ആശ്രിത ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് കമ്മ്യൂണിസ്റ്റ് മണ്ടത്തരങ്ങളെ ഔദ്യോഗിക ശാസ്ത്രമാക്കുകയും ചെയ്യുകയായിരുന്നു. അക്കാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരുടെ മൃതദേഹങ്ങളുടെ വളാംശമായിരുന്നു ഉക്രൈനിലെ പച്ചപ്പിൻ്റെ കാരണം എന്ന് പിൽക്കാലത്ത് വിമർശന പഠനങ്ങളുണ്ടായി. പറഞ്ഞുവന്നത് ശരിതെറ്റുകൾ സ്റ്റേറ്റ് തീരുമാനിക്കുന്ന ന്യായം കേവലം മാനുഷിക ചാപല്യങ്ങൾ മാത്രമാവുന്നതിൻ്റെ പ്രാചീന മുഖമായിരുന്നു റംസീസ് രണ്ടാമൻ എന്നായിരുന്നു. 




നവനാസ്തിക ധാർമ്മികതയുടെ രണ്ടാമത്തെ നിർണ്ണയം സോഷ്യൽ ഡാർവ്വനിസം ആണ്. അതായത് , മേലാളന്മാരെ പ്രകൃതി സ്വയം നിർദ്ധരിച്ച് കണ്ടെത്തുകയാണെന്നും കീഴാളന്മാരുടെ ജീവിത ധർമ്മം തോൽവികൾ ഏറ്റുവാങ്ങലാണെന്നും സിദ്ധാന്തിക്കുന്ന വലതുപക്ഷ വംശീയ തീവ്രവാദങ്ങളുടെ അടിസ്ഥാനമാണത്. യൂജനിസം എന്ന ക്രൂരതകളുടെ രാഷ്ട്രീയവും യൂറ്റിലിറ്റേറിയനിസം എന്ന അതിയോഗ്യരുടെ ലോകക്രമവും ന്യായമാവുന്ന തത്വശാസ്ത്രമാണത്. 

അതനുസരിച്ച് ഗവൺമെൻ്റ് എല്ലാ പൗരന്മാർക്ക് വേണ്ടിയും നിയമനിർമ്മാണങ്ങൾ നടത്തേണ്ടതില്ല , ബജറ്റിൽ പണം വകയിരുത്തേണ്ടതില്ല . മറിച്ച് അവർ തന്നെ നിർമ്മിക്കുന്ന നിദാനങ്ങൾ പ്രകാരം ഉന്നതകുല ജാതരായ മനുഷ്യർക്ക് വേണ്ടി മാത്രമായിരിക്കണം ഭരണകൂടം പ്രവർത്തിക്കേണ്ടത്. അഡോൾഫ് ഹിറ്റ്ലർ Breeding of  Selected Class അഥവാ അന്നം തെരെഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം എന്ന പദ്ധതി നടപ്പിലാക്കിയത് ഈ തത്വത്തിൻ്റെ പുറത്തായിരുന്നു. അധമരുടെ ജീവിതധർമ്മം ഉത്തമർക്ക് മുകളിലേക്ക് ജയിച്ച് കയറാൻ പുറം വിരിച്ച് കൊടുക്കലാണെന്ന് ഫെഡറിക് നീത്ഷെ എഴുതിയ മനോഭാവം അതാണ്. അങ്ങനെ വിജയിക്കുന്നവരെ നീത്ഷേ SUPERMEN എന്നാണ് വിശേഷിപ്പിച്ചത്. 

ഫിർഔൻ , സ്ഥൂലകേന്ദ്രീകൃതമല്ലാത്ത വിശ്വാസഘടനയെ നിരാകരിക്കുകയും വിയോജിപ്പുകാരെ വകവരുത്തുകയും ചെയ്ത ശേഷം പ്രഖ്യാപിക്കുന്ന ഒരു കാര്യമുണ്ട് : 

" അന റബ്ബുകുമുൽ അഅ'ലാ " എന്നാണത്.

ഫിർഔൻ സ്വയം ദൈവം ചമഞ്ഞതിനർത്ഥം ,ദൈവമായി നിയന്ത്രിക്കാൻ ഞാൻ തന്നെ ധാരാളമെന്നും എൻ്റെ മുകളിലോളം വളർന്ന അജ്ഞാത ദൈവസങ്കൽപ്പം അബദ്ധമാണെന്നുമാണ് .പക്ഷെ അതിൻ്റെ സാമൂഹിക വിവക്ഷ I am the Superman - 

നീത്ഷേ പറഞ്ഞ നിയന്ത്രിക്കുന്ന മനുഷ്യൻ ഞാനാണ് എന്ന തനി ഭൗതികവാദമാണ്.

Covid 19 ൻ്റെ പ്രാരംഭ വെപ്രാളത്തിൽ പല രാഷ്ട്രങ്ങളും അതിവൃദ്ധർക്ക് ചികിൽസ വേണ്ടതില്ലെന്ന മുൻഗണനാ ക്രമം നിശ്ചയിച്ചത് അതിനനുസരിച്ചായിരുന്നു. ഇവിടെ , ഉത്തർപ്രദേശിൽ ഓക്സിജൻ സിലിണ്ടറിനായ് നെട്ടോട്ടമോടിയ മനുഷ്യരുടെ മതം പരിശോധിക്കപ്പെട്ടത് ആ വികാരത്തിന്മേലായിരുന്നു. അത്തരം വംശീയ ഭ്രാന്തിൻ്റെ അടിത്തറയായ യൂജനിസ്റ്റ് ധാർമ്മികത തന്നെയായിരുന്നു ഫിർഔനിൻ്റേതും. മനുഷ്യക്കശാപ്പിൽ വിനോദബോധം കണ്ടെത്തൽ ആ ജീനുള്ളവർക്ക് എന്നും ഹരമായിരുന്നു. 

എതിരാളികളെ എതിർ ദിശയിൽ നിന്നും കൈകാലുകൾ കീറി വധിക്കലായിരുന്നു റംസീസിൻ്റെ സവിശേഷ വിനോദം. പുകച്ച് കൊല്ല ലായിരുന്നു ഹിറ്റ്ലറിൻ്റെ രീതി. തിരിഞ്ഞുനിർത്തി പിരടിയുടെ കുഴിവട്ടത്തിലേക്ക് കാഞ്ചിവലിക്കലായിരുന്നു സ്റ്റാലിൻ്റെ രീതി. 

കാരണം , അവർക്കൊക്കെ അവരല്ലാത്ത മനുഷ്യർ പരിണാമപൂർണ്ണത എത്താത്ത അപൂർണ്ണ മനുഷ്യരോ കൊല്ലപ്പെടാൻ വേണ്ടി മാത്രം ജനിച്ചവരോ വാലില്ലാത്ത മൃഗങ്ങളോ മാത്രമായിരുന്നു. തത്വശാസ്ത്രമില്ലാത്ത ഏത്  സംഘർഷവും താൽക്കാലികമായിരിക്കും. വിരോധ വിസർജ്ജനങ്ങളുടെ തത്വശാസ്ത്രങ്ങളുടെ പിൻബലം വെച്ച് മനുഷ്യരെ രണ്ട്തരമാക്കുന്നവരുടെ വിഭ്രാന്തികൾ സാർവ്വജനീനവും. 




മൂസ ( അ ) വളരെ യുക്തിഭദ്രമായാണ് ഭൗതികവാദത്തെ നേരിട്ടത്. ആരാണ് താങ്കളുടെ രക്ഷിതാവ് എന്ന ഫിർഔനിൻ്റെ ചോദ്യത്തിന് പ്രവാചകൻ നൽകിയ മറുപടി ദൃശ്യപ്രപഞ്ചത്തിലെ അടയാളങ്ങളുടെ അടിസ്ഥാനമാണ് തൻ്റെ നാഥൻ എന്നായിരുന്നു. 

" ഞങ്ങളുടെ നാഥൻ എല്ലാ വസ്തുക്കൾക്കും ഉണ്മ നൽകിയവനും പിന്നീടവക്ക് സ്വതസിദ്ധമായ വഴികൾ നിർണ്ണയിച്ചവനും ആകുന്നു " എന്ന മറുപടി അക്കാലത്തിൻ്റെ മനോഘടനയുടെ പരിഛേദം കൂടിയായിരുന്നു.

അതിനെതിരെ ഭൂമിയിൽ സ്വർഗസമാന സൗകര്യമൊരുക്കി വാഗ്ദത്ത സ്വർഗവും ഹൂറിയും മിഥ്യ എന്ന പരിഹാസ രാഷ്ട്രീയമണിയുകയായിരുന്നു ധൃഷ്ടനായ ഏകാധിപതി. ഒടുവിൽ , മുസ്ലിംകൾ വിശ്വസിക്കുന്ന അല്ലാഹുവിനെ വധിക്കാൻ പരമാവധി ഉയരമുള്ള കോട്ടകെട്ടി ആകാശത്തേക്ക് അമ്പെയ്ത ഫിർഔനിൽ നിന്നും ഇക്കാലത്തെ തനി ഭൗതികവാദികളെ കണ്ടെത്താം. കാരണം , പദാർത്ഥാധീന വ്യവഹാര മാധ്യമങ്ങളായ ശാസ്ത്രം കൊണ്ട് അതിനധീതമായ സ്രഷ്ടാവിനെ അന്വേഷിക്കുന്നത് പൊട്ടത്തരമാണെന്ന് എത്ര പറഞ്ഞാലും മനസ്സിലാവാത്തവരുടെ നേതാവായിരുന്നു ഫിർഔൻ .





ഭൗതികവാദികൾക്കെതിരെ ഒരുക്കേണ്ട സംവാദാത്മകതയുടെ ഘടന സൗമ്യമായിരിക്കണം എന്ന് കൂടി ഖുർആൻ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. 

സഹോദരനായ ഹാറൂൺ (അ) മിനൊപ്പം ഫിർഔനിൻ്റെ തട്ടകത്തിൽ ചെന്ന് വസ്തുത പറയാൻ പറഞ്ഞയക്കപ്പെടുന്ന മൂസ (അ) മിനോട് അല്ലാഹു പറയുന്നത്: ഖൂലാ ലഹു ഖൗലൻ ലയ്യിനൻ " അഥവാ നിങ്ങളിരുവരും അയാളോട് സ്മിത ഭാഷണം നടത്തുക എന്നായിരുന്നു. ലഭിച്ച ഐഹികനേട്ടമെല്ലാം തൻ്റെ കർമ്മാർജ്ജിത വിഭവങ്ങളാണെന്നും അല്ലാഹു മിഥ്യയാണെന്നും ജൽപ്പിച്ച ഖാറൂറിനോട് പ്രവാചകൻ സംസാരിച്ച ഭാഷയും മിതമായിരുന്നു .മിതത്വമാണ് മതത്വം .

ഗുണകാംക്ഷയും അവധാനതയും സൗമ്യതയും കൊണ്ടേ അഹംഭാവം കനത്തുകല്ലിച്ച ഭൗതിക ഹൃത്തരെ ഉണർത്താൻ സാധിക്കുകയുള്ളൂ. 

ഉത്തരം മുട്ടിക്കുന്ന ഒച്ചപ്പാടുകളല്ല, ഉളളം തുറപ്പിക്കുന്ന കാഴ്ച്ചപ്പാടുകളാണ് പ്രവാചക വഴി.






ഇസ്ലാമികവിശ്വാസ പ്രകാരം ഒരു മനുഷ്യന് സാധിക്കുന്ന ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവർത്തനം അല്ലാഹുവിലേക്ക് ജനങ്ങളെ നയിക്കുക എന്നതാണ്. 

കാരണം , ശാശ്വതമായ ജയപരാജയം , രോഗാരോഗ്യം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. 

അന്ത്യപ്രവാചകന്റെ നിയോഗത്തെ സംബന്ധിച്ച് : " സർവ്വലോകങ്ങളുടെയും കാരുണ്യസത്ത " എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. പുണ്യനബി (സ്വ) യുടെ കാരുണ്യം വിശദീകരിക്കുമ്പോൾ തത്വദീക്ഷയില്ലാതെ ചിലർ , അവിടന്ന് മാനിനോടും ആടിനോടും കിളിയോടും ഒട്ടകത്തോടും തേളിനോടും പിന്നെ പെൺകുട്ടിയോടും അടിമക്കുട്ടിയോടുമൊക്കെ  കാണിച്ച ഭൗതികമായ ദയാവായ്പുകളെ ഉദാഹരിച്ച് വിശദീകരിക്കാറുണ്ട് . 

എന്നാൽ , ഖുർആൻ ഉന്നയിച്ച കാരുണ്യത്തിന്റെ മർമ്മം ,

അവിടന്ന് ജനങ്ങളോട് 

" നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ , നിങ്ങൾ വിജയിക്കട്ടെ ! " എന്ന് പറഞ്ഞ് കൊണ്ടേയിരുന്നതാണ് . പരലോകവും രക്ഷാശിക്ഷയുമുള്ള മനുഷ്യവർഗത്തിന് ബാധിക്കാവുന്ന ഹൃദയ രോഗങ്ങളെ  ചികിൽസിച്ചതാണ് നബി (സ്വ) ചെയ്ത ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം .

ആ അർത്ഥത്തിൽ സത്യ പ്രബോധകരാണ് ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകർ. ബാക്കിയൊക്കെ അതിന്റെ ഭാഗങ്ങൾ മാത്രമാണ് .




പറഞ്ഞുവന്നത് : സത്യം കണ്ടെത്താൻ കഴിയാത്തവരോട് പുണ്യനബി (സ്വ) കാത്ത് സൂക്ഷിച്ച ആത്യന്തിക വികാരം ശത്രുത ആയിരുന്നില്ല . കരുണയും സഹതാപവുമായിരുന്നു. 

ആ കാരുണ്യ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയവരെ സംബന്ധിച്ച് മാത്രമേ ശത്രുക്കൾ എന്ന് പറഞ്ഞിട്ടുള്ളൂ . ആ പറഞ്ഞതാകട്ടെ യുദ്ധഭൂമിയിൽ മാത്രമാണ് താനും , ആപേക്ഷികമാണെന്നർത്ഥം .

അതേ സമയം , പിശാചിനെ ഖുർആൻ നിരപേക്ഷ ശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ട്. 

കാരണം , പിശാചിന്റെ പ്രകൃതം തിന്മയാണ്. 

മനുഷ്യന്റെ നൈസർഗിക പ്രകൃതം നന്മയാണ് , ഏത് നിമിശവും ഏത് വഴി തെറ്റിയ മനുഷ്യനും അത് തിരിച്ച് പിടിക്കാൻ സാധിക്കും .




അതിനാൽ , വഴിപിഴച്ചവരോ വഴിയെ പിഴപ്പിച്ചവരോ ശത്രുക്കളല്ല. സഹതാപവും കരുണയും അർഹിക്കുന്നവരാണ്.

ശരീരം രോഗഗ്രസ്തരായവരേക്കാൾ ദയയർഹിക്കുന്നത് മസ്തിഷ്ക ജ്വരം ബാധിച്ചവരാണ് , അതാണ് കാര്യം .





ഇനി , അത്തരക്കാരെയല്ല , മറിച്ച് അവരുടെ  പ്രത്യയശാസ്ത്രത്തെയാണ് ശത്രുതയോടെ കാണുന്നത് എന്ന് പറയുന്നതിനും അർത്ഥമില്ല. കാരണം, വിപരീത പ്രത്യയ ശാസ്ത്രങ്ങളെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കാതെ സ്വന്തം പ്രത്യയ ശാസ്ത്രം മാത്രം പറയാനും ആവശ്യമാണെന്ന് വന്നാൽ മാത്രം അവയെ സംവാദാത്മകമായി കാണാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. 

അവിടെയും അവയെ പരിഗണിക്കേണ്ടതുണ്ടെന്നതിനാലാണ് ഇതര ദൈവങ്ങളെ ചീത്ത വിളിക്കരുതെന്ന് ഖുർആൻ പറഞ്ഞത്. സംവാദാത്മകമായി അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കലും ശത്രുതയോടെ എതിർക്കലും രണ്ടും രണ്ടാണ്.

മക്കക്ക് പുറത്തെ മിഡിലീസ്റ്റിലോ ചിന്താവിപ്ലവങ്ങളുടെ യവന പ്രദേശങ്ങളിലോ ഖുർആൻ അവതരിക്കാതിരുന്നതിന്റെ പൊരുളുകളിലൊന്ന് അനാവശ്യ തർക്കങ്ങൾക്ക് ഇടം കൊടുക്കാതിരിക്കുക എന്നതായിരുന്നു. കാരണം , പുണ്യ നബിക്ക് ഇതര വേദക്കാരുമായും ഗ്രീക്ക് താർക്കികന്മാരുമായും വാഗ്വാദം നടത്താനേ അപ്പോൾ നേരം കിട്ടുമായിരുന്നുള്ളൂ,

ഉദാത്തമായൊരു ജീവിത രീതി ഡിസ്പ്ലേ ചെയ്യാൻ കഴിയാതെ പോവുമായിരുന്നു. 

സ്വന്തം അജണ്ട തീരുമാനിക്കാൻ മറ്റുള്ളവരെ സമ്മതിക്കാതിരുന്ന ജാഗ്രതയാണ് വിജയിച്ച മുഹമ്മദ് (സ്വ) .







വാഗ്വാദമല്ല ജീവിതമാണ് വഴി. 




ഇക്കാര്യം പരിശോധിക്കാൻ നമുക്ക് മുസ്ലിം ലോകത്തെ വിശകലന വിധേയമാക്കാം. 

മതപ്രബോധനം രാജഭരണകൂടം നേരിട്ട് നടത്തുകയും മതനിരാസം രാജ്യദ്രോഹമാക്കുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യ.

അന്താരാഷ്ട്ര സാമൂഹികഹിത വിശകലന ഏജൻസിയായ ഗാലപ്പ് ഇന്റർനാഷണൽ 2018 ൽ നടത്തിയ സർവ്വേ പ്രകാരം 19 % സൗദി പൗരന്മാർ മതമൊഴിവാക്കിയ (Unpracticing )വരും അവരിൽ തന്നെ 5 % നാസ്തികതയിലേക്ക് എത്തിച്ചേർന്നവരുമാണ്. ASQA ( ഓസ്ട്രേലിയൻ വിദ്യാഭ്യാസ ഏജൻസി )  യൂറോപ്പിൽ വിദ്യാഭ്യാസം ചെയ്യുന്ന സൗദിക്കാരായ 18 - 24 വയസ്സുകാർക്കിടയിൽ നടത്തിയ സർവ്വേ പ്രകാരം 91 % പേരും MBS ( മുഹമ്മദ് ബിൻ സൽമാൻ ) ന് കീഴിൽ സൗദി ലിബറൽ ഇസ്ലാമിക് രാജ്യമാകട്ടെ എന്ന് പ്രത്യാശിക്കുകയായി. യു എ ഇ , ഖത്തർ , കുവൈത്ത് തുടങ്ങിയ ഗൾഫ് , മുസ്ലിം രാഷ്ട്രങ്ങളിൽ 2 - 4 % പേർ നാസ്തികത വരിച്ചുവെന്നാണ് Gallup ന്റെ  കണക്കുകൾ .

അവിടങ്ങളിലൊക്കെ നാസ്തിക ക്രിമിനൽ കുറ്റമാണ് താനും . ഇറാക് , ഇറാൻ , ടുണീഷ്യ ,മൊറോക്കോ , സുഡാൻ , മലേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളുടെ ശരാശരിയേക്കാൾ മുകളിലാണത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഈജിപ്തിലെ കണക്കുകളും ഒട്ടും കുറവല്ല . 2014 ൽ  , അൽ അസ്ഹറിലെ ഗവേഷകരുടെ കീഴിൽ രാജ്യത്തെ മതകാര്യ സമിതിയായ ദാറുൽ ഇഫ്താഅ' വ്യത്യസ്ത തുറകളിലുള്ള 60000 ചെറുപ്പക്കാർക്കിടയിൽ നടത്തിയ അന്വേഷണ പ്രകാരം 10 - 12 % പേർ Non Religious ആയി ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കപ്പെടുകയുണ്ടായി.

അതേവർഷം , അൽ അസ്ഹറിലെ അധ്യാപകനായ അഹ്മദ് അൽ ത്വയ്യിബ് ഔദ്യോഗിക ടെലിവിഷൻ ചാനലിൽ വന്ന് മതനിരാസം സാമൂഹിക ദ്രോഹമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

അപ്പറഞ്ഞ സൗദിയിൽ എയ്തിസത്തിനെതിരെ ഭരണകൂടം അക്കാദമിക മണ്ഡലങ്ങളിൽ  നേരിട്ട് പ്രബോധന ക്യാമ്പയിനും നടത്തുന്നുണ്ട് .ഏറ്റവും ശക്തമായ ഇസ്ലാമിക പശ്ചാത്തലമുണ്ടായിട്ടും ഭരണകൂടത്തിന്റെ ചാരക്കണ്ണുകൾ തുറന്നിട്ട ലോകമായിട്ടും സോഷ്യൽ മീഡിയകളിലെ നാസ്തിക ഗ്രൂപ്പുകൾക്ക് നൂറ് മുതൽ 7 ആയിരം വരെ അംഗബലം ലഭിക്കുന്നുവെന്നാണെങ്കിൽ  അതിന്റെ കാരണം ആലോചനീയമാണ്. 


മൂന്ന്കാരണങ്ങളാണ് അവിടത്തെ പണ്ഡിതന്മാരും നിരീക്ഷകരും ആ രാജ്യത്തിന്റെ പുറത്ത് നിന്ന് പങ്കുവെച്ചതായി കണ്ടത്.


ഒന്ന് :ഒരേസമയം,  മുഹമ്മദ് ബിൻ സൽമാൻ മതനിരാസത്തിനെതിരെ നിയമനിർമ്മാണം നടത്തുകയും രാജ്യത്ത് ലിബറൽ ജീവിത രീതികൾക്ക് പരവതാനി വിരിച്ച് കൊടുക്കുകയും ചെയ്യുന്നു. 

സത്യത്തിൽ , MBS ഒരു യൂറോപ്യൻ നിർവ്വചിത ആധുനികൻ അല്ല .2030 ആവുമ്പോഴേക്കും ലോകത്തെ പത്തിലൊരു സാമ്പത്തിക ശക്തിയായ് വളരണമെങ്കിൽ സാമ്പ്രദായിക എണ്ണക്കച്ചവടത്തിനപ്പുറം വ്യവസായ - വിനോദ സൗഹൃദരാജ്യമായി യൂറോപ്യർക്ക് മുമ്പിൽ സൗദിയെ ചമയിച്ച് നിർത്തലാണ് രാജകുമാരന്റെ ലക്ഷ്യം . സൗദിക്കാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന തൊഴിൽ ഭേദഗതികൾ , ലിംഗാതീത അവസരസമത്വങ്ങൾ അഥവാ Liberization and Openness എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച മാറ്റങ്ങൾ തുടർച്ചയായ് അവിടെ വരുന്നു. 

Manhel Otaibi യെ പോലുള്ള സൗദി ഫെമിനിസ്റ്റുകൾ ബാറിൽ നിന്ന് മദ്യം നുണയുന്ന വീഡിയോ എയറിലിടുന്ന സമയത്ത് തന്നെയാണ് ആ സൗകര്യം ചെയ്ത് കൊടുക്കുന്ന അതേ ഭരണകൂടം LGBTQ + ക്യാമ്പയിനും എയ്തിസവും ഭരണകൂട വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത് എന്നതാണ് കൗതുകം. 


അതായത് , ജീവിതത്തിൽ പടിഞ്ഞാറൻ മൂല്യങ്ങൾ ചേർത്തും പേർത്തും വെക്കുന്നവർക്ക് മതനിരാസ പ്രവണതയെ ചെറുക്കാനാവില്ല , എന്ന് മാത്രമല്ല , അവരോടുള്ള ദേഷ്യം , മതം വിട്ട് പ്രകടിപ്പിക്കുന്ന രാഷ്ടീയം വളരുകയും ചെയ്യും .സാംസ്ക്കാരിക ന്യൂനപക്ഷങ്ങൾക്ക് സ്വന്തം മൗലിക സംസ്ക്കാരങ്ങളേക്കാൾ വിസിബിലിറ്റി കൊടുത്ത് കൃത്വിമമായ സെമിസെക്യുലർ പരിവേഷം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ വിന എന്ന്  അതിനെ വിശേഷിപ്പിക്കാം. 


രണ്ട് :മിഡിലീസ്റ്റ് കേന്ദ്രീകരിച്ച് നടന്ന മുല്ലപ്പൂ വിപ്ലവത്തിന് ശേഷമാണ് ഗൾഫ് മേഖലയിൽ മതനിരാസ പ്രവണത വർദ്ധിച്ചത് എന്ന നിരീക്ഷണമാണ് പലരും മുന്നോട്ട് വെക്കുന്നത്. അതിന് പിറകിൽ രണ്ട് പേരണകൾ ഉണ്ട്. 

ഒന്നാമതായി , വിപ്ലവാനന്തരം തങ്ങളുടെ രാജ്യത്തെ യുവാക്കളുടെ ചെറിയചെറിയ സംഗമങ്ങൾ പോലും ഭരണകൂടം സാകൂതം നിരീക്ഷിക്കാൻ തുടങ്ങി. ഭരണവിരുദ്ധ സംസാരങ്ങളും വിപ്ലവബോധവും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്കിടയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ സർക്കാർ അടിച്ചമർത്തലിനേക്കാൾ നല്ലവഴി വിനോദാവസരങ്ങൾ വർദ്ധിപ്പിച്ച് കൊടുത്ത് കെട്ടിക്കിടക്കുന്ന സമയവിഭവോർജ്ജം ആ വഴികളിൽ ഗതിതിരിച്ച് വിടാൻ ആസൂത്രണങ്ങൾ നെയ്യുകയായിരുന്നു. 

അതിന് ശേഷമാണ് , നടേപ്പറഞ്ഞ Libarization വാണിജ്യമേഖലയിൽ നിന്ന് സാംസ്കാരിക രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചത്.

ഇതര നാടുകളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് തോന്നിയത് പോലെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനായ് സ്വന്തം ഖജനാവ് കാലിയാക്കുകയും , അതേ ജീവിതത്തോട് തോന്നുന്ന അഭിനിവേഷം സ്വന്തം ജനതക്ക് നിഷേധിക്കുകയോ അസ്ഥാനത്ത് മതം  പറഞ്ഞ് നിരുൽസാഹപ്പെടുത്തുകയോ ചെയ്യുന്നതിന്റെ റീയാക്ഷനാണ് അവിടങ്ങളിലെ മതനിരാസം .

രണ്ടാമതായി ,ആർക്കും ആരോടും ബഹുമാനമോ വിശ്വാസമോ പണ്ഡിതന്മാരോട് ആദരവോ ഇല്ലാതാവും വിധം മുല്ലപ്പൂ വിപ്ലവാനന്തര രാഷ്ടീയം അവിടെ മാറിമറിഞ്ഞു. ഈജിപ്തിൽ Pro & Anti ബ്രദർഹുഡ് എന്നിങ്ങനെ പണ്ഡിതന്മാർക്ക് ഫാൻസുകൾ രൂപപ്പെട്ട് ' പ്രധാനശത്രു ' ആരാണെന്ന കാര്യത്തിൽ തർക്കിച്ച് സ്വയം ശത്രുക്കളായി . ഫലത്തിൽ 12 ശതമാനത്തോളം പേർ എയ്തിസത്തിന്റെ പടിപ്പുരയായ Non Religious ഘട്ടത്തിലെത്തി. 

എന്നാൽ ബൗദ്ധിക ക്യാമ്പയിനുകൾക്ക് അവിടെ ഒട്ടും പഞ്ഞമില്ല താനും . മുഹമ്മദ് മുർസിയുടെ ഇസ്ലാമിസ്റ്റ് ടീം സാമ്പ്രദായിക മുസ്ലിം വോട്ട് നേടാതിരിക്കാനായ് അവരേക്കാൾ വിപുലമായ മതസംരക്ഷണ നിയമങ്ങളാണ് കൃത്ര്വിമമായി പുതിയഭരണകൂടം കൊണ്ടുവരുന്നത്. 

ഇയ്യിടെ പിടിക്കപ്പെട്ട 

മതനിരാസകർ രഹസ്യസംഗമങ്ങൾ നടത്തിയിടുന്ന ഒരു കഫേയുടെ ചുവരിൽ അവർ പൊറുതിമുട്ടി ഇങ്ങനെ കുറിച്ചിട്ടു :

" Even the muslim brotherhood did not go this far when it was in power " . 

അതായത് : മുസ്ലിം ബ്രദർഹുഡിനേക്കാൾ വലിയ ചൊറയായല്ലോ ഇവറ്റകൾ എന്നർത്ഥം . 

അദബിന്റെ നിശബ്ദത വെടിഞ്ഞ് അഹംഭാവത്തിന്റെ നാക്കുകൾ ഉയർന്നതിന് ശേഷം ഉച്ചരിക്കപ്പെടുന്ന ദീൻ ഒരുതരം അപശബ്ദം മാത്രമായാണ് മുഴക്കങ്ങൾ ഉണ്ടാക്കുക എന്ന തിരിച്ചറിവ് പണ്ഡിതന്മാർക്ക് ഇല്ലാതെ പോവുന്നത് ആഗോള പ്രവണതയാണെന്ന് പറയേണ്ടി വരും .


മൂന്ന്: സ്വന്തം ജീവിതത്തിലും ഭരണത്തിലും  മതധാർമ്മികതയെ സ്വയം വ്യാഖ്യാനിച്ച് ആധുനികമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം അതേ രീതിയിൽ മതത്തെ സ്വയം നിർണ്ണയിക്കാനുള്ള ജനങ്ങളുടെ താൽപര്യത്തെ ശരീഅ: പറഞ്ഞ് അടിച്ചമർത്തുന്നതാണ് അടുത്ത പ്രശ്നം . 

ശരീഅ: ഭരണഘടനയായ രാഷ്ട്രങ്ങളിൽ പ്രതിഷേധ രാഷ്ട്രീയമാണ് ശരീഅ : നിരാസം എന്ന മതനിരാസം . അവർ മതം വിടുന്നത് സ്‌റ്റീഫൻ ഹോക്കിങ്ങിനെയോ യുവാൽ നോവ ഹരാരിയെയോ മറ്റോ വായിച്ചോ നിക്ഷ്പക്ഷമായി പഠിച്ചോ ഒന്നുമല്ല . 

തങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നവർക്കില്ലാത്ത മതബോധം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

സ്വകാര്യ ജീവിതത്തിൽ മതം വിട്ടശേഷം സമാനമനസ്ക്കരെ കണ്ടെത്താനാണ് അത്തരം സംഘടനകളിലേക്ക് /സംഗമങ്ങളിലേക്ക് ചേരുന്നത് .അതാണ് എക്കാലത്തെയും മനുഷ്യരുടെ രീതി.

കമ്പോളവൽക്കരണം , ഉദാരവൽക്കരണം തുടങ്ങിയവയുടെ സുഖലോലുപ ജീവിതരീതി പിൻപറ്റുന്നവർക്ക് യഥാർത്ഥ ഇസ്ലാം അപകർഷത ഉളവാക്കും . അവർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതനിരാസത്തെ കുറിച്ച് ബോധവൽക്കരണവും നടത്തും . അത് അതിലേറെ വിപരീത ഫലം വരുത്തുകയും ചെയ്യും .


ചുരുക്കത്തിൽ : മതനിരാസ പ്രവണതകൾക്കെതിരെ സംഘടിത ബോധം ഉണർത്തുന്നവർ ആദ്യം മതനിരാസത്തിന്റെ കവാടമായ ലിബറലിസത്തിൽ നിന്നും സ്വന്തം ജീവിതത്തെ മുക്തമാക്കണം . 

പുറത്തെ നിരീശ്വരവാദമല്ല മുസ്ലിംകളെ വഴിതെറ്റിക്കുന്നത് . സ്വന്തം ജീവിത പരിസരങ്ങളിലെ ഉദാര ഇസ്ലാം സമീപനങ്ങളും വായനകളും വ്യാഖ്യാനങ്ങളുമാണ്. 

അടിതെറ്റിയ മുസ്ലിംകളെ മുടിയോളം തെറ്റിക്കാൻ അവർക്കാകും .

പക്ഷെ , അടിതെറ്റുന്നത് അകത്തെ പ്രശ്നങ്ങൾ മുഖേനെയാണ്. 


'അല്ലാഹു ' എന്ന് നിയമനിർമ്മാണ വേദിയിൽ പറയാൻ അപകർഷത തോന്നി , ദൈവം എന്ന് മാത്രം പറയുന്ന രാഷ്ട്രീയബോധ(മില്ലായ്മ )ത്തിന് മതനിരാസത്തിലേക്ക് നേരിട്ട് പാലം പണിയാനാവും . ഇസ്ലാമിക ചിഹ്നങ്ങൾക്ക് സംരക്ഷണമേകൽ ഗവൺമെന്റിന്റെ ചുമതലയാണ് . മുസ്ലിം രാഷ്ട്രീയത്തിന്റെ ചുമതല അവ സംരക്ഷിക്കലല്ല , മറിച്ച് അവ അനുശീലിക്കലും പ്രയോഗവൽക്കരിക്കലും അത് വഴി അവയെ ബഹുസ്വരതയുടെ ചിഹ്നങ്ങളാക്കലുമാണ്. 

നാളെ നായയാകുമെന്ന് കരുതി ഇന്ന് തന്നെ വെണ്ണീറ്റിൽ പോയി കിടക്കുക എന്ന ചൊല്ലാണ് ചിലപ്പോഴൊക്കെ അനാവൃതമാകുന്നത്.

ഒരാളുടെ ഉള്ളിലും രണ്ട് ഹൃദയങ്ങൾ ഉണ്ടാവില്ല , അതായത് : വിപരീതങ്ങളെ ഒരേ സമയം ഹൃദയപക്ഷമാക്കാൻ ഒരാൾക്കും സാധ്യമല്ല എന്നാണ് ഖുർആൻ പറഞ്ഞത് .

അവനവന്റെ കാര്യലാഭത്തിന് വേണ്ടി പ്രമാണങ്ങളെയും സാഹചര്യങ്ങളെയും  സ്വയം വ്യാഖ്യാനിക്കുന്നവർ Ex . Islam ന്റെ ലിഫ്റ്റിൽ കയറിക്കഴിഞ്ഞവരാണ് , എയറിൽ പൊങ്ങാൻ ഇനി ഒരു ബട്ടൺ മതി. 

ആദരവും ഭവ്യതയുമില്ലാതെ വിയോജിപ്പുള്ള പണ്ഡിതന്മാരെ കുറിച്ച് പോലും അപഖ്യാദികൾ ദ്യോതിപ്പിക്കുന്ന ശൈലികൾ മതത്തിന്റേതാണോ , മതനിരാസത്തിന്റേതല്ലേ ?

എല്ലാം പോലെ  ഇൽമും മെറ്റീരിയലാണെന്ന് കരുതുന്ന പ്രത്യയശാസ്ത്രത്തിൽ അദബ് , ഇഹ്തിറാം പോലോത്ത സബ്ജക്ടീവിസത്തിന് സ്ഥാനമില്ല . എല്ലാം ഒബ്ജക്ടീവ് രീതിയിൽ വിശകലന മാപിനി വെച്ച് ഇഴകീറി പുറത്തിട്ട് തർക്കിക്കുന്ന രീതി വെച്ച് എങ്ങനെ മതധാർമ്മികത സംരക്ഷിക്കും ?

ഈമാൻ കിട്ടാത്തവരെ സംബന്ധിച്ച് പുണ്യനബിക്ക് ഉണ്ടായ സ്വാഭാവിക വികാരം സഹതാപമാണ് , ശത്രുതയല്ല . അതാണ് സൂഫികളുടെ മനശാസ്ത്രവും .

സഹതാപത്തിന്റെ ഭാഷക്ക് സ്നേഹിതരെ കിട്ടും , ശാത്രവത്തിന്റെ ഭാഷക്ക് ശത്രുക്കളെയും .

ഇത്തരം ദുർബലമായ വിശ്വാസമനസ്ഥിതിയാണ് നിരീശ്വരവാദികളുടെ വേട്ടക്കളം എന്നെങ്കിലും  തിരിച്ചറിയുക .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us