loader
blog

In General

By Shuaibul Haithami


ഇതരത്വമില്ലാതെ മതേതരത്വമുണ്ടാവുമോ ?

Secularism ഒരു നിർവ്വചിത സങ്കൽപ്പമല്ല . കാലം , ദേശം എന്നിവക്കനുസരിച്ച് വ്യത്യാസപ്പെട്ട വിശദീകരണങ്ങൾ അതേക്കുറിച്ചുണ്ട്. മതപരമായ സ്ഥാപനങ്ങളുടെയും വിശ്വാസങ്ങളുടെയും നിയന്ത്രണത്തിൽ നിന്നും രാഷ്ട്രനിർമ്മാണം പൂർണ്ണമായും വേർപ്പെടുത്തപ്പെടുക എന്നായിരുന്നു യൂറോപ്യൻ മതേതരത്വത്തിന്റെ വിവക്ഷ. 'ദെവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും ' എന്ന പള്ളി വിപരീതം പഞ്ചായത്ത് സങ്കൽപ്പമായിരുന്നുവത്.
എന്നാൽ , ഒരു പൗരനും പൗരയും വിശ്വസിക്കുന്ന മതത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവരാത്ത രാഷ്ട്രീയസ്ഥിതി എന്നതാണ് ആധുനിക ലോകത്ത് പ്രയോഗത്തിലുള്ള മതേതരത്വത്തിന്റെ വിവക്ഷ. 'മതനിരപേക്ഷത, മതേതരത്വം ' എന്നീ പരിഭാഷാപദങ്ങളും പ്രസ്തുത ആശയദ്വയങ്ങളെ പ്രതിഫലിപ്പിക്കാൻ പറ്റുന്നതാണ്. ചേരായ്മ , ബന്ധമില്ലായ്മ എന്ന വിപരീതാർത്ഥത്തിലുള്ള നിരപേക്ഷത എന്ന പദത്തിനൊപ്പം മതം ചേരുമ്പോൾ , ഒരുമതത്തിനും രാഷ്ട്രത്തിൽ ഇടമില്ലെന്ന് മതനിരാസകരും എല്ലാവർക്കും മതാതീതമായ തുല്യപരിഗണനയെന്നാണെന്ന് മതവിശ്വാസികളും അർത്ഥം പരികൽപ്പിക്കുന്നു. മതേതരത്വം എന്നാൽ മതരഹിതമായ അസ്തിത്വം എന്ന് ആദ്യകക്ഷിക്കാരും മതപരമായ ഇതരത്വങ്ങളുടെ കൂട്ടായ്മ എന്ന് മറുകക്ഷികളും വിവക്ഷിക്കുന്നു. ഇവിടെ , ഇന്ത്യൻ മതേതരത്വത്തിന് പൂർവ്വാധുനിക യൂറോപ്യൻ അർത്ഥമല്ലെന്നും മതപരമായ ഇതരത്വങ്ങൾ കൂടിച്ചേരുന്ന ഏകത്വം എന്നാണെന്നുമാണ് നിയാമക വാഖ്യാനം. കാരണം , 1976 ലെ ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിയനുസരിച്ചാണ് ഇന്ത്യയെ ഒരു സെക്യുലർ സ്റ്റേറ്റായി പ്രഖ്യാപിക്കുന്നത്. അതിലൂടെ മതത്തെയും രാഷ്ട്രത്തെയും വേർതിരിക്കുന്നതിന് പകരം സാമൂഹിക സ്ഥാപനം എന്ന നിലയിൽ മതകാര്യങ്ങളിൽ ഇടപെടാൻ ഭരണകൂടങ്ങൾക്ക് വിശാലമായ അധികാരം നൽകുകയായിരുന്നു . എന്നാൽ , മതം വ്യക്തികളുടെ മാനസിക താൽപര്യങ്ങളാണെന്ന പരിഗണനയിൽ ഭരണകൂടത്തെയും മതത്തെയും ഭരണഘടന ഭാഗികമായി വേർതിരിക്കുന്നുമുണ്ട് . ഉദാഹരണത്തിന്, ഭരണഘടനാ സ്ഥാപനങ്ങൾ വഴി മതപരമായ നിർദ്ദേശങ്ങൾ നൽകാൻ പാടില്ലെങ്കിലും വ്യക്തിപരമായ മതജീവിതത്തിന്റെ അവകാശങ്ങൾ അതേ സ്ഥാപനങ്ങൾ സമ്മതിക്കുന്നുമുണ്ട്. നിരവധി ഹൈന്ദവ ക്ഷേത്രങ്ങളും മുസ്ലിം പ്രോപ്പർട്ടികളും സർക്കാർ വിവിധ ബോർഡുകൾ വഴി നേരിട്ട് നിയന്ത്രിക്കുകയും സാമ്പത്തിക സഹായങ്ങൾ അനുവദിക്കുകയും ചെയ്യുന്നു. യൂറോപ്യൻ മതനിരപേക്ഷ സങ്കൽപ്പ പ്രകാരം അതൊന്നും സംഗതമാവില്ല . അതായത്, മതസഹിത ഇതരത്വങ്ങളും മതരഹിത ഇതരത്വങ്ങളും കൂടിച്ചേരുമ്പോഴുണ്ടാവുന്ന വൈവിധ്യമാണ് ഇന്ത്യയുടെ നാനാത്വം .
അവയെ കോർത്തിണക്കി ഭരണഘടന നടത്തിയ നിയമവിന്യാസമാണ് രാജ്യത്തിന്റെ ഏകത്വം .
അതിനപ്പുറമുള്ള സങ്കൽപ്പങ്ങൾ അതിശയോക്തിയും സമന്വയങ്ങൾ ഇന്ത്യൻ ബഹുസ്വരതയുടെ അപസ്വരമാണെന്നും മാത്രമേ നിക്ഷ്പക്ഷമായി മനസ്സിലാക്കാനാവുകയുള്ളൂ.

സ്വത്വബോധവും ഐക്യബോധവും .

ഭരണഘടനയുടെ അനുഛേദം 30 , മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്ക് സാംസ്കാരികാഭിഷ്ട പ്രകാരമുള്ള വിദ്യാവിതരണ സംസ്ഥാപനത്തിനും നടത്തിപ്പിനുമുള്ള അവകാശം വകവെച്ച് നൽകുന്നു. മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേക നിയമാനുകൂല്യങ്ങൾ രാഷ്ട്രം നൽകുന്നു. മുസ്ലിം , സിക്ക് , ബുദ്ധ , പാഴ്സീ, ക്രിസ്ത്യൻ മതവിഭാഗങ്ങളും ആംഗ്ലോ - ഇന്ത്യൻസമൂഹമടക്കമുള്ളവരും ചേർന്ന സാംസ്കാരിക ന്യൂനപക്ഷം അവരുടെ ശാരീരികമോ , അനുഷ്ഠാനപരമോ , ഭാഷാപരമോ ആയ അടിസ്ഥാനങ്ങളിലാണ് മൗലികസ്വത്വം നിലനിർത്തിപ്പോരുന്നത്. രണ്ട് കാര്യങ്ങൾ അവിടെ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. 
ഒന്നാമതായി , ഹോമോസാപ്പിയന്റെ ജനമൃതികൾക്കിടയിലെ ആവശ്യങ്ങൾ , വൈകാരിതകൾ ,സാമൂഹികമായ രീതിസ്വഭാവങ്ങൾ, എന്നിവയൊക്കെ ഒരുപോലെത്തന്നെയാവും . മനുഷ്യർക്കിടയിലെ വ്യത്യസ്തതകൾ വിശ്വാസം ,ആരാധന ,ആഘോഷം തുടങ്ങിയവയുടെ അനുഷ്ഠാനരീതികളിൽ മാത്രമാവും . 
സൂക്ഷ്മമായ ആ വ്യത്യസ്തതകളാണ് ഒരു സമൂഹത്തിൽ 'ഇതരത്വം' നിലനിർത്തുന്നത്.
ആ വ്യത്യസ്തതകളാണ് മനുഷ്യനെ ഒരു സർഗാത്മക ജന്തുവാക്കി ഉയർത്തുന്നത്.
മനുഷ്യരുടെ ജൈവികസ്വത്വം സാമ്യവും ആത്മസ്വത്വം ഭിന്നവുമാണെന്ന തിരിച്ചറിവുള്ള ദാർശനികന്മാരാണ് ആധുനിക മതേതര ഭരണഘടനയുടെ ശിൽപ്പികളെന്നതിന്റെ തെളിവാണ് അതുൾക്കൊള്ളുന്ന വൈവിധ്യക്കുടെ ജാലകങ്ങൾ .
രണ്ടാമതായി , അത്തരം വൈവിധ്യങ്ങൾ മാനസികമായി സൂക്ഷിക്കേണ്ടവ മാത്രമാണെന്നും പൊതുവിടത്തിൽ എല്ലാവരും ഒരുപോലെയാവുമ്പോഴാണ് പരിഷ്കൃത സാമൂഹികത പുലരുന്നതെന്നും നിരീക്ഷിക്കുന്നവരാണ് ഇപ്പോൾ 'പ്രവണതകൾ ' നിർമ്മിക്കുന്നത് , 
പരിഷ്ക്കാരവും യാഥാസ്ഥിതികത്വവും നിർവ്വചിക്കുന്നത് .
മതേതര ഭരണഘടനകൾ അനുവദിക്കുന്ന സാംസ്കാരിക അസ്തിത്വം കേവലം മാനസികമായ ഗുപ്ത വികാരങ്ങൾ മാത്രമാണെന്നാണോ അവർ വിചാരിക്കുന്നത് ? അങ്ങനെയാണെങ്കിൽ ,ഭൗതിക പ്രോക്തങ്ങളായ മതേതര ഭരണഘടനകൾ അമൂർത്തങ്ങളായ വിചാരങ്ങളെ വ്യവഹരിക്കാനാണ് ഒട്ടനേകം വകുപ്പുകൾ തുന്നിച്ചേർത്തതെന്ന് പൊള്ള് പറയേണ്ടി വരുമവർക്ക്.

Unity അഥവാ ഐക്യം , Uniformity അഥവാ ഏകധാനത എന്നിവയ്ക്കിടയിലെ അജ്ഞതയാണിവിടെ വില്ലൻ. മഴവില്ലും പൂന്തോട്ടവുമാണ് ഐക്യത്തിന്റെ പ്രതീകം.
ഒറ്റനിറം കൊണ്ട് മാരിവില്ലോ ഒറ്റപ്പൂവിനാൽ പൂവാടിയോ രൂപപ്പെടില്ല. വ്യത്യസ്തകൾ അവയുടെ തനിമ നിലനിർത്തുക എന്നതാണ് , ശേഷം കൂടിച്ചേരുക എന്നതിനേക്കാൾ ഐക്യത്തിന്റെ അടിസ്ഥാനം . അല്ലാതെ , നിറങ്ങളും പൂദളങ്ങളുമെല്ലാം കൂടിക്കുഴഞ്ഞുണ്ടാവുന്ന സങ്കരത്വമല്ല ഭാരതീയ ദർശനം വിഭാവനം ചെയ്യുന്ന ഐക്യം. മറ്റേത് , മതങ്ങൾക്കിടയിലെ താത്വിക വൈവിധ്യങ്ങൾ അവഗണിച്ച് പ്രയോഗപരമായ ഏകധാനത രൂപപ്പെടുത്തുക എന്ന യൂറോപ്യൻ സിൻക്രറ്റിസമാണ് . ഒരേ സമയം അതൊരു വാണിജ്യതന്ത്രവും രാഷ്ട്രീയായുധവുമായിരുന്നു
തീവ്രവലതുപക്ഷ രാഷ്ട്രീയം എവിടെയും പ്രയോഗിക്കുന്ന യൂണിഫോമിറ്റി വാദം. പ്രമാണം കൊണ്ട് ഭിന്നമായവരെ പ്രയോഗം കൊണ്ട് ഏകമാനമാക്കി " ശരിപ്പെടുത്തുന്ന " ഫാസിസത്തിന്റെ പ്രിസത്തിൽ പ്രതിഫലിക്കുന്ന ചിത്രമാണ് എല്ലാവർക്കും സ്വീകാര്യമായ ഒരു
 " പൊതുരീതി"യിൽ സമന്വയിക്കുന്ന ദേശവും ദേശക്കാരും . ആ പൊതുരീതി ഏതാണെന്ന് തീരുമാനിക്കാൻ നിർമ്മിതമായ വംശീയമൂല്യങ്ങൾ മാത്രമാവും ആധാരം. ചുരുക്കത്തിൽ , സാംസ്ക്കാരികമായ മാറിനിൽപ്പുകൾക്കും വിയോജിപ്പുകൾക്കും രാഷ്ട്രീയ സന്ദേശം പകരാനാവുന്ന കാലാവസ്ഥയാണ് രാജ്യത്തിന്റേതിപ്പോൾ . അത്തരം മാറിനിൽപ്പുകളിലൂടെയാണ് ഏറ്റവും ശക്തമായ മതേതരത്വം രൂപപ്പെടുന്നതും . 
വിശ്വാസപരമായ മൂല്യങ്ങളുടെ മേൽ ഓരോ വിഭാഗവും സ്വന്തം തനിമ നിലനിർത്തുകയും അപരർക്ക് അതിനുള്ള അവകാശം സുമനസ്സാൽ വകവെച്ച് നൽകുകയും ആ വിശാലതയിൽ പരസ്പരം സന്ധിക്കുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന മനോഭാവമാണ് സാമുഹികഐക്യം .

പൊതുബോധവും മൂല്യബോധവും .

സുന്ദരിയായ സത്യവും വിരൂപനായ നുണയും ഒന്നിച്ച് കുളിക്കാൻ പോയൊരു കഥയുണ്ട്. രണ്ടാളും മുങ്ങിക്കൊണ്ടിരിക്കേ , നാട്ടുകാർ സത്യത്തെ മാത്രം ശ്രദ്ധിക്കുകയും തന്നെ അവഗണിക്കുകയും ചെയ്യുന്നതിൽ പരിഭവക്കാരനായ നുണക്കൊരു കള്ളച്ചിന്ത വന്നു.
സത്യത്തിന്റെ ഉടയാടയെടുത്തണിഞ്ഞ് വേഗം ' മുങ്ങുക ' തന്നെ. സത്യം തലപൊക്കും മുമ്പേ നുണ സത്യത്തിന്റെ വസ്ത്രമണിഞ്ഞ് തെരുവിലെത്തി, എങ്ങും പൂമാലയും പൂമെത്തയും .
വഞ്ചിതയായ സത്യം നാണം മറക്കാൻ ശീലത്തുണ്ടില്ലാതെ നുണയുടെ കീറത്തുണിയണിഞ്ഞ് പിന്നാലെയെത്തി , പഴിയും തൊഴിയും മാത്രം മിച്ചം . 
നിർമ്മിത പൊതുബോധവും അയഥാർത്ഥ മതേതരത്വവും നിർവചിക്കുന്ന ശരിതെറ്റുകളുടെയും ജയിക്കുന്നവരുടെ മൂല്യങ്ങൾക്കൊത്തുള്ള മാധ്യമവിശകലനങ്ങളുടെയും തോൽക്കുന്ന ധർമ്മയുദ്ധങ്ങൾക്ക് നേരം കളയാൻ മനസ്സില്ലാത്ത രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും കാലത്ത് ഇവിടെയും സംഭവിക്കുന്നത് അതൊക്കെത്തന്നെയാണ്. അന്താരാഷ്ട്ര മൂല്യങ്ങളോടുള്ള തദ്ദേശീയമായ സംവാദാത്മക വിചാരങ്ങൾ രൂപപ്പെടുത്തുന്ന പൗരബോധങ്ങളാണ് പൊതുപ്രതീതി എന്ന തരത്തിൽ മാനിക്കപ്പെടുന്ന പൊതുബോധം വാസ്തവത്തിൽ അത്ര പൊതുവൊന്നുല്ല , പ്രിവിലേജുള്ളവർ നിയന്ത്രിക്കുന്ന സ്വകാര്യ വിഭവമാണത്. എപ്പോഴും പൊതുബോധ നിർമ്മാതാക്കൾ ഏതെങ്കിലും ഒരു ' Ideological Other 'നെതിരായ വിപ്ലവം വാഗ്ദാനം ചെയ്യുകയും അത് നിരന്തരം നീട്ടിവെക്കപ്പെടുകയും ചെയ്യുമെന്നതാണ് ചരിത്രദൃശ്യം.കൊളോണിയൽ വിരുദ്ധതയും പിന്നീട് സവർണ്ണവിരുദ്ധതയുമായിരുന്നു കഴിഞ്ഞ ശതകങ്ങളിലെ ഇവിടത്തെ പൊതുബോധ പ്രതലം.
പൊതുബോധം അന്ന് പൊതുജനങ്ങൾക്കിടയിൽ രൂപപ്പെട്ട് മുകൾത്തട്ടുകളിൽ പ്രകമ്പനം ഉണ്ടാക്കുകയായിരുന്നു. ഇന്ന് പൊതുബോധം റെഡിമെയ്ഡായി ഇറക്കുമതി ചെയ്യപ്പെടുകയാണ്. ആഗോളഗ്രാമമായി വൻകരകൾ കോർക്കപ്പെട്ടതിന് ശേഷം മനുഷ്യത്വത്തിന് വിനയായ് വ്യവസ്ഥാപിത മതവിരുദ്ധ പൊതുബോധമാണിവിടെ ചമയ്ക്കപ്പെട്ടത്.
മതം വരക്കുന്ന ഫ്രയിമുകൾക്കെതിരെ മതക്കാരെ തിരിക്കുന്ന ഉദാരമതങ്ങൾ വിജയിച്ചതോടെ സത്യം പറയുന്നവർ തീവ്രവാദികളായി. ഇത് കേവല ജൽപ്പനമല്ല.
കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലെയും പണ്ഡിതരും ആചാര്യരും അവരവരുടെ വിശ്വാസാനുഷ്ഠാനങ്ങളുടെ തന്മയത്വം നിലനിർത്താനാഗ്രഹിക്കുന്നവരും ഇതര മതസ്ഥരുടേതിനെ , ജനാധിപത്യപരമായി അംഗീകരിക്കുമ്പോൾ തന്നെ , ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കാത്തവരും സ്വന്തം സങ്കേതങ്ങളിൽ വിയോജിപ്പിന്റെ ന്യായം പ്രചരിപ്പിക്കുന്നവരുമാണ്. ഇക്കാര്യത്തിൽ മതവ്യത്യാസങ്ങളില്ല. മതാന്തരീയ സംവാദങ്ങൾ നടക്കുമ്പോഴും സ്വന്തം ഫ്രയിം ഭദ്രമായി നിലനിർത്തപ്പെടാറുണ്ട് എവിടെയും .
നടേപ്പറയപ്പെട്ട ' പൊതുസമൂഹം ' പിന്തിരിപ്പൻ മുദ്ര പതിച്ചേക്കുമെന്ന ശങ്കയാൽ മന:സാക്ഷിയിൽ ഭിന്നാഭിപ്രായമുള്ള കാര്യങ്ങൾ പൊതുവേദിയിൽ ചെയ്യേണ്ടി വരുന്നുവെങ്കിൽ സമൂഹത്തിന്റെ മതേതര മനസ്സ് അത്രയും ദുർബലമായി എന്നാണതിനർത്ഥം.അനുബന്ധമായുണ്ടാവുന്ന വാദപ്രതിവാദങ്ങളും ബഹുസ്വര സമൂഹത്തിന്റെ മുമ്പിൽ വെച്ച് തന്നെയാവുമ്പോൾ മാനസികമായി എല്ലാ മതക്കാരും സ്വത്വവാദികളാണെന്നത് കൃത്യമായി അനാവൃതമാവുന്നു. അത്തരം ചർച്ചകളിൽ പ്രതിഫലിക്കുന്നതിന്റെ ആകെത്തുക സാമൂഹിക ശൈഥില്യങ്ങൾക്ക് ആക്കംകൂട്ടും വിധം മറ്റുവേദികളിൽ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്.
മതേതര ജീവിതത്തിന്റെ യഥാർത്ഥ വിവക്ഷ തീവ്രവാദം എന്ന് താൽക്കാലികമായ പഴികേട്ടാലും പിൽക്കാലം പ്രധാനമായവർക്ക് ഒഴുക്കിനെതിരെ നിന്ന് നാടിനൊപ്പം നടക്കാനേ നിവൃത്തിയുള്ളൂ. അകത്തുള്ള വിശ്വാസത്തിനൊത്ത് പുറത്തും മാറിനിൽക്കണമെന്ന് തോന്നുന്നതിൽ നിന്ന് മാറിനിൽക്കാൻ സമ്മതിക്കാത്തത്ര സങ്കുചിതമായി മതേതരത്വത്തെ ദുർവ്യാഖ്യാനിക്കുന്നവരോട് ഒത്ത്പോവാൻ പറ്റായ്മയാണോ തീവ്രവാദം ? അതല്ലേ യഥാർത്ഥത്തിൽ മതേതരത്വദീക്ഷ ?
'സാഹചര്യത്തിന്റെ അനിവാര്യത' എന്ന് പറയേണ്ടിവരുന്ന സന്ദർഭങ്ങളിലെ അനിവാര്യതയെ സുതാര്യമായും സത്യസന്ധമായും അഭിമുഖീകരിച്ച് നിർമ്മിത പൊതുബോധത്തെ നിർമ്മലമായി മറിക്കടക്കാവുന്ന മാർഗങ്ങളുടെ ജനാധിപത്യവൽക്കരണമാവില്ലേ സ്ഥിരസൗഹൃദദായകം ? ഇത്തരം ഉത്തരം വ്യക്തമായ ചോദ്യങ്ങളാണപ്പോൾ ബാക്കിയാവുന്നത് . 

സൗഹൃദമാർഗങ്ങളുടെ സമസ്ത .

ഇസ്ലാമേതര മതാഘോഷ ചടങ്ങുകളിലെ സഹവർത്തനങ്ങളെ സംബന്ധിച്ച സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പണ്ഡിതന്മാരുടെ നിലപാടുകൾ സമ്മിശ്ര പ്രതികരണങ്ങൾക്കിടയാവാറുണ്ട് . കണ്ടന്റിന്റെ കോറിൽ നിന്നും തങ്ങൾക്കാവശ്യമുള്ള കോർണറിലേക്ക് തെന്നി ചിലർ നടത്തുന്ന സംഭ്രാന്തമായ നിരീക്ഷണങ്ങൾ ചിലപ്പോൾ ഭരണകർത്താക്കൾ വരെ ഏറ്റെടുക്കുന്നു . ചരിത്രം , വർത്തമാനം , ഭാവി ഇവമൂന്നും പരിഗണിച്ച് കൊണ്ടാണ് പണ്ഡിതന്മാർ സാമൂഹിക വീക്ഷണങ്ങൾക്ക് കൃത്യത വരുത്താറുള്ളത്.
സാമൂഹിക ജീവിതമെന്നാൽ കേവലം കണ്ടുമുട്ടിപ്പിരിയുന്ന അതിഥി സൽക്കാരങ്ങളല്ല ,ബഹുകൃത വൃത്തികളുടെ ഉൾപ്പിരിവുകൾ ഉൾക്കൊള്ളുന്ന സഹജീവനങ്ങളാണത്. അവിടെ , മനുഷ്യബന്ധങ്ങൾക്കിടയിൽ തുറന്ന് മനസ്സിലാക്കലുകൾക്ക് ശേഷം ചേർക്കപ്പെടുന്ന സൗഹൃദങ്ങൾ പച്ച മനുഷ്യരുടെ കലർപ്പില്ലാത്ത സാഹോദര്യബോധമുണർത്തും. തനിക്ക് തന്റെ മൂല്യങ്ങൾ വിലപ്പെട്ടത് പോലെ , വിലപ്പെട്ട മറ്റൊരു തത്വമാണ് അപരനെ നയിക്കുന്നതെന്ന വിട്ടുകൊടുക്കലിലാണ് ബഹുസ്വരത വിശാലമാവുകയെന്ന പണ്ഡിത നിരീക്ഷണമാണ് പിരിമുറുക്കങ്ങൾക്കുള്ള അയവ് .
മനുഷ്യർക്കിടയിൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങൾക്കിടയിലും ചേർന്ന് നിൽപ്പുകൾ വേണം , ദുഃഖങ്ങളിലെന്ന പോലെ സന്തോഷങ്ങളിലും പാരസ്പര്യം സൂക്ഷിക്കപ്പെടണം , ആപത്തുകളിലെന്ന പോലെ ആഘോഷങ്ങളിലും വൈകാരികത വീതം വെക്കപ്പെടണം . അത്തരം വിജാതീയവും മതാതീതവുമായ ആദാന പ്രദാനങ്ങൾ ഇന്നാടിന് പുതുമയല്ല. ഹൈന്ദവ രാജാക്കന്മാരും സൂഫീ പുണ്യാത്മാക്കളും മാപ്പിള പോരാളികളും അറേബ്യൻ വ്യാപാരികളും കീഴാള ഹിന്ദുക്കളും ചേർന്നാണ് ചരിത്രത്തിലെ കേരളമുണ്ടാക്കിയത് . ക്രിസ്ത്യരും യഹൂദരും മുസ്ലിംകൾക്ക് മതോദര സഹോദരങ്ങളാണ്. ആ പാരമ്പര്യബോധമാണ് സമസ്തയുടെ വഴി. മുറ്റത്ത് സഹായഭ്യർത്ഥനയുമായി നിൽക്കുന്ന അമുസ്ലിം സഹോദര - സഹോദരിയെ അകമറിഞ്ഞ് സഹായിക്കണം എന്ന് ജുമുആനന്തരം ആഹ്വാനം ചെയ്യുന്ന ഖതീബുമാർ കേരളത്തിൽ അൽഭുതമാവാത്തത് അത് കൊണ്ടാണ്. തീവ്രവാദത്തിനും വർഗീയതക്കുമെതിരെ രണ്ടാമതൊന്നിനെക്കുറിച്ച് സന്ദേഹിക്കാതെ സംസാരിക്കുന്ന പ്രസ്ഥാനമാണത്. ഏറ്റവും ഉത്തമമായ ഭക്ഷണം , സ്വൽപ്പമേറെ വെച്ച് അയൽക്കാരന് കൂടി നൽകപ്പെടുന്ന അന്നമാണെന്ന പാഠമാണ് കുട്ടികൾ മദ്റസകളിൽ പഠിക്കുന്നത്. സംഘടാത്മകതക്കപ്പുറം ഒരു ജീവനുള്ള ചരിത്രത്തെയും ചരിത്രമുള്ള സംസ്കാരത്തെയും ഉൾവഹിക്കുന്ന നൂറാണ്ട് കേരളം കണ്ട സമസ്തക്ക് വാർത്താപ്പാടങ്ങളിലെ തുവരച്ചെടികളിൽ നിന്ന് നാടിന്റെ സ്പന്ദനം മനസ്സിലാക്കേണ്ട ദാരിദ്ര്യമില്ല. 

എന്നാൽ , ഇതര മതാചാരത്തെയോ അതിന്റെ വിശ്വാസതലത്തെയോ വന്ദിച്ചോ വിശ്വസിച്ചോ സമഭാവം പ്രകടിപ്പിച്ചോ കൊണ്ട് പങ്ക് ' എടുക്കാനും കൊടുക്കാനും ' ഇസ്ലാം സമ്മതം നൽകുന്നില്ല.ഹൈന്ദവ രാജാക്കന്മാർ നാട് ഭരിച്ചിരുന്ന കാലത്ത് നൽകപ്പെട്ട മതവിധികളും അക്കാലത്തെ സമുദായ ദൃശ്യങ്ങൾ കോർക്കപ്പെട്ട ചരിത്രങ്ങളുമാണ് ഇത്തരം ചർച്ചകളിൽ വരാറുള്ളത്.അപ്പോൾ പോലും നിയതമായ സ്വത്വബോധത്തിലൂന്നിയ നയതന്ത്ര്യങ്ങളാണ് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുള്ളത്. വ്യവസ്ഥാപിത ജനാധിപത്യവും മതേതരത്വവും പൂർവ്വോപരി കർമ്മ - നിഷ്കർമ്മ സ്വാതന്ത്ര്യങ്ങൾ സമ്മതിക്കുമെന്ന പ്രതീക്ഷയാണ് സ്വാതന്ത്ര്യസമരങ്ങൾക്കനുകൂലമായി സംസാരിക്കാൻ അക്കാലത്തെ ഉലമാഇനെ പ്രേരിപ്പിച്ചത് തന്നെ. 
അതേസമയം , മതത്വത്തിൽ നിന്നും ഭരണകൂടം പൊതുത്വത്തിലേക്ക് ഔദ്യോഗികമായി പരിവർത്തിപ്പിച്ച കാര്യങ്ങളോട് സ്വീകരണമനോഭാവമാവാം . ദേശീയ ചിഹ്നമായ അശോക മുദ്രയും ചക്രവും സംസ്ഥാന മൃഗമായ ആനയുമെല്ലാം അതിനുദാഹരണങ്ങളാണ്.
വിശ്വാസതലം വ്യത്യസ്തവും പ്രയോഗരീതി സാമ്യവുമായ കാര്യങ്ങളുമുണ്ട് , നിലവിളക്ക് തെളിക്കൽ പോലെ. ഇസ്ലാമിൽ അനുഗ്രഹ ലബ്ദിക്കും ജ്ഞാനപ്രതീകമായുമൊക്കെ അതുപയോഗിക്കപ്പെടാറുണ്ട്. ഹൈന്ദവതയിൽ അതേ നിലവിളക്കിന്റെ ത്രിതലങ്ങൾ ത്രിമൂർത്തികളെ കുറിക്കുന്നു. തിരികളുടെ എണ്ണവും തെളിക്കുന്ന വെണ്ണയും തിരിയുന്ന ദിശകളും മറ്റു പലതിനെയും കുറിക്കുന്നു. അവിടെ മനോനിലയാണ് യഥാർത്ഥ നില .
എന്നാൽ , പ്രമാണം കൊണ്ടോ നടപ്പുരീതി കൊണ്ടോ ഇതര മതസ്ഥരുടേത് എന്നുറപ്പിക്കപ്പെട്ട കാര്യങ്ങളിൽ കേവല മനോനിലയിൽ ആശ്രയിക്കുന്നത് ഏറ്റവും ചുരുങ്ങിയത് പ്രോൽസാഹനീയമല്ല. യാഥാസ്ഥിതികത്വം എന്നാക്ഷേപിക്കപ്പെടാവുന്ന സത്യസന്ധമായ ഈ നിലപാടിനോളം മതേതര മൂല്യങ്ങളെ ബഹുമാനിക്കുന്നതല്ല മറ്റൊരു പരികൽപ്പനയും .
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us