loader
blog

In Ideal

By Shuaibul Haithami


ഹലാൽ : മതം ,യുക്തി ,രാഷ്ട്രീയം ,കമ്പോളം ,ശാസ്ത്രം .

ഹലാൽ സങ്കൽപ്പത്തിൻ്റെ ഓർഗാനിസം .


മനുഷ്യൻ മിശ്രഭുക്കാണ്. നിർമ്മലമായ ഓർഗാനിക് ഘടനയുള്ള അവന്റെ ജൈവികതാളത്തിന് പരിമിതികളുണ്ട്. ഏകദേശം

6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യശരീരം.കാർബൺ, ഒപ്പം ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, കാൽസ്യം, സൾഫർ എന്നിങ്ങനെ ലിഥിയം മുതൽ ബ്രോമിൻ വരെ അടങ്ങിയ മൂലകങ്ങളുടെ മഹാസാഗരമാണത് .സാധാരണ ഒരു രാസഫാക്ടറിയിൽ ഉപയോഗിക്കുകയും ഉണ്ടാക്കപ്പെടുകയും ചെയ്യുന്ന കേവലരാസമൂലകങ്ങൾ മാത്രം, പക്ഷേ അടുക്കിയൊരുക്കി ജീവൻ എന്ന അത്ഭുതസമസ്യ ഒരുക്കപ്പെട്ടിരിക്കുന്നു. 


മനുഷ്യ ശരീരത്തിൽ ഒരു ട്രില്യൺ ബാക്ടീരിയകൾ ഉണ്ടാവും. അന്നപഥത്തിൽ നാനൂറിനങ്ങളിൽപ്പെട്ട ഒരുകോടിക്കോടി സൂക്ഷ്മാണുക്കളുണ്ടാവും. നൂറുകോടി ബാക്ടീരിയങ്ങളെ വായിൽ നിർത്തിക്കൊണ്ടാണ് മനുഷ്യൻ ചിരിക്കുന്നത്, ചുമയ്ക്കുന്നത്. അങ്ങനെ നൂറുക്വാഡ്രില്യൺ ബാക്ടീരിയയെ ശരീരത്തിൽ അതിഥികളായി നിലനിർത്തി മനുഷ്യനങ്ങനെ ജീവിക്കുന്നു. ഭൂമിയിൽ മനുഷ്യൻ വരുന്നതിന് മുമ്പേ ബാക്ട്ടീരിയകളും വൈറസകളും ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രം . 


ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന് .ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുണ്ടാവും രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാൽ. കോൺക്രീറ്റിനെക്കാൾ ബലമുള്ള തുടയെല്ലും ഒരു വർഷം മുപ്പത്തിയഞ്ച് ദശലക്ഷം തവണ മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനിൽപ്. നിവർന്നുനിൽക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദർശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേൻമകൾ തന്നെ. ഇതിൽ പലതും ഇത് പോലെയോ ഇതിലേറെയോ ഇതര ജീവികൾക്കുമുണ്ട് .എന്നാൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതരജീവജാലങ്ങളെ ഭൂമിയിൽ അവന് കീഴ്പ്പെടുത്താനാവുന്നതിന്റെ ഏകകാരണവും.  


ഈ ശക്തി മനുഷ്യന് നൽകപ്പെട്ടതാണ്. സ്വയം പാകപ്പെട്ടതോ ആർജ്ജിച്ചെടുത്തതോ അല്ല. പലതും അവന് വികസിപ്പിക്കാനാവുമെങ്കിലും അടിസ്ഥാന സിദ്ധി സ്രഷ്ടാവ് നൽകിയതാണ്.പ്രപഞ്ചത്തിന്റെ അവകാശികൾ മനുഷ്യർ മാത്രമല്ല .ബാക്ടീരിയകൾക്കും വൈറസ്റ്റുകൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ പാരിസ്ഥിതിക വ്യവസ്ഥ. 5 ന് ശേഷം 30 പൂജ്യങ്ങൾ ഇട്ടാലുള്ള അഗണ്യ സംഖ്യ ബാക്ടീരിയകൾ ലോകത്തുണ്ട് .അതിനേക്കാൾ കൂടുതൽ വൈറസുകൾ ഉണ്ട്. ഭൂമിയുടെ ഏഴ് മൈലുകൾ താഴേയും 40 മൈൽ മുകളിലും വൈറസുകളുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് അവ ആവശ്യമാണ്. മനുഷ്യൻ അവക്രമം വരുത്തിയാൽ വൈറസുകൾ പ്രതിക്രമം വരുത്തും. അത് സഹിക്കാൻ മനുഷ്യന്റെ ശാസ്ത്രം മതിയാവാതെ വരും. പ്രകൃതിയേയും ഇതര ജന്തുജാലങ്ങളെയും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ താന്തോന്നിത്തം തന്നെയാവാം വില്ലൻ .


മനുഷ്യ ശരീരത്തിൽ തന്നെയുള്ള കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് അവന്റെ ആരോഗ്യം കാക്കുന്നത്. മശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ അവ വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യജീനോമിനെക്കാൾ 150 ഇരട്ടി മൈക്രോബിയൽ ജീനുകൾമനുഷ്യശരീരത്തിലുണ്ട്. ജനനശേഷം ഉടനേതന്നെ സൂക്ഷ്മജീവികളിൽ പലതും ശരീരത്തിലെത്തുന്നു. ദഹനവ്യവസ്ഥയിൽ ആഹാരഘടകങ്ങളെ ദഹിപ്പിക്കുന്നതിനും അതുവഴി ശരീരത്തിനാവശ്യമായ ജീവകങ്ങളെ ഉത്പാദിപ്പിക്കുന്നതിനും ചില ബാക്ടീരിയകൾക്ക് കഴിയുന്നു. ഇത്തരം സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്ന അപര വൈറസുകൾ പ്രവേശിക്കാതിരിക്കാൻ തന്നെയാണ് പ്രാപഞ്ചിക മതമായ ഇസ്ലാം അന്നം തിന്നുന്നതിലും നിയമം സ്ഥാപിച്ചത്. 

ഇസ്ലാം അതിന്റെ ജന്തുജാല സമീപന വിഷയങ്ങളിൽ പ്രസക്തമാവുന്നത് ഇവിടെയാണ്. ഭക്ഷ്യവും വർജ്യവുമായ മാംസങ്ങൾ ,ശവങ്ങൾ എന്നിവ കൃത്യമായി ഇസ്ലാം വിവരിച്ചിരിക്കുന്നു . അതുല്യപരി വന്യവും ഗാർഹികവുമായ ജന്തുജാലങ്ങളെ സംബന്ധിച്ചും മാർഗരേഖയുണ്ട്. പാൻഡെമിക്കിന് കാരണമായ ജീവികളെ നോക്കിയാൽ , ഇസ്ലാം ഭക്ഷിക്കാനോ ഇണക്കാനോ പറ്റില്ല എന്ന് പറഞ്ഞ ജീവികളാണ് എന്ന് കാണാം . മനുഷ്യന്റെ ജൈവിക ഘടനക്ക് വഴങ്ങാത്ത മാംസങ്ങളാണ് ഇസ്ലാം നിരോധിച്ചിരിക്കുന്നത് . ദഹനവ്യവസ്ഥയെ കച്ചവട സാധ്യതകൾക്ക് വേണ്ടി പരിക്കേൽപ്പിച്ചത് വഴിയാണ് ശരീരം പ്രധാനമായും രോഗങ്ങളുടെ ഉൽസവപ്പറമ്പായി മാറിയത് എന്നത് കൂടെ ചേർത്ത് വായിക്കണം .


ഹലാൽ എന്ത് ?


ഹലാൽ എന്നാൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ പേരാണെന്ന് കരുതി മുസ്ലിം പോ/പേക്കറ്റുകളിൽ ഹലാൽ സ്റ്റിക്കർ പതിക്കുന്നതിന് പകരം ത്വയ്യിബ് എന്ന ശരിയായ പ്രയോഗമാണ് നടത്തേണ്ടത്. 

സമ്പാദിച്ച /അറുത്ത /പങ്കെടുത്ത / നേടിയെടുത്ത / രീതിയാണ് ഏതൊരു ഭക്ഷണത്തെയും ഹലാലാക്കുന്നത്. മതനിയമം ബാധകമാവുന്ന മനുഷ്യൻ്റെ കർമ്മങ്ങൾക്ക് ബാധകമാവുന്ന അഞ്ചാലൊരു മതവിധിയാണ് ഹലാൽ .നിഷിദ്ധം അല്ലാത്തത് എന്ന പൊതുവർത്ഥത്തിൽ വരുന്ന ഹലാൽ ,ചിലപ്പോൾ നിർബന്ധമോ പുണ്യകരമോ അഹിതകരമോ ആവാം. അല്ലാതെ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഇനങ്ങളായ ചൈനീസ് ,നാടൻ ,അറേബ്യൻ പോലോത്ത ഒരിനമല്ല ഹലാൽ .സംഗതി സംസം വെള്ളം തന്നെയാണെങ്കിലും അന്യൻ്റേതാണ് സാധനമെങ്കിൽ അതാണ് " No ഹലാൽ " .

കട്ടും കവർന്നും വിളമ്പിയ Food ലഭ്യമാണ് എന്നാണാ ബോർഡിൻ്റെ ആശയം .


മനുഷ്യൻ്റെ ഓർഗാനിക് ഘടനയോട് ഇണങ്ങുന്ന / പ്രകൃതി അനുഗുണമാണെന്ന് വരുത്തിയ ഭക്ഷണങ്ങൾ കഴിക്കാനേ ഇസ്ലാം സമ്മതിക്കുന്നുള്ളൂ ,കാരണം പ്രകൃതിയുടെ മായം ചേരാത്ത ഭാവമാണ് ഇസ്ലാം ,അത്തരം ഭക്ഷണങ്ങൾക്ക് ത്വയ്യിബ് എന്നാണ് ,ഹലാൽ എന്നല്ല പറയുക .ഖുർആൻ പറഞ്ഞ 'ഹലാലൻ ത്വയ്യിബൻ ' അതാണ്. 


ഭോജനയോഗ്യതയുടെ പൊതുതത്വം ഇസ്ലാമിൽ രണ്ടെണ്ണമാണ്. മനുഷ്യർ തിന്നേണ്ടത് വിശിഷ്ട വസ്തുക്കളാവണമെന്ന് അധ്യായം: ബഖറ 168 പ്രസ്താവിക്കുന്നു .

അനുഭവവും പൊതുബോധവും ശാസ്ത്രവും നിരാക്ഷേപം നല്ലതാണെന്ന് പറഞ്ഞവയാണ് ആ 'നല്ലത് '.

പ്രവാചക തിരുമേനി (സ്വ) തിന്നാൻ കൊള്ളുന്നത് സമ്മതിച്ചു ,ചീത്ത നിശിദ്ദമാക്കി എന്ന് അധ്യായം അഅ'റാഫ് 157 വിവരിക്കുന്നു. അതായത് , പദാർത്ഥം - ഉപദ്രവത്തെക്കാൾ ഉപകാരം ചെയ്യണം , മ്ലേഛമോ മ്ലേഛ ജന്യമോ ആവരുത് - ഈ ആധാരമാണ് അടിസ്ഥാനം .

വേട്ടമൃഗങ്ങളും വേട്ടപ്പക്ഷികളും ഹിംസ്ര ജന്തുക്കളും മാലിന്യജന്യ ജീവികളുമെല്ലാം നിശിദ്ദമായത് അതിനാലാണ്. 

ഈ തത്വം തന്നെയാണ് പ്രകൃതി നിർഝാരണ രീതിയും . പൊതു ചരിത്രം പറയുന്നത് ,

മനുഷ്യനാഗരികതകൾ അനുഭവ പരിശോധന (Trial and Exam ) വഴിയാണ് ഭക്ഷണമെന്യു പാകപ്പെടുത്തിയത് എന്നാണ് .ആ അഭിപ്രായം ഒരിക്കലും തെറ്റല്ല .നിയതമായ ഭക്ഷണമെന്യു സാർവ്വകാലികമായി ഒന്നാവില്ല. പ്രാക്തനമായ ബാർബേറിയൻ നായാട്ട് മുതൽ ഇന്നത്തെ ബാർബീക്യു വരെ നീണ്ട പരീക്ഷണങ്ങളിലൂടെ തന്നെയാണ് മനുഷ്യന്റെ നാക്ക് സഞ്ചരിച്ചത്. പക്ഷെ ഈ രുചി പരീക്ഷണങ്ങൾക്കിടയിലെ പൊതുമാനദണ്ഡം ഇസ്ലാം നേരത്തെ എണ്ണിയ രണ്ടെണ്ണമാണ്. സെമിറ്റിക്ക് മത വിശ്വാസികൾ വേദനിയമങ്ങളിലൂടെ അത് മനസ്സിലാക്കി. ആചാര്യ മതാനുയായികൾ പ്രകൃതിയിൽ നിന്നും അത് കണ്ടെത്തി. നിർമതസമൂഹങ്ങൾ അനുഭവ പരീക്ഷണങ്ങളിലൂടെ അതേ സത്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു .


ഖുർആനേതര നിയമവ്യവസ്ഥയിലും അതിന് മുമ്പേയും 'ഹലാൽ ഭക്ഷണം' എന്ന ആശയം നിലനിന്നിരുന്നു. ജൂതന്മാർ പ്രയോഗിക്കുന്ന കോഷർ മാനദണ്ഡങ്ങളും ഈ അർത്ഥത്തിലാണ്. തോറയിൽ ഹലാൽ ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. ഓട്ടോമൻ കാലഘട്ടത്തിലെ ഭക്ഷ്യവസ്തുക്കളിൽ ഉണ്ടായിരുന്ന “താഹിർദിർ” സ്റ്റാമ്പ് അർത്ഥമാക്കുന്നത് ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ കുഴപ്പവുമില്ല എന്നാണ്. 


ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. ( എന്നാൽ ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (

ഖുർ ആൻ: 2:173)

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത്‌ ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കുമുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും ( നിങ്ങൾക്ക്‌ ) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖുർ ആൻ: 5:3)

ഇതനുസരിച്ച് അനുവദിനീയമായ വസ്തുക്കൾ ഇങ്ങനെ ചുരുക്കാം ,പാൽ ,തേൻ, ലഹരിയില്ലാത്ത സസ്യങ്ങൾ,പച്ചക്കറികൾ,സംസ്കരിച്ചതോഅല്ലാത്തതോ ആയ പഴങ്ങൾ ,പരിപ്പ്, പയർ വർഗ്ഗങ്ങൾ, വ്യവസ്ഥകളോടെ കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം , മൽസ്യമാംസം .

അനുവദിനീയമല്ലാത്ത വസ്തുക്കൾ ഇങ്ങനെ പോവുന്നു ,പന്നി, പട്ടി മുതലായവ,പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ (സിംഹം, കടുവ മുതലായവ),പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ എലി, പഴുതാര തുടങ്ങിയ ജീവികൾ ഈച്ച, തേൻതുമ്പി, മരംകൊത്തി മുതലായവ, രക്തം ,അള്ളാഹു അല്ലാത്തവയുടെ പേരിൽ അറുക്കപ്പെട്ടത് ,ശവം, മൃഗങ്ങൾ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ.മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും.

കശാപ്പിൻ്റെ നിയമങ്ങളും മര്യാദകളും ഇങ്ങനെ സംഗ്രഹിക്കാം ,കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മറ്റുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് ക്രിസ്ത്യൻ, യഹൂദമതക്കാർ കശാപ്പുചെയ്താലും മതിയാകും.കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം,

കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല, ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല,

കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.

കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം, കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി " ഉച്ചരിക്കുക ,കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.


ഹലാൽകമ്പോളം .


കമ്പോളത്തിലെ ഹലാൽ മുദ്രകൾക്ക് മതപരവും മതേതരവുമായ മാനങ്ങളുണ്ട്. മലേഷ്യയും തുർക്കിയുമാണ് ഹലാലിൻ്റെ കമ്പോള സാധ്യത ആദ്യം ഉപയോഗപ്പെടുത്തിയത്. അറബ് - ഗൾഫ് രാജ്യങ്ങൾ പിന്നീടത് ഉപയോഗപ്പെടുത്തി. എന്നാൽ , ക്രിസ്ത്യൻ ഭൂരിപക്ഷ യൂറോപ്യൻ രാജ്യങ്ങൾ പോലും ഇന്ന് ഹലാൽ സ്റ്റിക്കറുകളുടെ മൂല്യം കണ്ടറിഞ്ഞിട്ടുണ്ട്. മുസ്ലിം ഉപഭോക്താക്കളെ ആകർശിക്കാനാണ് അതെന്ന് പ്രഥമേ തോന്നുമെങ്കിലും വാസ്തവം അതല്ല , ഉൽപ്പാദനം മുതൽ പാചകമടക്കം വിതരണം വരെ കൃത്യമായ വ്യവസ്ഥകൾക്കും മേൽനോട്ടങ്ങൾക്കും വിധേയമായാൽ മാത്രം നൽകപ്പെട്ടിരുന്ന ഹലാൽ സർട്ടിഫിക്കറ്റിൻ്റെ വിശ്വാസ്യതയെ കച്ചവടത്തിന് വെച്ചതാണത്. എന്നാൽ ,ഇപ്പോൾ സ്റ്റിക്കർ മാത്രമാണ് ഹലാൽ എന്നതാണ് വാസ്തവം എന്ന വിമർശനം സജീവമാണ്. അമുസ്ലിം വ്യാപാരികൾ മുസ്ലിം ഉപഭോക്താക്കളെ വരുതിയിലാക്കാൻ പതിക്കുന്ന ഹലാൽ സ്റ്റിക്കറുകളാണ് പ്രാദേശികമായി കൂടുതലുള്ളത് . അത് കൊണ്ട് തന്നെ ,കേരളത്തിൽ ഹലാൽ സ്റ്റിക്കറിനെതിരായ കൃത്വിമവികാരം പ്രായോഗികമായി മുസ്ലിംകളെയല്ല , അമുസ്ലിം വ്യാപാരികളെയാണ് പ്രകോപ്പിക്കുക.


ഹലാൽമുദ്ര മാർക്കറ്റിൽ വർഗീയതയുണ്ടാക്കുന്നത് നേരത്തെ തന്നെ വർഗീന്മോഖരായവരിൽ മാത്രമാണ് .അവർക്ക് സാമാന്യബോധം എന്നോ നഷ്ടപ്പെട്ടതാണ്. 

മറിച്ച് ,ഹലാൽ എന്നാൽ മതത്തിൽ അനുവദനീയ കർമ്മമെന്നും പ്രയോഗത്തിൽ നൈസർഗികമായി ജെന്യൂൻ എന്നും മാർക്കറ്റിൽ പ്രത്യേക കാറ്റഗറി എന്നുമാണ്.

മുസ്ലിംകൾ ഹലാൽ മാത്രമേ തിന്നുള്ളൂ എന്ന് മാത്രമല്ല , ഹലാലായി മാത്രമേ ജീവിക്കുക പോലുമുള്ളൂ .എന്നിരിക്കേ ,ഭോജനകാര്യത്തിൽ മാത്രമുള്ള മുദ്ര , മുസ്ലിംകളെ വെച്ച് അമുസ്ലിംകൾക്ക് കൂടി ലാഭം കിട്ടാനുള്ള കമ്പോളചിന്തയാണ്. അതിലുള്ള ഗുണപരമായ വശങ്ങൾ മതേതരമായി തന്നെയാണ് വ്യവഹരിക്കപ്പെടുന്നത് , അല്ലെങ്കിൽ വ്യവഹരിക്കപ്പെടാം . ആരോഗ്യത്തിലും വൃത്തിയിലും ശ്രദ്ധയുള്ള എല്ലാ മനുഷ്യർക്കും ഹലാൽ ബ്രാൻഡ് തെരെഞ്ഞെടുക്കാം. പക്ഷേ ,ഹലാൽമുദ്ര വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ആവുമ്പോഴേ അത്തരം ഗുണങ്ങൾ ലഭ്യമാവുകയുള്ളൂ .


അത്കൊണ്ട് തന്നെ , ഹലാൽ മാത്രം കഴിക്കുന്ന മുസ്ലിം എന്നത് ഒരു രാഷ്ട്രീയ ഭീഷണിയാവുന്നില്ല , അല്ലെങ്കിൽ മുസ്ലിംസ്വത്വം തന്നെ ഭീഷണിയാവണം. കമ്പോളത്തിലെ ഹലാലിനേക്കാൾ സവിശേഷമായ ഹലാലാണ് ഇസ്ലാമിലെ ഹലാൽ . അമുസ്ലിംകൾക്കിടയിൽ , അവരല്ലാത്തവർക്ക് അനുവദിനീയമല്ലാത്ത ആചാരവിഭവങ്ങളുണ്ട്. അത്പോലും അപരബോധമുണർത്തുന്ന വർഗീയമാണെന്ന് വിവേകമുള്ളവർ പറയില്ല .എന്നിരിക്കേ , ആഗോളീയമായി , ജനകീയമുഖം ആർജ്ജിച്ച കമ്പോളീയ ഹലാൽമുദ്രക്കെതിരെ സംസാരിക്കുന്നത് അരാഷ്ട്രീയത കൂടിയാണ്. 


ഹലാൽ സംവാദം .


ഇസ്ലാം വിസമ്മതിച്ച പദാർത്ഥങ്ങൾ തിന്നാൽ രോഗം പിടിച്ചിരിക്കും എന്നോ ഇസ്ലാം തിന്നോളൂ എന്ന് സമ്മതിച്ചവ തിന്നാൽ രോഗം പിടിക്കില്ല എന്നോ വിണ്ഢിത്വം പറയുകയല്ല ഇവിടെ . ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിന്റെ നിശ്ചയവും ഇംഗിതവുമാണ്മാണ് ഏതു കാര്യം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും ആധാരം . കാരണങ്ങൾ സമജ്ഞസിച്ചാൽ കാര്യം

ജീവിതത്തിൽ 'ഹലാൽ ഭക്ഷണങ്ങൾ ' മാത്രം ഭുജിക്കുന്ന വ്യക്തിക്ക് ഡയബെറ്റിസ് പ്രശ്നങ്ങൾ മുതൽ കൊറോണ വരെ ബാധിച്ചത് ,ബാധിക്കുന്നത് ലോകം കാണുന്നു. ഭൗതിക ലോകത്ത് അഭൗതികമായ അതിവാദങ്ങൾ ആർക്കുമില്ല.


പിന്നെ, പ്രത്യേകിച്ച് മുകളിൽ പറഞ്ഞത് ,

ഇസ്ലാം നിശിദ്ധമാക്കിയ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണാവൈറസ് മനുഷ്യരിലേക്ക് പടർന്നത് എന്ന ചർച്ചകളും ചൈനയുടെ സ്വയംസമ്മതവും ഉയർത്തിയ ചർച്ചകളിൽ ഇസ്ലാം അനുവദിച്ച മാംസങ്ങൾ ഒരിടത്തും എപിഡമിക്സോ സാമൂഹിക രോഗങ്ങളോ ഉണ്ടാക്കിയിട്ടില്ല എന്നതാണ്. ലോകചരിത്രത്തിൽ ജീവികൾ പടർത്തിയ പാൻഡെമിക്സുകളിൽ ഇസ്ലാമിന്റെ ജന്തുസമ്പക്കർക്ക മാർഗരേഖയനുസരിച്ചുള്ള ഇണക്കജന്തുക്കൾ വരുന്നില്ല എന് ശാസ്ത്രീയ നിരീക്ഷണങ്ങൾ എമ്പാടുമുണ്ട് വായനക്ക് ലഭിക്കാൻ . 


ഇവിടെയാണ് ഇസ്ലാം വിമർശകർ വിഷയത്തിന്റെ മർമ്മമറിയാതെ ,സൗദിയിൽ മെർസ് വ്യാപിപ്പിച്ചത് ഹലാൽ മാംസമായ ഒട്ടകമല്ലേ ,പക്ഷിപ്പനികൾ ചിലത് കോഴിയിൽ നിന്നും വരുന്നില്ലേ എന്നൊക്കെ ചോദിച്ച് കാര്യം കളിയാക്കി മാറ്റുന്നത്. രോഗബാധിതമായ ഹലാൽജീവികളിൽ നിന്ന് വൈറസ് ബാധയുണ്ടാവുന്നത് രോഗബാധയില്ലാത്ത ഈനാംപേച്ചീ മുതലായവ ആരോഗ്യത്തോടെ തന്നെ വൈറസ് സാംക്രമണം നടത്തുന്നതിന് തുല്യമല്ല. ആട് മാട് ഒട്ടകങ്ങൾ രോഗബാധിതമായാൽ അറുത്ത് തിന്നാനോ തീറ്റിക്കാനോ പാടില്ല എന്നാണ് 'മസ്അല' .അസുഖം ബാധിച്ച അടുമാടുകളെ തിന്നാൽ മാത്രമല്ല , പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം അങ്ങനെത്തന്നെയാണ്. പള്ളിയിലെ ചീരണിയിറച്ചി തിന്ന് രോഗം ബാധിച്ച കഥകളുമായി വരുന്നവർ എത്ര ദുർബലമായ കാര്യങ്ങളാണ് പറയുന്നത്. മാത്രവുമല്ല ,രോഗമല്ല ,സാംക്രമിക രോഗമാണ് സാമൂഹിക ദുരന്തം .വിഷലിപ്തമായ ഭക്ഷണങ്ങൾ നൽകി പ്രകൃതിവിരുദ്ധമായി വളർത്തിയാൽ ഏത് മാംസത്തിന്റെയും തനിമ നഷ്ടപ്പെട്ട് രോഗം പരത്തിയേക്കാം എന്ന വസ്തുത മതം മറുപടി പറയേണ്ട കാര്യമല്ല , മാനവികത നഷ്ടപ്പെട്ട കമ്പോള സംസ്ക്കാരത്തിന്റെ സൃഷ്ടിയാണത്.


നായക്ക് വേറെയും വകുപ്പ് .


മാലിക് ബിനു അനസ് (റ) നായയെ അനുവദിച്ചു എന്ന അൽ ഹാവിൽകബീറിലെ ഇമാം മാവർദിയുടെ ഉദ്ധരണി എടുത്തുയർത്തി ഹലാൽഭദ്രതക്കെതിരെ സംസാരിക്കുന്ന ചില പുതിയ രീതികൾ കണ്ടു .

ചരിത്രത്തിൽ എവിടെയെങ്കിലും നായ ഒരു എപിഡമിക്കിന് കാരണമായിട്ടുണ്ടെങ്കിൽ മാലികീ ധാരയിലെ ആ വാദം ശാസ്ത്രീയമായി പ്രശ്നവൽക്കപ്പെടാം . 

മാലിക് ബിനു അനസ് (റ) യുടെ വീക്ഷണം നായയെ തിന്നാൻ അനുവദിക്കുന്നു എന്ന അൽ ഹാവിൽകബീറിലെ ഇമാം മാവർദിയുടെ ഉദ്ധരണിയെ എങ്ങനെ സമീപിക്കും പിന്നെ ?

പക്ഷെ ,അത് എങ്ങനെ സമസ്യയാവും ,ഇല്ലല്ലോ.

നായയെ തിന്നാൻ പാടില്ല എന്ന് ഇസ്ലാമിൽ ഏകാഭിപ്രായമില്ല. 


ഇമാം മാലികിന്റെ ( റ ) കർമ്മധാര പിൻപറ്റുന്ന എല്ലാവർക്കും ആ അഭിപ്രായമല്ല ഉള്ളത്. ഇമാം 

ഇബ്നു അബ്ദിൽ ബറ് എന്ന മാലികീ മുഫ്തി പ്രസ്തുത വീക്ഷണം പ്രമാണ വിരുദ്ധമാണ് എന്ന അഭിപ്രായക്കാരനാണ്. 


ശാഖാപരമായ ഒരൊറ്റ കാര്യത്തെ സംബന്ധിച്ച് വീക്ഷണപരമായ പലമകൾ ഉണ്ടാവുന്നത് ഇസ്ലാമിന്റെ പ്രാക്ടിക്കൽ ഇലാസ്തികതയും സൗന്ദര്യവുമാണ്. കാരണം മതാചരണം ഒരു സ്റ്റേജ് ഷോ അല്ല.പ്രത്യുത , അടിമുടി വിഭിന്നങ്ങളായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് .

എന്നാൽ ,വിശ്വാസപരമായ അടിസ്ഥാനങ്ങളിലോ മൗലിക ആധാരങ്ങളിലോ ഇസ്ലാം ഭിന്നതകൾ അനുവദിക്കുന്നില്ല.


 കർമ്മപരമായി ഭിന്നമായ ഇസ്ലാമിനെയാണ് ഞാൻ ,ഞങ്ങൾ വിശ്വസിക്കുന്നത്.അവ അഭിപ്രായ ഭിന്നതയല്ല, ഭിന്നാഭിപ്രായമാണവ എന്ന വ്യത്യാസവും വിശ്വാസികൾക്കറിയാം . 

അതിനാൽ ,ഇസ്ലാമിൽ ഒരേ കാര്യത്തിൽ നാലഭിപ്രായമാണ് എന്ന മഹത്തായ കണ്ടെത്തലുകൾ നടത്തി ആക്ഷേപമുന്നയിക്കുന്നത് പ്രായപൂർത്തിയാവാത്തവന്റെ സംയോഗ ശ്രമമായി മാത്രമേ പരിഗണിക്കാനാവുകയുള്ളൂ. 

കർമ്മപരമായി ഇസ്ലാം ഏകമാണ് എന്ന് അഭിപ്രായമുള്ളവരോട് - അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ - നിങ്ങൾ അവിടെ ഇറക്കിക്കോളൂ ആ ദഹനക്കേടുകൾ .


ഇമാം മാലിക് ( റ ) നായയെ ,മറ്റ് ചിലതിനെയും 'ഹലാലാക്കി ' എന്ന ടെക്സ്ച്വൽ പ്രസ്താവന പത്രവാർത്തയല്ല. അതായത് ഹലാൽ എന്ന പദത്തിന് സാങ്കേതികാർത്ഥം ഉണ്ട്. പുണ്യം ,നിർബന്ധം ,പാപം ,അഹിതം എന്നീ മറ്റ് നാല് മാനങ്ങളിലൊന്ന് പറയാൻ ഞാൻ ന്യായം കാന്നുന്നില്ല എന്നാണ് ഹലാൽ എന്നതിന്റെ നിർത്സാരണ സാരം . ഹലാൽ എന്നത് പ്രാഗ് ഭാവമാണ്. അങ്ങനെ ഏതെങ്കിലും ഒന്നിലേക്ക് ചേർക്കാൻ ന്യായം കണ്ടാൽ അതിലേക്ക് ചേർക്കാം എന്നർത്ഥം. 


പിൽക്കാല നിർദ്ധാരകർ ന്യായത്തിന്റെ ബലത്തിൽ ഭിന്നാഭിപ്രായക്കാരായി . ഇമാം ശാഫി (റ )നായയെ അടിമുടി നിശിദ്ധമാക്കി . ഇമാം അബൂഹനീഫ ( റ ) ഉമിനീർ നിശിദ്ധമാക്കി . ഇമാം അഹ്മദ് ബിനു ഹമ്പൽ ( റ )ചില കാര്യങ്ങളിൽ ഇമാം ശാഫി റവിനോടും ചില കാര്യങ്ങളിൽ ഇമാം മാലികിറവിനോടും യോജിച്ചു. 

ഒരു തരുവോ തരിയോ പോലും അവരുടെ ഇഴകീറലുകൾക്കിടയിൽ നിന്ന് മുക്തമായില്ല എന്നത് പ്രത്യശശാസ്ത്രപരമായ അപാരതയാണ് മതത്തിന് നൽകിയത്. അവിടെ നായയുടെ രോമത്തെ കുറിച്ച് തന്നെയുണ്ട് നാടുകളും നാളുകളും നീണ്ട ചർച്ച.

നിർബന്ധിത ഘട്ടത്തിൽ നായയെ എന്നല്ല ഈനാംപേച്ചിയെ പോലും തിന്നാം ,തിന്നണം എന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ് എന്നത് കൂടി വായിക്കണം.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us