loader
blog

In General

By Shuaibul Haithami


നാസ്തികത മലയാളം: നട്ടം തിരിയുന്നവർ തട്ടം തെരയുമ്പോൾ

2022ൽ ഒരേദിവസം രണ്ട് ആൾക്കൂട്ടങ്ങൾ സംഘടിപ്പിച്ച് ബലാബലം പ്രദർശിപ്പിക്കാൻ ശ്രമിച്ചത് മുതലാണ് കേരളത്തിലെ നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വഴിപിരിച്ചിൽ കൃത്യമായത് എന്ന് പറയാം. 'എസ്സൻസ് ഗ്ലോബൽ' എന്ന തട്ടമിട്ട് സംഘടിക്കുന്ന വലതു നാസ്തിക പക്ഷത്തെ നയിക്കുന്നത് ഔദ്യോഗികമായെല്ലെങ്കിലും, താത്വികമായി സി. രവിചന്ദ്രനാണ്. ഡോ. സി. വിശ്വനാഥന്റെ കാർമികത്വത്തിലുള്ളവരാണ് മറുപക്ഷത്തുള്ളത്. സി. വിശ്വനാഥൻ നേതൃത്വം നൽകുന്ന, സഹോദരൻ അയ്യപ്പനിലേക്കും കുറ്റിപ്പുഴ കൃഷ്ണപിള്ളയിലേക്കും ചേരുന്ന തനത് കേരള നിരീശ്വരവാദ പാരമ്പര്യം അവകാശപ്പെടുന്ന മാനവിക യുക്തിവാദികളാണ്.

എന്താണ് വലതുപക്ഷ വ്യതിയാനം?

ഏറ്റവും ലളിതമായി പറഞ്ഞാൽ, വ്യവസ്ഥാപിത മതങ്ങൾ പരിചയപ്പെടുത്തുന്ന അദൃശ്യ ദൈവത്തെ നിഷേധിച്ച്, ശരിയും തെറ്റും നിർണയിക്കാനുള്ള അധികാരം പ്രകൃതിയാൽ തെരഞ്ഞെടുക്കപ്പെടുന്ന ദൃശ്യരായ മനുഷ്യനോ മനുഷ്യർക്കോ ആണെന്ന് സിദ്ധാന്തിക്കുന്ന കൃത്രിമ നിരീശ്വരത്വമാണ് വലതുപക്ഷ നാസ്തികത. യുക്തിവാദം ഒരു ചിന്താരീതിയാണെങ്കിൽ നവനാസ്തികത ചിന്താപദ്ധതിയാണ്. വംശം, നിറം, ദേശം, ഭാഷ തുടങ്ങിയ മാനങ്ങളാണ് മേധാവിത്വത്തിന്റെ നിർണയങ്ങൾ. ഫ്രഡറിക് നീത്ഷെയാണ് ആ കാഴ്ചപ്പാടിന് കൃത്യമായ ഊടുംപാവും നൽകിയത്. അയാളുടെ 'സരത്തുസ്ട്ര'യെ വലതു നാസ്തികതയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാം. പ്രകൃതിയാൽ തെരഞ്ഞെടുക്കപ്പെടുന്ന സവിശേഷ ജനിതക ഘടനയുള്ളവർക്ക് സുഖിക്കാൻ വേണ്ടി അസുഖങ്ങൾ സഹിക്കേണ്ടവരാണ് മറ്റുള്ളവർ എന്ന 'യൂജനിക് - സോഷ്യൽ ഡാർവിനിയൻ' രാഷ്ട്രീയത്തിന്റെ മർമം നീത്ഷേയുടെ മോറൽ കോഡാണ്. ചാതുർവർണ്യം, യൂറോപ്യൻ വംശീയത, ഇന്ത്യൻ ഹിന്ദുത്വ എല്ലാം അവിടെ സന്ധിക്കുന്നു. ഭരണകൂടത്താൽ തെരെഞ്ഞെടുക്കപ്പെടുന്ന വംശത്തിന് മാത്രമായി അവിടെ പ്രിവിലേജുകൾ വീതംവയ്ക്കപ്പെടുന്നു. ഇതിനോടൊപ്പം, സാം ഹാരിസ് റിച്ചാർഡ് ഡോകിൺസ്, ക്രിസ്റ്റഫർ ഹിച്ചൺ, പീറ്റർ സിംഗർ തുടങ്ങിയവരുടെ ഉത്തരാധുനിക കൃതികളും വംശീയ കാഴ്ചപ്പാടുകളും ചേർന്നതോടെ വലതുപക്ഷ, മുസ് ലിം വിരുദ്ധ'നവ'നാസ്തികത രൂപപ്പെട്ടു. ചുരുക്കത്തിൽ, വലതുപക്ഷ നവനാസ്തികത എന്നത് അണുബോംബിന്റെ പ്രഹരശേഷിയുള്ള ആഗോള രാഷ്ട്രീയ നുണബോംബാണ്. അല്ലാതെ, കേവലം ദൈവാസ്തിക്യം ചർച്ച ചെയ്യുന്ന സംഗതിയേയല്ല.


വലതു നാസ്തികതയും കമ്യൂണിസവും

ഇസ് ലാമികബോധം വിരുദ്ധം പൊതുബോധം എന്ന കൽപ്പിത നിർമിതിക്കുവേണ്ടി പടയ്ക്കപ്പെടുന്ന നുണകൾക്ക് ശക്തിപകരാൻ കഴിഞ്ഞ ദിവസം ഒരു കമ്യൂണിസ്റ്റ് നിരീശ്വരവാദി മുസ് ലിം വിരുദ്ധ പ്രസ്താവന നടത്തുകയുണ്ടായി. ഇത് സ്വന്തം ചരിത്രത്തിന്റെ വേരുകൾക്കെതിരായ സമരമാണെന്ന് സഖാവിന് പറഞ്ഞു കൊടുത്താലും മനസിലായെന്ന് വരില്ല. ഉദാഹരണത്തിന്, റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലെനിനെ നേതാവായി തന്റെ പ്രഭാഷണങ്ങളിൽ വാഴ്ത്തിയ സഹോദരൻ അയ്യപ്പനാണ് ഇവിടെ യുക്തിവാദം ആരംഭിച്ച ആധുനികൻ. എന്നാൽ, അതേ അയ്യപ്പൻ രാഷ്ട്രീയ ഇസ് ലാമിൻ്റെ മാനവികതലം അംഗീകരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മകളുടെ പേര് ആഇശ എന്നായിരുന്നു എന്നത് ഇന്നത്തെ 'മുനാഫിഖ്' യുക്തിവാദികൾക്ക് മനസിലാവില്ല. ഹിജാബും നിഖാബും അണിയുന്ന മുസ് ലിം സ്ത്രീകളുടെ സ്വപ്ന ചക്രവാളത്തിലെ റാണിയാണ് ചരിത്രത്തിലെ ആഇശ എന്നറിയാതെയല്ല അയ്യപ്പൻ മകൾക്ക് ആ പേരിട്ടത്. കീഴാള, സ്ത്രീത്വ വിമോചനത്തിന്റെ പ്രതീകമായിരുന്നു പ്രവാചക പത്നിയായിരുന്ന ആ നാമകാരി എന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.

ഇസ് ലാമിനോട് താദാത്മ്യം കണ്ടെത്തിയ ഭൗതികവാദികൾ വേറെയും ഉണ്ടായിരുന്നു. നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ് ലാമിനോട് താദാത്മ്യപ്പെടുന്ന അകധാര കണ്ടെത്തിയവരായിരുന്നു. കേരളീയ യുക്തിവാദത്തിന് മറക്കാനാവാത്ത നാമം എം.സി ജോസഫ് തന്റെ ആത്മകഥയായ 'യുക്തിപ്രകാശത്തിൽ', അറബികളെ ഏകസമുദായമാക്കി ഒരുമിപ്പിക്കുന്നതിലും വിഗ്രഹാരാധന ഒഴിവാക്കിപ്പിക്കുന്നതിലും സാഹോദര്യം സ്ഥാപിക്കുന്നതിലും വിജയിച്ച പ്രവാചകനെ പ്രകീർത്തിക്കുന്നുണ്ട്.

കേരളത്തിൽ, 1970കളിൽ യുക്തിവാദിസംഘത്തിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആർ.എസ്.പി, നക്സലൈറ്റുകൾ തുടങ്ങി പലരും ഉണ്ടായിരുന്നു. എം.എ ജോൺ, ഡോ. എം.എ കുട്ടപ്പൻ, പവനൻ, വി. ജോർജ്, തെങ്ങമം ബാലകൃഷ്ണൻ, ഇടമറുക്, യു. കലാനാഥൻ, കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കൾ. പവനനും യു. കലാനാഥനും നേതൃത്വത്തിൽ എത്തിയതോടെ അവർക്കിടയിൽ ആഭ്യന്തര സംവാദങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാർക്സിവും തമ്മിലുള്ള സംവാദമുണ്ടായത്. പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തുനിന്നും ഇ.എം.എസ് മാർക്സിസ്റ്റ് പാർട്ടിയുടെ പക്ഷത്തുനിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു. ജാതീയ മേൽക്കോയ്മക്കെതിരിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വളർത്തിയ സ്വതന്ത്രചിന്ത നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ.

അജ്ഞതയുടെ ആഘോഷങ്ങൾ

സി രവിചന്ദ്രന്റെ നവനാസ്തിക സംഘം 'ലിറ്റ്മസ്' എന്ന പേരിൽ നടത്തുന്ന 'താൻപോരിമാ വിഭ്രാന്തികൾ'( Super eago delusion) മതംവിട്ടിട്ടും മതത്തിലൊട്ടിപ്പോയ യൂട്യൂബ് പൗരന്മാരുടെ പരിഭവങ്ങൾ മാത്രമാണധികവും. നിർമാണാത്മകമായി ഒന്നും സമൂഹത്തിന് നൽകാൻ അവർക്കാവില്ല. കാരണം, നവനാസ്തികത ജീവിതരീതി മുന്നോട്ടുവയ്ക്കുന്നില്ല. വംശീയ ഭരണവർഗത്തെ ശരിവയ്ക്കുക എന്നതാവും എപ്പോഴും നവനാസ്തികത എന്ന കപട യുക്തിവാദികളുടെ ശ്രമം. സി. രവിചന്ദ്രന്, സി.എ.എ-എൻ.ആർ.സിയെ ന്യായീകരിക്കാനാവുന്നതും എൻഡോസൾഫാൻ ഇരകളുടെ ദൈന്യത വിഷയമാവാത്തതും അതുകൊണ്ടാണ്. വലിയ വായിൽ ശാസ്ത്രജ്ഞാനഭിനയിച്ച് അദ്ദേഹം പറഞ്ഞുപെട്ട - ഹൈഡ്രജൻ ബലൂണിലുള്ള സ്പേസ് യാത്ര, അജിനാമോട്ടോയുടെ രൂപീകരണം തുടങ്ങിയ വിടുവായത്തങ്ങൾ തന്റെ വിശ്വാസികളിൽ ഒരിളക്കവും ഉണ്ടാക്കിയിട്ടില്ല. കാരണം അദ്ദേഹം തന്നെ പറയാറുണ്ട് - 'ദൈവങ്ങളോടുള്ള മതിഭ്രമം'. 'തെളിവുകൾ നയിക്കട്ടെ 'എന്ന് തന്നെയാവും ചിരിയൊട്ടും വരാതെ അവരപ്പോഴും ചുവരിലെഴുതുക!


'തട്ടം ഒരു ഭീകരജീവിയല്ല'

സമുദായത്തെ തൊടാൻ കരുത്തില്ലാത്ത ദുർബല അമ്പുകളിൽ പിടിച്ച് തൂങ്ങുന്നതിന് പകരം അവയെ അവഗണിക്കാൻ ഇനിയെങ്കിലും സാമുദായ സ്നേഹികൾ പഠിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരാൽ അജൻഡ തീരുമാനിക്കപ്പെടരുത്. നാസ്തിക സമ്മേളനത്തിന് അനർഹ ദൃശ്യത നൽകാൻ സഖാവ് വച്ചുകൊടുത്ത ചൂണ്ടയാവാമത്. എന്നാൽ, തട്ടച്ചർച്ച ഇവിടെ ഒരു വാർഷിക വിവാദമായതിനാലും പലരും പലതായും അതിനെ മുതലെടുക്കുന്നതിനാലും ചില വാസ്തവങ്ങൾ സഖാവും മുതലെടുപ്പുകാരും മറക്കരുത്.

ഒന്ന്: 'മലപ്പുറം' ഇസ് ലാമിന്റെയോ മുസ് ലിംകളുടെയോ ആത്യന്തിക കേന്ദ്രമല്ല. കേരളത്തിൽ കൂടുതൽ ക്ഷേത്രങ്ങളും മനകളുമുള്ളതും ആ ചുറ്റിടങ്ങളിൽ തന്നെയാണ്. അതോർക്കാതെ, തട്ടമിട്ടവർ നേടിയ നേട്ടപ്പട്ടിക നിരത്തി മറുപടി നൽകുക വഴി ദേശീയ ഫാസിസത്തിന്റെ 'ഭീകര മലപ്പുറം' തന്ത്രം ബലപ്പെടുന്നു.

രണ്ട്: സഖാവ് പറയുന്നത് ശരിയാണെങ്കിൽ, തങ്ങളുടെ പാർട്ടിഗ്രാമങ്ങൾ ഏറ്റവും നിറഞ്ഞ കാസർകോടും കണ്ണൂരുമാണ് താരതമ്യേനെ ഹിജാബും നിഖാബും - ഫാഷനായും അല്ലാതെയും - കൂടുതലുള്ളത് എന്നതിനർഥം സ്വന്തം തട്ടകത്തിൽ പ്രസ്ഥാനം വട്ടപ്പൂജ്യമാണെന്നാണോ?

മൂന്ന്: അതിനപ്പുറം, ഒരു തുണ്ട് തുണിയുമായി ബന്ധപ്പെട്ടതാണോ മനുഷ്യരുടെ ഉയർച്ച -താഴ്ച്ചകൾ? ഹിജാബണിഞ്ഞ പെൺകുട്ടികൾ കഴിഞ്ഞ 25 വർഷങ്ങൾക്കിപ്പുറം മലബാറിൽ നേടിയെടുത്ത പുരോഗതിയെ ആദൃശ്യപ്പെടുത്താൻ മാത്രം ശക്തമല്ല അത്തരം വംശീയദ്ദേശ്യങ്ങൾ.

നാല്: ശക്തവും പരമ്പരാഗതവുമായ മതബോധവും പണ്ഡിത-ധാർമിക സംവിധാനങ്ങളുമായി ബന്ധമുള്ള മുസ് ലിം പെൺകുട്ടികളെ തട്ടമൂരിപ്പിക്കാൻ ഒരു കമ്യൂണിസ്റ്റിനുമാവില്ല. അതേസമയം, മതത്തിനകത്തെ മുൻഗണനാക്രമങ്ങൾ നിർണയിക്കാൻ സ്വയം ഗവേഷണ സ്വാതന്ത്ര്യം നിർമിച്ചെടുത്ത്, ഗൂഗിൾ നോക്കി പണ്ഡിതന്മാരെ തിരുത്താൻ ശ്രമിച്ച്, ആർക്കും എന്തും പറയാവുന്ന വിധം ലിബറൽ ഇസ് ലാമിനെ ഉണ്ടാക്കുന്ന ശ്രമങ്ങൾ തട്ടമുരിയുന്ന മുസ് ലിം പെൺകുട്ടികളെ സൃഷ്ടിക്കും. അത്തരക്കാരെ സ്വാധീനിക്കാൻ കമ്യൂണിസത്തിന് ശക്തിയുണ്ടാവും.

എസ്.എഫ്.െഎ സ്വതന്ത്രചിന്ത പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന അതേ ഭാഷയിൽ ഇസ് ലാമിനെ വായിക്കാൻ പഠിപ്പിക്കുന്നതിൽ സമാന പ്രശ്നമുണ്ട്. വിശ്വാസത്തെ ലാഘവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന ചുറ്റിടങ്ങളിൽ നിന്ന് അകന്ന് അകക്കാമ്പും അകക്കാഴ്ച്ചയുമുള്ള വിശ്വാസ കേന്ദ്രങ്ങളോട് ഇളം തലമുറയെ ബന്ധപ്പെടുത്താതെ കേവലം മുദ്രാവാക്യങ്ങൾ കൊണ്ട് കാര്യമില്ല. വിശ്വാസം ദുർബലമായതിനാൽ ഇസ് ലാമിക ചിഹ്നങ്ങൾ ഉരിഞ്ഞിടുന്ന അറബ് ലോകം നമുക്ക് ദൃഷ്ടാന്തമാണ്.

അഞ്ച്: ഉത്തരവാദപ്പെട്ട പണ്ഡിത നേതൃത്വം കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന ഭരണസംവിധാനവുമായി സമ്പർക്കപ്പെടുന്നതിനെതിരേ ഈ അവസരം മുതലെടുപ്പ് നടത്തുന്നത് അൽപ്പത്തമാണ്. പക്ഷേ, പ്രതിപക്ഷ-ഭരണപക്ഷ ദ്വന്ദമെന്ന ജനാധിപത്യ രാഷ്ട്രീയ യുക്തിയല്ല ഉലമാഇന്റെ രീതി. വിശ്വാസം മുറുകെപ്പിടിച്ച് അത് സംരക്ഷിക്കാൻ വേണ്ടപ്പോൾ, വേണ്ടവരെ ബന്ധപ്പെട്ട് ചെയ്യലാണ്. തുമ്മുമ്പോൾ തെറിക്കുന്ന മൂക്കല്ല യഥാർഥ വിശ്വാസം. ആശയപരമായി മതിയായ മുൻകരുതലുകളും മാസ്കും കൈയുറയും വച്ചവർക്ക് ഏത് 'നിപ' യെയും സമീപിക്കാം. അല്ലാത്തവർ മതിയായ സുരക്ഷകൾ സ്വീകരിക്കുകയാണ് വേണ്ടത്.

ആറ്: സഖാവിനോട് ചോദിക്കട്ടെ, കേരളത്തിലെ കമ്യൂണിസ്റ്റ് നാസ്തികത സത്യസന്ധമാണെങ്കിൽ ജനന- വിവാഹ - മരണ ചടങ്ങുകളിലും മറ്റ് പൊതുചടങ്ങുകളിലും ഹൈന്ദവാചാരങ്ങളെ മാത്രമെന്തേ 'പൊതു' ആയി വാഴ്ത്തുന്നത്? സർക്കാർ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്താതെ, ഇലക്ട്രിക് സ്വിച്ച് ഓൺ ചെയ്യുന്ന ചടങ്ങ് ഇനിയും കേരളം കാണാത്തതെന്തേ? ജാതകവും രാശിയും ഒക്കാഞ്ഞിട്ട് മംഗല്യം അസാധ്യമായ കാലത്തുനിന്ന് മലപ്പുറത്തെ ഹിന്ദു പെൺകുട്ടികളെ മോചിപ്പിക്കാൻ നിങ്ങളുടെ പ്രസ്ഥാനത്തിന് ഇക്കാലമത്രയും കഴിഞ്ഞിട്ടും പറ്റിയിട്ടില്ലേ? ചോദ്യങ്ങൾ ഇനിയുമുണ്ട്, ഉത്തരമുണ്ടാവില്ലെന്നറിയാം.
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us