loader
blog

In Astronomy

By Shuaibul Haithami


ആകാശചക്രവാളം : വാനശാസ്ത്രം , കർമ്മശാസ്ത്രം


ഒരിടത്ത് ഹിലാൽ ദൃശ്യമായെന്ന് സാക്ഷ്യവും തെളിവും സഹിതം ബോധ്യമായാൽ , മറ്റു 'നാടുകൾക്കും ' ( ഭൂമിമുഴുക്കേ എന്നല്ല ) അതനുസരിച്ച് പ്രവർത്തിക്കാമോ , ഇല്ലേ എന്നതാണ് إختلاف المطالع ، إتحاد المطالع ചർച്ചയുടെ മർമ്മം . ഏറ്റവും സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ട , പണ്ഡിത ചർച്ചകൾ നടക്കേണ്ട , ദുരുപയോഗം ചെയ്യപ്പെടാറുള്ള ഭാഗമിതാണ്.


കർമ്മശാസ്ത്രപരമായി നാല് തരം വീക്ഷണങ്ങളാണ് അക്കാര്യത്തിൽ ഉള്ളത്.


1 : 

ചക്രവാള വ്യത്യാസം പരിഗണനീയമല്ല . ഒരു നാട്ടിൽ' മാസംകണ്ടാൽ ' എല്ലാ നാടുകളിലും അതനുസരിച്ച് അമൽ ചെയ്യണം , പടിഞ്ഞാറൻ നാട്ടിൽ കണ്ടാൽ കിഴക്കൻ പ്രവിശ്യക്കാർക്കും അത് ബാധകമാണ്, മറിച്ച് പറയേണ്ടത് തന്നെയില്ല.

ഹനഫീ മദ്ഹബ് , ഹൻബലീ മദ്ഹബ് എന്നിവയിലെ പ്രബലാഭിപ്രായം അതാണ്.


പ്രമുഖ ഹനഫീ കർമ്മശാസ്ത്ര ഗ്രന്ഥമായ فتح القدير ൽ പറയുന്നു:

واذا ثبت في مصر لزم سائر الناس فيلزم اهل المشرق برؤية اهل المغرب في ظاهر المذهب و زاد ابن العابدين وهو المعتمد عندنا


ഹമ്പലീ ഗ്രന്ഥമായ إنصاف ൽ പറയുന്നു :

واذا رأى الهلال اهل بلد لزم الناس كلهم الصوم لا خلاف في لزوم الصوم على من رآه واما من لم يره ان كانت المطالع متفقة لزمهم الصوم ايضا وإن إختلفت المطالع فالصحيح من المذهب لزوم الصوم ايضا

ഹമ്പലീ مغني ൽ പറയുന്നു :

وإذا رأى الهلال اهل بلد لزم جميع البلاد الصوم و هذا قول الليث 


ഇതേ അഭിപ്രായം മാലികീ , ശാഫീഈ മദ്ഹബുകളിലെ ചില പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .ابو علي السنجي،دارمي،القاضي ابو الطيب،ابن القاسم،ابن وهب മുതലായവർ ആ അഭിപ്രായക്കാരാണ്. ഇമാം നവവി (റ )شرح مسلم ൽ ഈ അഭിപ്രായം രേപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ മറ്റുഗ്രന്ഥങ്ങളിൽ ചക്രവാള വ്യത്യാസം പരിഗണിക്കണമെന്നതാണ് പ്രബലപ്പെടുത്തിയത്. ഇമാം റാഫി ( റ ) യും ചക്രവാള വ്യത്യാസം പരിഗണിക്കണമെന്ന പക്ഷമാണ്.


2: 

ഒരു നാട്ടിൽ മാസം കണ്ടാൽ അതിന്റെ അടുത്തതോ അകന്നതോ ആയ നാടുകളിൽ ആ കാഴ്ച്ച ബാധകമാവും. എന്നാൽ വളരെ അകന്ന നാടുകൾക്കത് ബാധകമല്ല. 

വളരെ ദൂരത്തിന് ഉദാഹരിക്കപ്പെട്ടത് خراسان അഫ്ഗാനും اندلس സ്പെയിനും തമ്മിലുള്ള അകലമാണ്. 

മാലികീ മദ്ഹബിലെ പ്രബലാഭിപ്രായം ഇതാണ്.


മാലികീ ഗ്രന്ഥമായ مواهب الجليل ൽ പറയുന്നു:

أن الحكم بثبوت رمضان يعم كل من نقل اليه إذا نقل بشهادة عدلين أو نقل باستفاضة واجمعوا على عدم لحوق رؤيته ما بعد كالأندلس من خراسان

ഈ അഭിപ്രായം വേറെ മദ്ഹബുകളിലില്ല .


3: 

ഒരു നാട്ടിൽ മാസം കണ്ടാൽ അതിനോട് അടുത്ത നാടുകൾക്കത് ബാധകമാവും , അകന്ന നാടുകൾക്ക് ബാധകമല്ല. ശാഫീഈ മദ്ഹബിലെ പ്രബലാഭിപ്രായമാണിത്. ഈ അഭിപ്രായത്തെ ഹനഫീ , ഹമ്പലീ , മാലികീ മദ്ഹബുകളിലെ ഒരു വിഭാഗം പണ്ഡിതന്മാർ പിന്തുണച്ചിട്ടുള്ളതിനാൽ തത്വത്തിൽ എല്ലാ മദ്ഹബുകളുടെയും ഏകോപനമുണ്ടായ ഏകാഭിപ്രായമായി പരിഗണിക്കാം. ലോകത്ത് ഏറ്റവുമധികം സ്വീകരിക്കപ്പെട്ട അഭിപ്രായം ഇതാണ്.


ശാഫീഈ ഗ്രന്ഥമായ مجموع ൽ പറയുന്നു :

إذا رأوا الهلال في رمضان في بلد ولم يروه في غيره فإن تقارب البلدان فحكمهما حكم بلد واحد ويلزم أهل البلد الآخر الصوم بلا خلاف وإن تباعدا فوجهان مشهوران في الطريقتين أصحهما لا يجب الصوم على أهل البلد الأخرى


ഹമ്പലീ മദ്ഹബിലെ المرداوي ആ മദ്ഹബിലെ പലരിൽ നിന്നും ഇതേ അഭിപ്രായം ഉദ്ധരിക്കുന്നു

( അൽ ഇൻസ്വാഫ് , 7 / 335 - 336 )


ഹനഫീ മദ്ഹബിലെ امام الزيلعي ഇതേ അഭിപ്രായത്തെ പ്രബലപ്പെടുത്തിയതിന് تبيين الحقائق ൽ ന്യായം പറയുന്നു :

وإنفصال الهلال عن شعاع الشمس يختلف باختلاف الأقطار

ഇതേ അഭിപ്രായം فتح القدير ലും കാണാം.


മാലികീ പണ്ഡിതൻ ابن عبد البر തന്റെ التمهيد ൽ ഇതേ അഭിപ്രായം പറയുന്നു :

أن بعض العلماء قال بإعتبار إختلاف المطالع وأن بعضهم قال بعدم إعتباه "إلى القول الأول أذهب"...

( തംഹീദ് , 7 / 159- 160 )


4 : 

ഒരു നാട്ടിലെ മാസപ്പിറവി മറ്റൊരു നാട്ടിന് ബാധകമാക്കാൻ പാടില്ല. ഓരോ നാടിനും ഓരോ കാഴ്ച്ച തന്നെ വേണം. عكرمةمولى ابن عباس، القاسم بن محمد بن أبي بكر صديق, سالم بن عبد الله بن عمر (رض)

തുടങ്ങിയ സ്വഹാബികളുടെ അഭിപ്രായമാണിത്. വിശ്വമുസ്ലിം പണ്ഡിതഗുരു ابو حامد الغزالي، إسحاق بن راهويه തുടങ്ങിയവരും ഇതേ അഭിപ്രായമാണ് സ്വീകരിച്ചത്. 


കൂട്ടിച്ചേർത്ത് വായിക്കേണ്ടത് .


1 : ചക്രവാളവ്യത്യാസം പരിഗണിക്കണമെന്ന് പറഞ്ഞവരും പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞവരും എല്ലാവരും മാസപ്പിറ നഗ്നദൃഷ്ട്യാ കാണണം എന്ന് പറഞ്ഞവരാണ്.


2 : റമദാൻ ആരംഭിക്കാനുള്ള മാസപ്പിറവിയെയും റമദാൻ അവസാനിപ്പിക്കാനുള്ള മാസപ്പിറവിയേയും രണ്ട് നിലകളിൽ പരിഗണിച്ചവരുമുണ്ട് , പ്രത്യേകിച്ച് ഹമ്പലീ പണ്ഡിതന്മാർ .

റമദാൻ പിറവി പരമാവധി വ്യാപിപ്പിക്കാനും ശവ്വാൽ പിറവിക്ക് നിബന്ധനകൾ വർദ്ധിപ്പിക്കാനും അവർ താൽപര്യപ്പെട്ടു.


3 : പാൻ ഗ്ലോബൽ നോമ്പും പെരുന്നാളും എന്ന സങ്കൽപ്പത്തിന് ഏറ്റവും തടസ്സം സ്വഹാബികളുടെ അഭിപ്രായങ്ങളാണ്. മാത്രമല്ല , ലോക മുസ്ലിംകളുടെ അഭിമാനമായ ഇമാം ഗസ്സാലി ( റ ) പോലും പ്രാദേശിക ദർശന വാദിയാണ്. അദ്ദേഹം ഭൂമിയുടെ കിടപ്പിനെപ്പറ്റി ഏറ്റം നന്നായി അറിയുന്ന വ്യക്തിയുമാണ്.


4 : ചക്രവാള വ്യത്യാസം പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞ ക്ലാസിക്കൽ കിതാബുകളിൽ പരാമർശിക്കപ്പെട്ടത് ' ഭൂമി മുഴുവൻ എന്നല്ല , ഒരു നാട്ടിൽ കണ്ടാൽ മറ്റു നാടുകളിലും ' എന്നാണ്. അവരുടെ വ്യവഹാരങ്ങളിൽ ചൈന മുതൽ പടിഞ്ഞാറൻ യൂറോപ്പ് വരെ ഉദാഹരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഓഷ്യാന - പസഫിക് രാഷ്ട്രങ്ങളും ഫിഖ്ഹീ കിതാബുകളിൽ പൊതുവേ ഉദാഹരിക്കപ്പെട്ടിട്ടില്ല , മുസ്ലിം സാന്നിധ്യം അക്കാലത്തവിടെ ഇല്ലാത്തത് കൊണ്ടാവാം.ഗോളശാസ്ത്ര കിതാബുകളിൽ ഭൂമിയുടെ 360 ഡിഗ്രികളും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട് താനും. അകന്ന നാടുകളായി മിഡിലീസ്റ്റും യൂറോപ്പുമാണ് ഉദാഹരിക്കപ്പെട്ടത്. ഒരേ ഉദയ മേഖലയിൽ വരുന്ന നാടുകളായിട്ട് പോലും അത്തരം നാടുകൾക്കിടയിൽ ചക്രവാള വ്യത്യാസം പരിഗണിക്കപ്പെടണം എന്നാണ് നാല് മദ്ഹബുകളിലും പൊതുവായി വന്ന അഭിപ്രായം .അതിനേക്കാൾ അകന്ന , വ്യത്യസ്ത ഉദയ വൃത്തങ്ങളിൽ വരുന്ന ഓഷ്യാനയും അമേരിക്കയും വെച്ച് നോക്കുമ്പോൾ , ഏതായാലും ചക്രവാള വ്യത്യാസം പരിഗണിക്കപ്പെടേണ്ടി വരും എന്നാണ് ഖിയാസ് .


എന്ത് കൊണ്ട് ശാഫിഈ മദ്ഹബ് ?


ശറഈ ചന്ദ്രമാസ നിർണ്ണയത്തിന്റെ കാര്യത്തിൽ ഏറ്റവും ശാസ്ത്രീയമായ നിരീക്ഷണം ശാഫീ മദ്ഹബാണെന്ന് കാര്യം വിലയിരുത്തിയാൽ മനസ്സിലാവും. അത് കൊണ്ടാവാം കേരളീയ മുസ്ലിം പൊതു സമൂഹവും നൂറ്റാണ്ടുകളായി ആ രീതി അവലംബിക്കുന്നത്.

ഒരിടത്ത് ഹിലാൽ ദൃശ്യമായാൽ , ആ ചക്രവാള പരിധിക്കപ്പുറം അത് ബാധകമല്ലെന്നതാണ് ശാഫീ മദ്ഹബും മറ്റു 3 മദ്ഹബുകളിലെ ഭാഗികാഭിപ്രായവും എന്ന് നേരത്തെ നാം കണ്ടു.


എന്നാൽ എത്രയാണ് ചക്രവാള പരിധി എന്നതിൽ 3 അഭിപ്രായങ്ങൾ കാണാം.


1 : ഉദയാസ്തമന വ്യത്യാസ പരിധി. ( വിശദമാക്കാം )

2 : പ്രാചീന ഗോള ശാസ്ത്രജ്ഞർ ഭൂമിയെ ഏഴ് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട് ( سبعة اقاليم) .

ഇന്ത്യൻ ഉപദ്വീപ് , ഹിജാസ് , മിസ്ർ , ബാബിലോണിയ , ശാം - റോം , തുർക്കി , ചൈന എന്നിവയാണവ . അക്കാലത്തെ നാഗരിക കേന്ദ്രങ്ങൾ ആധാരമാക്കിയതാണിത്. 

മിസ്ർ പരിധിയിൽ ആഫ്രിക്കയും തുർക്കി പരിധിയിൽ യൂറോപ്പും ചൈനാ പരാധിയിൽ ദക്ഷിണേഷ്യയും വരും. ഈ ഏഴിലോരോന്നും വ്യത്യസ്ത ചക്രവാള പരാധിയാണെന്നാണ് രണ്ടാം അഭിപ്രായം. الإمام صيمري യും സംഘവുമാണ് ഈ അഭിപ്രായക്കാർ.

3 : മസ്വാഫതുൽ ഖസ്വർ അഥവാ രണ്ട് നമസ്കാരങ്ങൾ ചുരുക്കിച്ചേർക്കാൻ അനുവദിക്കുന്ന മിനിമം ദൂരമായ 16 ഫർസഖ് അഥവാ 131 . 673 കിലോമീറ്റർ .،الإمام بغوي،الإمام الفوراني الإمام غزالي،إمام الحرمين തുടങ്ങിയവർ ഇത്രയും ചെറിയ പരിധിയാണ് നിശ്ചയിച്ചത്.


മുകളിലെ 3 ൽ ഏറ്റവും സ്വീകാര്യമായത് ഉദയാസ്തമന വ്യത്യാസ പരിധി എന്ന ഒന്നാമത്തെ അഭിപ്രായമാണെന്ന് ശാഫിഈ കിതാബുകൾ നോക്കിയാലറിയാം .


ശരാശരി 28 കിലോമീറ്റർ കിഴക്ക് - പടിഞ്ഞാറിനാടയിൽ 1 മിനുട്ട് വെച്ച് ഉദയാസ്തമനം മാറുന്നുണ്ട്. അപ്പോൾ എത്ര ദൂരമാണ് ഒരു ശരാശരി ചക്രവാളപരിധിയാക്കുക എന്നതാണ് അടുത്ത മുറ . 

രണ്ടഭിപ്രായങ്ങളാണ് പൊതുവേ അവലംബിക്കപ്പെടാറുള്ളത്. 


1 :

പ്രമുഖ ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥമായ تحفة المحتاج ൽ പറയുന്നു:

قال تاج التبريزي وغيره لايمكن إختلافها في اقل من أربعة و عشرين فرسخا

( തുഹ്ഫ : 3 / 382 )

24 ഫർസഖാണ് അതിൽ പറയപ്പെട്ട പരിധി. ഇത് ചുറ്റിലും വായുവേധ 197 . 510 മീറ്ററാണ്.

പൊതുവേ , ഇതനുസരിച്ചാണ് കേരളത്തിലെ ഏതാണ്ടെല്ലാ ഖാദിമാരും മാസമുറപ്പിക്കാറുള്ളത്.


2 :

കൂടുതൽ കൃത്യതയുള്ളതായി ചിലർ അഭിപ്രായപ്പെടുന്നത് രണ്ട് രേഖാംശങ്ങൾക്കിടയിലെ 8 ഡിഗ്രി എന്ന അഭിപ്രായമാണ്.

പ്രശസ്ത ഗ്രന്ഥം بغية المسترشدين ൽ പറയുന്നു :

قال ابو مخرمة إذا كان بين غروب الشمس بمحلين قدر ثمان درج فاقل فمطلعها متفق بالنسبة لرؤية الأهلة وان كان اكثر ولو في بعض الفصول فمختلف

( ബിഗ് യ: പേജ് 109 )


8 ഡിഗ്രി എന്നതിനെ സമയമാക്കിയാൽ ( 8x 4 = 32 ) 32 മിനുട്ടുകൾ എന്ന് കിട്ടും. 

അതായത് ഒരിടത്ത് മാസം കണ്ടാൽ അവിടെ നിന്ന് ചുറ്റിലും 32 മിനുട്ടുകൾ ഉദയാസ്തമന വ്യത്യാസമുള്ള എല്ലായിടത്തും ആ കാഴ്ച്ച ബാധമാക്കാം. അതിനെ ദൂരമാക്കിയാൽ 

890 . 568 കിലോമീറ്റർ വരും. അതായത് , ശാഫിഈ മദ്ഹബിലെ ഈ അഭിപ്രായപ്രകാരം 

കേരളവും സമീപ പ്രദേശങ്ങളൾ മുഴുവനും ഒറ്റക്കാഴ്ച്ച കൊണ്ട് ഒറ്റമാത്രയിൽ നോമ്പും പെരുന്നാളും ഉറപ്പിക്കാം. 


ഇവിടെ മറ്റൊരു കാര്യം , ചക്രവാള വ്യത്യാസം രേഖാംശങ്ങൾ (طول البلد) ക്കിടയിൽ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ , അക്ഷാംശങ്ങൾ ( عرض البلد) ക്കിടയിൽ , അതായത് വടക്ക് - തെക്ക് അകലങ്ങൾക്കിടയിൽ പരിഗണിക്കേണ്ടതില്ല എന്ന മദ്ഹബിലെ അഭിപ്രായം കൂടി ശ്രദ്ധേയമാണ്. 

പ്രശസ്തമായ قليوبي യിൽ പറയുന്നു:

فمتى تساوى طول البلدين لزم من رؤيته رؤيته في الآخر وإن اختلف عرضهما وإن كان بينهما مسافة شهور أو كان احدهما في اقصى الجنوب والأخرى في أقصى الشمال

സാരം : രേഖാംശം തുല്യമായ രണ്ടു നാടുകളിലൊന്നിൽ മാസം കണ്ടാൽ മറ്റേ നാട്ടിലും കാണേണ്ടതുണ്ട് . പ്രസ്തുത നാടുകളുടെ അക്ഷാംശങ്ങൾക്കിടയിൽ - ഒരു മാസത്തിന്റെ യാത്രാദൂരമോ അല്ലെങ്കിൽ ഒരു നാട് ഉത്തരധ്രുവത്തിലും മറ്റൊന്ന് ദക്ഷിണധ്രുവത്തിലും ആവുന്നത്രയോ - വ്യത്യാസമുണ്ടായാലും പ്രസ്തുത നിയമത്തിന് മാറ്റമില്ല.


അതനുസരിച്ച് നടേപ്പറഞ്ഞ 2 ദൂരപരിധിയും കിഴക്കിലേക്കും പടിഞ്ഞാറിലേക്കും മാത്രമാവും. 

വടക്കോട്ടും തെക്കോട്ടും ഭൂമിയിൽ എത്രയും ദൂരങ്ങളിൽ ഒറ്റക്കാഴ്ച്ച കൊണ്ട് മാസമുറപ്പിക്കാം.

അതായത് , കോഴിക്കോട്ട് മാസം കണ്ടാൽ , ചുരുങ്ങിയ കണക്കായ കോഴിക്കോടിന്റെ കിഴിക്കിലേക്കും പടിഞ്ഞാറിലേക്കുമുള്ള 24 ഫർസഖ് ( 197.510 + 197.510 = 395 . 02 km ) എടുക്കാം . അതിനിടയിൽ , 111 . 326 / 395 .02 = 3 . 54 രേഖാംശം ഉണ്ടാവും . അഥവാ ,14 . 16 മിനുട്ടുകളുടെ പരിധിയിൽ വരുന്ന രേഖാംശങ്ങളുടെ മുകളിൽ വടക്കേക്കും താഴേ തെക്കോട്ടേക്കും എത്രയും അകലത്തിൽ മാസമുറപ്പിക്കാം . പ്രസ്തുത രേഖാംശങ്ങൾക്കിടയിൽ വരുന്ന അക്ഷാംശങ്ങളിൽ നിൽക്കുന്ന വടക്കേ ഇന്ത്യ മുതൽ പാകിസ്ഥാൻ്റെ ഭാഗം , ചൈനയുടെ ഭാഗമടക്കം റഷ്യ വരേയും സമാനമായി തെക്കേ അറ്റത്തേക്കും മാസമുറപ്പിക്കാം. 

കേൾക്കുമ്പോൾ അതിശയോക്തിയാണ് , പക്ഷെ അതാണ് വാസ്തവം .

പിന്നെ എന്ത് കൊണ്ട് അങ്ങനെ നടക്കുന്നില്ല എന്നതിന് ഒരുത്തരമേയുള്ളൂ : രാഷ്ട്രീയപരം . അതായത് , ഓരോ നാട്ടിലും വ്യത്യസ്ത ഭരണകൂടങ്ങളും വ്യത്യസ്ത അഭിപ്രായക്കാരായ ഖാസിമാരും സ്വയം ഇസ്ലാമുണ്ടാക്കുന്ന സംഘടനകളും ആയതാണ് കുഴപ്പം. ലോക മുസ്ലിംകൾക്ക് , വേണ്ട ചുരുങ്ങിയത് ഇന്ത്യൻ മുസ്ലിംകൾക്കെങ്കിലും ഒറ്റ ഖാദിയും സംവിധാനവുമാണെങ്കിൽ നാലാലൊരു മദ്ഹബിന്റെ / ശാഫീ മദ്ഹബിന്റെ അകത്ത് നിന്ന് തന്നെ ഒരു രാവിന്റെയും പകലിന്റെയും വ്യത്യാസത്തിൽ , ഏറിവന്നാൽ ഒരു ദിവസത്തിന്റെ മാറ്റത്തിൽ ലോകം മുഴുവൻ നോമ്പും പെരുന്നാളും ഏകീകരിക്കാം. ഇവിടെ , യഥാർത്ഥ ' പ്രശ്നം ' പ്രശനം പരിഹരിക്കാൻ നടക്കുന്നവരാണെന്നതാണ് വിരോധാഭാസം . ശാഫിഈ മദ്ഹബിന്റെ ശാസ്ത്രീയത മനസ്സിലാക്കിയാൽ തീരുന്നതാണ് അവരുടെ അശാസ്ത്രീയ മദ്ഹബ് .


മംഗലാപുരം , കോഴിക്കോട് , കൊച്ചി , തിരുവനന്തപുരം .


ഉദയാസ്തമന വ്യത്യാസം കിഴക്ക് - പടിഞ്ഞാറ് ദൂരങ്ങൾക്കിടയിലാണ് ബാധിക്കുക എന്ന് നാം മനസ്സിലാക്കി. മാസം കാണുക സന്ധ്യക്കാണെന്നും നമുക്കറിയാം. സൂര്യനസ്തമിച്ച ശേഷം ചന്ദ്രൻ അസ്തമിക്കാതെ ചക്രവാളത്തിൽ ഉണ്ടാവുമ്പോഴാണത് കാണുക. കിഴക്കൻ നാടുകളിലാണാദ്യം ഉദയം പോലെ അസ്തമനവും ഉണ്ടാവുക .

അപ്പോൾ കൂട്ടത്തിൽ കൂടുതൽ കിഴക്കിലായ തിരുവനന്തപുരത്തായിരിക്കും കാസർഗോഡിനേക്കാൾ വേഗത്തിൽ അസ്തമനം വരിച്ച് രാത്രിയാവുന്നത്. 

അവിടെ നിന്ന് വേറൊരു കാര്യം കൂടി മനസ്സിലാക്കാം : കിഴക്കൻ നാടുകളിൽ മാസം കണ്ടാൽ അതിന്റെ പടിഞ്ഞാറിലും മാസം കാണാൻ പറ്റും .

അതായത് , കിഴക്കന്മാർക്ക് ചന്ദ്രപ്പിറവി കാണാനായി എന്നതിനർത്ഥം അവരുടെ ചക്രവാളത്തിന് മുകളിൽ ചന്ദ്രനെ കണ്ടു എന്നാണ് , കിഴക്കന്മാരുടെ ചക്രവാളം പടിഞ്ഞാറന്മാരുടേതിനേക്കാൾ മുകളിലാണ് . അപ്പോൾ പടിഞ്ഞാറന്മാർ ,

കിഴക്കന്മാർ കണ്ട മാസപ്പിറ ഏതായാലും കാണണം. മറിച്ച് സാധ്യത ഇല്ല . കാരണം പടിഞ്ഞാറന്മാർ മാസം കാണുന്ന ചന്ദ്രൻ കിഴക്കന്മാരുടെ ചക്രവാളത്തിന് താഴെയാവാമല്ലോ?

അതാണ് تحفة യിൽ പറഞ്ഞത് :

و نبه السبكي و تبعه الاسنوي و غيره على أنه يلزم من الرؤية في البلد الشرقي رؤيته في البلد الغربي من غير عكس اذ الليل يدخل في البلاد الشرقية قبل..

" തെക്കൻ കേരളത്തിൽ മാസം കണ്ടാൽ വടക്കൻ കേരളത്തിൽ മാസമുറപ്പിക്കുന്നു. പൊന്നാനിയിലോ കാപ്പാട്ടോ കണ്ടാൽ കാസർഗോഡ് ഉറപ്പിക്കുന്നു. അതേ സമയം , ബട്കലിൽ കണ്ടാൽ കണ്ണൂര് പോലും ഉറപ്പിക്കുന്നില്ല " തുടങ്ങിയ വർത്തമാനങ്ങളുടെ മറുപടിയതാണ് .


എന്നാൽ , കാസർഗോഡ് മാസം കണ്ടാൽ തിരുവനന്തപുരക്കാർക്കും ബാധകമാക്കാവുന്ന സന്ദർഭങ്ങൾ വരും , ഉദാഹരണത്തിന് , സൂര്യാസ്തമനത്തിന് 14 മിനുട്ടുകൾക്ക് ശേഷം കാസർഗോഡ് മാസം കാണുന്നു. അത് ജൂൺ മാസത്തിലാണെങ്കിൽ കാസർഗോഡും തിരുവനന്തപുരവും തമ്മിൽ ശരാശരി 17 മിനുട്ടുകളുടെ അസ്തമന വ്യത്യാസമുണ്ടാവും.

അപ്പോൾ കാസർഗോട്ടെ ( പടിഞ്ഞാറിലെ ) പിറ തിരുവനന്തപുരത്തിന്റെ ( കിഴക്ക് ) ചക്രവാളത്തിലും കാണാം. കേരളം മുഴുക്കേ മാസമുറപ്പിക്കുകയും ചെയ്യാം .

ഇനി , നടേപ്പറയപ്പെട്ട 32 മിനുട്ട് പരിധി ചുറ്റിലേക്കും വ്യാപിപ്പിക്കാം എന്ന അഭിപ്രായമനുസരിച്ച് കേരളത്തിൽ എവിടെക്കണ്ടാലും ഏകദേശം ഭക്ഷിണേന്ത്യ മുഴുവൻ മാസമുറപ്പിക്കാം .


കേരള തീരത്തിന്റെ ചക്രവാള സ്വഭാവം .


രണ്ട് പ്രദേശങ്ങൾക്കിടയിലെ ഉദയാസ്തമന സമയ വ്യത്യാസം കേവലം അന്നാടുകൾക്കിടയിലെ രേഖാംശങ്ങളോട് മാത്രം ബന്ധപ്പെട്ടതല്ല . 

സൂര്യ ചന്ദ്രമാരുടെ പരിക്രമണ സ്വഭാവത്തിനും അക്കാര്യത്തിൽ സ്വാധീനമുണ്ട്.

സൂര്യൻ, മാർച്ച് 22 മുതൽ സെപ്തംബർ 22 വരെ ഭൂമധ്യരേഖയുടെ വടക്കും സെപ്തംബർ 24 മുതൽ മാർച്ച് 20 വരെ ഭൂമധ്യ രേഖയുടെ തെക്കും മാർച്ച് 21 , സെപ്തംബർ 23 ദിവസങ്ങളിൽ ഭൂമധ്യരേഖയുടെ മുകളിലും ആയിരിക്കും. ജൂൺ 22 നും ( Positive Declination) ഡിസംബർ 22 നും ( Negtive Declination) സൂര്യൻ അതിന്റെ വടക്കോട്ടും തെക്കോട്ടുമുള്ള പരമാവധി അകലമായ 23 . 5 ഡിഗ്രിയിലെത്തുന്നു( അയനബിന്ദുക്കൾ ) . 

ഡിസംബറിൽ അസ്തമയ രേഖയുടെ വടക്ക് വശം പടിഞ്ഞാറോട്ടും തെക്ക് വശം കിഴക്കോട്ടും ചെരിയും. ജൂണിൽ മറിച്ചും .ഇക്കാര്യം ഓരോ പ്രദേശത്തിന്റെയും ഉദയാസ്തമനങ്ങളെ നേരിട്ട് ബാധിക്കുന്നു . ഏകദേശം ഭൂമി കിടക്കുന്നത് പോലെയാണ് കേരളത്തിന്റെ കിടപ്പും . കേരളത്തിന്റെ വടക്ക് ഭാഗം 26 ഡിഗ്രി പടിഞ്ഞാറോട്ട് ചെരിഞ്ഞാണുള്ളത് , തിരുവനന്തപുരം കിഴക്കോട്ടും കാസർഗോഡ് പടിഞ്ഞാറോട്ടുമായാണ് കിടപ്പ്. അതിനാൽ , കേരളത്തിന്റെ തീരസ്വഭാവും ( Costal Geography ) സൂര്യന്റെ അസ്തമന രേഖയും സമാന്തരമായി വരുന്ന ഡിസംബർ മാസത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം ഒരേ സമയത്ത് സൂര്യാസ്തമനം ഉണ്ടാവും . സൂര്യന്റേതിനേക്കാൾ 5 ഡിഗ്രിയോളം കൂടി വർദ്ധിക്കുന്നതാണ് ചന്ദ്രന്റെ തെക്ക് - വടക്ക് അയനങ്ങൾ . തെക്കോട്ടേക്ക് പരമാവധി അകലുന്ന ഡിസംബറിൽ തന്നെ ചന്ദ്രാസ്തമനവും കേരള തീരത്ത് ഏതാണ്ട് ഒരേ സമയത്താവും , ഡിസംബറിൽ ശരാശരി ഒരു മിനുട്ടിന്റെ വ്യത്യാസത്തിൽ സൂര്യ - ചന്ദ്രാസ്തമനങ്ങൾ കേരളത്തിൽ മൊത്തം ഉണ്ടാവും , മറ്റൊരു ഭാഷയിൽ പറഞ്ഞാൽ , അക്കാലയളവിൽ ഹിജ്റ മാസം 29 ന് ഹിലാൽ കാണാൻ സാധ്യത വളരെ കുറവാണ്. എന്നാൽ , ജൂണിൽ തിരുവനന്തപുരവും കാസർഗോഡും തമ്മിലുള്ള അസ്തമന വ്യത്യാസം ശരാശരിയുടെ നേരെ ഇരട്ടി 16 - 17 മിനുട്ടുകൾ വരെ ദീർഘിക്കുകയും ചെയ്യും . 

ചുരുക്കത്തിൽ , സൂര്യ ചന്ദ്രന്മാർ ഭൂമധ്യരേഖയുടെ വടക്കിലാവുന്ന സമയത്താണ് കേരളത്തിലുടനീളം മാസപ്പിറ ദർശിക്കാൻ സാധ്യത കൂടുതൽ , അതിൽ തന്നെ ഉത്തരായന നാളിനോടടുത്ത ജൂൺ മധ്യത്തിൽ വിശേഷിച്ചും.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us