loader
blog

In Ideal

By Shuaibul Haithami


ഹുസൈൻ ഹൈക്കൽ : യുക്തിഭ്രംശങ്ങളുടെ മാസ്റ്റർപീസ്

മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പ്രമേയമാവുന്ന ആധുനിക ജീവചരിത്ര കൃതികളിൽ ശാസ്ത്രീയ സംശോധനയുടെയും സ്വഛന്ദ ശൈലിയുടെയും പേരിൽ ഏറ്റവും സുവിദിതമാണ് മുഹമ്മദ് ഹുസൈൻ ഹൈക്കലിൻ്റെ
 ' ഹയാതുമുഹമ്മദ് ' .
ഒട്ടനവധി ഭാഷാന്തരങ്ങൾ സിദ്ധിച്ച പ്രസ്തുത ജീവചരിത്രമാണ് , മലയാളത്തിലെ അക്കാദമിക വിചക്ഷണന്മാർ പൊതുവേ , പ്രവാചക ജീവിതം മനസ്സിലാക്കുവാൻ കൂടുതൽ അവലംബിക്കാറുള്ളത്. അറബീഭാഷയിലുള്ള മൂലകൃതിയുടെ ആമുഖങ്ങളോ അതിൻ്റെ രചനാ പശ്ചാത്തലമോ രചയിതാവിൻ്റെ വിശ്വാസവീക്ഷണങ്ങളോ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഗൗരവനിരൂപണങ്ങൾ മലയാളത്തിൽ കണ്ടിട്ടില്ല. 
'The Life of The Noble Prophet Muhammad ' നെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട മുഹമ്മദീയ വ്യക്തിത്വം പലരും പലയിടത്തും പരാമർശിക്കാറുണ്ട് താനും. 

ഹൈക്കലിൻ്റെ മാസ്റ്റർപീസ് കൃതിയെ സംബന്ധിച്ച വിമർശന പഠനമാണിവിടെ എഴുതുന്നത് , ആ കൃതിയർഹിക്കുന്ന നിരൂപണം അങ്ങനെയാവേണ്ടതുണ്ട് താനും. താൽപര്യമുള്ളവർക്ക് വായന തുടരാം .

രചനയുടെ ഉടൂംപാവും .

ഹുസൈൻ ഹൈക്കൽ ഒരു ചരിത്രകാരനോ ജീവചരിത്രകാരനോ അക്കാദമീഷ്യനോ മതപണ്ഡിതനോ അല്ല. പുരോഗന കാഴ്ച്ചപാടുള്ള പാർലമെൻ്ററി രാഷ്ട്രീയക്കാരൻ, നിയമമീമാംസയിൽ ഉന്നതവിദ്യസ്തനായ അഭിഭാഷകൻ ,പത്രപ്രവർത്തകൻ , നോവലിസ്റ്റ് തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രൊഫൈലുകൾ . ഈ കൃതി എഴുതുമ്പോൾ തന്നെ അദ്ദേഹം ഈജിപ്ത്യൻ ജേർണലുകളിലെ പൊളിറ്റിക്കൽ കോളമിസ്റ്റ് കൂടിയായിരുന്നു. 
1932 ഫെബ്രുവരി 26 നാണ് ഹയാതുമുഹമ്മദിൻ്റെ ആദ്യയധ്യായം 'അസ്സിയാസിയ്യതുൽ ഉസ്വൂലിയ്യ' വാരികയിലൂടെ പുറത്തുവരുന്നത്. തുടർന്ന് , 1934 ആഗസ്ത് വരെ 24 ലക്കങ്ങളലായി വന്ന തുടരെഴുത്തുകൾ സമാഹരിച്ച് കൊണ്ടാണ് ഹയാതുമുഹമ്മദ് എന്ന ആദ്യ പതിപ്പ് രൂപപ്പെടുന്നത്.
അദ്ദേഹം ബയോഗ്രഫിക്ക് വേണ്ടി എഴുതിത്തുടങ്ങുകയായിരുന്നില്ല ,മറിച്ച് 
അങ്ങനെ ആയി വരികയായിരുന്നു. 

ഹുസൈൻ ഹൈക്കൽ ഇസ്ലാമിക് മോഡേണിസ്റ്റാണ്. ഇസ്ലാമിക തത്വശാസ്ത്രത്തെ പാശ്ചാത്യമൂല്യങ്ങൾ എന്നറിയപ്പെടുന്ന മതേതരത്വം ( Secularism) ,മാനവികവാദം (Humanism) ,യുക്തിചിന്ത (Rationalism) എന്നിവയുമായി സഹസംയോജനം നടത്താനുള്ള ശ്രമമാണ് ഇസ്ലാമിൻ്റെ ആധുനീകരണം.
19 - 20 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലായിരുന്ന ഈജിപ്തിൽ നിന്നായിരുന്നു ഇസ്ലാമിക് മോഡേണിസത്തിൻ്റെ ആരംഭം. ഈജിപ്തിനെ അതിൻ്റെ മൗലികസ്വത്വമായ മതാധിഷ്ഠിത ദേശീയബോധത്തിൽ നിന്നും ,ആത്മീയനിഷ്ഠാബോധത്തിൽ നിന്നും വ്യതിചലിപ്പിക്കാതെ ,മധ്യപൗരസ്ത്യദേശങ്ങൾ അധീനപ്പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ദീർഘകാലാടിസ്ഥാനത്തിൽ വിതച്ച പദ്ധതിയായിരുന്നു അത്. ആഗോള ഇസ്ലാം രചനകളെയും തത്വശാസ്ത്ര സംവാദങ്ങളെയും നിയന്ത്രിച്ചിരുന്ന / സ്വാധീനിച്ചിരുന്ന അൽ അസ്ഹറിലെ പണ്ഡിതന്മാരെ വരുതിയിലാക്കിക്കൊണ്ടായിരുന്നു ആ മിഷനറിയുടെ പ്രവർത്തനങ്ങൾ .
അന്നത്തെ ഈജിപ്തിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണർ ആയിരുന്ന ലോർഡ് ലോയ്ഡ് എഴുതിയ Egypt since Cromer എന്ന പുസ്തകത്തിൽ അതിൻ്റെ നാൾവഴികൾ വ്യക്തമാക്കുന്നുണ്ട്. 
രചയിതാവ് ഹുസൈൻ ഹൈക്കലിൻ്റെ വൈജ്ഞാനിക പ്രചോദകരായ മൂന്ന് പേരും ,അദ്ദേഹത്തിൻ്റെ തിരുത്തൽവാദങ്ങളെ പിന്തുണച്ച് കൊണ്ട് , ഹയാത് മുഹമ്മദ് - ന് വ്യത്യസ്ത തവണകളിലായി ആമുഖങ്ങൾ എഴുതിയ അൽ അസ്ഹറിലെ പണ്ഡിതന്മാരും ബ്രിട്ടീഷ് വിധേയരായിരുന്നുവെന്ന് ലോർഡ് ലോയിഡ് വിവരിക്കുന്നു. 

അഹ്മദ് ലുത്ഫി അസ്സഈദ് എന്ന തൻ്റെ പിതാവിൻ്റെ ഉറ്റമിത്രമായിരുന്നു രചയിതാവിൻ്റെ ഏറ്റവും വലിയ മാതൃകാപുരുഷൻ. കുഞ്ഞുന്നാൾ മുതൽക്കേ ഹൈക്കലിൻ്റെ വ്യക്തിത്വവും ദർശനവും രൂപപ്പെടുത്തുന്നതിൽ ഇടപെട്ട ഈ അപരരക്ഷിതാവാണ് , ഈജിപ്ത്യൻ റിബറലിസത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്. അത്താതുർക്ക് തുർക്കിയിൽ കൊണ്ടുവന്നത് ഈജിപ്തിലും ആവർത്തിക്കണം എന്ന മതനിരാസത്തിൻ്റെ രാഷ്ട്രീയമായിരുന്നു ഈജിപ്ത്യൻ ലിബറലിസം.

മുഹമ്മദ് അബ്ദുവായിരുന്നു രചയിതാവിൻ്റെ ആരാധ്യപുരുഷൻ. 
ഇദ്ദേഹത്തിൻ്റെ രിസാലത്തൗഹീദ് എന്ന ഗ്രന്ഥം ഹൈക്കലിനെ ഏറെ ആകർഷിച്ചിരുന്നു .
നിയോ മുഅ'തസിലിസം ( Neo Mu'thasilism) എന്നറിപ്പെട്ട യുക്തിപ്രധാന പ്രമാണവൽക്കരമായിരുന്നു മുഹമ്മദ് അബ്ദുവിൻ്റെ രചനകളുടെ ആകെത്തുക. 
വഹ്യ് - ദിവ്യബോധനം ( Revelation) എന്ന രിസാലതിൻ്റെ അടിസ്ഥാനത്തെ തന്നെ അദ്ദേഹം നിരാകരിച്ചു . പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അമാനുഷിക സംഭവങ്ങളെയും നിഷേധിച്ചു. രിസാലത് എന്നാൽ ആകാശദൂത് അല്ലെന്നും , ഉയർന്ന മനോനിലവാരമുള്ള വ്യക്തിയിൽ ജനിക്കുന്ന അന്തഃജ്ഞാനമാണെന്നും വാദിച്ചു. ഓരോന്നോരോന്നായി ഇവിടെ എഴുതുന്നില്ല. 
പാശ്ചാത്യ യുക്തിചിന്തകന്മാർക്ക് അംഗീകരിക്കാൻ കഴിയാത്ത അഭൗമികവും അലൗകികവുമായ ( Metaphysical & Super natural ) എല്ലാ കാര്യങ്ങളെയും മുഹമ്മദ് അബ്ദു നിശ്ശേഷം തള്ളിക്കളഞ്ഞു. അദ്ദേഹത്തിൻ്റെ വാദങ്ങൾക്ക് എതിരാവുന്ന ഹദീഥുകൾ വ്യാജമാണ് എന്ന് സ്വാഷ്ടപ്രകാരം പറയലായിരുന്നു കക്ഷി. 
പ്രത്യുപകാരമെന്നോണം ബ്രിട്ടീഷുകാർ അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. 

ഖാസിം അമീൻആയിരുന്നു ഹൈക്കലിൻ്റെ മറ്റൊരു ആശയസ്രോതസ്സ്. മുഹമ്മദ് അബ്ദുവിനേക്കാൾ സ്വേഷ്ടകൾ മതവ്യാഖ്യാനങ്ങളിൽ ചേർത്ത ഇസ്ലാമിക് ഫെമിനിസത്തിൻ്റെ വക്താവാണ് ഖാസിം അമീൻ . ചാൾസ് ഡാർവിനിനിൻ്റെ പരിണാമവാദവും ഹെർബർട് സ്പെൻസറുടെ ജ്ഞാനനിർദ്ധാരണ മാർഗങ്ങളും ജോൺ സ്റ്റാർട്ട് മില്ലിൻ്റെ മാനവികതാമൂല്യങ്ങളും അംഗീകരിക്കുക വഴി 'ആസ്തികയുക്തിവാദം' എന്ന വൈരുധ്യാധിഷ്ഠിത ചിന്താരീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. ആധുനിക മാനവികവാദികൾ ( Secular Humanists) അവരുടെ ധാർമ്മികതാവീക്ഷണങ്ങൾക്കും സ്വതന്ത്രചിന്താ സ്വാതന്ത്ര്യത്തിനും ആധാരമാക്കുന്ന പ്രയോജനാത്മകവാദം ( Utilitarianism) വ്യവസ്ഥാപിതമായ നിർവ്വചിച്ച അക്കാദമിക ലോകത്തെ അപകടകാരിയായിരുന്നു മേൽപ്പറഞ്ഞ John Stuart Mill . ശക്തിയും അധികാരവും അർഹതയും ഉള്ളവൻ്റെ ഹിതങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടതാണ് അവ്വിധമല്ലാത്തവരുടെ ഹിതങ്ങൾ എന്ന് പച്ചക്ക് പുസ്തകമെഴുതിയ , ആധുനിക മാനവികതാവാദത്തിന് വലിയ സംഭാവനകൾ നൽകിയ അമേരിക്കക്കാരൻ പീറ്റർ സിംഗർ ഏറ്റവും ആശ്രയിക്കുന്ന ആശയകേന്ദ്രം മില്ലിൻ്റേതാണ്.കാലം ,പ്രപഞ്ചോൽപ്പത്തി ,സാമൂഹിക പരിണാമം തുടങ്ങിയ കാര്യങ്ങളിൽ മതാതീതമായ ജ്ഞാനമാധ്യമങ്ങളെ മാത്രം അംഗീകരിച്ച സ്പെൻസറുടെ എപിസ്റ്റമോളജി തന്നെയായിരുന്നു ഖാസിം അമീനും സ്വീകരിച്ചത്. പക്ഷെ , ദൈവാസ്തിക്യം നിഷേധിക്കാൻ ധൈര്യം കാണിച്ചില്ല എന്ന് മാത്രം .

ഈ മൂന്ന് പേരെ , അവലംബിച്ച് കൊണ്ടുള്ള 
ഇസ്ലാം വായനയുടെ ഫലസിദ്ധം ആയിരുന്നു ഹുസൈൻ ഹൈക്കലിൻ്റേതും. വ്യക്തിഗതമായ അറിവ് , ശ്രദ്ധ ,ബുദ്ധി ,അനുഭവം ,ഭാവന തുടങ്ങിയവക്കനുസരിച്ച് വിഭിന്നമാവുന്ന യുക്തിബോധത്തിനനുസരിച്ച് , ഖുർആനിലെ അദൃശ്യ , അമാനുഷ ആഖ്യാനങ്ങളെ വ്യാഖ്യാനിച്ചും യൂറോപ്യൻ നിരീശ്വരത്വത്തിന് ദഹിക്കാത്ത പ്രവാചക വചനങ്ങളെ അസത്യവൽക്കരിച്ചും പ്രവാചകനിലൂടെ സംഭവിച്ച മറ്റു മനുഷ്യർക്ക് സാധ്യമാവാത്ത കാര്യങ്ങളെ നിരാകരിച്ചും കൊണ്ട് ഹൈക്കൽ എഴുതിയ മുഹമ്മദീയജീവിതം അദ്ദേഹം തൻ്റെ രചനക്ക് ആശ്രയിച്ച ഓറിയൻ്റലിസ്റ്റുകളായ സർ വില്യം മൂറിൻ്റെ Life of Muhammedൽ നിന്നും Emile Dermenghem ൻ്റെ The life of Muhammedൽ നിന്നും മൂലഭാഷയുടെ കാര്യത്തിൽ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ.
വിവാഹ ,യുദ്ധ വിഷയങ്ങളിൽ ഓറിയൻ്റിലിസ്റ്റുകൾക്ക് മറുപടി പറയുന്ന ഹൈക്കൽ , തനിക്ക് കൂടുതൽ വഴങ്ങുന്നത് നോവലെഴുത്ത് തന്നെയാണെന്ന് തെളിയിക്കുകയും ചെയ്തു .
ബ്രിട്ടീഷുകാർ പ്രത്യേക താൽപ്പര്യത്തോടെ അൽ അസ്ഹറിൻ്റെ തലപ്പത്ത് നിയമിച്ച മുസ്തഫാ മറാഗിയും അൽ അസ്ഹറിലെ മാഗസിനായിരുന്ന നൂറുൽ ഇസ്ലാമിൻ്റെ പാവയെഡിറ്റർ ഫരീദ് വജ്ദിയുമാണ് 
ഹൈക്കലിൻ്റെ കത്രികക്രിയകൾ മഹത്വവൽക്കരിച്ച് ആമുഖങ്ങളെഴുതിയത്. 

ഹൈക്കൽ എന്ന താക്കോൽ 

മുസ്ലിം - ജൂത രാഷ്ട്രീയങ്ങൾ ഏറ്റവും ശക്തമായ സംഘർഷങ്ങളിലേർപ്പെട്ട ദശാസന്ധികളിൽ പെട്ട 1968 ൽ , പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചരിത്രം പ്രക്ഷേപണം ചെയ്യാൻ ഇസ്രായേലിൻ്റെ ഔദ്യോഗിക റേഡിയോ ഹുസൈൻ ഹൈക്കലിൻ്റെ പുസ്തകമാണ് തെരെഞ്ഞെടുത്തത്. 
ഹൈക്കലിൻ്റെ ധിഷണയും ചിന്തയും ഇസ്ലാമിൻ്റെ നിതാന്തശത്രുക്കൾക്ക് പ്രിയങ്കരമായതിൻ്റെ കാരണം , അദ്ദേഹം രചിച്ച പ്രവാചകൻ , ദിവ്യകേന്ദ്രവുമായി അസാധാരണ ബന്ധമില്ലാത്ത , ഉയർന്ന മാനസികനിലവാരവും രാഷ്ട്രീയ ലക്ഷ്യങ്ങളുമുള്ള പരിഷ്കർത്താവ് മാത്രമായിരുന്നതാണ്. ഇക്കാര്യം കൂടുതൽ സ്പഷ്ടമായി ഹൈക്കലിൻ്റെ പ്രജ്ഞാപരാധങ്ങൾ വിശദീകരിച്ച് കൊണ്ട് റമദാൻ സഈദ് ബൂത്വി എഴുതിയിട്ടുണ്ട്. 

19- 20 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികൾ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകർശതയാണ് ഹൈക്കലിനെ പല വിഡ്ഢിത്തങ്ങൾക്കും പ്രേരിപ്പിച്ചത്.
അദ്ദേഹം മറ്റു പലരുടെയും താക്കോലായി പ്രവർത്തിച്ചു . ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിൻ്റെ ഇരകളായിരുന്നു അവർ പലരും. ഹൈക്കലിന് ആമുഖമെഴുതി ബലം പകർന്ന ഫരീദ് വജ്ദി , അൽ അസ്ഹറിൻ്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30- 8 - 1937ൽ അൽ അഹ്റാം പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട് .
" ശാസ്ത്രീയ പുരോയാനത്തിൻ്റെ വഴികളിൽ തങ്ങളുടെ മതവും ,മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താൽ പൗരസ്ത്യ മുസ്ലിം പണ്ഡിതന്മാർ ഒരക്ഷരം എതിർത്തുരിയാടിയില്ല , ശാസ്ത്രം പുരോഗമിച്ചാൽ വിശ്വാസികൾ നാസ്തികന്മാരാവുമെന്ന് അവർക്കറിയാമായിരുന്നു " .

ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്.
മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നിൽ .അങ്ങനെയൊരാൾ മാർക്കിട്ട് ഗ്രേഡ് കൂട്ടിയ കൃതിയാണ് ഹൈക്കലിൻ്റേത് .

ചരിത്രം രചിക്കാനല്ല ,തിരുത്താനായിരുന്നു ഹൈക്കൽ പ്രവാചകനെ പഠിച്ചത് തന്നെ. അദ്ദേഹത്തിൻ്റെ തന്നെ വരികൾ ഇതാണ്.
" it was this consideration which led me at end of the road of life to study the life of prophet Muhammed ,the carrier of the message of islam and to target of the Christyan attack on one side and of Muslim conservatives on the other " .  
തൻ്റെ രചനയിൽ നിന്ന് അതിമാനുഷ പ്രവാചക ഗാഥകളെയും സാമ്പ്രദായിക സീറാശൈലികളെയും ഒഴിവാക്കിയത് വിശദീകരിച്ച് കൊണ്ട് ഹൈക്കൽ മുഖവുരയിൽ പറയുന്നത് ,ക്രൈസ്തവരെയും മതയാഥാസ്ഥിതികരെയും തിരുത്തലാണ് ലക്ഷ്യം എന്നാണ്. 

അദ്ദേഹം തൻ്റെ ശൈലിയെ വിശേഷിപ്പിച്ചത്
"Scintific study based on mordern western method " എന്നാണ്. 
അദ്ദേഹം നിർണ്ണയമാക്കുന്ന ആധാരങ്ങൾ അവിടെയാണ് പിഴച്ചു തുടങ്ങുന്നത്. അബദ്ധങ്ങളും ശുദ്ധനുണകളുമാണ് ഹൈക്കൽ അതേച്ചൊല്ലി എഴുന്നള്ളിച്ചത്. ,നോക്കാം. 

ഒന്ന്: 

ഭൗതിക ശാസ്ത്രം ആധാരമാക്കുന്ന Experimental & Emperical Methode അതിഭൗതിക ശാസ്ത്രത്തിന് ആധാരമാക്കി ദിവ്യബോധനം ,അമാനുഷികത ,അദൃശ്യജ്ഞാനം എന്നിവയെ മനസ്സിലാക്കാൻ ശ്രമിച്ചു. അത് അസംഭവ്യമായ കാര്യമാണ്. Emperical evidece ആധാരമാക്കിക്കൊണ്ട് ,അദൃശ്യജ്ഞാനമല്ല ,കോടതിവിധി പോലും സ്ഥാപിതമാവില്ല .
വാചിക രേഖകൾ മാത്രമുള്ള ഒരാളെ സംബന്ധിച്ച ചരിത്രരചനക്ക് ഭൗതികശാസ്ത്രീയത അവലംബിച്ചു എന്നൊക്കെ പറയുന്നത് അക്കാലത്തെ അറബികളെ കബളിപ്പിക്കാൻ പര്യാപ്തമാണെങ്കിലും ഇക്കാലത്തത് തമാശയാണ്. 

രണ്ട്: 

എങ്ങനെയാണ് യൂറോപ്യൻ ദാർശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞാൽ ഹൈക്കലിൻ്റെ വാദങ്ങൾ അദ്ദേഹത്തെ തന്നെ തിരിഞ്ഞുകുത്തും. 
ഒരുകാര്യം സ്വീകരിക്കേണമോ ,നിരാകരിക്കേണമോ എന്ന കാര്യത്തിൽ നിരുപാധികമായ തീർപ്പ് ഉണ്ടാക്കിയതിന് ശേഷം ,അതിനനുകൂലമായ രീതിയിൽ തെളിവുകൾ പരിശോധിക്കുക എന്നതാണ് അവരുടെ രീതി. വിചിത്രമെന്ന് പറയട്ടെ , നിരീശ്വരവാദികൾ ഈശ്വരവാദികൾക്കെതിരെ മറിച്ചുന്നയിച്ച് മുൻകൂർ ജാമ്യം നേടുന്ന ഒരു വസ്തുത കൂടിയാണിത്. അമേരിക്കൻ തത്വചിന്തകനായ വില്യം ജയിംസ് രചിച്ച Pragmatism എന്ന കൃതി അതിനെ ഒരു സ്വീകാര്യ ചിന്താരീതിയായി അംഗീകരിക്കുന്നുണ്ട്.
ബ്രിട്ടീഷ് താത്വികനായ Jermy Bentham ,Alfred Von Kremer ,Georges Anawati ,Luice Gardet തുടങ്ങിയവർ അതേ രീതി ഔദ്യോഗികമായി അവലംബിച്ചവരാണ്. അവർ രചിച്ച The Philosophy of religious thought between islam and christyanity , H A R Gibb രചിച്ച The structure of Religious thought in islam തുടങ്ങിയ കൃതികൾ , ആധുനിക ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്ക് അപ്രാപ്യമായ മതവിശ്വാസം തള്ളപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചതാണ്. ഹൈക്കൽ സ്വീകരിച്ച നിർണ്ണയങ്ങൾ ഇവരുടേതാണ്. അക്കാലത്തെ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിൽ പലതും നൂറ് - നൂറ്റമ്പത് വർഷങ്ങൾക്കിപ്പുറം തള്ളപ്പെട്ടു. സ്ഥായിയല്ലാത്ത തുടരന്വേഷണങ്ങളാണ് ശാസ്ത്രീയ നിഗമനങ്ങൾ എന്നത് അത്തിരക്കുകൾക്കിടയിൽ ഹൈക്കൽ മറന്നു പോയി.

ഹൈക്കൽ ഒരു തോറ്റ ചരിത്രകാരൻ .

പ്രവാചകത്വം കടന്നുപോയ അമാനുഷിക പ്രക്രിയകളെ നിഷേധിക്കാനായി , മുവത്വ ,സ്വഹീഹുൽ ബുഖാരി ,സ്വഹീഹ് മുസ്ലിം അടക്കമുള്ള സ്വിഹാഹ , ജാമിഅ ‌' ,സുനൻ , തുടങ്ങി എല്ലാ ഹദീഥ് സമാഹാരങ്ങളെയും ഭാഗികമായോ പൂർണ്ണമായോ അവിശ്വസിച്ച ഹൈക്കൽ തൻ്റെ രചനക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ചരിത്രകൃതികൾ എന്ത്കൊണ്ട് വിശ്വസനീയമാവുന്നു എന്ന് ഒരു പതിപ്പിൻ്റെ ആമുഖത്തിലും പറയുന്നില്ല. 
( അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് മൂലഭാഷയിൽ തന്നെ , ചുരുങ്ങിയത് നാല് പതിപ്പുകളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട് എന്നാണ് എനിക്ക് മനസ്സിലായത് ) .
അദ്ദേഹം നിരാകരിച്ച പ്രവാചക വചന സമാഹർത്താക്കളും നിദാനശാസ്ത്രജ്ഞരും ഒരായുസ്സിൻ്റെ സഞ്ചാരം കൊണ്ട് സത്യമാണെന്ന് കണ്ടെത്തിയ കാര്യങ്ങളാണ് എഴുതിയത്. അവരെ അവിശ്വസിക്കുന്ന ഹൈക്കലാകട്ടെ ,തൻ്റെ അലമാരയിലെ മറ്റുള്ളവരുടെ കൃതികൾ വായിച്ച് , യുക്തിവാദികൾ വായിക്കുമ്പോൾ സംപ്രീതമാവുന്നത് മാത്രം തരാതരത്തിൽ മോഷ്ടിക്കുകയുമായിരുന്നു. 

ഒരിക്കലും ഹൈക്കൽ ചരിത്രകാരനോ ചരിത്ര പണ്ഡിതനോ അല്ല. അദ്ദേഹം തന്നെ പറയുന്നത് ,
സീറതു ഇബ്നി ഹിശാം ,വാഹിദിയുടെ മഗാസി ,ഇബ്നു സഅദിൻ്റെ ത്വബഖാതുൽ കുബ്റാ ,ത്വബ്രിയുടെയും ഇബ്നു കഥീറിൻ്റെയും തഫ്സീർ എന്നിവയെയാണ് അവലംബിച്ചത് എന്നാണ്. ഇവിടെയും അദ്ദേഹം വാദപ്രഛന്നത നടത്തിയിട്ടുണ്ട്. വില്യം മൂർ ,എമിലി ഡെർമിങ്ങാം തുടങ്ങിയ ഒറിയൻ്റിലിസ്റ്റുകളെ അദ്ദേഹം അപ്പടി പകർത്തിയിട്ടുണ്ട്. ഇസ്ലാമിന് മുമ്പത്തെ അറേബ്യ എന്ന ഹൈക്കലിൻ്റെ ഒന്നാം അധ്യായം Arabia before the time of Muhammed എന്ന വില്യം മൂർ കൃതിയുടെ ഒന്നാം അധ്യായത്തിൻ്റെ തനിപ്പകർപ്പാണെന്ന് നിരൂപകന്മാർ എടുത്തു പറയുന്നുണ്ട്. മാത്രമല്ല , ക്രിസ്ത്യൻ - ജൂത തൽപ്പരർ കൂടിയായ ഓറിയൻ്റിലിസ്റ്റുകൾ ,ഇസ്ലാം ആരംഭിച്ചത് മുഹമ്മദ് നബിക്ക് (സ്വ) ശേഷമാണ് എന്ന് വരുത്തുന്നത് ബോധപൂർവ്വമാണ്. ആ അമളി , ക്രൈസ്തവരെ എതിർക്കാൻ കൂടിയാണ് ഞാൻ പ്രവാചക ചരിത്രം എഴുതുന്നതെന്ന് പറഞ്ഞ ഹൈക്കൽ ഓർത്തില്ല .

ഹൈക്കൽ , നടേപ്പറഞ്ഞ മുഹമ്മദ് അബ്ദു മുതലുള്ള പ്രചോദകന്മാരെ വായിക്കുന്നതിനനുസരിച്ച് അദ്ദേഹത്തിൻ്റെ രചന തനി ഭൗതികത്വത്തിൽ പരിമിതമായിക്കൊണ്ടിരുന്നു എന്ന് പല നിരൂപകന്മാരും സൂചിപ്പിക്കുന്നുണ്ട്.
ഖണ്ഡശ്ശ പ്രസാധനം ചെയ്യപ്പെട്ട ലക്കങ്ങൾ , 1932 ന് ശേഷം വില്യം മൂറിന് പുറമേ , Washington lrving , Belgain Jesuit തുടങ്ങിയവരെ കൂടുതൽ ആശ്രയിച്ചിരുന്നു .പ്രത്യേകിച്ച് അമാനുഷിക സംഭവങ്ങൾ ഉദ്ധരിക്കുമ്പോൾ .

മറ്റൊരു വലിയ അബദ്ധം , ഹൈക്കൽ ഒരിടത്ത് ആശ്രയിച്ചവരെ അടുത്തയിടത്ത് അവിശ്വസിച്ച് തള്ളുന്നുവെന്നതാണ്. ഹൈക്കൽ ,നിരുപാധികം തള്ളിയ ഹദീഥ് ക്രോഡീകർത്താക്കൾ ,വ്യക്തി ജീവിതത്തിൽ നിസ്സാരമായ അശ്രദ്ധ പിണഞ്ഞവരെപ്പോലും നിരസിച്ചാണ് പ്രവാചക ജീവിതത്തിൻ്റെ ഭാവവും ഭാഷണവും എഴുതിയത്. ഹൈക്കലാകട്ടെ , നബിചരിത്രമെഴുത്തിൻ്റെ കാര്യത്തിൽ തന്നെ ഒരധ്യായത്തിൽ തള്ളിയവരെ തന്നെ അടുത്ത ഘട്ടത്തിൽ ആനയിച്ച് കൊണ്ടുവരുന്നുണ്ട്! 

ഉദാഹരണത്തിന് , പ്രവാചക ജനനം മുതൽ ശാംയാത്ര വരെ ഏറെക്കുറേ എല്ലാ സീറകളെയും ആശ്രയിക്കുന്നുണ്ട്.
ഖദീജയുമായുള്ള വ്യാപാരസമ്പർക്ക സഞ്ചാരങ്ങൾ പറയുമ്പോൾ ഇബ്നു ഹിശാമിനെ ഒഴിവാക്കി ഇബ്നു സഅദിനെ സ്വീകരിക്കുന്നു. ഇബ്നുഹിശാം ചില അസാധരണത്വങ്ങൾ ആ ഭാഗത്ത് കൊണ്ടുവരുന്നതാണ് കാരണം.
വറഖതു ബിൻ നൗഫലിനെ സന്ദർശിക്കൽ മുതൽ യുദ്ധകാലം വരെ വീണ്ടും ഇബ്നു ഹിശാം വരുന്നു. ജൂത ശത്രുക്കളിൽ ചിലരെ വധിക്കാനുള്ള സംഘത്തെ യാത്രയയക്കുന്ന ഘട്ടത്തിൽ വാഖിദിയാണ് വിശ്വസ്തൻ. ഇബ്നു കഥീറിനെയും ത്വബ്രിയെയും സമീപിക്കുന്ന കാര്യത്തിലും സ്വീകരണ - നിരാകരണ നിർണ്ണയങ്ങൾ വായനക്കാരന് മനസ്സിലാവാത്ത വിധം കുഴഞ്ഞുമറിയുന്നുണ്ട്. 

രണ്ട് മഹാകാപട്യങ്ങൾ .

ഖുർആനല്ലാത്ത അമാനുഷികതകൾ പ്രവാചകനില്ല എന്നതാണ് ഈ ഗ്രന്ഥത്തിലെ സംവാദകരായ ഹുസൈൻ ഹൈക്കൽ മുസ്ത്വഫാ മറാഗി ,ഫരീദ് വജ്ദി എന്നിവരുടെ അടിസ്ഥാന നിലപാട്. അസാധാരണജ്ഞാനങ്ങൾ പ്രവാചകന് ഒട്ടുമുണ്ടായിരുന്നില്ല എന്നവർ തീർത്തു പറഞ്ഞിരുന്നു. അപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. നിരക്ഷരനും അറേബ്യനുമായിരുന്ന പ്രവാചകന് മുൻകാല പ്രവാചകന്മാരെയും സംസ്ക്കാരങ്ങളെയും സംബന്ധിച്ച അറിവുകൾ പിന്നെയെങ്ങനെ ലഭിച്ചു എന്നതാണാ ചോദ്യം. അവർ അംഗീകരിക്കുന്ന ഖുർആൻ അവയംഗീകരിക്കുന്നുവെന്നിരിക്കെ മറ്റൊരു ന്യായം പറയേണ്ടതുണ്ടായിരുന്നില്ല. പക്ഷെ ,അവധാനതയില്ലാതെ ഹൈക്കൽ ആ ചോദ്യത്തിന് നൽകുന്ന മറുപടി , മുഹമ്മദ് പന്ത്രണ്ടാം വയസ്സിൽ സിറിയയിലേക്ക് പിതൃവ്യനോടൊപ്പം പോയപ്പോൾ ഉണ്ടായ ലോക പരിചയമായിരുന്നു അത് എന്നാണ്. മുൻകാല വേദങ്ങളെ സംബന്ധിച്ചറിഞ്ഞത് അതേ പ്രായത്തിൽ കാണാനിടയായ ബുഹൈറ എന്ന ജൂതപണ്ഡിതനിൽ നിന്നാണെന്നാണ്. 
ഇതേ ബുഹൈറാ സംഭവം പല സാമ്പ്രദായിക സീറക്കാരും തള്ളിക്കളഞ്ഞിട്ടുണ്ട് താനും. 
സ്വഹീഹായ ഹദീഥ് പോലും നിസ്സങ്കോചം തള്ളിയ ഹൈക്കൽ നിവേദനധാര മുർസലായ ഒരു സംഭവത്തെ വിശ്വാസത്തിലെടുത്തത് ആശ്ചര്യജനകമാണ്. മുർസൽ എന്നാൽ , നിവേദകൻ സംഭവം നേരിട്ട് കണ്ടിട്ടുണ്ടാവില്ല എന്ന് മാത്രമല്ല നേരിട്ട് കണ്ട വ്യക്തിയുടെ പേര് പരാമർശിക്കുക പോലും ചെയ്യാതെ 'എനിക്ക് വിവരം ലഭിച്ചു ' എന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന പ്രവാചകീയ സംഭവമാണ്. 
"Neither was the original narrater an eyewitness him self nor he does name the eye witness from whome he quates " - ഇത്ര ദുർബലമായ സംഭവം , അതും കേവലം 12 വയസ്സുകാരനായ ബാലൻ മുൻവേദങ്ങളെ സംബന്ധിച്ച് യാത്രാമധ്യേ കണ്ട് ഏതാനും സമയം സംബന്ധിച്ച ഒരാളിൽ നിന്നുംസ്വയം ധാരണ വരുത്തി എന്ന് പറയാൻ ഹൈക്കലിന് ലജ്ജയില്ലാതെ പോയി. 
ശിബ്ലി നുഅ'മാനിയെ പോലോത്ത ആധുനിക സീറക്കാർ നിരാകരിച്ച സംഭവമാണ് ഈ ബുഹൈറക്കഥ. ഈ ഒരൊറ്റ തിരിമറിയിലൂടെ തന്നെ ഹൈക്കലിൻ്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടും. അല്ലെങ്കിൽ അദ്ദേഹം മഹാനായ വിഡ്ഢി ആയിരിക്കണം. പ്രവാചകൻ, വേദപരിജ്ഞാനികളിൽ നിന്നും അപഹരിച്ച കഥകൾ മാത്രമാണ് ഖുർആൻ എന്ന് പറഞ്ഞ ചില ഓറിയൻ്റലിസ്റ്റുക്കളെ ഹൈക്കൽ ശരിവെച്ചത് പോലെയായി കാര്യങ്ങൾ .

ഇതേ കാപട്യം , ഈ കൃതിക്ക് മുഖവുര എഴുതിയ മുസ്ത്വഫാ മറാഗിയും കാണിക്കുന്നുണ്ട്. ഖുർആനേതര അമാനുഷികതകൾ പ്രവാചകന് ഇല്ലായിരുന്നു എന്ന് സ്ഥാപിക്കാൻ , പ്രവാചകനെ അതിമാനുഷ സങ്കൽപ്പത്തിൽ കാൽപ്പനീകരിച്ച സഈദ് ബൂസ്വൂരിയുടെ ഒരീരടി അടർത്തിക്കൊണ്ടു വരുന്നുണ്ട് മറാഗി. 

لم يمتحنا بما تعيا العقول به
حرصا علينا فلم نرتب فلم نهم

പടിഞ്ഞാറൻ യുക്തിചിന്തകർക്ക് ക്ഷിപ്രഗ്രാഹ്യമല്ലാത്ത അമാനുഷികതകൾ ഒന്നും പ്രവാചകൻ കൊണ്ടുവന്നില്ല എന്ന ഉദ്ദേശ്യത്തോട് യോജിപ്പിക്കുന്നുണ്ട് മറാഗി ഈ ഈരടിയുടെ സാരം. 
സത്യത്തിൽ , അവർ, ഹദീഥുകളിൽ പറയപ്പെട്ട അമാനുഷിക സംഭവങ്ങൾ ബൗദ്ധികമായി അസംഭവ്യമായതിനാൽ തള്ളപ്പെടേണ്ടതാണ് എന്നാണ് പറയുന്നത്. അതിൻ്റെ തെളിവാണ് ഈ ഈരടി എന്ന് സ്വയം തീരുമാനിക്കുകയും ചെയ്തു.യുക്തി പ്രേരിത ഇസ്ലാമിനെ വെളുപ്പിച്ചെടുക്കാൻ യാഥാസ്ഥിതിക കവിത കവർന്നെടുത്ത മറാഗി ,എന്നാലോ ,ശരി പറഞ്ഞിട്ടുണ്ടോ ,അതുമില്ല. അവർ ഉദ്ദേശിപ്പിക്കാൻ ഉദ്ദേശിച്ചതിൻ്റെ നേർമറുവാണ് കവി പറഞ്ഞത്. മതനിഷേധികൾ ബുദ്ധിക്ക് നിരക്കുന്നില്ലെന്ന് പറയുന്ന പ്രവാചക തിരുമേനിയുടെ അനന്യസംഭവങ്ങൾ വിശ്വാസികൾക്ക് ബൗദ്ധിക പരീക്ഷണമേയാവാതെ കാത്തു എന്നാണ് കവിതയുടെ സാരം. കാരണം ഇതേ കാവ്യത്തിൽ തന്നെ , അവർ നിഷേധിച്ച അൽഭുത സംഭവങ്ങൾ മാലയായി കോർക്കപ്പെട്ടിട്ടുണ്ട് .
جاءت لدعوته الاشجار ساجدة
تمشي اليه على ساق بلا قدم
اقسمت بالقمر المنشق ان له 
من قلبه نسبة مبرورة القسم

മരങ്ങൾ നബിയുടെ വിളിക്കുത്തരം നൽകി അണഞ്ഞു ചെന്നതും ചന്ദ്രൻ പിളർന്നതുമടക്കം പ്രമേയമാവുന്ന കാവ്യം ഹൈക്കലിൻ്റെ മുഖവുരക്ക് വിലക്ഷണമാണെന്ന് തിരിച്ചറിയാൻ എഴുതിയയാൾക്കോ എഴുതിപ്പിച്ചയാൾക്കോ സാധിച്ചില്ല . അൽ അസ്ഹറിൻ്റെ തലപ്പത്തിരുന്ന ഒരാൾക്ക് ഇത്രയും ശൂന്യനാവാനാകുമോ എന്ന് ചോദിക്കുന്നതായിരിക്കും , ഇത്രയും ശൂന്യൻ അതിൻ്റെ തലപ്പത്തെങ്ങനെയെത്തി എന്ന് ചേദിക്കുന്നതിനേക്കാൾ ഭേദം .
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ട് ,അല്ലാമാ മുസ്ത്വഫാ സബ്രി ,മറാഗിയോട് ചോദിച്ച ചോദ്യമുണ്ട്. ഖുർആനേതര മുഅ'ജിസതുകൾ നിഷേധിക്കാൻ വേണ്ടി ഹദീഥ് ശേഖരങ്ങളെ മുച്ചൂടും നൃശംസിക്കുന്ന നിങ്ങൾക്ക് പിന്നെങ്ങനെയാണ് അൽ അസ്ഹറിൽ തഫ്സീറും ഹദീഥും ഉസ്വൂലുൽ ഹദീഥും ഫിഖ്ഹുമൊക്കെ പഠിപ്പിക്കാൻ സാധിക്കുന്നത് ? മാത്രമല്ല , ഖുർആൻ മാത്രമാണ് അമാനുഷികം എങ്കിൽ ,അതിൽ പറഞ്ഞ ചന്ദ്രഭേദനം ,ബദ്റിലെ മാലാഖമാരുടെ സാന്നിധ്യം തുടങ്ങിയവ പശ്ചാത്യ യുക്തിചിന്ത സമ്മതിക്കുമോ ?

ശൂന്യമായ യുക്തിചിന്ത .

യുക്തിചിന്തകന്മാരായ പ്രസ്തുത ഇസ്ലാമിക പരിഷ്ക്കർത്താക്കൾ , രചയിതാവടക്കം ചെന്നുപെട്ട യുക്തിദോശങ്ങൾ 'ഹയാതുമുഹമ്മദ് ' വായിക്കുന്ന യഥാർത്ഥ സ്വതന്ത്രചിന്തകർക്ക് മനസ്സിലാവും .
ചിലത് പരിശോധിക്കാം. 

ഒന്ന് :

ഖുർആനേതര അൽഭുതങ്ങൾ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് ഇല്ലായിരുന്നുവെന്ന് പറയുമ്പോൾ , ഖുർആൻ എങ്ങനെ ഒരൽഭുതമാവുന്നു എന്ന് വ്യക്തമാക്കേണ്ട ബാധ്യത ഹൈക്കൽ നിർവ്വഹിച്ചിട്ടില്ല. ഖുർആൻ നടത്തുന്ന ഭാവി പ്രവചനങ്ങൾ , മരണാനന്തര രക്ഷാശിക്ഷാ വിശ്വാസങ്ങൾ , മാലാഖ - ഭൂതവർഗങ്ങളുടെ ഭൗതികവും അഭൗതികവുമായ ഇടപെടലുകൾ തുടങ്ങിയവ എങ്ങനെ ഹൈക്കൽ ആധാരമാക്കിയ Experimental Method നോട് സംയോജിക്കും ? 
ഈ ചോദ്യത്തിന് നാസ്തിക യൂറോപ്യരെ സംതൃപ്തിപ്പെടുത്തുന്ന മറുപടി ഇല്ലാത്തത് കൊണ്ടായിരുന്നു ഇവരുടെ ആദർശപിതാവ് മുഹമ്മദ് അബ്ദു, ജിബ്രീൽ (അ) മുഖേനെയുള്ള ദിവ്യബോധനത്തെ തന്നെ തള്ളിയത്. ഉന്നതദീപ്തമായ ആത്മാവിന് പ്രാപിക്കാനാവുന്ന ഭൗതികമായ ജ്ഞാനോദയമാണ് പ്രവാചകത്വം എന്ന വിചിത്രവാദമായിരുന്നു അദ്ദേഹത്തിന്. 
ദെക്കാർത്തെ ,ഇമ്മാനുവൽ കാൻ്റ് തുടങ്ങിയവർ നിർവ്വചിച്ച ജ്ഞാനോദയത്തിന് മതപരിസരം പാകുക എന്നതായിരുന്നു അവരുടെ ദൗത്യം .
എങ്ങനെയാണ് ആത്മാവ് അതിന് പാകമായ ആന്തരിക ദീപ്തി ആർജ്ജിക്കുന്നതെന്നോ ,എന്ത്കൊണ്ട് മുഹമ്മദ് നബിക്ക് (സ്വ) ക്ക്ശേഷം മറ്റൊരാൾ അങ്ങനെ ദീപ്താത്മാവ് സ്വായത്തമാക്കിയില്ലെന്നും അദ്ദേഹമോ അവരോ വിശദമാക്കിയിട്ടില്ല.
ഖുർആനിലെ അൽഭുതാഖ്യാനങ്ങൾക്ക് തൽക്ഷണം അബ്ദു ഭൗതിക വ്യാഖ്യാനം നൽകുമായിരുന്നു. ആനക്കലഹത്തിലെ അബാബീൽ പക്ഷികൾ ചിക്കൻപോക്സായിരുന്നുവെന്ന കണ്ടെത്തലൊക്കെ അതിൽപ്പെട്ടതാണ്. 
ഇസ്ലാമിക് സിവിൽ പീനൽ കോഡുകൾക് ആധുനിക സന്ദർഭങ്ങളോട് യോജിക്കുന്ന പുനരാഖ്യാനം രചിച്ച / Islam Rethought നടത്തിയ ഒട്ടനവധി ആധുനിക പണ്ഡിതന്മാരുണ്ട് .പക്ഷെ , ഇസ്ലാം എന്ന വിശ്വാസ സംഹിതയുടെ ഉറവിടം നിഷേധിക്കുന്നത് അത് പോലെയല്ല .

മുഹമ്മദ് അബ്ദുവിനെപ്പോലെ വെട്ടിത്തുറന്ന് ദിവ്യബോധനത്തെ നിഷേധിക്കാൻ ഹൈക്കൽ എന്ത് കൊണ്ട് തയ്യാറായില്ല എന്ന് അദ്ദേഹത്തിൻ്റെ സമർത്ഥന ലക്ഷ്യങ്ങൾ വായിക്കുന്ന നിരൂപകന് സംശയം തോന്നുമെങ്കിലും മറുപടി ഒരിടത്തും ഇല്ല.
ആദർശ ഗുരുവായ മുഹമ്മദ് അബ്ദു ,
നുബുവ്വത് സഹജമായ നൈസർഗിക സിദ്ധിയാണെന്ന് (Ascribed quality ) ജൽപ്പിച്ചതിനെ മറ്റൊരു തരത്തിലവതരിപ്പിച്ച് , നുബുവ്വത് കർമ്മാർജ്ജിതമാണെന്ന് ( Achived quality ) വരുത്തുകയായിരുന്നു ഹൈക്കൽ. ഖുർആൻ എന്ന പ്രവാചകൻ്റെ ഏക ദിവ്യാടയാളം ,മാലാഖമുഖേന അവതരിക്കുന്നതല്ല എന്ന് പറയാതെ തന്നെ ,സംസ്ക്കരിക്കപ്പെട്ട ആത്മാവിന് സ്വാഭാവികമായി സ്വായത്തമാവുന്ന ഗുണമാണ് ദിവ്യബോധനം എന്ന് പറയുകയും ചെയ്യുന്നുണ്ട്. 

രണ്ട്:

ഹൈക്കലിൻ്റെ ഉദ്ദേശ്യം മുഹമ്മദ് നബി (സ്വ) എന്ന വ്യക്തി ഏറ്റവും മികച്ച സാമൂഹിക നേതാവാണെന്ന് വരുത്തൽ പോലുമായിരുന്നില്ല. പ്രത്യുത , ഏറ്റവും മികച്ച സാമൂഹിക നേതാവായ മുഹമ്മദ് നബി (സ്വ) ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു എന്ന് വരുത്താനായിരുന്നു..... rather not super natural , lived and dead as any other man but with some quality of body and spirit എന്ന് ഹൈക്കൽ തുറന്നെഴുതി. പക്ഷെ - ഈ but with some quality of body and spirit എന്ന് പറഞ്ഞാൽ എന്താണ് എന്നത് ശാസ്ത്രീയമായി വ്യക്തമാക്കാൻ ഹൈക്കൽ മുതിർന്നിട്ടില്ല . പ്രവാചകന് മാനസികവും ശാരീരികവുമായ പരിപക്വതയും പരിപൂർണ്ണതയും ഉണ്ടായിരുന്നുവെന്നതും ,അവയുടെ നിർമ്മിതി അസാധാരണമായിരുന്നുവെന്നും രേഖപ്പെടുത്തുന്ന സീറകളിലെ മുർസൽ നിവേദനങ്ങൾ തന്നെയാണോ ഹൈക്കൽ ഉദ്ധരിച്ചത് എന്നും വ്യക്തമല്ല  .
അതേ സീറകളിലെ അവയേക്കാൾ സ്വഹീഹായ നിവേദനങ്ങൾ തനിക്ക് അസ്വീകാര്യമായതിൻ്റെ ന്യായം ഹൈക്കൽ പറയേണ്ടിയിരുന്നു. താൻ നിഷേധിക്കുന്ന സ്രോതസ്സുകളെ തന്നെ അദ്ദേഹം ഉദ്ധരിക്കുകയാണ് പലയിടത്തും.

മുഹമ്മദ് നബി ( സ്വ) ക്ക് ദിവ്യബോധനം ഉണ്ടായതല്ല ,മറിച്ച് , സ്വയമേവ രൂപപ്പെടുത്തിയതാണ് , ഉന്മാദമായിരുന്നു തുടങ്ങിയ ആക്ഷേപങ്ങൾ മക്കയിലെ നിഷേധികൾ ഉന്നയിക്കുന്നതും അതിനെ  തള്ളിക്കളയുന്നതും ഹൈക്കൽ അംഗീകരിക്കുന്ന ഖുർആനിലുണ്ട് .
പിന്നീട് അതേ ആരോപണം ,അപദാനമായി ഹൈക്കൽ കൊണ്ടുവരുന്നു !
ദിവ്യബോധനം വഴിയുള്ള നുബുവ്വതിനെ നിഷേധിക്കുക എന്നത് എക്കാലത്തെയും നാസ്തികതയുടെ പ്രഥമ പരിഗണനയായിരുന്നു.  കാരണം വഹ്യ് ഉപബോധഭ്രമങ്ങളാണെന്ന് വന്നാൽ ഖുർആൻ ആർക്കും കയറി മേയാവുന്ന പൊതുവളപ്പാവുമല്ലോ .അതിനാൽ ,ഇസ്ലാമിക വിശ്വാസശാസ്ത്ര മീമാംസകർ പ്രഥമ പരിഗണ കൽപ്പിക്കുന്ന വിഷയം വഹ്യ് സ്ഥിരീകരണവുമാണ്. അതിൻ്റെ കടക്കലാണ് ഹൈക്കൽ കത്തി വെച്ചത്. 

കുഞ്ഞുന്നാളിലേ ഉണ്ടായ അനാഥത്വം , മക്കക്കാരുടെ കുത്തഴിഞ്ഞ ജീവിതക്രമങ്ങളോടുള്ള വിരക്തി തുടങ്ങിയ മനോഘാതങ്ങൾ സ്വതസിദ്ധമായ ആത്മനിഷ്ഠയോടൊപ്പം ചേർന്നാണ് പ്രവാചകത്വലബ്ദി സംഭവിച്ചത് എന്ന് പറയുന്ന ഹൈക്കൽ എന്താണ് ഉദ്ദേശിക്കുന്നത് ?
അങ്ങനെയൊരു പ്രവാചകത്വത്തെ മക്കക്കാർ എന്തിന് എതിർക്കണം ? 
മക്കക്കാർ കുത്തഴഞ്ഞായിരുന്നു ജീവിച്ചത് എന്ന് വ്യക്തിഗതമായ മോറൽകോഡ് അനുസരിച്ച് പൊതുവായി ആരെങ്കിലും പറയുമോ ? 

ദിവ്യബോധനത്തിൻ്റെ തുടക്കത്തിൽ പ്രവാചകൻ പേടിച്ചു വിറച്ചതും ഓടിക്കിതച്ചതും പനി പിടിച്ചതുമൊക്കെ മാലാഖയെ നേരിട്ട് കണ്ടതിൻ്റെ ആഘാതമാണെന്ന , ഇസ്ലാമിലെ ഏകോപിതാഭിപ്രായത്തെ ഹൈക്കൽ അംഗീകരിക്കുന്നില്ല , നേരത്തെ മുഹമ്മദ് അബ്ദുവും റഷീദ് രിദയും പറഞ്ഞത് പോലെ , ധ്യാനനിമഗ്നതയുടെ പാരമ്യത്തിൽ സംഭവിച്ച ആത്മാടനങ്ങളാണവ എന്ന് ഹൈക്കലും വ്യാഖ്യാനിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ച ശേഷം അല്ലാമാ സഈദ് റമദാൻ ബൂത്വി ഹൈക്കലിനോട് ചോദിക്കുന്ന ലളിതമായ ചോദ്യമുണ്ട്. അപാരമായ ചിന്താശേഷിയും ഏകാഗ്രതയും പ്രതിഷ്ഠാപിതമായ ആത്മസ്വത്വവും ചേർന്നപ്പോഴാണ് പ്രവാചകന് അത്തരം അനുഭവങ്ങളുണ്ടായത് എങ്കിൽ , ലോകത്ത് മറ്റൊരു ചിന്തകന്മാർക്കും ദാർശനികന്മാർക്കും എന്ത് കൊണ്ട് അത്തരം അനുഭവങ്ങൾ ഉണ്ടായില്ല ? 
പ്രാപഞ്ചിക പ്രവാഹത്തിൽ ഒരാൾക്ക് മാത്രമാണോ അങ്ങനെയൊരനുഭവം ഉണ്ടായത് ? അങ്ങനെ പറയുന്നവർ അംഗീകരിക്കുന്ന പുരാതന യവന ചിന്തകന്മാർക്കോ ആധുനിക പശ്ചാത്യ ദാർശനികന്മാർക്കോ അങ്ങനെ സംഭവിച്ചിട്ടുണ്ടോ ?

യൂറോപ്പ് - ഇസ്ലാം ചർച്ചകളിലെ ചില അടിസ്ഥാന വിഷയങ്ങളിൽ നിന്നും ഹൈക്കൽ ഒളിച്ചോടിയിട്ടുമുണ്ട്. പ്രവാചക വിവാഹങ്ങൾ പരിശോധിക്കുമ്പോൾ , പൂർവ്വ സീറക്കാരുടെ സമീപനശൈലിയെ വിമർശിച്ച ഹൈക്കൽ കൃത്യമായ സാന്ദർഭികാവലോകനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷെ Poligamy യെ ധൈര്യപൂർവ്വം വിശകലനം ചെയ്യാൻ അദ്ദേഹം തയ്യാറായിട്ടില്ല.

മൂന്ന് :

ഹൈക്കൽ സ്വന്തം ആരാധകന്മാരെ പോലും നിരാശപ്പെടുത്തുന്നത് ചർച്ചക്കെടുത്ത നാല് അമാനുഷികതകൾ വിശകലനം ചെയ്യുമ്പോഴാണ്. 
വക്ഷഭേദനം ,നിശാപ്രയാണം ,ആകാശാരോഹണം , സൗർഗുഹാനുഭവം എന്നിവ മാത്രം ചർച്ചക്കെടുത്ത് നിശാകാശപ്രയാണമല്ലാത്തവ തളളി. 

പ്രവാചകൻ്റെ നെഞ്ച്കീറി മലാഖമാർ ശുചീകരിച്ച വക്ഷഭേദന സംഭവങ്ങൾ എത്ര തവണ നടന്നുവെന്നതിൽ സീറകൾക്ക് ഏകാഭിപ്രായമല്ല . ഹൈക്കൽ , ഗ്രന്ഥത്തിനാധാരമാക്കിയ ത്വബ്രി വഹ്യ് ആരംഭത്തിലും  ആകാരോഹണ സമയത്തും ഉണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്. ആധുനിക സീറക്കാരൻ തന്നെയായ സയ്യിദ് സുലൈമാൻ നദ്വി 4 തവണ ഉണ്ടായി എന്ന് പറയുന്നു.
ഇബ്നുൽ ഖയ്യിം പോലും നിരുപാധികം തള്ളിയിട്ടില്ല . ക്ലാസിക്ക് സീറകളിൽ 7 - 10 തവണകൾ വരെ പറയപ്പെട്ടിട്ടുണ്ട്. ഇവയത്രയും തള്ളിക്കളഞ്ഞിന് ഹൈക്കൽ പറയുന്ന ന്യായമാണ് വിചിത്രം ,
അതിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല ,അസാധാരണമായ പ്രകൃതവും ശൈഷവവുമായിരുന്നു പ്രവാചകൻ്റേത് എന്നായിരുന്നു അത്. 
പ്രവാചകൻ്റെ സാധാരണത്വം സ്ഥാപിക്കാൻ അസാധാരണത്വം ആശ്രയിക്കുന്ന ഹൈക്കൽ സ്വയം തമാശയായി മാറിയ സന്ദർഭങ്ങളിലൊന്നാണത്. എത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് താൻ , മുഹമ്മദ് നബ(സ്വ)യുടെ  സഹജമായ ആ " ഒരൊറ്റ " അസാധാരത്വം അംഗീകരിക്കുന്നത് എന്ന് ഹൈക്കൽ മിണ്ടിയിട്ടേയില്ല.
അങ്ങനെയൊരു ഹൃദയശസ്ത്രക്രിയ നടത്താൻ മാത്രം അക്കാലത്ത് അലോപ്പതി വികസിച്ചിരുന്നില്ല എന്ന് പറഞ്ഞിരുന്നുവെങ്കിൽ അതിലേറെ ഭംഗിയായാനെ .

തൊട്ടുടനെ , ആധുനിക ശാസ്ത്രം അംഗീകരിക്കുന്നതിനാൽ നിശാകാശപ്രയാണം വാസ്തവമാണ് എന്നും ഹൈക്കൽ പറയുന്നുണ്ട്,
ശാരീരികമല്ല , മസ്തിഷ്ക്ക സഞ്ചാരം മാത്രം.
മുസ്ലിം പണ്ഡിതലോകത്ത് അത് ആത്മായനമായിരുന്നുവെന്ന് പറഞ്ഞ വേറെയും ഭാഷ്യങ്ങളുള്ളതിനാൽ  പ്രത്യക്ഷത്തിൽ ഹൈക്കലിസ്റ്റുകൾ ഒറ്റക്കല്ല. പക്ഷെ ,അങ്ങനെയൊരു വാനരാസഞ്ചാരം ജഡികമായി സംഭവിക്കുന്നത് ബൗദ്ധികമായി അസംഭവ്യമാണെന്ന ന്യായം പറഞ്ഞ മുൻഗാമികൾ അവർക്കില്ല. 
സ്വപ്നമായിരുന്നുവെന്ന താരതമ്യേനെ ശക്തമായ ഒരിഭിപ്രായവും ഇസ്ലാമിൽ ഉണ്ട്. പക്ഷെ ഹൈക്കൽ സ്വപ്നസാധ്യതയും തളളി .
ശാസ്ത്രത്തെ കൂട്ട് പിടിച്ച് മറ്റൊരു വിചിത്ര സാധ്യതയാണ് ഹൈക്കൽ മുന്നോട്ട് വെച്ചത്. 
" In the moment of Al isra and Al miraj Muhammed graped the unity of being in all its totality and perfection. In that moment neither space nor time could privent his consciousness from encompassing all being .." അദ്ദേഹം ഇതെഴുതുന്ന കാലത്ത് ഫിസിക്സിനേക്കാൾ വളർന്നത് മനശാസ്ത്രമോ ഗുപ്തശാസ്ത്രമോ ആയിരുന്നുവെന്ന് വ്യക്തം .
ഉഠയനം നടക്കുമ്പോൾ പ്രവാചകൻ്റെ ആത്മചേതസ് സമ്പൂർണ്ണമാവുകയും സ്ഥൂല - സമയ മാനങ്ങൾക്ക് തടയാനാവാത്ത വിധം പ്രവാചകൻ്റെ ബോധതലം ഉണ്മാന്തരങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഹൈക്കൽ ഇക്കാലത്തായിരുന്നുവെങ്കിൽ മിഅ'റാജ് ശാരീരം തന്നെയാണെന്ന് പറയുമായിരുന്നു. 
നിയോറിലേറ്റീവിറ്റിയും നാലാം മാനമായ സമയവും ടൈം വീൽ ഹോൾസുമൊക്കെ അദ്ദേഹം രചനയുടെ ഭാഗമാക്കിയേനെ. 
ഇവിടെയും , ഹദീഥ് നിരൂപണശാസ്ത്രത്തോടോ പൊതുശാസ്ത്രീയ ബോധത്തോടൊ ഹൈക്കൽ നീതി പുലർത്തിയിട്ടില്ല. കാരണം , ഇസ്റാ - മിഅറാജ് സ്വപ്നമായിരുന്നുവെന്ന് പറയുന്നവർ ,ശാരീരികമായിരുന്നുവെന്ന നിവേദനങ്ങൾ ദുർബലമാണെന്ന വാദമാണ് മുന്നോട്ട് വെക്കുന്നത്. വാസ്തവത്തിൽ ദുർബലം ആ വാദമാണെങ്കിലും ആ സമീപനം ഹദീഥ് നിരൂപണത്തിൻ്റെ ഭാഗമാണ്. 
ഹൈക്കൽ അതൊക്കെ നിരാകരിച്ചാണ് - മസ്തിഷ്ക്ക സഞ്ചാരം എന്നാക്കുന്നത്. 
ഈ സംഭവം ഉദ്ധരിച്ച് കൊണ്ട് ഖുർആൻ പ്രവാചകനെ   
'തൻ്റെ ദാസൻ' എന്ന് വിശേഷിപ്പിച്ചത് കേവലം തലച്ചോറിനെയോ അല്ലെങ്കിൽ  നാഡീവ്യൂഹങ്ങളെയോ അതുമല്ലെങ്കിൽ ആത്മാവിനെയോ സംബന്ധിച്ചാണോ ?
അങ്ങനെയൊരു പ്രയോഗം അറബിഭാഷയിലുണ്ടോ ?
കേവലം മസ്തിഷ്ക സഞ്ചാരമായിരുന്നുവെങ്കിൽ (സ്വപ്നമായിരുന്നുവെങ്കിലും ) ഖുറൈഷികൾ എന്തിന് അത്ര ശക്തമായി എതിർക്കണം  ?
മസ്തിഷ്ക സഞ്ചാരം  ആണെങ്കിൽ (സ്വപ്നമായിരുന്നുവെങ്കിലും)  അതെന്തേ റ്റെത്തവണ സംഭവിച്ച് വലിയ മഹാൽഭുതമാവണം ?
ഹൈക്കൽ എന്തുമാത്രം പാവമാണ് ,പാവയാണ് !

 
വായിക്കപ്പെട്ട പ്രവാചകൻ വീണ്ടും വായിക്കപ്പെടാൻ ഹൈക്കലിൻ്റെ രചന കാരണമായിട്ടുണ്ട് .പക്ഷെ , വാഴ്ത്തപ്പെട്ട പ്രവാചകൻ വീണ്ടും വാഴ്ത്തപ്പെടാൻ ആ രചന എത്രത്തോളം നിമിത്തമായിട്ടില്ലെന്ന ആലോചന തന്നെയാണ് ആ കൃതിയുടെ എഴുതാപ്പുറങ്ങൾ മുന്നോട്ട് വെക്കുന്നത്. 

അവലംബങ്ങൾ :

1 : موقف العقل والعلم والعالم
2 كبرى اليقينيات الكونية
3: Life of the Noble prophet  Muhammed 
4: The structure of religious thought in
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us