loader
blog

In General

By Shuaibul Haithami


പ്രണയം : സെക്സ് , ജൻഡർ , ജാതി .

അമേരിക്കൻ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970 ൽ പുറത്തിറങ്ങിയതിന് ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗസമത്വമുറപ്പിക്കാനുള്ള രാഷ്ടീയായുധം സാമ്പത്തിക , സാംസ്ക്കാരിക ഉപകരണങ്ങളല്ല , മറിച്ച് ശാരീരികതയുടെ സാധ്യതകൾ തന്നെയാണെന്ന അത് വരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയൊരു വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വമ്പൻ സ്വീകാര്യത തന്നെ ലഭിച്ചു.

പ്രണയത്തിന് ലിംഗഭേദമില്ലെന്ന തലക്കെട്ടോടെ കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ലൈംഗിക രാഷ്ട്രീയം വരെ എത്തി നിൽക്കുന്നു ആ ചിന്താഗതിയുടെ സ്വാധീനം. 

" ലോകം ഉറങ്ങുകയായിരുന്നു , കേറ്റ് മില്ലറ്റ് അതിനെ ഉണർത്തി " എന്നാണ് പ്രസ്തുത കൃതിയെ കുറിച്ച് വാഴ്ത്തപ്പെട്ടത്. കേറ്റ് മില്ലറ്റ് അതിൽ കുറിച്ചു ,

" ആണ്, പെണ്ണ് എന്ന ശാരീരിക വ്യത്യാസം മാത്രമാണ് 'സെക്സ്' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പെരുമാറ്റം, വികാരങ്ങള്‍, ചിന്തകള്‍, ഭ്രമകല്പനകള്‍ ഇവയിലെ ആണ്‍ പെണ്‍ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നതാണ് 'ജെന്റര്‍' എന്ന പദം. ചെറുപ്പത്തില്‍ കുട്ടികളെ ലാളിക്കുന്നതില്‍ തന്നെ ആണ്‍ പെണ്‍ ഭേദം തുടങ്ങുന്നു. ഓരോ ജെന്ററിനും ആവശ്യമുള്ളതെന്നു സമൂഹത്തിനു തോന്നുന്നത് അവരെ പഠിപ്പിക്കുന്നു, അങ്ങനെ ആണും പെണ്ണും ജനനശേഷം ആര്‍ജ്ജിക്കുന്നതാണ് അധീശത്വപൂര്‍വ്വമായ 'ആണത്തവും' (masculine) വിധേയത്വത്തോടുകൂടിയ 'പെണ്ണത്തവും' (feminine). ഇവിടെ ശരീരശക്തി അപ്രസക്തമാണ്.

സാമൂഹ്യശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്. പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണ് അത്. പാട്രിയാര്‍ക്കി എന്ന സമ്പൂര്‍ണ്ണ സ്ഥാപനത്തിലെ ഒരു പാട്രിയാര്‍ക്കല്‍ ഏകകം. പാട്രിയാര്‍ക്കിയുടെ പൊതുനിയമങ്ങളോട് കൂറ് പുലര്‍ത്താന്‍ കുടുംബം സ്വന്തം അംഗങ്ങളെ സജ്ജരാക്കുന്നു. ഒപ്പം പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഒരു ഏജന്റ് ആയി പ്രവര്‍ത്തിച്ച് കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ അത് ഭരണകൂടത്തെ സഹായിക്കുന്നു. 'അച്ഛന്റെ അധികാരം' (ptaria protestas) എന്ന റോമന്‍ നിയമസങ്കല്പത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. " 

നേരെചൊവ്വേ പറഞ്ഞാൽ , നിലനിൽക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗികകലാപാഹ്വാനങ്ങളായിരുന്നു പിന്നീട് യൂറോപ്പ് , പ്രത്യേകിച്ച് സ്കാണ്ടിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്നത്.സത്യാനന്തര കാല സാമൂഹിക ഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജ്ജിച്ച ദൃശ്യതയും വഴി അമേരിക്ക , കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയയിടങ്ങളിലേക്ക് ആ ആശയം പടർന്നു. 


പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാൾ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുന:ക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജൻഡർ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികമായ ഉപാപജയ പ്രക്രിയ എന്നതിലുപരി അതിന്റെ വിനോദവ്യവസായ സാധ്യതയെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 1990 കളിൽ പുറത്തുവന്ന ക്വിയർ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം / അനാധുനികം എന്ന് രണ്ടാക്കാന്മാത്രമുള്ള ശക്തിയാർജ്ജിച്ചു. 

വളരെ പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്.

ലിംഗവും (biological sex) ലൈംഗികതയും (sexuality) തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർത്ഥിക്കുന്ന 1990 കളിൽ നിലവിൽ വന്ന സിദ്ധാന്തമാണ് ക്വിയർ തിയറി. മഴവില്ലിലെ വർണ്ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുൾക്കൊള്ളുന്ന വലിയൊരു ജാലികയാണ് ലൈംഗികത എന്നവർ സിദ്ധാന്തിക്കുന്നു. അതനുസരിച്ച് , ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലൈംഗികസ്വത്വം (gender identity), ലൈംഗികപ്രകടനം (gender expression), ലൈംഗികാഭിനിവേശം (sexual orientation) എന്നീ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് .പുരുഷൻ, സ്ത്രീ, ഉഭയലിംഗി(intersex) എന്നിവയാണ് ജീവശാസ്ത്രപരമായി വേർ തിരിക്കാൻ കഴിയുന്ന ലിംഗങ്ങൾ . ചിലർ തെറ്റിദ്ധരിച്ചത് പോലെ , മൂന്നാം ലിംഗക്കാരായി അറിയപ്പെടുന്ന intersex വിഭാഗമേയല്ല Transgender സമൂഹം . ഒന്നാമത്തേത് ജൈവികവും രണ്ടാമത്തേത് കൃത്വിമവുമാണ്. ജൈവിക ലിംഗവും ലൈംഗികതയും ഒന്ന് തന്നെയാണെങ്കിൽ അവരെ സിസ്ജെൻഡർ (cisgender) എന്നും അല്ലെങ്കിൽ അവരെ ട്രാൻസ്ജെൻഡർ (transgender) എന്നും വിളിക്കുന്നു. പുരുഷത്വം (musculinity), സ്ത്രീത്വം (feminity,) ദ്വിലിംഗത്വം (androgynous) എന്നിവയാണ് ലൈംഗികപ്രകടനങ്ങൾ. പുരുഷശരീരത്തിൽ സ്ത്രൈണഭാവങ്ങളുണ്ടാവുന്നതും തിരിച്ചും ദ്വിലിംഗത്വമായാണ് പരിഗണിക്കപ്പെടുക. ഒരാൾക്ക് ആരോടാണോ അഭിനിവേശം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ ലൈംഗികാഭിനിവേശം തീരുമാനിക്കപ്പെടുക. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികാഭിനിവേശവും ഒന്ന് തന്നെയാണെങ്കിൽ അയാൾ എതിർവർഗ്ഗപ്രണയിയും (heterosexual) രണ്ടാണെങ്കിൽ അയാൾ സ്വവർഗ്ഗപ്രണയിയും (homosexual) ആണ്. ലൈംഗികാഭിനിവേശത്തിന്റെ വർണരാജിയിലെ രണ്ട് അറ്റത്താണ് എതിർവർഗ്ഗപ്രണയിയും സ്വവർഗ്ഗപ്രണയിയുമുള്ളത്. നടുവിലായി ദ്വിവർഗ്ഗപ്രണയി(bisexual)യുണ്ട്. മഴവില്ലിലെ വർണ്ണരാജിയിലെ നിറങ്ങളെപ്പോലെ എതിർവർഗ്ഗപ്രണയിക്കും സ്വവർഗ്ഗപ്രണയിക്കുമിടയിൽ പല തരം ലൈംഗികാഭിനിവേശങ്ങളുണ്ട്. അവയെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ക്വിയർ .

അതനുസരിച്ച്, ഋതുമതിത്വം പ്രാപിക്കുന്ന ഒരാൾ തൻ്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് . ചെയ്യുക .അതൊരുപക്ഷേ , ഉടലിനെ തന്നെ ഉടച്ച് കളഞ്ഞോ വേഷഭേദം വരുത്തിയോ അല്ലാതെയോ ആവാം . ഇങ്ങനെയുള്ളവരെയാണ് Transgenders എന്ന് വിളിക്കുന്നത്. ആഘട്ടമെത്തുന്നത് വരെ ഒരുകുട്ടിയും പ്രകൃതിപരമായി ആണോ പെണ്ണോ അല്ലെന്ന , ചിലപടിഞ്ഞാറൻ രാഷ്ട്രങ്ങൾ അനുശീലിക്കാൻ ശ്രമിച്ച് കുത്ത്പാളയെടുത്ത , വ്യവസ്ഥാപിത കുടുംബ -സാമൂഹിക - രാഷ്ട്ര നിർവ്വഹണങ്ങൾ വരെ താളഭംഗപ്പെടുന്ന സാമൂഹിക രാസബോംബായിരുന്നു ഇതേ രാഷ്ട്രീയ ഏജൻസികൾ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്ന ന്യൂട്രൽ ജൻട്രൽ ആശയങ്ങൾ . അത് ചിലയിടങ്ങളിൽ ഭാഷയിലെ സർവ്വനാമങ്ങൾ മുതൽ ശൗച്യാലയങ്ങൾ വരെ ന്യൂട്രലാക്കി പരാജയപ്പെട്ടതാണ്. ആ വഴിയിലാണ് ഇവിടെ പള്ളിക്കൂടത്തിലെ വസ്ത്രത്തിൽ തുടങ്ങിയത് . പിന്നീട് ഭരണനിർവ്വഹണ കാര്യാലയങ്ങളിലും കലാലയങ്ങളിലും സ്ത്രീകളെ വേറിട്ട് നിർത്തുന്ന പദാവലികൾ വേണ്ടെന്ന കാഴ്ച്ചപ്പാട് അവതരിപ്പിക്കപ്പെട്ടു. അതിന്റെ ചുറ്റുവട്ടച്ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ക്യാമ്പസുകളിൽ ലിംഗാധീത പ്രണയ സങ്കൽപ്പത്തിന് വേണ്ടി കൊടികളുയരുന്നത്. 

ഇത്തരം പുതിയ പ്രവണതകളെ ലിബറലിസത്തിന്റെ നിർമ്മിതികളെന്ന് പറഞ്ഞ് മാറ്റിനിർത്താൻ കഴിയാത്തത്രയും ലോകജനാധിപത്യക്രമം ലിബറൽവൽക്കരിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക , ആത്മീയ രംഗങ്ങളിലെ ചൂഷണങ്ങൾക്കെതിരെ രൂപം കൊണ്ട യൂറോപ്യൻ ക്ലാസിക്കൽ ലിബറലിസം അതിന്റെ ഉപജ്ഞാതാവ് ജോൺലോക്ക് പോലും സങ്കൽപ്പിക്കാത്തത്രയും വഴിമാറിപ്പോയ നിയോലിബറലിസം അതിന്റെ നേർവിപരീതമായ കമ്മ്യൂണിസത്തെ മുച്ചൂടും വിഴുങ്ങിയതിന്റെ ഉദാഹരമാണ് വലതുപക്ഷ മുതലാളിത്വത്തിന്റെ സൃഷ്ടിയായ നിയോലിബറലിസത്തിൽ ആത്മവിസ്മൃതി പൂണ്ട ഇക്കാണുന്ന SFI .


ഇവിടെ മറ്റൊരുകാര്യം , നിയോലിബറലിസം മുന്നോട്ട് വെക്കുന്ന ലൈംഗിക, പ്രണയ വൈവിധ്യങ്ങളെല്ലാം പ്രാചീന രീതികൾ തന്നെയാണെന്നതാണ് .

ബാധ്യതാരഹിത ലൈംഗികജീവിതത്തിൻ്റെ വിവിധരൂപങ്ങൾ പുതിയ കാലത്തിൻ്റെ മാത്രം രീതിയോ നിയോ ലിബറലിസം പരിചയപ്പെടുത്തിയ സംസ്ക്കാരമോ അല്ല. രേഖകളിൽ തന്നെ രണ്ടായിരത്തോളം കൊല്ലങ്ങൾക്ക് മുമ്പേ നിലവിലുണ്ടായിരുന്ന രീതികളായിരുന്നു അവ.



പഴയകാല അറേബ്യൻ ,പേർഷ്യൻ , ഗ്രീക്ക് സാഹിത്യങ്ങൾ പരിശോധിച്ചാൽ അക്കാര്യങ്ങൾ ബോധ്യമാവും.

ആൺ , പെൺ ഭിന്നതകളില്ലാതെ എത്രപേരോടും ഏത് സമയവും ലൈംഗികത പുലർത്തുകയും വാടക ഈടാക്കുകയും ചെയ്യുന്ന ഉദാരലൈംഗിക വിഭാഗമായിരുന്നു മുസാഫഹാത് .

ആ വിശേഷണത്തിൻ്റെ ക്രിയാർത്ഥം പരസ്യപ്പെടുത്തി എന്നാണ്. അതായത്, തങ്ങളുടെ തൊഴിലിൻ്റെയും നിലപാടിൻ്റെയും ഭാഗമായ ലൈംഗികസന്നദ്ധത സമൂഹമധ്യേ പ്രചരിപ്പിക്കുക കൂടി അവരുടെ ലക്ഷ്യമായിരുന്നു. ലൈംഗിക രാഷ്ട്രീയത്തിന്റെ യുടെയും Porn Industryയുടെയും യുടെ രീതികൾ തന്നെയായിരുന്നു അത്. 

ഇത്തരം ലൈംഗിക തൊഴിലാളികളെ ആവശ്യമനുസരിച്ച് പാർട്ടികളിൽ ( നാദിയാത് ) എത്തിച്ച് കൊടുക്കുന്ന ഏജൻസികളും നിലനിന്നിരുന്നു. നീലക്കണ്ണുകളും വെളുത്ത ശരീരവുമുള്ള പല Porn Starകളും അക്കാലത്തെ സാഹിത്യങ്ങളിലിടം പിടിച്ചിട്ടുമുണ്ട്.


വിപരീതലിംഗത്തിൽ പെട്ട ഒരാളെ മാത്രം നിരുപാധികം പങ്കാളിയായി സ്വീകരിച്ച് രഹസ്യമായി കൂട്ടുജീവിതം നയിച്ചിരുന്നവരായിരുന്നു മുത്തഖിദുൽ അഖ്ദാൻ എന്ന് ഖുർആൻ വിശേഷിപ്പിച്ചവർ.

മടുപ്പോ വിരസതയോ ഉണ്ടാവുമ്പോൾ അവർ പിരിയുമായിരുന്നു. വാടകവ്യവസ്ഥ ഉണ്ടായിരുന്നില്ല. അവർക്കിടയിൽ വാണിജ്യബോധമായിരുന്നില്ല, പ്രണയം തന്നെയായിരുന്നു.

ഗോത്രത്തിൻ്റെയും കുടുംബത്തിൻ്റെയും ഊര് വിലക്ക് ഭയന്ന് ഇത്തരക്കാർ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടി കച്ചവട സംഘത്തിലും മറ്റും ചേർന്ന് സ്വദേശത്ത് നിന്നും മാറിത്താമസിക്കാൻ ശ്രദ്ധിച്ചിരുന്നു.


നികാഹ് മഖ്ത് ഇക്കാലത്തെ അഗമ്യഗമനത്തിന്റെ ൻ്റെ വിവിധ രൂപങ്ങൾ തന്നെയായിരുന്നു. മരണപ്പെട്ട പിതാവിൻ്റെ സ്വത്ത് കുടുംബത്തിന് പുറത്തേക്ക് പോവാതിരിക്കാനായ് രണ്ടാനമ്മ ( Step Mum) മകനൊപ്പം ലൈംഗികജീവിതം നയിക്കാൻ നിർബന്ധിതമായിരുന്നു . അറേബ്യയിലേതിനെക്കാൾ പേർഷ്യയിലായിരുന്നു ഈ രീതി വ്യാപമായി നിലനിന്നിരുന്നത് .പിന്നീട് ഈ സംസ്ക്കാരം 

മകൻ്റെ പങ്കാളിയെ പിതാവ് സ്വന്തമാക്കുക , മാതാവിൻ്റെ സഹോദരിയെ പങ്കിടുക തുടങ്ങിയ രൂപങ്ങൾ കൂടി കൈവരിച്ചു. ഇങ്ങനെ വിവാഹം ചെയ്യുന്ന കക്ഷിക്ക് ളൈസൻ എന്നാണ് പറഞ്ഞിരുന്നത്. 


 മുത്അ വിവാഹമായിരുന്ന മറ്റൊരു രീതി. 

സഹജീവനകാലയളവ് ആദ്യമേ നിശ്ചയിച്ചുറപ്പിച്ച് സ്ത്രീയും പുരുഷനും ലൈംഗികമായി ഒരുമിക്കുന്ന രീതിയായിരുന്നു അത്. 

അക്കാലത്തെ സൈനിക ശക്തികൾ പ്രത്യേകം അനുശീലിച്ചിരുന്ന ആ രീതി ഏറെക്കുറേ ഇക്കാലത്തെ Dating Sex ന് തുല്യമാണ്. ആദ്യഘട്ടത്തിൽ ഇസ്ലാം കരാറിൻ്റെ അടിസ്ഥാനത്തിൽ ഇത് നിലനിർത്തിയിരുന്നു. എന്നാൽ , അതിലുണ്ടാവുന്ന സന്താനങ്ങൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമായി പരിണമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നിരോധിക്കപ്പെടുകയും ചെയ്തു. 


 മറ്റൊരു രീതിയാണ് ശിഗാർ .

ഇക്കാലത്തെ Wife Swapping ൻ്റെ സ്വഭാവം അവിടെ കാണാം . പരസ്പര സമ്മതത്തോടെ ആൺ സുഹൃത്തുക്കൾ അവരുടെ പെൺപങ്കാളിയെ നിശ്ചിത സമയത്തേക്ക് വെച്ച്മാറി വ്യത്യസ്തത അനുഭവിക്കുന്ന രീതിയാണത്. ലൈംഗികവിരസത മാറ്റുക , ഗോത്രങ്ങൾ തമ്മിലുള്ള നീക്ക്പോക്ക് ശക്തമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം .

അത്തരത്തിൽ സ്വന്തം പുത്രിയെ സുഹൃത്തിൻ്റെ പുത്രിക്ക് പകരമായി കൈമാറുന്ന രീതിയും നിലനിന്നിരുന്നു. മാറിക്കിട്ടിയ സ്ത്രീയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ പാടില്ലായിരുന്നു. ക്യാമ്പസ് കാല പ്രണയങ്ങൾ വിവാഹത്തിലെത്താതെ പിരിഞ്ഞതിൻ്റെ നിരാശ മാറ്റാനോ , അല്ലെങ്കിൽ ഭാര്യയുടെ മറ്റൊരാളുമായുള്ള ലൈംഗികാഭിവാജ്ഞ സാക്ഷാൽക്കരിക്കാനോ ഒക്കെ ഭർത്താവിൻ്റെ സമ്മതത്തോടെ , ചിലപ്പോൾ സാന്നിധ്യത്തിൽ തന്നെ പരപുരുഷ ഗമനം നടത്തുന്ന സ്ത്രീത്വം ആധുനിക മൂല്യമല്ലെന്നർത്ഥം .



മധ്യകാലഘട്ടത്തിലെ മറ്റൊരു ലൈംഗിക ന്യൂനപക്ഷമായിരുന്നു സ്വാഹിബാതുൽറായാത്.

അഥവാ കൊടികൾ നാട്ടി ലൈംഗിക സന്ദേശം കൈമാറിയ വിഭാഗം. വാടക കൊടുത്തോ അല്ലെങ്കിൽ സ്ത്രീക്ക് ഇഷ്ടമായാൽ അല്ലാതെയോ ലൈംഗിക ബന്ധത്തിന് തയ്യാറാള്ള സ്ത്രീകൾ കൊടികളും തുണികളും നാട്ടിയ ടെൻ്റുകൾക്കുള്ളിൽ കഴിയും . യാത്രക്കാരും മറ്റും തിരിച്ചറിയാനായിരുന്നു അത്.ലൈംഗിക വൈവിധ്യങ്ങളുടെ മഴവിൽ നിറവും കൊടിയും നാട്ടി സഞ്ചരിച്ചത് ആയിരത്തഞ്ഞൂറ് കൊല്ലം പിറകിലോട്ടായിരുന്നു. 


മറ്റൊന്ന് , ഇക്കാലത്തെ സംഘടിത ലൈംഗിക വൃത്തി പോലെ ഒരാൾ ഒന്നിലേറെ (പത്ത് വരെ ) പേരുമായി ഒരേ സമയം വ്യത്യസ്ത അവയവങ്ങളിലൂടെ രതിയിലേർപ്പെടുന്ന രീതിയായിരുന്നു നികാഹു റഹ്ത്വ്.

അത് ബലാൽസംഘമോ മാനഭംഗമോ ആയിരുന്നില്ല . സാഹസിക ലൈംഗികതയുടെ ഭാഗമായിരുന്നു. ഗർഭം ധരിച്ച് സന്താനമുണ്ടായാൽ നറുക്കടെപ്പിലൂടെയായിരുന്നു അഛനെ തീരുമാനിച്ചിരുന്നത്. 


ആധുനികത ഇനിയും എത്തിപ്പെടാൻ ബാക്കിയായ ഒരു രീതിയാണ് വേറൊന്ന് , 

മധ്യവർഗ ദമ്പതികൾ വരേണ്യവർഗക്കാരായി ഉയരാൻ വേണ്ടി ചെയ്തിരുന്ന ഇസ്തിബ്ദാ എന്ന രീതിയായിരുന്നു അത് ..

നിറം , പദവി , സമ്പത്ത് തുടങ്ങിയ ഘടകങ്ങളിൽ മീതെ നിൽക്കുന്ന പുരുഷൻ്റെ അടുത്തേക്ക് ഭാര്യയെ പറഞ്ഞയച്ച് ഗർഭം ധരിപ്പിച്ച് വാങ്ങുന്ന വിചിത്രരീതിയായിരുന്നു അത്. മേൽജാതിക്കാർ അവരുടെ ലൈംഗിക ദാരിദ്ര്യം മാറ്റാനായി ഇതൊരവസരമായി കാണുകയും ചെയ്തിരുന്നു.

ഇതിന് പുറമേ ,Lesbian , Gay ചരിത്രം 4000 വർഷങ്ങൾ പിറകിലേക്ക് നീളുന്നതാണ്. , അതിവിടെ വിഷയമാക്കുന്നില്ല .

ഹോമോസാപ്പിയൻ്റെ ജനിതകഘടന അന്നുമിന്നും ഒന്ന് തന്നെയാണ് . ഉപകരണങ്ങളെ ആധുനികമാക്കാം , ഉപായങ്ങളെ അതിനൊത്ത് രാകിമിനുക്കാം . പക്ഷെ അവക്ക് മനുഷ്യൻ്റെ അസ്ഥിത്വവുമായി ബന്ധമില്ല . 


നിയോലിബറലിസം മുന്നോട്ട് വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യവാദമാണ്. 

സ്വതന്ത്രചിന്തയുടെ രാഷ്ട്രീയമാണത് . സാമൂഹികവും അധികാരപരവുമായ സ്ഥാപനങ്ങൾക്കോ മനുഷ്യാധീതമായ കാഴ്ച്ചപ്പാടുകൾക്കോ ഏതൊരുവ്യക്തിയുടെയും കർമ്മാധർമ്മങ്ങളുടെ ധാർമ്മികത നിർവ്വചിക്കാനോ അവയെ മൂല്യനിർണ്ണയം നടത്താനോ അർഹതയില്ല എന്ന സാക്ഷാൽ അരാഷ്ട്രീയവാദമാണാ രാഷ്ടീയം . 

ഇസ്ലാമടക്കമുള്ള മതങ്ങൾക്കെതിരായതിനാൽ പ്രകോപന രാഷ്ട്രീയത്തിന്റെ വരട്ടുചൊറി ബാധിച്ച SFI പാഷാണമെടുത്ത് പലഹാരമാക്കി നുണയുമ്പോൾ മലർന്ന് കിടന്ന് തുപ്പുകയാണ് . കാരണം , വ്യക്തിനിഷ്ഠമായ അധികാരത്തെയും ധർമ്മവചനങ്ങളെയും സ്വകാര്യസ്വാതന്ത്ര്യങ്ങളെയും വകവെച്ച് കൊടുക്കാത്ത , അധികാരം സ്റ്റേറ്റിൽ നിക്ഷിപ്തമായ രാഷ്ട്രീയ ഘടനയാണ് കമ്മ്യൂണിസം. വേരുകളിൽ നിന്നടർന്ന് മറ്റൊരു കാടായി മാറിയ പുതിയ കുട്ടികൾ ഇവിടെ വ്യക്തിസ്വാതന്ത്രത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയിൽ ക്രിസ്മസ് നിരോധിക്കപ്പെട്ട ബഹളമായിരുന്നു , അതിനപ്പുറത്ത് ഉത്തര കൊറിയയിൽ പത്ത്ദിവസം മനുഷ്യർക്ക് ചിരിക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല. അവിടെയാണ് മായം കലരാത്ത ശുദ്ധകമ്മ്യൂണിസം ബാക്കിയുള്ളത് എന്ന് വേണം മനസ്സിലാക്കാൻ .


കൃത്വിമ ലൈംഗികതയെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിനപ്പുറം ക്വിയർ സമൂഹം പോലും ആവശ്യപ്പെടാത്തത്ര വിസിബിലിറ്റി നൽകുന്നത് സദുദ്ദേശ്യപരമല്ല .

ക്യാപിറ്റൽ ലിബറലിസം കൊല്ലുമ്മുമ്പ് ഇടത് വിദ്യാർത്ഥിത്വം ചത്തുപോയി എന്ന് പറയുന്നതാവും ഉചിതം. 

ക്വിയർ അഭിവാജ്ഞ ഉള്ളവരെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിനോ അവരർഹിക്കുന്ന മാനുഷികയിടം വകവെച്ചുകൊടുക്കുന്നതിനോ ആരും എതിരല്ല. അത്തരം മനോഘടന കൃത്വിമമോ അടിച്ചേൽപ്പിക്കപ്പെടുന്നതോ ആണെന്ന മറുവാദമാണ് ശാസ്ത്രീയമായി പ്രബലം . ഇത്തരം മാംസനിബദ്ധ രാഷ്ട്രീയവും കാമോക്സൈഡ് വിപ്ലവങ്ങളും തങ്ങൾക്ക് എതിരായതിനാലല്ല സാമാന്യ മുസ്ലിംകൾ അതിനെ എതിർക്കുന്നത്. മുസ്ലിംകളാണ് തങ്ങളെ ഇക്കാര്യത്തിൽ വല്ലാതെയെതിർക്കുന്നത് എന്ന പരിഭവം SFI പങ്കുവെക്കുന്നുണ്ട്. അത് മനുഷ്യരെ ഘട്ടംഘട്ടമായി കേവലം രാസതരംഗങ്ങൾ നിയന്ത്രിക്കുന്ന മുന്തിയ മൃഗം മാത്രമാക്കുന്ന ഒച്ചപ്പാടുകളെ കാഴ്ച്ചപ്പാടുള്ളവർ എതിർത്തിരിക്കും. മനുഷ്യന്റെ മൂർത്തിക്ക് മുകളിലേക്കും കാലിനടിയിലേക്കും എത്രയോ നീളുന്ന മാനവ വീക്ഷണങ്ങളുണ്ട്. എന്നാൽ , കഴുത്തിനും ഊരക്കുമിടയിൽ തുടങ്ങിയൊടുങ്ങുന്ന വ്യക്തിവാദ രാഷ്ട്രീയത്തിന് സംവാദാത്മകത നഷ്ടപ്പെട്ടിരിക്കുന്നു. വലിയ തലയിൽ ഒറ്റപ്പെട്ട് പോയ പേൻ മാത്രമാണ് മനുഷ്യനും പ്രകൃതിയും എന്ന യാഥാർത്ഥ്യത്തിന് മുന്നിൽ ഇക്കാണുന്ന SFI .ന്യായങ്ങൾ നിരത്തി സംവാദമൊരുക്കാൻ കൊടികൊണ്ട് ചിന്തിക്കുന്നവർക്ക് അപര ശബ്ദം അപശബ്ദം മാത്രമായിരിക്കും. സത്യത്തിൽ ,

രാഷ്ട്രീയ ദിശാബോധമുള്ള ഇടതുപക്ഷ വിദ്യാർത്ഥിത്വത്തെ ഇന്ത്യ എന്ന ആധുനിക യാഥാർത്ഥ്യം തേടുന്നു. 

രാജ്യത്ത് മുസ്ലിം പെൺകുട്ടികൾക്ക് വാടക നിശ്ചയിക്കുന്ന അനാശ്യാസ സൈബർ ബുള്ളിംഗും ബോഡി ഷെയിമിംഗും നടക്കുമ്പോഴാണ് അവർ പെൺകുട്ടികൾക്ക് ലെസ്ബിയൻ പൈങ്കിളികൾ ചൊല്ലിക്കൊടുക്കുന്നത്. 

മുസ്ലിം പെൺകളുടെ ഫ്ലാഷ്മോബിനും

വത്തക്കസമരത്തിനും കാവൽ നിന്ന , 

ചേലാകർമ്മത്തിനെതിരെ സമരം നടത്തിയ,സാമ്പ്രദായിക ഇസ്ലാമിനെ പ്രതികൂട്ടിലാക്കുന്ന 

കിതാബിലെ കൂറകൾക്ക് തീറ്റ കൊടുത്ത SFI ക്ക് അന്ന് മുസ്ലിം പെൺകുട്ടികൾക്ക് 

കടലോളം കരുതലൊരിക്കയതിന്റെ സ്ഥാനത്ത് ഇപ്പോൾ ഒരു കടലക്ക മണിയുടെ പോലും പെങ്ങൾ സ്നേഹമില്ലേ ?

അവരിപ്പോൾ വംശീയ വലതിന്റെയും അരാഷ്ട്രീയ ഇടതിന്റെയും സംയുക്തമാണ്. 

മറ്റൊരർത്ഥത്തിൽ , ഈ കൈവിട്ട കളികൾ ദോശം ചെയ്യുന്നത് മുസ്ലിംകളേക്കാൾ അവർണ്ണ ഹൈന്ദവരെയും ക്രൈസ്തവരെയുമായിരിക്കും. കാരണം ബദൽ പ്രത്യയശാസ്ത്രങ്ങളുടെയും ആനന്ദദായിയായ ആത്മീയ പ്രണയങ്ങളുടെയും സാധ്യതകൾ മുസ്ലിംകൾക്കിടയിൽ ജനകീയമാണ്. അവധാനതയുള്ള എക്സ് . മുസ്ലിംസ് വരെ ഈ ഇടതു ഗജുരാവോ പ്രദർശനങ്ങളെ തള്ളിപ്പറയുന്നുണ്ട് . 


അടിസ്ഥാനപ്രശ്നം പ്രണയത്തെ ലിംഗാധീതമാക്കിയതല്ല . ക്യാമ്പസുകളുടെ പ്രതിസ്വരങ്ങളിൽ ലൈംഗികത കലർത്തുന്നതാണ്. ജനനേന്ദ്രിയം കാണിച്ച് നടക്കുന്ന മദ്യപന്മാരെ പോലും പോലീസ് പൊക്കുന്ന നാട്ടിൽ ജനനേന്ദ്രിയങ്ങളുടെ കലാപ്രദർശനം വിപ്ലവമാവുന്നതിന്റെ പേര് വിപ്ലവം എന്നാക്കാം , പക്ഷെ കേവലം ലൈംഗിക വിപ്ലവം മാത്രം .

പ്രണയത്തിന് ലിംഗഭേദമില്ല എന്ന പ്രയോഗം തന്നെ അവരുടെ സന്ദേശത്തെ റദ്ദ് ചെയ്യുന്നതാണ്. 

പ്രണയത്തിന് ലിംഗഭേദമില്ല എന്നതിന് പകരം എന്ത് കൊണ്ടാണ് പ്രണയത്തിന് യോനീഭേദമില്ല എന്ന് പറയാനാവുന്നില്ല എന്നതിലുണ്ട് ഉത്തരങ്ങൾ. 

പ്രണയത്തിൽ ഇനീഷ്യേറ്റീവ് റോൾ ലിംഗമുള്ളവർക്കാണെന്ന വൽസ്യായന കാമശാസ്ത്രം തന്നെയാണോ ആധുനികം ?

അവിടെ ലിംഗം എന്നത് ജഡികമല്ല , ന്യൂട്രൽ ഭാഷ്യമാണെന്നാണ് മറുപടിയെങ്കിൽ ഭാഷയിലെ പുരുഷകേന്ദ്രീകൃത പ്രയോഗങ്ങളെ ജൻഡർ ന്യൂട്രാലിറ്റിക്കാർ എന്തിന് നിലനിർത്തുന്നു ? 

പേരെങ്കിലും ഒന്നാക്കിയ ശേഷം പോരേ എല്ലാം ഒന്നാണെന്നാക്കാനുള്ള പോര് ?

ഗൂഗിളിൽ വെറുതെ അണ്ഡത്തിന്റെയും ബീജത്തിന്റെയും കാർട്ടൂൺ ചിത്രങ്ങളും ആനിമേഷൻ വീഡിയോകളും നോക്കിയാലും ന്യൂട്രാലിറ്റിവാദങ്ങളുടെ നൈസർഗികഭംഗം മനസ്സിലാക്കാം. .അണ്ഡം തലമുടിയിൽ റിബൺ കെട്ടിയ പെണ്ണും ബീജം അണ്ഡത്തിന് പ്രണയം കൈമാറാൻ ഓടുന്ന ആണുമാണ് .ഗർഭപാത്രത്തിനുള്ളിലേക്ക് ക്വിയർ തിയറിക്ക് നീളാൻ കഴിയാത്തതിനെ ചുരുങ്ങിയത് അതിന്റെ അപൂർണ്ണതയായെങ്കിലും ഗണിക്കേണ്ടി വരും. അവർ പറയുന്ന ന്യൂട്രാലിറ്റി ഏത് ഘട്ടം മുതലാണ് തുടങ്ങുന്നത് എന്നതിനോ ഏത് പ്രായത്തിലാണ് ഐഡന്റിറ്റി നിർണ്ണയം യുക്തിസഹമാവുക എന്നതിനോ വ്യക്തമായ ഉത്തരങ്ങളില്ല . ഏറ്റവും പുതിയ ന്യൂറോസയൻസിന്റെ പഠനങ്ങൾ പ്രകാരം ബൗദ്ധിക പ്രായപൂർത്തിക്ക് 40 വയസ്സാണ് ആവശ്യമാവുന്നത്.ലോകരാജ്യങ്ങളിൽ 12 വയസ് മുതൽ 21 വരെ വ്യത്യസ്തമാണ് ഫ്രീ വിൽ പ്രായഘടന . ക്വിയർ തിയറിക്ക് ആഗോളതലത്തിൽ പ്രായോഗിക ഏകീകരണം അസാധ്യമാണ് . ജൻഡർ ഫ്ളൂയിഡിറ്റി എന്ന മനോരോഗമാവും SFI ഇക്കാര്യത്തിൽ ജയിച്ചാൽ ക്യാംപസുകളിൽ ബാക്കിയുണ്ടാവുക. ആരോഗ്യകരമായ ജീവിതം നയിക്കാനോ ഉയർന്ന വിദ്യാഭ്യാസം നേടാനോ സ്വാഭാവിക വിവാഹ ജീവിതം നയിക്കാനോ അതംഗീകരിക്കുന്നവർക്ക് കഴിയില്ല. ലൈംഗിക ക്രിമിനലുകകൾ ക്യാംപസിൽ പെരുകും. കൃത്വിമ നീതിവാദങ്ങൾ കൊടിയ അനീതികൾക്ക് കാരണമാവും. നവാഗതരെ സ്വീകരിക്കാൻ തുണിയുരിഞ്ഞും വ്യക്തിസ്വാതന്ത്ര്യം കാണിക്കാൻ സ്വയംഭോഗാചരണ ദിനം ആഘോഷിച്ചും കേരളത്തിന് ബാധ്യതയാവുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന് സ്വയംകൃതാനർത്ഥത രചിക്കുന്ന ചരമഗീതമാവും അവരുടെ ഈ പ്രാസവാചകങ്ങൾ .




സ്വയം നിർണ്ണയാവകാശവും ഹിജാബും .



അധ്യാപകൻ ക്ലാസിൽ പറഞ്ഞത് ചക്ക് എന്നായിരുന്നു. ചിരപരിചിതമല്ലാത്ത പദമായതിനാൽ കുട്ടി കേട്ടെടുത്തത് ചുക്ക് എന്നും ഓർത്ത് വെച്ചത് ചക്ക എന്നും എഴുതിവെച്ചത് ചോക്ക് എന്നും പിറ്റേന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മറുപടിയായ് പറഞ്ഞത് ചേക്കു എന്നുമായിരുന്നു. അപ്പോൾ അധ്യാപകൻ ചെകിടിന് നുള്ളി ചെക്ക് പറഞ്ഞു. ഏതാണ്ടിത് പോലെയാണിപ്പോൾ ആസൂത്രിതമായ ഹിജാബ് വിവാദം ആയിമാറിയിരിക്കുന്നത്. ഈ വിഷയത്തിലും അപ്പറഞ്ഞ ഓരോന്നോരോന്നാണ് അവരവരുടെ ഇംഗിതം സംഗതമാക്കാൻ ഓരോരുത്തർ മനസ്സിലാക്കി വെച്ചതും ആക്കിത്തീർക്കാൻ ശ്രമിക്കുന്നതും.രണ്ട് താൽപര്യങ്ങളാണ് ഹിജാബ് ഇതിവൃത്തമായ കഥയെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. അകത്ത് പിളർപ്പുകളും പുറത്ത് ഡികെയുടെ കീഴിൽ കോൺഗ്രസിന്റെ നവജീവനവും കണ്ട് പരാജയം മണത്ത ബിജെപി അടുത്ത വർഷം നടക്കാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പിൽ വീശാൻ നെയ്തെടുക്കുന്ന കാവിവലയുടെ കണ്ണികളിലൊന്ന് എന്ന രാഷ്ട്രീയ പ്രസക്തിയാണ് ഒന്നമത്തേത് . രണ്ടാമത്തേത് , പതിവ്പോലെ , കോളിളക്കത്തിൽ അത് പൊട്ടിപ്പുറപ്പെട്ട ഉറവയെ അവധാനതയോടെ കാണാൻ ശ്രമിക്കുന്നതിന് പകരം മുസ്‌ലിം പെണ്ണിന്റെ ഉടലും ഉടയാടയും എന്ന വിപുലമായ ക്ലീഷേ സാധ്യതകൾ ആഘോഷിക്കാനുള്ള മാധ്യമശ്രമങ്ങളും. അന്താരാഷ്ട്ര മാധ്യമങ്ങളും സെക്യുലർ ദേശീയ മാധമങ്ങളും വിഷയത്തെ രാഷ്ട്രീയ പ്രശ്നവൽക്കരണത്തിന് മാത്രം ഉപയോഗപ്പെടുത്തിയപ്പോൾ ഹിജാബിന്റെ ആധുനികതയും അനാധുനികത്വവും പറയാനായിരുന്നു ഇവിടെ ചർച്ച നിയന്ത്രിച്ചവർക്ക് ആത്യന്തിക താൽപര്യം. കർണ്ണാടകയിലെ പ്രശ്നം കൃത്യമായ സംഘ് സഫറോണൈസേഷനാണെന്ന ആമുഖം നൽകുക വഴി , മുസ്ലിം സംസ്ക്കാരങ്ങളുടെ കൃത്വിമമായ അപരിശ്കൃതത്വവും കൃത്യമായ അപരവൽക്കരണവും ഗുപ്താവഹനം നടത്താനുള്ള ചാനൽ മുതലാളിമാരുടെ ഗൂഢപദ്ധതികൾ നിഷ്കപടമാക്കാനുള്ള ശ്രമങ്ങളാണ് അവതാരകന്മാർ ഇവിടെ ചെയ്യുന്ന മഹാകളങ്കം. ആ നീക്കത്തിലൂടെ രണ്ട് കാര്യങ്ങൾ സാധൂകൃതമാവുന്നു .ഒന്നാമതായി, മുസ്‌ലിം വിരുദ്ധ വംശീയരാഷ്ട്രീയത്തിന്റെ നൈതികച്ചോർച്ചയെ സ്വാഭാവികവൽക്കരിക്കുകയോ , അധികാരമുള്ളവരുടെ അധീശത്വം സാമൂഹിക യാഥാർത്ഥ്യമാണെന്ന സോഷ്യൽ ഡാർവ്വനിസത്തെ ശരിവെക്കുകയോ ചെയ്യുന്നു. അങ്ങനെയാണ് , മുസ്ലിംകൾ മതശാഠ്യങ്ങൾ വിട്ട് പിടിച്ചാൽ സംഘ്പരിവാർ ശാന്തരാവില്ലേ എന്ന ഗുണദോശവുമായി ഇടതുപക്ഷം പോലും മുസ്ലിംകളെ സമീപിക്കുന്നത്. ആരുടെഭാഗത്താണ് ശാഠ്യം എന്നതോ ആക്രോശങ്ങളുടെ ആഘോഷം ജനാധിപത്യത്തിനേൽപ്പിക്കുന്ന ആഘാതമോ യുക്തിവിചാരം ചെയ്യപ്പെടാതെ ഭാഗികമായ ശിരോവസ്ത്രത്തിനപ്പുറം ഏതായാലും അപരിശ്കൃതം , അതിനുള്ളിലുള്ളത് എപ്പോഴൊക്കെയാവാം എന്ന മതനവീകരണ ശ്രമങ്ങളുടെ ജനാധിപത്യശ്രമങ്ങളായിരുന്നു അടുത്തത്. പ്രൊ.ഹിജാബ് പക്ഷത്തിൽ നിന്ന് , സംഘ്പരിവാർ കാണുന്ന ദോശം മുസ്ലിം എന്ന സ്വത്വമാണെന്നും അല്ലാതെ ചുറ്റുന്ന തുണിയുടെ നീളമല്ലെന്നും തിരിച്ചറിയാൻ പറ്റാത്തവരും അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അതിനൊത്ത് സംസാരിക്കാൻ സാധിക്കാതെ പോയവരും ഹിജാബും നിഖാബും ബുർഖയും തമ്മിലുള്ള വ്യത്യാസം വേർതിരിച്ച് ഹിജാബിനെ മാത്രം ഉയർത്തിക്കാട്ടി അപ്പോളജറ്റിക് ആർഗ്യുമെന്റുകളെ ആശ്രയിക്കുകയായിരുന്നു. സംഭവിച്ചതാകട്ടെ ഫലവൈപരീത്യവും . സെക്യുലർ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിൽ മുഖപടം താഴ്ത്തി പഠിക്കാനുള്ള അവകാശസമരമല്ല നടക്കുന്നതെന്ന കാര്യം മറന്നുകൊണ്ട് കണ്ണോളം ഇറങ്ങുന്ന പൊതുവായ പെൺവസ്ത്രധാരണത്തെ തന്നെ റദ്ദ് ചെയ്ത മുസ്ലിം പ്രതിനിധികൾ തലയോളം പൊങ്ങുന്ന ശിരോപടത്തെ നിരാകരിക്കുന്ന സംഘ്യുക്തിയെ ശരിവെക്കുകയായിരുന്നു. 




ഹിജാബ് മതപരമായ അടിച്ചേൽപിക്കലാണ് , പ്രത്യേകിച്ച് പ്രായപൂർത്തിയാവാത്ത കുട്ടികളെ പോലും മതചിഹ്നങ്ങൾ അണിയിപ്പിക്കുന്നത് ആധുനികമൂല്യങ്ങളോട് ചേർന്നതല്ലെന്ന വിമർശനത്തിൽ അവർക്ക്,മതരഹിത സാമൂഹികതയാണ് പരമയോഗ്യം , സ്വയംതെരെഞ്ഞെടുപ്പാണ് ആത്യന്തികനിർണ്ണയം എന്നിങ്ങനെ രണ്ട് ന്യായങ്ങളാണുള്ളത്. ലോകജനസംഖ്യയുടെ 85 ശതമാനവും മതവിശ്വാസികളാണെന്ന , അമൂർത്തമായ വിശ്വാസത്തിന്റെ ആചരണം സാംസ്ക്കാരിക വൃത്തിയാണെന്ന, ജനാധിപത്യം വ്യവഹരിക്കുന്ന മനുഷ്യൻ ആശയങ്ങളിൽ നിന്നും മുക്തമാക്കപ്പെട്ട കേവലം മാംസക്കഷ്ണമല്ലെന്നുമുള്ള അടിസ്ഥാനബോധമുള്ളവർ മതരാഹിത്യമാണ് മനുഷ്യത്വം എന്ന് പറയില്ല . മനുഷ്യനെ , അവന്റെ സ്വത്വവും വ്യക്തിത്വവും രൂപപ്പെടുത്തിയ സകലമാന പശ്ചാത്തലങ്ങളും സഹിതമാണ് ഡെമോക്രസി ഉൾക്കൊള്ളുന്നത്. ഇന്ത്യൻമതേതരത്വമാകട്ടെ മതാത്മക ദേശീയതയെ ഉൾക്കൊണ്ടതിനാൽ അതിന്റെ യൂറോപ്യൻ വകഭേദങ്ങളിൽ നിന്നും വിഭിന്നമായി വിശ്വാസപാക്ഷികമാണ് താനും (inclusive secularism ) .രണ്ടാമത്തെ , സ്വയംതെരെഞ്ഞെടുപ്പാണ് ശരി എന്നത് വ്യക്തിവാദ (individualism )ത്തിന്റെ മുദ്രാവാക്യമാണ്.വ്യക്തിവാദവും ഭരണഘടനാനുസൃത ദേശീയ സങ്കൽപ്പവും പരസ്പര വിരുദ്ധങ്ങളാണെന്നതിന് പുറമേ, സ്വതന്ത്രചിന്തയുടെ ബലത്തിൽ സ്വയം തെരെഞ്ഞെടുപ്പ് എന്ന സങ്കൽപ്പം പൂർണ്ണമായ മിഥ്യമാത്രമാണ് . 

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us