loader
blog

In Ideal

By Shuaibul Haithami


ഐഡിൻ്റിറ്റി പൊളിറ്റിക്സ് : ഖുതുബിയ്യതും മുല്ലപ്പൂവും

ഫാസിസത്തിനെതിരായ സമരത്തിൽ പൊളിറ്റിക്കൽ കറക്ട്നസ് അത്രമാത്രം കൃത്യത വരുത്തേണ്ട കാര്യമല്ല എന്ന് എല്ലാവർക്കുമറിയാം . സമാനമനസ്ക്കരുടെ ഏകോപനം സാധ്യമാവുന്ന ഏതെങ്കിലും ഒരു ഏകകം മതിയാവും പൊതുശത്രുവിനെതിരിൽ ഒരുമിക്കാൻ .അതാണ് കേരളത്തിൽ കുറേയൊക്കെ സംഭവിച്ചതും .എന്നാൽ ആ ഇടതു- വലതു സംയുക്ത പ്രക്ഷോഭം പൂർണ്ണമായി സുതാര്യമോ സത്യസന്ധമോ ആണെന്ന് പറയാനാവില്ല താനും. ഒരേസമയം ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരുടെയൊപ്പം കണ്ണുരുട്ടുകയും ചെയ്യുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുന്നുവോ എന്ന സംശയം ബലപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് മുസ്ലിം മുഖ്യധാരകൾ പിന്തുണയും ഐക്യദാർഢ്യവും നൽകി പങ്കെടുക്കുമ്പോഴും മുസ്ലിംകൾ പ്രാസ്ഥാനിക ബാനറുകളിൽ നടത്തുന്ന പരിപാടികൾ നിരുപാധികം ബഹിഷ്ക്കരിക്കുന്ന രീതി ആരെയെങ്കിലും സംതൃപ്തിപ്പെടുത്താനാണെന്ന് പറഞ്ഞാൽ തെറ്റാവുമോ?
അതിവിടെ ഇപ്പോൾ ചർച്ചചെയ്യുന്നില്ല .

പക്ഷെ , ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ ഭാഗമായി നിൽക്കുമ്പോൾ ,ഇവിടെ മുസ്ലിംകൾ പുലർത്തേണ്ട ചില റിലീജിയസ് കറക്ട്നസ് തീർച്ചയായും
ഉണ്ട് . രക്തസാക്ഷിത്വത്തിന് വലിയ പ്രതിഫലമുണ്ടെങ്കിലും ,ഇസ്ലാമിന് വേണ്ടി മരിക്കാനല്ല മതം ആത്യന്തികമായി പറയുന്നത് .ഇസ്ലാം അനുസരിച്ച് ജീവിക്കാനാണ് മതം ആവശ്യപ്പെടുന്നത്.
എന്ത്കൊണ്ടാണ് ,രക്തസാക്ഷിത്വം ,ജിഹാദ് , അല്ലാഹുവിനെമാത്രം പേടി , ബദ്ർ -കുരിശുയുദ്ധപരാമർശങ്ങൾ തുടങ്ങിയ മതചിഹ്നങ്ങളുടെഅസ്ഥാനവൽക്കരണം ഇപ്പോഴത്തെ പൗരത്വ ഭേദഗതീ നിയമ- പൗരത്വ പട്ടികാ വിരുദ്ധ സമരങ്ങളുടെ പശ്ചാലത്തിൽ പ്രശ്നവൽക്കരിക്കപ്പെടേണ്ടിവരുന്നത് എന്ന് ചുരുക്കത്തിൽ പരിശോധിക്കാം.

ഒന്ന് : ജയ് ശ്രീറാം വിപരീതം അല്ലാഹു അക്ബർ എന്ന ജിഹാദീ സമരമല്ല ഇപ്പോഴത്തേത്. 
CAA യും NRC യും ഒരു രാഷ്ട്രീയ വിഷയമാണ് , മതേതരത്വത്തെയും ഭരണഘടനയെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയം. അതിന് പരിഹാരം കാണേണ്ടത് മതേതര രാഷ്ട്രീയം വഴി മാത്രമാവണം .ഭാരതം ഇസ്ലാം പറയുന്ന യുദ്ധഭൂമിയല്ല ,സന്ധിഭൂമിയാണ്. ഭരണഘടനയാണ് കരാർപത്രം. അത് കൊണ്ട് തന്നെ ഭരണഘടന നിലവിൽ വരുന്നതിന് മുമ്പത്തെ ആലി മുസ്ല്യാരുടെയും ലവക്കുട്ടിയുടെയും പോരാട്ട കഥകൾ അസ്ഥിത്വം തെളിയിക്കാനും സമര ധീരത ഉണർത്താനുമെന്നതിനധീതമായി പറഞ്ഞു സ്വപ്നലോകത്തേക്ക് കയറൽ ആവേശമാവാം ,ആവശ്യമല്ല.മിഡിലീസ്റ്റ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവം അല്ല ഇവിടെ വേണ്ട മുല്ലപ്പൂ എന്ന് വേർതിരിക്കാൻ സാധിക്കണം . ഇത് ഈ സമുദായത്തിന്റെ ആവശ്യവുമായി, സ്വത്വവുമായി ബന്ധപ്പെട്ട വിഷമല്ല എന്നല്ല പറയുന്നത് ,പക്ഷെ എല്ലാവരുടെയും വിഷയമാക്കലാണ് യഥാർത്ഥ പ്രതിരോധം. ഇസ്ലാം ഇവിടെ നിലനിൽക്കേണ്ടത്  മനുഷ്യന്റെ ,മണ്ണിന്റെ ,പരിസ്ഥിതിയുടെ ആവശ്യമാണ്.
എന്നാലും ചോദിക്കാം , മുദ്രകൾ മുസ്ലിമിന്റേതാവുമ്പോൾ ചാപ്പകുത്തപ്പെടുന്നതിനാൽ നാം മുദ്രകളും മുദ്രാവാക്യങ്ങളും കൂടുതൽ പ്രകടമാക്കുകയല്ലേ വേണ്ടത് എന്ന്.  മതേതര പൊതുബോധത്തിന് ഉൾക്കൊള്ളാൻ പ്രയാസമുള്ളവ മാറ്റിവെച്ചില്ലെങ്കിൽ മുസ്ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടാൻ മാത്രമാണ്  അത്തരം അസ്ഥാന സ്വത്വബോധം ഇടയാവുക എന്നാണ് ലളിതമായ മറുപടി.




രണ്ട്: സ്വാതന്ത്രസമരകാലത്തെ പ്രക്ഷോഭരീതികളിലെ പലമകളിൽ മുസ്ലിം തിയോക്രസി എന്ന് ആരോപിക്കപ്പെടുന്ന രീതികൾ ഉണ്ടായിരുന്നു എന്നത് സമ്മതിക്കാനാവില്ല . മഹാരഥരായ ഉമർ ഖാദി നികുതി നിഷേധം പ്രഖ്യാപിച്ചതും
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലയാള നാട് എന്ന പേരിൽ സ്വയംഭരണ പ്രദേശം ഉണ്ടാക്കിയതും തിരൂരങ്ങാടി ആലി മുസ്ല്യാർ തിരൂരങ്ങാടി ഖിലാഫത് ഏറ്റെടുത്തതും ഇന്ത്യ കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക് ആവുന്നതിന് മുമ്പാണ്. 
മതേതരഭരണഘടന നിലവിൽ വന്ന് കഴിഞ്ഞാൽ സന്ധിഭൂമിയിൽ ഹിന്ദുത്വ തിയോക്രസി പോലെ തിരസ്കൃതമാണ് ഇസ്ലാമിക് തിയോക്രസിയും. 

മൂന്ന്: ഹിന്ദുത്വരുടെ ആത്യന്തിക ലക്ഷ്യം മുസ്ലിം വംശഹത്യയല്ല. ഹിന്ദുത്വരാഷ്ട്ര രൂപീകരണമാണ്. അതിന് മുമ്പിലെ ഒരേയൊരു വെല്ലുവിളി ഭരണഘടനയാണ്. ഭരണഘടന പൊളിച്ചെഴുതാനുള്ള അസംസ്കൃത വസ്തുക്കളിലൊന്നാണ് അവർക്കിപ്പോൾ മുസ്ലിംകൾ .അതിനാൽ പ്രതിരോധ പ്രതീകം ഭരണഘടനയും ദേശീയ പതാകയും തന്നെയാവണം. ഗോൾവാൾക്കർ വിചാരധാരമുടെ 19 ,20 ,21 അധ്യായങ്ങളിൽ പറയുന്നത് യഥാക്രമം അഭ്യന്തര ശത്രുക്കളായ മുസ്ലിംകൾ ,ക്രിസ്ത്യാനികൾ ,കമ്മ്യൂണിസ്റ്റുകാർ എന്നീ മൂന്ന് വിഭാഗത്തെ കുറിച്ചാണ്.  സുരക്ഷിത കേന്ദ്രങ്ങളിലാണെന്ന് കരുതി സ്വത്വ വിസ്മൃതിയുടെ കരിമ്പുടം പുതച്ചുറങ്ങുന്ന ചില ജനവിഭാഗങ്ങൾ ഇവിടെയുണ്ട് .അവരെക്കൂടി സമരരംഗത്തേക്കിറക്കാനാവണം ശ്രദ്ധ.


സമരരംഗത്തെ സ്വത്വബോധം .

മുസ്ലിമിന്റെ സ്വത്വബോധവും സ്വത്വബോധ്യവും രണ്ടാണ്. സ്വയം ബോധ്യപ്പെട്ടിട്ടില്ലെങ്കിലും മറ്റുള്ളവർ അംഗീകരിച്ച് തരലാണ് ഇസ്ലാമിന്റെ വിജയം എന്ന ധാരണയേക്കാൾ ശരിയായത് , മറ്റുള്ളവർ അംഗീകരിക്കുന്നതും അംഗീകരിക്കാത്തതും നോക്കാതെ മുസ്ലിം ആത്മബോധ്യങ്ങൾക്ക് ഒട്ടും പരിക്കേൽക്കാതെ എങ്ങനെയാണ് സാമുദിയക സ്വത്വം പരിരക്ഷിച്ച് നിർത്താൻ കഴിയുക എന്നതാണ് .
കണ്ടാൽ  ഉഗ്രവാദികളുടെ ചേലിൽ തലയിൽകെട്ടി നീളൻ ഖമീസണിയുന്ന കേരളത്തിലെ സുന്നീ പണ്ഡിതന്മാരെ കുറിച്ചുള്ള വിശ്വാസ്യതയും പൊതുമതിപ്പും മറ്റുള്ളവർക്ക് കിട്ടുന്നില്ലെങ്കിൽ ചിലത് ചിന്തിക്കാനുണ്ട് .സെക്യുലർ ഫിൽട്രേഷന്റെ ഏത് അരിപ്പയും മറികടന്ന് പൊതുമതേതര പരിസരത്ത് നേതൃപരമായി നിലകൊള്ളാൻ നടേപറഞ്ഞ ആഗോളീയ വേഷഭൂഷാധികൾ അവർക്ക് തടസ്സമാവുന്നില്ല. ആ വേഷം മലയാളിത്തം കൈവരിച്ച് കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ സുസ്ഥിതി. തീവ്രഇതുപക്ഷക്കാരനായ മുഖ്യമന്ത്രി  പരമ്പരാഗത ഇസ്ലാമിന്റെ ഏറ്റവും വലിയ മലയാള വേദിയായ സമസ്തയുടെ സമാദരണീയ അധ്യക്ഷനെ നേരിട്ട് ക്ഷണിക്കുന്നു . അവരാകട്ടെ ,സ്വന്തം അനുയായികളോട് ഇത്തരം രാഷ്ട്രീയ പ്രക്ഷുബ്ദതകളിൽ പോലും ആത്യന്തിക പരിഹാരം പ്രാർത്ഥനയും ദൈവികഭക്തിയുമാണെന്ന് വിളിച്ച് പറയുന്നവരാണ് താനും. നാരിയത് സ്വലാതും മാലമൗലീദും സജീവമാക്കണമെന്ന് പരസ്യമായി പറഞ്ഞ് കൊണ്ട് തന്നെയാണ് അവർ മുഖ്യമന്ത്രി വിളിച്ച യോഗത്തിന് പോവുന്നത്. അതേസമയം , പ്രത്യേക വേഷങ്ങളിലൂടെ ഇസ്ലാമിസത്തെ പ്രഘോഷിക്കാത്ത ,ട്രഡീഷണൽ ഫോക്ലോറുകൾ സമരമാർഗങ്ങളാക്കാത്ത , ഉദാര സ്ത്രീസ്വാതന്ത്രം അനുവദിക്കുന്ന മുസ്ലിം സംഘടനകൾ പൊതുമതേതര ചർച്ചകളിൽ പലപ്പോഴും അംഗത്വം കിട്ടാതെ വീരവാദങ്ങളിൽ അഭയം തേടേണ്ടി വരുന്നു. സത്യത്തിൽ നേരെ മറിച്ചല്ലേ സംഭവിക്കേണ്ടത്. ഉത്തരമിതാണ് , ഇസ്ലാം എങ്ങനെ ,എപ്പോൾ ,എവിടെ പറയണമെന്ന് രണ്ടാമത്തെ വിഭാഗം കൂടുതൽ പഠിക്കേണ്ടതുണ്ട് എന്ന് തന്നെ. മലബാർ കലാപകാലത്ത് മുഹ്യദ്ദീൻ മാലപാടി തിരൂരങ്ങാടിപ്പള്ളി കാക്കാൻ കോഴിക്കോട് വെള്ളയിൽ മമ്മുവിന്റെ വീട്ടിൽ നിന്നും മാപ്പിളമാർ  പോയത് പോലോത്ത കഥകൾ മലബാർ മാന്വലിൽ തന്നെയുണ്ട്. ഗാന്ധിജി കോഴിക്കോട് വന്ന ദിവസം ,പ്രഭാഷണം നടത്തിക്കൊണ്ടിരുന്ന സമയത്ത് മഗ്രിബ് ബാങ്ക് കൊടുത്തപ്പോൾ ഇറങ്ങിപ്പോയി നമസ്ക്കരിച്ച് വന്നിട്ട് ബാക്കി തുടർന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും ദേശീയ പ്രസ്ഥാനം നേതാവായി സ്വീകരിച്ചിട്ടുണ്ട്. അദ്ധേഹം പുറത്തിറക്കിയ അൽഅമീൻ പത്രത്തിന്റെ ഒന്നാം പേജിൽ " ഒരു ജനതയോടുള്ള വിയോജിപ്പ് അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ " എന്ന ഖുർആൻ വചനം അറബിലിപിയിൽ തന്നെ എന്നും കൊടുത്തിരുന്നു. ഫാതിഹവിളിയും നൂലിന്മേലൂതി പ്രാർത്ഥനയും നടത്തുന്ന സുന്നീ തങ്ങൾക്ക് കോതമംഗലം ക്രിസ്ത്യൻ ചർച്ചുകാർ മഗ്രിബ് നമസ്ക്കാരത്തിന് നേതൃത്വം നൽകാൻ മുസ്വല്ല വിരിച്ച് കൊടുത്തത് വരെ എത്തി നിൽക്കുന്നു ആ പാരമ്പര്യം. എന്നിട്ടും ചിലരുടെ 'ലാ ഇലാഹ ഇല്ലല്ലാഹ് ' മാത്രം പ്രശ്നവൽക്കരിക്കപ്പെടുന്നതിന്റെ ആത്മവിമർശനാത്മകമായ ഒറ്റക്കാരണം ഇതാണ്  , കയ്റോയിലെ തഹ്രീർ ചത്വരത്തിൽ നിന്നും കൊണ്ടോട്ടിയിലേക്കുള്ള രാഷ്ട്രീയ ദൂരം മനസ്സിലാക്കാനായില്ല ,അത്രതന്നെ. 

ഇസ്ലാം എന്നാൽ ചിലപ്പോൾ ഇസ്ലാമിസം അല്ല പലപ്പോഴും . ധിക്കാരപൂർവ്വം ആദമിന് സുജൂദ് ചെയ്യാതിരുന്ന പിശാചിന്റെ പക്കൽ ,അവൻ കരുതിയാലും ഇല്ലെങ്കിലും ഒരു മതപരമായ ന്യായം ഉണ്ടായിരുന്നു ,"നിനക്കല്ലേ അല്ലാഹുവേ സുജൂദിന് അർഹതയുള്ളൂ" എന്നതാണത്.  നമസ്ക്കാരം നല്ലതാണെന്ന് കരുതി ആറ് സമയങ്ങളിൽ നിർബന്ധമാണെന്ന് ശഠിച്ചാൽ ഇസ്ലാമിന് പുറത്താവുന്നത് പോലെയാണത്. സന്ദേശമിതാണ് ,ഇസ്ലാമിന് വേണ്ടിയാണ് എന്ന നമ്മുടെ തോന്നൽ - ഭക്തി തന്നെ ആവാം - വേണ്ടെന്ന് വെക്കലാവും ചിലപ്പോൾ ഇസ്ലാം .പിശാചിനെ എറിയാനെന്ന പേരിൽ വലിയ വലിയ കല്ലുകൾ പെറുക്കി ജംറയിൽ വന്നവരെ നിരുൽസാഹപ്പെടുത്തി ചരൽകല്ലെടുപ്പിച്ച പ്രവാചകൻ വിശ്വാസം ആവേശമല്ല ,യുക്തിഭദ്രമാവണമെന്നാണ് പഠിപ്പിച്ചത്. 

സമരരംഗത്ത് സജീവമായ ചിലരുടെ സംഭാഷണം കേട്ടപ്പോൾ തോന്നിയ ഗുണകാംക്ഷ മാത്രമാണീ എഴുത്ത് . അവരുടെ ഇഛാശക്തിയെ ,വിശ്വാസവിശുദ്ധിയെ ആദരിക്കുന്നു ,ഇഷ്ടപ്പെടുന്നു. പക്ഷെ വിശ്വാസം വർദ്ധിക്കുമ്പോൾ ഗാംഭീര്യവും അവധാനതയും  നഷ്ടമാവരുത്.
" അല്ലാഹുവിനെ മാത്രമേ പേടിയുള്ളൂ , രക്തസാക്ഷികളുടെ സ്വർഗമാണ് ലക്ഷ്യം " തുടങ്ങിയ അവരുടെയും മറ്റു ചിലരുടെയും പ്രസ്താവനകൾ തെറ്റല്ല. പക്ഷെ ശരിയാവണമെങ്കിൽ നിബന്ധനകളുണ്ട്. നിങ്ങൾ ആരെയാണ് പേടിക്കുന്നത് എന്നതല്ല രംഗഭാഷയുടെ ചോദ്യം .മുസ്ലിം ആവൽ തന്നെ വിപ്ലവമായി മാറിയ രാഷ്ട്രീയ- മതേതര സാഹചര്യത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാൻ മാത്രമേ അത്തരം സംസാരങ്ങൾ ഇടയാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം പേടിക്കുക എന്നതിന്റെ അർത്ഥം അറിയാതെയാണ് ചിലർ ഗൗരവത്തിൽ കാണേണ്ടതിനെ സിനിമാറ്റിക്കായി കാണുന്നത്.

അല്ലാഹുവിനെ അനുസരിക്കുക ,അവനെ പേടിക്കുക എന്നൊക്കെ പറയുമ്പോൾ ഒരു കാര്യം ചിന്തിക്കണം .ഇസ്ലാമിക വിശ്വാസ പ്രകാരം അല്ലാഹു സഗുണനാണെങ്കിലും നമുക്ക് സരൂപനല്ല .അമൂർത്തമാണ് വിശ്വാസം. അപ്പോൾ നമ്മുടെ പേടി ,അനുസരണം ,സ്നേഹം തുടങ്ങിയവ ആ വിശ്വാസത്തിന്റെ പ്രതീകങ്ങളോടും  മാർഗങ്ങളോടുമാണുണ്ടാവുക ,അതാണ് അല്ലാഹുവിലെത്തുക .കാരണം അല്ലാഹുവിനെ  വിശ്വാസം കണ്ടെത്തിയത് മാർഗങ്ങളിലൂടെയാണ് , ആ വിശ്വാസം ഭൗതികമായി നിലനിൽക്കുന്നത് പ്രതീകങ്ങളിലൂടെയാണ്. 
പ്രവാചകത്വനിയോഗത്തിന്റെ ആവശ്യം അതാണ്. അഗോചരനായ സ്രഷ്ടാവിനെ അനുഭവമായ പ്രവാചകനിലൂടെ  കണ്ടെത്തി ,അനുസരിച്ച് ,പേടിച്ച് സ്നേഹിക്കാൻ ആണ് കൽപ്പന .അപ്പോൾ ആ പറഞ്ഞതൊക്കെ നാം പ്രവാചകനും കൊടുത്തു. 
നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ പ്രവാചകനെ പിന്തുടരുക എന്ന് ഖുർആൻ പറഞ്ഞത് അത് കൊണ്ടാണ് . 
ഈ ഘട്ടത്തിൽ - അല്ലാഹുവിനെ പേടിക്കാൻ ,വിശ്വസിക്കാൻ ,ഇഷ്ടപ്പെടാൻ സൗകര്യം പ്രദാനിക്കുന്ന സാമൂഹിക  സാഹചര്യങ്ങളെയും നാം ഇഷ്ടപ്പെടണം ,വിശ്വാസത്തിലെടുക്കണം ,നഷ്ടപ്പെടുമെന്ന് ഭയക്കണം. ഭയത്തിൽ നിന്നും പട്ടിണിയിൽ നിന്നുമുള്ള സുരക്ഷിതത്വമാണ് ആരാധനയുടെയും പ്രബോധനത്തിന്റെയും നിലനിൽപ്പിനാധാരം എന്ന് സൂറ:ഖുറൈഷ് വിളംബരം ചെയ്യുന്നു. ചുട്ടു പൊള്ളുന്ന ചുറ്റുവട്ടങ്ങൾ ,
സാഹചര്യങ്ങളുടെ വരും വരായ്കകൾ തുടങ്ങിയവ നന്നായി വിശകലനം ചെയ്യുകയാണ് അല്ലാഹുവിനെ പേടിയുള്ളവർ സമരമുഖത്ത് ചെയ്യേണ്ടത്.
അല്ലാതെ "അല്ലാഹുവിനെ പേടി " വേറൊന്നും പേടിക്കാതിരിക്കാനുള്ള ലൈസൻസല്ല.

സഹസമൂഹത്തിന്റെ സ്നേഹവും ഇഷ്ടവും പിടിച്ചുപറ്റൽ മുസ്ലിം സമൂഹത്തിന്റെ കടമയാണ്. 
ഒരു കഥയോടെ നിർത്താം .
ലോകചരിത്രത്തിലെ ഏറ്റവും വലിയ തൗഹീദിന്റെ പ്രതീകമാണ് അല്ലാഹുവിന്റെ ഉറ്റമിത്രം ഇബ്റാഹീം (അ) .തന്റെ മുലകുടി പ്രായം മാത്രമുള്ള മകനേയും അവശയായ പത്നി ഹാജറയെയും  ഇറാഖിലെ ഊറിൽ നിന്നും കൊണ്ട് വന്ന് മക്കയിലെ മൊട്ടക്കുന്നുകളിലൊന്നിൽ തനിച്ചാക്കി ജോർദ്ദാനിലേക്ക് പ്രബോധനത്തിന് പോകവേ അദ്ധേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ച വചനങ്ങൾ ഖുർആൻ ഉദ്ദരിക്കുന്നു .

" ഞാനെന്റെ ഭാര്യാസന്താനങ്ങളെ കൃഷിയോ തളിരോ ഇല്ലാത്ത നിന്റെ ഭവനത്തിനരികിൽ പാർപ്പിച്ച് പോവുകയാണ് ,അവർ നമസ്ക്കാരം നിലനിർത്തുന്നവരാവാൻ വേണ്ടിയാണ് ഇവിടെ കൊണ്ടാക്കുന്നത് ,അതിനാൽ ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്ക് സ്നേഹത്തോടെ ചേർത്തിക്കൊടുക്കേണമേ ,അവർക്ക് ഉപജീവനമേകേണമേ ,അവർ കൃതാർത്ഥരാവാൻ വേണ്ടി "

ഇവിടെ പറഞ്ഞ ഒരു കാര്യം ഏറെയേറെ ശ്രദ്ധേയമാണ് ,പ്രതികൂലമായ ജീവിത ചുറ്റുപാടിൽ ജീവിക്കുന്ന മുസ്ലിംകൾ തലച്ചോറിനാൽ ചിന്തിക്കേണ്ട ഒരു വാക്യമാണ് പ്രാർത്ഥനയായി പറഞ്ഞത് - " ജനങ്ങൾക്ക് അവരോട് ഇഷ്ടവും സ്നേഹവും ഉണ്ടാക്കേണമേ " എന്ന്.
മതേതര സമൂഹത്തിന്റെ ഇഷ്ടവും സ്നേഹവും ആഗ്രഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അത് നശിപ്പിക്കൽ ആത്മഹത്യാപരവും . അപ്പോൾ നാം ഉപയോഗിക്കുന്ന പദ പരാമർശങ്ങൾ സോഷ്യൽ ഓഡിറ്റിങ്ങിനും എഡിറ്റിങ്ങിനും വിധേയമാവുമ്പോൾ അവമതിപ്പിനിടയാകുമോ എന്ന് ചിന്തിക്കലാണ് സൂക്ഷ്മത . ഏറ്റവും സുന്ദരമായാണ് മതം സൂക്ഷിച്ച് വെക്കേണ്ടത്. 

ആലോചിക്കണം , കബിൽ സിബലും ശശി തരൂരും എൻ കെ പ്രേമചന്ദ്രനും സീതാറാം യെച്ചൂരിയും സർവ്വോപരി ഗാന്ധി കുടുംബവുമൊക്കെ ഇവിടെ സർവ്വാത്മനാ കൂടെയുണ്ടാവണം.ഇതിനെ അപ്പോളജറ്റിക്കൽ ഇരവാദം എന്ന് പറയുന്നവരോട് എന്നാൽ അതങ്ങനെയാവട്ടെ എന്നേ പറയാനുള്ളൂ. അങ്ങനെ അമിതാവേശം കാണിക്കുന്നവരുടെ എടുത്തുചാട്ടങ്ങൾക്ക് പ്രായശ്ചിത്തമായി വിവേകികൾ ആത്മസംയമനം ഒരംശം വർദ്ധിപ്പിച്ച് കൊള്ളാം . 
എന്നാൽ അതോടൊപ്പം പറയേണ്ട മറ്റൊരു കാര്യം ഇതാണ്. സംയുക്ത സമരത്തിന്,  മതനിരപേക്ഷതയുടെ ചിലവിൽ ചില തീവ്ര നിരീശ്വരവാദികൾ പറയുന്ന നിബന്ധനകൾ പാലിച്ച് മുസ്ലിം സ്വത്വം വലിച്ചൂരി വെറും 'മനുഷ്യനാവാനും ' മനസ്സില്ല .
പാർലമെങ്കിലും നിയമസഭയിലും ജനായത്ത പ്രാതിനിധ്യ വേദികളിലും ചുമതലയേൽക്കുന്ന മുസ്ലിം 
" അല്ലാഹുവിൻ്റെ നാമത്തിൽ " തന്നെ സത്യം ചെയ്യണം . കൃത്രിമ മതേതരത്വം കാണിച്ച് " ദൈവ നാമത്തിൽ " ആക്കുന്തോറും " അല്ലാഹു " ഇന്ത്യൻ പൊതുബോധത്തിൽ ഒരു അൺപാർലമെൻ്ററി പദമായി മാറുന്ന അവസ്ഥ രൂപപ്പെടും . അങ്ങനെ വന്നാൽ മുസ്ലിം സ്വത്വം ഇന്ത്യയിൽ അപരത്വം വരിച്ച് ഇല്ലാതായി എന്നാണ് വരിക . ഭരണഘടന അനുവദിക്കുന്ന വിശ്വാസതലം എന്നത് അതിൻ്റെ ന്യായമായ പ്രദർശനാത്മകതയിലാണ് നിലക്കൊള്ളുന്നത് . മനസിൽ വിശ്വാസം കൊണ്ട് നടക്കാൻ പ്രത്യേകിച്ചൊരു നിയമാവലി വേണ്ടതില്ലല്ലോ , പ്രകടിപ്പിക്കേണ്ടത് പ്രകടിപ്പിക്കുക തന്നെ വേണം താനും .
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us