loader
blog

In Ideal

By Shuaibul Haithami


Ex . മുസ്ലിം : എറ്റിമോളജിയും എപിസ്റ്റമോളജിയും .

മുസ്ലിം സമൂഹത്തിനകത്തുള്ള നവീകരണപാരമ്പര്യങ്ങൾക്ക് അപരിചിതമല്ലാത്ത തിരുത്തൽവാദമാണ് മതത്തിനകത്തെ മതനിരാസം. 

യുക്തിവാദത്തിൻ്റെ സാങ്കേതിക ഭാവങ്ങൾ ഇല്ലാതെ തന്നെ , താൽക്കാലികമായ വിജയങ്ങൾക്ക് വേണ്ടി ഇസ്ലാമിനെ അതല്ലാതാക്കുന്ന രീതിയുടെ ആധുനീക ഘട്ടം ആരംഭിക്കുന്നത് ഈജിപ്തിൽ തുടക്കം കുറിച്ച ഇസ്ലാമിക് മോഡേണിസം മുതലാണ്. 

രണ്ട് ലക്ഷ്യങ്ങളുടെ ഒരേ മാർഗമായിരുന്നു അൽ അസ്ഹർ വഴി പുറപ്പെട്ട പ്രസ്തുത ചിന്താരീതി.

ഇസ്ലാമിക തത്വശാസ്ത്രത്തെ പാശ്ചാത്യമൂല്യങ്ങൾ എന്നറിയപ്പെടുന്ന മതേതരത്വം ( Secularism) ,മാനവികവാദം (Humanism) ,യുക്തിചിന്ത (Rationalism) എന്നിവയുമായി സഹസംയോജനം നടത്താനുള്ള ശ്രമമാണ് ഇസ്ലാമിൻ്റെ ആധുനീകരണം എന്ന് ചുരുക്കിയെഴുതാം.

യുക്തിമാത്ര പ്രധാനമായ 

നിയോമുഅ'തസിലിസം എന്നും അതിനെ വിശേഷിപ്പിക്കാം. 

ഇവിടെ ,രണ്ട് ലക്ഷ്യങ്ങൾ എന്ന് പറഞ്ഞത് , ഇസ്ലാം വിരോധികൾക്ക് ഇസ്ലാം അഭൗമികമായ പ്രാപഞ്ചിക വ്യവസ്ഥയോ സമഗ്രമായ ദാർശനിക സംഹിതയോ അല്ല ,കേവലം അടിച്ചേൽപ്പിക്കപ്പെട്ട സാമൂഹിക സ്ഥാപനം മാത്രമാണെന്ന് വരുത്തലായിരുന്നു ലക്ഷ്യം. 

അവരുടെ സംപ്രീതി ഇസ്ലാമിന് നേടിക്കൊടുക്കാൻ അവരുടെ ബുദ്ധിക്കൊതുങ്ങാത്ത ഇസ്ലാമിനെ അംശയിച്ചും അരിഷ്ടിച്ചും നവീകരികരിക്കാൻ ശ്രമിച്ചവർക്ക് മറ്റൊരു ലക്ഷ്യവുമായിരുന്നു. 


19 - 20 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലായിരുന്ന ഈജിപ്തിൽ നിന്നായിരുന്നു ഇസ്ലാമിക് മോഡേണിസത്തിൻ്റെ ആരംഭം. ഈജിപ്തിനെ അതിൻ്റെ മൗലികസ്വത്വമായ മതാധിഷ്ഠിത ദേശീയബോധത്തിൽ നിന്നും ,ആത്മീയനിഷ്ഠാബോധത്തിൽ നിന്നും വ്യതിചലിപ്പിക്കാതെ ,മധ്യപൗരസ്ത്യദേശങ്ങൾ അധീനപ്പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ദീർഘകാലാടിസ്ഥാനത്തിൽ വിതച്ച പദ്ധതിയായിരുന്നു അത്. ആഗോള ഇസ്ലാം രചനകളെയും തത്വശാസ്ത്ര സംവാദങ്ങളെയും നിയന്ത്രിച്ചിരുന്ന / സ്വാധീനിച്ചിരുന്ന അൽ അസ്ഹറിലെ പണ്ഡിതന്മാരെ വരുതിയിലാക്കിക്കൊണ്ടായിരുന്നു ആ മിഷനറിയുടെ പ്രവർത്തനങ്ങൾ .

അന്നത്തെ ഈജിപ്തിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണർ ആയിരുന്ന ലോർഡ് ലോയ്ഡ് എഴുതിയ Egypt since Cromer എന്ന പുസ്തകത്തിൽ അതിൻ്റെ നാൾവഴികൾ വ്യക്തമാക്കുന്നുണ്ട്. 

ഇസ്ലാം പരിശ്ക്കരണത്തിന് മുന്നിട്ടിറങ്ങിയ അക്കാലത്തെ അൽ അസ്ഹറിലെ പണ്ഡിതന്മാർ ബ്രിട്ടീഷ് വിധേയരായിരുന്നുവെന്ന് ലോർഡ് ലോയിഡ് വിവരിക്കുന്നു. 


ദൈവത്തെയല്ല ,ദൈവികതയെ നിഷേധിക്കുന്നതിൻ്റെ പിന്നിൽ .


ദൈവാസ്തിക്യം നിരാകരിക്കലിനേക്കാൾ അയത്നലളിതമായത് ഇസ്ലാമിക പ്രമാണങ്ങളുടെ ദൈവികതയെ റദ്ദ് ചെയ്യലാണ് എന്ന് മനസ്സിലാക്കിയ ധാരാളം യൂറോപ്യൻ ഓറിയൻ്റിലിസ്റ്റുകളും ദാർശനികന്മാരും പദാർത്ഥവാദികളും ഉണ്ടായിരുന്നു. 

അവർ , അതിന് കണ്ട കുറുക്ക് വഴി വളരെ ഗൂഢമായിരുന്നു. മുസ്ലിംകൾ ദിവ്യമെന്ന് വിശ്വസിക്കുന്ന വേദഗ്രന്ഥത്തിൻ്റെ സ്രോതസ്സിനെ സംബന്ധിച്ചുള്ള സന്ദേഹസാംക്രമണമായിരുന്നു അത്. 

മുഹമ്മദ് നബി (സ്വ) വ്യാജനാണെന് പ്രചരിപ്പിച്ചാൽ അതുളവാക്കുന്ന ഫലം വിപരീതമായിരിക്കും. അതിനാൽ , ആ മഹാവ്യക്തിത്വത്തെ മനുഷ്യപ്രാപ്യമായ ബൗദ്ധിക പൂർണ്ണതയുടെ പാരമ്യതയിൽ പ്രതിഷ്ഠിച്ച് കൊണ്ട് , ആ മഹാനുഭാവന് ദിവ്യബോധനം ഉണ്ടാവേണ്ടതില്ല , കാരണം കറകളഞ്ഞ ജ്നോദയത്തിന് പാകപ്പെട്ട ഒരു ബോധതലം വ്യക്തിസിദ്ധിയായി മുഹമ്മദ് നബി (സ്വ) യിൽ രൂപപ്പെട്ടിരുന്നു എന്ന് വരുത്താനാണവർ ശ്രമിച്ചത്. മാലാഖ മാധ്യമമായ ദിവ്യബോധനത്തിൻ്റെയോ അമാനുഷികമായ തലത്തിലേക്കുയർന്ന് ദിവ്യസംബോധന നേരിട്ടേറ്റെടുക്കേണ്ടതിൻ്റെയോ ആവശ്യം ഇല്ലാത്ത വിധം അന്ത്യപ്രവാചകൻ പരിപൂർണ്ണനായിരുന്നുവെന്ന് പറയുമ്പോൾ, അത് വഴി ദിവ്യബോധന സാധ്യത ഇല്ലാതാവുന്നു എന്നതായിരുന്നു അവർക്ക് കിട്ടിയ ലാഭം. ദിവ്യബോധനമാണ് മുസ്ലിംകളെ ദൈവാസ്തിക്യത്തിൽ ആണിയിട്ടുറപ്പിച്ചത് എന്നവർക്കറിയാം .


ഈ മാർഗമവലംബിച്ച് നന്നാക്കിവെടക്കാക്കിയ പ്രമുഖരായിരുന്നു , ഫ്രഞ്ച് ചരിത്രകാരനും മന:ശാസ്ത്രജ്ഞനുമായ Gustave Le Bon (1841- 1931 ) ,ഹംഗേറിയൻ ചിന്തകനായ Ignac Goldziher (1850 -1921 ) ,ജർമ്മൻ ദാർശനികനായ Gustav Weil (1808 - 1889) ,ഫ്രഞ്ച് മാർക്സിയൻ ചരിത്രകാരനായ Maxime Rodinson (1915 - 2004 ) ,ഫ്രഞ്ച് ഓറിയൻ്റിലിസ്റ്റും, The Life of Muhammed എന്ന വിഖ്യാദ ഗ്രന്ഥകാരനുമായ Emile Dermenghem (1892 - 1971 ) ,സ്കോട്ടിഷ് ഓറിയൻ്റിലിസ്റ്റായ W. Montgomery watt (1909 - 2006 ) തുടങ്ങിയവർ . എന്നാൽ ഇവരിൽ പലരും , അന്ത്യപ്രവാചകൻ്റെ ജീവിതത്തെ ഏകാധാരത്തിലൂന്നിയോ ഏകധാരയിലൂടെയോ അല്ല വിലയിരുത്തിയത്. 

ദിവ്യബോധനത്തെ സംബന്ധിച്ച് , ആത്മനിഷ്ഠമായ ജ്നോദയം ,വ്യക്തിപരമായതീക്ഷ്ണാനുഭവങ്ങൾ രൂപപ്പെടുത്തിയ സാമൂഹിക നിരീക്ഷണങ്ങൾ, സഹജമായ ആന്തരികദീപ്തിയും ആർജ്ജിതമായ അന്വേഷണങ്ങളും സമന്വയിപ്പിച്ച ഉൾവിളികൾ , സാത്വികമായ അന്ത:ക്ഷോഭങ്ങൾ എന്നൊക്കെ വ്യാഖ്യാനിച്ച അവർ തന്നെ , രണ്ടാം ഘട്ടത്തിൽ മുൻവേദങ്ങളുടെ അപഹരണം ,നാടോടിക്കഥകളുടെ സമാഹരണം , ഉന്മത്തോക്തികൾ , ഭ്രമിത ജൽപ്പനങ്ങൾ എന്നൊക്കെയും പറഞ്ഞിട്ടുണ്ട് .

അതായത് , ഒന്നാം ഘട്ടത്തിൽ ദിവ്യബോധനത്തെയും തുടർന്ന് മുഹമ്മദ് നബി (സ്വ) യുടെ വ്യക്തിമാഹാത്മ്യത്തെയും നിരാകരിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം .


അപകർശത : Ex .Muslim ൻ്റെ മൂലധനം


മധ്യപൗരസ്ത്യ ദേശത്ത് ഇസ്ലാമിക് മോഡേണിസവും യൂറോപ്പിൽ ശാസ്ത്രീയ മുന്നേറ്റവും സംഭവിക്കുന്നത് ഏകദേശം ഒരേകാലത്തായിരുന്നു. അതിനാൽ ,ശാസ്ത്രീയമായി തെളിയിക്കാനാവുന്ന കാര്യങ്ങൾ മാത്രമേ ഇസ്ലാമിലുള്ളൂ എന്ന് വരുത്തേണ്ട ബൗദ്ധികദാസ്യം ചിലർ ഏറ്റെടുക്കുകയും ചിലരിൽ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു. വിശ്വാസത്തിന് വീര്യമോ വിജ്ഞാനത്തിന് വേരുകളോ ഇല്ലാത്ത , ദീനിനെ രാഷ്ട്രീയ വ്യവസ്ഥയായും അക്ഷരപ്രമാണങ്ങളായും മാത്രം വീക്ഷിച്ച ദുർബലമുസ്ലിംകൾക്ക് തോന്നിയ അപകർശതാബോധമായിരുന്നു 

Ex .Musim എന്ന അനർത്ഥ പ്രതിഭാസത്തിൻ്റെ ഫാക്ടറി തുറക്കപ്പെട്ട അടിനിലങ്ങൾ .

കാലഹരണപ്പെട്ട ഇസ്ലാമിക ജ്ഞാനനിർദ്ധാരണ മാർഗങ്ങൾ അവലംബിക്കാതെ , യൂറോപ്യൻ ശാസ്ത്രീയ ബോധവും സ്വതന്ത്രചിന്തയും ആധാരമാക്കിയാണ് ഇസ്ലാം പുന:വായന നടത്തേണ്ടത് എന്നവർ ശഠിക്കുകയും ,എന്നാൽ അങ്ങനെ പോലും ചെയ്യാതിരിക്കുകയും ചെയ്യുകയായിരുന്നു അവർ. അവർ , പദാർത്ഥവാദത്തിനനുസരിച്ച് ഇസ്ലാമിനെ ബാഹ്യമായി ബോഡിഷെയിമിങ്ങ് നടത്തുക മാത്രമായിരുന്നു , മാംസവും മജ്ജയും പരിഗണിച്ചേയില്ല ,ഇസ്ലാമിനെ ശാസ്ത്രീയ വിശകലനം ചെയ്യാനും തയ്യാറായില്ല . ശാസ്ത്രം എന്നാൽ ഭൗതിക ശാസ്ത്രം എന്ന തടവറയിൽ അവർ മുട്ടിലിഴഞ്ഞ് ചെന്നിരുത്ത് കൊടുക്കുകയായിരുന്നു. 


ഈ ഭാഗം വിലയിരുത്തുമ്പോൾ , എന്തായിരുന്നു യൂറോപ്യൻ സ്വതന്ത്രചിന്ത എന്നത് കൂടി നോക്കേണ്ടിവരും .

എങ്ങനെയാണ് യൂറോപ്യൻ ദാർശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞിരുന്നുവെങ്കിൽ മുഹമ്മദ് അബ്ദു , റഷീദ് രിദ , ജമാലുദ്ധീൻ അഫ്ഗാനി , ഫരീദ് വജ്ദി ,മുസ്തഫാ മറാഗി ,ഖാസിം അമീൻ ,ഹുസൈൻ ഹൈക്കൽ തുടങ്ങിയ മുസ്ലിം മോഡേണിസ്റ്റുകളുടെ വാദങ്ങൾ അവരെത്തന്നെ തിരിഞ്ഞുകുത്തുമായിരുന്നു. 


ഒരുകാര്യം സ്വീകരിക്കേണമോ ,നിരാകരിക്കേണമോ എന്ന കാര്യത്തിൽ നിരുപാധികമായ തീർപ്പ് ഉണ്ടാക്കിയതിന് ശേഷം ,അതിനനുകൂലമായ രീതിയിൽ തെളിവുകൾ പരിശോധിക്കുക എന്നതാണ് വാസ്തവത്തിൽ യൂറോപ്യൻ രീതി. വിചിത്രമെന്ന് പറയട്ടെ , നിരീശ്വരവാദികൾ ഈശ്വരവാദികൾക്കെതിരെ മറിച്ചുന്നയിച്ച് മുൻകൂർ ജാമ്യം നേടുന്ന ഒരു വസ്തുത കൂടിയാണിത്. അമേരിക്കൻ തത്വചിന്തകനായ വില്യം ജയിംസ് രചിച്ച Pragmatism എന്ന കൃതി അതിനെ ഒരു സ്വീകാര്യ ചിന്താരീതിയായി അംഗീകരിക്കുന്നുണ്ട്.

ബ്രിട്ടീഷ് താത്വികനായ Jermy Bentham ,Alfred Von Kremer ,Georges Anawati ,Luice Gardet തുടങ്ങിയവർ അതേ രീതി ഔദ്യോഗികമായി അവലംബിച്ചവരാണ്. അവർ രചിച്ച The Philosophy of religious thought between islam and christyanity , H A R Gibb രചിച്ച The structure of Religious thought in islam തുടങ്ങിയ കൃതികൾ , ആധുനിക ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്ക് അപ്രാപ്യമായ മതവിശ്വാസം തള്ളപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചതാണ്. മുസ്ലിം മോഡേണിസ്റ്റുകൾ സ്വീകരിച്ച നിർണ്ണയങ്ങൾ ഇവരുടേതാണ്. അക്കാലത്തെ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിൽ പലതും നൂറ് - നൂറ്റമ്പത് വർഷങ്ങൾക്കിപ്പുറം തള്ളപ്പെട്ടു. സ്ഥായിയല്ലാത്ത തുടരന്വേഷണങ്ങളാണ് ശാസ്ത്രീയ നിഗമനങ്ങൾ എന്നത് അത്തിരക്കുകൾക്കിടയിൽ അവരോട് മറന്നു പോയി.


ദിവ്യബോധനം : സത്യത്തിൻ്റെ സത്ത


ഭൂമിയിൽ ജനിച്ചുവീണ ജലധിക്കോടി മനുഷ്യരിൽ , ലക്ഷക്കണക്കിന് മുഹമ്മദുമാരിൽ വെച്ച് അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ) ന് മാത്രം അവകാശപ്പെട്ട അടിസ്ഥാന പ്രത്യേകതയെന്താണ് ?

ഈ വിഷയത്തിൻ്റെ മർമ്മം അതാണ്. 

മനുഷ്യർ കയ്യെഴുത്ത് നടത്തിയ ഭാഷകളിലൊക്കെ ആയിരക്കണക്കിന് അപദാന കൃതികളും നൂറുക്കണക്കിന് ജീവചരിത്രങ്ങളും പിറന്നുവെന്നതാണോ ആ അടിസ്ഥാനം ,അല്ല.

ഹെറാക്ലീസ് സീസർ മുതൽ ജോ ബൈഡൻ വരെയുള്ള സാമ്രാജ്യാധിപന്മാർ മഹാനാം പട്ടം നൽകിയതുമല്ല .

ഇടയവൃത്തി ചെയ്ത അനാഥത്വത്തിൽ നിന്ന് അറ്റം കാണാത്ത ദിക്കുകളോളം പരന്ന മനുഷ്യർക്ക് സനാഥത്വം പകർന്നതുമല്ല .

പച്ചവെള്ളവും ചീന്ത്കാരക്കയും ഉണക്കദണ്ഡും മാത്രം കൈയ്യേന്തിയ സമരപോരാളികളെ കൊണ്ട് തുടങ്ങി അലക്സാണ്ടർ ദി ഗ്രേറ്റിന് സാധിക്കാത്തത്രയും സ്ഥിരതയുള്ള ഭരണമണ്ഡലങ്ങൾ രൂപപ്പെടുത്തിയെന്നതുമല്ല .

കാലത്തിൻ്റെ രണ്ട് മറുതലങ്ങൾക്കിടയിലെ യുഗപ്പകർച്ചകളുടെ ആദ്യമധ്യാന്തങ്ങളിലും ,ഉണ്മയുടെ രണ്ടറ്റങ്ങൾക്കിടയിലെ പ്രാതിഭാസിക വൈവിധ്യങ്ങളുടെ അടിനടുകൊടുമുടികളിലും ഉച്ചരിക്കപ്പെട്ട ഒരേയൊരു മനുഷ്യനാമത്തിൻ്റെ ഉടമസ്ഥനായതുമല്ല .

ആകാശത്തിൻ്റെ ഗഹനതയും ഭൂമിയുടെ ക്ഷമയും കാലത്തിൻ്റെ കരുത്തും കടലിൻ്റെ ദാനവും മനുഷ്യാകൃതി പൂണ്ട ആത്മചേതസ്സായിരുന്നുവെന്നതുമല്ല .

നിഘണ്ടുവിൽ ലഭ്യമായ ഏതേത് ഭംഗിവാക്കുകളെടുത്ത് ഒരുഭാഗത്ത് വെച്ചാലും അതിനോട് അതിലേറെ ചേരുംപടി ചേരുന്ന വ്യക്തിവൈശിഷ്ട്യങ്ങളുടെ കലവറയായിരുന്നുവെന്നതുമല്ല .

കണ്ണാലാരൂപം കാണാഞ്ഞിട്ടും കാതാലാസ്വരം കേൾക്കാഞ്ഞിട്ടും കൂടി ഒരു രോമകൂപത്തിൻ്റെ കൃത്യത പോലും തെറ്റാതെ , മിഴിതുറന്ന ചരിത്രം ഒപ്പിയെടുത്ത ഏക ചരിത്രപുരുഷനാണെന്നതുമല്ല .

ഓർമ്മകളുടെ സായാഹ്നങ്ങളിൽ ആയിരത്താണ്ടുകൾക്കപ്പുറം വീശിയ ഇളംകാറ്റിൻ്റെ സീൽക്കാരങ്ങളേറ്റ് ത്രസിച്ച് പിടയുന്ന ജനകോടികളുടെ തരംഗമോ കണികയോ അല്ലാത്ത ഹൃദയവിജ്രംഭണമാണെന്നതു പോലുമല്ല .

ടോൾസ്റ്റോയിയും തോമസ് കാർലെയും ഗഥേയും വാഷിങ്ങ്ടണിർവിനും ഗിബ്ബും മൂറും ഫിലിപ്പ് കെ ഹിറ്റിയും ബർണാഡ്ഷായും റൂസ്‌വെൽറ്റും മൈക്കലെച്ച്ഹാർട്ടും ഗാന്ധിജിയും വള്ളത്തോളുമൊക്കെ പ്രമേയമായും പ്രാസമായുമൊക്കെ ആ പേരുച്ചുരച്ചുവെന്നതുമല്ല .


പിന്നെന്താണാ അടിസ്ഥാന സവിശേഷത ?അത് ,അതിരുകളറിയപ്പെടാത്ത പൂർവ്വാകാശത്തിൻ്റെ മുകളിൽ നിന്നും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിൻ്റെ രിസാലത് സമ്പൂർണ്ണമാക്കാനുള്ള വഹ്യ് ലഭിച്ചുകൊണ്ടേയിരുന്നുവെന്നതാണ്. 

നൂറുബില്യൺ നക്ഷത്രങ്ങളുള്ള നൂറായിരക്കണക്കിന് ഗ്യാലക്സികൾ പടച്ച് പരിപാലിക്കുന്ന പടച്ചവൻ , അവൻ്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയെത്തേടി , ഒരുതരി ഗോളമായ ഭൂമിയിലെ, ഒരുപൊരിത്തീരമായ കരയിലെ, ഒരുതരു അംശമായ അറേബ്യായിലെ , ഈന്തയോലകൾക്ക് ഈന്തത്തടികൾ തൂണാക്കി നാട്ടിക്കെട്ടിപ്പൊക്കിയ കുടിലനകത്തേക്ക് ,അവൻ്റെ ഏറ്റവും പ്രധാനമാലാഖയെ ദിവ്യബോധനത്തിൻ്റെ പൊതിയുമായി പറഞ്ഞയച്ചുവെന്നതാണ് .

അനുയായികളുടെ കൺവെട്ടത്തും കാണാമറയത്തും വെച്ച് , ഏക ഇലാഹിൻ്റെ നോട്ടവും നീട്ടവും ദിവ്യബോധനമായി ഏറ്റെടുക്കുമ്പോൾ മേലിരിക്കപ്പെട്ട ഒട്ടകം ഭാരം താങ്ങാനാവാതെ മുട്ടിടച്ചുവീണപ്പോഴും തൃപ്പാദങ്ങളോട് ചേർത്തുവെച്ച കൂട്ടാളികളുടെ കാലുകൾ എല്ലുകൾ നുരുമ്പുമാറ് ഞെരിഞ്ഞമർന്നപ്പോലും നെറ്റിയിൽ മുത്തുമണികളായ് തിളങ്ങുന്ന വിയർപ്പ് കണങ്ങളുമായി വഹ്യുകൾ പെയ്ത് നിറഞ്ഞ ഉടലായി ,ഉണ്മയായി ഉയർന്നു എന്നതാണ്.  

ദൈവാസ്തിക്യം ബോധ്യമാക്കിയത് വഹ്യാണ് .

തിരുനബിയുടെ വിടവാങ്ങലാഹ്വാനം കേട്ടപാടെ ഭൂഖണ്ഡലങ്ങളിലേക്ക് കുതിരപ്പുറമേറിയും പായക്കപ്പല് കയറിയും തപിക്കുന്ന മന്തറകളിലൂടെ പതക്കുന്ന പാദങ്ങളമർത്തി പാതകൾ വെട്ടിയും അസ്ഹാബ് പരന്നൊഴുകിയത് ആ വഹ്യിൻ്റെ പ്രസാദങ്ങൾ വിതരണം ചെയ്യാനാണ്. 

ഈ അടിസ്ഥാന തത്വത്തെ എതിർക്കുന്നവരും , ഇതിനേക്കാൾ ഇസ്ലാമിൻ്റെ സ്വീകാര്യത മറ്റെന്തിന്മേലോ ആശ്രയിച്ചാണിരിക്കുന്നതെന്ന് കരുതുന്നവരും പ്രചരിപ്പിച്ച മിഥ്യകളാണ് അടിസ്ഥാന പ്രശ്നം. 


സാങ്കേതികമായി മൂന്ന് വിധത്തിലാണ് പ്രവാചകത്വത്തെ സ്ഥാപിതമാക്കിയ ദിവ്യബോധനം സംഭവിച്ചത് .

അല്ലാഹു നേരേ ചൊവ്വേ നൽകിയ സംബോധനം , ജിബ്രീൽ (അ) മുഖേനെ നൽകിയ വെളിപാട് , മലക്ക് മുഖേനെ വെളിപാടുണ്ടായ ശേഷം ഹൃദയോൽഭൂതമാവുന്ന ഉൽബോധനം എന്നിവയായിരുന്നു അവ. 

വിശുദ്ധ ഖുർആനിലെ സൂറ: ശൂറയുടെ ‌ അൻപത്തൊന്നാം വചനം പരിശോധിക്കുക.


ആധുനിക Ex. Muslim ഉൽപ്പാദനം ചർച്ച ചെയ്യപ്പെടുമ്പോൾ, ആദ്യം വിചാരണചെയ്യപ്പെടേണ്ട വ്യക്തി മുഹമ്മദ് അബ്ദു തന്നെയായിരിക്കും.

ഇദ്ദേഹത്തിൻ്റെ രിസാലത്തൗഹീദ് എന്ന ഗ്രന്ഥമാണ്

നിയോ മുഅ'തസിലിസ( Neo Mu'thasilism)ത്തിൻ്റെ ബൈബിൾ .

വഹ്യ് - ദിവ്യബോധനം ( Revelation) എന്ന രിസാലതിൻ്റെ അടിസ്ഥാനത്തെ തന്നെ അദ്ദേഹം നിരാകരിച്ചു . പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അമാനുഷിക സംഭവങ്ങളെയും നിഷേധിച്ചു. രിസാലത് എന്നാൽ ആകാശദൂത് അല്ലെന്നും , ഉയർന്ന മനോനിലവാരമുള്ള വ്യക്തിയിൽ ജനിക്കുന്ന അന്തഃജ്ഞാനമാണെന്നും വാദിച്ചു. ഓരോന്നോരോന്നായി ഇവിടെ എഴുതുന്നില്ല. 

പാശ്ചാത്യ യുക്തിചിന്തകന്മാർക്ക് അംഗീകരിക്കാൻ കഴിയാത്ത അഭൗമികവും അലൗകികവുമായ ( Metaphysical & Super natural ) എല്ലാ കാര്യങ്ങളെയും മുഹമ്മദ് അബ്ദു നിശ്ശേഷം തള്ളിക്കളഞ്ഞു. അദ്ദേഹത്തിൻ്റെ വാദങ്ങൾക്ക് എതിരാവുന്ന ഹദീഥുകൾ വ്യാജമാണ് എന്ന് സ്വാഷ്ടപ്രകാരം പറയലായിരുന്നു കക്ഷി. 

പ്രത്യുപകാരമെന്നോണം ബ്രിട്ടീഷുകാർ അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. 


ആദ്യ രണ്ട് രൂപങ്ങളിലുള്ള ദിവ്യബോധനത്തെയും അദ്ദേഹം മുച്ചൂടും തള്ളുകയായിരുന്നു. മൂന്നാമത്തെ രീതിയായ പ്രവാചകത്വം സ്ഥാപിതമായ ശേഷമുള്ള ഇൽഹാമിനെ അദ്ദേഹം മറ്റൊരു രീതിയിലാക്കി .

മുഹമ്മദ് അബ്ദുവിനെ ഈ മൂന്നാം ഇനത്തിൻ്റെ കാര്യത്തിൽ ന്യായീകരിക്കുന്നവർ മനസ്സിലാക്കാത്ത ഒരുകാര്യം ,

അബ്ദുവിൻ്റെ അഭിപ്രായത്തിൽ വഹ്യ് എന്നാൽ പ്രവാചകൻ്റെ ആന്തരിക പ്രക്രിയകളാണ് . ഇസ്ലാമിൻ്റെ ഖണ്ഡിതമായ പ്രമാണം വഹ്യിൻ്റെ മൂന്നിനങ്ങളും ബാഹ്യമായ ഇടപെടലാണ് എന്നതുമാണ്. മുഹമ്മദ് അബ്ദുവിനെ ന്യായീകരിച്ച് സംസാരിച്ച റഷീദ് രിദയും വഹ്യിനെ ആത്യന്തികമായി ദാഖിലീകരിക്കുകയാണ് ചെയ്തത് .ഖാരിജീയമായ ദിവ്യബോധനത്തിന് മാത്രമേ അടിസ്ഥാന സവിശേഷതയുണ്ടാവുകയുള്ളൂ എന്ന അടിത്തറ അവർ മറന്നു. ആന്തരികമായ ബോധോദയം , പ്രവാചകൻമൂസാ (അ) മിൻ്റെ മാതാവിന് നൽകിയെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് , എന്തിന് ,തേനീച്ചക്ക് പോലും നൽകി എന്നും അല്ലാഹു പറയുന്നുണ്ടല്ലോ . അവിടെയൊക്കെ ഉപയോഗിക്കപ്പെട്ട വഹ്യ് എന്ന പദത്തിന് അതിവേഗ സന്ദേശം എന്നേ അർത്ഥം ഉള്ളൂ ,അല്ലെങ്കിൽ തേനീച്ചയും പ്രവാചകനാണെന്ന് പറയേണ്ടി വരും. പക്ഷേ , നബിത്വം സിദ്ധിക്കാനുള്ള ദിവ്യബോധനം ബാഹ്യകേന്ദ്രത്തിൽ നിന്ന് തന്നെ ഉണ്ടാവണം .


മുഹമ്മദ് അബ്ദു ദിവ്യബോധനത്തെ നിർവ്വചിച്ചത് നോക്കൂ ,


فنعرّفه على شرعنا بأنه عرفانٌ يجده الشخص من نفسه مع اليقين بأنه من الله بواسطةٍ أو بغيرِ واسطةٍ وهو أشبه بوجدان الجوع والعطش والحزن والسرور.


രിസാലതുത്തൗഹീദിലെ ഈ ചെറിയ ഉദ്ധരണിയിൽ മാത്രം കെണിഞ്ഞ അബദ്ധങ്ങൾ ധാരാളമാണ്. അല്ലാഹുവിങ്കൽ നിന്ന് നേരിട്ടോ മാധ്യമങ്ങൾ മുഖേനെയോ ഉള്ളതാണെന്ന് സ്വയം ബോധ്യം വന്ന ജ്ഞാനമാണ് ദിവ്യബോധനം എന്ന് പറയുമ്പോൾ ,പ്രവാചകന് തോന്നുന്നത് ബോധ്യമാണെന്ന് ആര് സാക്ഷ്യപ്പെടുത്തും. തോന്നൽ പുറപ്പെട്ടത് അല്ലാഹുവിൽ നിന്നാണെന്ന് ആര് പറഞ്ഞ് കൊടുക്കും .

വിശപ്പ് ,ദാഹം ,സന്തോഷം ,സന്താപം തുടങ്ങിയ അനുഭവങ്ങൾ പോലെയാണ് ബോധനം എന്ന് പറയുമ്പോൾ , ഇസ്ലാം മുഹമ്മദിൻ്റെ ( സ്വ) സ്വാർത്ഥ ജൽപ്പനങ്ങളായിരുന്നുവെന്ന് നേരിട്ട് പറയുന്ന നാസ്തികർക്കാണ് ദിശാബോധം ലഭിക്കുന്നത്. 


ഖാസിം അമീൻആയിരുന്നു മുഹമ്മദ് അബ്ദുവിനേക്കാൾ സ്വേഷ്ടകൾ മതവ്യാഖ്യാനങ്ങളിൽ ചേർത്ത മോഡേണിസ്റ്റ് . ഇസ്ലാമിക് ഫെമിനിസത്തിൻ്റെ വക്താവാണ് ഖാസിം അമീൻ . ചാൾസ് ഡാർവിനിനിൻ്റെ പരിണാമവാദവും ഹെർബർട് സ്പെൻസറുടെ ജ്ഞാനനിർദ്ധാരണ മാർഗങ്ങളും ജോൺ സ്റ്റാർട്ട് മില്ലിൻ്റെ മാനവികതാമൂല്യങ്ങളും അംഗീകരിക്കുക വഴി 'ആസ്തികയുക്തിവാദം' എന്ന വൈരുധ്യാധിഷ്ഠിത ചിന്താരീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. ആധുനിക മാനവികവാദികൾ ( Secular Humanists) അവരുടെ ധാർമ്മികതാവീക്ഷണങ്ങൾക്കും സ്വതന്ത്രചിന്താ സ്വാതന്ത്ര്യത്തിനും ആധാരമാക്കുന്ന പ്രയോജനാത്മകവാദം ( Utilitarianism) വ്യവസ്ഥാപിതമായ നിർവ്വചിച്ച അക്കാദമിക ലോകത്തെ അപകടകാരിയായിരുന്നു മേൽപ്പറഞ്ഞ John Stuart Mill . ശക്തിയും അധികാരവും അർഹതയും ഉള്ളവൻ്റെ ഹിതങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടതാണ് അവ്വിധമല്ലാത്തവരുടെ ഹിതങ്ങൾ എന്ന് പച്ചക്ക് പുസ്തകമെഴുതിയ , ആധുനിക മാനവികതാവാദത്തിന് വലിയ സംഭാവനകൾ നൽകിയ അമേരിക്കക്കാരൻ പീറ്റർ സിംഗർ ഏറ്റവും ആശ്രയിക്കുന്ന ആശയകേന്ദ്രം മില്ലിൻ്റേതാണ്.കാലം ,പ്രപഞ്ചോൽപ്പത്തി ,സാമൂഹിക പരിണാമം തുടങ്ങിയ കാര്യങ്ങളിൽ മതാതീതമായ ജ്ഞാനമാധ്യമങ്ങളെ മാത്രം അംഗീകരിച്ച സ്പെൻസറുടെ എപിസ്റ്റമോളജി തന്നെയായിരുന്നു ഖാസിം അമീനും സ്വീകരിച്ചത്. പക്ഷെ , ദൈവാസ്തിക്യം നിഷേധിക്കാൻ ധൈര്യം കാണിച്ചില്ല എന്ന് മാത്രം .

ഈ ഖാസിം അമീനെ തത്വാധിഷ്ഠിതമായി അനുധാവനം ചെയ്തു കൊണ്ടായിരുന്നു ഹുസൈൻ ഹൈക്കൽ പ്രവാചക ജീവിതം എഴുതിയത് . 1968 ൽ ഇസ്രായേൽ എന്ന സിയോണിസ്റ്റ് രാജ്യത്തെ ഔദ്യോഗിക റേഡിയോ നബിദിനത്തോടനുബന്ധിച്ച് പ്രക്ഷേപണം ചെയ്ത സീറാപാരായണത്തിന് തെരെഞ്ഞെടുത്ത കൃതി ടി .പുസ്തകമായത് വെറുതെയല്ല എന്ന് ചുരുക്കം. 

കഥയറിയാതെ , നബിയെ പഠിക്കാൻ പോവുന്നവർ യുക്തിരഹിത മുസ്ലിം യുക്തിവാദിയാവുന്നത് മിച്ചം .

അദ്ദേഹം രചിച്ച പ്രവാചകൻ , ദിവ്യകേന്ദ്രവുമായി അസാധാരണ ബന്ധമില്ലാത്ത , ഉയർന്ന മാനസികനിലവാരവും രാഷ്ട്രീയ ലക്ഷ്യങ്ങളുമുള്ള പരിഷ്കർത്താവ് മാത്രമായിരുന്നു , ആറാം നൂറ്റാണ്ടിൽ ജീവിച്ച വെളുത്ത മുസ്ലിം ഗാന്ധിജിയായി അന്ത്യപ്രവാചകനെ അവതരിപ്പിച്ച ആ പ്രജ്ഞാപരാധം അർഹിക്കുന്നത് അവജ്ഞ മാത്രമാണ്. 


19- 20 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികൾ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകർശതയാണ് ഹൈക്കലിനെ പല വിഡ്ഢിത്തങ്ങൾക്കും പ്രേരിപ്പിച്ചത്.

അദ്ദേഹം മറ്റു പലരുടെയും താക്കോലായി പ്രവർത്തിച്ചു . ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിൻ്റെ ഇരകളായിരുന്നു അവർ പലരും. ഹൈക്കലിന് ആമുഖമെഴുതി ബലം പകർന്ന ഫരീദ് വജ്ദി , അൽ അസ്ഹറിൻ്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30- 8 - 1937ൽ അൽ അഹ്റാം പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട് .

" ശാസ്ത്രീയ പുരോയാനത്തിൻ്റെ വഴികളിൽ തങ്ങളുടെ മതവും ,മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താൽ പൗരസ്ത്യ മുസ്ലിം പണ്ഡിതന്മാർ ഒരക്ഷരം എതിർത്തുരിയാടിയില്ല , ശാസ്ത്രം പുരോഗമിച്ചാൽ വിശ്വാസികൾ നാസ്തികന്മാരാവുമെന്ന് അവർക്കറിയാമായിരുന്നു " .

ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം അൽ അസ്ഹറിലെ ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്.

മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നിൽ .യുക്തിമാത്രവാദത്തേക്കാൾ അയുക്തികം മറ്റൊന്നുമില്ല . 


അമാനുഷികതകളില്ലാത്ത വ്യക്തി എങ്ങനെ പ്രവാചകനാവും , ആകാശദൂതില്ലാത്ത വ്യക്തി എങ്ങനെ ദൈവ ദൂതരാവും എന്ന സന്ദേഹം അവർ ഗൗനിച്ചില്ല . അസാധാരണജ്ഞാനങ്ങൾ പ്രവാചകന് ഒട്ടുമുണ്ടായിരുന്നില്ല എന്നവർ തീർത്തു പറഞ്ഞിരുന്നു. അപ്പോൾ ഉയരുന്ന ഒരു ചോദ്യങ്ങൾക്ക് മറുപടി അവർ നടേപ്പറഞ്ഞ യൂറോപ്യൻ കൃതികളിൽ നിന്ന് അപ്പടി പകർത്തിയെഴുതി. മുഹമ്മദ് അബ്ദു രിസാലതുത്തൗഹീദിലും റഷീദ് രിദ അൽ വഹ്യുൽ മുഹമ്മദീയിലും അങ്ങനെ കോപിയെഴുതിയിട്ടുണ്ട് .അത് പിന്നെ ഹൈക്കലടക്കം കോപിയടിക്കുകയായിരുന്നു.ഉദാഹരണമായി , നിരക്ഷരനും അറേബ്യനുമായിരുന്ന പ്രവാചകന് മുൻകാല പ്രവാചകന്മാരെയും സംസ്ക്കാരങ്ങളെയും സംബന്ധിച്ച അറിവുകൾ പിന്നെയെങ്ങനെ ലഭിച്ചു എന്ന ചോദ്യം അവർ പരിശോധിക്കുന്നുണ്ട്. അവർ അംഗീകരിക്കുന്ന ഖുർആൻ അവയംഗീകരിക്കുന്നുവെന്നിരിക്കെ മറ്റൊരു ന്യായം പറയേണ്ടതുണ്ടായിരുന്നില്ല. പക്ഷെ ,അവധാനതയില്ലാതെ ആ ചോദ്യത്തിന് അവർ നൽകുന്ന മറുപടി , മുഹമ്മദ് പന്ത്രണ്ടാം വയസ്സിൽ സിറിയയിലേക്ക് പിതൃവ്യനോടൊപ്പം പോയപ്പോൾ ഉണ്ടായ ലോക പരിചയമായിരുന്നു അത് എന്നാണ്. മുൻകാല വേദങ്ങളെ സംബന്ധിച്ചറിഞ്ഞത് അതേ പ്രായത്തിൽ കാണാനിടയായ ബുഹൈറ, പിന്നീട് കണ്ട വറഖതുബിനി നൗഫൽ , ബാഖൂമുറൂമി തുടങ്ങിയ ജൂത- ക്രൈസ്തവ പണ്ഡിതരിൽ നിന്നാണെന്നാണ്. എമിലി ഡെർമിങ്ങ് ഹാമും മോണ്ട് ഗോമറിവാട്ടും ഇതേ അഭിപ്രായം പ്രകടിപ്പിച്ചവരാണ്. 

ഇതേ ബുഹൈറാ സംഭവം പല സാമ്പ്രദായിക സീറക്കാരും തള്ളിക്കളഞ്ഞിട്ടുണ്ട് താനും. 

സ്വഹീഹായ ഹദീഥ് പോലും നിസ്സങ്കോചം തള്ളിയ അവർ നിവേദനധാര മുർസലായ ഒരു സംഭവത്തെ വിശ്വാസത്തിലെടുത്തത് ആശ്ചര്യജനകമാണ്. മുർസൽ എന്നാൽ , നിവേദകൻ സംഭവം നേരിട്ട് കണ്ടിട്ടുണ്ടാവില്ല എന്ന് മാത്രമല്ല നേരിട്ട് കണ്ട വ്യക്തിയുടെ പേര് പരാമർശിക്കുക പോലും ചെയ്യാതെ 'എനിക്ക് വിവരം ലഭിച്ചു ' എന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന പ്രവാചകീയ സംഭവമാണ്. 

"Neither was the original narrater an eyewitness him self nor he does name the eye witness from whome he quates " - ഇത്ര ദുർബലമായ സംഭവം , അതും കേവലം 12 വയസ്സുകാരനായ ബാലൻ മുൻവേദങ്ങളെ സംബന്ധിച്ച് യാത്രാമധ്യേ കണ്ട് ഏതാനും സമയം സംബന്ധിച്ച ഒരാളിൽ നിന്നുംസ്വയം ധാരണ വരുത്തി എന്ന് പറയാൻ അവർക്ക് ലജ്ജയില്ലാതെ പോയി. സമകാലീനരായ എതിരാളികൾ പോലും മുഹമ്മദ് ബഹീറയെ , വറഖയെ ,ബാഖൂമിനെ കേട്ട് പറയുന്നതാണെന്ന് പറഞ്ഞിട്ടില്ല. ബഹീറയുമായി കുഞ്ഞുന്നാളിൽ പ്രവാചകൻ സന്ധിച്ചത് ഒറ്റക്കമല്ല , അവരാരും ആ ആരോപണം ഉന്നയിച്ചിട്ടുമില്ല. നുബുവ്വതിൻ്റെ ആരംഭത്തിൽ , മലക്കിനെ കണ്ട് പേടിച്ച് പനിച്ചുപോയ സംഭവത്തെ അവർ വ്യാഖ്യാനിച്ചത് ,ധ്യാനനിമഗ്നത മൂർധന്യാവസ്ഥ പ്രാപിച്ചപ്പോൾ തോന്നിയ മതിഭ്രമങ്ങളാണവ എന്നായിരുന്നു. ലോകത്ത് മറ്റൊരു ദാർശനികാചാര്യന്മാർക്കും എന്ത് കൊണ്ട് ആ മതിഭ്രമം ഉണ്ടായില്ല എന്ന ചോദ്യത്തെ അവർ അവഗണിക്കുകയും ചെയ്തു. അത്തരം പ്രബലമായ നിവേദനങ്ങൾ തള്ളിയ അവർ തന്നെ , പ്രവാചകൻ്റെ രാഷ്ട്രീയം ഉദ്ധരിക്കാൻ പാടെ ദുർബലമായ നിവേദനങ്ങൾ കൂട്ടിന് പിടിക്കുന്നുമുണ്ട്. ഖുർആൻ ഉറവിടം കൊണ്ട വഴികളെയും അന്ത്യപ്രവാചകൻ്റെ അമാനുഷികതകളെയും ഭാഗികമായോ പൂർണ്ണമായോ ഖണ്ഡിക്കുവാൻ അവർ അടിസ്ഥാനമാക്കിയത് താന്തോന്നിത്തം മാത്രമാണ്. 


കൊണ്ടുനടന്നതും നീ തന്നെ ചാപ്പാ .


ചില ചരിത്ര യാഥാർത്ഥ്യങ്ങൾ ഇനിയും ചർച്ച ചെയ്യപ്പെടാതെ പോവരുത്. മലയാള സൈബർ സ്പേസുകളിൽ ' മുസ്ലിം നിരീശ്വരവാദികളെ ' പല്ലും നഖവും ' വെച്ചെതിർക്കുന്ന പലരുടെയും സെമിആദർശപിതാക്കന്മാർ തന്നെയാണ് Ex .Muslim ഉൽപ്പാദനത്തിന് തുടക്കം കുറിച്ചതും എന്നതാണ് വസ്തുത. ഈ ആരോപണം , ആത്മവിമർശനം എന്ന വിശാലാർത്ഥത്തിൽ കണ്ടാൽ മതി. മലയാളത്തിലെ മുസ്ലിം നവീകരണ പ്രസ്ഥാനങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ ജ്ഞാനവിശകലന സമീപനം വഴിയേ, മതത്തിൽ നിന്നും Exit അടിച്ചവരാണ് മുഖ്യതൊഴിൽ ഖുർആൻ വിമർശനവുമായി നടക്കുന്നവർ . കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത കേരളത്തിൽ ബൗദ്ധികമുസ്ലിം സ്വത്വത്തെ അത്രയളവിൽ ബാധിച്ചിട്ടില്ല. അതേ സമയം , ഇത് രണ്ടുമല്ലാതെ , കാമിച്ച പെണ്ണിനെ വിജാതീയമായി വിവാഹം കഴിക്കുക , ബാധ്യതാരഹിതമായി സഹശയനം നടത്തുക , കടുംപിടുത്തക്കാരായ രക്ഷിതാക്കളോട് പഠന കാലത്ത് കല്ലിച്ച കലിപ്പ് തീർക്കുക , മുസ്ലിം സോഷ്യലൈസിംഗ് ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അവഗണനയോട് പ്രതിഷേധിക്കുക തുടങ്ങിയ ദുർബലമായ വൈകാരിക സ്തോഭങ്ങളാൽ ( HomeIy made causes) മതം വിട്ടവർക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന പ്രചോദനത്താൽ, കൂടുതൽ മുസ്ലിം അംഗങ്ങളെ അടർത്തിയത് കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത ആവാം .


Ex .Muslim : ദൈവാസ്തിക്യമല്ല ,സ്വന്തം അസ്തിത്വമാണ് വിഷയം .


Ex - Muslim എന്ന പ്രയോഗം തിയോളജിക്കലായി അസംഗതമാണ്. 

വിശ്വാസസംഹിതയിൽ നിന്നും സ്വയം രാജിവെച്ചോ അനുഷ്ഠാന ക്രമങ്ങൾ ഉപേക്ഷിച്ചോ ആർജ്ജിക്കാവുന്ന ഒരവസ്ഥയാവുമല്ലോ ആ പദത്തിൻ്റെ കൽപ്പിതസാരം .ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങളെ തന്നെ നിഷേധിക്കുന്നവർ എന്തിൽ നിന്നാണ് പിന്നെ പുറത്ത് വന്നത് ? 

നിഷേധത്തോടെ നിഷേധിക്ക് ഇല്ലാതാവുന്നതാണ് അമൂർത്തത .

ഇനി , പുറത്താക്കപ്പെട്ടതാണെങ്കിൽ പുറത്താക്കുന്ന ഒരു ലീഗൽ ഏജൻസി ഉണ്ടാവണം , അങ്ങനെയൊരാൾ ഇല്ലാത്തതാണല്ലോ അവരുടെ പ്രശ്നം തന്നെ. 

എം എൽ എ രാജി വെച്ചാലും നിയമനിർമ്മാണ സംവിധാനം അവിടെയുണ്ട് .ദാമ്പത്യത്തിൽ നിന്ന് പിന്മാറിയാലും പ്രണയം തകർന്നാലും മറുകക്ഷി അവിടെയുണ്ട് ,അസ്തിത്വം നിഷേധിക്കപ്പെടു ന്നില്ല . ഇനി ,ഇസ്ലാം മതം എന്ന സാമൂഹിക സ്ഥാപനത്തിൽ നിന്നോ മുസ്ലിം എന്ന ഭരണഘടനാപരമായ വ്യവഛേദത്തിൽ നിന്നോ പുറത്തുവന്നു എന്ന് സ്വയം പറയാൻ വകുപ്പില്ല ,അത് സമൂഹവും സ്റ്റേറ്റും വകവEx - Muslim എന്ന പ്രയോഗം തിയോളജിക്

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us