loader
blog

In Ideal

By Shuaibul Haithami


മൈനോരിറ്റി ഫിഖ്ഹ് : അയവുകളുടെ അളവുകൾ .

കേരള മുസ്ലിം വൈജ്ഞാനിക വ്യവഹാരങ്ങളിൽ അധികമിടം പിടിച്ചിട്ടില്ലെങ്കിലും പുതിയകാല പ്രബോധന പശ്ചാത്തലങ്ങളിൽ ചർച്ചയാവുന്ന വിഷയമാണ് മൈനോരിറ്റി ഫിഖ്ഹ് ( ഫിഖ്ഹുൽ അഖല്ലിയ്യാത് ) അഥവാ ന്യൂനപക്ഷ കർമ്മശാസ്ത്രം . നിർമ്മിത - വരേണ്യ പൊതുപ്രതീതിയിൽ മതങ്ങളുടെ , വിശിഷ്യാ ഇസ്ലാമിന്റെ , പ്രത്യേകിച്ച് സുന്നീ - സൂഫീ പ്രതീകങ്ങളും പ്രമാണങ്ങളും അന്യംവൽക്കരിക്കപ്പെടുന്നുവെന്നും മൈനോരിറ്റി ഫിഖ്ഹിന്റെ " അയവുകളും ഇളവുകളുമാണ് " പരിഹാരമാവുകയെന്നും ഒരുകൂട്ടം തത്വം പറയുകയും പ്രയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. യൂറോപ്പ് , വടക്കേ അമേരിക്ക , കിഴക്കനേഷ്യ തുടങ്ങിയ പ്രവിശ്യകളിലെ മതേതര രാഷ്ട്രങ്ങളിൽ ജീവിക്കേണ്ടി വരുന്ന ന്യൂനപക്ഷ മുസ്ലിംകൾക്ക് അവരുടെ വിശ്വാസസ്വത്വം നിലനിർത്തിക്കൊണ്ട് തന്നെ മതേതര പൊതുധാരയുടെ ഭാഗമാകാൻ ആവശ്യമായ നവീകൃത കർമ്മശാസ്ത്ര സംഹിതയാണ് മൈനോരിറ്റി ഫിഖ്ഹ് .അതിന്റെ ഘടനാത്മക സ്വഭാവം സംഗ്രഹിച്ച് പറയാം : ഇരുപതാം ശതകത്തിന്റെ അവസാനത്തോടെ യൂറോപ്യൻ - അമേരിക്കൻ രാഷ്ട്രങ്ങളിൽ ഉന്നതജോലിയോ സുഖജീവിതമോ തേടിപ്പോയ മധ്യ- പൗരസ്ത്യരായ മുസ്ലിംകൾ ക്രമേണെ അവിടങ്ങളിലെ പൗരത്വം സ്വീകരിച്ച് തുടങ്ങി. കൊളോണിയൽ - മുതലാളിത്ത -ആധുനിക - ലിബറൽ മൂല്യങ്ങൾ രൂപപ്പെടുത്തിയ പടിഞ്ഞാറൻ ഫ്രയിമിനോട് യോചിക്കുന്ന ഒരിസ്ലാം കുടിയേറ്റ / സമ്പന്ന മുസ്ലിംകൾക്കാവശ്യമായ് വന്നു. തിരിച്ച് , മോഹന നിക്ഷേപങ്ങളുടെ വമ്പൻ സ്രോതസ്സുകളായ വരേണ്യ മുസ്ലിം കുടിയേറ്റക്കാരെ കൂടെ നിർത്തേണ്ടത് യൂറോപ്പിന്റെയും ആവശ്യമായി. ഫെഡറേഷൻ ഓഫ് ഇസ്ലാമിക് ഓർഗനൈസേഷൻ ഫ്രാൻസിൽ സംഘടിപ്പിച്ച സെമിനാറിലാണ് ആദ്യമായി ഒരു പടിഞ്ഞാറൻ - അറബ് സാംസ്കാരിക സമന്വിത കർമ്മശാസ്ത്രം ചർച്ചയാവുന്നത്. തുടർച്ചയെന്നോണം 1999 ൽ അമേരിക്കയിൽ കോൺഫറൻസ് ഓഫ് ശരീഅ: സ്കോളേസ് നടത്തി സങ്കൽപ്പത്തിന് കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു. ത്വാഹ ജാബിർ അൽവാനി, അബ്ദുൽ മജീദ് അന്നജ്ജാർ , താരിഖ് റമദാൻ , മുസ്തഫ അൽ സർഖ , മന്നാ അൽ ഖത്താൻ , അബ്ദുല്ലാഹ് ബിൻ ബയ്യാ , യൂസുഫുൽ ഖറദാവി തുടങ്ങിയവരാണ് മൊത്തത്തിൽ ആശയദാതാക്കളെങ്കിലും കൂട്ടത്തിൽഅൽവാനിയും ഖറദാവിയുമാണ് പിന്നീട് ഇതിനെ ഒരു നിദാനശാസ്ത്രമാക്കാൻ കൂടുതൽ ഉൽസാഹിച്ചത്. ആധുനിക മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന

 " മുഖ്യധാരാപ്രവേശന വിലക്ക് " നാല് മദ്ഹബുകളോ ആദ്യകാല ശറഈ നിയമസംഹിതകളോ അഭിമുഖീകരിച്ചിട്ടില്ലെന്നും കർമ്മശാസ്ത്ര ഗവേഷണങ്ങൾ സാഹചര്യാനുസാരിയായ് നൈരന്തര്യപ്പെടേണ്ടതാണെന്നും അവർ സിദ്ധാന്തിച്ചു. യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ& റിസർച്ച് എന്ന കൂട്ടായ്മ അവരുടെ കാർമ്മികത്വത്തിൽ രൂപപ്പെട്ടു. 

ന്യൂനപക്ഷം എന്ന മുദ്ര ഉണ്ടാക്കുന്ന കീഴാളത്വം , സാമൂഹികമായ ഒറ്റപ്പെടൽ , അമുസ്ലിം പങ്കാളിയോടൊപ്പുള്ള ജീവിതം, ബാങ്കിംഗ് , പൊതുസ്മശാനം , വിർച്വൽ ബിസിനസ് , മദ്യസൽക്കാരം , പൊതുവാഘോഷങ്ങൾ തുടങ്ങിയവയാണ് അവർ മുന്നോട്ട് വെക്കുന്ന , ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ .അതിനെ മറികടക്കാൻ തൈസീറുൽ ഫിഖ്ഹ് , മസ്വാലിഹുമുർസല , സദുദ്ദറാഇർ, ഉർഫ് ,ഇജ്തിഹാദ് തുടങ്ങിയ സങ്കേതങ്ങൾ അവർ പുതിയ വ്യാഖ്യാനങ്ങളോടെ മുന്നോട്ട് വെച്ചു.

മലബാറിലേക്ക് ഈ കാഴ്ച്ചപ്പാട് ഉദ്ദേശ്യം 20 വർഷങ്ങൾക്ക് മുമ്പേ കടന്നുവന്നത് ജമാഅതെ ഇസ്ലാമീ ചേരിയിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുക്കൾ വഴിയായിരുന്നു. കടുത്ത മതരാഷ്ട്രവാദത്തിൽ നിന്ന് സവർണ്ണ ദേശീയതാശ്ലേഷണത്തിലേക്ക് നിസ്സങ്കോചം ചുവടുമാറാൻ അവരെ പാകപ്പെടുത്തിയ മതകീയ മാനം അതായിരുന്നു.

മതേതര പൊതുബോധത്തിന്റെ മതിപ്പും അംഗീകാരവും നേടാൻ ഇസ്ലാമിക് എലമെന്റുകളുടെ സെമിസെക്യുലറൈസേഷനാണ് പ്രത്യാഖ്യാനം എന്ന അപകർഷചിന്ത ഉൾവഹിക്കുന്ന ചില സുന്നികൾ പോലും ആത്മഭ്രംശവും വ്യതിചലനവും ഉൾക്കൊള്ളാതെ അതേവഴി സഞ്ചരിക്കുന്നതിനെ മഹത്വവൽക്കരിക്കുമ്പോൾ അടിസ്ഥാന തത്വമായ ന്യൂനപക്ഷ കർമ്മശാസ്ത്രത്തിന്റെ നിരാകരണ ന്യായങ്ങൾ പറയേണ്ടതായ് വരുന്നു.


ഒന്ന് : വിശ്വ സുന്നീ പണ്ഡിതനായിരുന്ന സഈദ് റമദാൻ ബൂത്വിയുടെ അല്ലാമദ്ഹബിയ്യ അടക്കമുള്ള കൃതികൾ സെക്യുലർ - സിൻക്രറ്റിക് ഇസ്ലാമിന്റെ അപകടം തുറന്നു കാട്ടുന്നുണ്ട്. കൊളോണിയൽ - യൂട്ടിലിറ്റേറിയൻ തത്വങ്ങൾ നിയന്ത്രിക്കുന്ന യൂറോ - സെൻട്രിക് ലോകഘടനയുടെ സൃഷ്ടിയാണ് മെനോരിറ്റി ഫിഖ്ഹ് എന്നദ്ദേഹം തുറന്നെഴുതി. മദ്ഹബുകൾ നാലായതിനെ ഇകഴ്ത്തി " വിശാല ഉമ്മ : " വാദം ഉന്നയിക്കുന്നവർ ഓരോ രാജ്യത്തും ഓരോ ഫിഖ്ഹ് ഉണ്ടാക്കുകയാണെന്നദ്ദേഹം പറഞ്ഞതിനർത്ഥം മനസ്സിലാക്കാൻ പോലും മറുപക്ഷത്തിന് പറ്റിയില്ല. മൈനോരിറ്റി ഫിഖ്ഹ് കൃത്യമായ ഒരു കാഴ്ചപ്പാടല്ല. കാഴ്ചപ്പാടിന്റെ പേര് പോലും നിർണ്ണിതമല്ല. ഡോ . ഖാലിദ് മുഹമ്മദ് അബ്ദുൽ ഖാദിർ From the jurisprudence of Muslim minorities എന്ന കൃതിയിൽ " സഹവർത്തനത്തിന്റെ കർമ്മശാസ്ത്രം "എന്നാണതിനെ പരിചയപ്പെടുത്തുന്നത് . ന്യൂനപക്ഷം എന്ന സങ്കേതത്തെ ഇതേപ്രകാരം അബ്ദുല്ലാ ബിൻ ബയ്യയും നിരാകരിച്ച് സഹവർത്തനം അഥവാ ബഹുസ്വരത എന്ന കാഴ്ചപ്പാടിലേക്കാണ് നീങ്ങുന്നത്. ഡോ. അബ്ദുൽ മജീദ് അന്നജ്ജാർ The jurisprudence of citizenship for muslims in Europe എന്ന കൃതിയിൽ "പൗരത്വത്തിന്റെ കർമ്മശാസ്ത്രം " എന്നാണ് പരിചയപ്പെടുത്തുന്നത്.

ഡോ . ജമീൽ ഹംദാവി ഒന്നുകൂടെ കടന്ന് " സാംസ്ക്കാരിക കൊടുക്കൽ വാങ്ങലുകളുടെ കർമ്മ ശാസ്ത്രം " എന്നും. ഇവിടെയൊക്കെ അനാവൃതമാകുന്നത് , മുസ്ലിംകൾ എന്നാൽ ഒരു വിശ്വാസ ന്യൂനപക്ഷമല്ല , സാംസ്കാരിക ന്യൂനപക്ഷമാണെന്ന രാഷ്ട്രീയ സത്യം അവഗണിക്കപ്പെടുന്നുവെന്നതാണ്. വിശ്വാസം അമൂർത്തമാണെന്നും അതിന്റെ ഭദ്രതക്ക് പ്രായോഗിക ജീവിതത്തിലെ വിട്ടുവീഴ്ച്ചകൾ ഭീഷണിയല്ലെന്നും നിരീക്ഷിക്കുന്ന ഇതേകൂട്ടർ തന്നെയാണ് മറുപുറത്ത് മുസ്ലിമിന്റെ രാഷ്ട്രീയം " മതസ്വത്വമാണെന്നും " വ്യക്തികളുടെ മൗലികവാകശങ്ങൾ നിഷേധിക്കുന്ന അനീതികൾക്കെതിരായ

" ഇങ്കുലാബ് ഇൻതിഫാദ " യാണ് ജീവിതം എന്നും പറയാറുള്ളത് !


രണ്ട് : ഇജ്മാഅ്, ഖുർആൻ , ഹദീസ് , ഖിയാസ് എന്നിവ തന്നെയാണ് മാർഗമെന്ന് മുഖവുര പറഞ്ഞുകൊണ്ട് തന്നെ ജാബിർ അലവാനിയും സംഘവും ക്ലാസിക് ഫിഖ്ഹിൽ നിന്ന് മുക്തമായ ഒരു സ്വതന്ത്ര കർമ്മശാസ്ത്ര ശാഖയാണ് പ്രയോഗത്തിൽ വിഭാവനം ചെയ്യുന്നത്.

ഫിഖ്ഹുൽ അഖല്ലിയ്യാത്ത് എന്നാൽ പുതിയ കാഴ്ചപ്പാടല്ല , പരമ്പരാഗത രീതികളുടെ നവീകരണമാണെന്ന് പ്രചരിപ്പിക്കുന്നവർ ഉയർത്തിക്കാണിക്കുന്ന ഫിഖ്ഹല്ല അലവാനിയുടെയും ഖറദാവിയുടെയും കർമ്മശാസ്ത്രം .സ്വയം മതനിയമനിർമ്മാണാവകാശം വാദിക്കുന്ന അവർക്ക് നാലാലൊരു മദ്ഹബിന്റെ ( School of thoughts) അകത്ത് നിന്ന് കൊണ്ടുള്ള ആധുനിക സമസ്യാനിർദ്ധാരണം പിന്തിരിപ്പൻ സമീപനമാണ്. അവയ്ക്കകത്തെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്ന് കൊണ്ട് പരിഹരിക്കാനാവാത്ത വിഷയങ്ങൾ അന്ത്യനാളോളം മുസ്ലിം സമൂഹത്തിന് ഉണ്ടാവില്ല. കാരണം , മനുഷ്യവർഗത്തെ പ്രാകൃതൻ , ഗോത്രകാലികൻ , മധ്യകാലികൻ , ആധുനികൻ, ഉത്തരാധുനികൻ , പരിഷ്കൃതൻ എന്നിങ്ങനെ തരം തിരിച്ചത് മോഡേണിറ്റിയാണ്. ചരിത്രം എന്ന ജ്ഞാന മാധ്യമം വിഭചിച്ചത് കാലഘട്ടങ്ങളെയാണ് , മനുഷ്യനെയല്ല . മനുഷ്യവർഗം എന്നും ഒന്നാണ്. ഹോമോസാപ്പിയൻസിന്റെ അടിസ്ഥാന ആവശ്യങ്ങളും ഉപായങ്ങളും തഥൈവ . ഉപകരണങ്ങൾ മാത്രമാണ് മാറുക . കാലാവസാനം വരുന്ന ഈസ ( അ ) ഇന്നത്തെ ശരീഅ: നിയമങ്ങൾ തന്നെയാണ് നടപ്പിൽ വരുത്തുക. ഇതാണ് ഇസ്ലാമിന്റെ ആന്ത്രോപോളജിക്കൽ & എസ്ക്കറ്റോളജിക്കൽ കാലവീക്ഷണം .


മൂന്ന് : ഇല്ലാത്ത പ്രശ്നം ക്ലാസിക് ഫിഖ്ഹിൽ ഉണ്ടെന്ന് വരുത്തി ശേഷം അതിന് പരിഹാരം പറഞ്ഞ് " വെടക്കാക്കി തനിക്കാക്കുകയാണ് " മൈനോരിറ്റി ഫിഖ്ഹ് . മുസ്ലിംകൾ ഒരിടത്ത് ന്യൂനപക്ഷമായാൽ അവിടം യുദ്ധഭൂമി ( ദാറുൽ ഹർബ് ) ആണെന്നും ഹിജ്റ ( പലായനം ) നിർബന്ധമാണെന്നുമാണ് മദ്ഹബീ വീക്ഷണം എന്നും , അതനുസരിച്ച് യൂറോപ്പും അമേരിക്കയും ദാറുൽ ഹർബാണെന്നും, എന്നാൽ മുസ്ലിംകൾക്ക് അവിടെനിന്നും ഹിജ്റ പോവൽ പ്രായോഗികമല്ലെന്നും , അതിനാൽ മറ്റൊരു കർമ്മശാസ്ത്രം വേണമെന്നുമാണ് അവരുടെ " മദ്ഹബ് " . നൂറ്കൂട്ടം വിവരക്കേടുകളുടെ കോർവ്വയാണത് .

 ന്യൂനപക്ഷ - ഭൂരി പക്ഷങ്ങൾ എന്ന ദ്വന്ദവും അതിർത്തി ദേശീയതാ സങ്കുചിതത്വവും ഡമോക്രാറ്റിക് ഹെറാർക്കിയാണ്.രാഷ്ട്രം എന്നതല്ല , സമൂഹം എന്ന സ്ഥാപനമാണ് കർമ്മശാസ്ത്ര ബിംബം.ഹിജ്റ സങ്കൽപ്പത്തെ മതേതര ഭരണഘടനയുടെ ( സന്ധിപത്രം) ചുവട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല.


ദാറുൽ ഹർബിന്റെ നിർവ്വചനങ്ങൾ പലതാണ് , അവർ സംവാദത്തിനെടുത്ത ഇബ്നുൽ അറബിയുടെയും ഇബ്നു ഹസമിന്റെയും വീക്ഷണമല്ല മദ്ഹബുകളിലെ പ്രബല വീക്ഷണം.

മുസ്ലിംകൾക്ക് ജീവിത - മതസുരക്ഷയില്ലാത്തയിടം എന്നാണതിന് അബൂ യൂസുഫ് , മുഹമ്മദ് ബിൻ ഹസൻ അശ്ശൈബാനി തുടങ്ങിയവർ നൽകിയ നിർവ്വചനം . അതനുസരിച്ച് സ്കാണ്ടിനാവിയൻ രാജ്യങ്ങൾ പോലും ദാറുൽഹർബാവില്ല. 

ഇമാം റാസി ( റ ) ദാറുൽ ഇസ്ലാം - ദാറുൽഹർബ് എന്ന ദ്വന്ദം തന്നെ അംഗീകരിക്കുന്നില്ല. മറിച്ച് ദാറുൽ ഇജാബയും ദാറുദ്ദഅ് വയുമാണ് അദ്ദേഹത്തിന്റെ വീക്ഷണത്തിൽ . അതനുസരിച്ച് മതേരത സമൂഹങ്ങൾ ദാറുദ്ദഅ് വയാണ്. അവിടെ നിന്ന് ഹിജ്റ പോവുകയല്ല , അവിടെ മുസ്ലിം സ്വത്വം ഉയർത്തിപ്പിടിച്ച് ജീവിതം പ്രബോധനമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഇതാണ് ഇന്ത്യയിലും യുക്തിഭദ്രം. അതാണ് യൂറോപ്പിലും അമേരിക്കയിലും വിജയിക്കുന്നത്.

മുസ്‌ലിമേതര സമൂഹങ്ങളിൽ നിന്നുള്ള പലായനമല്ല , പ്രബോധനമാണ് ഉത്തമം എന്ന് അബുൽ ഹസൻ അൽ മാവർദി സൂറതുൽ മുംതഹിനയിലെ എട്ടാം വചനം ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്. ഭൂമിയുടെ അവകാശികൾ അല്ലാഹുവിന്റെ ദാസന്മാരാണ് എന്ന തത്വം ഖുർആനിൽ മൂന്നിടത്ത് വന്നിട്ടുണ്ട്. അതനുസരിച്ച് പ്രവാചക നിര്യാണാനന്തരം / മക്കാ വിജയ ശേഷം ഹിജ്റ തന്നെ ഇല്ലെന്നും ഭൂമിയിലെവിടെയും മുസ്ലിംകൾക്ക് ജീവിക്കാമെന്നും ക്ലാസിക് ഫിഖ്ഹിൽ തന്നെ വീക്ഷണമുണ്ട്. 

പ്രവാചകന്മാരും നിയമാവലിയും അയക്കപ്പെടാത്ത സമൂഹങ്ങൾ ഉണ്ടായിട്ടില്ല എന്ന ഖുർആനികാശയം മുന്നിർത്തിയുള്ള ചർച്ചയിൽ എല്ലാ പ്രവാചകന്മാരും അനുയായികളും 

"പൊതു " വിനെ സത്യം കൊണ്ട് സംവാദത്തിന് ക്ഷണിച്ചപ്പോൾ സ്വത്വം മറച്ച് പിടിച്ചില്ലെന്ന് കാണാം. ഏറെക്കുറേ അവരെല്ലാം " ന്യൂനപക്ഷങ്ങൾ " ആയിരുന്നു താനും . അസ്വഹ് ( പ്രബലവീക്ഷണം ) പ്രായോഗികമാവാത്തിടത്ത് റാജിഹ് ( മികച്ച വീക്ഷണം ) സ്വീകരിക്കാം , അതും പറ്റില്ലെങ്കിൽ മറ്റു വീക്ഷണങ്ങൾ ( മർജൂഹുകൾ ) സ്വീകരിക്കാം.

മദ്ഹബുകൾ മാറാം. കാര്യം ഇങ്ങനെയൊക്കെ ആയിരിക്കേ , ഇന്നത്തെ മതേതര രാഷ്ട്രങ്ങളെ യുദ്ധഭൂമികളാക്കി ഫസ്റ്റ് ഒപ്ഷൻ ഹിജ്റയും അടുത്തത് സാംസ്ക്കാരിക സമന്വയവും എന്ന് പറയാൻ കുറച്ചൊന്നും പോര തൊലിക്കട്ടി.


നാല് : തങ്ങൾക്കനുകൂലമായ മതന്യായമുണ്ടാക്കാൻ വേണ്ടി പ്രവാചകാനുയായികളുടെ അബ്സീനിയൻ പലായനം അലവാനികൾ ഉദ്ധരിക്കാറുണ്ട് . "ന്യൂനപക്ഷ "മുസ്ലിം സാമുദായിക സംഘാടനം എങ്ങനെയാവണമെന്നതിന്റെയും "പൊതു "വിനെ പ്രീണിപ്പിക്കാൻ വേണ്ടി സ്വത്വം കളയരുതെന്നതിന്റെയും ചിരകാല മാതൃകയാണ് വാസ്തവത്തിൽ ആ സംഭവം.

ക്രിസ്ത്യനായിരുന്ന നേഗസ് ചക്രവർത്തി അഭയം നൽകിയപ്പോൾ നയതന്ത്രജ്‌ഞനായ ജഅ്ഫർ ബിൻ അബീത്വാലിബ് ( റ ) നേഗസിന്റെ മുഖസ്തുതി പറഞ്ഞ് ചുറ്റിടം ഊഷ്മളാക്കി. എന്നാൽ , അദ്ദേഹം തന്നെ , ആരാണ് ഈസ ( അ ) എന്ന് ചോദിക്കപ്പെട്ടപ്പോൾ പാതിരിമാർ ചുറ്റിലും മ്ലാനമനസ്കരായി ഉണ്ടായിട്ടും ശൗര്യം ചോരാതെ ഖുർആൻ വചനങ്ങൾ ഉരുവിട്ട് ക്രിസ്ത്യൻ ഖണ്ഡനം നടത്തുകയും ചെയ്തു .ഇതാണ് യഥാർത്ഥ വഴി. സത്യത്തിൽ ഭൂരിപക്ഷത്തിന് ആ ആദർശബോധത്തിൽ മതിപ്പാണുളവായത്. ശേഷം എട്ടുവർഷം അവരവിടെ രണ്ടാം തരത്വമില്ലാതെ ജീവിച്ചു. മദീനയിൽ ഇസ്ലാമിക് റിപ്പബ്ലിക് നിലവിൽ വന്നിട്ടും പ്രവാചകർ ( സ്വ) അവരെ തിരിച്ച് വിളിച്ചിട്ടുമില്ല.മറിച്ച് ,സാംസ്ക്കാരിക സമന്വയത്തിന് വേണ്ടി ഇസ്ലാമിനെ ലഘൂകരിച്ചാൽ ഇസ്ലാം ഇല്ലാതായാലും "പൊതു " സന്തുഷ്ടരാവില്ല . ദമ്പതിമാരിൽ നിന്ന് ഒരാൾ ഇസ്ലാം സ്വീകരിച്ചാൽ വേർപ്പിരിയാതെ ഒരു നിശ്ചിത കാലയളവ് ശാരീരിക ബന്ധമടക്കം സഹശയനം തുടരാം , ശൈത്യകാലത്ത് അഞ്ച് നേരങ്ങളിലെ നമസ്ക്കാരവും ഒറ്റനേരം ചെയ്യാം , ഉഗ്രവാദിയെന്ന് സംശയം ജനിക്കുമെങ്കിൽ ശീലമാവാത്ത തോതിൽ മദ്യം സേവിക്കാം , പുരുഷന്റെ താടിക്ക് മതവുമായല്ല , സംസ്കാരവുമായാണ് ബന്ധം - വടിക്കാം തുടങ്ങിയ അയവുകൾ വന്നിട്ടും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാത്രം അയവില്ലാത്തത് നിർദ്ദിഷ്ട പരിഹാരം മറ്റൊരു പ്രശ്നമായത് കൊണ്ടാണ്. 

" സിൻക്രറ്റിക് ഫിലോസഫി " യാണ് ലിബറൽ ലോകവീക്ഷണത്തിലെ ബൗദ്ധികപട്ടം , അതായത് , എല്ലാവർക്കും സമ്മതമായ ഒരു വിജാതീയ തത്വശാസ്ത്രം .അതിന്റെ മുമ്പിലെ വിസമ്മതമാണ് വാസ്തവത്തിൽ ഇസ്ലാം " പൂർവ്വാധുനീക " മാകാൻ കാരണം തന്നെ .


അഞ്ച് : മഖാസിദുശ്ശരീഅ : ( മതനിയമങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങൾ ) ഉർഫ് ( നാട്ടുനടപ്പ് ) എന്നീ സങ്കേതങ്ങളെ ഉപവസിച്ച് ലിബറലിസത്തെ സെമി ലിബറലിസം കൊണ്ട് മറികടക്കാൻ ശ്രമിക്കുന്നതിന് ഇസ്ലാമിക മാനം നൽകാൻ തത്വം ചമയ്ക്കുന്ന പണ്ഡിതസുഹൃത്തുക്കൾ 

മറാക്കിഷ് കർമ്മശാസ്ത്ര വിശാദരൻ അഹ്മദ് അൽ ബൽഗീത്തിയെ വായിച്ചാൽ ധാരണപ്പിശക് തീരും. The fiqh of minorities, the new fiqh to subvert Islam എന്ന ആസിഫ് ഖാന്റെ 

2016 ൽ പുറത്തിറങ്ങിയ വിഖ്യാദ കൃതി അക്കാഡമികമായും അവലംബിക്കാം. മഖാസ്വിദ് എന്നാൽ നിയമങ്ങൾ രൂപീകരിക്കാനുള്ള കാരണങ്ങൾ അല്ലെന്നും നേരത്തെ രൂപീകൃതമായ നിയമങ്ങളുടെ ഫലങ്ങളാണെന്നും അവർ സലക്ഷ്യം സമർത്ഥിക്കുന്നുണ്ട്. ഇന്നിവിടെ പലരും ലക്ഷ്യങ്ങൾ മുന്നിർത്തി നിയമങ്ങൾ മാറ്റുന്ന തിരക്കിലാണ് !ഫിഖ്ഹിന്റെ പ്രാദേശികത്വം എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രയോഗമാണ്. നാട്ടുനടപ്പുകൾ മാറുന്നതിനനുസരിച്ച് നിയമങ്ങൾ മാറ്റാം എന്നല്ല അതിനർത്ഥം. ഫിഖ്ഹീ നിയമങ്ങൾ രൂപപ്പെട്ടതിൽ നാട്ടുനന്മകളും നടപ്പുകളും പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്ന പിൽക്കാല വായനയാണത്. ഓരോ സാഹചര്യത്തിലും ബാധകമാക്കേണ്ട ശാഖാപരമായ കാര്യങ്ങൾ അവലംബിക്കുന്ന പൊതുതത്വങ്ങൾ നേരത്തെ നിർണ്ണിതമായതാണ്. പുതിയ പൊതുതത്വങ്ങൾ ഉണ്ടാക്കാൻ വേണ്ടി പഴയ പൊതുതത്വങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് വിമർശിക്കപ്പെടുന്നത്.


ആറ് : യൂറോപ്പും അമേരിക്കയും ഇന്ന് ഇസ്ലാമിന് ഏറെ വളക്കൂറുള്ള പ്രദേശങ്ങളാണ്.

അവിടെ ആളുകളെ അല്ലാഹുവിലേക്ക് നയിക്കുന്നത് ഇളവുള്ള ഫിഖ്ഹല്ല . മറിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആത്മീക ബദൽ ആനന്ദങ്ങളിലും ജ്ഞാന വ്യവഹാരങ്ങളിലും ആകൃഷ്ടരായിട്ടാണ്. ഇസ്ലാമിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ സമഗ്രമായ പൂർണ്ണതയെയാണ് എടുത്ത് കാണിക്കുന്നത്. അവരെല്ലാം തികഞ്ഞെ സ്വത്വവാദികൾ തന്നെയാവുമ്പോൾ തന്നെ മതേതര പരിസരത്ത് സ്വീകാര്യരുമാണ് . ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീൻ അലിയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും അതേ വഴിയിലുള്ള മറ്റനേകം താരങ്ങളും പുതിയ ലോകക്രമത്തിൽ ആഘോഷിക്കപ്പെടുന്നവർ തന്നെയാണ്. മുസ്ലിം പക്ഷ രാഷ്ട്രീയത്തിന് പേരില്ലാത്ത ഓസ്ട്രേലിയൻ താരങ്ങൾ ലഹരി നുണയാത്ത ഉസ്മാൻ ക്വാജ കൂടയുണ്ടെന്നത് പരിഗണിച്ച് ബിയർപ്രേ പൊട്ടിക്കാതിരുന്നത് അയാളുടെ വിശ്വാസം ചുറ്റിലും ഉണർത്തിയ ഉജ്ജ്വലത കൊണ്ടാണ്. കിട്ടിയ ലോകകപ്പിൽ കാല് വെച്ച് ചവിട്ടിയ താരങ്ങളാണാവർ , എന്നിട്ടും അയവില്ലാത്ത ഉസ്മാന് മുമ്പിൽ അവർ അയഞ്ഞു , അതാണ് യഥാർത്ഥ അത്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us