loader
blog

In General

By Shuaibul Haithami


നവനാസ്തിക മലയാളം : പരിണാമങ്ങളുടെ കലപില







മലയാള നവനാസ്തികതയുടെ ബ്രാൻഡ് അംബാസിഡർ സി .രവിചന്ദ്രൻ സംഘ്പരിവാർ ഏജൻ്റാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. പ്രമാദമായ പൗരത്വ ഭേദഗതി നിയമത്തെയും ഡീറ്റെൻഷൻ കേന്ദ്രങ്ങളെയും ന്യായീകരിക്കുന്നു , കേന്ദ്ര സർക്കാറിൻ്റെ തന്നെ കർഷക വിരുദ്ധ നിയമത്തെ സ്വാഭാവികവൽക്കരിക്കുന്നു , കേരള സർക്കാർ നടപ്പിലാക്കുന്ന സവർണ്ണാനുകൂല സംവരണത്തെ വെള്ളപൂശുന്നു തുടങ്ങിയ നീക്കങ്ങൾ ഇയ്യിടെ ടിയാനിൽ നിന്നുണ്ടായതാണ് പുതിയ തെളിവുകൾ .ഗാന്ധി വധത്തെ നിസ്സാരമാക്കുക , കേരളത്തിലരങ്ങേറിയ അവർണ്ണ -കീഴാള നവോത്ഥാനങ്ങളെയും അവയുടെ നായകരെയും തള്ളിപ്പറയുക , മുസ്ലിം എന്ന അപരനെ സൃഷ്ടിക്കാൻ ഇസ്ലാമോഫോബിയക്ക് ശാസ്ത്രീയത പകരാൻ ശ്രമിക്കുക തുടങ്ങിയ കൃത്യങ്ങൾ കാരണത്താൽ നേരത്തെ തന്നെ സവർക്കറിസ്റ്റ് യുക്തിവാദി എന്നൊരു വിശേഷണം ആൾ ആർജ്ജിച്ചുവെച്ചതുമാണ്. 


സി .രവിചന്ദ്രൻ സംഘ്പരിവാറിൻ്റെ ഏജൻ്റാണെന്ന് പറയുന്നത് ശരിയല്ല , സംഘ്പരിവാറുകാരൻ തന്നെയാണ്. മതരഹിതനായ ,മതവിരുദ്ധനായ ,നാസ്തികനായ ഒരാൾ എങ്ങനെ വർഗീയസ്വത്വത്തിന്മേൽ നിലകൊള്ളുന്ന പ്രത്യയശാസ്ത്രത്തിൻ്റെ ഭാഗമാവും എന്ന സംശയമാണ് - മെമ്പർഷിപ്പ് നൽകാതെ ഏജൻസിഷിപ്പ് മാത്രം പതിച്ച് നൽകാൻ പ്രേരണയാവുന്നത്. സംഘിസം വാർക്കപ്പെട്ട ആശയാടിത്തറയായ ഹിന്ദുത്വ എന്താണെന്ന് മനസ്സിലോർക്കാത്തത് കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. 

വിശ്വാസമൂല്യങ്ങൾ ചട്ടയും കൂടും നിർണ്ണയിക്കുന്ന ഹിന്ദുയിസം എന്ന മതമല്ല ഹിന്ദുത്വ എന്ന് വ്യക്തമായി വിശദീകരിച്ച ദാമോദർ വിനായക് സവർക്കർ ഒരേ സമയം നിരീശ്വരവാദിയും ഹിന്ദുത്വയുടെ ശിൽപ്പിയുമായിരുന്നു. നിരീശ്വരവാദി നിരുപാധികം മതവിരുദ്ധനാവണമെന്നില്ല , കാരണം മതം എന്നാൽ ഒരു സാമൂഹിക സ്ഥാപനമാണ്. പരിണാമ പ്രക്രിയകൾക്ക് വിധേയമായും സാമൂഹിക മാറ്റങ്ങൾക്ക് ഇടമൊരുക്കിയും നിലനിൽക്കുന്ന മതങ്ങളെ അതിൻ്റെ set of belief ൽ നിന്നും വേർപ്പെടുത്തിയ ശേഷം കൂടെ കൂട്ടാമെന്നത് നാസ്തികതയുടെ സൗകര്യമാണ്. അതിജീവനത്തിന് അർഹതപ്പെട്ട സമൂഹത്തിൻ്റെ മതം അവർക്ക് ശാസ്ത്രീയ ശരിയുമാണ്. ഹിന്ദുത്വ എന്ന നാമം തന്നെ സവർക്കർ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വയം രൂപീകരിച്ചതാണ്. "ആരാണ്ഹിന്ദു" എന്ന സവർക്കർ ഉപന്യാസത്തിലൂടെയാണ്

 "ഹിന്ദുത്വ '' യെ പരിചയപ്പെടുത്തിയത്.

ഈ ബൈനറിയുടെ മറുപുറമാണ് മുഹമ്മദലി ജിന്ന . താൻ ജനിച്ച് വളർന്ന മതഗാത്രത്തോടും വിശ്വാസങ്ങളോടും വിയോജിച്ച ,വിപ്രതിബദ്ധനായ മതവിരുദ്ധനായിരുന്നു ജിന്ന . പക്ഷെ ജിന്നയും സവർക്കറും സ്വത്വരാഷ്ട്രീയവും മതവർഗീയതയും ആയുധമാക്കിയവരായിരുന്നു. 

അതായത് , സി .രവിചന്ദ്രന് ഹിന്ദുത്വയെ പിന്തുണക്കാൻ എന്തോ മാറ്റിവെക്കേണ്ടതിൻ്റെയോ ,കൂടെ നിർത്തേണ്ടതിൻ്റെയോ ഒന്നും കാര്യമില്ല .

അയാൾ അയാളുടെ പ്രത്യയശാസ്ത്രപരമായ ജോലി തന്നെയാണ് ചെയ്യുന്നത്. 


ഫാസിസം വളരാൻ അപരന്മാരെ തേടുമെന്ന് വീണ്ടും പറയട്ടെ , ഭാരതത്തിൽ ആ അപരന്മാർ ആരൊക്കെയാണെന്ന് ഗോൾവാൾക്കറുടെ വിചാരധാര തന്നെ എഴുതിയതാണ് , മുസ്ലിംകൾ ,ക്രിസ്ത്യർ , കമ്മ്യൂണിസ്റ്റുകാർ .

വടക്കേ ഇന്ത്യയിൽ വിജയിച്ച ആ രീതി കേരളത്തിൽ നടപ്പിലാക്കുന്നത് ബി ജെ പി നേതാക്കളേക്കാൾ , ഹിന്ദുത്വനാസ്തികരാണ്. 

നവനാസ്തികത ഫാസിസം തന്നെയാണ്. നിരന്തരം നീട്ടിവെക്കപ്പെടുന്ന ലക്ഷ്യസാക്ഷാൽക്കാരം , മിഥ്യയായ അപരശത്രുനിർമ്മാണം , മതത്തിൻ്റെ മതവിരുദ്ധ സാധ്യതയെ ദേശീയതുമായി കൂട്ടിച്ചേർക്കൽ തുടങ്ങിയ പ്രക്രിയകൾ തന്നെയാണ് നവനാസ്തികതയുടെ ആഗോള, ദേശീയ ,പ്രാദേശിക രീതികൾ . 

മൂന്ന് മതരം സംഘ്പരിവാർ ഫ്രീക്വൻസികളാണ് കേരളത്തിലുള്ളത്. ഇസ്ലാമോഫോബിക്കായ മുസ്ലിം വിരുദ്ധ മധ്യവർഗ സംഘികൾ , ജാതി സംവരണത്തെയും ഭൂപരിഷ്ക്കരണ നിയമത്തെയും എതിർക്കുന്ന ബ്രാഹ്മണ സംഘികൾ , ഇടതു - മൃദുവലതു രാഷ്ട്രീയ ചേരിയോട് ചേരാനാവാതെ തീവ്രവലതു രാഷ്ട്രീയം സ്വീകരിച്ച രാഷ്ടീയ സംഘികൾ എന്നിവയാണവ. ഈ മൂന്ന് വിഭാഗത്തെയും സംതൃപ്തരാക്കാൻ സി. രവിചന്ദ്രൻ പറയുന്ന സാമൂഹിക പാഠങ്ങളേക്കാൾ പാകപ്പെട്ട മറ്റൊന്ന് ഇനി ഉണ്ടായിട്ട് വേണം . ഹൈന്ദവ ആചാരങ്ങളെ അപകടകരമല്ലാത്ത വിധം ആക്ഷേപിക്കുമ്പോൾ ലഭിക്കുന്ന വിമർശന സന്തുലിതത്വം , അധികാര ഹിന്ദുത്വയോടുള്ള ദാസ്യം മറച്ചുപിടിക്കാൻ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് സി .രവിചന്ദ്രൻ അർത്ഥവും വിവക്ഷയുമറിഞ്ഞ് ചെയ്യുന്ന ഏകജോലി .


നാസ്തികത മാത്രമല്ല നവനാസ്തികത .


രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്.കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം.ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്ത് സൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍ .


തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു.അവരാരും സവർണ്ണ നാസ്തികരോ ഇസ്ലാമിക് ഫോബികോ സെമിറ്റിക് - സംവരണ വിരുദ്ധരോ ആയിരുന്നില്ല.

"എനിക്ക് മതമില്ല,ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്ലാമാകുമെന്നായിരുന്നു " എന്നായിരുന്നു ഇവി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ 

അടിസ്ഥാന നിലപാട് ചോർന്ന് പോയ കാര്യത്തിൽ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല .

പക്ഷെ ,ഇന്നിപ്പോൾ ഇവിപെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്യ സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി രവിചന്ദ്രൻ തീവ്രവലതുപക്ഷ യൂറോപ്യൻ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്. 


മനുവിന്റെ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം."നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ് " എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.


ചിലര്‍ വീക്ഷിക്കുന്നത്‌പോലെ ഭരണകൂടത്തോടുള്ള കേവലം ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ്ണ ചേരിയിലേക്ക് ചായുന്നത്.അതിന് ആഗോളീയമായ പ്രത്യശാസ്ത്ര പരമായ മാനമാണുള്ളത്.

ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം .മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി.മനുഷ്യൻ മാത്രം സൂപ്പറാവുന്ന ഹ്യൂമനിസം survival of the fittests എന്ന നിരുപാധിക സങ്കൽപ്പത്തോട് യോജിക്കില്ലല്ലോ എന്ന ആരോപണത്തെ മറികടക്കാനാണ് Science എന്ന ഉപകരണമുള്ള വർഗമേ അതിജീവനത്തിന് ഏറ്റവുമർഹൻ എന്ന് അനുബന്നം ചേർക്കേണ്ടി വന്നത് എന്നത് വേറെ കാര്യം .അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഭാഗമാണ്.അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കൽ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം.അതനുസരിച്ച് സവര്‍ണ്ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണ്ണര്‍.


"മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം"എന്ന് പറഞ്ഞ ഫെഡറിക് നീഷേയും "സവര്‍ണ്ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണ്ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല" എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും "സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണ്ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് " എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയനിര്യാതനനിരീശ്വരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. "മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല "എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത.അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്.അപ്പോള്‍ LGBTQ ക്കാര്‍ക്ക് വേണ്ട് ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും.എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല.അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും.നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോൾ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ് .ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതണ്.ശരീഅത്ത് പരിഷ്ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം , മുത്തലാഖ് നിരോധനം , ഏകസിവിൽകോഡ്, സ്ത്രീസ്വാതന്ത്രം , തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിക്കാനാണ് സി രവിചന്ദ്രനും അനുചരരും.


മതരാഹിത്യം എന്ന ഗുപ്തമതം


"നാസ്തികർ 100 % മതങ്ങളെ നിരാകരിക്കുന്നുവെങ്കിൽ 

മതവിശ്വാസികൾ 99% മതങ്ങളെയും നിരാകരിക്കുന്നുണ്ട് ,

കാരണം ഒരു മതവിശ്വാസിയും തൻ്റേതല്ലാത്ത വിശ്വാസത്തെ അംഗീകരിക്കുന്നില്ല .

അതിനാൽ മതവിശ്വാസികളെല്ലാം സെമിനാസ്തികരാണ്" .

സി രവിചന്ദ്രൻ തൻ്റെ രാഷ്ട്രീയമതം ഒളിച്ച് കടത്താനുപയോഗിക്കുന്ന വാദങ്ങളിലൊന്നാണിത്. 

ഏതെങ്കിലും ഒരു അകാരണകാര്യം ആദികാരണമായി ഉണ്ടോ ,ഇല്ലയോ എന്ന വ്യത്യാസമാണ് ആസ്തികതയും നാസ്തികയും എന്ന ബാലപാഠം പോലും അറിയാതെയാണ്/ ഓർക്കാതെയാണ് അദ്ദേഹം അത് പറയുന്നത് എന്ന കാര്യം അവിടെയിരിക്കട്ടെ ,

ആ തെറ്റായ ലോജിക്ക് സവർണ്ണഹിന്ദുത്വ ഒളിച്ച് കടത്താനുള്ള പച്ചനുണയാണ് എന്നതാണ് ഇവിടെ പറയുന്നത്.

മതവിശ്വാസികൾ മതരാഹിത്യത്തോട് അടുത്തവരാണെന്നത് പോലെ ആ വാദത്തിൻ്റെ മറുപുറം മതരാഹിത്യം മതവിശ്വാസത്തോട് അടുത്ത് നിൽക്കാം എന്നതാണ്.

കേരളത്തിലെ ലിറ്റ്മസ് അതായത് എലൈറ്റ് യുക്തിവാദികൾ

ജനനം ,വിവാഹം ,മരണം ,മരണാനന്തരം തുടങ്ങിയ കാര്യങ്ങളിൽ അവർ 

'ദേശീയമായി വാഴ്ത്തപ്പെട്ട ' ഹൈന്ദവ ശീലങ്ങളാണ് പാലിക്കുന്നത്.  

എളുപ്പത്തിൽ മനസ്സിലാവുന്ന 

വേറൊരുദാഹരണം പറയാം ,

സ്വന്തം ചിന്താസ്വാത്രന്ത്ര്യത്തിൻ്റെ ഭാഗമായി 

നജ്മൽ ബാബുവായി മാറിയ ടി എൻ ജോയി എന്ന എക്സ് ലെഫ്റ്റ് നക്സൽ തൻ്റെ ഭൗതികദേഹം കൊടുങ്ങല്ലൂർ പള്ളിപ്പറമ്പിൽ അടക്കണം ചെയ്യണം എന്ന് സ്വന്തക്കാരെ ഏൽപ്പിച്ചിരുന്നു. 

പക്ഷെ ,അവർ ഹൈന്ദവമായിട്ടാണ് നജ്മലിന് അന്ത്യയാത്ര നേർന്നതും ശാന്തി നിമജ്ഞനം ചെയ്‌തതും. 

അതിൻ്റെ രാഷ്ട്രീയം അല്ല പറയുന്നത് ,

മരണം എന്നത് കേവലം രാസ - ജൈവനിർവ്വാണം മാത്രമാണെന്നും അലൗകികമായ അനന്തരത്വങ്ങൾക്ക് പ്രസക്തിയില്ലാത്ത ഭൗതിക വസ്തു മാത്രമാണ് മൃതദേഹം എന്നും പറയുന്നവർക്ക്

മുസ്ലിംപള്ളിക്കാടും കൃസ്ത്യൻപെട്ടിക്കൂടും ഹിന്ദൂ അശോകച്ചിതയും ഒരുപോലാവണം ,പക്ഷെ അങ്ങനെ ആകാനാവാത്തത് ,

അവരുടെ തന്നെ തത്വമനുസരിച്ച് പറഞ്ഞാൽ

യുക്തിവാദികൾ സെമി മതവിശ്വാസികൾ ആയതിനാലാണ്. 


പക്ഷെ ,അസവർണ്ണ യുക്തിവാദികളെ അവർക്ക് വേണ്ട .

അഗമ്യഗമനത്തെ സംബന്ധിച്ച ചർച്ചയിൽ ഇയ്യിടെ സി രവിചന്ദ്രൻ,

സ്വന്തം പെങ്ങളെ ഗുദത്തിൽ ഭോഗിക്കുന്നത് വൃത്തിഹീനരായലോറി ഡ്രൈവർമാരെപ്പോലോത്തവരാണെന്ന

തൊഴിലാളി - കീഴാള വിരുദ്ധ പരാമർശം നടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രഛന്ന ആൾദൈവങ്ങളിലൂടെ തന്നെയാണ് ഏത് നാട്ടിലും നാസ്തികപ്രചരണങ്ങൾ നടക്കുന്നത് എന്നതാണ് വിരോധാഭാസം.

ഇവിടെയും അവർക്ക് അവസാനവാക്ക് പറയുന്ന കൾട്ടുകളുണ്ട് .

അവർ പറയുന്ന ' പ്രമാണങ്ങൾ ' പരീക്ഷണ നിരീക്ഷണമന്യേ 'അന്ധമായി ' വിശ്വസിക്കുകയാണ് അനുയായികൾ ചെയ്യുന്നത്.

ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തിൽ .

പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും .

വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും .

ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും .

പദാർത്ഥ ഗുണത്തോടുള്ള അതിഭ്രമം സയൻ്റിസമാവും .

വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും .

ഇതെല്ലാം തെളിവുകളേക്കാൾ 'വിശ്വാസം' തീർപ്പ് കൽപ്പിക്കുന്ന ഡോഗ്മകൾ പ്രസക്തമായ മതങ്ങൾ തന്നെയാണ്.

പ്രസ്തുത ഫാൻസ് കൾട്ടിനാണ് ആൾദൈവം എന്ന് പറയുന്നത്.

അതായത് ,മാതാ അമൃതാനന്ദമയി എന്താണോ അതിൻ്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി രവിചന്ദ്രൻ എന്ന ഊതിവീർപ്പിച്ച ബിംബവും.

തെളിവുകൾ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തൻ്റെ ഭക്തരെ നയിക്കുന്നത് സവർണ്ണ വംശീയതയിലേക്ക് തന്നെയാണ്.

പറയുന്ന കാര്യങ്ങൾക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്?

അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവർ ഭക്തരല്ലെങ്കിൽ പിന്നാരാണ് ഭക്തർ ?


ആശ്രമത്തിലെ ആൾദൈവങ്ങൾ വേദങ്ങൾ പറഞ്ഞ് വർണ്ണവെറിയും പൂജനീയ രക്തശുദ്ധിയും സ്ഥാപിക്കുമ്പോൾ

ഇത്തരക്കാർ പരിസ്ഥിതിയുടെ ,പ്രകൃതിയുടെ സ്വയം പരിപാലനവും പരിണാമവും പറഞ്ഞ് സംവരണം ആർടിഫിഷലാണെന്ന് പറയും.

അബലയായ മാനിനെ സുബലനായ കടുവ തിന്നുന്നത് പ്രകൃതിനിയമമാണെങ്കിൽ 

മണ്ണിലെ കുടിയാനെ മന്ദിരത്തിലെ ജന്മി നിയന്ത്രിക്കുന്നത് അതേ നീതിയാണെന്ന് പറയും. 

ഫെഡറിക് നിത്ഷേയും ഇമ്മാനുവൽ കാൻ്റും ഹെർബർട് സ്പെൻസറും അഗസ്റ്റ് കോംപ്റ്റേയും ബർണാട് റസലും ഡേവിഡ് ഹ്യൂമും അവരുടെ ചർച്ചയിൽ വരും , വേണ്ട അളവിൽ കഷ്ണിക്കപ്പെട്ട നിലയിൽ .

അടിച്ചമർത്തപ്പെട്ടവരുടെ നാവായി പൊങ്ങിയ വാരിയൻകുന്നന്മാർ അവരുടെ വർഗശത്രു ആവുന്നതിൻ്റെ പ്രത്യയശാസ്ത്ര തലം അതാണ്.


ജയിക്കുന്നവരാണ് പ്രകൃതിപരമായി ശരി എന്നത് വലതുപക്ഷ യുക്തിവാദത്തിൻ്റെ പൊതുതത്വമാണ്. 

അവർക്ക് ഗാന്ധിജിയും അംബേദ്ക്കറും അനഭിമതരാവുന്നത് വേറൊന്നും കൊണ്ടല്ല.

വാരിയൻ കുന്നൻ്റെ പോരാട്ടം ( ജയിക്കാൻ പിറന്ന) ഭൂജന്മിമാരോടും ബ്രിട്ടീഷുകാരോടുമായിരുന്നു എന്ന കൂട്ടിക്കെട്ടലും ചില യുക്തിവാദികൾ നടത്തിയത് ഇയ്യിടെ നാം കണ്ടതാണ് .

അപ്പോൾ ചിത്രം വ്യക്തമാണ് .

ആയുർവേദം ,പ്രകൃതിചികിൽസ ,നാടൻ ചികിൽസ തുടങ്ങിയവയെ എതിർക്കുന്നവർ

എൻഡോസൾഫാനെ എതിർക്കാറില്ല,

അലോപ്പതിയിലെ അമാനവിക പരീക്ഷണങ്ങളെ ചോദ്യം ചെയ്യാറില്ല. 

ഭാരതത്തിൽ,

ഹിന്ദുത്വയുടെചാണകം 

ജയിക്കാൻ അവകാശപ്പെട്ട എൻഡോസൾഫാനാണ് എന്ന വിരുദ്ധദ്വന്ദങ്ങളെ പാലമിട്ട് ഒന്നാക്കലിൻ്റെ പേരാണ് സവർണ്ണ യുക്തിവാദം .


മലയാള യുക്തിവാദത്തിൻ്റെ ഗതിമാറ്റം .


മലയാള യുക്തിവാദത്തിൻ്റെ സവർണ്ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുകമായ പരിണാമമാണ്.

1970കളിൽ

യുക്തിവാദിസംഘത്തിൽ കോൺഗ്രസ്സുകാരും സി.പി.ഐക്കാരും ആർ.എസ് പിക്കാരും നക്സലൈറ്റുകളും സി.പിഎമ്മിൽ പെട്ടവരും ഉണ്ടായിരുന്നു.

കോൺഗസ്സുനേതാവായിരുന്ന എം .എ .ജോൺ , മുൻ കോൺഗ്രസ്സ് മന്ത്രിയായിരുന്ന ഡോ.എം.എ .കുട്ടപ്പൻ, സി.പി.ഐ. നേതാവായിരുന്ന പവനൻ, വി.ജോർജ്, തെങ്ങമം ബാലകൃഷ്ണൻ, 

ആർ എസ്സ്പിയിൽ നിന്നും വന്ന ഇടമറുക്, സി.പി.എമ്മിൽ നിന്നും വന്ന യു. കലാനാഥൻ , സി.പി.ഐ. എം .എല്ലിൽ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കൾ .

പവനനും യു കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവർക്കിടയിൽ അഭ്യന്തര സംവാദങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാർക്സിവും തമ്മിലുള്ളസംവാദമുണ്ടായത്. 

പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാർക്സിസ്റ്റ് പാർട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു.  


ജാതീയ മേൽക്കോയ്മക്കെതിരിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വളർത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ.

ചില ഉദാഹരണങ്ങൾ നോക്കാം ,

അവരുടെ മുഖപത്രമായിരുന്ന 

'യുക്തിരേഖ'മാനേജറായിരുന്ന

രാജഗോപാൽ വാകത്താനം

ശ്രീ നാരായണ ഗുരുവിനെതിരെ യുക്തിരേഖയാൽ ലേഖനമെഴുതുന്നു. 

ഗുരു വിപ്ലവകാരിയല്ല ,അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം. 

ഇവി പെരിയോറല്ല , ഗോൾവാൾക്കറാണ് ശരി എന്ന രവിചന്ദ്രൻ്റെ കണ്ടെത്തൽ ആകസ്മികമല്ല എന്നർത്ഥം. 

ശിവഗിരി പിടിച്ചെടുക്കാൻ സവർണ്ണ ഹിന്ദുത്വർ ശ്രമിച്ചപ്പോൾ പവനൻ തന്നെ അവർക്കൊപ്പം വേദി പങ്കിടുന്നു.

RSS ജനറൽ സെക്രട്ടറിയായിരുന്ന മോഹനൻ ,

ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരോടൊപ്പം ചേർന്ന് ശിവഗിരിയെ നമ്പൂതിരിവൽക്കരിക്കാൻ കൂട്ട് നിന്നയാളായി പവനൻ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 


അതായത് , ഇടതുപക്ഷ / കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കിൽ കീഴാള മതാതീത ചിന്തയേക്കാൾ 

മുസ്ലിം വിരുദ്ധമായത് 

ബ്രഹ്മണിക്കൽ ഹെജിമണിയെ 

ശാസ്ത്രീയമായി പ്രകൃതിപരമാക്കാൻ വളഞ്ഞു വലയം പിടിക്കുന്ന സവർണ്ണ യുക്തിവാദം തന്നെയാണ്.

ഭൗതിക - പദാർത്ഥ വാദവും ഇസ്ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല.

ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ് ,വിരുദ്ധമല്ല . വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്ലാം.

ആത്മീയതയെ ഭൗതീകമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്ലാമിനോട് താദാത്മ്യപ്പെടുന്ന 

അകധാര കണ്ടെത്തിയവരായിരുന്നു. 

കേരള യുക്തിവാദത്തിൻ്റെ ആചാര്യൻ സഹോദരൻ അയ്യപ്പൻ രാഷ്ട്രീയ ഇസ്ലാമിൻ്റെ മാനവികതലം അംഗീകരിച്ചിരുന്നു.

അദ്ധേഹത്തിൻ്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ 'മുനാഫിഖ് ' യുക്തിവാദികൾക്ക് മനസ്സിലാവില്ല.


ആഇശ എന്നത് അക്കാലത്ത് കീഴാളസ്ത്രീത്വത്തിൻ്റെ വിമോചന നാമം കൂടിയായിരുന്നു.

തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ

ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ 

മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജസ്ത്രീ .

അവർ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്ലാമണഞ്ഞ് ആഇശയായി മാറിൽ വസ്ത്രമണിഞ്ഞു .

ധൃഷ്ടനായ പണിക്കർ അവരുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തി പീഡിപ്പിച്ചു .

മമ്പുറം തങ്ങളുടെ അടുക്കൽ ആഇശ എന്ന ചക്കി അഭയം തേടിയപ്പോൾ 

ഏഴ് മാപ്പിളപ്പോരാളികൾ ചേർന്ന് ചെന്ന് പണിക്കരുടെ പണി കഴിച്ചു.

ഭൂപ്രഭുക്കന്മാർ മാപ്പിളമാർക്കെതിരെ തിരിഞ്ഞു .

ബ്രിട്ടീഷുകാർ ജന്മിമാരോടൊപ്പം ചേർന്നു.

20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു.

അതോടെ ആഇശ ഒരു പ്രതീകമായി ഉയർന്നു.

പക്ഷെ ,ചാന്നാർ ലഹളയുടെ നായിക,

മുലക്കപ്പം വാങ്ങാൻ വന്നവർക്ക് മുലയരിഞ്ഞ് നൽകിയ കണ്ടപ്പൻ്റെ കെട്ടിയോൾ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തിൽ പോലും ചക്കിക്ക് ലഭിച്ചില്ല.

ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാൾ അഭയമായി മാറുന്ന തുരുത്തിൽ ബദലന്വേശിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം .


സത്യത്തിൽ , സ്വതന്ത്രചിന്ത അരികിലൂടെ പോവാത്തവരാണ് കേരളത്തിലെ ഇന്നത്തെ ഏത് യുക്തിവാദ സംഘവും .

എൻ്റെ നിരീക്ഷണത്തിൽ എഴു വിഭാഗം യുക്തിവാദികളാണ് മലയാളികൾ നിയന്ത്രിക്കുന്ന സോഷ്യൽമീഡിയാ പേജുകളിൽ ഉള്ളത് .മതം ,ജാതി ,സ്വജനപക്ഷപാതിത്വം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ് അവരെ പലതാക്കുന്നത് എന്നതാണ് ശ്രദ്ധേയം . 


1 : നായർ പുരുഷ യുക്തിവാദികൾ

2: ഈഴവ പുരുഷ യുക്തിവാദികൾ

3: ദളിത് പുരുഷ യുക്തിവാദികൾ

4: ദളിത് സ്ത്രീ യുക്തിവാദികൾ

5 : മുസ്ലിം പുരുഷയുക്തിവാദികൾ

6:മുസ്ലിം സ്ത്രീയുക്തിവാദികൾ

7: ക്രിസ്ത്യൻ പുരുഷയുക്തിവാദികൾ


ബ്രഹ്മണ യുക്തിവാദം / ഭൗതികവാദത്തിന് വി ടി ഭട്ടതിരിപ്പാടിന് ശേഷം തുടർച്ചനഷ്ടപ്പെട്ടത് കൊണ്ടാവാം അത്ര കാണാറില്ല.

നസ്റാണീ സ്ത്രീ യുക്തിവാദം ഇംഗ്ലീഷിലുണ്ടെങ്കിലും മലയാളത്തിൽ കണ്ടിട്ടില്ല. 


(ഇവിടെ യുക്തിവാദം എന്ന പ്രയോഗം സാങ്കേതികമായി പറഞ്ഞതല്ല .

നാടൻ പ്രയോഗമാണത്.

ഇക്കൂട്ടർ സാങ്കേതിമായി സെമി തീസ്റ്റുകളോ , അഗ്നോയിസ്റ്റുകളോ സെമി ഹ്യൂമനിസ്റ്റുകളോ ഒക്കെയാണ്. 

ചുരുക്കം ചിലരെ സൈൻ്റിഫിക് റാഷനിലിസ്റ്റുകൾ എന്ന് വിളിക്കാം ).


അതായത് , മത - ജാതി - ലിംഗത്തിൻ്റെ ഹെറാർക്കിയും വർഗ സ്വഭാവങ്ങളും അവരുടെ ഇടപെടലുകളിൾ വ്യക്തമായി കാണാം എന്നർത്ഥം .


ഹൈന്ദവ അനാചാരങ്ങളെ എതിർക്കുന്നത് ദളിത് - ഈഴവ യുക്തിവാദികളാണ്.

അവകൾ നായർ യുക്തിവാദികൾ പ്രചരിപ്പിക്കാറില്ല .

ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധതയാണ് നായർ യുക്തിവാദികളുടെ രസം.

ദളിത് ഹിന്ദു പുരുഷ യുക്തിവാദികൾ ഇടതുപക്ഷ വിരുദ്ധമായ 

ബ്രഹ്മണ യുക്തിവാദം പങ്കുവെച്ച് പൊട്ടന്മാരാവാറുണ്ട്. 

ഇവരെല്ലാം ഏക സ്വരത്തിൽ ഏറ്റെടുക്കുന്നത് ഇസ്ലാം വിരുദ്ധത തന്നെയാണ്. 

അവിടെ എല്ലാവർക്കും ഒറ്റനിറമാണ്.

മതം സമം ഇസ്ലാം ,

ഇസ്ലാം ബോധം വിപരീതം പൊതുബോധം എന്ന പടിഞ്ഞാറൻ നാസ്തികത പടച്ചുണ്ടാക്കിയ ധാരണ ഇവിടെ ഇറക്കുമതി ചെയ്യുന്നതിലാണ് അവരുടെ പ്രധാന ഉൽസാഹം .

കേരള യുക്തിവാദം സാങ്കേതികമായി പടിഞ്ഞാറൻ റാഷനലിസവുമായി സന്ധിക്കുന്ന ഒരേയൊരു തലം അതായിരിക്കും .

പശ്ചാത്യനായ ജോൺ കെറിൻ്റെ പഠനങ്ങൾ ഉദ്ധരിച്ച് ഫനാൻ ഹദ്ദാദിനെ പോലുള്ളവർ ,

ആ ആഗോളപ്രതിഭാസത്തെ ഒരു വസ്തുതയായി അംഗീകരിക്കുന്നുണ്ട് .

ക്രിസ്റ്റഫർ ഹിച്ചൺസ് ,സാം ഹാരിസ് ,റിച്ചാർഡ് ഡോകിൺസ് എന്നീ നവനാസ്തികത്രയങ്ങളുടെ ഇസ്ലാം വായനകളിൽ മുസ്ലിം ധിഷണയെ തളച്ചിടുന്നതിൽ ചെറിയൊരളവിൽ ഈ പറഞ്ഞ കൂട്ടർ വിജയിച്ചിട്ടുണ്ട്.

അവരെ സംബന്ധിച്ചേടുത്തോളം

ശരീരത്തോളം ബുദ്ധി പരിണമിക്കാത്ത സെമി ഹോമോസാപ്പിയന്മാർ മാത്രമാണ് വാരിയംകുന്നൻ കുഞ്ഞഹമ്മദാജിമാർ.

മുസ്ലിം ആധിപത്യം ലോകത്ത് നിന്നും ഇല്ലാതാക്കാൻ - പെട്രോൾ രഹിത മോട്ടോർ എൻജിനീയറിംഗ് വികസിപ്പിക്കപ്പെടണം എന്ന് പറയാൻ വലിയ പുസ്തകം തന്നെ എഴുതിയ 

മുസ്ലിം വിരോധിയായ ഹിച്ചൺസിനെ മാതൃകയാക്കുന്നവരുടെ പൊളിറ്റിക്കൽ കറക്ട്ന സ് എന്തുമാത്രം ഭീകരമായിരിക്കും !


ദളിത് / കീഴാള ഹിന്ദു സ്ത്രീയുക്തിവാദികൾ കുറച്ച് കൂടെ പൊളിറ്റിക്കൽ കറക്ട്നസ് പുലർത്തുന്നവരാണ്.

കീഴാളരാഷ്ട്രീയത്തെ വിജാതീയമായി പ്രതിനിധീകരിക്കാൻ അവർക്ക് പറ്റുന്നുണ്ട്. 

അന്ധമായ ഇസ്ലാം ഫോബിയയും അവർ കാണിക്കാറില്ല.

ഈയടുത്ത് നടന്ന ദേശീയ- പൗരത്വബിൽ വിരുദ്ധ സമരങ്ങളിലൊക്കെ മുസ്ലിം പെൺകുട്ടികൾക്ക് നിർണ്ണായക പിൻബലം ലഭിച്ചത് ഇവരിൽ നിന്ന് കൂടിയാണ്. 


മുസ്ലിം യുക്തിവാദികളുടെ കാര്യമാണ് കഷ്ടം.

അവർ സവർണ്ണ ഹിന്ദു യുക്തിവാദികളുടെ ഇസ്ലാം വിരുദ്ധതക്ക് കയ്യടിക്കാൻ വിധിക്കപ്പെട്ടവരാണ്.

ദളിത് - കീഴാള യുക്തിവാദികൾ സെമിറ്റിക്ക് / ഇസ്ലാം വിരുദ്ധത ഇനീഷ്യേറ്റ് ചെയ്യാറില്ല .

ഹിന്ദു യുക്തിവാദികൾക്ക് മൊത്തത്തിൽ ഹൈന്ദവതയെ ദാർശനികമായി എതിർക്കാതെ തന്നെ,ജാതീയമായ സോഷ്യൽ സ്പയറുകളെ മാത്രം വിമർശിച്ച് പരിക്കേൽക്കാതെ നിൽക്കാനുള്ള സ്പേസുണ്ട്.

മതാന്തർ വിമലീകരണവാദം എന്ന പദവിയാണത് .

ആ ഇടം മുസ്ലിം യുക്തിവാദികൾക്ക് ഇസ്ലാമിലില്ല.

അതിനാൽ അവർ ,

കാലം ചിങ്ങമായാലും മീനമായാലും 

ഖുർആനും ഹദീസും ലോക ഭീഷണികളാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും.

ഏതെങ്കിലുമൊരു നിരീശ്വര പ്രത്യയശാസ്ത്രത്തിൻ്റെ സാങ്കേതികവൃത്തവും അവരെ ഉൾക്കൊള്ളുന്നില്ല .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us