loader
blog

In Ideal

By Shuaibul Haithami


സമസ്ത : വിമർശനങ്ങളും വസ്തുതയും

"സമസ്തയുടെ ചട്ടക്കൂട് " എന്നൊരു പ്രയോഗം ഇയ്യിടെ കൂടുതൽ ഉപയോഗിക്കപ്പെടുകയും സമ്മിശ്ര പ്രതികരണങ്ങൾ ഉളവാക്കാറും ഉണ്ട് . "  സംഘടനാമതം " എന്നൊരാരോപണം അതിന്റെ അടിസ്ഥാനത്തിൽ  ഉന്നയിക്കപ്പെടുന്നുമുണ്ട്. വാസ്തവത്തിൽ ഏക പിതാവിലേക്കണയുന്ന മാനവരാശിയെ വ്യത്യസ്ത ചട്ടക്കൂടുകൾക്കകത്ത് വ്യത്യസ്തത നിലനിർത്തി പടച്ചവൻ പരിപാലിച്ചുവെന്ന ഖുർആനികാശയത്തോട് എതിരാണ് ഏകധാനതാവാദം , അതായത് , ചട്ടക്കൂട് വിരുദ്ധബോധം . വർഗം , മതം , സമുദായം, ഗോത്രം , പ്രദേശം , ഭാഷ തുടങ്ങിയ വേർതിരുവുകൾ തിരിച്ചറിയൽ രേഖയാണെന്നാണ് ഖുർആൻ പറഞ്ഞത്. സമസ്ത എന്നത് മലയാള മുസ്ലിം പൊതുധാരയെ സംബന്ധിച്ചേടുത്തോളം ഒരു സംഘടന എന്നതിലുപരി ഒരു സാംസ്കാരിക ശീലം കൂടിയാണ്. ആ അർത്ഥത്തിൽ വ്യവസ്ഥാപിതമായ മതാചരണ , അനുഷ്ഠാന , പഠന , പ്രബോധന രീതികളുടെ വിശാല ജാലികയിൽ സമ്മേളിച്ച സമൂഹമാണ് സമസ്ത എന്ന പ്രസ്ഥാനം. തിരിച്ചറിയൽ രേഖക്ക് ഏറ്റവും കണിശമായ കൃത്യത വേണം . ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു മുൻകാല പ്രവാചകന്മാർ സ്വന്തം സാംസ്ക്കാരിക സമൂഹങ്ങളെ ഇതരത്വങ്ങളിൽ നിന്ന് വേറിട്ട് നിർത്തിയത് . അത്തരം സാംസ്ക്കാരിക സമൂഹങ്ങളുടെ സവിശേഷ വ്യക്തിത്വം അംഗീകരിച്ച് കൊണ്ടായിരുന്നു പല ശരീഅ: നിയമങ്ങൾ പോലും രൂപപ്പെട്ടത്.   14 നൂറ്റാണ്ടുകളിലെ ഇസ്ലാമിന്റെ ദേശാന്തര സഞ്ചാരങ്ങൾ ഒരാഗോള മുസ്ലിം സ്വത്വത്തെ രൂപീകരിക്കുകയായിരുന്നില്ല. അത്തരം ഉമ്മതീ വാദം വിശ്വാസപരമായ ഒരമൂർത്ത തലമാണ്.
പ്രയോഗത്തിൽ നിയതമായ ചട്ടക്കൂടുകൾ പാലിക്കപ്പെടുകയും സ്വത്വത്തെ വേറിട്ട് നിർത്തുന്ന വ്യവഛേദകങ്ങൾ സൂക്ഷിക്കുകയും ചെയ്ത് കൊണ്ടു മാത്രമേ ഏതൊരു ഇസ്ലാമിക മുന്നേറ്റവും പിടിച്ച് നിന്നിട്ടുള്ളൂ. നൂറാം വർഷം കാണാനടുത്ത സമസ്ത ആ ദർശനത്തെയാണ് കൂടെ ചേർത്തത് .


സംഘടനാപരമായ ഹെറാർക്കിക്കൽ വ്യവസ്ഥയുടെ കീഴിൽ നിന്നു കൊണ്ടാണ് ഉത്തരാധുനിക ഉലമാഇന്റെ വൈജ്ഞാനിക വ്യവഹാരങ്ങൾ കൂടുതലും . യഥാർത്ഥത്തിൽ സംഘടനാ ഫ്രയിം അധികവും നിലകൊള്ളുന്നത് ഡമോക്രാറ്റിക് - ഫെഡറൽ മാതൃകകളെ അവലംബിച്ചാണ്.
മുമ്പ് പ്രാദേശികാടിസ്ഥാനത്തിൽ ഒരു , ഒരു സംഘം മുഫ്തിമാരെ ആശ്രയിച്ച് രൂപപ്പെട്ട മുസ്ലിം കൂട്ടായ്മകൾ സംഘഘടനയിലേക്ക് മാറിയപ്പോൾ സോഷ്യൽ എംഗേജ്മെന്റിന്  വേഗത കൈവന്നു. ആദ്യകാലത്ത് , എല്ലായിനം അറിവും അഭ്യാസവും സ്വയത്തമാക്കിയ പരിണിത പ്രജ്ഞർ എല്ലാ ഭാഗത്തും ഉണ്ടായിരുന്നു. പിന്നീട് ജഞാനനബലം ശുഷ്ക്കിച്ചതോടെ തെറ്റുപിണയില്ലെന്നുറപ്പിക്കാൻ , അനുമാനിക്കാൻ പണ്ഡിതസംഘം ആവശ്യമായ് വന്നു. 
ആഗോളാടിസ്ഥാനത്തിൽ തന്നെ ആ മാറ്റം കാണാം. വിവിധ ഫത്വാ കൗൺസിലുകളാണ്  (ദാറുൽ ഇഫ്താ ) ആഗോള രീതി. അതിനപ്പുറം ഉലമാ ആക്ടീവിസം കൂടി ഉൾക്കൊള്ളുന്ന മെക്കാനിസമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ.
തീവ്ര ഉലമാധികാര ഘടനാവാദമല്ല സമസ്തയുടേത്. മറിച്ച് മതദർശനങ്ങളുടെ തന്മയത്വം ബാഹ്യ സമ്മർദ്ധങ്ങൾക്കൊത്ത് കളങ്കപ്പെടുത്താതിരിക്കപ്പെടാനുള്ള ജാഗ്രതയാണ്. അതിനെ തീവ്രസംഘടനാ ബോധം എന്ന് ആക്ഷേപിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ പ്രസ്തുത ബോധം മതപ്രതിബദ്ധതയുടെ ഉപോൽപ്പന്നമാണ്.

"എല്ലാ മുസ്ലിം സംഘടനകളും മൗലികമായ വ്യതിരിക്തതകൾ അദൃശ്യപ്പെടുത്തി, ഒന്നിച്ച്, മുസ്ലിം ഉമ്മ :യായി മാറണം " എന്ന് പറയുന്നവരേക്കാൾ സങ്കുചിത ചിന്താഗതിക്കാർ മുസ്ലിം സമുദായത്തിലില്ല. അങ്ങനെ നാലും കുഴച്ചുണ്ടാക്കുന്ന സിൻക്രറ്റിക് കുഴമ്പല്ല " ഐക്യം " . ആ കഴമ്പില്ലാത്ത കുഴമ്പാണ് " സ്വപ്ന സമുദായം " എന്ന് ചിന്തിക്കാനുള്ള കാരണങ്ങളിൽ ചിലതിവയാണ്. ഒന്ന് : മതപരമോ സാമുദായികമോ ആയ ഒന്നിലും കൃത്യമായ ബോധ്യമില്ലായ്മ ഉണ്ടാക്കുന്ന ഇലാസ്തികത . രണ്ട് : സമുദായം എന്ന ഉള്ളിൽ തട്ടാത്ത ഭംഗിവാക്ക് കൊണ്ട് സ്വന്തം പ്രതാപവും അധികാരവും നിലനിർത്താനോ വീണ്ടെടുക്കാനോ ഉള്ള വ്യഗ്രത . മൂന്ന് : വിശ്വാസാചാര കാര്യങ്ങളിലുള്ള ശുഷ്കാന്തി അപരത്വവൽക്കരണം ക്ഷണിച്ച് വരുത്തും എന്ന തെറ്റുധാരണ. നാല് : വെറും അജ്ഞത ,അഥവാ പ്രാപഞ്ചികത , സാമൂഹികത , മനുഷ്യൻ , ജീവിതം , ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവില്ലെന്ന് പോലുമുള്ള അറിവില്ലായ്മ ഉണ്ടാക്കുന്ന താൻപോരിമാവിഭ്രാന്തി എന്ന സൂപ്പർ ഈഗോ ഡില്യൂഷൻ .


 "മതമൊഴിവാക്കൂ , മനുഷ്യരാവൂ " എന്ന് ജൽപ്പിക്കുന്ന നിർമ്മിത നിരീശ്വരവാദികൾ കഴിഞ്ഞാൽ ഏറ്റവും സങ്കുചിത മനസ്ക്കർ " ആദർശവ്യക്തിത്വം ഒഴിവാക്കൂ , സമുദായ ജീവിയാവൂ " എന്ന് പറയുന്നതിലെ ഫാലസി അറിയാത്ത സുഹൃത്തുക്കളാണ്. തമ്മിലുള്ള വ്യത്യാസം , നിരീശ്വരവാദികൾക്ക് ആ പ്രസ്താവനയിൽ അപരനിന്ദ മാത്രമേ ഉള്ളൂ , അല്ലെങ്കിൽ ഉള്ളതായി അനുഭവപ്പെടാറുള്ളൂ . ഇപ്പുറത്ത് സദുദ്ദേശ്യത്തോടെ പറയുന്നവരും ഉണ്ട് എന്നതാണ് . മതസംഘടനാ വിധേയത്വം മനോന്യൂനതയാണെന്ന തരത്തിലുള്ള ആരോപണം നാസ്തിക മാനവിക വാദം പോലെ ബാലിശമാണ്. പക്ഷങ്ങളില്ലാതെ , മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അവർ ഏറ്റവും സങ്കുചിതമായ മാനസികനിലയുള്ളവരാണ്. അവരല്ലാത്തവരെ അംഗീകരിക്കാൻ പോയിട്ട് മനുഷ്യരായ് കാണാൻ പോലും അവർക്ക് പറ്റാറില്ല. സംഘടനയില്ലാത്തവർ ആദ്യം സംഘടനയുള്ളവരെ കൂടി ഉൾക്കൊണ്ട് മാതൃകയാവട്ടെ. ഓരോ സംഘടനാതീതനും തന്റെ നിരീക്ഷണത്തിൽ തീവ്രവാദിയും അസഹിഷ്ണുതയുടെ മരവുമാണ്. ആ അസഹിഷ്ണുതയാണ് അവരുടെ സംഘടന എന്നതാണ് വാസ്തവം . മതമില്ലാത്തവരുടെ മതം മതവിമർശനമാണെന്നത് പോലെ സംഘടനാ വിരുദ്ധത ചിലരെ ക്ഷിപ്രകോപികളും വരട്ടുചൊറിയരുമാക്കുകയാണ് . മതം വിട്ടവർ മതത്തെ വിടാതെ പിന്തുടരുന്നത് പോലെ പക്ഷങ്ങളില്ലാത്തവർ അവർക്കിഷ്ടമില്ലാത്ത പക്ഷത്തെ നിരന്തരം പിന്തുടർന്ന് " കുയിന്തു " ന്നത് പതിവാണിവിടെ. ഓരോരുത്തരും സ്വന്തം പ്രത്യയശാസ്ത്ര ശരീരം നിലനിർത്തുകയും അപരരുടെ തദവകാശം വകവെച്ച് കൊടുക്കുകയും ചെയ്യലാണ് യൂണിറ്റി. അപ്പോഴേ സർഗാത്മകതയും സംവാദാത്മകതയും ബാക്കിയാവൂ. വ്യത്യസ്തതകൾ ഇല്ലാതാക്കി എല്ലാം ഒരുപോലാക്കുന്നത് യൂണിഫോമിറ്റിയാണ് . അതാവട്ടെ , ഫാസിസ്റ്റ് മെത്തഡോളജിയും .
" എല്ലാവരെയും ഉൾക്കൊള്ളണം " എന്ന് വലിയവായിൽ പറയുന്നവർ അവരല്ലാത്ത ഒരാളെയും അംഗീകരിക്കുന്നവരോ ആശയസംവേദനം നടത്തുന്നവരോ അല്ല. അറിയാവുന്നതിൽ ഏറ്റവും മലിനമായ പദാവലികൾ കൊണ്ടാണ് തങ്ങൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കാത്ത സ്വന്തം സമുദായത്തിൽ പെട്ടവരെ അത്തരക്കാർ വിലയിരുത്താറുള്ളത്. മുസ്ലിംകൾക്കിടയിലെ " ഇൻഡിവിജ്വലിസ്റ്റുകൾ "അവരാണ്. സ്വന്തം തോന്നലുകൾ മാത്രമാണ് അവരെ നയിക്കുന്നത്. അങ്ങനെ തോന്നലുകൾ നയിക്കുന്നവരുടെ മതം അങ്ങേയറ്റം Biagotorical ആണെന്നതാണ് വലിയ വൈരുധ്യം . " അല്ലാഹുവിലും യേശുവിലും വിശ്വസിച്ചാൽ സ്വതന്ത്രചിന്ത തകരും " എന്ന് വിശ്വസിക്കുന്ന സ്വതന്ത്രചിന്തകരെ പോലെയാണവർ . മതപരമായി സംഘടനാബോധം നിലനിർത്തിയാൽ / ഐഡന്റിറ്റീ ബോധം വെളിപ്പെടുത്തിയാൽ " സാമുദായിക ബോധം " ഇല്ലാതാവും എന്ന ദുർബല മനസ്കത എന്തു മാത്രം രോഗാതുരമാണ് ! " സംഘടനാമതം " എന്ന് അവർ പേരിട്ടാക്ഷേപിക്കുന്ന ആ സാധനമാണ് , അത് തന്നെയാണ് അവരെക്കൊണ്ടങ്ങനെ പറയിപ്പിക്കുന്നത് എന്നതാണ് വാസ്തവം . താൻ പിടിച്ച കൊടി പിടിക്കാത്തവരെ, പിടിക്കില്ലെന്ന് പറഞ്ഞ കൊടി പിടിക്കുന്നവരെ , തനിക്കിഷ്ടമില്ലാത്ത വേഷം ധരിക്കുന്നവരെ , ഭാഷ മൊഴിയുന്നവരെ , ഭാവം പുലർത്തുന്നവരെ ഉൾക്കൊള്ളാൻ കഴിയാത്ത , മനസ് സൂചിക്കുഴ പോലെ ഹൃസ്വമായവരാവരുത് സാമുദായികവാദത്തിന്റെയും സമവായത്തിന്റെയും അംബാസഡർമാരാവുന്നത് ! 

ആശയപരമോ അനുഷ്ഠാനപരമോ ഘടനാപരമോ ആയ വൈവിധ്യങ്ങൾ അതേപടി നിലനിൽക്കലിലാണ് ഭംഗി. എല്ലാം കൂടി തച്ചുടച്ച് ചുട്ടടുക്കേണ്ട ബാഹ്യസൃഷ്ടിയാണ് ഐക്യം എന്ന മനോഭാവം തെറ്റാണ് . അങ്ങനെയൊരു പൊതുത്വത്തിൽ സമുദായം കൂപ്പുകുത്തിയാൽ സർഗാത്മകത ഇല്ലാത്ത പട്ടാള ക്യാമ്പായി അത് മാറും . ഇത് മനസ്സിലാവാൻ ഏകസിവിൽകോഡിന്റെ രാഷ്ട്രീയം വിലയിരുത്തിയാൽ മതി. ഐക്യം ഉണ്ടാവണമെങ്കിൽ എല്ലാവർക്കും ബാധകമായ പൊതുനിയമം ഉണ്ടാവേണ്ടതുണ്ടെന്ന തെറ്റായ സങ്കൽപ്പമാണ് ഏകസിവിൽകോഡിന്റെ താത്വികാടിത്തറ . എല്ലാവർക്കും ഒരേ നിയമമായാൽ പിന്നെ " ഐക്യം " എന്ന സങ്കൽപ്പത്തിന് തന്നെ പ്രസക്തിയില്ല . വ്യത്യസ്തതകൾ നിലനിൽക്കുകയും സാംസ്ക്കാരികവും അനുഷ്ഠാനപരവുമായ സ്വത്വബോധം പരിപാലിക്കപ്പെടുകയും ചെയ്ത് ഓരോ വിഭാഗവും അവരല്ലാത്തവരിൽ നിന്നും വേർതിരിഞ്ഞ് നിൽക്കുകയും , ശേഷം മാനുഷികമോ സാമൂഹികമോ വിനോദപരമോ ആയ പൊതുവിടങ്ങളിൽ ഒന്നിക്കുകയും ചെയ്യുക എന്നതാണ് " ഐക്യം " അഥവാ Unity . ഏകരൂപിയായ പൊതുസ്വത്വത്തിന് Uniformity എന്നാണ് പറയുക. അത് പ്രകൃതിവിരുദ്ധം കൂടിയാണ്. ചരിത്രത്തിൽ അറിയപ്പെട്ട എല്ലാ ഫാസിസ്റ്റ് ഭരണാധികാരികളും മുന്നോട്ട് വെച്ചത് Uniformity എന്ന തത്വമാണ്. പക്ഷെ , അതിന്റെ ഉന്നം , അതിനോട് വിയോജിക്കുന്നവർക്കെതിരായ Genocide ആയിരുന്നുവെന്നതാണ് വൈചിത്ര്യം . ചുരുക്കത്തിൽ , സ്വന്തം കൾച്ചറൽ ഐഡന്റിറ്റി നിലനിർത്താനുള്ള മതസംഘടനകളുടെ ജാഗ്രതക്കധീതമായ , എതിരായ രാഷ്ട്രീയ ബോധം അരാഷ്ട്രീയമാണ് . പൊതുവിടം സ്ഥാപിക്കപ്പെടേണ്ടത് എല്ലാറ്റിന്റെയും മുകളിലല്ല , സമാന്തരമായാണ് . എല്ലാവർക്കും കയറിയിറങ്ങാനുള്ള കൂടുതൽ വലിയ സമാന്തര വൃത്തമായാണ് അത് വികസിക്കേണ്ടത് . മറിച്ച് , എല്ലാറ്റിനെയും അന്തർവഹിക്കുന്ന ഉപരിവൃത്തമായി വികസിക്കാൻ അതിന് പറ്റില്ല , തിരിച്ചറിയാത്തവർ എത്ര തിരിഞ്ഞുമറിഞ്ഞാലും . ഇവിടെയുള്ള ജമാഅതെ ഇസ്ലാമി മൗലികമായ ആശയങ്ങളിൽ വെള്ളം ചേർക്കാതെയിരിക്കുന്നതാണ് ഭംഗി . സലഫികളും തബ്ലീഗുകാരുമൊക്കെ തഥൈവ . ശേഷം സൗഹൃദ സംവാദങ്ങൾ നടക്കട്ടെ . ബോധ്യങ്ങൾ സ്വീകരിച്ച് വ്യത്യസ്തകകൾ മാനിക്കപ്പെടട്ടെ . ഇങ്ങനെയല്ലാതെ , സ്വന്തം ആശയം കീശയിലൊളുപ്പിച്ച് " എല്ലാം ഒന്ന് തന്നെ , എല്ലാവരും ശരിയാണ് " എന്ന് പറയുന്നത് വഞ്ചനയാണ് , കാപട്യമാണ് . 

ഇസ്ലാമിന്റെ സ്വത്വരാഷ്ട്രീയ വീക്ഷണത്തിന്റെ മർമ്മം ഏതാണെന്ന അജ്ഞതയാണ് മറ്റൊരു പ്രശ്നം .ഇസ്ലാം എന്നത് ഒരു പ്രാപഞ്ചിക വീക്ഷണമാണ്. വൈവിധ്യമാണതിന്റെ രസം . ഇസ്ലാമികമായി , മനുഷ്യരെ ഏകോപിപ്പിക്കുന്ന പൊതുത്വം രാഷ്ട്രീയ- ദേശീയ - തൊഴിലാളി - ഭൗതിക - ഭാവനാ സ്വത്വങ്ങളല്ല . മറിച്ച് ആത്മീയസ്വത്വമാണ്. അതായത് , എല്ലാവരിലും പൊതുവായുള്ള ഒരു ഏകകം മുന്നിർത്തിയാണ് ഏകോപനം സാധ്യമാവുക. അങ്ങനെയൊരു കാര്യം മനുഷ്യവംശത്തിനുണ്ടെങ്കിൽ അത് അവനെ അവനാക്കിയ / അവളെ അവളാക്കിയ Spiritual Elements കളാണ്. ഇതാണ് കേരളത്തിൽ സുന്നികൾ എന്നറിയപ്പെടുന്ന മുസ്ലിം വിഭാഗത്തിന്റെ താത്വികാടിസ്ഥാനം . അപ്പോൾ ഇപ്പറയപ്പെടുന്ന "സുന്നീ ഐക്യം " എന്നാൽ എല്ലാവരും ചേർന്ന് ജനാധിപത്യ രാഷ്ട്രീയത്തിൽ ഇടതുപക്ഷമോ വലതുപക്ഷമോ ആവുക എന്നേയല്ല. അനുപക്ഷ - പ്രതിപക്ഷ ദ്വന്ദമായ ഡമോക്രാറ്റിക് ഫ്രയിം വർക് ഇല്ലാതാവുന്നിടത്താണ് അഹ്ലുസ്സുന്ന : ആരംഭിക്കുന്നത്. അഹ്ലുസ്സയുടെ ഉന്നം തിരുവനന്തപുരമോ ന്യൂ ഡൽഹിയോ അല്ലേയല്ല . സുന്നികൾക്ക് അവിടങ്ങളൊക്കെ പരിഗണനയാവാം , പക്ഷെ മാനദണ്ഡം അവിടങ്ങളല്ല . അല്ലാഹുവും റസൂലും പ്രമാണങ്ങളും പ്രതീകങ്ങളുമാണ് . ഇസ്ലാമിക് ഡമോക്രസിയും ഡമോക്രാറ്റിക് ഇസ്ലാമും ഡമോക്രസിയിലെ ഇസ്ലാമും മൂന്നും മൂന്നാണ് . ആ ചർച്ച ഇവിടെയിപ്പോൾ എഴുതുന്നില്ല. ചുരുക്കത്തിൽ , മുന്നണി രാഷ്ട്രീയവുമായോ , രാഷ്ട്രീയ വോട്ടുബാങ്കുമായോ ബന്ധപ്പെട്ട ഒരു ടേമല്ല - സുന്നീ ഐക്യം . അതിന് ബന്ധം തിയോളജിയുമാണ് , അതിന്റെ ഘടകങ്ങൾ ആത്മീയമാണ് . ആറ് : തിരുവനന്തപുരത്തും ഡൽഹിയിലും വെച്ച് അന്തിമമാവുന്ന പൊതുവിഷയങ്ങളിലെ സാമുദായിക ഐക്യം എന്ന സങ്കൽപ്പത്തിന് ചുവട്ടിലെ ഒരു രാഷ്ട്രീയ ഉപായം എന്ന നിലയിൽ മാധ്യമങ്ങളിൽ വ്യവഹരിക്കപ്പെടുന്ന " സുന്നീ ഐക്യം " ഈ സാഹചര്യത്തിൽ മനോഹരമായ ഒരു ഭാവനായാണ് . സമുദായ രാഷ്ട്രീയ നേതൃത്വത്തിന്റെ സൗഭാഗ്യം പോലിരിക്കുമതിന്റെ സാക്ഷാൽക്കാരം . എന്നാൽ ,അതിന് ഉടക്കുവെക്കാനോ , അതിനനുകൂലമായി തിയറി ചമക്കാനോ ഐഡിയോളജിക്കൽ സുന്നിസത്തിന് മെക്കാനിസമില്ല. കലുശിതമായ രാഷ്ട്രീയ സാഹചര്യത്തിൽ അത് സാധ്യമാവുകയും സ്വാർത്ഥതയില്ലാത്ത സാമുദായിക ബോധത്തിന്മേൽ വ്യവസ്ഥാപിതമാവുകയും ചെയ്താൽ വളരെ നല്ലത് തന്നെ. ഇനിയങ്ങനെയല്ല , മുസ്ലിംകൾ മറ്റുദേശീയ പാർട്ടികളുടെ കൂടെ ഭാഗമായി എല്ലാവർക്കും പരിഗണിക്കേണ്ടി വരുന്ന ശക്തിയാവുകയാണിപ്പോൾ വേണ്ടതെന്ന നിരീക്ഷണവും ഒപ്പമുണ്ട്. " കൂടായ്മക്കാരെ കൂടി കൂട്ടായ്മയിൽ കൂട്ടുന്ന " ചടങ്ങ് ഏത് നിലയിലും ഭംഗി തന്നെ .സ്ഥാപിത പക്ഷത്തേക്ക് ചായാത്ത " മധ്യസ്ഥന്മാർ " മുഖേനെയേ അത് നടക്കുകയുള്ളൂ . നടുവിൽ നിൽക്കുന്നവർ എല്ലാവർക്കും ബോധ്യമാവുന്ന " നടുക്ക് " തന്നെ നിൽക്കണം. കസേര നടുവിലിടലല്ല മധ്യസ്ഥത , മനസ്സ് നടുക്ക് നാട്ടലാണത്. അതിന് അയേങ്ങറ്റം വേണ്ടത് മാനസികത്യാഗമാണ് . ന്യായാധിപന്മാർക്ക് നീതിയുടെ പക്ഷം പോലുമുണ്ടാവരുത്. അവർ നീതി ചൂണ്ടിക്കാണിക്കുന്നവർ മാത്രമായി അസ്വാധീനിതവും അസ്പൃക്കുമായ മധ്യമം വരിക്കണം . തിയോക്രാറ്റിക് ഡമോക്രസിയിലും സെക്യുലർ ഡമോക്രസിയിലും എന്നല്ല വിജയിച്ച മോബോക്രസിയിൽ പോലും നിലനിൽക്കുന്ന , നിന്നിരുന്ന ഒരു ചട്ടമുണ്ട് : അതായത് , സ്ഥാപിതമോ ചരിത്രപരമോ ആയ മധ്യസ്ഥന്മാർ പൊതുജനങ്ങളിൽ നിന്ന് പാരിതോഷികം പോലും സ്വീകരിക്കരുതെന്നതാണത് . സോഷ്യൽ പ്രോസസിന്റെ ഭാഗമായി രൂപപ്പെടുന്ന അത്തരം കേന്ദ്രങ്ങളെ സമ്മാനവും സൽക്കാരവും നൽകി സ്വന്തക്കാരാക്കുന്നത് സമുദായ സ്നേഹമല്ല , ദ്രോഹമാണ് . അത്തരം കേന്ദ്രങ്ങളെ ലവും പൂവും ഒഴുക്കി കൾട്ട് ഫിഗറുക്കളാക്കുകയോ , എനിക്കാണ് കൂടുതലടുപ്പം എന്ന് കാട്ടാൻ ക്യൂ നിൽക്കുകയോ അല്ല വേണ്ടത് , ആദരവും അകൽച്ചയും പാലിച്ച് കർമ്മസ്വാതന്ത്ര്യം നൽകുകയാണ് വേണ്ടത് . അല്ലെങ്കിൽ , വടക്കൻ പാട്ടുകൾ കൊണ്ട് കൂട്ടിയാൽ കൂടാത്ത ഗ്യാപ്പ് സമുദായത്തിൽ വരും .കാരണം , ബോധ്യമാവാത്ത കാര്യങ്ങൾ കോർത്ത് മുഖസ്തുതി പാടാൻ മനസ്സില്ലാത്ത, വസ്തുതകൾ വിലയിരുത്തുന്നവരുടേത് കൂടിയാണ് സമുദായം . അത്തരം കേന്ദ്രങ്ങൾ ചരിത്രത്തിന്റെ നാൾവഴികളിൽ മാറാം, മാറാതിരിക്കാം . നിലനിൽക്കുന്ന വ്യവസ്ഥയെ അട്ടിമറിക്കേണ്ടയാവശ്യമോ , സോഷ്യൽ പ്രോസസിന്റെ ഭാഗമായി വരുന്ന സാമൂഹിക പരിണാമങ്ങളെ വകഞ്ഞുമാറ്റി നിലനിർത്താൻ ക്യാംപയിൻ നടത്തേണ്ടതിന്റെ കാര്യമോ ഇല്ല . അവയത്രയും കാലക്രമേണ നിഷ്ഫലമാവും . തിയോളജിക്കലായ നിരുപാധികത്വമാണ് അനുസരണ . ഘടനാപരമായി ഇന്നത് പോലെയായാലേ അംഗീകരിക്കുകയുള്ളൂ എന്നത് സ്വാർത്ഥംഭരണമാണ് . നേതൃത്വത്തിലാരായാലും അനുസരിക്കണമെന്നതാണ് മതതത്വം. കാരണമത് അല്ലാഹുവിന്റെ നിശ്ചയമാണ് . ഡമോക്രാറ്റിക് ഔട്ട്ലുക്കല്ല ഇത്തിബാഉം തഖ്ലീദും . 


ജ്ഞാന പ്രത്യുൽപ്പന്നപരത

കേരളീയ മത പരിസരം എന്നും ജ്ഞാനസമ്പാദന- പ്രസരണങ്ങളുടെ മണ്ണായിരുന്നു.
വൈജ്ഞാനിക നിർമ്മാണവും സാമൂഹിക സമുദ്ധാരണ പ്രക്രിയകളും ഒരേ സമയം
ഏത് നാട്ടിലേയുമെന്ന പോലെ ഇന്നാട്ടിലെ സൂഫീപണ്ഡിതരും എന്നും ചെയ്തു വന്നിരുന്നു.
രചനാ സപര്യകളുടെ ഘട്ടമായിരുന്നു പൂർവ്വാധുനിക കേരളീയ ഉലമാ സംസ്കൃതി.
 അതിന്റെ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു 1500 മുതൽ 1900 ത്തിന്റെ തുടക്കം വരെ, അതായത് സൈനുദ്ധീൻ മഖ്ദൂം ( റ ) മുതൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ നിര്യാണം വരെയുള്ള കാലഘട്ടം.കേരളീയ പാരമ്പര്യ ഇസ്ലാം പരിസരങ്ങളിൽ നിന്ന് അറബ് - മലയാളത്തിൽ ധാരാളം ഗ്രന്ഥങ്ങൾ വിരചിതമാവുന്നത് അപ്പോഴാണ്. ഏകദേശം ആറായിരത്തോളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്. 
അതിൽ മതവിഷയങ്ങൾക്കു പുറമേ നോവലുകൾ, ഗദ്യ, പദ്യ, സാഹിത്യങ്ങളും ഉണ്ടായിരുന്നുവെന്നതാണ്ആശ്ചര്യകരം.1889 ലാണ് മലയാളത്തിലെ ആദ്യനോവൽ ഇന്ദുലേഖ പുറത്ത് വരുന്നതെങ്കിൽ അതിന്റെ 109 കൊല്ലം മുമ്പേ  തത്തയുടെകഥ എന്ന അറബ്- മലയാള കൃതി പുറത്ത് വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ഖുർആൻ , ഹദീസ് , ഫിഖ്ഹ് തുടങ്ങിയ മത വിഷയങ്ങളും ചരിത്രവും സാഹിത്യങ്ങളുമടങ്ങുന്ന പൊതു വിഷയങ്ങളും രചനകളിൽ വന്നു.
ജ്‌ഞാന വിശേഷണത്തിന്റെ വഴിയിൽ ഇത്രയേറെ പാരമ്പര്യവും പൈതൃകവും ഉണ്ടായിരുന്ന പണ്ഡിത സമൂഹത്തിൽ നിന്നും പിന്നീടങ്ങോട്ട്, ഒറ്റയും തെറ്റയുമായ രചനകൾ നടന്നിട്ടുണ്ടെങ്കിൽ പോലും നിരന്തരമായ ഒരു പരിശ്രമം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് എന്ന ഒരു ചോദ്യം മുഴച്ചു നിൽക്കുന്നുണ്ട്. അതിന്റെ ഒരു പശ്ചാതല സാഹചര്യം പരിശോധിക്കപ്പെടേണ്ടതുമുണ്ട്.
           
തൊള്ളായിരത്തി ഇരുപതുകളിൽ അതായത് സമസ്തയുടെ രൂപികരണ പശ്ചാതലം, മുസ്ലിം സാമ്പ്രദായിക പണ്ഡിതൻമാരെ അവരുടെ ജ്ഞാനോൽപാദനത്തിൽ നിന്നും തുടർന്നു വന്നിരുന്ന ശീലങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് പ്രത്യുൽപന്നപരതയിൽ നിന്ന് പ്രതിരോധാത്മകതയിലേക്ക് വഴി തിരിച്ച് വിടുന്ന ചില രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുണ്ടായി. ഇത് സ്വാതന്ത്ര സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജസ്വലത കൈവരിച്ച സമയമായത് കൊണ്ട് തന്നെ ഇതിന്റെ പിന്നിലെ മുഖ്യ സൂത്രധാരകന്മാർ കൊളോണിയൽ ശക്തികൾ തന്നെയായിരുന്നു. ആഫ്രിക്ക, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ പയറ്റിത്തെളിഞ്ഞ  തന്ത്രം പുതിയ കുപ്പിയിലാക്കി കേരളത്തിലും അവർ പ്രയോഗിച്ചു. അവിടെയുള്ള സാമ്പ്രദായിക സൂഫി ഉലമാഇനെ അവരുടെ സമയവും ധൈഷണിക ഊർജ്ജവും മൗലികമായ സാമൂഹിക നിർമ്മിതിയിൽ വിനിയോഗിക്കുന്നതിൽ നിന്ന് തടയുന്ന രൂപത്തിൽ മറ്റു മേഖലകളിലേക്ക് വഴി തിരിച്ച് വിടുക എന്നതായിരുന്നു അവരുടെ തന്ത്രം. കേരളത്തിൽ അത് നടപ്പാക്കിയതിന്റെ രൂപം, നമ്മൾ നവീനവാദികളെന്ന് പറയുന്ന ആളുകളെ കേളോണിയൽ ശക്തികൾ തന്നെ ആളും അർത്ഥവും സഹായവും  സർവ്വോപരി ഭരണഘൂടത്തിന്റെ സർവാത്മനപിന്തുണകളും നൽകി കൊണ്ട് പരിപോഷിപ്പിച്ചെടുക്കുകയും സൂഫി ഉലമാഇന്റെ ശ്രദ്ധ മുഴുവനും അവരെ പ്രധിരോധിക്കുന്നതിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തു കൊണ്ടായിരുന്നു. 
പണ്ഡിത ധർമ്മത്തിന്റെ മുൻഗണനാ ക്രമത്തിൽ മാറ്റം വന്നു. ഗ്രന്ഥരചനാ മേഖലയിൽ നിന്ന് അവർ തെന്നി മാറി. ഇതാണ്  കേരളീയ മുസ്ലിം പണ്ഡിതൻമാർക്ക് ഉത്തരേന്ത്യൻ പണ്ഡിതൻമാരെപ്പോലെ രചനകൾ ഇല്ലാതതിന്റെ ഒരു കാരണം.
നേരത്തെ പറഞ്ഞതു പോലെത്തന്നെ സമസ്ത രൂപികൃതമായ് 95 വർഷങ്ങൾക്കിപ്പുറം ഒറ്റയും തെറ്റയുമായ ഗ്രന്ഥങ്ങൾ വിരചിക്കപ്പെട്ടുവെങ്കിലും അതൊരു പ്രധാന അജണ്ടയായ് മാറാത്തതിന്ന് മറ്റൊരു കാരണം കുടിയുണ്ട്, ഒരു ഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് കിട്ടുന്ന ഉപകാരങ്ങൾക്ക് തത്തുല്യമായ അല്ലെങ്കിൽ അതിനേക്കാളുപരി ആശ്രയിക്കപ്പെടാനും റെഫറൻസുകളാവാനും ഉതകുന്ന തരത്തിലുള്ള ശിഷ്യഗണങ്ങളെ കേരളീയ പണ്ഡിതർ സമ്മാനിച്ചു എന്നുള്ളതാണത്. ഒരു ഗ്രന്ഥം ചെയ്യുന്ന സേവനങ്ങളും സാധ്യതകളും ജീവനുള്ള പുസ്തകങ്ങളാവുന്ന ഉലമാക്കളിലൂടെ അവർ കേരളത്തിന് പകരം നൽകിയിരുന്നു. 


ഭാഷാ വിരോധം .

സമസ്ത ഇന്നേവരെ ഔദ്യോഗികമായ ഫത്വയിലുടെയോ പ്രസ്താവനയിലൂടെയോ ഇംഗ്ലീഷ് ഭാഷയെ എതിർത്തതായ് കാണാൻ സാധിക്കില്ല. എന്നാൽ ഭാഷാപഠന സൗകര്യത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകയ്യെടുത്തിട്ടുണ്ട് താനും. ഇതിന് ഉപോൽബലകമാവുന്ന ഒരുപാട് തെളിവുകൾ ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. 1924 ലാണ് താനൂർ ഇസ്ലാഹുൽ ഉലും പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാരുടെ കീഴിൽ സ്ഥാപിതമാവുന്നത്. തുടർന്ന് 1928 ൽ അവിടെ കൂടിയ അതിന്റെ കമ്മിറ്റി മിനുറ്റ്സിൽ ഇങ്ങനെ കാണാം : ഇംഗ്ലീഷ് , ഉറുദു, മലയാളം ഭാഷാപ്രാവീണ്യം വിദ്യാർത്ഥികൾക്ക് നൽകാൻ വേണ്ടി നിശാപാഠശാല ഒരുക്കാൻ  ഈ കമ്മിറ്റി പൊന്നാനി താലൂക്ക് വരണാധികാരിയോട് ആവശ്യപ്പെടുന്നു. അതിന് മുമ്പേ 1915 ൽ ഖുവ്വതുൽഇസ്ലാം ഉണ്ടാകുന്നുണ്ട്.1909 ൽ താനൂരിൽ തന്നെ തന്മിയതുൽ ഇസ്ലാം എന്ന മദ്രസയും രൂപികൃതമാവുന്നുണ്ട്. അതായത് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മൾട്ടി ലിഗ്വസ്റ്റിക് പഠന സൗകര്യമുള്ള പഠന ശാലകൾ സമസ്തയുടെ സമുന്നതരായ നേതാക്കൾക്ക് കീഴിൽ ഇവിടെ ഉണ്ടായിരുന്നു എന്നർത്ഥം. 
എന്നാൽ ഇംഗ്ലീഷ് ഭാഷയോട് വിരോധമുണ്ടായിരുന്ന പണ്ഡിതർ അക്കാലത്ത് സുന്നീ ലോകത്തുടനീളം ഉണ്ടായിരുന്നു , സമസ്തയിലും ഉണ്ടായിരുന്നു. അതിന് പ്രേരിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും ഉണ്ടായിരുന്നു .കൊളോണിയൽ വിരുദ്ധത തന്നെയായിരുന്നു അതിൽ പ്രധാനം. കേവലം ഇംഗ്ലീഷ് ഭാഷ എന്ന നിലയിലല്ല , മറിച്ച് ഇംഗ്ലീഷുകാർ ആവിഷ്കരിച്ച ഒരു പാഠ്യപദ്ധതി എന്ന നിലക്കാണ് അത്തരം പണ്ഡിതർ അതിനെ നിരാകരിച്ചത്. ഭാഷയോടുള്ള വിപ്രതിപത്തിയായിരുന്നില്ല പ്രേരണ. മാത്രവുമല്ല മുശാവറാഅംഗങ്ങളിൽ  പറവണ്ണ മൊയ്തീൻ കുട്ടി മുസ്ലിയാർ , ജർമൻ മുസഹാജി പോലെയുള്ള ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യമുള്ളവരും ആദ്യകാലത്ത് തന്നെ ഉണ്ടായിരുന്നു. 
അന്നുണ്ടായിരുന്ന പണ്ഡിതൻമാരെല്ലാം മികച്ച തത്വദീക്ഷയുള്ളവരായിരുന്നു .1835 ലാണ് മെക്കാളോ കേരളത്തിലെ അവരുടെ ഗവർണ്ണരായിരുന്ന വില്യം ബെനഡിക്റ്റിന് ഇങ്ങനെയൊരു നിർദ്ദേശം കൊടുത്തത് : ദശലക്ഷകണക്കായ കേരളത്തിലെ ജനങ്ങൾക്ക് നമ്മുടെ സന്ദേശവും സംസ്കാരവും കൈമാറാൻ കാഴ്ച്ചയിൽ ഇന്ത്യക്കാരും മാനസികമായ് ബ്രിട്ടീഷുകാരുമായ ഒരു ജനവിഭാഗത്തെ പള്ളിക്കൂടങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കണം. 
രണ്ട് സന്ദേശങ്ങളാണ്  ഈ നിർദ്ദേശത്തിലുടെ മെക്കാളോ മുന്നോട്ട് വെക്കുന്നത്. ഒന്ന്, കൊളോണിയൽ അധിനിവേശത്തെ ന്യായികരിക്കുന്ന രാഷ്ട്രീയ സന്ദേശം, രണ്ടാമത് , ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൃസ്ത്യൻ മിഷനറി സന്ദേശം.  ഈ പദ്ധതി മനസ്സിലാക്കിയ സൂഫി ഉലമാക്കൾ ബ്രിട്ടീഷ് വിദ്യാഭ്യാസം അംഗീകരികേണ്ടതില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു .
ഈ സാമ്രാജ്യത്വത്തോടുള്ള സാംസ്കാരിക പ്രതിരോധമായിരുന്നു പിന്നീട് ഇംഗ്ലീഷ്ഭാഷാ  വിരോധമെന്ന പേരിൽ ചിലർ അവതരിപ്പിച്ചത്.  അവരുടെ ജാഗ്രത ശരിയായിരുന്നു താനും. മുസ്ലിംകൾക്കിടയിൽ " മെക്കാളോ സന്ദേശം " പ്രചരിപ്പിക്കുവാൻ ബ്രിട്ടീഷുകാർ പ്രത്യേക സഹായങ്ങൾ നൽകി   സ്ഥാപനങ്ങൾ വരെ ഉണ്ടാക്കിയിരുന്നു. അതിന്റെ ഉദാഹരണമായിരുന്നു അലിഗഡ് മുസ്ലിം യുണിവേഴ്സിറ്റി പോലും . അന്ന് ജവഹർ ലാൽ നെഹ്റു പറഞ്ഞത് :  ബ്രിട്ടിഷ് ആശയങ്ങളും ആദർശങ്ങളും മുസ്ലിംകൾക്കിടയിൽ വ്യാപിപ്പിക്കാൻ വേണ്ടി അവർ പണിത ഒരു പാലമാണ് അലീഗഢ് എന്നായിരുന്നു. 
അക്കാലത്ത് അവിടെ നിന്ന് പുറത്തിറങ്ങിയ പലരും പിന്നീട് മതനിരാസകരും നിരീശ്വവാദികളുമായി മാറി എന്നാണ് ചരിത്രം . ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ബൗദ്ധികമായ അടിത്തറ രൂപപ്പെട്ടത് അവിടെ നിന്നായിരുന്നു. 
ആഫ്രിക്കൻ സൂഫീ ഇസ്ലാമിനെതിരായ യൂറോപ്യൻ അക്രമണങ്ങളും ഓട്ടോമൻ തുർക്കിയെ തകർക്കാനുള്ള ബ്രിട്ടീഷ് ഗൂഢാലോചനയുമൊക്കെ സൂക്ഷ്മമായി വിലയിരുത്തിയിട്ടായിരുന്നു പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാരെപ്പോലുള്ള പണ്ഡിതർ ഇവിടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായത്. എന്നാൽ , ഇവിടെ ദഅവതും ഇബാദതും മുടങ്ങാത്ത കാലത്തോളം ബ്രിട്ടീഷുകാരെ എതിർക്കേണ്ടതില്ല  എന്ന് നിരീക്ഷിച്ച പണ്ഡിതരും സമസ്തയുടെ ഭാഗമായിത്തന്നെ ഉണ്ടായിരുന്നു.


ആര്യനെഴുത്ത്. 

ആര്യനെഴുത്ത്  അഥവാ സംസ്കൃത മലയാളത്തോട് ഉലമാക്കൾ മാത്രമല്ല അക്കാലഘട്ടത്തിലുളള ഭൂരിഭാഗം മലയാളികളും നിരാകരണ സമീപനം തന്നെയാണ് സ്വീകരിച്ചത്. കാരണം കേരളത്തിൽ അന്ന് സവർണ്ണ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു സംസൃകതം പഠിക്കാനും വേദഭാഷയായ സംസ്കൃത മലയാളത്തിൽ എഴുതുവാനും സംസാരിക്കുവാനുമുള്ള അനുമതി ഉണ്ടായിരുന്നത്. സ്വാഭാവികമായ് പിന്നോക്ക , അവർണ്ണ ഹിന്ദുക്കൾ മുഴുവനും ആര്യനെഴുത്തിനെതിരായിരുന്നു. കാരണം അതൊരു ചൂഷണോപാധിയായിരുന്നു.പിന്നോക്കക്കാരുടെ , അടിച്ചമർത്തപ്പെടുന്നവരുടെ കൂടെ നിൽക്കുകയെന്നത് എന്നും ഉലമാഇന്റെ രീതി ആയിരുന്നു. മത- സാമൂഹിക നിലപാടുകളിൽ പ്രദേശികതയെ മറന്നോ നിഷേധിച്ചോ കൊണ്ട് സമസ്ത വേർത്തിക്കില്ല.
പക്ഷെ പിന്നീട് വിവിധ നിയമ നിർമ്മാണങ്ങളിലൂടെ , സാമൂഹിക സമുദ്ധാരണങ്ങളിലൂടെ ഉഛനീചത്വങ്ങളും അസ്പൃശ്യതയും ഒരു പരിധിയോളം ഇല്ലാതായപ്പോൾ സമസ്ത നിലപാടും മാറ്റി. പിന്നീട് ഇതേ സംസ്കൃത മലയാളം ഉപയോഗിച്ച് കൊണ്ടാണ് ഖുർആൻ വ്യാഖ്യാനം പോലും വരുന്നത് എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. ( ഖുർആൻ വ്യാഖ്യാന ,പരിഭാഷാ വിഷയങ്ങളിൽ വ്യത്യസ്ത പഞ്ചിത വീക്ഷണങ്ങൾ നിലവിലുണ്ട് ) 
അതായത് , ഏതൊരു നിലപാടിനെയും  വിലയിരുത്തേണ്ടത് അതിന്റെ എല്ലാ ഭാഗങ്ങളും പരിഗണിച്ച് കൊണ്ടാണ്.

മാത്രവുമല്ല ,അറബ് മലയാളത്തെ തകർക്കാൻ കൂടിയാണ് അക്കാലത്ത് സംസ്കൃത മലയാളത്തെ ചിലർ ഭരണകൂട ഒത്താശയോടെ  തിരുകിക്കയറ്റാൻ ശ്രമിച്ചിരുന്നത് എന്നു കുടി പണ്ഡിതൻമാർ മനസ്സിലാക്കായിരുന്നു. 1924 ൽ ബ്രിട്ടീഷ്കാർ തന്നെയാണ്  അധിനിവിഷ്ട തുർക്കിയിൽ അവിടുത്തെ പ്രദേശികഭാഷയായ തുർക്ക് - അറബ് ഭാഷ നിരോധിച്ചത്. തത്ഫലമായ് ആ ഭാഷയിൽ വാ - വര മൊഴികളായ് പണ്ഡിതന്മാർ കൈമാറിയിരുന്ന ആയിരക്കണക്കിന് ഓട്ടോമൻ  അറിവുകളുടെ സ്രോതസ്സുകൾ അവർക്ക് നഷ്ടപ്പെട്ടത് ഇവിടെയുള്ള പണ്ഡിതർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.  തദ്സ്ഥിതി അറബ്- മലയാളത്തെ ഒഴിവാക്കി സംസൃകൃത -മലയാളത്തിന് പിറകേ പോയാൽ കേരളത്തിലും ഉണ്ടാവുമോ എന്നവർ ജാഗ്രതപ്പെടുകയായിരുന്നു.കാരണം, അറബ്- മലയാളത്തിലായിരുന്നു ഏതാണ്ടെല്ലാ ജ്ഞാന കലവറകളും അടുക്കിവെക്കപ്പെട്ടിരുന്നത്. 

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us