loader
blog

In Spiritual

By Shuaibul Haithami


നിയ്യത്ത് : ഇമാനിൻ്റെ രുചിയും യുക്തിയുടെ ബലിയും

സത്യവിശ്വാസത്തിൻ്റെ രുചി മധുരമാണെന്ന് പ്രവാചകർ ( സ ) യുടെ വചനത്തിൽ നിന്ന് മനസ്സിലാക്കാം . ' ഹലാവതുൽ ഈമാൻ ' അഥവാ സത്യവിശ്വാസത്തിൻ്റെ മധുരം ഒരാളുടെ ഹൃദയത്തിൽ കടന്നാൽ സർവ്വതിനേക്കാളും സകലരേക്കാളും ആ വ്യക്തിക്ക് പ്രധാനം സത്യവിശ്വാസമാകുമെന്നാണ് പ്രമാണം .' കൺകുളിർമ്മ ' , ' ലാഭകരമായ വ്യവസായം ' തുടങ്ങിയ അർത്ഥങ്ങളിലും സത്യവിശ്വാസം വിശദീകരിക്കപ്പെട്ടത് കാണാം. സ്രഷ്ടാവിനോടുള്ള സമർപ്പണം സമ്പൂർണ്ണമായ വ്യക്തിക്ക് പാരത്രികമായ സ്വർഗത്തിന് മുമ്പേ മാനസികമായ അനുഭൂതികൾ എന്ന സ്വൽഗീയാനുഭവം ഇഹലോകത്തിൽ ലഭ്യമാണെന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു. ചിന്താപരവും യുക്തിപരവുമായ കീഴൊതുക്കം അല്ലാഹുവിനോടായ ഒരു വ്യക്തിക്ക് മതം എളുപ്പമാക്കി ഭവിപ്പിച്ച് കൊടുക്കുമെന്നും ഖുർആൻ വാഗ്ദാനം ചെയ്യുന്നു.
പ്രയാസത്തേക്കാൾ എളുപ്പത്തെ , സങ്കീർണ്ണതകളേക്കാൾ സരളതയെ , തല്ലലുകളേക്കാൾ തലോടലിനെ , കാഠിന്യത്തേക്കാൾ കാരുണ്യത്തെ , സംഹാരത്തേക്കാൾ സക്രിയകളെ ഇസ്ലാമികാധ്യാപനങ്ങൾ പ്രകാശനം ചെയ്യുന്നു. 'ഞാൻ വന്നത് എടങ്ങേറുണ്ടാക്കാനല്ല , പ്രയാസങ്ങൾ നീക്കം ചെയ്യാനാണ് ' എന്ന നബിവചനത്തിൽ എല്ലാം ഉൾക്കൊള്ളുന്നുണ്ട്.
ബുദ്ധിപരമായ സംതൃപ്തിയാണ് മനുഷ്യന് ഏറ്റവും പ്രധാനം . ഇസ്ലാമിക വിശ്വാസം അനുഭവത്തിലും ആശയത്തിലും കൃത്യവും സത്യവുമാണെന്നതാണ് ഒന്നാമത്തെ കാര്യം.
വ്യവസ്ഥാപിതവും അലങ്കൃതവുമായ പ്രപഞ്ചം സ്വയംഭൂവല്ല, അല്ലാഹുവിൻ്റെ സോദ്ദേശ്യപരവും നീതിപൂർവ്വകവുമായ സംവിധാനമാണ് മനുഷ്യരടങ്ങുന്ന സൃഷ്ടിജാലങ്ങൾക്ക് ബാധകമായ നിയമങ്ങൾ , അതിനെതിരായ നീക്കങ്ങൾ കൃത്വിമവും സ്വന്തത്തോട് തന്നെയുള്ള അനീതിയുമാണ് , ഇഹലോകത്തെ നന്മതിന്മകൾക്ക് കണക്ക് തെറ്റാത്ത പ്രതിഫലവും കർമ്മഫലവും ലഭിക്കുന്ന പരലോകമാണ് പ്രധാനം ,നാമൂഹികമായ വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യർ മാനവികത എന്ന ഒരുമയിൽ സാഹോദര്യം കണ്ടെത്തണം , ഇത്തരം പാഠങ്ങൾ പറഞ്ഞുതരാൻ വേണ്ടി സ്രഷ്ടാവ് പറഞ്ഞയച്ച ഒന്നേകാൽ ലക്ഷത്തോളം പ്രവാചകന്മാരിലെ നേതൃത്വവും അന്തിമമനുമാണ് മുഹമ്മദ് നബി ( സ ) തുടങ്ങിയ ദർശനങ്ങളുടെ ആകെത്തുകയാണ് ഇസ്ലാം .

വിമർശിക്കപ്പെടുക എന്നതാണ് ഇസ്ലാമിൻ്റെ സജീവതയുടെ തെളിവ്. അർഹതയുള്ളവയുടെ അതിജീവനമാണ് പ്രകൃതിനിയമം എന്ന് പ്രചരിപ്പിക്കുന്ന മതനിരാസകർ ഇസ്ലാം ഗോത്രകാലമതമാണെന്ന് 21 ആം നൂറ്റാണ്ടിലും വിമർശിക്കേണ്ടി വരുന്നതിൽ തന്നെ എല്ലാറ്റിനുമുള്ള മറുപടിയുണ്ട് . അന്ത്യ പ്രവാചകർ ( സ ) യുടെ കാലത്ത് ലോകത്ത് നിലവിലുണ്ടായിരുന്ന ഇസ്ലാമും മുസ്ലിംകളും അല്ലാത്ത മറ്റൊരു ദർശനമോ സംസ്കാരമോ രാഷ്ട്രഘടനയോ അതേമാതിരി ഇന്ന് ലോകത്തില്ല . ഇസ്ലാമിന് ബദലാണെന്ന തരത്തിലൊക്കെ വ്യാഖ്യാനിക്കപ്പെട്ട ആധുനികവും ഉത്തരാധുനികവുമായ സാമൂഹിക പ്രസ്ഥാനങ്ങൾ ഏതെണ്ടെല്ലാം നാമാവശേഷമാവുകയോ ലിബറലിസത്തിൻ്റെ വയറ്റിലകപ്പെട്ട് സ്വത്വം നഷ്ടപ്പെടുകയോ ചെയ്തു. ആധുനികതാമൂല്യങ്ങളോട് കലഹിക്കാനും അതിന് മുകളിൽ തികഞ്ഞ ബദലായി നിലക്കൊള്ളുവാനുമുള്ള താത്വികവും പ്രായോഗികവുമായ സമഗ്രത ഇസ്‌ലാമിനുള്ളത് കൊണ്ടാണ് ഇന്നത്തെ ലോകക്രമത്തിലും ഇസ്ലാം തന്നെ ഒന്നാം വിഷയമാവുന്നത് . " ദുരാരോപണങ്ങളാൽ അവർ ഊതിക്കെടുത്താൻ ശ്രമിക്കും , പക്ഷെ അല്ലാഹു ഇസ്ലാമിൻ്റെ പ്രഭ സമ്പൂർണ്ണമാക്കുക തന്നെ ചെയ്യും " എന്നാണനേക്കുറിച്ച് ഖുർആനിൻ്റെ പ്രതികരണം . കൗതുകരമായ മറ്റൊരു കാര്യം , കല , സാഹിത്യം , രാഷ്ട്രീയം , അധികാരം , സമ്പത്ത് തുടങ്ങിയ മേഖലകളിൽ അതികേമന്മാരായ പലശക്തികളെയും മറികടക്കാൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇസ്ലാം ഉപയോഗിച്ച അതേ മെക്കാനിസം കൊണ്ട് തന്നെയാണീ കാലഘട്ടത്തേയും ഇസ്ലാം അതിൻ്റേതാക്കുന്നത് എന്നതാണ് . മനുഷ്യരുടെ ബൗദ്ധിക ഘടനയും ഇസ്ലാമും പുറപ്പെട്ടത് ഒരേ കേന്ദ്രത്തിൽ നിന്നായത് കൊണ്ടാണത്. പ്രവാചകത്വവും ദിവ്യബോധനവും സ്വയംകൃത വേഷങ്ങളല്ല എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം .ഇസ്ലാമിൻ്റെ മൗലികമായ അടിസ്ഥാന തത്വങ്ങൾ ഒരിക്കലും മാറ്റേണ്ട കാര്യമില്ല . കാറ്റിനൊത്ത് മാറ്റിയവരൊക്കെ മതത്തിനകത്തെ സെമി മതനിരാസകർ ആയി മാറിയിട്ടുമുണ്ട് . 

നിക്ഷ്പക്ഷമായ വിലയിരുത്തലിൽ ആർക്കും മനസ്സിലാക്കാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്.
മനുഷ്യൻ , പരിസ്ഥിതി , സമൂഹം , കുടുംബം , വ്യക്തി തുടങ്ങി ചെറുതും വലുതുമായ ഘടകങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ അസ്തിത്വമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.
ആധുനികത താൽക്കാലികത തൃപ്തിപ്പെടുത്തുകയും പിൽക്കാലത്തെ നശിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിസ്വാതന്ത്രം എന്നത് പ്രയോഗത്തിൽ അരാജത്വവും സാമ്രാജ്യത്വത്തിൻ്റെ മുതലാളിത്ത താൽപര്യങ്ങളോടുള്ള അടിമത്തവുമാണ് . ഉദാരലൈംഗിക വാദങ്ങൾ കുടുംബഘടന എന്ന ഉത്തരവാദിത്വത്തെ ക്ഷയിപ്പിച്ച് സ്വാർത്ഥതയെ ഉദാത്തമാക്കുകയാണ് .
മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദത്തെക്കുറിച്ചാണ് ഇസ്ലാം പറയുന്നത്. മറ്റുള്ളവരെ സ്വന്തത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ കിട്ടുന്ന രസങ്ങളെക്കുറിച്ചാണ് ആധുനികത പരസ്യം ചെയ്യുന്നത്. ഉപയോഗമില്ലാത്തവയെ ഉപേക്ഷിക്കണമെന്ന് ആദ്യവും ഏറ്റവും ഉപകാരമുള്ളതിനെ നിലനിർത്തി ബാക്കിയാവുന്നവയെ നശിപ്പിക്കാം എന്ന് പിന്നീടും ലോകത്തോട് പറയുന്നതാണ് നാസ്തികരുടെ ധാർമ്മികത . അംഗപരിമിതർ , അവർണ്ണർ , വൃദ്ധർ , വിരൂപർ , അബലർ തുടങ്ങിയവരെല്ലാം ജീവിക്കാനർഹത ഇല്ലാത്തവരോ സമൂഹത്തിൻ്റെ ദാക്ഷിണ്യം കൊണ്ട് ജീവിക്കേണ്ടവരോ ആണ് അവർക്ക് . ലോകാടിസ്ഥാനത്തിൽ പിടിമുറുക്കുന്ന ആധുനീക വംശീയ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനം ഇസ്ലാമിക വിരുദ്ധമായ പ്രയോജനാത്മകവാദം തന്നെ .
പലിശ , ലഹരി , കൊലപാതകം , ആയുധക്കച്ചവടം , പോൺ വ്യവസായം തുടങ്ങിയവയാണ് ആത്മീക ചിന്തയില്ലാത്ത ലോകത്തിൻ്റെ വിഭവങ്ങൾ . ഞെട്ടിപ്പിക്കുന്ന ഒരുകാര്യം , ആധുനികതയുടെ ആരാധകരിൽ പലരും അനുഗ്രഹ ജീവികളെയും എന്തിനേറെ ആൻ്റി ക്രിസ്റ്റിനെ വരെ ആരാധിക്കുന്ന UFO മതത്തിൻ്റെ അനുയായികളാവുന്നു എന്നതാണ് . അത്യന്തം സങ്കീർണ്ണമായ അത്തരം നീരാളിച്ചരടുകൾ നമ്മുടെ നാടുകളിലേക്കും എത്തിയതിൻ്റെ തെളിവാണ് രണ്ടാഴ്ച്ചകൾക്ക് മുമ്പ് രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ നടത്തിയ ആത്മഹത്യ. 

ശാസ്ത്രം കൊണ്ട് മാത്രം ജീവിക്കാം എന്നത് ഒരു പക്ഷേ ഏറ്റവുമേറെ ആഘോഷിക്കപ്പെടാറുള്ള ഒരു നുണയാണ്. ഭൗതികമായ അറിവിൻ്റെ മാധ്യമം മാത്രമായ ശാസ്ത്രത്തെ കൂട്ട് പിടിച്ച് ഒരാൾക്കും ജീവിതത്തിലെ ശരിതെറ്റുകൾ കണ്ടെത്താനാവില്ല .
എങ്ങനെ നിർമ്മിക്കാം , തകർക്കാം എന്നല്ലാതെ എന്തിന് ഉപയോഗിക്കണം , ഉപയോഗിക്കരുതെന്ന ധർമ്മചിന്ത ശാസ്ത്രത്തിൻ്റെ പാഠമല്ല , അത് മതത്തിൻ്റെ ഭാഗമാണ് .
ഒരു സമൂഹത്തിന് സന്തുലിതത്വം നിലതിർത്തി സുഖപ്രദമായി എവ്വിധം മുന്നോട്ട് പോകാം എന്നതിനാവശ്യമായ അവബോധമാണ് ശാസ്ത്രീയവബോധം . അതിന് ശാസ്ത്രവുമായി പ്രത്യേക ബന്ധമൊന്നുമില്ല . ഇന്ത്യ പോലെ മതങ്ങളുടെ കളിത്തൊട്ടിലിൽ വിശ്വാസത്തെ എങ്ങനെ നിർമ്മാണാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് ശാസ്ത്രീയം .

ഏതെങ്കിലും തരത്തിലുള്ള വിശ്വാസതത്വങ്ങളെ മുന്നിർത്തിയല്ലാതെ മനുഷ്യർക്ക് ജീവിക്കാനാവില്ല. ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്നവർ ചുരുങ്ങിയത് ഭരണഘടന , സാമൂഹിക ചട്ടങ്ങൾ , വ്യക്തിപരമായ വിവേചനാധികാരം തുടങ്ങിയ ഘടകങ്ങളെയാണ് ആശ്രയിക്കാറുള്ളത് . അത്തരം വ്യക്തികളുടെ മതമാണത് . സഹസ്രാബ്ദങ്ങളായി ജനതതികളെ വഴിനടത്തിയ പ്രത്യയ ശാസ്ത്രങ്ങളെ അവഗണിച്ച് ഒരാൾ തൻ്റെ മാത്രം തോന്നളുകളെ അവലംബിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം എന്ന നിലക്ക് അംഗീകരിക്കാം. പക്ഷെ ആ സമീപനരീതിയെ പ്രത്യയ ശാസ്ത്രവൽക്കരിക്കുന്നത് തനി വിഭ്രാന്തിയാണ് .
ആത്മഹത്യ മൗലികാവകാശമാണെന്ന് വിശ്വസിക്കുന്ന ആ തത്വസംഹിതക്ക് ഗുണപരമായ യാതൊരു സന്ദേശവും ലോകത്തിന് നൽകാനാവില്ല . മതരഹിത സമൂഹങ്ങളിൽ അതേ അനുപാതത്തിൽ വിഷാദവും ആത്മഹത്യയും കൂടുതലാണെന്നത് വസ്തുനിഷ്ഠ യാഥാർത്ഥ്യമാണ് . സങ്കടങ്ങളിൽ ചേർന്ന് നിൽക്കുക , പ്രതിസന്ധികൾ തരണം ചെയ്യുക , ആത്മശാന്തി കൈവരിക്കുക തുടങ്ങിയ സദ്ഗുണങ്ങളില്ലാത്ത സമൂഹം എന്തുമാത്രം മനോരോഗാതുരമായിരിക്കും ? ഒരു പക്ഷേ ലോകത്ത് സന്നദ്ധ സേവനങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് മലയാളികളായിരിക്കും . പക്ഷെ , കേരളത്തിൽ നാസ്തികർ നിയന്ത്രിക്കുന്ന ഏതെങ്കിലും കാരുണ്യ യജ്ഞങ്ങളോ സഹായ സഹകരണ മിഷനറികളോ ആരെങ്കിലും കാണാറുണ്ടോ ?

ഇസ്ലാമിൻ്റെ ചൈതന്യം ദിവ്യാനുരാഗമാണ് . അല്ലാഹുവിനോടും അവൻ്റെ സത്യദൂതരോടുമുള്ള അനുരാഗമാണ് വിശ്വാസത്തിൻ്റെ ഹരം . ആ സ്നേഹ വിപഞ്ചിക ക്രമേണെ വലുതാവുകയും ദീൻ വിശ്വാസിയുടെ ഹൃദയത്തിലെത്തായ കാരണക്കാരായ ആത്മജ്ഞാനികൾ , പുണ്യാത്മാക്കൾ , ഗുരുനാഥർ , പ്രപിതാക്കൾ , പ്രതീകങ്ങൾ തുടങ്ങിയവയെല്ലാം അതിനകത്ത് ഇടം പിടിക്കുകയും ചെയ്യും . 
" സത്യവിശ്വാസികളേ , നിങ്ങളിൽ നിന്നാരെങ്കിലും അവൻ്റെ മതം കയ്യൊഴിഞ്ഞാൽ അല്ലാഹു പകരം വേറൊരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരും . അവരോട് അല്ലാഹുവിനും അല്ലാഹുവിന് അവരോടും ' ഹുബ്ബ് ' ആയിരിക്കും" എന്ന ഖുർആൻ വചനം പ്രത്യേകം പ്രസ്താവ്യമാണ് .' മതരഹിത മുസ്ലിംകൾ ' എന്നത് ഒരു പൊതുപ്രവണതയായി കണ്ടുതുടങ്ങുന്ന കാലമാണിത് . 
യൂറോപ്പിൽ മതരഹിത ക്രൈസ്തവരാണ് കൂടുതൽ .
'കൗണ്ടർ റിഫോർമേഷൻ' എന്ന മതനവീകരണ യജ്ഞമാണ് യൂറോപ്യൻ ക്രൈസ്തവതയുടെ രക്തമൂറ്റി അതിനെ ലിബറലിസത്തിൻ്റെ വായയിലെത്തിച്ചത് . പൊതുബോധത്തെ സംതൃപ്തിപ്പെടുത്താൻ മതത്തെ കത്രിച്ച് നന്നാക്കുന്ന ഏർപ്പാടാണ് കൗണ്ടർ റിഫോർമേഷൻ .
മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗവും അതേ പാതയിലാണ് .
വാസ്തവത്തിൽ അക്ഷരങ്ങൾക്കും പ്രമാണങ്ങൾക്കും അപ്പുറം അനുഭവങ്ങളാണ് ഈമാൻ എന്ന ആത്മജ്ഞാനത്തിൻ്റെ അഭാവമാണവരുടെ ദാരിദ്ര്യം .
സ്നേഹം ശ്വാസത്തിലലിഞ്ഞാൽ പിന്നെ മതം സംത്യേപ്തമാവും .
യുക്തിവിചാരങ്ങൾ പോലും അല്ലാഹു തരുന്നതാകയാൽ മതത്തിനെതിരായ വിചാരങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ബലി നൽകാൻ വിശ്വാസിക്കാവും . 
അല്ലാഹു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും സകാതും സദഖയും മതത്തിനകത്തുണ്ട് .
ചിലത് ഫിഖ്ഹിൻ്റെ ഭാഗമാണ് .
ചിലത് തസവ്വുഫിൻ്റെ ഭാഗമാണ് .
സമ്പത്തിൻ്റെ സക്കാത് സമൂഹം ചർച്ച ചെയ്യുന്നതാണ് . ആരോഗ്യത്തിൻ്റെ സകാതാണ് നമസ്ക്കാരവും ഹജ്ജും ഉംറയുമെല്ലാം . പക്ഷെ അതിനേക്കാൾ വലിയ മൂലധനങ്ങളാണ് ബുദ്ധിയും മനസ്സും . മനുഷ്യൻ്റെ രാജാവ് മനസ്സാണ് . ശക്തി ബുദ്ധിയാണ് .
എങ്കിൽ , അതിനും സകാത്തുണ്ട് .
ബുദ്ധിയുടെ സകാതാണ് യുക്തിയുടെ ബലി . ചില ചിന്തകൾ ബലി നൽകാനുള്ളതാണ് .
മനസ്സിൻ്റെ സകാത്ത് സ്നേഹമാണ് .
നിശ്ചിത ഓഹരി സ്നേഹം അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവൊഴിക്കാനുള്ളതാണ് .
സ്നേഹത്തിൻ്റെ ഇന്ധനം വിശ്വസ്തതയാണ് .
സമ്പത്തും ആരോഗ്യവും മനുഷ്യർ മനുഷ്യർക്ക് നൽകുന്നു. 
പക്ഷെ മനസ് മനുഷ്യർ അല്ലാഹുവിന് മാത്രമേ നൽകാവൂ , ഇതാണ് ഇസ്‌ലാമിൻ്റെ സ്നേഹ സിദ്ധാന്തം .
മനസ് അല്ലാഹുവിന് നൽകുന്നതിനാണ് ' നിയ്യത് വെക്കൽ ' എന്ന് പറയുന്നത് .
അവിടെയാണ് ഈമാനിൻ്റെ രുചി കിടക്കുന്നത് 

ആത്മീയതയാണ് മനുഷ്യ മൈത്രിയുടെ എക്കാലത്തെയും ആധാരം . സ്വയമുരുകി മറ്റുള്ളവർക്ക് വേണ്ടി വ്യസനിച്ചവരാണ് പ്രവാചകന്മാർ . തെരുവുകളിൽ അലയുന്നവർക്ക് ആലംബമരുളിയ ഖാജാ മുഈനുദ്ദീൻ അൽ ചിഷ്തി , നിസാമുദ്ദീൻ ഔലിയ തുടങ്ങിയ എത്രയോ സൂഫികളുടെ കഥകളിലൂടെയാണ് ഭാരതത്തിന് ചരിത്രമുണ്ടായത്. മതത്തിൻ്റെ അനന്യമായ മധുരിമയിലേക്ക് ജനലക്ഷങ്ങൾ ആകൃഷ്ടരായത് അത്തരം വ്യക്തികളുടെ പ്രഭാവലയത്തിലാണ് .കുറേ ചോദ്യോത്തരങ്ങളല്ല ഇസ്ലാമെന്ന് അവർ ജീവിതത്തിലൂടെ കാണിച്ച് തന്നു. അവർ ഒരേ സമയം അഭൗമികമായ സത്യങ്ങളോടും ജീവിതമെന്ന അനുഭവ യാഥാർത്ഥ്യളോടും യോചിക്കുന്ന തരത്തിൽ മറുചോദ്യങ്ങളില്ലാത്ത വിധം മനുഷ്യത്വത്തെ നിർവ്വചിച്ചു .വാളുകളിലൂടെയല്ല , നല്ല വാക്കുകളിലൂടെയാണവർ മതത്തെ മധുരോതാരമാക്കിയത്. രാഷ്ട്രനിർമ്മാണത്തിനും സാമൂഹിക നവോത്ഥാനത്തിനും വിദ്യാഭ്യാസ നവോൽക്കർഷത്തിനും അവർ ആത്മികമായ അർത്ഥം കൂടി നൽകി.
ആ മഹിത സന്ദേശമാണ് പുതുകാല പ്രതിസന്ധികൾക്ക് പരിഹാരം . ഒഴുക്കിനെതിരെ നീന്തി സത്യങ്ങളുടെ സമാന്തര സമുദ്രമായി മാറുന്ന പരിശ്രമങ്ങളുടെ പലതുള്ളികളിലാണ് ഭാവിയുടെ നിലനിൽപ്പ് . 
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us