loader
blog

In Ideal

By Shuaibul Haithami


കൗണ്ടർ റിഫോർമേഷൻ : ഇൻഫീരിയോരിറ്റി ഫോർ ഉമ്മച്ചിക്കുട്ടി

ജ്ഞാനോദയാനന്തര യോറോപ്പിൽ , കടുത്ത അഭ്യന്തര വിമർശനം നേരിട്ട ക്രൈസ്തവത പൊതുബോധത്തിനൊപ്പം അഫോർഡബിളാവാൻ വേണ്ടി നടത്തിയ സ്വയം കത്രികാക്രിയയാണ് ഫലത്തിൽ കൗണ്ടർ റിഫോർമേഷൻ .

വിശപ്പ് മാറ്റാൻ സ്വന്തം ഇറച്ചി മുറിച്ച് തിന്ന് ജീവൻ പോയ അവസ്ഥയിലായ പരിഷ്കൃത ക്രിസ്റ്റ്യാനിറ്റിയെ അടുത്ത പടി ലിബറലിസം വിഴുങ്ങിത്തീർക്കുകയും ചെയ്തു .



കേരള മുസ്ലിംകൾക്ക് പാഠമുള്ളത് കൊണ്ട് ഒരു കോ - ഇൻസിഡഷ്യൽ സംഭവുമായി അതിനെ ഒടുവിൽ കോർക്കാം .




സ്വതന്ത്രലൈംഗികത അനുവദനീയമായാൽ ഇരുപത് കൊല്ലങ്ങൾക്കകം അച്ഛനില്ലാത്ത അമേരിക്കയോ യൂറോപ്പോ പിറക്കും എന്നത് കൊണ്ടാണോ ഇസ്ലാമിൽ വ്യഭിചാരം നിഷിദ്ധമായത്? 

അല്ല , അജ്ഞാത പിതൃത്വം പൊതുഭാവമായ സമൂഹത്തിന് ശാരീരികമായോ മാനസികമായോ യാതൊരുവിധ ന്യൂനതയും ഉണ്ടാവാതെ ജീവിക്കാനാവും. 

വ്യഭിചാരം താൽക്കാലിക സുഖാനന്തരം അസുഖങ്ങൾ സൃഷ്ടിക്കുമ്പോൾ വൈവാഹിക ദാമ്പത്യം അങ്ങനെയല്ലാത്തത് കൊണ്ടാണോ ? ഒരിക്കലുമല്ല , ഔദ്യോഗിക വിവാഹ ജീവിതം നയിക്കുന്നവരേക്കാൾ മാനസിക സ്വാതന്ത്ര്യം ബാധ്യതാ രഹിത ലൈംഗിക രൂപങ്ങളിൽ തന്നെയാണ് . രസവും വിരസതയും കരാറുമായി ബന്ധപ്പെട്ട കാര്യമല്ല ,പങ്കാളികൾക്കിടയിലെ പ്രണയവുമായാണതിന് ബന്ധം.

 മനുഷ്യന് സാംസ്കാരികമായ മേന്മ നഷ്ടപ്പെട്ട് മൃഗസമനരാവും എന്നത് കൊണ്ടാണോ പിന്നെ ? അതുമല്ല, ഗ്രൂമിങ്ങിലൂടെ വാർത്തെടുക്കപ്പെട്ട സാംസ്ക്കാരിക സങ്കൽപങ്ങളിലാണ് മനുഷ്യർ ജീവിക്കുന്നത്. ഗ്രൂമിങ്ങ് ഏജൻസി മതമോ മതരാഹിത്യമോ ആവാം. ഇപ്പോൾ അചിന്ത്യമായ മറ്റൊരു രീതിയിലേക്ക് ജീവിത വ്യവസ്ഥ മാറുകയാണെങ്കിൽ ക്രമാനുകത്വം ആ വ്യവസ്ഥയെ സ്വാഭാവികവൽക്കരിക്കും , അത്രേ ഉള്ളൂ.മനുഷ്യനാഗരികതയുടെ ആദ്യഘട്ടങ്ങളിൽ  അഗമ്യഗമനം ഇസ്ലാമികമായിരുന്നു. പിന്നീടത് ഏറെക്കുറേ നിഷിദ്ധമാക്കപ്പെട്ടു.ആരോഗ്യപരമായി അനുഗുണമല്ലാത്തതിനാനല്ല അത് പാടില്ലാതായത്. അത് നിയമനിർമ്മാണാനന്തര ന്യായമാണ്. എന്നല്ല , പ്രത്യക്ഷത്തിൽ ആരോഗ്യത്തിന് ക്ഷീണം വരുത്തുന്ന പല ത്യാഗങ്ങളും ഇസ്ലാമിലെ പുണ്യങ്ങളാണ്. ശരീരത്തിനെതിരായ സമരങ്ങളും ആഗ്രഹങ്ങൾക്കെതിരെയുള്ള വൈകാരിക നിഗ്രഹവുമാണല്ലോ ഇസ്ലാമിന്റെ ധാർമ്മിക ശിക്ഷണം. ഭൗതികമായി മനസ് നോവുന്ന പല നീക്കങ്ങളും ദൈനംദിന ജീവിതത്തിൽ നിർബന്ധമാകുന്നുണ്ട് മുസ്ലിമിന്. 

പറഞ്ഞുവന്നത് , വ്യഭിചാരം ഇസ്ലാമിൽ നിഷിദ്ധമായതിന്റെ ഏകകാരണം ആ സുഖകരവും ആസ്വാദ്യകരവുമായ മാനുഷിക ഛോദന അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ ഭാഗമായി യുക്തിപരിഗണനയന്യേ വേണ്ടെന്ന് വെക്കണം എന്ന കൽപ്പന മാത്രമാണ്.

പ്രകൃതിപരമായി മനുഷ്യപ്രകൃതത്തോട് ചേരാത്തവയാവും ഇസ്ലാമിലെ നിഷിദ്ധങ്ങൾ എന്നത് ശരിയാണെങ്കിലും ചേരാത്തവ മാത്രമല്ല , ചേരുന്നവയും ചിലത് നിഷിദ്ധങ്ങൾ തന്നെ . അപ്പോഴേ സ്വഹിതം ദൈവഹിതത്തിന് സമർപ്പിക്കുക എന്ന ഇസ്ലാം സാർത്ഥകമാവുന്നുള്ളൂ . ഉപകരണ ഗാനനാദം , ലഹരി , കാമലീലകൾ തുടങ്ങി എല്ലാറ്റിലും അത് കാണാം.

ഒരു ക്രിയയും വസ്തുവും നല്ലതോ ചീത്തയോ അല്ല . അതിനോടുള്ള മനുഷ്യന്റെ സഹവാസത്തിനും സഹചരണത്തിനുമാണ് നിയമങ്ങൾ ബാധകമാവുന്നത്. 

ഒരേ കൃത്യം തന്നെയാണ് നികാഹ് എന്ന മാനദണ്ഡത്തിന്മേൽ ശേഷം പുണ്യവും മുമ്പ് പാപവുമാവുന്നത് . 

ചുരുക്കത്തിൽ , ഇസ്ലാമിൽ ഏതൊരു കാര്യത്തിന്റെയും ഹിതാഹിതങ്ങൾ തീരുമാനമാവുന്നത് അതിന്റെ ഭൗതികമായ ഗുണദോശങ്ങൾ , പൊതുബോധം , പരീക്ഷണനിരീക്ഷണം , യുക്തി എന്നിവയൊന്നും അടിസ്ഥാനമാക്കിയല്ല .


ഇസ്ലാമിക നിയമങ്ങൾക്ക് പിന്നിലെ പൊരുൾ അന്വേഷിച്ച് കൊണ്ടുള്ള ഗ്രന്ഥങ്ങൾ ധാരാളമുണ്ട്. 'ഹിക്മത് 'വിശദീകരണം കർമ്മശാസ്ത്രത്തിലും കാണാം. അപ്പോഴും ആരാധനകൾ 'തഅബ്ബുദി 'അഥവാ കാരണമജ്ഞാതമായ കർമ്മങ്ങൾ തന്നെയാണെന്ന് എല്ലാവരും സമ്മതിക്കുന്നു . 


അന്യസ്ത്രീ പുരുഷന്മാർ തമ്മിൽ സ്പർശിച്ചാൽ ശുദ്ധിഭംഗം സംഭവിക്കുമെന്ന , നമസ്കാരത്തിൽ മൂന്നിലേറെ തവണ തുടർച്ചയായി അനങ്ങിയാൽ കൃത്യവിലോപമാവുമെന്ന , മറ്റൊരു പ്രവാചകൻ പിശാചിനെ എറിഞ്ഞകറ്റിയതിനെ അനുകരിച്ച് കല്ലേറ് നടത്താതെ ഹജ്ജ് പൂർണ്ണമാവില്ലെന്ന , അപ്സരസ്സുകളും ശീതളപാനീയങ്ങളും നിറഞ്ഞ സ്വർഗത്തിന് വേണ്ടി ചില ഇഹലോക സുഖഭോഗങ്ങൾ പാടില്ലെന്നതടക്കമുള്ള നിയമങ്ങൾ അടങ്ങുന്ന ഇസ്ലാമിനെ ഫിസിക്കലായി വ്യാഖ്യാനിച്ച് ശാസ്ത്രീയമാക്കുന്നതിൽ പരം വൃഥാവേല മറ്റൊന്നില്ല. ലൈംഗിക ന്യൂനപക്ഷവാദവും സ്ത്രീ പുരുഷ സമത്വവാദവും വരുമ്പോൾ ഇസ്ലാമിനെ പൊതുബോധത്തിനൊത്ത് വെളുപ്പിക്കുന്നവർ ഖബ്റിലെ ചോദ്യവും സ്വിറാത് പാലവും എവിടെ ഒളുപ്പിക്കും ? ആ അപകർശതയുടെ അറ്റമാണ് ഇസ്ലാം ഭ്രഷ്ടിന്റെ തുടക്കം.  പ്രകൃത്യാ പുരുഷൻ സാമൂഹിക മേധാവിത്വം നേടിയവനാണെന്നും അതവന്റെ ജഡിക പ്രത്യേകതയാണെന്നും മെറ്റാഫിസിക്സിൽ വായിക്കപ്പെടേണ്ടവയാണ് മതമൂല്യങ്ങളെന്നും പറയാനറിയാത്തവർ അറിയുന്ന വേറെ പണിക്ക് പോയാൽ അവരും ഇസ്ലാമും രക്ഷപ്പെടും . ലിംഗ സമത്വം മിഥ്യയാണ്. ലിംഗ നീതി ശരിയും .


സ്ത്രീകൾ പൊതുരംഗത്ത് പുരുഷന്മാരോടൊപ്പം ഇടകലരാൻ പാടില്ലെന്നത് ഇസ്ലാമിന്റെ നിയമമാണെന്ന് ഇക്കാലത്ത് വിശ്വസിക്കുന്നവർ മതത്തെ അപമാനിക്കുകയാണെന്ന അവസരവാദവുമായി വരുന്നവർ ഇസ്ലാം ഗോത്രകാല സംസ്ക്കാരങ്ങളെ ഇന്നും നിലനിർത്തുന്ന ദർശനമാണെന്നത് വിസ്മരിക്കരുത്. ഇസ്ലാമിൽ ഗോത്രീയതത ഉണ്ടെന്നത് ശരിയല്ല . പക്ഷെ ഗോത്രകാലികത ഉണ്ട്. ഇങ്ങനെ പറയുന്നത് മതവിമർശകർക്ക് വളമാവില്ലേ എന്ന് ചിന്തിക്കുന്നവർ മറ്റുള്ളവരുടെ സമ്മതമോ ബോധ്യമോ അല്ല സത്യം സത്യമാമാവാനുള്ള നിബന്ധന എന്നോർത്താൽ മതി . മനുഷ്യനും അവന്റെ പ്രകൃതവും ഗോത്രകാലത്തും ആധുനികകാലത്തും ഒന്ന് തന്നെയാണ്. ആത്യന്തികമായി മനുഷ്യൻ ഒരു ഗോത്രകാല ജീവിയായതിനാൽ മനുഷ്യനെ സമഗ്രമായി വ്യാപരിക്കുന്നതെന്തിലും ഗോത്രസ്പർശം ഉണ്ടാവും. മാത്രമല്ല , ആധുനികമാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന എല്ലാതരം ശീലങ്ങളും മൂന്നാല് സഹസ്രാബ്ദങ്ങൾക്ക് മുമ്പേ നിലവിലുണ്ടായിരുന്നവ തന്നെയാണ്.

( അടിസ്ഥാനം ഗോത്രകാലത്തില്ലാതിരുന്ന ഏതെങ്കിലും ഒരു ആധുനിക രീതി ചൂണ്ടിക്കാണിക്കാൻ ആർക്ക് പറ്റും ? )


സ്ത്രീക്ക് പുരുഷന്റെ കൂടെ പൊതുരംഗം സാധ്യമാണെന്ന ഫിഖ്ഹീ വായനകളെ നിഷേധിക്കുകയല്ല ഈ കുറിപ്പ്. 

സോപാധികമായി അത് അംഗീകൃതമാവുന്ന മദ്ഹബീ വീക്ഷണങ്ങളും നിരുപാധികമായി അംഗീകൃതമാവുന്ന സ്വതന്ത്ര വീക്ഷണങ്ങളും സ്ത്രീപക്ഷ ബദൽ പൊതുരംഗം എന്ന മധ്യമ വീക്ഷണവും ഇസ്ലാമിക ലോകത്തുണ്ട്. സംവാദങ്ങൾ നടക്കട്ടെ. പക്ഷെ , മതവിമർശകരുടെ മുമ്പിൽ ഇസ്ലാമിന് നാണക്കേടാവുമെന്നതിനാൽ ഇക്കാലത്ത് സ്ത്രീകൾ റാലി നടത്തരുതെന്ന് പറയുന്നത് പൗരോഹിത്യമാണെന്ന് പറയുന്നവരുടെ അന്ത:ശൂന്യതയെ കുറിക്കാനാണ് ഈ കുറിപ്പ്. 

മോഡേണിറ്റി സീസണലാണ്. അതനുസരിച്ച് ആഖ്യാനങ്ങൾ രൂപപ്പെടുത്തുമ്പോൾ ഇസ്ലാം ഇല്ലാതായി. പിന്നെ ഉള്ളത് മുസ്ലിം എന്ന കൃത്രിമ ജാതിസ്വത്വം മാത്രമാണ്. അതിൽ ആത്മീയതയില്ല , അനുഷ്ഠാനവും രാഷ്ട്രീയവും മാത്രമേ ഉണ്ടാവുകയുള്ളൂ .മോഡേണിറ്റിയുടെ വാദമുഖങ്ങളെ എതിർക്കുകയും അതിന്റെ രീതിശാസ്ത്രം അവലംബിക്കുകയും ചെയ്യുന്നവരാണ് മുസ്ലിം ജാതിവാദികൾ .


സ്ത്രീ , പുരുഷകേന്ദ്രീകൃത വേദിയിലേക്ക് മതചടങ്ങുകളിൽ വരരുതെന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നിലപാടിൽ ഒരംശം ബൗദ്ധികശോഷണമില്ല . അതേസമയം , അത് പൗരോഹിത്യമാണെന്ന് പ്രഖ്യാപിക്കുന്ന മുസ്ലിം ജാതി സ്വത്വവാദികൾക്ക് തത്വദീക്ഷ ഇക്കാര്യത്തിൽ ഉപ്പിന് പോലുമില്ല . ഇതിന് മറുപടിയായി , സ്ത്രീക്ക് പുരുഷനുള്ള പൊതുവിടം ശാഫീ ഫിഖ്ഹിൽ തന്നെ സാധ്യമാണല്ലോ എന്ന് ചിന്തിക്കുന്നവരോട് ഈ കുറിപ്പ്  സംസാരിക്കുന്നില്ല .

സ്ത്രീ കേന്ദ്രീകൃതമായ ഇടങ്ങളിൽ പുരുഷനും പൊതുരംഗം സാധ്യമല്ലെന്ന മറുപുറം കൂടി സമസ്ത മുന്നോട്ട് വെക്കുന്നു. സമസ്തയുടെ പുരുഷവിരുദ്ധത എന്ന തലക്കെട്ടിലും വേണ്ടവർക്ക് കവർസ്റ്റോറി ചെയ്യാം.


താലിബാനും സമസ്തയും തമ്മിലുള്ള വ്യത്യാസവും ഇവിടെ വ്യക്തമാണ്. താലിബാന് മതയിടം, മതേതരയിടം എന്ന വ്യത്യാസം ബാധകമല്ല. പള്ളിയിലെ ചട്ടങ്ങൾ ഒട്ടും കുറയാതെ തന്നെ പഞ്ചായത്തിലും പാർലമെന്റിലും പാലിക്കപ്പെടണമെന്ന സായുധ ശാഠ്യം താലിബാനുണ്ട്. സ്വകാര്യയിടത്തെ അനുയായികളുടെ മതപരമായ പ്രാക്ടീസ് എങ്ങനെയാവണമെന്ന ചട്ടമാണ് സമസ്തയുടേത്. മതേതരയിടങ്ങളെ സമസ്ത ഉൾക്കൊള്ളുകയും ഇടപെടാതിരിക്കുകയും ചെയ്യുന്നു. അധികാരമില്ലാത്ത താലിബാനല്ലേ സമസ്ത എന്ന് ചോദിച്ചാൽ , അല്ല എന്നുത്തരം. അതിനപ്പുറം അധികാരമില്ലാത്ത പോൾ പോർട്ടും ജോസഫ് സ്റ്റാലിനും ഹിറ്റ്ലറുമൊക്കെയാണ് ചോദ്യ കർത്താക്കൾ .


സ്വകാര്യയിടങ്ങളിലെ Code of conduct തീരുമാനിക്കുമ്പോൾ , വിദ്യാഭ്യാസ സ്ഥാപനം മുതൽ പട്ടാളക്യാമ്പ് വരെ Male - Female Segragation നടപ്പിൽ വരുത്താറുണ്ട്. Segragation നും Discrimination ഉം രണ്ടും രണ്ടാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന യൂണിഫോമുകളെ code of conduct എന്ന നിലയിൽ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് കഴിഞ്ഞമാസം ജൻഡർ ന്യൂട്രൽ ഡ്രസ് ചർച്ചയിൽ ന്യായീകരിച്ചവർ മറ്റൊരു സ്വകാര്യയിടത്തെ അതോറിറ്റി അവരുടെ പരിധിയിൽ അവിടത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമ്മതമായ code of conduct നടപ്പിൽ വരുത്തുന്നതിനെ ചോദ്യം ചെയ്യുന്നതാണ് ഈ കാഴ്ച്ചകൾ . അന്ന് ഫാസിസത്തെ എതിർത്ത പല മുസ്ലിം സംഘടനകളും ഇക്കാര്യത്തിൽ ഫാസിസ്റ്റ് മനോഗതി പുലർത്തുകയും ചെയ്യുന്നു. ഇസ്ലാമിനകത്തെ ബഹുസ്വരത പലർക്കും ആത്മപ്രതിരോധായുധം മാത്രമാണ്. 


എന്താണിവിടെ കോ - ഇൻസിഡൻഷ്യാലിറ്റി ?


 'കൗണ്ടർ റിഫോർമേഷൻ ' എന്ന മെതഡോളജിയാണ് സ്വീകരിച്ചത് .ജ്ഞാനോദയ കാലത്ത് യൂറോപ്യൻ ക്രിസ്റ്റ്യാനിറ്റിയുടെ ആത്മാവ് നഷ്‌ടപ്പെടാൻ കാരണമായ സ്വയം പരിഷ്ക്കരണമായിരുന്നു അത്. അതായത് , ഔദ്യോഗിക ക്രിസ്റ്റ്യൻ വിഭാഗമായ കത്തോലിക്കാധാരയുടെ മേൽ മാർട്ടിൻ ലൂഥറിൻ്റെ കീഴിലുള്ള സമാന്തര പ്രൊട്ടസ്റ്റൻ്റുകാർ ഉന്നയിച്ച കൽപ്പിതമായ ആരോപണങ്ങൾക്ക് പൊതുസ്വീകാര്യത ലഭിച്ചതോടെ കാത്തലിക് സഭ പ്രതിരോധത്തിലായി . മറുപടിയായി , 'എങ്കിൽ കാണിച്ച് തരാം ' എന്ന ഭാവത്തിൽ പോപ് പോൾ മൂന്നാമൻ്റെ കീഴിൽ കത്തോലിക്കക്കാർ സ്വയം നവീകരണം പ്രഖ്യാപിച്ച് പ്രൊട്ടസ്റ്റൻ്റുകാർ മുന്നോട്ട് വെച്ചതിനേക്കാൾ ജനകീയമായ നടപടികൾ നടപ്പിൽ വരുത്തി. ജനപിന്തുണക്ക് വേണ്ടി തത്വദീക്ഷയില്ലാതെ വിമർശകരേക്കാൾ കടുത്ത ആത്മവിമർശകരായി 'എലിയെ പേടിച്ച് ഇല്ലം ചുടുന്ന ' സമീപനമാണ് ഇന്ന് സാഹിത്യത്തിൽ കൗണ്ടർ റിഫോർമേഷൻ . മധ്യകാലത്ത് , വിമർശകർ ഉന്നയിച്ച കുയുക്തിപരമായ ചോദ്യങ്ങൾക്ക് മറുപടിയായും പിന്നീടത്തരം ചോദ്യങ്ങൾ വരാതിരിക്കാനും വേണ്ടി ഇസ്‌ലാമിനെ ' യുക്ത്യംവൽക്കരണം'  നടത്തിയ മുഅ്തസിലികളാണ് കൗണ്ടർറിഫോർമേഷൻ്റെ ആദി മുസ്ലിം മാതൃക .

 തദ്വാരാ , വിമർശകർക്ക് ആത്മവിശ്വാസം കൂടുക മാത്രം ചെയ്തു. ഇതേപടി , മുസ്ലിം സമൂഹത്തിൻ്റെ നാനോന്മുഖ വികാസത്തിൻ്റെ ആത്മപ്രേരണയായ വിശ്വാസ - ആത്മീയ സ്വത്വങ്ങൾക്കെതിരെ കരുതിക്കൂട്ടി നടത്തപ്പെടുന്ന അപരവൽക്കരണങ്ങളെ പ്രതിരോധിക്കാൻ സാമുദായികശരീരത്തിൻ്റെ മാംസം മുറിച്ചും രക്തമൂറ്റിയും ഭാവിയിൽ വിമർശന സാധ്യതയുള്ള അവയവം കാലേകൂട്ടി കട്ട് ചെയ്തും രണ്ടാമത്തെ വിഭാഗം 'നല്ല ' മുസ്ലിംകളാവാൻ അധ്വാനിച്ചു. 

ഇസ്‌ലാമിനകത്തെ മതേതര സാധ്യതകൾ ആരായുന്നതിന് പകരം, വിശ്വാസപരമായ കാർക്കശ്യങ്ങളൊഴിവാക്കി  മതേതര പൊതുമുസ്ലിം ജീവിതമാണ് നയിക്കുന്നതെന്ന് നിഴൽ ശത്രുക്കളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു അവർ .


Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us