loader
blog

In Spiritual

By Shuaibul Haithami


സൂഫിയുടെ മണ്ണും മനസ്സും : രാഷ്ട്രീയത്തിൻ്റെ ഉൾസാരങ്ങൾ .

ഇതെഴുന്നതിന് തൊട്ടുമുമ്പുണ്ടായ ഒരനുഭവത്തിൽ നിന്നും തുടങ്ങാം. ഒരു തുളളി രക്തമോ ഒരുതരി അപരദ്വേഷ്യമോ ചുരത്താതെ പഞ്ചാബ് , രാജസ്ഥാൻ , ദില്ലി പ്രവിശ്യകളിലെ 92 ലക്ഷത്തിലേറെ ഹൈന്ദവരെ അല്ലാഹുവിലേക്കാനയിച്ച് വിശ്വാസികളാക്കിയ ഖാജാ മുഈനുദ്ദീൻ ചിഷ്തി (ന:മ )യുടെ 810 ആം ഉറൂസ് ദിനമാണിന്ന്. ഭാരതീയ ബഹുസ്വരത വർണ്ണബഹുത്വം കൊളുത്തിയ ദീപാലങ്കാരവും ആധ്യാത്മിക ഇസ്ലാമിന്റെ രാഷ്ട്രീയ വഴികൾ നിർണ്ണയിച്ചു തന്ന യുഗാന്ത പഥികനായ മാർഗദർശിയുമായ മഹാത്മാവിനെ സംബന്ധിച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിലിട്ടപ്പോൾ ചതുർത്ഥി തോന്നിയ ഒരു സഹോദരൻ , " ഇന്നാട്ടിൽ മുസ്ലിംകളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപെടുമ്പോഴാണോ നിങ്ങൾക്ക് അജ്മീരിൽ പോവാൻ തോന്നുന്നത് " എന്നൊരു മറുവാദം ഉന്നയിക്കുകയുണ്ടായി. സത്യത്തിൽ ആ ചിന്താഗതിയാണ് ഇത്തരമൊരു വിഷയത്തിന് സർവ്വമാന പ്രാധാന്യമേകുന്നത് . 




അതിന്റെ ഉത്തരത്തിലേക്ക് ക്രമാനുഗതമായി എത്തിച്ചേരാം , ഓരോ തത്വശാസ്ത്രവും മനുഷ്യന്റെ ഓരോ തരം സ്വത്വങ്ങളെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. ചിലത് inclusive ഉം ചിലത് Exclusive ഉം ആയിരിക്കും. ഉദാഹരണത്തിന് , അംബേദ്കറൈറ്റുകൾ ദളിത് സ്വത്വത്തെയും മാർക്സിസ്റ്റുകൾ തൊഴിലാളി സ്വത്വത്തെയും രാഷ്ട്രവാദികൾ ദേശീയസ്വത്വത്തെയുമാണ് അവരുടെ പ്രാപഞ്ചിക - സാമൂഹിക വ്യവഹാരങ്ങൾ രൂപപ്പെടുത്തുമ്പോൾ അടിസ്ഥാനമാക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ , ഇസ്ലാം അടിസ്ഥാനമാക്കുന്ന സ്വത്വം ആത്മീകതയാണ് . പ്രപഞ്ചത്തെ മനസ്സിലാക്കാനും മനുഷ്യനെ നിർവ്വചിക്കാനും അതിഭൗതികമായ (Metaphisical ) അർത്ഥതലങ്ങളെ മുൻനിർത്തുന്ന ഇസ്ലാം ഭൗതികമായ കാര്യത്തെ പോലും അഭൗതികതയോട് ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്. 

ആ അന്വേഷണത്തിന്റെ ഉത്തരമാണ് അല്ലാഹു എന്ന സത്യാരാധ്യൻ . മുസ്ലിംകളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെ ഉണ്ടാക്കിയത് ഏതെങ്കിലും സങ്കുചിത രാഷ്ട്രീയ തതാ ശാസ്ത്രമല്ല , മറിച്ച് അല്ലാഹുവാണ്. അവൻ ചിലരെ ചിലർക്ക് മേൽ അധികാരികളാക്കുന്നു. ഇന്നത്തെ അധികൃതരെ നാളെ അധ:കൃതരാക്കുന്നു. " നബിയേ പ്രാർത്ഥിക്കുക : രാജാധിരാജയായ അല്ലാഹുവേ , നീ ഇഛിക്കുന്നവർക്ക് നീ അധികാരമേകുന്നു , നീ വിചാരിക്കുന്നവരെ നീ തന്നെ സ്ഥാനഭൃഷ്ടരാക്കുകയും ചെയ്യുന്നു , നിന്റെ പക്കലല്ലോ ഉത്തമമുള്ളത് , നീ സർവ്വതിനും പോന്നവൻ തന്നെ " എന്ന വിശുദ്ധ ഖുർആൻ വചനമാണതിന് ആധാരം. അക്കാര്യം മറ്റൊർത്ഥത്തിൽ പൂന്താനം ജ്ഞാനപ്പാനയുടെ കാലലീലയിൽ കോർത്തതും നല്ലെഴുത്താണ്. 

" ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,

മാളികമുകളേറിയ മന്നന്റെ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍ ". 

ഈ മെറ്റാഫിസിക്കൽ വായനയാണ് മുസ്ലിമിന്റെ അടിസ്ഥാന തത്വശാസ്ത്രം . നബി (സ്വ) യുടെ പതിവ് പ്രാർത്ഥനകളിലൊന്നിന്റെ ഹൃദയഭാഗം , " വലാ തുസ്വല്ലിത്വ് അലൈനാ മൻ ലാ യഖാഫുക വലാ യർഹമുനാ " എന്നായിരുന്നു. നിന്റെ നേരെ പേടിയോ ഞങ്ങളുടെ നേരെ കരുണയോ തോന്നാത്തവന്മാരെ ഞങ്ങളുടെ ഭരണാധികാരികളാക്കരുതേ എന്ന് നബി (സ്വ) പ്രാർത്ഥിക്കുമ്പോൾ ചുറ്റുവട്ടങ്ങൾ മുസ്ലിംകൾക്കെതിരെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു . അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്കൊത്തായിരുന്നു പ്രതിഷേധങ്ങൾക്ക് രൂപഭേദങ്ങൾ സംഭവിച്ചത്. ഭൗതിക സ്വത്വത്തെയൂന്നി ആദർശ രൂപീകരണം നടത്തണമെങ്കിൽ ഒന്നുകിൽ ജാതീയതയാലോ വർഗത്വത്തിലോ ഇസ്ലാമിനെയും തളക്കേണ്ടി വരും. ഇസ്ലാം ഒരു ജാതിയോ മുസ്ലിംകൾ ഒരു വർഗമോ അല്ല. നബി (സ്വ) നിർവ്വഹിച്ച സാമൂഹിക പുന: വ്യാഖ്യാനം ഗോത്രീയതയിലും (Tribelism) ജാതീയതയിലും ( Castism) ബന്ധിതമായിരുന്ന അറേബ്യയെ അനാദൃക്കും അഗോചരവുമായ അസ്തിത്വ ബോധത്തിലേക്ക് പരിവർത്തിപ്പിച്ച് കൊണ്ടായിരുന്നു. ഇസ്‌ലാം ഭൗതികമായ വർഗബോധത്തിന്മേൽ രാഷ്ട്രീയം കെട്ടിപ്പൊക്കിയാലുണ്ടാവുന്ന അനർത്ഥങ്ങളെ കുറിച്ച് ആംഗലേയ സൂഫി പണ്ഡിതൻ അബ്ദുൽ ഹകീം മുറാദ് ദീർഘമായി സംസാരിച്ചിട്ടുണ്ട്. ഇസ്‌ലാം മനുഷ്യവർഗത്തിൽ പോലും പരിമിതമായ സ്വത്വത്തെ ഭാഷാപരമായ സൗകര്യത്തിനപ്പുറം താത്വികമായി അംഗീകരിക്കുന്നില്ല. പ്രാപഞ്ചികതയുടെ അടിസ്ഥാന ഭാവം ഇസ്ലാമാണെന്ന ദർശനപ്രകാരം ആത്യന്തിക ഒരു മനുഷ്യ വർഗസങ്കൽപ്പം സാധ്യമല്ല , ആപേക്ഷിക വർഗീകരണങ്ങൾ ആവാമെങ്കിലും. വിശ്വാസഗാത്രത്തിലെ ഒരംഗം മാത്രമാണ് മുസ്ലിംകൾ എന്ന ബഹുസമൂഹം . അവർ വ്യക്തിപരമായി അല്ലാഹുവിനോട് അവരുടെ അസ്തിത്വം ബന്ധപ്പെടുത്തുകയും മനുഷ്യരെ ഒന്നടങ്കം സമഭാവനയോടെ വീക്ഷിക്കുന്നവരുമാണ്. മനുഷ്യരെ മനുഷ്യർ എന്ന നിരുപാധികത്വത്തോടെ വീക്ഷിക്കുന്ന കാര്യത്തിലെ ഒരുമയിൽ നിന്നാണ് മുസ്ലിംകളുടെ സാഹോദര്യം ആരംഭിക്കുന്നത്. അതായത് , മുസ്ലിംകൾ മുസ്ലിംകൾക്ക് വേണ്ടി ജീവിക്കേണ്ടവരല്ല , മറിച്ച് മനുഷ്യർക്ക് വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കേണ്ടവരാണ് . ആധ്യാത്മികതയുടെ പശ്ചാത്തലവും അല്ലാഹു എന്ന ലക്ഷ്യബോധവും മനുഷ്യൻ എന്ന പരിഗണനയും നിശ്ചയിക്കുന്ന രാഷ്ട്രീയമായിരുന്നു സൂഫികളുടേത്. മുസ്ലിംകൾ അങ്ങനെയൊരു ജനവിഭാഗമായി മാറിയാൽ അസ്തിത്വം നിഷേധിക്കുന്നവർക്ക് പടരാനുള്ള വായു കിട്ടാതെ തീ കെട്ടണഞ്ഞു കൊള്ളും. 

ഉത്തരത്തിലേക്ക് വന്നാൽ , പ്രതിലോമപരമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ മുസ്ലിംകൾ ഏതിടത്തും സ്വീകരിക്കേണ്ടത് സൂഫികളുടെ രാഷ്ട്രീയവും അല്ലാഹു എന്ന അഭയവുമാണ് . മറിച്ച് , ഭൗതികമായ പ്രശ്നങ്ങൾക്ക് ഭൗതികതയിൽ നിന്ന് തന്നെ പരിഹാരം തേടുമ്പോൾ കൂടുതൽ സങ്കീർണ്ണതകൾ രൂപപ്പെടുകയും മുസ്ലിംകൾ സ്വയം പ്രശ്നങ്ങളായ് ഭവിക്കുകയുമാണ് ചെയ്യുക. അഭൗതികമായ പരിഹാരം എന്നർത്ഥത്തിലല്ല സൂഫികളുടെ രാഷ്ട്രീയം പ്രസക്തമാവുന്നത്. രാജ്യത്ത് നടക്കുന്ന നീതികേടുകൾക്ക് പകരം സ്വർഗത്തിൽ പ്രതിഫലമെന്നോ ആകാശത്ത് നിന്നിറങ്ങുന്ന മെറ്റാഫിസിക്കൽ സഹായങ്ങളെന്നോ ആണ് ഇപ്പറഞ്ഞതിന് വിവക്ഷ എന്നുമല്ല. വിക്ഷുബ്ദതകളുടെ കോളിളക്കങ്ങളിൽ പെട്ട് മുസ്ലിംകളുടെ വേരും ശിഖരവുമിളകി നിൽക്കുമ്പോഴും അവധാനതയോടെ ഭാവിയിലേക്ക് നോക്കാനും ഭൂതകാലത്തോട് ചേർന്ന് നിൽക്കാനും അവരെ പാകപ്പെടുത്തുന്ന രാഷ്ട്രീയ ബോധ്യം ഫിലോസഫിക്കലും തിയോളജിക്കലുമായ ശുഭപ്രതീക്ഷയാവണം എന്നാണതിനർത്ഥം. ആ പ്രതീക്ഷയുടെ സാക്ഷാൽക്കാരം മറ്റേതെങ്കിലും മനുഷ്യരുടെ കൈകളില്ല , അതിനപ്പുറം , മുസ്ലിംകളോട് അകാരണമായി ശാത്രവം പുലർത്തുന്ന മനുഷ്യർ - ഇരകളേക്കാൾ ദുർബല മനസ്ക്കരും വീക്ഷണദരിദ്രരുമായിരിക്കും. നാം അവർക്കാണപ്പോൾ അവരകപ്പെട്ട പിഴവുകളിൽ നിന്നും പുറത്തുകടക്കാനുള്ള വഴികൾ കാണിച്ചു കൊടുക്കേണ്ടത്. ഇത് കേവലം ഭാവനയോ ഭ്രമമോ അല്ല , നടേപ്പറഞ്ഞ അജ്മീർ ഖാജ ഉത്തരേന്ത്യ കീഴടക്കിയ ചരിത്രമാണ് പാഠപുസ്തകം.  





ഇരവാദവും പീഢിതബോധവും .




മാനസികകമായി പീഡിപിക്കപ്പെട്ട നൂഹ് (അ) ഒടുവിൽ സഹികെട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ താൻ നേരിട്ട പീഡനങ്ങൾ പീഢകരോട് പങ്കുവെക്കുന്നത് ആത്മപതനമാണ്. ഉലുൽ അസ്മുകളിൽ പെട്ട അഥവാ ദൃഢവിശ്വാസ ചിത്തരായ പ്രവാചകന്മാരുടെ രീതി ജനങ്ങളിൽ നിന്നും തിരിച്ചു കിട്ടുന്നതിനൊത്ത് സ്വന്തം അജണ്ട രൂപപ്പെടുത്തുന്നതായിരുന്നില്ല . ദൃഢനിശ്ചയം , ജീവിതവിശുദ്ധി , കാരുണ്യബോധം , സത്യസന്ധത തുടങ്ങിയ അടിസ്ഥാന ഗുണങ്ങൾ ജീവിതത്തിലൂടെ സാക്ഷാൽക്കരിച്ച് കൊടിയ ശത്രുക്കളെ ഇഛാഭംഗിതരാക്കുകയോ ആകർഷിച്ച് കീഴ്പ്പെടുത്തുകയോ ചെയ്യുകയായിരുന്നു അവർ. നിരോധിക്കപ്പെടുന്ന നീതി മുസ്ലിം സമൂഹത്തിന്റെ ധൈഷണിക സന്ധാരണങ്ങളുടെ ഊർജ്ജവും സമയവും അപഹരിച്ചിരുന്നുവെങ്കിൽ ഇസ്ലാം വായിക്കപ്പെടാനുള്ള ചരിത്രം മാത്രമാകുമായിരുന്നു. മുറ്റത്ത് ശത്രുക്കൾ ആക്രോശം മുഴക്കി നിരന്നു നിൽക്കുമ്പോൾ തന്ത്രപൂർവ്വം ശത്രുക്കളില്ലാത്ത മദീനയിലേക്ക് ഹിജ്റ പോയ നബി (സ്വ) കാണിച്ച ശുഷ്കാന്തിയിലാണ് വെളിച്ചം തിരിതാഴാതെ ബാക്കിയായത്. മക്കക്കാർക്ക് മദീനയിൽ വെച്ച് ഇസ്ലാമിനെ കാണാനായതിനാലാണ് മക്ക മുസ്ലിംകളുടേതായത് . 

പീഡിതബോധം മുസ്ലിംകളെ സതംഭനാവസ്ഥയിലേക്ക് തള്ളിയിടുന്നത് ശത്രുക്കളെ മാത്രം നോക്കിയിരിക്കുന്നത് കൊണ്ടാണ്. തിരിച്ചടി ഏൽക്കാനും വരിക്കാനും ശത്രുക്കളിലേക്ക് ചെന്ന് കൊടുക്കുന്ന പീഡിതബോധത്തിൽ നിന്നാണ് ഇരവാദം ജനിക്കുന്നത്. നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങൾ തന്നെയാണ് . രാഷ്ട്രീയ ശാക്തീകരണം ആവശ്യവുമാണ്. അവകാശ സംരക്ഷണം ജീവോൽപ്രശ്നവുമാണ്. പിന്നെ എന്താണ് മാറ്റം പറഞ്ഞതെന്നാൽ , സ്വന്തം കാര്യങ്ങൾ ചെയ്യാൻ നേരം കിട്ടാത്ത വിധം വിരോധികൾക്ക് വിഷയങ്ങളിൽ നിന്നും വിഷയങ്ങളിലേക്ക് പന്തടിക്കാനുള്ള കളിപ്പാട്ടമായി നാം മാറുന്നത് മനോഘടനാപരമായ ചില രാഷ്ട്രീയ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട് എന്നാണ്. മനുഷ്യരെ മുസ്ലിമാക്കിയ ഇസ്ലാമിന് അക്കാരണത്താൽ മുസ്ലിംകൾ നേരിടേണ്ടി വരുന്ന ജിവിതവൈഷമ്യങ്ങളെ മറികടന്ന് കൊടുക്കാനുള്ള ആന്തരിക ബലം തീർച്ചയായും ഉണ്ട് . ചോദ്യോത്തര പംക്തിയോ നിലപാട് രൂപീകരണമോ അല്ല ഇസ്ലാമിലെ ഉള്ളടക്കങ്ങൾ , പൂർണ്ണ ജീവിതമാണ്. അതിനാൽ , വാഗ്വിലാസത്താലോ മുദ്രാവാക്യങ്ങളാലോ നിലനിൽക്കാത്തതും ജീവിതം കൊണ്ട് ബാക്കിയാവുന്നതുമായ സ്വത്വത്തിന്റെ ആന്തരിക ബലത്തിലേക്ക് പ്രവേശിക്കുകയാണ് നാം വേണ്ടത്.





നീതിയുടെ പരമമായ സംസ്ഥാപനം ഇഹലോകത്ത് സാധ്യമല്ല എന്നുമാത്രമല്ല , പരലോകത്തെ യുക്തിസഹമാക്കുന്ന ആവശ്യം അതാണെന്ന വസ്തുത ഇവിടെ പ്രധാനപ്പെട്ടതാണ്. കനേഡിയൻ സൂഫീ പണ്ഡിതനും ശൈഖ് ഉമർ ഹാഫിസിന്റെ ശിഷ്യനുമായ ശൈഖ് ഹംദ് ബിൻ ഈസ മുന്നോട്ട് വെക്കുന്ന ചില നിരീക്ഷണങ്ങളുണ്ട്. മുസ്ലിംകളോട് നീതി നിഷേധിക്കുന്നവരോട് പ്രതിഷേധിച്ച് തീരുന്ന ആയുസ്സ് ശത്രുക്കളുടെ ലാഭകോളത്തിലെ മികച്ച വരവുകളിലൊന്നായിരിക്കും. അത്തരം പ്രതികാര പ്രതികരണങ്ങൾ പോലും ശത്രുവിന്റെ ക്രിയ തന്നെയാണെന്നാണ് ഹംദ് ബിൻ ഈസയുടെ ശ്രദ്ധേയമായ നിരീക്ഷണം . മതം ഫാക്ടറാവുന്ന ഏത് രാഷ്ട്രീയവും മുസ്ലിം വിരുദ്ധതക്ക് മൈലേജ് വർദ്ധിപ്പിക്കുന്ന കാലാവസ്ഥയിൽ ആ നിരീക്ഷണം വളരെ വ്യക്തമാണ്. ഇളകിമറിയുന്ന മുസ്ലിംകളുടെ പ്രതിരാഷ്ട്രീയം എതിരാളികൾ ആദ്യം ചുവരിലേക്കടിച്ച പന്ത് തിരികെ അവരിലേക്ക് തന്നെ മടങ്ങുന്നതാണ്. പത്തിന്റെ മടക്കം അത് തട്ടിയ ചുവരിന്റെ പ്രവർത്തനമല്ല , ആദ്യം തൊഴിച്ച കാൽക്രിയ തന്നെയാണ്.

ഇംഗ്ലീഷ് ഭാഷയിലെ രണ്ട് പദങ്ങൾ അവിടെ പ്രസക്തമാണ്. Schaden Erude / Epicaricasy എന്ന പ്രയോഗത്തിന് അറബിയിലെ ശമാതതുൽ അഅ'ദാഅ് എന്നാണർത്ഥം. അല്ലാഹുവിനോട് പ്രത്യേകം കാവലിനപേക്ഷിക്കാൻ നബി ( സ്വ) നിർദ്ദേശിച്ച ശത്രുവിന്റെ ക്ഷുദ്രസന്തോഷം എന്നാണവയുടെ സാരം. ഒരു വിഭാഗത്തിന്റെ ദുരന്തത്തിൽ വിരോധികൾ കണ്ടെത്തുന്ന ആനന്ദത്തോളം അശ്ലീലം മറ്റൊന്നില്ല. ഇരവാദത്തിന്റെ ഉപോൽപ്പന്നം വേട്ടക്കാരുടെ ഭക്ഷണമാണ്. അതിന് പരിഹാരം , യഥാർത്ഥ മുസ്ലിമായി ജീവിക്കൽ തന്നെയാണ്. അല്ലാതെ യഥാർത്ഥ മുസ്ലിംകൾക്ക് യഥാർത്ഥ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായ് നിരന്തരം ഭൗതികമായ സമര രാഷ്ട്രീയത്തിൽ ഇടപെട്ടു കൊണ്ടേയിരിക്കലല്ല എന്നുമദ്ദേഹം ഉപദേശിക്കുന്നു. ഇസ്ലാമിക ജീവിതം ആചരിച്ചും ആചരിപ്പിച്ചും അതിന് പൊതുവിടത്തിൽ നേരിടേണ്ടി വരുന്ന അപരിചിതത്വം നീക്കേണ്ടവർ തന്നെയാണ് അതിനെ ആചരിക്കാതെ ഐക്യദാർഢ്യപ്പെട്ട് പ്രതിഷേധ രാഷ്ട്രീയമായി പ്രദർശിതരാവുന്നത് .നടേപ്പറഞ്ഞ മെറ്റാഫിസിക്കൽ കോഗ്നിഷന്റെ അഭാവം മൂലമാണത്. കാറ്റടങ്ങിയതിന് പിറകേ ഓടാനുള്ള കപ്പലല്ല ഇസ്ലാം . കാറ്റിനെ വകഞ്ഞോടാനും കാറ്റില്ലാത്ത കടലുകൾ തേടിയോടാനും ഉള്ളതാണ്. വിശ്വാസികളുടെ മാനുഷികമായ ആഗ്രഹങ്ങളുടെ കണ്ണുകളിലൂടെയല്ല , അല്ലാഹുവിന്റെ നിയമത്തിന്റെ കാഴ്ച്ചകളിലൂടെയാണ് മുസ്ലിം രാഷ്ട്രീയം വികസിക്കേണ്ടത്. മുസ്ലിം അല്ലാഹുവിന്റെ മാർഗത്തിലെ ഒരു പകരണം മാത്രമാണ്. കാറ്റും കടലും കരയും എങ്ങനെയാവണമെന്ന് അൺ കണ്ടീഷൻ ചെയ്യപ്പെട്ട യാനമാണ് മുസ്‌ലിം എന്ന ജീവിതസഞ്ചാരി . നീതിക്ക് വേണ്ടിയുള്ള യുദ്ധത്തിന് മുമ്പ് സ്വന്തം താൽപരങ്ങൾക്കെതിരായ യുദ്ധം അവന്റെ ഹൃദയത്തിൽ നടക്കേണ്ടതുണ്ട്. ദേഷ്യത്തിന് മുമ്പിൽ കരുണ ഇടം പിടിക്കേണ്ടതുണ്ട്. സ്വന്തം വികാരങ്ങൾ അല്ലാഹുവിന് ബലിനൽകലാണ് ഏറ്റവും കഠിനമായ ആരാധന . ആരോഗ്യമോ സമ്പത്തോ രക്തം തന്നെയോ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവൊഴിക്കാൻ സാധിച്ചാലും ദുർബലമായ മനോവികാരങ്ങൾ മാറ്റിവെക്കാൻ സാധിക്കണമെന്നില്ല. ചില ഘട്ടങ്ങളിൽ പ്രത്യേകിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ ഒന്നും പ്രത്യക്ഷത്തിൽ ചെയ്യാതിരിക്കലാവും അല്ലാഹുവിന്റെ മാർഗത്തിലെ ഏറ്റവും പ്രത്യേകമായ ചെയ്യൽ. മറ്റുള്ളവരുടെ തിന്മകളെ വിധിനിർണ്ണയം നടത്തൽ , സ്വന്തം അഭീഷ്ടങ്ങൾക്ക് മതത്വം ചാർത്താൻ മതനവീകരണത്തിലേക്ക് ചാല് മറിയൽ , അനുകൂലിക്കാത്ത മുസ്ലിംകളെ അപരവൽക്കരിക്കൽ , ചിലപ്പോൾ രക്തരൂക്ഷിത കലാപങ്ങളിലേക്ക് തത്വദീക്ഷയില്ലാതെ എടുത്തുചാടൽ തുടങ്ങിയ ഘട്ടങ്ങളിലേക്ക് ഇരവാദം ചെന്നെത്താറുണ്ട്. 




സൂഫീ രാഷ്ട്രീയം അരാഷ്ട്രീയമല്ല .


തൽക്കാലമല്ല പിൽക്കാലമാണ് പ്രധാനം എന്നതാണ് മതത്തിലെ മിതത്വബോധം. ഭരണാധികാരികളോട് സാധിക്കുന്നത്ര സംയമന സഹവർതിത്യമാണതിന്റെ സ്വാഭാവിക രീതി. മധ്യകാലഘട്ടങ്ങളിൽ ജീവിച്ച ഉലമാക്കൾ അവരുടെ ഗ്രന്ഥരചനകൾ പ്രസിദ്ധം ചെയ്യപ്പെടാൻ വേണ്ടി , മാനസികമായി വിയോജിപ്പുള്ള രാജാക്കന്മാരുടെ മുഖസ്തുതികൾ ചേർക്കുക പതിവായിരുന്നു. ആരാധനയും പ്രബോധനവും സാധ്യമാവാൻ ഒരുക്കപ്പെടേണ്ട പ്രതലം ഭയമുക്തവും സുഭിക്ഷവുമാവേണ്ടതുണ്ടെന്ന് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നു. ഫിർഔനിന്റെ കൊട്ടാരത്തിൽ ചെല്ലാനും സ്മിത ഭാഷണം നടത്താനുമാണ് കലീമുല്ലാഹ് കൽപ്പിക്കപ്പെട്ടത്. ഭൗതിക സ്വത്വത്തിന്മേൽ പ്രതീക്ഷയർപ്പിക്കുന്ന ഡെമോക്രാറ്റിക് രാഷ്ട്രീയ മീമാംസയെ അനുസരിക്കാത്ത സൂഫീ രാഷ്ട്രീയത്തെ കൂട്ടിക്കൊടുപ്പായി വ്യാഖ്യാനിക്കാൻ ചില്ലറ വിവരദോശം മതിയാവില്ല. സഹവർതിത്വം സന്ദേശാത്മകമാണ് എവിടെയും , എല്ലാ കാലത്തും .ഉദാഹരണത്തിന്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇയ്യിടെ ആശസ് പരമ്പര നേടിയതിനെത്തുടർന്ന് നടത്തിയ ആഘോഷക്കൊണ്ടാട്ടത്തിൽ നിന്നും ലഹരിനുര മാറ്റിവെച്ചത് ഉസ്മാൻ ഖാജ എന്ന ജീവനുള്ള മുസ്ലിമിനെ പരിഗണിച്ച് കൊണ്ടാണ്. കർമ്മശാസ്ത്രങ്ങൾക്കപ്പുറം , ഫുട്ബോൾ മൈതാനത്ത് വെച്ച് വിജയാഘോഷത്തിൽ സാഷ്ടാംഗം ചെയ്യുന്ന മുഹമ്മദ് സ്വലായുടെ മെറ്റാഫിസിക്കൽ അണ്ടർസ്റ്റാന്റിംഗ് കാരണം ഇസ്ലാമോഫോബിയക്ക് ശ്വാസം മുട്ടുന്നുവെന്ന യൂറോപ്യൻ വാർത്തകൾക്കും മറ്റൊന്നല്ല പറയാനുള്ളത്. മതാചരണം കലാബോധം കൂടിയാണ്. യുക്തി കൗശലം നഷ്ടപ്പെട്ടാലാണ് അക്ഷരാർത്ഥങ്ങളുടെ പ്യൂരിറ്റാനിസം ആധിപത്യം സ്ഥാപിക്കുക .


എന്നാൽ , രാജാക്കന്മാരോട് സമരോൽസുക്യം പ്രകടിപ്പിച്ച് രക്തസാക്ഷിത്വം വരിച്ച സൂഫികൾ ധാരാളമുണ്ട്. നിലപാടുകൾ രൂപപ്പെടുത്തേണ്ടത് സാമൂഹികമായ ക്രിറ്റിക്കൽ തിങ്കിംഗ് അല്ല , മറിച്ച് അല്ലാഹുവിലേക്കുള്ള വഴിയുടെ തേട്ടമായിരിക്കണം എന്നാണ് രത്നസാരം. ആ മനോഭാവത്തെ മറികടന്ന് പാരതന്ത്ര്യം അടിച്ചേൽപ്പിക്കാൻ ആർക്കുമാവില്ല. ചാട്ടവാറടിയേറ്റു കൊണ്ടിരുന്ന ബിലാൽ (റ) വിന് സ്വാതന്ത്ര്യം അനുഭവിക്കാനായത് ഭൗതികമായ വർഗസ്വത്വ രാഷ്ട്രീയ ബോധത്തിൽ നിന്നല്ല , നിശ്വസിക്കപ്പെടുന്ന ജീവൽസ്പന്ദനത്തെ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാക്കിയത് കൊണ്ടാണ്. പോരാട്ടത്തിന് സർഗാത്മക , സാക്ഷര മുദ്ര ചാർത്താനും സൂഫികളോളം മറ്റാർക്ക് പറ്റി ? കുരിശുയുദ്ധകാലത്ത് തന്നെയാണ് ഇമാം ഗസ്സാലി (റ) യവന നിരീശ്വരത്വത്തെ മറികടക്കുന്ന ബൗദ്ധിക രചനകളും ഹൃദയശാസ്ത്രവും രചിച്ചത്. കുരിശുയുദ്ധങ്ങളുടെ ഫലം കാലാതിവർതിത്വം നേടിയില്ല . ഇമാമിന്റെ രചന അത് നേടി. സാമ്പ്രദായിക ഇസ്ലാമിനെതിരെ ആധുനിക കുരിശുയുദ്ധം നടത്തിയ അത്താതുർകിന്റെ ഹിംസോന്മാദങ്ങൾക്കെതിരെ തുർക്കിയിലെ ആധ്യാത്മികാചാര്യൻ സഈദ് നൂർസി ജയിൽ ഗ്രന്ഥരചന നടത്തിയാണ് പ്രതിരോധം തീർത്തത്. ജയിലിൽ വെച്ച് പതുങ്ങിയെഴുതി തനിക്ക് ഭക്ഷണം കൊണ്ടുതരുന്ന വ്യക്തിവശം കൊടുത്തേൽപ്പിച്ച സന്ദേശങ്ങളാണ് 4000 പുറങ്ങളുള്ള റസാഇലുന്നൂർ ആയി മാറിയത്. വാള് കൊണ്ടല്ല , വാക്ക് കൊണ്ടാണ് ഇസ്‌ലാം പുഷ്ക്കലമായതെന്ന ചരിത്ര നിരീക്ഷണം പോലുമല്ല യഥാർത്ഥ ശരി . ആ വാക്കുകൾ ജീവിതങ്ങളായ് പുലർന്ന നിശബ്ദതകളാണ് ഇസ്ലാമിന് ശബ്ദം നൽകിയത് എന്ന് കൂടി കൂട്ടിച്ചേർക്കണം. അതാവട്ടെ ഭൂതകാലത്തെ കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമല്ല , വർത്തമാനത്തെ നേരെ നടത്താനുള്ള പാഠം കൂടിയാണ്. 

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us