loader
blog

In Astronomy

By Shuaibul Haithami


നക്ഷത്രങ്ങളുടെ ഭാഷയും അറബിയുടെ ആകാശവും

നിരീക്ഷണ വിധേയമായ പ്രപഞ്ചത്തിന്റെ വ്യാസം 95 ബില്യൺ പ്രകാശവർഷങ്ങളാണെന്നാണ് വാനശാസ്ത്രജ്ഞരുടെ ഏകദേശ കണക്ക്. അതിനേക്കാൾ വലിയ , നിരീക്ഷണ വിധേയമാകാത്ത ശ്യാമപ്രപഞ്ചങ്ങളുടെ വ്യാസം  ഊഹ്യമല്ല താനും. ഏകദേശം 32 ന് ശേഷം 58 പൂജ്യങ്ങൾ ചേർത്താലുള്ള സംഖ്യാമൂല്യം അനുപാതം ഒന്ന് എന്നതാണ് ഭൂമിയും കണ്ടെത്തപ്പെട്ട പ്രപഞ്ചവും തമ്മിലുള്ളത്. അക്കൂട്ടത്തിൽ , ശാസ്ത്രത്തിന്റെ ഭാഷയിൽ ,ഭൂമിക്ക് പുറത്ത് മനുഷ്യൻ കാലൂന്നിയ പരമാവധി അകലം 3, 84 , 403 കിലോമീറ്റർ ദൂരെയുള്ള ചന്ദ്രനിലാണ്. എന്നാൽ , 1969 ലോ ശേഷമോ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ലെന്നും NASA പുറത്ത് വിട്ട നീൽആംസ്ട്രോങ്ങിന്റെയും സംഘത്തിന്റെയും അപ്പോളോമിഷൻ സോവിയറ്റ് യൂണിയന് മേൽ മാനസികാധിപത്യം നേടാൻ വേണ്ടി മരുഭൂമിയിൽ അമേരിക്ക സൃഷ്ടിച്ചെടുത്ത കൃത്ര്വിമദൃശ്യങ്ങളാണെന്നുമുള്ള ആരോപണങ്ങൾ ഇപ്പോഴും ജ്യോതിശാസ്ത്രലോകത്ത് നിലനിൽക്കുന്നു. അതിനെ ഗൂഢാലോചനാസിദ്ധാന്തം എന്നാരോപിച്ച്  മറികടക്കാൻ ശ്രമിക്കുന്ന 
" നിർമ്മിതശാസ്ത്ര " മറുപടികളും സുവിദതമാണ്. തിരിച്ചും മറിച്ചും വാദങ്ങളുയർന്ന പ്രസ്തുത വിവാദം ഇവിടെ വിശദീകരിക്കുന്നില്ലെങ്കിലും, 
മൈക്രോ- ബയോ മെട്രിക് ചിപ്പുകൾ വഴി മനുഷ്യരുടെ മാനസിക
വിചാരങ്ങൾ ഒപ്പിയെടുക്കാൻ മാത്രം ശാസ്ത്രം സൂക്ഷ്മ വളർച്ച പ്രാപിച്ച ഇക്കാലത്ത് നൂറ് വർഷങ്ങൾ മുമ്പത്തെ ഫിലീം സെല്ലുലോയ്ഡുകളിൽ മാധ്യമങ്ങൾ അൽഭുതം കൂറുന്നത് പോലെത്തന്നെയാണ് അരനൂറ്റാണ്ട് മുമ്പേ 12 മനുഷ്യർ ജീവനോടെ ഇറങ്ങി , കൊടികുത്തി മടങ്ങിവന്ന ചന്ദ്രനിൽ പേടകമെത്തിക്കുന്നതിലെ മാധ്യമങ്ങളുടെ അൽഭുതവും എന്ന് തുടങ്ങുന്ന യുക്തിന്യായങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നുണ്ട് .സാമ്പത്തിക പ്രതിസന്ധിയാണ് തുടർദൗത്യത്തിന്റെ മുമ്പിലെ തടസ്സം എന്നാണ് NASA അതിന്റെ വെബ്സൈറ്റിൽ കാണിക്കുന്ന ന്യായം . 2011 ലെ അപ്പോളോ ദുരന്തത്തിൽ പര്യവേക്ഷകർക്കുണ്ടായ ദാരുണമരണത്തോടെ അമേരിക്കൻ ഭരണകൂടത്തിനും അതിസാഹസികത മതിയായി എന്നൊക്കെയുള്ള വിശദീകരണങ്ങളാണ് ഔദ്യോഗികമായി ലഭ്യമാവുന്നത്. ഇപ്പോഴും NASA 
ചാന്ദ്രയാൻ 3 യെപ്പോലുള്ള ആളില്ലാപ്പേടകം ചന്ദ്രനിലേക്ക് പറഞ്ഞയക്കാൻ ശ്രമിക്കുകയാണ്. റഷ്യയുടെ ലൂണ 25  കഴിഞ്ഞദിവസം ചന്ദ്രധ്രുവത്തിൽ  "മൃദുലനിർത്തം " സാധ്യമാവാതെ പൊട്ടിത്തെറിക്കുകയും ചെയ്തു. എന്നാൽ , 1956 റഷ്യയുടെ ലൂണ 1 മുതൽ തുടങ്ങിയ ശ്രമപരമ്പരകൾക്കിടയിൽ ഇന്ത്യയടക്കം അപ്പറയപ്പെട്ട നാല് രാജ്യങ്ങൾ ആളില്ലായാനങ്ങൾ ചന്ദ്രനിലെത്തിച്ചിട്ടുണ്ട് എന്നത് വസ്തുനിഷ്ഠ സത്യമാണ്.



മനുഷ്യനും ആകാശവും .

വിസ്മയങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ആകാശസങ്കൽപ്പങ്ങളാണ് പുരാതന മനുഷ്യരുടേത് . നിരീക്ഷണങ്ങളിലൂടെ നിജസ്ഥിതി കണ്ടെത്താനും നിഗൂഢതകൾ ചമച്ച് ചമയിച്ച് പറയാനുമുള്ള അഭിരുചികൾ അവരെ രണ്ട് ചേരിയായ് നയിച്ചു . നിരീക്ഷണങ്ങൾ തന്നെ , യുക്തിപ്രമാണങ്ങളെ ആശ്രയിച്ചും വേദവചനങ്ങളെ ഉപവസിച്ചും അവയെ സഹസമജ്ഞസിപ്പിച്ചും പലതായ് ഇഴപിരിഞ്ഞു. ഭൂകേന്ദ്രീകൃതമായ ( ജിയോ സെൻട്രിക് ) മഹാ ഗോളമായി വാനവിന്യാസം നടത്തിയ ടോളമി ( 100 - 150 AD )യുടെ നിരീക്ഷണം യവനാചാര്യന്മാർക്കിടയിൽ അംഗീകരിക്കപ്പെട്ടു. അതിനെ ആശ്രയിച്ച് മുസ്ലിം ലോകത്തും ഗ്രന്ഥങ്ങൾ പിറന്നു . പ്രപഞ്ചഗോളം കിഴക്ക് നിന്നും പടിഞ്ഞാറിലേക്ക് 24 മണിക്കൂർ കൊണ്ട് ഒരു ചുറ്റ് പൂർത്തിയാക്കുക വഴി ദിവസവും സൂര്യൻ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് നടത്തുന്ന പൂർണ്ണ പരിക്രമണം വഴി വർഷവും രൂപപ്പെടുന്നു എന്നാണവർ നിരീക്ഷിച്ചത്. പിന്നീട് , 15 - 16 നൂറ്റാണ്ടുകളിൽ ഡച്ചുകാരനായ കോപ്പർനിക്കസും പിന്നീട് ജർമ്മൻകാരനായ കെപ്ലറും വികസിപ്പിച്ച സൗരയുഥ സങ്കൽപ്പമാണ്
 ( ഹീലിയോസെൻട്രിക് ) ആധുനിക വാനവ്യവഹാരങ്ങളിൽ മാതൃകയാക്കപ്പെടുന്നത്. വാസ്തവത്തിൽ കോപ്പർനിക്കസ് തന്റെ കൃതി പുറത്തിറക്കുന്നതിന് 100 വർഷങ്ങൾക്ക് മുമ്പേ , ഡമസ്കസ് ജുമുഅ : മസ്ജിദിലെ ബാങ്കുവിളിക്കാരനും ഗണിത - ജ്യോതിജ്ഞനുമായ അലിയ്യുബിനുശാത്വിർ ഹീലിയോ കോസ്മോസ് സ്ട്രക്ചർ രേഖപ്പെടുത്തി വെച്ചിരുന്നു. അതിനും നൂറ് വർഷങ്ങൾക്ക് മുമ്പേ പേർഷ്യൻ തത്വ - ഗണിതജ്ഞൻ നാസിറുദ്ദീൻ അത്തൂസി അതേകാര്യം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു . മുൻധാരണയില്ലാതെ ഋജുവായി വിലയിരുത്തുമ്പോൾ ടോളമിയുടെ കേന്ദ്ര- ക്രമീകരണ - സഞ്ചാര സങ്കൽപ്പങ്ങളിൽ പിഴവുകളുണ്ടാകാമെങ്കിലും മഹാഗോള  സിദ്ധാന്തത്തെ തള്ളിക്കളയാൻ മാത്രം തെളിവുകൾ ഇന്നും ലഭ്യമല്ല . 
ദിക്ക് - സമയ നിർണ്ണയം മുസ്ലിം സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതിനാൽ ഭൂമിയിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കാനാവാം പലമുസ്ലിം ജ്യോതിജ്ഞരും ടോളമി വ്യവസ്ഥയെ ആധാരമാക്കിയത് . 



നക്ഷത്രമെണ്ണിയ മുസ്ലിംകൾ .

അഞ്ച്നേര നമസ്ക്കാരത്തിന്റെ സമയം , ഖിബ്ലയുടെ ദിശ , മാസപ്പിറവി , അന്യഗ്രഹ ജീവികൾ , ഭൂതവും മാലാഖയും തുടങ്ങിയവയെ സംബന്ധിക്കുന്ന  അന്വേഷണം ഇസ്ലാമിലെ അടിസ്ഥാന വിജ്ഞാനങ്ങളുടെ ഭാഗമാണ്. അബ്ബാസീ ഭരണാധികാരി ഖലീഫാ മഅ്മൂനിന്റെ വസ്ത്രത്തിൽ യൂക്ലിഡിന്റെ വിഖ്യാദമായ അഞ്ചാം പ്രമാണം വരച്ചു വെച്ചിരുന്നു .മുസ്ലിം പണ്ഡിതരുടെ ദൃഷ്ടി ആകാശ - ഭൂമികൾക്കിടയിൽ പരന്നൊഴുകിയതിന്റെ മുദ്രകളാണ് മോഡേൺ ആസ്ട്രോണമി ഉപയോഗിക്കുന്ന നക്ഷത്രങ്ങളുടെയും രാശികളുടെയും നാമങ്ങൾ പോലും . പലതും അറബിപദങ്ങളുടെ നിഷ്പന്നങ്ങളാണ് . ഉദാഹരണത്തിന് , ഡിസംബർ ജനുവരി മാസങ്ങളിൽ രാത്രിയുടെ ആദ്യയാമങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്ന ഇടവരാശിയുടെ മദ്ധ്യത്തിലുള്ള നക്ഷത്രമാണ്  ഇംഗ്ലീഷിൽ V എന്ന അക്ഷരം പോലുള്ള രോഹിണി . അറബിയിൽ അതിന്
 "അദ്ദുബ്റാൻ " എന്നാണ് പേര്. ഇംഗ്ലീഷിൽ ALDEBARAN . അതിന് താഴെ പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന മങ്ങിയ നക്ഷത്രക്കൂട്ടമാണ് കാർത്തിക , അറബിയിൽ " സുറയ്യ " എന്ന് പറയും . അദ്ദുബ്റാൻ എന്നതിന് വാക്കർത്ഥം
 " നിതംബിനി " എന്നാണ്. കാർത്തിക നക്ഷത്രം രോഹിണിയെ വിവാഹം ചെയ്യാൻ രോഹിണിയുടെ പൃഷ്ടം നോക്കി ആർത്തിയോടെ സഞ്ചരിക്കുന്ന പോലുണ്ടാവുന്ന ചിത്രം കണ്ടാണ് അറബികൾ ആ പേരിട്ടത് , ഇംഗ്ലീഷിലും അതേ പേര് കിട്ടി. പക്ഷെ കാർത്തിക രോഹിണിയെ സ്പർശിക്കാതിരിക്കാൻ മധ്യത്തിൽ വടക്കോട്ട് മാറി " ബ്രഹ്‌മഹൃദയം " എന്നൊരു
 " സ്വർഗത്തിലെ കട്ടുറുമ്പായ "നക്ഷത്രമുണ്ട് .  അറബികൾ അതിന് "മുടക്കി " എന്നർത്ഥം വരുന്ന 
" അയ്യൂഖ് "  എന്നാണ് പേരിട്ടത്, ഇംഗ്ലീഷിൽ Capella .
സൂര്യന്റെ രാശിമണ്ഡലങ്ങളുടെ പേരുകളിൽ അക്കാര്യം ഒന്ന് കൂടി വ്യക്തമാവും. വാർഷിക പരിക്രമണ പാതയുടെ പന്ത്രണ്ട് ചാപങ്ങളുടെ പേരുകൾ, ആ ഭാഗത്ത് ദൃശ്യമാവുന്ന നക്ഷത്രസമൂഹങ്ങുടെ ആകൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് അറബി ജ്യോതിജ്ഞർ നൽകിയത്. പിന്നീട് പൂർണ്ണമായും അങ്ങനെ തന്നെ ഇംഗ്ലീഷിലേക്കും മാറ്റപ്പെട്ടു. 
മേടം അഥവാ മാർച്ച് 21 നാണ് രാശി ആരംഭിക്കുന്നത്. ഹമൽ അഥവാ ആട് എന്നാണതിന്റെ പേര് , ഇംഗ്ലീഷിൽ RAM എന്നും . പിന്നീട് യഥാക്രമം അൽഥൗർ , അൽജ്വവ്സാ , അസ്സർഥാൻ , അൽഅസദ് , അൽഅദ്റാ, അൽമീസാൻ , അൽഅഖ്റബ്, അൽഖ്വവ്സ് , അൽജദ്‌യ് ,അദ്ദൽവ് , അൽഹൂത് എന്നിങ്ങനെ അറബിയിലും അതേ അർത്ഥത്തിൽ The Bull , The Twins , The Crab , The Lion , The vergin , The balence , The scorpian , The Sagittarius , The Goat , The whater bearer , The fish എന്നിങ്ങനെ ഇംഗ്ലീഷിലും ഇടവം ( കാള ), മിഥുനം ( ഇണകൾ ) കർക്കിടകം ( ഞണ്ട് ) ചിങ്ങം ( സിഹം ) , കന്നി ( കന്യക ) ,തുലാം ( ത്രാസ് ) , വൃശ്ചികം ( തേൾ ) , ധനു ( വില്ല് ) , മകരം ( ആട് ) , കുഭം ( തൊട്ടി ) മീനം ( മൽസ്യം ) എന്നിങ്ങനെ ഭാരതീയ ഭാഷയിലും രാശികൾക്ക് പേര് വന്നു. ഇവിടെ , പടിഞ്ഞാറൻ , ഭാരതീയ വാനശാസ്ത്രജ്ഞർ മുസ്ലിം പണ്ഡിതന്മാരുടെ കൃതികൾ അപ്പടി അവലംബിക്കുകയായിരുന്നുവെന്ന് അതിന്റെ ക്രൊണോളജി പരിശോധിച്ചാൽ വ്യക്തമാവും . ചന്ദ്രന്റെ 27 - 28 ഭവനങ്ങളുടെ നാമങ്ങൾ പരിശോധിച്ചാലും അക്കാര്യം ഏറെക്കുറേ കൃത്യമാവും . വിഷുവം , അയനം ,  രാഹു , കേതു , തിഥി , ശുക്ല - കൃഷ്ണ വൃദ്ധിക്ഷയം തുടങ്ങിയ സൗര - ചന്ദ്ര അവസ്ഥകളുടെയെല്ലാം പേരുകളിൽ കൃത്യവും മാതൃകയും അറബ് നാമങ്ങളാണെന്ന് കാണാം. 
മാത്രമല്ല , ഭൂമിയെ ഖഗോള സങ്കൽപ്പത്തിലേക്ക് വലുതാക്കി വടക്ക് ധ്രുവ നക്ഷത്രം കണക്കാക്കി ദിക്കുകൾ നിർണ്ണയിക്കുന്ന രീതിയും അക്ഷാംശ - രേഖാംശാ മാനദണ്ഡങ്ങൾ കണ്ടെത്തുന്ന കണക്കുകളും ആധുനിക ലോകം മുസ്ലിം പണ്ഡിതന്മാരിൽ നിന്നും കടമെടുത്തതാണ്. ആധുനിക ലോകം GMT കണക്കാക്കാൻ ഗ്രീനിച്ച് രേഖ ആധാരമാക്കുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുമ്പേ പ്രപഞ്ചത്തെ കിഴക്ക് - പടിഞ്ഞാറായി ഭാഗിക്കുന്ന വ്യത്യസ്ത രേഖകൾ ( വൃത്തങ്ങൾ ) മുസ്ലിം പണ്ഡിതർ അവലംബിച്ച്, ആസ്ട്രോലാബും ത്രികോണമിതിയും വെച്ച് മക്കയുടെ ദിശ കണ്ടെത്തിയിരുത്തു . മാർച്ച് 21 ( ഹമൽ രാശിയാരംഭം) നും സെപ്തംബർ 23 നും ( മീസാൻ രാശിയാരംഭം ) സൂര്യൻ ഭൂമധ്യ രേഖയിലായതിനാൽ അക്ഷാംശം പൂജ്യം ഡിഗ്രിയിലുള്ളവർക്ക് രാപ്പകൽ തുല്യമായിരിക്കുമെന്ന് അവർ നൂറ്റാണ്ടുകൾക്ക് മുമ്പേ രേഖപ്പെടുത്തി വെച്ചു. ഭൂമി സൂര്യനെ ഒരു തവണ ചുറ്റാനായി  365 ദിവസത്തിന് പുറമേ എടുക്കുന്ന ആറ് മണിക്കൂർ ( 5 മണിക്കൂർ + 48 മിനുട്ട് + 46 സെക്കന്റ് ) എന്ന പ്രശ്നം പരിഹരിക്കാൻ നാലിൽ ഒരു വർഷം അധിവർഷമാക്കി 366  ദിവസമാക്കുന്ന രീതി അവർ നേരത്തെ അവലംബിച്ചു. ക്രിസ്തുവർഷത്തെ 4 കൊണ്ട് ഹരിച്ച് ഒന്ന് ശിഷ്ടം വരാത്ത വർഷമാണ് അധിവർഷം . ആധുനിക വാനശാസ്ത്രം അവലംബിക്കുന്ന ഖഗോള വൃത്തങ്ങളായ Celestial equator , Ecliptic, Solstitial Coloure, Declination Circle, Latitude Circle, Celestial Horizon, Celestial Meridial, Prime Vertical Circle, Altitude Circle, തുടങ്ങിയവ യഥാക്രമം മുഅദ്ദിലുന്നഹാർ , മിൻത്വഖതുൽ ബുറൂജ് , അൽ മാറ :ബിൽ അഖ്ത്വാബ് , ദാഇറതുൽ മൈൽ , ദാഇറതുൽ അറള് , ദാഇറതുൽ ഉഫുഖ് , ദാഇറതു നിസ്ഫിസ്സമാ , ദാഇറതു അവ്വലിസ്സുമൂത്, ദാഇറതുൽ ഇർതിഫാ എന്നീ പേരുകളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ രചിക്കപ്പെട്ട മുസ്ലിം പണ്ഡിത രചനകളിൽ ഉണ്ടായിരുന്നു. തത്വങ്ങൾക്കപ്പുറം സൂര്യന്റെ നിഴലും ജ്യാമിതീയ ഗണിതവും അവർ പ്രയോഗിച്ചു. സൂര്യനെ ആധാരമാക്കുന്ന Solar Year ഉം ചന്ദ്രനെ ആധാരമാക്കുന്ന Lunar Year ഉം അത് പ്രകാരമുള്ള സമയക്രമവും ഇസ്ലാമിൽ ഇടം നേടി. ഇസ്ലാമിൽ ,മാസവും വർഷവും ചാന്ദ്രികവും സമയം സൗരവുമാണെന്ന് ചുരുക്കാം .
ഭൂമിക്ക് വെളിയിൽ അപരഭൂമികളും അപര ലോകങ്ങളും ഉണ്ടാകാമെന്ന് മുസ്ലിം പണ്ഡിതർ നേരത്തെ നിരീക്ഷിച്ചു. ആധുനിക വീക്ഷണത്തിൽ നിന്ന് നേരിയ മാറ്റങ്ങളോടെ മൾട്ടിവേഴ്സ് പ്രപഞ്ചഘടനയെ അവതരിപ്പിച്ച തത്വജ്ഞർ അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനിലെ ശൂറാ 29 വചനം മുന്നിർത്തി അന്യഗ്രഹ ജീവികൾക്ക് അവർ സാധുത കൽപ്പിച്ചു. " ഡിജിറ്റൽ , ബയോ , മൾട്ടി " മനുഷ്യാവതാര സാധ്യതകൾ അവർ സമയ -  സ്ഥലോർജ്ജ ദ്രവ്യാവസ്ഥകൾ നിരീക്ഷിച്ച് അവതരിപ്പിച്ചു. ആപേക്ഷിക സിദ്ധാന്തം വന്ന് 
സമയത്തെ നാലാം മാനമാക്കി ലോകം ഗണിക്കുന്നതിന് എത്രയോമുന്നേ ടൈം വീലും ടൈം ഡയേലേഷനും ഉണ്ടെന്ന് അവർ അനുമാനിച്ചു. കൊസാലിറ്റി എന്ന ക്ലാസിക്കൽ ഫിസിക്സിന്റെ ആധാരത്തെ ഇമാം ഗസ്സാലി ( റ ) തന്നെ നേരത്തെ ഖണ്ഡിച്ചിട്ടുണ്ട്. ഇപ്പോൾ ഫിസിക്സും ആ വഴിക്ക് സഞ്ചരിക്കുന്നു. 


ആകാശം വരച്ച " മുസ്ലിയാർ മാതൃക " .

മഖ്ദൂമീ തറവാട്ടിൽ നിന്ന് തുടങ്ങി അഹ്മദ് കോയ ശാലിയാതിയിലൂടെ തുടർന്ന് ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലാരടക്കം ധാരാളം പൂർവ്വ -  ഉത്തരാധുനിക പണ്ഡിതന്മാരിലേക്ക് ചേർന്ന് നിൽക്കുന്ന ജ്യോതിജ്ഞാനീയ പാരമ്പര്യമാണ് വാനശാസ്ത്രത്തിലെ കേരളത്തിലെ
 " മുസ്ലിയാർ മാതൃക " . അതിനോളം കൃത്യമായ മറ്റൊന്ന് സാധ്യമല്ല എന്നവർക്ക് അവകാശപൂർവ്വം പറയാനുമാവും. സമയവും ദിശയും നിർണ്ണയിക്കാൻ ഏറ്റവും നൂതനമായ രീതികളും അവലംബിക്കുന്ന അടിസ്ഥാന മാതൃക പരമ്പരാഗത രീതിയെയാണ്. 
വാച്ചിന് പകരം ചുവട്ടടി അളന്ന് സായാഹ്ന നിഴൽ തിട്ടപ്പെടുത്തി നമസ്ക്കാര സമയം നിർണ്ണയിക്കുന്ന രീതിയാണ് മഖ്ദൂമീ പാരമ്പര്യം . ഗണിത - വാന ശാസ്ത്രങ്ങളിലെ അവരുടെ വ്യുൽപ്പത്തി വിളിച്ചറിയിക്കുന്ന "അടിക്കണക്ക് ബൈതുകൾ " അൽഭുതകരമാണ്.
" മേടം വ ചിങ്ങം രണ്ടിലും സമാനിയാ 
ഫീ ഇടവ മീനം കർക്കിടത്തിൽ താസിആ
മിഥുനം വ കന്നി ഫീഹിമാ ഒമ്പതര
കുഭംതുലാം അഖ്ദാമുദൈനി പത്തര
വൃശ്ചികം മകരം രണ്ടിലും പതിനൊന്നേ കാൽ
പതിനൊന്നേമുക്കാൽ ഫീ ധനുമാസം യുഖാൽ " 
സൂര്യന്റെ 12 മാസത്തെ പരിക്രമണമനുസരിച്ച്   ( യഥാർത്ഥത്തിൽ ഭൂമിയുടെ )ഉണ്ടാവുന്ന നിഴലിന്റെ വ്യത്യാസമാണതിൽ കൃത്യമായി പറയുന്നത്. 

ആ ജ്ഞാനപൈതൃകം കാത്ത് സൂക്ഷിക്കുന്നതിൽ  ഇന്നും ഇവിടത്തെ പണ്ഡിത സമൂഹം ബദ്ധശ്രദ്ധ പുലർത്തുന്നു. 
യൂക്ലിഡിയൻ ജ്യോതിശാസ്ത്ര ഗ്രന്ഥമായ ഉഖ്ലൈദിസ് , ഗണിതനിയമ സമാഹാരമായ ഖുലാസതുൽ ഹിസാബ് , ഗോളശാസ്ത്ര ഗ്രന്ഥങ്ങളായ സബഉശ്ശിദാദ്, തശ്രീഹുൽ അഫ്ലാഖ് , ചഗ്മീനി തുടങ്ങിയ ഗ്രന്ഥങ്ങൾ ഇപ്പോഴും ഏതാണ്ടെല്ലാ പ്രധാന ശരീഅ : കോളേജുകളിലും ദർസുകളിലും പഠിപ്പിക്കപ്പെടുന്നുണ്ട്. തത്വങ്ങൾ പ്രയോഗവൽക്കരിക്കാനായി വിവിധ ത്രികോണമീതി - ലോഗരിതമാറ്റിക് നിയമങ്ങളും ചാർട്ടുകളും സഹിതമുള്ള കിതാബുകളും വിവിധ കോഡുകൾ അവലംബിക്കുന്ന രിസാലകളും ഇന്നും അവലംബിക്കപ്പെടുന്നു. ആധുനിക രീതികൾ കൂടി ഉൾച്ചേർത്തിക്കൊണ്ട് വിവിധ വെബ്സൈറ്റുകൾ, സൈന്റിഫിക് കാൽക്കുലേറ്റർ , ആപ്ലിക്കേഷനുകൾ വഴി ആ മേഖല കാലോചിതമായി വന്നിട്ടുമുണ്ട്. പരമ്പരാഗതരീതി കയ്യൊഴിഞ്ഞ് എന്താണ് ശാസ്ത്രീയ രീതി എന്നറിയാതെ ഇക്കാര്യത്തിൽ വിണ്ഡിത്വം വിളമ്പുന്ന അലി മണിക്ഫാനും ഹിലാൽ സംഘവും നേരമെടുത്ത് പരമ്പരാഗത പണ്ഡിതന്മാരുടെ അടുക്കൽ ചെന്ന് 
" കിതാബോതേണ്ടതുണ്ട് " .
ഒരുപക്ഷേ , കേരളത്തിൽ ഏറ്റവും ഗഹനമായ ഗോളശാസ്‌ത്ര ചർച്ചകൾ നടക്കുന്ന കേന്ദ്രങ്ങൾ ഇസ്ലാമിക് വിജ്ഞാന കേന്ദ്രങ്ങളായിരിക്കുമെന്നതാണ് വസ്തുത. സാമൂഹികമായ പൊതുശ്രദ്ധയിലേക്ക് അത്തരം ജ്ഞാനസപര്യകളുടെ ഗുണഫലങ്ങൾ എത്തിക്കാൻ " ഇസ്ലാമൈസേഷൻ ഓഫ് ജനറൽ ആസ്ട്രോണമി " യും " ജനറലൈസേഷൻ ഓഫ് ഇസ്ലാമിക് ആസ്ട്രോണമി " യും കൂടുതൽ ക്രമപ്രവൃദ്ധമായി നടക്കേണ്ടതുണ്ട്. 
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us