loader
blog

In General

By Shuaibul Haithami


സ്ത്രീ സ്വാതന്ത്ര്യവും ജൻഡർ ആക്ടീവിസവും

അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഇടയിലുള്ള വ്യത്യാസവുമായി ബന്ധപ്പെട്ടതാണ് ആധുനികതയിലും ഇസ്ലാമിലും ഉള്ള സ്ത്രീ കർതൃത്വത്തിന്റെ വ്യത്യാസം .
ആധുനികത സ്വയം സ്വാതന്ത്ര്യമാണ് അധികാരം എന്നും അധികാരം എന്നാൽ മറ്റുള്ളവരെ കീഴിലാക്കാനുള്ള മാർഗമാണെന്നുമാണ് പറഞ്ഞ് വെക്കുന്നത്. എന്നാൽ ഇസ്ലാം അധികാരത്തെ കർതവ്യബാധ്യതകളോടാണ് ബന്ധപ്പെടുത്തുന്നത്. ഇസ്ലാമിൽ അധികാരം പ്രിവിലേജല്ല എന്നർത്ഥം. ജൻഡർ റോളുകളെ സംബന്ധിക്കുന്ന ആധുനിക - ഇസ്ലാം സംവാദങ്ങളിൽ മറക്കരുതാത്തൊരു പാഠമാണത് . ജൻഡർ റോളുകളുടെ സന്തുലിതത്വത്തിലാണ് സാമൂഹിക ഘടനയുടെ ഭദ്രത നിലക്കൊള്ളുന്നത്.
അവിടെ പുരുഷൻ സ്ത്രീയേക്കാൾ കേമനോ സ്ത്രീ പുരുഷനേക്കാൾ മികച്ചതോ അല്ല , മറിച്ച് രണ്ടാളുകളും രാവും പകലും ചേർന്ന് ദിവസം രൂപപ്പെടുത്തുമ്പോലെ ചേർന്ന് നിന്ന് പരസ്പരം നിലനിൽപ്പ് കൈമാറേണ്ടവരാണ്. പ്രവർത്തനവും പ്രതിരോധവും സ്ത്രീയേക്കാൾ പ്രകൃത്യാ വഴങ്ങുന്ന ശരീരം ആണിന്റേതാണ് . പരിപാലനവും സ്വകാര്യതകളും പെണ്ണിന്റെ പ്രകൃതത്തോടും കൂടുതൽ ചേരും. ഈ റോൾ വികേന്ദ്രീകരണമാണ് " ഖിവാമ" യുടെ മർമ്മം. 
പല മുസ്ലിം ഫെമിനിസ്റ്റുകൾ പോലും എഴുതിയത് പോലെ കേവലം പുരുഷന്റെ മേൽക്കോയ്മാ പ്രഖ്യാപനമല്ല അത്. ലിംഗ നീതിയുടെ പ്രായോഗിക പദമാണ് മറ്റൊരർത്ഥത്തിൽ " ഖിവാമ" .
അതായത് , ആധുനിക സ്റ്റേറ്റുകളും കോർപറേറ്റ് ലോക ഘടനയും സ്ത്രീയുടെ തൊഴിൽ സാധ്യത വിലക്കെടുക്കുകയും അവളുടെ സ്വാതന്ത്ര്യം എന്തെന്ന് സ്വന്തമായ് നിർവ്വചിച്ച് സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോൾ ജൻഡർ പൊസിഷൻ കൃത്യമായി വിശദീകരിക്കുകയാണ് ഖിവാമ. വ്യക്തിസ്വാതന്ത്ര്യമാണ് പരമമായ വിമോചന സങ്കൽപ്പം എന്നതിലേക്ക് സ്ത്രീ വിമോചക പ്രസ്ഥാനങ്ങളെ ഏകീകരിക്കുകയും അതൊനൊത്ത വിപണന ലോകം ക്രമപ്പെടുത്തുകയും ചെയ്യുക വഴി ഊരാനാവാത്ത അടിമത്വത്തിലേക്കാണ് ആധുനികത സ്ത്രീത്വത്തെ നയിച്ചത്. ലിംഗസമത്വം എന്ന ടൂൾ കൊണ്ടാണ് ആധുനികത അതിന്റെ ചതി മറച്ച് പിടിച്ചത്. ഒരിക്കലും നടക്കാത്ത ഒരാശത്തിന് പിറകേയുള്ള ഓട്ടം എന്നും ആ വിപണന മൂല്യം ബാക്കിയാക്കുമെന്ന് ലിബറൽ ലോക ഘടന കണക്ക് കൂട്ടുന്നു. സത്യത്തിൽ ആധുനിക ലോകഘടന തൊഴിലിടങ്ങളിൽ നടത്തിയ സ്ത്രീ ചൂഷണങ്ങൾക്കെതിരായ ധാർമ്മിക വിചാരമായിരുന്നു ഫെമിനിസം . അതിനെയാണ് പിന്നെ മതവിരുദ്ധ പെൺ ബോധമാക്കി പലരും അട്ടിമറിച്ചത്.
ഇസ്ലാം വ്യക്തി സ്വാതന്ത്ര്യം എന്നതിനേക്കാൾ ദീർഘകാല ബന്ധം നിലനിൽക്കുന്ന കുടുംബ ഘടനക്കാണ് പ്രാധാന്യം നൽകുന്നത്. വ്യക്തിഗത താൽപര്യങ്ങൾ പൊതുവേ ബാധ്യതകളെ ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉന്നം ആനന്ദം മാത്രമായിരിക്കും. കുടുംബഘടന വിട്ടുവീഴ്ച്ചകൾ, ത്യാഗങ്ങൾ , ബാധ്യതകൾ തുടങ്ങിയ പങ്കുവെക്കലുകളെ ആശ്രയിക്കുന്നു. അവിടെയാണ് നീതി രൂപപ്പെടുന്നത്. അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിക്കാതെ ചെയ്ത് കൊടുക്കേണ്ടതിനെ കൂടി ഉൾക്കൊള്ളുമ്പോഴാണ് മനുഷ്യസമൂഹത്തിന് മുന്നോട്ട് പോവാനാവുക. 

ഇയ്യിടെവരെ ,തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അനീതികളെ ചോദ്യം ചെയ്തു കൊണ്ടാരംഭിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആധുനിക നിർവ്വചനങ്ങൾ നടത്താറുള്ളത്. എന്നാലിപ്പോൾ ജൻഡർ ആക്ടീവിസമാണ് ഒന്നു കൂടി സങ്കീർണ്ണം. കൃത്യമായിപ്പറഞ്ഞാൽ ,അമേരിക്കൻ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970 ൽ പുറത്തിറങ്ങിയതിന് ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗസമത്വമുറപ്പിക്കാനുള്ള രാഷ്ടീയായുധം സാമ്പത്തിക , സാംസ്ക്കാരിക ഉപകരണങ്ങളല്ല , മറിച്ച് ശാരീരികതയുടെ സാധ്യതകൾ തന്നെയാണെന്ന അത് വരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയൊരു വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വമ്പൻ സ്വീകാര്യത തന്നെ ലഭിച്ചു. ആ പുസ്തകം പറയുന്നു " ആണ്, പെണ്ണ് എന്ന ശാരീരിക വ്യത്യാസം മാത്രമാണ് 'സെക്സ്' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പെരുമാറ്റം, വികാരങ്ങള്‍, ചിന്തകള്‍, ഭ്രമകല്പനകള്‍ ഇവയിലെ ആണ്‍ പെണ്‍ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നതാണ് 'ജെന്റര്‍' എന്ന പദം. ചെറുപ്പത്തില്‍ കുട്ടികളെ ലാളിക്കുന്നതില്‍ തന്നെ ആണ്‍ പെണ്‍ ഭേദം തുടങ്ങുന്നു. ഓരോ ജെന്ററിനും ആവശ്യമുള്ളതെന്നു സമൂഹത്തിനു തോന്നുന്നത് അവരെ പഠിപ്പിക്കുന്നു, അങ്ങനെ ആണും പെണ്ണും ജനനശേഷം ആര്‍ജ്ജിക്കുന്നതാണ് അധീശത്വപൂര്‍വ്വമായ 'ആണത്തവും' (masculine) വിധേയത്വത്തോടുകൂടിയ 'പെണ്ണത്തവും' (feminine). ഇവിടെ ശരീരശക്തി അപ്രസക്തമാണ്.
സാമൂഹ്യശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്. പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണ് അത്. പാട്രിയാര്‍ക്കി എന്ന സമ്പൂര്‍ണ്ണ സ്ഥാപനത്തിലെ ഒരു പാട്രിയാര്‍ക്കല്‍ ഏകകം. പാട്രിയാര്‍ക്കിയുടെ പൊതുനിയമങ്ങളോട് കൂറ് പുലര്‍ത്താന്‍ കുടുംബം സ്വന്തം അംഗങ്ങളെ സജ്ജരാക്കുന്നു. ഒപ്പം പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഒരു ഏജന്റ് ആയി പ്രവര്‍ത്തിച്ച് കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ അത് ഭരണകൂടത്തെ സഹായിക്കുന്നു. 'അച്ഛന്റെ അധികാരം' (ptaria protestas) എന്ന റോമന്‍ നിയമസങ്കല്പത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. " 
നേരെചൊവ്വേ പറഞ്ഞാൽ , നിലനിൽക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗികകലാപാഹ്വാനങ്ങളായിരുന്നു പിന്നീട് യൂറോപ്പ് , പ്രത്യേകിച്ച് സ്കാണ്ടിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്നത്.സത്യാനന്തര കാല സാമൂഹിക ഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജ്ജിച്ച ദൃശ്യതയും വഴി അമേരിക്ക , കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയയിടങ്ങളിലേക്ക് ആ ആശയം പടർന്നു. 

വാസ്തവത്തിൽ യൂറോപ്യൻ വ്യാവസായിക വിപ്ലവത്തിന്റെ ഉപോൽപ്പന്നമായിരുന്നു ആ ചിന്താഗതിയും .പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാൾ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുന:ക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജൻഡർ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികമായ ഉപാപജയ പ്രക്രിയ എന്നതിലുപരി അതിന്റെ വിനോദവ്യവസായ സാധ്യതയെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 1990 കളിൽ പുറത്തുവന്ന ക്വിയർ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം / അനാധുനികം എന്ന് രണ്ടാക്കാന്മാത്രമുള്ള ശക്തിയാർജ്ജിച്ചു. 
വളരെ പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്.
ലിംഗവും (biological sex) ലൈംഗികതയും (sexuality) തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർത്ഥിക്കുന്ന 1990 കളിൽ നിലവിൽ വന്ന സിദ്ധാന്തമാണ് ക്വിയർ തിയറി കൂടി വന്നതോടെ രംഗം വീണ്ടും വഷളായി. മഴവില്ലിലെ വർണ്ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുൾക്കൊള്ളുന്ന വലിയൊരു ജാലികയാണ് ലൈംഗികത എന്നവർ സിദ്ധാന്തിക്കുന്നു. അതനുസരിച്ച് , ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലൈംഗികസ്വത്വം (gender identity), ലൈംഗികപ്രകടനം (gender expression), ലൈംഗികാഭിനിവേശം (sexual orientation) എന്നീ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് . ഋതുമതിത്വം പ്രാപിക്കുന്ന ഒരാൾക്ക് തൻ്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറുകയാണ് ചെയ്യുക .അതൊരുപക്ഷേ , ഉടലിനെ തന്നെ ഉടച്ച് കളഞ്ഞോ വേഷഭേദം വരുത്തിയോ അല്ലാതെയോ ആവാം . ആഘട്ടമെത്തുന്നത് വരെ ഒരുകുട്ടിയും പ്രകൃതിപരമായി ആണോ പെണ്ണോ അല്ലെന്ന , ചിലപടിഞ്ഞാറൻ രാഷ്ട്രങ്ങൾ അനുശീലിക്കാൻ ശ്രമിച്ച് കുത്ത്പാളയെടുത്ത , വ്യവസ്ഥാപിത കുടുംബ -സാമൂഹിക - രാഷ്ട്ര നിർവ്വഹണങ്ങൾ വരെ താളഭംഗപ്പെടുന്ന സാമൂഹിക രാസബോംബായിരുന്നു ഇതേ രാഷ്ട്രീയ ഏജൻസികൾ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്ന ന്യൂട്രൽ ജൻട്രൽ ആശയങ്ങൾ . അത് ചിലയിടങ്ങളിൽ ഭാഷയിലെ സർവ്വനാമങ്ങൾ മുതൽ ശൗച്യാലയങ്ങൾ വരെ ന്യൂട്രലാക്കി പരാജയപ്പെട്ടതാണ്. ആ വഴിയിലാണ് ഇവിടെ പള്ളിക്കൂടത്തിലെ വസ്ത്രത്തിൽ തുടങ്ങിയത് . പിന്നീട് ഭരണനിർവ്വഹണ കാര്യാലയങ്ങളിലും കലാലയങ്ങളിലും സ്ത്രീകളെ വേറിട്ട് നിർത്തുന്ന പദാവലികൾ വേണ്ടെന്ന കാഴ്ച്ചപ്പാട് അവതരിപ്പിക്കപ്പെട്ടു. അതിന്റെ ചുറ്റുവട്ടച്ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ക്യാമ്പസുകളിൽ ലിംഗാധീത പ്രണയ സങ്കൽപ്പത്തിന് വേണ്ടി കൊടികളുയരുന്നത്. 
ഇത്തരം പുതിയ പ്രവണതകളെ ലിബറലിസത്തിന്റെ നിർമ്മിതികളെന്ന് പറഞ്ഞ് മാറ്റിനിർത്താൻ കഴിയാത്തത്രയും ലോകജനാധിപത്യക്രമം ലിബറൽവൽക്കരിക്കപ്പെട്ടിരിക്കുന്നു. ആശയസംവാദങ്ങൾ തന്നെയാണ് പരിഹാരം.

ഇസ്ലാമല്ല , ആധുനികതയാണ് സ്ത്രീക്ക് ചിന്താസ്വാതന്ത്യം നൽകുന്നതെന്ന് ചിന്തിക്കുന്ന ഇസ്ലാമിസ്റ്റുകൾ പോലുമുണ്ട് . എന്നാൽ ,
സ്വയം നിർണ്ണയാവകാശം ശാസ്ത്രീയമാവുന്ന പ്രായം നാളിത് വരെ ഇവിടത്തെ മതേതര വാർത്താവതാരകന്മാർ പോലും പരിശോധിക്കുകയോ പഠിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാവുന്നത് . ശാരീരിക പ്രായപൂർത്തി ( Metabolic puberty ) വരിച്ചതിന് എത്രയോ ശേഷമാണ് ബൗദ്ധിക പ്രായപൂർത്തിയിലേക്ക് ( intelectual puberty )മനുഷ്യമസ്തിഷ്കം എത്തുക എന്നാണ് ഏറ്റവും പുതിയ ന്യൂറോ സയൻസ് ജേർണലുകൾ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ പറയുന്നത്.ലോക പ്രശസ്തയായ ന്യൂറോ സയൻ്റിസ്റ്റ് Sandra Amod അവരുടെ " Welcome to Your Child's Brain: How the Mind Grows from Conception to College " എന്ന പന്ത്രണ്ട് ഭാഷാഭേദങ്ങളിറങ്ങിയ കൃതിയിലെഴുതി ,"Most of the privileges and responsibilities of adulthood are legally granted by the age of 18. That's when you can vote, enlist in the military, move out on your own, but is that the true age of maturity? A growing body of science says, no. That critical parts of the brain involved in decision-making are not fully developed until years later at age 25 or so. ഇരുപത്തഞ്ച് വയസ്സ് വരെയുള്ള സ്വയം തെരെഞ്ഞെടുപ്പ് ശാസ്ത്രീയമല്ലന്നർത്ഥം.മറ്റൊരു പ്രമുഖയായ ന്യൂറോ അമേരിക്കൻ സയന്റിസ്റ്റ് Kayt Sukel 32 വർഷങ്ങൾ തികഞ്ഞാൽ മാത്രമേ മസ്തിഷ്കം വീക്ഷണ സ്ഥിരത പ്രകടിപ്പിക്കുകയുള്ളൂ എന്നെഴുതി. ഇവരൊക്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ കൂടിയാണ്. യാഥാർത്ഥ്യം ഇതായിരിക്കേ എങ്ങിനെയാണ് പിന്നെ 18, 17 ,16 , 12 വയസ്സുകളിലൊക്കെ കുട്ടികൾക്ക് നിരുപാധിക തീരുമാനാധികാരം നൽകാനാവുക?
രക്ഷാകർതൃത്വം എന്ന മതകീയ കാഴ്ച്ചപ്പാടിന്റെ പ്രസക്തിയതാണ്.

സ്ത്രീയുടെ വസ്ത്രസ്വാതന്ത്യം പറയുമ്പോൾ എറ്റവും വിമർശിക്കപ്പെടുന്നതാണ് ഹിജാബ് .
കേവലം മുസ്ലിം വിരുദ്ധ രാഷ്ട്രീയം , ലിബറൽ സ്വാതന്ത്രവാദം എന്നിവക്ക് പുറമേ 
ഹിജാബ് വിരുദ്ധതക്ക് പിറകിൽ ചരിത്രപരമായ ഘടകങ്ങൾ കൂടിയുണ്ട്.മലബാർ വിപ്ലവകാലത്ത് , സാമൂതിരിയുടെ സൈനികച്ചുമതല വഹിച്ചിരുന്ന മലപ്പുറത്തെ കപ്രാട്ട് പണിക്കത്തറവാട്ടിലെ ജന്മിയായ കൃഷ്ണപ്പണിക്കരുടെ മുറ്റം വൃത്തിയാക്കിയിരുന്ന ചിരുത എന്ന ചക്കി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ചികിൽസാഫലത്തിൽ ആകൃഷ്ടയായി ഇസ്ലാം വരിച്ച് ആഇശയായി ഹിജാബണിഞ്ഞു. കലിതുള്ളിയ പണിക്കരിൽ നിന്നഭയം തേടി മമ്പുറം തങ്ങളെ സമീപിച്ച ഇരക്ക് വേണ്ടി തുടങ്ങിപ്പടർന്ന ലഹളയാണ് ചേറൂർലഹള.ഹിജാബിന്റെ രാഷ്ട്രീയത്തെ സവർണ്ണർമാർ ബ്രിട്ടീഷുകാരെ ഇറക്കി രക്തപങ്കിലമാക്കി . ഒടുവിൽ 1843 ഒക്ടോബർ 19 ന് പണിക്കർ ഗളസ്ഥം ചെയ്യപ്പെട്ട് നിലംപൊത്തുകയായിരുന്നു. അവർണ്ണർ ചില ശരീരഭാഗങ്ങൾ മറക്കരുതെന്ന തിട്ടൂരത്തിന്റെ ജനിതക വിത്തുകൾ കാലം തെറ്റി പൊടിച്ച് കൊണ്ടിരികുന്നതാണിപ്പോഴും. നായർ സ്തീകൾ പോലും അരക്ക് മീതെ സദാ അനാഛേദിതരായിക്കണം എന്നും തിയ്യകീഴാള സ്ത്രീകൾ മുലയുടെ വലിപ്പത്തിനനുസരിച്ച് മുലക്കരം കൊടുക്കണമായിരുന്നുവെന്നതും അക്കാലത്തെ ട്രാവൻകൂർ ഭരണനിയമം തന്നെയായിരുന്നു. മുലയുടെ വലിപ്പമളക്കാൻ ഉദ്യോഗസ്ഥർ വരുമായിരുന്നു. 1829 ഫെബ്രുവരി മൂന്നിനാണ് മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മനം നൊന്ത് മുല തന്നെ അരിഞ്ഞെടുത്ത് അളവെടുക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് വാഴയിലയിൽ പൊതിഞ്ഞ് കൊടുത്ത് രക്തം വാർന്ന് മരിച്ച ചേർത്തല കണ്ടപ്പന്റെ ഭാര്യ നങ്ങേലി ഇന്നും വിങ്ങുന്ന ഓർമ്മയാണ്. നങ്ങേലിയുട എരിയുന്ന ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തതോടെയാണ് ചാന്നാർ ലഹള കൊടുമ്പിരി കൊള്ളുന്നത്.ഈ ദർശന - സ്പർശനസുഖം തടഞ്ഞ് മാറ് മറക്കാൻ കീഴാളർക്ക് തുണിയും ധൈര്യവും പകർന്ന് കൊടുത്ത ടിപ്പു സുൽത്താനോട് ചിലർക്കുള്ള അരിശം ആ വഴിക്ക് വന്നതുമാണ്.പലരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സവർണ്ണ മാടമ്പിബോധങ്ങളെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങളാവരുത് ഒരുകാലത്തും മാധ്യമശ്രദ്ധ.

സഭ്യേതരമല്ലാത്ത ഏത് വസ്ത്രവും ആർക്കും ധരിക്കാം എന്നതാണ് കലർപ്പില്ലാത്ത സ്വതന്ത്രവാദം ,അങ്ങനെയാവേണ്ടത്. ഏകതാനതാവൽക്കരണം വൈവിധ്യങ്ങളെ ഇല്ലാതാക്കും. അടിച്ചമർത്തലുകൾ ലെജിറ്റിമൈസ് ചെയ്യപ്പെടും. മതമുക്തപൊതുവിടം എന്നത് അത്ര മേന്മയുള്ള അജണ്ടയൊന്നുമല്ല.ഉന്മത്തഭ്രമിതമായ സ്വന്തം മനസ്സ് മറ്റുള്ളവർക്കില്ലാത്തതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രീതിയാണിവിടെ ജനാധിപത്യവൽക്കരിക്കപ്പെടുന്നത്. അതിൽത്തന്നെ പൊളിറ്റിക്കൽ കറക്നസ് ഒട്ടുമില്ല. പാലത്തിന് ശിലപാകുന്നത് മുതൽ ഭദ്രദീപം കൊളുത്തി മുഖ്യമന്ത്രി നാന്ദികുറിക്കുന്നതടക്കം പൂജചെയ്ത ചെറുനാരങ്ങ കെട്ടി ബഹിരാകാശത്തേക്ക് പേടകം പറത്തുന്നതിൽ വരെ 'പൊതു' എന്ന ലേബിളിൽ കയറിപ്പോവുന്നതെല്ലാം ശുദ്ധമായ ഹൈന്ദവപ്രതീകങ്ങളാവുന്നതിനെ മുസ്ലികൾ പ്രശ്നവൽക്കരിച്ചിട്ടില്ല. പക്ഷെ , പൊതുവിടത്തിലെ മുസ്ലിം പെങ്കുട്ടിയണിഞ്ഞ ഒരുമീറ്റർ തുണിക്ക് ചുറ്റും മണം പിടിച്ച് കറങ്ങുന്നവർ ഇടക്കിടെ വട്ടംമാറ്റിയും വാർത്തചുറ്റണം.ഇനി , ഹിജാബും പർദ്ധയും ഗൾഫ് - അറേബ്യൻ കമ്പോള സൃഷ്ടിയാണെന്ന് പറഞ്ഞ് മലയാളിത്വത്തിന്റെ മകുട് താങ്ങുന്ന, മതംവിട്ടിട്ടും മതത്തിലൊട്ടിപ്പോയ വിശാലഹൃത്തരോട് ഒന്നേ ചോദിക്കുന്നുള്ളൂ : നിങ്ങൾ ബദലായി , ആധുനികമായ് അവതരിപ്പിക്കുന്ന മുറിത്തുണി രൂപങ്ങൾ തിരുവാതിര ഞാറ്റുവേലയിൽ കേരവൃക്ഷത്തിൽ വിരിഞ്ഞതാണോ ?
യൂറോപ്പിനോടുള്ളതിനേക്കാൾ മലയാളത്തിന്റെ മണ്ണിനും മനസ്സിനും വേരുബന്ധം അറബികളുമായിട്ടാണ്. കോളീയർക്ക് യുദ്ധം ചെയ്തോടിക്കേണ്ടി വരാതിരുന്ന ഏക വൈദേശിക സാന്നിധ്യമായിരുന്ന അറബ് സംസ്കാരത്തോടുള്ള ചതുർത്ഥി ഉണ്ട , ഉണ്ണുന്ന ചോറിനോടുള്ള നന്ദികേട് കൂടിയാണ്.ഇത്തരക്കാർ അവരുടെ ചാനലുകളുടെ മെഗാഷോകൾ സംഘടിപ്പിക്കാൻ ചെന്നണയുന്നതും ഹിജാബ് ഔദ്യോഗിക വേഷമായ മണ്ണുകളിലേക്ക് തന്നെ.
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us