loader
blog

In Astronomy

By Shuaibul Haithami


അന്താരാഷ്ട്രദിനമാറ്റ രേഖയും ഖുർആനും : ഹൈപർബോളെ കുമിളകൾ .



'തെക്കൊക്കുമ്പോൾ വക്കൊക്കാത്ത' അവസ്ഥയാണ് IDL മായി ബന്ധപ്പെട്ട മണിക്ഫാൻസംഘത്തിന്റെ വാദങ്ങൾ. 

ആഗോള സമയം രാത്രി  പന്ത്രണ്ട്മണിക്ക് മുമ്പാണ് ന്യൂമൂൺ (ഭൂമി - ചന്ദ്രൻ - സൂര്യൻ എന്നിവ ഒരേ പ്രതലത്തിലായതിന് ശേഷം ചന്ദ്രൻ സൂര്യനെ കിഴക്കോട്ട് മറികടക്കുന്ന നിമിഷാംശം)  സംഭവിക്കുന്നതെങ്കിൽ അടുത്ത ദിവസത്തെ സൂര്യോദയം മുതലും , പന്ത്രണ്ട് മണിക്ക് ശേഷമാണ് ന്യൂമൂൺ ഉണ്ടാവുന്നതെങ്കിൽ അതിന്റെ പിറ്റേന്നത്തെ സൂര്യോദയം മുതലുമാണ് അതത് പ്രദേശങ്ങളിൽ ക്രമത്തിൽ ഹിജ്റ മാസം തുടങ്ങുന്നത് എന്നാണവർ ആത്മാർത്ഥമായി  പ്രചരിപ്പിക്കുന്നത് . ഇങ്ങനെയൊരു ചന്ദ്രമാസാരംഭം ശാസ്ത്രത്തിലോ ഇസ്ലാമിലോ ഇല്ല. ശാസ്ത്രം പറയുന്ന Synodic Lunar Month  എന്നാൽ രണ്ട് ന്യൂമൂണുകൾക്കിടയിലെ 29 days , 12 hrs, 44 mnts, 02 Seconds ( 13 hrs വരെ മാറാം )  ആണ്. 

Newmoon ( കാണാത്ത കല ) എന്ന പദത്തിന് ഹിലാൽ എന്നർത്ഥം നൽകുകയും Visible crescent ( കാണുന്ന കല ) എന്നർത്ഥം നൽകുന്നവരെ പരിഹസിക്കുകയും ന്യൂമൂൺ ഭൂമിക്ക് മൊത്തം ബാധകമാണെന്ന് പറയുകയും ചെയ്യുന്നവർ മുസ്ലിം സമുദായത്തോട് ചെയ്യുന്ന അനർത്ഥങ്ങൾ പലതാണ്.


ആകാശത്ത് ന്യൂമൂൺ അഥവാ അവരുടെ ഭാഷയിലെ ഹിലാൽ  പിറക്കുന്ന നേരത്ത് ഭൂമിയിൽ രാത്രി അനുഭവിക്കുന്നവർക്ക് ആ രാത്രിസമയം മുതലോ പിറ്റേന്ന് പകൽ മുതലോ പിറകേ വരുന്ന രാത്രി മുതലോ ഹിജ്റ മാസം തുടങ്ങുന്നില്ല , ന്യൂമൂൺ സമയത്ത് പകൽ അനുഭവിക്കുന്നവർക്ക് ആ പകൽ അസ്തമിച്ച രാത്രി മുതലും ഹിജ്റ മാസം തുടങ്ങുന്നില്ല. ചിത്രത്തിലെ ഗ്ലോബ് നോക്കൂ ; ഇംഗ്ലണ്ടിലെ ഗ്രീനിച്ചിൽ ഒരു ഞായറാഴ്ച്ച രാത്രി 11 .30 സമയത്ത് ഭൂമിയുടെ ഏതെങ്കിലും ഭാഗത്തിന് നേരെ ന്യൂമൂൺ ഉണ്ടായി എന്ന് സങ്കൽപിക്കുക. അപ്പോൾ lST ( ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ) തിങ്കൾ രാവിലെ 5 മണിയാവും. ഭൂമി മൊത്തം നോക്കിയാൽ ഏകദേശം രേഖാംശം 80 °E മുതൽ ( ഇന്ത്യയുടെ മുക്കാൽ ഭാഗമടക്കം കിഴക്കോട്ട് ) 180 ° E വരെ അന്നത്തെ സുബ്ഹ് അടങ്ങുന്ന പകൽ ആരംഭിച്ചിരിക്കും. അവർക്ക് പിറ്റേന്ന് ചൊവ്വ മുതലാണ് ( ന്യൂമൂൺ പിറ്റേന്ന് ) ഹിജ്റ മാസം ആരംഭിക്കുന്നത്. എന്നാൽ , അതേസമയം രാത്രി അനുഭവിക്കുന്ന ബാക്കി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് അപ്പോൾ സുബ്ഹി ആകാത്തതിനാൽ അന്ന് രാത്രി തന്നെയോ ചുരുങ്ങിയത് പിറ്റേന്ന് രാവിലെ ( തിങ്കൾ ) മുതൽക്കെങ്കിലും ഹിജ്റ മാസം ആചരിക്കാനാവേണ്ടതാണ്. പക്ഷെ അവർക്കും ചൊവ്വാഴ്ച്ച സൂര്യോദയം മുതൽക്കേ ഹിജ്റ മാസം ആരംഭിക്കാൻ പാടുള്ളൂ എന്ന് , ശാസ്ത്രമോ മതമോ വ്യവസ്ഥപ്പെടുത്താത്ത പുതിയൊരു കാഴ്ച്ചപ്പാടുമായി ഈ വിഭാഗം വരുന്നതിന് പിറകിൽ രണ്ട് നിർമ്മിത പ്രേരണകളാണുള്ളത്. 

1 : ഒരു തിയ്യതിക്ക് രണ്ട് ദിവസം വരാൻ പാടില്ല എന്ന ( ചന്ദ്രമാസത്തെ സംബന്ധിച്ചേടുത്തോളം ഉരുണ്ട ഭൂമിയിൽ ഒരു 24 മണിക്കൂർ IDL സാധ്യമല്ലാത്തതിനാൽ പ്രായോഗികമല്ലാത്ത ) ആദ്യമേ പറഞ്ഞ് പോയ ഒരു തിയറിയിൽ നിന്ന് പിന്തിരിയേണ്ടി വരും.

2 : ദിവസാരംഭം ഇസ്ലാമിൽ  പ്രഭാതം മുതലാണെന്ന വങ്കത്തം മാറ്റിവെക്കേണ്ടി വരും.


(ചിത്രത്തിലെ മാപ്പ് ഈ വർഷം മാർച്ച് 10 ന് ഞായറാഴ്ച്ച UT 9 Am ന്യൂമൂൺ സംഭവിക്കുമ്പോഴുള്ള ഭൂമിയിലെ രാവും പകലുമാണ്. പിറ്റേന്നായിരുന്നു അതിനനുസരിച്ചുള്ള റമദാൻ 1 വന്നത് . ടൈമും ദിവസവും മാറ്റിയാൽ ആദ്യം പറഞ്ഞ രാത്രി Newmoon ന്റെ പകൽ വേഴ്ഷൻ കിട്ടും ) 


ആ രണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ കണ്ടെത്തിയ ഒറ്റമൂലിയാണ് UT 12 മണി ആധാരമാക്കി , ന്യൂമൂണിന് പിറ്റേന്നോ അതിന് പിറ്റേന്നോ സൂര്യോദയം മുതൽ മാസാരംഭം എന്ന 'അടിപൊളി ' വാദം .അങ്ങനെയാവുമ്പോൾ 24 മണിക്കൂർ ഭൂമി കറങ്ങുന്നതിനിടെ 'റമദാൻ 1 ' എല്ലായിടത്തും ഉദാഹരണത്തിലെ ഒരേ ചൊവ്വാഴ്ച്ച അനുഭവിക്കാം , ഒരു തിയ്യതിക്ക് ഒരു ദിവസം മാത്രം . കേൾക്കാൻ മനോഹരമായ ഈ കാഴ്ചപ്പാടിൽ കിടക്കുന്ന വൈരുധ്യങ്ങൾ എത്രമാത്രം !


1 : 


ചന്ദ്രമാസാരംഭത്തിന്റെ തുടക്കം സൂര്യന്റെ ഉദയം മുതൽ എന്ന വിചിത്രസങ്കൽപ്പമാണത്.

ആർക്ക് വേണ്ടി , എന്തിന് വേണ്ടിയാണ് ചിത്രത്തിലേ ഇല്ലാത്ത സൂര്യോദയം എന്ന കണ്ടീഷൻ എഴുന്നള്ളിക്കുന്നത് ?

ചന്ദ്രമാസം തുടങ്ങേണ്ടത് ഇസ്ലാമിൽ , അനുഭവിക്കാനാവുന്ന 'അഹില്ലയുടെ ' ഭാഗമായ ഹിലാൽ കാണുന്നത് മുതൽക്കോ ശാസ്ത്രത്തിൽ, ന്യൂമൂൺ ( Conjenction) സംഭവിച്ചത് മുതൽക്കോ അല്ലേ ?


2 : 


സൗരദിനമാറ്റ രേഖയായ IDL മായി ചന്ദ്രദിനത്തെ സമതുലനപ്പെടുത്തണമെന്ന കാഴ്ചപ്പാട് എവിടെ നിന്നും കിട്ടി ?

ഖലീഫാ ഉമർ ( റ ) വിന്റെ ഹിജ്റകാലഗണനാ രീതി അങ്ങനെയേതെങ്കിലും സൗരദിനമാറ്റരേഖയെ ആശ്രയിച്ചിരുന്നോ ?

പതിനാല് നൂറ്റാണ്ട് കാലത്തെ മുസ്ലിം ലോകത്തിന്റെ സമയ -തിയ്യതി ബന്ധിതകർമ്മങ്ങൾ അപൂർണ്ണമായിരുന്നോ ?


3 :


 ഇതിനോടകം റഷ്യക്കും അമേരിക്കക്കും വേണ്ടി നാലോ അഞ്ചോ തവണ Re - route ചെയ്ത , പലതവണകിഴക്കും പടിഞ്ഞാറുമുള്ള ദിവസങ്ങൾ വെട്ടിചുരുക്കി ( നസീഅ' ) ഒപ്പിച്ചെടുത്ത lnternational Date Line നാളെ വീണ്ടും രേഖാംശാ വ്യതിയാനമോ തിയ്യതി മാറ്റമോ വരിച്ചാൽ 'അല്ലാഹു കണക്കാക്കിയ കലണ്ടർ 'ആ മാറ്റത്തെ അംഗീകരിക്കേണ്ടതുണ്ടോ ? നിലവിലെ IDL ന്റെ കിഴക്കുഭാഗം അമേരിക്കയുടെ പടിഞ്ഞാറും , പടിഞ്ഞാറുഭാഗം റഷ്യയുടെ കിഴക്കും നേർമറുപുറം ( Antipodal longitude) ബ്രിട്ടനുമാണ് . നാളെ ലോക വ്യാപാര ഘടന മറ്റൊരു നിലക്കായാൽ , മാറ്റം അസംഭവ്യം ഒന്നുമല്ലാത്ത ഈയൊരു ഇംപീരിയൽ നിർമ്മിതിയുടെ പുറത്താണോ 'അല്ലാഹുവിന്റെ കലണ്ടറിന്റെ ' അടിസ്ഥാനം ? 


4 : 


കർമ്മശാസ്ത്രപരമായി ചിന്തിച്ചാൽ , പ്രസ്തുത ഉദാഹരണത്തിൽ , 

മൈനസ് 11 / 12 മണിക്കൂർ ( GMT - 11 /12 )  ടൈം സോണായ Howland island , Baker island തുടങ്ങിയ അമേരിക്കൻ ദ്വീപുകളിൽ താമസിക്കുന്നവരും ( അവിടെ അഭയാർത്ഥികളെയും യുദ്ധത്തടവുകാരെയും പാർപ്പിക്കുന്ന ചർച്ചകൾ നടക്കുന്നു ),

GMT + 14 ( വാസ്തവത്തിൽ മൈനസ് GMT പ്രദേശമാണത്, അതേ രേഖാംശത്തിലെ മുകൾ ഭാഗത്ത് GMT - 9 ആണ് ടൈം  , വെട്ടിത്തിരുത്തി GMT + 14 ആക്കിയതാണ് ) ടൈം സോണായ KIRIBATI ( 1. 4 °N , 172 . 9° E പ്രദേശം , ഒന്നരലക്ഷത്തിലേറെ ജനങ്ങളുണ്ട് , 3 എയർപോർട്ടുകളുണ്ട് ) യിൽ താമസിക്കുന്നവരും തമ്മിൽ 26 മണിക്കൂർ ഗ്യാപ്പ് വരുന്നുണ്ട് . IDL ന്റെ ഒരു ന്യൂനതയായി ഭൂമിശാസ്ത്രജ്ഞർ ആരോപിക്കുന്ന കാര്യവുമാണത്. 

ഇനി നടേപ്പറഞ്ഞ ഉദാഹരണത്തിൽ ഞായർ UT രാത്രി 11 മണിക്ക് ന്യൂമൂൺ ഉണ്ടായതിന് ശേഷം ഭൂകേന്ദ്രീകൃത ചന്ദ്രമാസം KIRIBATI യിൽ തുടങ്ങിയ ചൊവ്വയിലേക്കെത്താൻ ( ആദ്യമായി ഭൂമിയിൽ പകലുണ്ടാവുന്നതായി IDL കണക്കാക്കുന്ന പ്രദേശങ്ങളിലൊന്ന് ) HOWLAND ദ്വീപുകാർക്ക് 25 + മണിക്കൂറുകൾ എടുക്കും, അതായത് ഒരു ദിവസവും കുറച്ചും.

ഒരു തിയ്യതിയിൽ വരുന്ന ദിവസത്തിന്റെ പേരൊന്നാണ്  , ചൊവ്വ . 24 മണിക്കൂർ കുറച്ച് നീട്ടി 'നസീഅ' ചെയ്യേണ്ടി വരുന്നുവെന്ന് മാത്രം.

വാസ്തവത്തിൽ ആ രണ്ട് പ്രദേശങ്ങൾക്കിടയിൽ ഭൂമി ശാസ്ത്രപരമായി 500 കിലോമീറ്റർ പോലും കിഴക്ക് - പടിഞ്ഞാറ് വ്യത്യാസം ഇല്ല താനും. ഒന്നിച്ച് പകലും രാത്രിയും അനുഭവിക്കാനാവുന്ന ഒരു പ്രദേശത്തെ ഇവ്വിധം രണ്ടായി പകുക്കുന്ന IDL നെ ആധാരമാക്കി ചന്ദ്രമാസാരംഭം നിർണ്ണയിക്കുന്നതിന്റെ വിനയാണത്.


4 : 


' ആഗോള ഗ്രാമം ' കൺസപ്റ്റിൽ , പ്രസ്തുത ഉദാഹരണത്തിൽ , GMT + 12 നടുത്തുള്ള ന്യൂസിലാണ്ട് , ഫിജി തുടങ്ങിയ രാഷ്ട്രങ്ങളിൽ റമദാൻ ഒന്നിന്റെ ദുആയോ പെരുന്നാളോ ആചരിക്കുമ്പോൾ , ആഘോഷിക്കുമ്പോൾ GMT - 8 ലുള്ള യു എസ് എ യിലെ അലസ്കോയിലുള്ള വിശ്വാസികൾ റമദാൻ പ്രാർത്ഥനയോ തക്ബീറോ ബലികർമ്മമോ ഒക്കെ നിർവ്വഹിച്ചാൽ അതിന്റെ മതവിധി എന്താണ് ? 

മറിച്ച് ചിന്തിച്ചാൽ , ശവ്വാൽ 2 ലേക്ക് Newzilandകാർ നീങ്ങിയാൽ , അപ്പോഴും ശവ്വാൽ 1 ലുണ്ടാവുന്ന അമേരിക്കൻ മുസ്ലിം സഹോദരങ്ങൾക്കൊപ്പം പെരുന്നാളാഘോഷിക്കാൻ പാടുണ്ടോ ? ( ഓൺലൈൻ നികാഹ് ശരിയാവും എന്ന് ഫത് വ കൊടുത്ത കക്ഷിയൊക്കെയാണ് മണിക്ഫാൻസിലെ പ്രമുഖൻ ) .

പാടുണ്ട് എന്നാണുത്തരമെങ്കിൽ കിഴക്കിനും പടിഞ്ഞാറിനും രണ്ട് ദിനങ്ങളിൽ പെരുന്നാളാക്കാം , ശഅബാൻ അവസാന ദിവസം റമദാൻ പ്രാർത്ഥന നടത്താം എന്നൊക്കെയാവും അർത്ഥം . അത് വിഡ്ഢിത്തമാണ് . പറ്റില്ല എന്നാണെങ്കിൽ 

മറ്റൊരർത്ഥത്തിൽ ചക്രവാള പരിധി എന്ന ശാഫീ ഫിഖ്ഹിന്റെ സങ്കേതം മണിക്ഫാൻസും അംഗീകരിക്കുന്നു എന്നാവും അർത്ഥം . 


5 : 


'24 മണിക്കൂർ കറങ്ങി വരുമ്പോൾ അമേരിക്കക്കാരും , നേരത്തെ ന്യൂസിലാണ്ടിൽ തറാവീഹ് നടന്ന Point of Time ലെത്തും ' എന്നാവും സ്വാഭാവികമായ വിശദീകരണം . അതിനർത്ഥം സൂര്യന്റെ ചക്രവാള വ്യത്യാസം പരിഗണിക്കപ്പെടണമെന്നാണ്. ചന്ദ്രമാസാരംഭത്തിന് സൂര്യന്റെ ചക്രവാളം പരിഗണിക്കുന്നവർ , ചന്ദ്രമാസത്തിൽ ചന്ദ്രന്റെ ചക്രവാള വ്യത്യാസം പരിഗണിക്കുന്നവരെ പരിഹസിക്കുന്നതിനെയാണിപ്പോൾ 'ശാസ്ത്രീയ ഹിജ്റ കലണ്ടർ ' എന്നൊക്കെ പറയുന്നത് എന്നതല്ലേ വിരോധാഭാസം ?

ഇക്കാര്യം മനസ്സിലാക്കാൻ ഇങ്ങനെയും ചിന്തിക്കാം : കൊൽക്കത്തയിൽ രാവിലെ 6 . 21 ന് പകൽ സൂര്യോദയത്തോടെ തുടങ്ങുമ്പോൾ റിയാദിൽ രണ്ടരമണിക്കൂർ പിറകിലെ രാത്രി നേരമായിരിക്കും. എന്താണ് സാങ്കേതികമായ വ്യത്യാസം ?

UT x hrs ആധാരമാക്കിയാൽ :  കൊൽക്കത്തയുടെ ചക്രവാളത്തിന് മുകളിലാണപ്പോൾ സൂര്യൻ , റിയാദിലെ നിരീക്ഷകന്റെ ചക്രവാളത്തിന് താഴെയും , അതിനാൽ ടി. സമയത്തെ കൽക്കത്തക്കാരുടെ മതവിധിയല്ല റിയാദിലുള്ളവരുടേത്. ഈ നിയമം ചന്ദ്രനും ബാധകമാക്കലല്ലേ ശാസ്ത്രീയം ?


6 :


ഹിജ്റ മാസാരംഭത്തെ സൂര്യോദയവുമായി ബന്ധപ്പെടുത്തുമ്പോൾ സുബ്ഹിയും ഉദയവും ( സുബ്ഹ് രേഖയും ഉദയരേഖയും )  തമ്മിലുള്ള ഗ്യാപ്പിനെക്കുറിച്ച് ഒന്നും പറഞ്ഞതായി കാണുന്നില്ല. പ്രഭാതം മുതലാണ് ഇസ്ലാമിലെ ദിനാരംഭം എന്ന് പറയുന്നവർ സുബ്ഹിയെ ( ഫജ്റുസ്സ്വാദിഖ് ) ആണ് ആധാരമാക്കേണ്ടത് . മക്കയിലെ സമയമാണ് ചന്ദ്രദിനമാറ്റരേഖയുടെ ആധാരമാക്കേണ്ടത് എന്നും പറയുന്നു. IDL ദിനാരംഭം GMT യിൽ അർദ്ധരാത്രിയും IDL ൽ നട്ടുച്ചക്കുമാണ്. അപ്പോൾ മക്കയിൽ 3 AM ആയിരിക്കും. ഈ സമയമാണോ പ്രഭാതം ?

ദിനാരംഭം ?

IDL രേഖാംശത്തിൽ ൽ വെച്ച് നടക്കുന്ന ദിനമാറ്റം സുബ്ഹിയിലേക്ക് ചേർക്കുമ്പോൾ കൃത്യമല്ല , ആവുകയുമില്ല. അതേ ലൈനിലെ അക്ഷാംശം മാറുന്നതിനനുസരിച്ച് സുബ്ഹ് വ്യത്യാസപ്പെടും. അതൊഴിവാക്കാനാണ് ഉദയം അവലംബിച്ചതെങ്കിൽ lDL ലെ ഉദയവും ഒന്നിച്ചല്ലല്ലോ ? ഗ്രിഗോറിയൻ കലണ്ടറുമായി തിയ്യതി ഒപ്പിക്കുക എന്നതല്ലാത്ത മറ്റെന്തിങ്കിലും ന്യായമുണ്ടോ ഈ IDL അതിശയോക്തികൾക്ക് പിറകിൽ ?

എന്നാൽ , ഗ്രിഗോറിയൻ കലണ്ടർ ' ക്രൈസ്തവമായതിനാൽ ' മുസ്ലിംകൾ അവലംബിക്കരുതെന്ന് ഇവർ തന്നെ എത്രയോ പേജുകളിൽ കുത്തി നിറച്ചിട്ടുണ്ട് താനും!


7 :


തിയ്യതിയുമായി ബന്ധപ്പെട്ട നോമ്പ് ഒന്നും പെരുന്നാളും ഭൂമി മുഴുവൻ ഒരു ദിവസത്തിലാക്കുക എന്ന നടക്കാത്ത കാര്യത്തേക്കാളും പ്രായോഗികമായത് ദിവസവുമായി ബന്ധപ്പെട്ട ജുമുഅ : ക്ക് ഒരു കോമൺ GMT / Mecan ST നിശ്ചയിച്ച് ലോക മുസ്ലിം ഐക്യമുണ്ടാക്കലല്ലേ ? അപ്പോൾ ജുമുഅ : സമയം മറ്റു നിസ്ക്കാരങ്ങളുടെ സമയങ്ങളിലേക്ക് വലിഞ്ഞ് കയറും എന്നാണെങ്കിൽ , ആഗോള റമദാൻ 1 ന് 24 മണിക്കൂർ പരിധി നിശ്ചയിച്ചാൽ മറ്റ് ദിവസങ്ങളിലേക്ക് റമദാൻ 1  വലിഞ്ഞ് കയറും എന്നതാണ് അവിടെയും സംഭവിക്കുക .അതായത് , വഖ്തുമായി ( Part of 24 hrs ) ബന്ധപ്പെട്ട ആരാധനയെ ദിവസത്തിൽ ഏകോപിപ്പിച്ച് വെള്ളിയാഴ്ച്ച ദിവസം ഓരോ Time zone ലെയും ളുഹ്ർ നേരത്ത് ജുമുഅ : നമസ്ക്കരിക്കണം എന്ന് പറയുന്നത് പോലെ , തിയ്യതിയുമായി ( 24 hrs unit ) ബന്ധപ്പെട്ട ആരാധനകളെ തിയ്യതിയിൽ തന്നെ ഏകോപിക്കൽ മാത്രമാണ് പ്രായോഗികം , അപ്പോൾ ഓരോ Time zone കാരും അവരവരുടെ റമദാൻ ഒന്നാം തിയ്യതി നോമ്പ് ആരംഭിക്കണം എന്നാവും. അതാണ് 14 നൂറ്റാണ്ടുകളിലെ മുസ്ലിം ശീലവും രീതിയും .

അതിനെ ദിവസത്തിൽ ഏകോപിപിക്കൽ ആഗോള ജുമുഅകളെ :  GMT x hr ൽ ഏകോപിക്കൽ പോലെയാണ്.


8:


അടുത്തടുത്ത പ്രദേശങ്ങളിൽ, പ്രവിശ്യകളിൽ , രാജ്യങ്ങളിൽ നോമ്പും പെരുന്നാളും വ്യത്യസ്ത ദിവസങ്ങളിലായി ചിതറുന്നത് ഒഴിവാക്കാൻ നാലാലൊരു മദ്ഹബിനകത്ത് വെച്ച് തന്നെ നടക്കും, ന്യൂമൂൺ + IDL കൂട്ടിക്കെട്ടലുകളൊന്നും വേണ്ട .

പിറ ദർശനത്തിൽ ചക്രവാള വ്യത്യാസപരിധി പരിഗണിക്കേണ്ടതില്ലെന്ന കാഴ്ച്ചപ്പാടാണ് ഹനഫീ - മാലികീ - ഹമ്പലീ മദ്ഹബുകളിൽ പ്രബലം. പക്ഷെ , ഒരു മദ്ഹബ് ഫോളോ ചെയ്യുമ്പോൾ അതിന്റെ മറ്റു നിയമ സങ്കേതങ്ങൾ കൂടി പാലിക്കേണ്ടി വരും. അവരെല്ലാം കണ്ണാലേ കാണണം എന്ന് ശഠിച്ച് പറഞ്ഞവർ മാത്രമാണ്. വക്കും തെക്കുമൊക്കാത്ത പുതിയ ജൽപ്പനങ്ങളല്ല , പണ്ഡിതോചിതമായ പ്രാമാണിക ചർച്ചകളാണക്കാര്യത്തിൽ വേണ്ടത്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us