loader
blog

In Aesthetic

By Shuaibul Haithami


തോന്നുന്ന ജന്തു ' : മനുഷ്യൻ്റെ മാറ്റ് .

മനുഷ്യനെ മനുഷ്യർ നിർവ്വചിച്ചപ്പോൾ പലതരം പ്രസ്താവനകളാണ് ചരിത്രത്തിലുണ്ടായത്. ഓരോ സങ്കേതങ്ങളും പ്രത്യയശാസ്ത്രങ്ങളും അവ മുന്നോട്ട് വെക്കുന്ന പ്രാപഞ്ചിക വീക്ഷണം, മനുഷ്യവായന എന്നിവയെ അടിസ്ഥാനമാക്കിയാണ് നിർവ്വചനങ്ങൾ രൂപപ്പെടുത്തിയത്.  നട്ടെല്ലിൽ നിവർന്ന് നിൽക്കുന്ന ജന്തു , ചിന്തിക്കുന്ന മൃഗം , വാലില്ലാതായ വാനരൻ തുടങ്ങിയ ജൈവിക വിശദീകരണങ്ങളും പ്രപഞ്ചത്തിന്റെ കേന്ദ്രകഥാപാത്രം , പൂർണ്ണവളർച്ചയിലെത്താതെ മരണപ്പെടുന്ന ജീവി തുടങ്ങിയ കാൽപ്പനിക നിരീക്ഷണങ്ങളും മനുഷ്യനെ കുറിച്ചുണ്ടായി . ചിലതൊക്കെ അവാസ്തവവും മറ്റുപലതും അവ്യവസ്ഥാപിതവുമായിരുന്നു. ഭാഷാഭാഷണ ക്ഷമതയുള്ള വിശേഷബുദ്ധൻ എന്ന നിർവ്വചനമാണ് ദാർശനികമായി കൂടുതൽ അംഗീകരിക്കപ്പെടുന്നത്.

മനുഷ്യനിൽ അന്തർലീനമായ വ്യത്യസ്ത സ്വത്വങ്ങളെ അടിസ്ഥാനപ്പെടുത്തി അവന്റെ കർമ്മാ - ധർമ്മങ്ങളെ വ്യവഛേദിച്ച / വ്യവഛേദിക്കുന്ന രീതിയാണ് ചരിത്രത്തിലുടലെടുത്ത എല്ലാ 

സാമൂഹിക പദ്ധതികളും മുന്നോട്ട് വെച്ചത്. മനുഷ്യന്റെ ഉൽപ്പാദ - പ്രത്യുൽപ്പാദനക്ഷമതയാണ് അവനെ പരകോടി ജീവികളിൽ മുമ്പനും വമ്പനുമാക്കുന്നതെന്ന് നിരീക്ഷിച്ചവർ മനുഷ്യനിലെ തൊഴിലാളിസ്വത്വത്തെ മുന്നിർത്തി വീക്ഷണങ്ങൾ വികസിപ്പിച്ചെടുത്തു. അങ്ങിനെയല്ല , ദേശരാഷ്ട്രാതിർത്തികൾക്കകത്ത് പൊതുവായ സാമൂഹിക മൂല്യങ്ങൾക്ക് / ഭരണഘടനക്ക് വഴങ്ങി നിലകൊള്ളുന്ന ജീവികൾ എന്ന പദവിയാണ് മനുഷ്യസ്ഥാനമെന്ന് നിരീക്ഷിച്ചവർ അവനിലെ പൗരസ്വത്വത്തെ മുന്നിർത്തി സംവദിച്ചു. ജാതി , വർണ്ണം , ഭാഷ , ആവാസം തുടങ്ങി പലതും അവിടെ മാനദണ്ഡമാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ , എന്താണ് മനുഷ്യന്റെ അടിസ്ഥാന സ്വത്വം , ഏതാണ് അടിസ്ഥാന മൂല്യം എന്ന കാര്യത്തിലുള്ള ഭിന്നാഭിപ്രായങ്ങളാണ് മനുഷ്യ സമൂഹത്തിന്റെ ആശയലോകവൈവിധ്യങ്ങൾ .





തെറ്റും ശരിയും എന്ന ബൈനറിക്കപ്പുറം ഏതാണ് അക്കൂട്ടത്തിൽ ഏറ്റവും കൃത്യമായ ശരി എന്നന്വേഷണത്തിന്റെ ഉത്തരമാണ് ഇസ്ലാം . ദൈവേതരമായ പ്രാപഞ്ചികവും പ്രാതിഭാസികവുമായ ഉണ്മകളും നൈസർഗിക സ്വത്വമാണ് ഇസ്ലാം. മനുഷ്യർ സൈദ്ധാന്തിക ഇസ്ലാമിലെ ഒരംഗം മാത്രമാണ് : വിശ്വാസപരമായ ഉത്തരവാദിത്വവും കർമ്മപരമായ നിയമാവലിയും ബാധകമായ സവിശേഷ സൃഷ്ടി. ആത്മാവും വിശേഷബുദ്ധിയും ഭാഷാഭാഷണവും കൊണ്ട് അനുഗ്രഹ കടാക്ഷം സിദ്ധിച്ച ജന്തുവാണ് മനുഷ്യൻ . ഇസ്ലാം മനുഷ്യനിലെ ആത്മീയസ്വത്വത്തെയാണ് മുന്നിർത്തുന്നത്. കാരണം ജൈവികവും കാൽപ്പനികവുമായ എല്ലാ മനുഷ്യവിശേഷങ്ങളും ആത്മാവിന്റെ സാന്നിധ്യം കൊണ്ടുണ്ടായതാണ്. 

മറ്റു പ്രത്യയശാസ്ത്രങ്ങൾ മനുഷ്യന്റെ ജൈവികവും ഭൗതികവുമായ ചോദനകളെ സംതൃപ്തിപ്പെടുത്താനുള്ള ഉപായങ്ങൾ ഉണ്ടാക്കുമ്പോൾ ഇസ്ലാം അതോടൊപ്പം മനുഷ്യനിലെ അടിസ്ഥാന ഘടകമായ ആത്മാവിന്റെ തൃഷ്ണകളെ ഉത്തേജിപ്പിക്കാനും ഉൽസാഹിപ്പിക്കാനും കൂടി ശ്രമിക്കുന്നു , അതാണ് മനുഷ്യവായനയുടെ പൂർണ്ണത.




വിചാരം , വിഭാവനം , വിശകലനം , വിശദീകരണം തുടങ്ങിയ വിശേഷണങ്ങളാണ് മനുഷ്യന്റെ മാറ്റ്, മാറ്റവും . അത്തരം സാധനകളെ ഗുണപരമായും സൃഷ്ടിപരമായും വഴിതിരിക്കുന്ന ഗുണമാണ് വിവേകം . അന്വേഷണം മനുഷ്യന്റെ ആത്മദാഹമാണ്. പൊരുളുകൾ കണ്ടെത്താനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമെന്നും മനുഷ്യർ നടത്തിയ ബൗദ്ധിക യാത്രകളാണ് അവനെ സൂപ്പർ ക്രിയേച്ചറാക്കിയത്. പതിനായിരം കൊല്ലങ്ങൾക്ക് മുമ്പുണ്ടായിരുന്ന മനുഷ്യേതര ജീവികളുടെ ജീവിതരീതിയും നാങ്കേതിക സ്വഭാവവും അതേപടി തന്നെ നിലനിൽക്കുകയാണ് , പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ അവയുടെ പ്രകൃതത്തെ ചില്ലറ സ്വാധീനിച്ചിരിക്കാമെന്ന് മാത്രം . പക്ഷെ മനുഷ്യനങ്ങനെയല്ല , അനുനിമിഷ വികസ്വരമാണവന്റെ ലോകങ്ങൾ . പ്രസ്തുത യോഗ്യത കേവലം കർമ്മാർജ്ജിതമല്ല , ദിവ്യദത്തായ ഗുണമാണത്. 

പരമസത്യത്തോടുള്ള ആ  വിനീത വിധേയത്വം നിയന്ത്രിക്കുന്ന അന്വേഷണാത്മകതയാണ് വിചാരപ്പെടുന്ന വിദ്യാർത്ഥിത്വം. 




പ്രപഞ്ചത്തെ വായിക്കാനാഹ്വാനം ചെയ്ത് കൊണ്ടാണ് വേദം മിണ്ടിത്തുടങ്ങിയത്. നാഥനാദം മുഴക്കി കൊണ്ടാണ് പ്രപഞ്ചം മിഴി തുറന്നത് . പിടിവിട്ടുപോവാതെ പാഠം പറഞ്ഞുതരാനാണ് പ്രവാചകന്മാർ വന്നത്. ശിൽപ്പങ്ങൾക്കും ശിൽപ്പിക്കുമിടയിലെ യാഥാർത്ഥ്യങ്ങളുടെ ചുരുളുകൾ നിവർത്താനാണ് ശാസ്ത്രാന്വേഷണം. ഭൗതികവും അതിഭൗതികവുമായ ശാസ്ത്രജ്ഞാനമാണ് പൂർണ്ണം. ഉണർന്ന് ജാഗ്രത്തായ വിദ്യാർത്ഥിത്വത്തിനേ അവയെ പ്രാപിക്കാനാവുകയുള്ളൂ. അൽപ്പജ്ഞാനം അഹങ്കാരത്തെ പരിണയിക്കുന്നതിന്റെ പിഴയാണ് സ്വതന്ത്രചിന്ത.

സ്രഷ്ടാവിനെ അംഗീകരിക്കുന്നവർ യഥാർത്ഥ ഉടമയുടെ മാത്രം അടിമയാവുന്നു. നിഷേധികൾ പരായിരം അടിമകളുടെ / അടിമത്വങ്ങളുടെ ദാസ്യം പേറി ജീവിക്കേണ്ടി വരികയാണ്. വിനയത്തിലെത്താത്ത വിജ്ഞാനം ദിശാഭ്രംശത്തിന്റെ മാത്രം ലക്ഷണമാണ്. വിവരമുള്ളവർ തലതാഴ്ത്തിയേ നടക്കൂ , വീണ് പോയതെന്തോ കണ്ടെടുക്കാനുള്ള ശ്രദ്ധയോടെ .



വ്യവസായവൽകൃത വിദ്യാഭ്യാസത്തിനെ തിരുത്തുന്നതാണ് വിചാരപ്പെടുന്ന വിദ്യാർത്ഥിത്വം. അറവിന്റെ വിനിമയമാണ് നടക്കേണ്ടത് , വിപണനമല്ല. ഏറ്റവും ലാഭകരമായ വിൽപ്പനച്ചരക്ക് വിവരമാണെന്നും മാർക്കറ്റ് സമൂഹത്തിന്റെ അജ്ഞതയാണെന്നും വരുത്തുന്ന ആധുനിക വിദ്യാഭ്യാസ വീക്ഷണമാണ് വിദ്യാഭ്യാസത്തെ അഭ്യാസങ്ങൾ മാത്രമായി ചുരുക്കിയത്. ബിരുദക്കടലാസുകൾ കടലാസുകൾ മാത്രമാണ് , മൂല്യം വ്യക്തിത്വത്തിലാണ് പ്രതിഫലിക്കേണ്ടത്.

ജ്‌ഞാനസമ്പാദനം ആരാധനയാണ്. അതിന് ലക്ഷ്യമുണ്ടാവണം , ഋജുമാർഗങ്ങളുണ്ടാവണം. കരുണയുടെ നനവുണ്ടാവണം. ദുരയും ദർപ്പവും സ്പർശിക്കരുത്. അപ്പവും അന്നവും തരുന്ന കേവലവേലമാത്രവുമല്ല അത്. വ്യക്തിയെ , കുടുംബത്തെ , സമൂഹത്തെ , രാഷ്ട്രത്തെ , വിശ്വമാനവികതയെ , പരിസ്ഥിതിയെ , മണ്ണിനെ , ചരിത്രത്തെ , വർത്തമാനത്തെ , ഭാവിയെ ഇങ്ങനെ സർവ്വതലസ്പർശിയായ പരിഗണനകളെ നന്ദിപൂർവ്വം സേവിക്കാനും പരിപോഷിപ്പിക്കാനുമുള്ള യജ്ഞമായി വികസിക്കേണ്ടതാണ് വിദ്യാഭ്യാസദർശനം. 




ക്ഷുഭിത യൗവ്വനവും കൗമാരവുമാണ് ആധുനിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. വൈകാരികതയുടെ അതിതീവ്രവും തീവ്രലോലവുമായ മാനസികഘടനയാണ് അവരുടേത്. അനിയന്ത്രണാവസ്ഥയെ സ്വാത്രന്ത്ര്യം എന്നും അനാഥത്വത്തെ വിമോചനമെന്നും മനസ്സിലാക്കുന്ന സമവാക്യങ്ങൾക്ക് കൃത്രിമമായ സൈദ്ധാന്തിക പശ്ചാത്തലം ഒരുക്കപ്പെടുന്നു. മാംസനിബദ്ധമായ പ്രണയ , ലൈംഗിക സങ്കൽപ്പങ്ങൾ സാക്ഷാൽക്കരിക്കാനുള്ള തുറന്ന വേദിയായി കലാലയങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു. അശാസ്ത്രീയവും മാനുഷികവിരുദ്ധവുമായ ലൈംഗികസ്വത്വങ്ങൾക്ക് വികസിക്കാനുള്ള ഇടമായി ഉത്തരവാദിത്വപ്പെട്ടവർ തന്നെ രംഗം വിട്ടുകൊടുക്കുന്നു.നാർക്കോട്ടിക്ക് ശ്രംഖലകളുടെ സൗര്യവിഹാരങ്ങളിൽ അന്തിമയങ്ങുന്ന തളർന്ന രാവുകളൾക്ക് പിറകെ ഉയിരുള്ള പ്രഭാതങ്ങൾ ലഭിക്കാതെ ഉശിരും ഉത്ഥാനവും ഒരുപാട് കണ്ട ക്യാംപസുകൾ അനർത്ഥമായ ബഹളങ്ങൾക്ക് മാത്രം സാക്ഷിയാവേണ്ടി വരുന്നു. എല്ലായിടവും ഇങ്ങനെയെന്നല്ല , ഇങ്ങനെയുള്ള തമ്പ്നെയിലുകൾക്ക് മാത്രം ദൃശ്യത ലഭിക്കുന്ന വിധം ഒരു വിദ്യാഭ്യാസ തലമുറയുടെ വിനോദ- വികാര പരിസരങ്ങൾ അപനിർമ്മിക്കപ്പെട്ടുവെന്നതാണ് ഗൗരവം . പ്രശ്നങ്ങൾ  കണ്ടെത്തലല്ല , പരിഹാരം കൂടി നിർദ്ധേശിക്കലാണ് ഇവിടെ വിചാരപ്പെടുന്ന വിദ്യാർത്ഥിത്വം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us