loader
blog

In Aesthetic

By Shuaibul Haithami


വിചാരം : വിദ്യാർത്ഥിത്വത്തിൻ്റെ അവകാശം

സത്യം , സ്വത്വം , സമർപ്പണം എന്ന മൂന്ന് സങ്കൽപ്പങ്ങൾക്ക് മനുഷ്യജീവിതത്തിൽ സുപ്രധാന സ്ഥാനമുണ്ട്. അതിനാൽ , വിശുദ്ധ ഇസ്ലാം അവയെ ഗുണപരവും സൃഷ്ടിപരവുമായ വിശേഷണങ്ങളായി അവയെ പരിഗണിച്ചു. 
വിചാരം , വിശകലനം , വിഭാവനം , സംവേദനം , സംഘാടനം തുടങ്ങിയ മാനുഷിക വ്യവഹാരങ്ങൾ കലർപ്പില്ലാത്ത സത്യത്തിന് മേൽ രൂപപ്പെടേണ്ടതാണ്. പ്രാപഞ്ചിക സ്രഷ്ടാവും നാഥനുമായ അല്ലാഹുവാണ് പരമസത്യം .അവനെ പരിചയപ്പെടുത്തിയ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ്വ) ആണ് സത്യത്തിന്റെ അവതാരകൻ. കയ്പുള്ളതാണെങ്കിലും സത്യമേ ചെയ്യാവൂവെന്നും പറയാവൂവെന്നുമാണ് അടിസ്ഥാന തത്വം. മൗനദീക്ഷ പോലും സത്യസന്ധമാവണം. നിങ്ങൾ സത്യവാന്മാർക്കും നീതിപാലകർക്കുമൊപ്പമാണ് നിലകൊള്ളേണ്ടതെന്ന് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നു. താൽക്കാലികമായ ലാഭങ്ങളോ ആസ്വാദനങ്ങളോ അല്ല , പിൽക്കാലത്തിന്റെ പരിണിതികളാണ് നിലപാടുകളിൽ മാനദണ്ഡ മാതേണ്ടത്. സത്യാനന്തരകാലമായി വിശദീകരിക്കപ്പെടുന്ന ചരിത്രഘട്ടമാണ് നാം ജീവിക്കുന്ന ഈ ഉത്തരാധുനികകാലം . നിർമ്മിതവും കൽപ്പിതവുമായ അർദ്ധസത്യങ്ങളുടെ നിരന്തരമായ ദൃശൃതയും സ്വീകാര്യതയും ഒന്നിനും "ഉറപ്പില്ലാത്ത " ഒരു ലോകഘടന രൂപപ്പെടുത്തിയിട്ടുണ്ട്. ലോകരാഷ്ട്രീയം വംശീയോന്മുഖമാണ്.അധികൃതരും അധ:കൃതരും നിർമ്മിക്കപ്പെടുന്നത് മതം , നിറം , വംശം, ജാതി തുടങ്ങിയ മാനങ്ങളിലാവുന്നു. ദേശാന്തര ചിത്രങ്ങളുടെ ചെറിയ പതിപ്പാണ് ദേശീയ ചിത്രവും . ക്രിത്രിമത്വങ്ങുടെ ധാരാളിത്തം രാഷ്ട്രീയത്തിന്റെ അടിസ്ഥാനഭാവമാവുന്നു. ജ്ഞാനവും സിദ്ധിയും വിനിമയത്തിന് പകരം വിപണനത്തിനുള്ള ഒരുപ്പടികളായ് ദുരുപയോഗം ചെയ്യപ്പെടുന്നു. ജനതയുടെ അജ്ഞതയും നിസ്സഹയതയും ലാഭം കൊയ്യാനുള്ള മാർക്കറ്റാണെന്ന് നിർവ്വചിക്കുന്ന ആഗോളീകരണത്തിൽ ആരോഗ്യരംഗം മുതൽ ആത്മീയരംഗം വരെ മലിനമാവുന്നു. ജീവിക്കുന്ന നിമിഷങ്ങളുടെ പരമാനന്ദങ്ങൾ സാക്ഷാൽക്കരിക്കാൻ മുമ്പും പിമ്പും മറക്കാൻ പ്രേരിപ്പിക്കുന്ന , അനിയന്ത്രിതാവസ്ഥയെ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്ന, വേരുകൾക്കെതിരായ പോരാട്ടങ്ങളെ വിപ്ലവം എന്ന് പുകഴ്ത്തുന്ന ആധുനികതാബോധം കലാലയങ്ങൾ മുതൽ കലാശാലകൾ വരെ കാര്യബോധം കെടുത്തി അയാഥാർത്ഥ്യബോധം പ്രചരിപ്പിക്കുന്നു. ലിംഗബോധത്തെയും രതിരീതികളെയും വാണിജ്യാടിസ്ഥാനത്തിൽ പ്രത്യയശാസ്ത്രവൽക്കരിച്ച് ഭോഗപരതയുടെ തെറ്റായ ലൈംഗിക വായനകൾ പുതിയതലമുറയുടെ തല തകർക്കുന്നു. ഇതൊക്കെ പുതിയ കാലത്തിന്റെ പുത്തരികളല്ല. പുരാതനവും ഗോത്രീയവുമായ പ്രാക്തന കാലത്തിന്റെ ആവർത്തനങ്ങളാണ്.
 " ഇരുണ്ടയുഗത്തിന്റെ " തനിയാവർത്തനം . അപ്പോൾ തപ്തമായിരുന്ന ആ തകർന്ന നാഗരികതകളെ പ്രദീപ്തവും പ്രത്യുൽപ്പന്നപരവുമാക്കിയ സത്യബോധനങ്ങളുടെ ആവർത്തനം കാലം തേടുകയാണ് , അതാണ് സത്യം .
ആ സത്യമേ ജയിക്കുകയുള്ളൂ , തേച്ചരച്ചാലും പൊട്ടിമുളക്കുമത് . അതാണതിന്റെ ജൈവികത , ജനിതകത , ദൈവികത .

ജീവൻ നഷ്ടപ്പെട്ടാലും നഷ്ടപ്പെടുത്തരുതാത്ത മുസ്ലിമിന്റെ അടിസ്ഥാന മൂലധനം സ്വത്വബോധമാണ്. മനുഷ്യത്വത്തിന് രണ്ട് ഭാഗങ്ങളുണ്ട് . മറ്റേത് ജീവിക്കുമുള്ളത് പോലോത്ത ശാരീരാകാസ്തിത്വവും പിന്നെ മനുഷ്യന്റെ അടിസ്ഥാന യോഗ്യതയായ ആതീയസ്വത്വവുമാണവ. സ്രഷ്ടാവിന്റെ ഭൂമിയിലെ പ്രതിനിധിയാണെന്ന തിരിച്ചറിവോടെ , തിരിച്ചടികളേറ്റാലും പരലോക ഭയത്തിനും ദൈവികനീതിയിലുള്ള പ്രതീക്ഷക്കും മധ്യേയുള്ള വിധാനതയിലാവണം മുസ്ലിംകളുടെ വ്യക്തിഗതവും സാമൂഹികവുമായ സമ്പർക്കങ്ങൾ . മതചിഹ്നങ്ങളും പ്രതീകങ്ങളുമാണ് അഭിമാനകരമായ അസ്തിത്വത്തിന്റെ ആധാരങ്ങൾ. നിർവ്യാജമായ കാരുണ്യബോധമാണ് നമ്മുടെ മുഖമുദ്ര. ഭരണാധികാരികളോടും ഭരണഘടന യോടുമുള്ള സഹവർതിത്വവും സഹകരണവുമാണ് , ഗുണകാംക്ഷാപൂർണ്ണമായ ഉപദേശങ്ങളും തിരുത്തുകളുമാണ് രീതിശാസ്ത്രം . വിയോജിപ്പുള്ളവരെ പ്രതിപക്ഷത്താക്കുന്ന രാഷ്ട്രീയ ബൈനറിയല്ല ആത്മീയദർശനം . സർവ്വരെയും അല്ലാഹുവിലേക്ക് വാക്ക് കൊണ്ടും അതിലുപരി ജീവിതം കൊണ്ടും ക്ഷണിക്കുന്ന സഞ്ചരിക്കുന്ന സൽക്കർമ്മികൾ സമരാഭാസങ്ങളേക്കാൾ സംവാദങ്ങൾക്കും പരിഭവങ്ങളേക്കാൾ പരിരക്ഷകൾക്കും പ്രശ്നങ്ങളേക്കാൾ പരിഹാരങ്ങൾക്കും പ്രാമുഖ്യം നൽകേണ്ടവരാണ്. മതേതര മണ്ഡലങ്ങളോട് സത്യസന്ധമായി സന്ധിക്കുമ്പോഴും മതാത്മകമായ ജീവിതനിഷ്ഠകൾ നിലനിർത്തുന്നതിൽ ശുഷ്കാന്തി കാണിക്കാനുള്ള ഉള്ളുറപ്പാണ് നാം പ്രഘോഷിക്കുന്ന സ്വത്വബോധം . ഇന്ത്യയിൽ ഇസ്ലാമിക നിഷ്ഠകൾക്ക് ഇടമുണ്ട്. അവയെ ആദരിക്കുന്ന പൊതുബോധമുണ്ട്. ഭ്രമിതമായ നൈമിഷികതകൾക്ക് വേണ്ടി സാംസ്ക്കാരിക സ്വത്വങ്ങൾ കയ്യൊഴിയുന്ന മുസ്ലിം പൊതുവ്യക്തിത്വങ്ങൾ ഇസ്ലാമിന് അതിന്റെ തനിമ നിലനിർത്താനുള്ള ഇന്ത്യനിടത്തെ സ്വയം നിഷേധിക്കുകയും അപകർഷതയുടെ അടയാളങ്ങളിൽ സമുദായത്തെ തളച്ചിടുകയുമാണ് ചെയ്യുന്നത്. മുസ്ലിംകൾ ജീവിതത്തിൽ അണിയാത്ത , അനുഷ്ഠിക്കാത്ത , അനുവർത്തിക്കാത്ത ഇസ്ലാമിന് വേണ്ടി കേവലം നിയമനിർമ്മാണ വേദികളിൽ ശബ്ദിക്കുമ്പോൾ വിജയം കിട്ടില്ല. ഒരു വിഭാഗത്തിന്റെ ജീവിതരീതികൾ അന്യായമായി ഹോമിക്കപ്പെടുമ്പോൾ അതിനെതിരായ ബോധവൽക്കരണങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. സ്വത്വബോധം കടലാസുകളിൽ നിന്നും ജീവിതത്തിലേക്ക് പടരുമ്പോഴാണ് നമ്മുടെ അസ്തിത്വം അംഗീകരിക്കപ്പെടുക. ഇതര സമുദായ ഗാത്രങ്ങളും പൊതുസമൂഹവും മുസ്ലിംകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് യഥാർത്ഥ ഇസ്ലാമിനെയാണ്. അല്ലാതെ , വെള്ളം ചേർത്ത വകഭേദങ്ങളെയല്ല. വാൾപ്പയറ്റോ വാക്പയറ്റോ ഇല്ലാതെ ജീവിതനന്മകൾ കൊണ്ട് ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഹിദായത് പകർന്ന ഖാജാ മുഈനുദ്ധീൻ ചിഷ്തിയുടെ , അതായത് സൂഫികളുടെ വഴിയാണ് യഥാർത്ഥ വഴി.

അർപ്പണബോധവും സമർപ്പണ സന്നദ്ധതയുമാണ് ചരിത്രത്തിന്റെ രജതരേഖകളായ മുസ്ലിം പൊതുജീവിതങ്ങൾ . തന്റെ ജീവിതം അല്ലാഹുവിന് സമർപ്പിക്കുന്ന ഒരാൾ സ്വാർത്ഥതകളിൽ നിന്ന് വിമോചിതനാവുന്നു. അതോടെ അയാൾക്ക് സാമൂഹികമായ അർപ്പണബോധം കണ്ടെത്താനാവുന്നു. സഹജീവികളുടെ സന്തോഷങ്ങൾക്കും സുരക്ഷിതത്വത്തിനും വേണ്ടി സമയം മാറ്റിവെക്കുന്നവരുടെ പേരാണ് മനുഷ്യർ . സമയമാണ് ആയുസ്സ്. തനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം ജീവിതത്തിന്റെ ഒരുഭാഗം തനിക്ക് ഭൗതികമായ പ്രയോജനമൊന്നും ലഭിക്കാത്ത കാര്യൾക്ക് മനം മടുക്കാതെ വിട്ടുനൽകണമെങ്കിൽ ആത്മീയ പ്രചോദനമാണ് ഉള്ളിലുണ്ടാവേണ്ടത്. ആധുനികതയുടെ അടിമത്വങ്ങൾ പുതിയ തലമുറയെ അരാഷ്ട്രീയവൽക്കരിക്കുകയാണ് , അമാനവീകവൽക്കരിക്കുകയാണ്. ആത്മീയതയുടെ വിപരീതമാണ് ആധുനികത . തിരിച്ച് ഉപകാരം ചെയ്യാത്ത മനുഷ്യർക്ക് വേണ്ടി സ്വന്തം സമയം മാറ്റിവെക്കുന്നത് ആധുനിക വീക്ഷണത്തിൽ മണ്ടത്തരമാണ്. പ്രയോജനാത്മകവാദമാണ് ആധുനികതയുടെ ധാർമ്മികമാനം . വൃദ്ധസദനങ്ങളും ആത്മഹത്യയുമാണതിന്റെ ഉപലബ്ദികൾ . പക്ഷെ , ആത്മീയബോധം സേവന സന്നദ്ധത ഉണർത്തുന്നു , ജീവകാരുണ്യം ത്വരിതപ്പെടുത്തുന്നു. വെള്ളപ്പൊക്കവും തീപ്പിടുത്തവും ക്ഷാമവും രോഗവുമൊക്കെ ജീവിക്കാൻ സമ്മതിക്കാതെ അശരണരെ അസ്വസ്ഥപ്പെടുത്തുമ്പോൾ രാപ്പകൽ ഭേദമന്യേ, മതജാതിഭേദമന്യേ കൈചേർത്ത് , ഹൃദയം കോർത്ത് സുരക്ഷാവലയമൊരുക്കുന്ന നല്ല മനുഷ്യരെ വീണ്ടും വീണ്ടും പാകപ്പെടുത്താൻ കൂടി നാം പ്രതിജ്ഞാബദ്ധരാണ്. 
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us