loader
blog

In Theology

By Shuaibul Haithami


ഭൗതികവാദം : മുസ്ലിം സമീപനങ്ങളുടെ ആഗോള പ്രവണതകൾ .

ഭീകരവാദത്തിന്റെ (Extremism) വകുപ്പിൽ ഉൾപ്പെടുത്തി 2014 മുതൽ നാസ്തികത (Atheism) രാജ്യദ്രോഹമാക്കിയ രാജ്യമാണ് സൗദി അറേബ്യ . മുഹമ്മദ് ബിൻ സൽമാൻ ആ രാജ്യത്തിന് മേൽ യൂറോപ്യർ ചാർത്തിയ അനാധുനീക മുദ്രകൾ ഓരോന്നോരോന്നായ് മായ്ച്ചുകളയാൻ രാജകുടുംബത്തിലെ വിമർശകരെ പോലും ആദൃശ്യരാക്കി ,വിഷൻ 2030മായി മുന്നേറുമ്പോഴും നിരീശ്വരത്വപ്രചരണം പിടിക്കപ്പെട്ടാൽ ദാക്ഷിണ്യം ഒരിറ്റുമില്ല അവിടെ. 
ചാട്ടവാറടി മുതൽ തലയറുക്കൽ വരെയാണ് ശിക്ഷ . 
അങ്ങനെയൊരു നിയമനിർമ്മാണത്തിന് രാജഭരണകൂടത്തെ പ്രേരിപ്പിച്ചത് സൗദിയിൽ വിശേഷിച്ചും വികസ്വര അറബ് രാഷ്ട്രങ്ങളിൽ മൊത്തത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ട മതവർജ്ജന വാർത്തകളുടെ ആധിക്യം തന്നെയായിരുന്നു. 
അത്തരത്തിൽ ,ഔദ്യോഗിക തലത്തിൽ ഏറെ ചർച്ചയായ കേസായിരുന്നു Raif Badawi യുടേത്. സൗദി എഴുത്തുകാരനും മതനവീകരണ വാദിയുമായ അദ്ദേഹവും അനുയായികളും അവരുടെ ആശയങ്ങൾ പങ്കുവെച്ച ബ്ലോഗായിരുന്നു ' Free Saudi Leberal Blog '.
2012 ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് , കടുത്ത അന്താരാഷ്ട്ര സമ്മർദ്ധങ്ങളുണ്ടായിട്ടും 500 ചാട്ടവാറടിയും 7 വർഷം തടവും വിധിക്കപ്പെട്ടു. അക്കൂട്ടത്തിൽ മൂന്ന് മുതൽ അറുനൂറ് വരെ ചാട്ടവാറടിക്ക് വിധേയരായവരിൽ സാധാരണക്കാർ മുതൽ പ്രൊ . ഫലസ്തീൻ കവയത്രി വരെയുണ്ടായിരുന്നു .
ക്വിയർ ലൈംഗികവാദങ്ങളെ പിന്തുണച്ച സൗദി ആക്ടീവിസ്റ്റ് ഇയ്യിടെ തുർക്കിയിൽ വെച്ചാണ് കൊല്ലപ്പെട്ടതും ജോ ബൈഡൻ തന്നെ നേരിട്ട് സൗദിയോട് സൂക്ഷിച്ചാൽ നല്ലതെന്ന് പറഞ്ഞ് ഞെട്ടിക്കാൻ ശ്രമിച്ചതും .

എന്നിട്ടും , അന്താരാഷ്ട്ര സാമൂഹികഹിത വിശകലന ഏജൻസിയായ ഗാലപ്പ് ഇന്റർനാഷണൽ 2018 ൽ നടത്തിയ സർവ്വേ പ്രകാരം 19 % സൗദി പൗരന്മാർ മതമൊഴിവാക്കിയ (Unpracticing )വരും അവരിൽ തന്നെ 5 % നാസ്തികതയിലേക്ക് എത്തിച്ചേർന്നവരുമാണ്. ASQA ( ഓസ്ട്രേലിയൻ വിദ്യാഭ്യാസ ഏജൻസി ) യൂറോപ്പിൽ വിദ്യാഭ്യാസം ചെയ്യുന്ന സൗദിക്കാരായ 18 - 24 വയസ്സുകാർക്കിടയിൽ നടത്തിയ സർവ്വേ പ്രകാരം 91 % പേരും മുഹമ്മദ് ബിൻ സൽമാന് കീഴിൽ സൗദി ലിബറൽ ഇസ്ലാമിക് രാജ്യമാകട്ടെ എന്ന് പ്രത്യാശിക്കുകയായി. യു എ ഇ , ഖത്തർ , കുവൈത്ത് തുടങ്ങിയ ഗൾഫ് , മുസ്ലിം രാഷ്ട്രങ്ങളിൽ 2 - 4 % പേർ നാസ്തികത വരിച്ചുവെന്നാണ് Gallup ന്റെ കണക്കുകൾ .
അവിടങ്ങളിലൊക്കെ നാസ്തിക ക്രിമിനൽ കുറ്റമാണ് താനും . ഇറാക് , ഇറാൻ , ടുണീഷ്യ ,മൊറോക്കോ , സുഡാൻ , മലേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളുടെ ശരാശരിയേക്കാൾ മുകളിലാണത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ഈജിപ്തിലെ കണക്കുകളും ഒട്ടും കുറവല്ല . 2014 ൽ , അൽ അസ്ഹറിലെ ഗവേഷകരുടെ കീഴിൽ രാജ്യത്തെ മതകാര്യ സമിതിയായ ദാറുൽ ഇഫ്താഅ' വ്യത്യസ്ത തുറകളിലുള്ള 60000 ചെറുപ്പക്കാർക്കിടയിൽ നടത്തിയ അന്വേഷണ പ്രകാരം 10 - 12 % പേർ മതരഹിതരായി ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കപ്പെടുകയുണ്ടായി.
അതേവർഷം , അൽ അസ്ഹറിലെ അധ്യാപകനായ അഹ്മദ് അൽ ത്വയ്യിബ് ഔദ്യോഗിക ടെലിവിഷൻ ചാനലിൽ വന്ന് മതനിരാസം സാമൂഹിക ദ്രോഹമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
അപ്പറഞ്ഞ സൗദിയിൽ എയ്തിസത്തിനെതിരെ ഭരണകൂടം അക്കാദമിക മണ്ഡലങ്ങളിൽ നേരിട്ട് പ്രബോധന ക്യാമ്പയിനും നടത്തുന്നുണ്ട് .ഏറ്റവും ശക്തമായ ഇസ്ലാമിക പശ്ചാത്തലമുണ്ടായിട്ടും ഭരണകൂടത്തിന്റെ ചാരക്കണ്ണുകൾ തുറന്നിട്ട ലോകമായിട്ടും സോഷ്യൽ മീഡിയകളിലെ നാസ്തിക ഗ്രൂപ്പുകൾക്ക് നൂറ് മുതൽ 7 ആയിരം വരെ അംഗബലം ലഭിക്കുന്നുവെന്നാണെങ്കിൽ അതിന്റെ കാരണം ആലോചനീയമാണ്. 

നാല് കാരണങ്ങളാണ് അവിടത്തെ പണ്ഡിതന്മാരും നിരീക്ഷകരും ആ രാജ്യത്തിന്റെ പുറത്ത് നിന്ന് പങ്കുവെച്ചതായി കണ്ടത്.

ഒന്ന് : ഒരേസമയം, മുഹമ്മദ് ബിൻ സൽമാൻ മതനിരാസത്തിനെതിരെ നിയമനിർമ്മാണം നടത്തുകയും രാജ്യത്ത് ലിബറൽ ജീവിത രീതികൾക്ക് പരവതാനി വിരിച്ച് കൊടുക്കുകയും ചെയ്യുന്നു. 
സത്യത്തിൽ , അദേഹം ഒരു യൂറോപ്യൻ നിർവ്വചിത ആധുനികൻ അല്ല .2030 ആവുമ്പോഴേക്കും ലോകത്തെ പത്തിലൊരു സാമ്പത്തിക ശക്തിയായ് വളരണമെങ്കിൽ സാമ്പ്രദായിക എണ്ണക്കച്ചവടത്തിനപ്പുറം വ്യവസായ - വിനോദ സൗഹൃദരാജ്യമായി യൂറോപ്യർക്ക് മുമ്പിൽ സൗദിയെ ചമയിച്ച് നിർത്തലാണ് രാജകുമാരന്റെ ലക്ഷ്യം . സൗദിക്കാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന തൊഴിൽ ഭേദഗതികൾ , ലിംഗാതീത അവസരസമത്വങ്ങൾ അഥവാ Liberization and Openness എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച മാറ്റങ്ങൾ തുടർച്ചയായ് അവിടെ വരുന്നു. 
Manhel Otaibi യെ പോലുള്ള സൗദി ഫെമിനിസ്റ്റുകൾ ബാറിൽ നിന്ന് മദ്യം നുണയുന്ന വീഡിയോ എയറിലിടുന്ന സമയത്ത് തന്നെയാണ് ആ സൗകര്യം ചെയ്ത് കൊടുക്കുന്ന അതേ ഭരണകൂടം LGBTQ + ക്യാമ്പയിനും എയ്തിസവും ഭരണകൂട വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത് എന്നതാണ് കൗതുകം. 
അതായത് : ജീവിതത്തിൽ പടിഞ്ഞാറൻ മൂല്യങ്ങൾ ചേർത്തും പേർത്തും വെക്കുന്നവർക്ക് മതനിരാസ പ്രവണതയെ ചെറുക്കാനാവില്ല , എന്ന് മാത്രമല്ല , അവരോടുള്ള ദേഷ്യം , മതം വിട്ട് പ്രകടിപ്പിക്കുന്ന രാഷ്ടീയം വളരുകയും ചെയ്യും .സാംസ്ക്കാരിക ന്യൂനപക്ഷങ്ങൾക്ക് സ്വന്തം മൗലിക സംസ്ക്കാരങ്ങളേക്കാൾ വിസിബിലിറ്റി കൊടുത്ത് കൃത്വിമമായ സെമിസെക്യുലർ പരിവേഷം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ വിന എന്ന് അതിനെ വിശേഷിപ്പിക്കാം. നാസ്തിക ധാർമ്മികതയെ ആഗോള പ്രവണതയാക്കുന്നതിൽ കമ്മ്യൂണിസത്തേക്കാൾ വിജയിച്ചത് കമ്മ്യൂണിസത്തെ പോലും അതിജയിച്ച ലിബറലിസമാണന്ന് കണക്കുകൾ പറഞ്ഞ് തരും . ഡെന്മാർക്ക് , ആസ്ട്രേലിയ , നോർവേ , ബെൽജിയം , എസ്റ്റോണിയ , ചെക്ക് റിപ്പബ്ലിക്ക് , സ്വീഡൻ , ചൈന , ജപ്പാൻ , യു കെ എന്നിങ്ങനെയാണ് നാസ്തികതയുടെ പെരുപ്പപ്പട്ടിക നീളുന്നത്. കമ്മ്യൂണിസത്തിന് വളരാൻ ഭരണപങ്കാളിത്തം വേണമെങ്കിൽ ലിബറലിസം ഇരകളെ കണ്ടെത്തുന്നത് ദൈനംദിന ജീവിതത്തിൽ പരോക്ഷമായി ഇടപെട്ടുകൊണ്ടാണ്. 

രണ്ട് :മിഡിലീസ്റ്റ് കേന്ദ്രീകരിച്ച് നടന്ന മുല്ലപ്പൂ വിപ്ലവത്തിന് ശേഷമാണ് ഗൾഫ് മേഖലയിൽ മതനിരാസ പ്രവണത വർദ്ധിച്ചത് എന്ന നിരീക്ഷണമാണ് പലരും മുന്നോട്ട് വെക്കുന്നത്. അതിന് പിറകിൽ രണ്ട് പേരണകൾ ഉണ്ട്. 
ഒന്നാമതായി , വിപ്ലവാനന്തരം തങ്ങളുടെ രാജ്യത്തെ യുവാക്കളുടെ ചെറിയചെറിയ സംഗമങ്ങൾ പോലും ഭരണകൂടം സാകൂതം നിരീക്ഷിക്കാൻ തുടങ്ങി. ഭരണവിരുദ്ധ സംസാരങ്ങളും വിപ്ലവബോധവും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്കിടയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ സർക്കാർ അടിച്ചമർത്തലിനേക്കാൾ നല്ലവഴി വിനോദാവസരങ്ങൾ വർദ്ധിപ്പിച്ച് കൊടുത്ത് കെട്ടിക്കിടക്കുന്ന സമയവിഭവോർജ്ജം ആ വഴികളിൽ ഗതിതിരിച്ച് വിടാൻ ആസൂത്രണങ്ങൾ നെയ്യുകയായിരുന്നു. 
അതിന് ശേഷമാണ് , നടേപ്പറഞ്ഞ Libarization വാണിജ്യമേഖലയിൽ നിന്ന് സാംസ്കാരിക രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചത്.
ഇതര നാടുകളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് തോന്നിയത് പോലെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനായ് സ്വന്തം ഖജനാവ് കാലിയാക്കുകയും , അതേ ജീവിതത്തോട് തോന്നുന്ന അഭിനിവേഷം സ്വന്തം ജനതക്ക് നിഷേധിക്കുകയോ അസ്ഥാനത്ത് മതം പറഞ്ഞ് നിരുൽസാഹപ്പെടുത്തുകയോ ചെയ്യുന്നതിന്റെ റീയാക്ഷനാണ് അവിടങ്ങളിലെ മതനിരാസം .
രണ്ടാമതായി , ആർക്കും ആരോടും ബഹുമാനമോ വിശ്വാസമോ പണ്ഡിതന്മാരോട് ആദരവോ ഇല്ലാതാവും വിധം മുല്ലപ്പൂ വിപ്ലവാനന്തര രാഷ്ടീയം അവിടെ മാറിമറിഞ്ഞു. ഈജിപ്തിൽ Pro & Anti ബ്രദർഹുഡ് എന്നിങ്ങനെ പണ്ഡിതന്മാർക്ക് ഫാൻസുകൾ രൂപപ്പെട്ട് ' പ്രധാനശത്രു ' ആരാണെന്ന കാര്യത്തിൽ തർക്കിച്ച് സ്വയം ശത്രുക്കളായി . ഫലത്തിൽ 12 ശതമാനത്തോളം പേർ എയ്തിസത്തിന്റെ പടിപ്പുരയായ Non Religious ഘട്ടത്തിലെത്തി. 
എന്നാൽ ബൗദ്ധിക ക്യാമ്പയിനുകൾക്ക് അവിടെ ഒട്ടും പഞ്ഞമില്ല താനും . മുഹമ്മദ് മുർസിയുടെ ഇസ്ലാമിസ്റ്റ് ടീം സാമ്പ്രദായിക മുസ്ലിം വോട്ട് നേടാതിരിക്കാനായ് അവരേക്കാൾ വിപുലമായ മതസംരക്ഷണ നിയമങ്ങളാണ് കൃത്ര്വിമമായി പുതിയഭരണകൂടം കൊണ്ടുവരുന്നത്. 
ഇയ്യിടെ പിടിക്കപ്പെട്ട 
മതനിരാസകർ രഹസ്യസംഗമങ്ങൾ നടത്തിയിടുന്ന ഒരു കഫേയുടെ ചുവരിൽ അവർ പൊറുതിമുട്ടി ഇങ്ങനെ കുറിച്ചിട്ടു :
" Even the muslim brotherhood did not go this far when it was in power " . 
അതായത് : മുസ്ലിം ബ്രദർഹുഡിനേക്കാൾ വലിയ ശല്യമായായല്ലോ ഇവറ്റകൾ എന്നർത്ഥം . 

മൂന്ന്: സ്വന്തം ജീവിതത്തിലും ഭരണത്തിലും മതധാർമ്മികതയെ സ്വയം വ്യാഖ്യാനിച്ച് ആധുനികമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം അതേ രീതിയിൽ മതത്തെ സ്വയം നിർണ്ണയിക്കാനുള്ള ജനങ്ങളുടെ താൽപര്യത്തെ ശരീഅ: പറഞ്ഞ് അടിച്ചമർത്തുന്നതാണ് അടുത്ത പ്രശ്നം . 
ശരീഅ: ഭരണഘടനയായ രാഷ്ട്രങ്ങളിൽ പ്രതിഷേധ രാഷ്ട്രീയമാണ് ശരീഅ : നിരാസം എന്ന മതനിരാസം . അവർ മതം വിടുന്നത് സ്‌റ്റീഫൻ ഹോക്കിങ്ങിനെയോ യുവാൽ നോവ ഹരാരിയെയോ മറ്റോ വായിച്ചോ നിക്ഷ്പക്ഷമായി പഠിച്ചോ ഒന്നുമല്ല

തങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നവർക്കില്ലാത്ത മതബോധം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ്.
സ്വകാര്യ ജീവിതത്തിൽ മതം വിട്ടശേഷം സമാനമനസ്ക്കരെ കണ്ടെത്താനാണ് അത്തരം സംഘടനകളിലേക്ക് /സംഗമങ്ങളിലേക്ക് ചേരുന്നത് .അതാണ് എക്കാലത്തെയും മനുഷ്യരുടെ രീതി.
കമ്പോളവൽക്കരണം , ഉദാരവൽക്കരണം തുടങ്ങിയവയുടെ സുഖലോലുപ ജീവിതരീതി പിൻപറ്റുന്നവർക്ക് യഥാർത്ഥ ഇസ്ലാം അപകർഷത ഉളവാക്കും . അവർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതനിരാസത്തെ കുറിച്ച് ബോധവൽക്കരണവും നടത്തും . അത് അതിലേറെ വിപരീത ഫലം വരുത്തുകയും ചെയ്യും .
നാല് : ഇതാണ് ഇക്കാര്യത്തിൽ ഏറ്റവും ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ ഘടകം .ഈജിപ്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഇസ്ലാമിക്ക് മോഡേണിസവും ( നിയോ മുഅ'തസലിസം) 
ഈ ഭാഗം വിലയിരുത്തുമ്പോൾ , സിയാഉദ്ദീൻ സർദാർ , അസ്ഗറലി എഞ്ചിനീയർ, അലി ഇസ്സത് ബെഗോവിച്ച് തുടങ്ങിയവരുടെ സ്വതന്ത്ര , സെമിമതേതര ഇസ്ലാം ആവിഷ്ക്കാരങ്ങളുമെല്ലാം ലോകാടിസ്ഥാനത്തിൽ മുസ്ലിംകളെ തെറ്റായി സ്വാധീനിക്കുകയും മതപ്രമാണങ്ങളെ സെക്കുലർ പൊതുബോധത്തിനനുസരിച്ച് കത്രിച്ച് വ്യാഖ്യാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. യൂറോപ്യൻ സ്വതന്ത്രചിന്തയുടെ നിർണ്ണയങ്ങളായിരുന്നു അവരുടെ ആധാരം.  
എങ്ങനെയാണ് യൂറോപ്യൻ ദാർശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞിരുന്നുവെങ്കിൽ ഇസ്ലാമിക് മോഡേണിസ്റ്റുകളായ മുഹമ്മദ് അബ്ദു , റഷീദ് രിദ , ജമാലുദ്ധീൻ അഫ്ഗാനി , ഫരീദ് വജ്ദി ,മുസ്തഫാ മറാഗി ,ഖാസിം അമീൻ ,ഹുസൈൻ ഹൈക്കൽ തുടങ്ങിയവരുടെ വാദങ്ങൾ അവരെത്തന്നെ തിരിഞ്ഞുകുത്തുമായിരുന്നു.
റെനെ ദെക്കാർത് ,ഇമ്മാനുവൽ കാൻ്റ് ,ബറൂച് സ്പിനോസ എന്നിവരുടെ ആശയവാദവും ഫ്രാൻസിസ് ബേക്കൺ , ജോൺ സ്റ്റാർട്ട് മിൽ തുടങ്ങിയവരുടെ അനുഭവ വാദവും സമം ചേർത്ത പതിപ്പായിരുന്നു ഇസ്ലാമിക് മോഡേണിസം എന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ ബോധ്യമാവും .

ഏതൊരുകാര്യവും സ്വീകരിക്കേണമോ ,നിരാകരിക്കേണമോ എന്ന കാര്യത്തിൽ നിരുപാധികമായ തീർപ്പ് ഉണ്ടാക്കിയതിന് ശേഷം ,അതിനനുകൂലമായ രീതിയിൽ തെളിവുകൾ പരിശോധിക്കുക എന്നതാണ് വാസ്തവത്തിൽ യൂറോപ്യൻ , മാർക്സിയൻ . രീതി. വിചിത്രമെന്ന് പറയട്ടെ , നിരീശ്വരവാദികൾ ഈശ്വരവാദികൾക്കെതിരെ മറിച്ചുന്നയിച്ച് മുൻകൂർ ജാമ്യം നേടുന്ന ഒരു വസ്തുത കൂടിയാണിത്. അമേരിക്കൻ തത്വചിന്തകനായ വില്യം ജയിംസ് രചിച്ച Pragmatism എന്ന കൃതി അതിനെ ഒരു സ്വീകാര്യ ചിന്താരീതിയായി അംഗീകരിക്കുന്നുണ്ട്.
ബ്രിട്ടീഷ് താത്വികനായ Jermy Bentham ,Alfred Von Kremer ,Georges Anawati ,Luice Gardet തുടങ്ങിയവർ അതേ രീതി ഔദ്യോഗികമായി അവലംബിച്ചവരാണ്. അവർ രചിച്ച The Philosophy of religious thought between islam and christyanity , H A R Gibb രചിച്ച The structure of Religious thought in islam തുടങ്ങിയ കൃതികൾ , ആധുനിക ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്ക് അപ്രാപ്യമായ മതവിശ്വാസം തള്ളപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചതാണ്. മുസ്ലിം മോഡേണിസ്റ്റുകൾ സ്വീകരിച്ച നിർണ്ണയങ്ങൾ ഇവരുടേതാണ്. അക്കാലത്തെ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിൽ പലതും നൂറ് - നൂറ്റമ്പത് വർഷങ്ങൾക്കിപ്പുറം തള്ളപ്പെട്ടു. സ്ഥായിയല്ലാത്ത തുടരന്വേഷണങ്ങളാണ് ശാസ്ത്രീയ നിഗമനങ്ങൾ എന്നത് അത്തിരക്കുകൾക്കിടയിൽ അവരോട് മറന്നു പോയി.

19- 20 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികൾ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകർശതയാണ് അവരെ പല വിഡ്ഢിത്തങ്ങൾക്കും പ്രേരിപ്പിച്ചത്.
അവർ പടിഞ്ഞാറൻ പദാർത്ഥവാദത്തിന്റെ താക്കോലുകളായി പ്രവർത്തിച്ചു . ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിൻ്റെ ഇരകളായിരുന്നു അവർ. അവരിൽ പ്രധാനി തന്നെയായിരുന്ന ഹുസൈൻ ഹൈക്കലിന്റെ വിശ്വേത്തര കൃതിക്ക് ആമുഖമെഴുതി ബലം പകർന്ന ഫരീദ് വജ്ദി , അൽ അസ്ഹറിൻ്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30- 8 - 1937ൽ അൽ അഹ്റാം പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട് .
" ശാസ്ത്രീയ പുരോയാനത്തിൻ്റെ വഴികളിൽ തങ്ങളുടെ മതവും ,മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താൽ പൗരസ്ത്യ മുസ്ലിം പണ്ഡിതന്മാർ ഒരക്ഷരം എതിർത്തുരിയാടിയില്ല , ശാസ്ത്രം പുരോഗമിച്ചാൽ വിശ്വാസികൾ നാസ്തികന്മാരാവുമെന്ന് അവർക്കറിയാമായിരുന്നു " .
ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം അൽ അസ്ഹറിലെ ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്.
മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നിൽ . ഇസ്ലാമിക് യുക്തിവാദത്തേക്കാൾ അയുക്തികം മറ്റൊന്നുമില്ല .

ഐഡന്റിറ്റി രാഷ്ട്രീയ ഭാഷ്യങ്ങൾ നിയമനിർമ്മാണ വേദിയിൽ പറയാൻ അപകർഷത തോന്നുന്ന രാഷ്ട്രീയബോധ(മില്ലായ്മ )ത്തിന് മതനിരാസത്തിലേക്ക് നേരിട്ട് പാലം പണിയാനാവും . ഇസ്ലാമിക ചിഹ്നങ്ങൾക്ക് സംരക്ഷണമേകൽ ഗവൺമെന്റിന്റെ ചുമതലയാണ് . മുസ്ലിം രാഷ്ട്രീയത്തിന്റെ ചുമതല അവ സംരക്ഷിക്കലല്ല , മറിച്ച് അവ അനുശീലിക്കലും പ്രയോഗവൽക്കരിക്കലും അത് വഴി അവയെ ബഹുസ്വരതയുടെ ചിഹ്നങ്ങളാക്കലുമാണ്. 
നാളെ നായയാകുമെന്ന് കരുതി ഇന്ന് തന്നെ വെണ്ണീറ്റിൽ പോയി കിടക്കുക എന്ന പ്രയോഗമാണ് ചിലപ്പോഴൊക്കെ അനാവൃതമാകുന്നത്.
ഒരാളുടെ ഉള്ളിലും രണ്ട് ഹൃദയങ്ങൾ ഉണ്ടാവില്ല , അതായത് : വിപരീതങ്ങളെ ഒരേ സമയം ഹൃദയപക്ഷമാക്കാൻ ഒരാൾക്കും സാധ്യമല്ല.കാര്യലാഭത്തിന് വേണ്ടി പ്രമാണങ്ങളെയും സാഹചര്യങ്ങളെയും സ്വയം വ്യാഖ്യാനിക്കുന്നവർ Ex . Islam ന്റെ ഉമ്മറപ്പടിയിലെത്തിക്കഴിഞ്ഞു .
ആദരവും ഭവ്യതയുമില്ലാതെ വിയോജിപ്പുള്ള പണ്ഡിതന്മാരെ കുറിച്ച് പോലും അപഖ്യാദികൾ ദ്യോതിപ്പിക്കുന്ന ശൈലികൾ മതത്തിന്റേതാണോ , മതനിരാസത്തിന്റേതല്ലേ ?
എല്ലാം പോലെ ജ്ഞാനവും മെറ്റീരിയലാണെന്ന് കരുതുന്ന പ്രത്യയശാസ്ത്രത്തിൽ മര്യാദ, ഭവ്യത പോലോത്ത സബ്ജക്ടീവിസത്തിന് സ്ഥാനമില്ല . എല്ലാം ഒബ്ജക്ടീവ് രീതിയിൽ വിശകലന മാപിനി വെച്ച് ഇഴകീറി പുറത്തിട്ട് തർക്കിക്കുന്ന രീതിയോളം അപകടം വിതക്കുന്ന മറ്റൊന്നുമില്ല തന്നെ.
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us