loader
blog

In Astronomy

By Shuaibul Haithami


നിഴലും നേരവും : പ്രകൃതി പഞ്ചാംഗം





ചിത്രത്തിൽ കാണുന്നത് ബഹ്‌റൈനിലെTree of Life നടുത്ത് സ്ഥാപിച്ച Shadow Quadrant അഥവാ നിഴൽ ഘടികാരമാണ് . നിഴലടയാളം നോക്കി ഉദയാസ്തമന , നമസ്ക്കാര സമയങ്ങൾ  കണ്ടെത്താൻ സഹായിക്കുന്ന വ്യത്യസ്ത ഉപായങ്ങളിലൊന്നാണ് ഈ ഉപകരണം . കിതാബുകളിൽ പഠിച്ച നൂലും പലകയും ഉപയോഗിച്ച് സമയവും ദിശയും കണ്ടെത്തുന്ന (റുബുഉൽ മുജയ്യബ് - Sine Quadrant) രീതി സാങ്കേതിക മേന്മയോടെ സ്ഥാപിക്കപ്പെട്ടതാണെന്നും പറയാം. എവിടെയെത്തിയാലും കാഴ്ച്ചകളിലെ കൗതുകങ്ങളിൽ വാനശാസ്ത്ര സംബന്ധിയായതിൽ കൂടുതൽ മനസ്സുടക്കുന്നതിനാൽ ഇതിൻ്റെ ചിത്രമെടുത്ത് രണ്ട് വാക്ക് പറയാമെന്ന് കരുതിയതാണ് . ഒരു കാലത്ത് കേരളത്തിലുടനീളം നമസ്ക്കാര സമയം നിർണ്ണയിക്കപ്പെട്ടത് ' അടിക്കണക്ക് ബൈതുകൾ ' ആശ്രയിച്ച് കൊണ്ടായിരുന്നു. 

പ്രകാശസഞ്ചാരത്തെ അടിസ്ഥാനമാക്കി , ഒരു വ്യക്തി തൻ്റെ നിഴലിൻ്റെ നീളം പാദം വെച്ചളന്ന് സമയം തിട്ടപ്പെടുത്തുന്ന ' വിദ്യ ' യാണ് അടിക്കണക്കുകൾ . അതിനെ പാട്ടിലാക്കി പഠിപ്പിക്കുന്നവയാണ് അതിൻ്റെ ബൈതുകൾ . പൊന്നാനിയിലും കുറ്റച്ചിറയിലും ഏഴിമലയിലുമെല്ലാം മസ്ജിദുകളിൽ അതിൻ്റെ അടയാളങ്ങൾ കാണാം . പൊന്നാനിയിൽ ഇപ്പോഴും അതിനെ ആശ്രയിക്കുന്നുണ്ടെന്ന് പറഞ്ഞ് കേട്ടു. 


ഇക്കാണുന്നതിൽ ,നിരീക്ഷകൻ  ഓരോ മാസവും പാദങ്ങൾ വെക്കേണ്ട കൃത്യമായ സ്ഥാനങ്ങൾ കാണിച്ചിട്ടുണ്ട് . ഘടികാരത്തിലെ 3 AM മുതൽ 7 PM വരെയുള്ള സമയങ്ങളാണ് സൂചിപ്പിക്കപ്പെട്ടത് . രണ്ടക്കങ്ങൾക്കിടയിൽ 3 കാലുകൾ( 3 quarters) സൂചിപ്പിക്കുന്ന കുറിവരകളും കാണാം . 

അത് പ്രാദേശികമായ തെരെഞ്ഞെടുപ്പാണ്. കാരണം ബഹ്റൈനിൽ സൂര്യപ്രകാശം കിട്ടുക അതിനിടയിലാണ് . സുബ്ഹി 3 മണിയുടെ സമീപത്തേക്കും മഗ്രിബ് 7 മണിയുടെ സമീപത്തേക്കും എത്താറുണ്ടവിടെ . ഇവിടെ ഇത് സ്ഥാപിക്കുകയാണെങ്കിൽ ഉദ്ദേശം 5 മണിമുതൽ 7 മണി വരെയാവും വേണ്ടിവരിക . നോർഡിക് രാജ്യങ്ങളിൽ 20 മണിക്കൂറുകളും ധ്രുവങ്ങളിൽ 24 മണിക്കൂറുകളുമാക്കി ഈ സാമഗ്രിയുടെ 'ലോക്കൽ വേഴ്ഷൻസ് ' ഡിസൈൻ ചെയ്യാം .


നോക്കുന്ന മാസത്തിൻ്റെ സ്ഥാനത്ത് നിന്ന് കൈ അതിൽ കാണിച്ചിരിക്കുന്ന വീതിയിൽ ഉയർത്തിയാൽ ആ സമയത്തിൻ്റെ മണി കാണിക്കുന്ന അക്കത്തിൻ്റെ മീതെയായിരിക്കും കൈ നിഴൽ ഉണ്ടാവുക . സൂര്യൻ്റെ ഉത്തരായന ( ജനു - ജൂൺ ), ദക്ഷിണായന ( ജൂലൈ - ഡിസം ) വ്യത്യാസങ്ങൾ നിഴലിൽ ഉണ്ടാക്കുന്ന ദിശാമാറ്റങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം .


അവ്വിഷയത്തിലെ പാതിയായ പുസ്തകരചനക്ക് കൂടുതൽ കരുക്കൾ നൽകാൻ ഈ കാഴ്ച്ച സഹായകമായി.വിവിധ പരിപാടികൾക്ക് വേണ്ടി ക്ഷണിച്ച് കൊണ്ടുപോയി കാണിച്ച് തന്ന Skssf ബഹ്റൈൻ കമ്മറ്റിക്കും ഭാഗമായ ആത്മ സുഹൃത്തുകൾക്കും നന്ദിയും പ്രാർത്ഥനകളും .


രണ്ട് :


ഉപകരണം മറ്റൊന്നാണെങ്കിൽ കൂടി , ഇതേ സാങ്കേതിക തത്വങ്ങൾ പാലിച്ച് കൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ചില അടിക്കണക്ക് ബൈതുകൾ കൂടി പരിചയപ്പെടാം .


മഹാത്മാ ഉമർ ഖാദിയുടെ അടിക്കണക്ക് ബൈതാണ് വിശ്രുതം.


" മേടം വ ചിങ്ങം രണ്ടിലും സമാനിയ 

ഫീ ഇടവ മീനം കർക്കിടത്തിൽ താസിഅ

മിഥുനം വകന്നീ രണ്ടിലും ഒമ്പതര

കുംഭം തുലാം അഖ്ദാമുദൈനി പത്തര

വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാൽ

പതിനൊന്നേ മുക്കാൽ ഫീ ധനു മാസം യുഖാൽ "


( മേടം , ചിങ്ങം മാസങ്ങളിൽ 8 

ഇടവം , കർക്കിടകം മാസങ്ങളിൽ 9

മിഥുനം ,കന്നി മാസങ്ങളിൽ  9 1/2

കുംഭം, തുലാം മാസങ്ങളിൽ 10 1/2

വൃശ്ചികം , മകരം മാസങ്ങളിൽ 11 1/4

ധധുവിൽ 11 3/4 അടി സ്വന്തം നിഴലിൻ്റെ നീളം പാദം വെച്ചളന്ന് കിട്ടുമ്പോൾ മുതലാണ് അസർ നമസ്കാര സമയം എന്നർത്ഥം ).


അസർ നമസ്ക്കാര സമയം നിർണ്ണയിക്കാനുള്ള അടിക്കണക്ക് ബൈതാണ് അധികപേരുടേതിലും . എന്നാൽ ളുഹ്ർ സമയം നിർണ്ണയിച്ച് മറ്റുള്ളവയുടെ സമയങ്ങൾ അതിൽ നിന്നും കണ്ടെത്തുന്ന രീതിയാണ് റുബുഉൽ മുജയ്യബ് ( Sine Quadrant) കൊണ്ടുള്ള 'അമൽ ' വിശദീകരിക്കുന്ന ഏതാണ്ടെല്ലാ മാത്മാറ്റിക് & ലോഗരിതമാറ്റിക് രിസാലകളും ഇപ്പോൾ സൈൻ്റിഫിക് കാൽക്കുലേറ്റിങ്ങും അവലംബിക്കുന്നത് . 


പൊന്നാനിക്കാരനായ കൊങ്ങണം വീട്ടിൽ അഹ്മദ് ബാവ മുസ്ല്യാർ രചിച്ച അടിക്കണക്ക് ബൈതുകൾ കുറച്ച് കൂടി ശാസ്ത്രീയമാണ് . കേരളത്തെ , മംഗലാപുരം മുതൽ ഏഴിമല വരെ , ഏഴിമല മുതൽ ചേറ്റുവ വരെ , ചേറ്റുവ മുതൽ കന്യാകുമാരിക്കടുത്ത കൊളച്ചൽ വരെ എന്നിങ്ങന മൂന്ന് ചക്രവാള മണ്ഡലങ്ങളാക്കി വേർതിരിച്ച് നേരിയ മാറ്റങ്ങളുള്ള വെവ്വേറെ കണക്കുകൾ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് .

തലശ്ശേരി മള്ഹറുൽ മുഹിമ്മാത് ' അച്ച്കൂടം'  പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ കൃതിയാണ് ഇപ്പോഴും ലഭ്യമായ അടിക്കണക്കളുടെ 'പദ്യ പുസ്തകം ' എന്ന് തോന്നുന്നു. 


മംഗലാപുരം മുതൽ ഏഴിമല വരേക്കുമുള്ള അസറിൻ്റെ അടിക്കണക്ക് ബാവ മുസ്ല്യാർ എഴുതിയത് ഇങ്ങനെയാണ് :


" അഖ്ദാമു മേടം യേളരാ വഫീയെടം

വ കർക്കിടം വ ചിങ്ങമിം യെട്ടുഫടം

ഫീ മിഥ്നമിം വ മീനമിം ഖുദ് യെട്ടരാ

ഫീ കന്നിനാ യാ സ്വാഹിബീ ഒമ്പതരാ

വഫീ തുലാക്കം പത്തരാ യുഖാൽ

ഫീ വൃശ്ചികം പതിനൊന്നരാ യുനാൽ

വഫീ ധനു പതിനൊന്ന് മഅ്മുക്കാൽ

ഫീ മകരമിം പതിനൊന്നടി മഅ്കാലിൻ

ഫീ കുംഭമിൻ പത്തും വ ഹാദാ യജ്‌രീ.... "


ഏഴിമല മുതൽ ചേറ്റുവ വരേക്കുമുള്ള മധ്യ മലബാറിൻ്റെ അസർ നമസ്ക്കാര സമയം നിർണ്ണയിക്കാനുള്ള ബൈത് ഇതാണ് :


" അഖ്ദാമുമേടം സുമ്മ ചിങ്ങം എട്ടടി ,

യെടവം വ മീനം കർക്കിടത്തിൽ തിസ്അടി

ഒമ്പതര ഫീ മുഥുനം വ കന്നി 

വ പത്തര കുഭം തുലാത്തിൽ എണ്ണി

വൃശ്ചിക മകരം പതിനൊന്നും വ കാൽ

വഫീ ധനു പതിനൊന്ന് മഅ' മുക്കാൽ

മിൻയേഇ ഹെത്താ ചേറ്റുവാ വഖ്തുൽ അസ്ർ

യബ്ദൂ അലാ ഹാദൽ ഖിയാസിൽ മുസ്തഖിർ

പൊന്നാനി അഹമദ് ബ്നുൽ മഖ്ദൂമി

സൈനിൽ ലി ദീനിൽ നാളിമിൽ മൻളൂമി "


എല്ലാ അടിക്കണക്കുകളിലും മാസങ്ങളെയും അളവുകളെയും ക്രമപ്പെടുത്തിയത് സൂര്യൻ്റെ വാർഷിക പരിക്രമണ പാതയിലെ 12 രാശികൾക്ക് സമാനമായ  വടക്കൻ 6 * തെക്കൻ 6 മാസങ്ങളുടെ മലയാള പേരുകൾ അറബി പദങ്ങൾക്കൊപ്പം ചേർത്ത് കൊണ്ടാണ്. അപ്പോഴും മലയാള വ്യാകരണത്തിലെ സന്ധി , സമാസ , അലങ്കാര നിയമങ്ങൾ സൂക്ഷ്മമായി പാലിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us