loader
blog

In Astronomy

By Shuaibul Haithami


ന്യൂമൂൺ , ഹിലാൽ : ചന്ദ്രഹാസം , ചന്ദ്രമാസം .

' ന്യൂമൂൺ ദിവസത്തിന്റെ പിറ്റേന്ന് സൂര്യോദയം മുതൽ ഹിജ്റ മാസാരംഭം ' എന്ന പരമാബദ്ധത്തെ സംബന്ധിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന ലേഖനത്തിനും അതോടൊപ്പം ഇവിടെയിട്ട വിസ്തൃത കുറിപ്പിനും മറുപടിയായി , ഡോ. കോയക്കുട്ടി ഫാറൂഖി എഴുതിയ - മാനവ കലണ്ടർ സമഗ്ര പഠനം - പുസ്തകം വായിച്ചാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്കുള്ളൂ എന്ന ഉപദേശവും പരിഹാസവും പലവഴികളിൽ എനിക്ക് കിട്ടി. ഒരു ഉത്തരവാദിത്വം എന്ന നിലയിൽ അതിനോടുള്ള പ്രതികരണമാണിത്. 


3 കാര്യങ്ങൾ പറയട്ടെ :


1 :അനാവശ്യമായ ഒരു തർക്കമുഖം തുറക്കലേയല്ല ഉദ്ദേശ്യം . പ്രത്യുത , നൂറ്റാണ്ടുകളായി മുസ്ലിം ലോകം സ്വീകരിച്ച് വരുന്ന ഹിജ്റ മാസാംരംഭരീതിയുടെ വിശ്വസ്തത നശിപ്പിക്കാനുള്ള , ഒരളവോളം സന്ദേഹങ്ങളുളവാക്കുന്നതിൽ വിജയിച്ച  പ്രചരണങ്ങളിലെ അവാസ്തവങ്ങൾ സൂചിപ്പിക്കുക മാത്രമാണ് .


2 : മറുപുറത്തുള്ളവരോട് വളരെ ബഹുമാനത്തോടെ മാത്രമാണ് വിശകലനം .


3 : വ്യക്തിപരമായ കുത്തുവാക്കുകൾ പറയുന്നവരോട് , നിങ്ങൾ ഇവ്വിഷയത്തിൽ മുമ്പിൽ നിർത്തുന്നവരേക്കാൾ അറിവും തിരിച്ചറിവുമുള്ളവരുടെ കീഴിലിരുന്നും അല്ലാതെയും വിഷയം പഠിക്കാൻ ശ്രമിച്ചിരുന്നു , ശ്രമിക്കുന്നു , എന്നതല്ലാത്ത മറ്റൊന്നും എന്നേക്കുമായി പറയാനില്ല. 


'മാനവകലണ്ടർ സമഗ്ര പഠനം ' വായിച്ചപ്പോൾ തോന്നിയ അസംതൃപ്തികളിൽ ലേഖനവുമായി ബന്ധപ്പെട്ട ചിലത് ലിസ്റ്റ് ചെയ്യാം . ഏറെക്കുറേ ഇതൊക്കെ ചിത്രത്തിൽ കാണിച്ച മറ്റു പുസ്തങ്ങളിലും ഉണ്ട്. നിർദ്ദേശിക്കപ്പെട്ട പുസ്തകവും മറ്റു പുസ്തകങ്ങളും നേരത്തെ വായിച്ചിരുന്നു താനും .


ഒന്ന് :


 ടി. പുസ്തകത്തിന്റെ 88 , 119 , 150 , 169 etc പേജുകളിൽ ആവർത്തിക്കുന്ന കാര്യങ്ങളെ ഇങ്ങനെ ചുരുക്കാം :

New moon പ്രതിഭാസത്തിന് ശേഷം ചന്ദ്രൻ സൂര്യനിൽ നിന്ന് 12 ഡിഗ്രി ഉയർന്നാൽ മാത്രമേ ( സൂര്യൻ അസ്തമിച്ചശേഷം  48  / 48 + മിനുട്ടുകൾ നേരം ചന്ദ്രൻ അസ്തമിക്കാതെ പടിഞ്ഞാറൻ ചക്രവാളത്തിന് മുകളിലുണ്ടാവുക ) ഹിലാൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാവുകയുള്ളൂ . New moon ദിവസത്തിൽ പരമാവധി 24 മിനുട്ടിലേറെ മൂൺലാഗ് (ക്രമത്തിൽ സൂര്യ - ചന്ദ്രാസ്തമന ഗ്യാപ്പ് ) ഉണ്ടാവാറില്ല . 'കാപ്പാട് കടപ്പുറത്തെ ' മാസം കാണൽ തട്ടിപ്പാണ്. രണ്ടാം തിയ്യതിയിലെ ചന്ദ്രക്കല കണ്ടിട്ടാണ് കേരളത്തിലെ ഖാസിമാർ മാസം പിറന്നു എന്ന് പറയുന്നത് , പണ്ടും ഇങ്ങനെയായിരുന്നു - ഒരാൾ കണ്ടു എന്ന് നുണ പറയുന്നു , ഒപ്പം എല്ലാവരും കണ്ടു എന്ന് നുണ ഏറ്റുപറയുന്നു , ഉമർ ഖാദി പോലും അങ്ങനെ ജനങ്ങളെ കബളിപ്പിച്ചിട്ടുണ്ട് .....


പ്രതികരണം :


മൈനസ് 48 മിനുട്ട് മൂൺലാഗുള്ള സാഹചര്യത്തിൽ Visible Crescent ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി ശരിയല്ല. 29 മിനുട്ട് വരെ മിനിമം സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

ഫിഖ്ഹീ കിതാബുകളിൽ 8 ദറജ : അഥവാ ഡിഗ്രിയാണ് ( 32 മിനുട്ടുകൾ ) മിനിമം  പറയുന്നത്.

അതിൽ താഴെ സമയത്തിനുള്ളിൽ കണ്ടുവെന്ന വിശ്വസനീയ സാക്ഷ്യങ്ങൾ സ്വീകരിക്കപ്പെടും.

ഇതിനെയൊക്കെ കേരളത്തിൽ വെച്ച് തള്ളുന്ന നിങ്ങൾ എന്ത് കൊണ്ടാണ് സൗദി അറേബ്യയും ജി . സി. സി രാഷ്ട്രങ്ങളും 15 മിനുട്ടിൽ കുറവ് മൂൺലാഗുള്ള ദിവസങ്ങളിൽ ഹിലാൽ ദർശനം ഉണ്ടായതിനാൽ നോമ്പും പെരുന്നാളും ഉറപ്പിക്കുന്നതിനെ എതിർക്കാത്തത് ?

ഇക്കഴിഞ്ഞ മാർച്ച് പത്തിന് KSA യിൽ ഹിലാൽ കണ്ടത്രെ , UT 9 Am ന് ന്യൂമൂൺ സംഭവിച്ച അന്ന്, ദൃശ്യമായി എന്ന് പറയുന്നേടത്തെ മൂൺലാഗ് 13 മിനുട്ടുകൾ മാത്രമായിരുന്നു , പുറമേ , ന്യൂമൂണിനും അസ്തമനത്തിനുമിടയിൽ 15 + മണിക്കൂർ ചന്ദ്രന് പ്രായം ഉണ്ടെങ്കിലേ കണ്ണാലേ കാണൂ എന്നും ശാസ്ത്രം പറയുന്നു , അന്നവിടെ 11- 30 Am to 6 - 00 Pm മാത്രമായിരുന്നു ചന്ദ്രന്റെ പ്രായം . എതിർത്താൽ റിട്ടേൺ ടിക്കറ്റ് സൗജന്യമായി കിട്ടുന്ന നാട്ടിൽ ശാസ്ത്രബോധം വേണ്ട എന്നാണോ ?

'ശാസ്ത്രീയ ഇസ്ലാമിനെ ഉണ്ടാക്കി ' പൊതുബോധത്തിന്റെ ഇഷ്ടം വരിക്കാൻ  'സൗദി പറയുന്നതിനെ ' ഇസ്ലാമാക്കി അവർക്കൊത്ത് തിങ്കളാഴ്ച്ച റമദാൻ ഉറപ്പിച്ച ' മുജാഹിദ് കരിപ്പൂർ സമ്മേളന വിഭാഗ' വും വിശദീകരിക്കാൻ ബാധ്യസ്തരാണ്.


രണ്ട് :


145 , 146 etc പേജുകളിൽ ഗ്രന്ഥകാരന്റെ അറബ് ഭാഷയിലുള്ള അശ്രദ്ധ കൃത്യമായി കാണാം. 

'റആ ( رأى) ' എന്ന അറബി പദത്തിന് 'കണ്ണാലേ കണ്ടു ' എന്നതാണ് പ്രത്യക്ഷാർത്ഥം. എന്നാൽ , അറബി മാസം 29 ആം തിയ്യതി കണ്ണ് കൊണ്ട് മാസം കണ്ടു എന്നല്ല, മാസത്തിലെ എല്ലാ ദിവസവും വൃദ്ധിക്ഷയങ്ങൾ നിരീക്ഷിച്ച് ' മനസിലാക്കി ' എന്നതാണ് അവിടെ ഹദീസുകളിലെ അർത്ഥം എന്നാണ് മൂന്ന് പുസ്തകങ്ങളിലും പറയുന്നത് . 


പ്രതികരണം :


പ്രസ്തുത رأى എന്ന പദത്തിന് മാനസിക ധാരണയുമായി ബന്ധപ്പെട്ട അർത്ഥം നൽകുമ്പോൾ പാലിക്കേണ്ട نحو ന്റെ ഖണ്ഡിതാഭിപ്രായം അവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രശ്നം .رأى ക്ക് علم ،ظن തുടങ്ങിയ പദങ്ങളുടെ അർത്ഥം നൽകുമ്പോൾ രണ്ട് مفعول ( Object ) കൾ ഉണ്ടാവണം .

الفعل (رأى) ثلاثة أنواع:


1-(رأى) العِلمية، بمعنى (علم)، نحو: علمتُ اللهَ عظيمًا.


2-(رأى) الحُلمية التي في المنام، نحو: إني( أراني) أعصر خمرا.


وهذان داخلان في باب (ظن) وأخواتها، ويأخذان أحكامه.


3-(رأى) البصرية، وهي تنصب مفعولًا واحدًا، نحو: رأيتُ زيدًا باكيًّا (حال).


പുസ്തകത്തിൽ കൊടുത്ത , فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ

എന്ന ഉദാഹരണത്തിൽ നിന്ന് തന്നെ അക്കാര്യം മനസ്സിലാവേണ്ടതായിരുന്നു.

ഒരു നാമത്തിനോ ക്രിയാധാതുവിനോ ക്രിയാധാതുവായി സങ്കൽപ്പിക്കാവുന്ന ' ജുംലക്കോ ' മുമ്പായി " നെ , ന് , നിക്ക് , നോട് , യോട് ,ളെ , ള് , ൾക്ക് , ളോട് " എന്നീ കർമകാരകങ്ങൾ ചേരാൻ പറ്റുന്നുവെങ്കിൽ അതാണ് مفعول . മലയാളഭാഷാ നിയമമനുസരിച്ച് , അചേതന വസ്തുക്കൾക്ക് മുമ്പേ കർമ്മകാരകം ചേർക്കരുത് , സചേതനങ്ങളോട് ചേർക്കണം . 

മാസപ്പിറവിയെ സംബന്ധിക്കുന്ന ഹദീസുകളിൽ ആവർത്തിക്കപ്പെട്ട رأى ക്കോ അതിന്റെ ക്രിയാഭേദങ്ങൾക്കോ രണ്ട് കർമ്മങ്ങൾ വരേണ്ട അർത്ഥ ധ്വനിയില്ല . 'ഹിലാൽ കാണുക അഥവാ ഹിലാലിനെ കാണുക ' എന്ന സാരമേ ഉള്ളൂ. 


മൂന്ന് :


പേജ് 141 ൽ 'ഹിലാൽ ' എന്ന പദത്തിന് Newmoon എന്നർത്ഥം നൽകാനുള്ള വ്യഗ്രതയിൽ ,

മാസാരംഭത്തിലെ ഇന്ദുകല കണ്ണാലേ കാണുമ്പോൾ അറബികൾ ഉണ്ടാക്കിയിരുന്ന' ആർപ്പ് വിളി ' എന്ന ആശയം പരിചയപ്പെടുത്തിയ ' അൽ മുൻജിദ് ' നിഘണ്ടു തള്ളുന്നു. ന്യായമാണ് കൗതുകകരം ; ലൂയിസ് മലൂഫ് എന്ന ക്രൈസ്തവൻ ഉണ്ടാക്കിയ നിഘണ്ടുവിന്റെ ആശയത്തെ മുസ്ലിം ലോകം ആധാരമാക്കരുതെന്ന് !

111, 112 etc പേജുകളിൽ ഇന്ന് ലോകം ദിനചര്യകൾ നിർണ്ണയിക്കാൻ അവലംബിക്കുന്ന ഗ്രിഗേറിയൻ കലണ്ടർ 'ക്രിസ്റ്റ്യൻ ' ആയതിനാൽ അതിനെ ( മതകാര്യങ്ങളിൽ എന്ന് മനസ്സിലാക്കുന്നു ) ആശ്രയിക്കുന്നതിനെയും ശക്തമായി എതിർക്കുന്നുണ്ട് .


പ്രതികരണം :


മതനിയമങ്ങൾ 'ആത്യന്തികമായി ഉണ്ടാക്കാൻ ' شارع നും ' കണ്ടെത്തി ഉണ്ടാക്കാൻ ' അർഹതയുള്ള ഇമാമുമാർക്കും മാത്രമേ വകുപ്പുള്ളൂ. പക്ഷെ ഭാഷ , ചരിത്രം , ഗണിതം തുടങ്ങിയ പൊതു കാര്യങ്ങളിൽ അതതിന്റെ വിശാദരമാരെ അവലംബിക്കൽ ഒരർത്ഥത്തിലും തെറ്റായ കാര്യമല്ല. NASA യിലെ ശാസ്ത്രജ്ഞരെ , വുഹാനിലെ വൈറോളജിസ്റ്റുകളെ , എന്തിനധികം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ വരെ അവലംബിച്ച് മതകാര്യങ്ങൾ തീരുമാനിക്കേണ്ടി വരും . ഗ്രിഗേറിയൻ കലണ്ടർ BC 46 ൽ ,' യേശുക്രിസ്തു' ജനിക്കുന്നതിന് മുമ്പേ, റോം ഭരിച്ചിരുന്ന ജൂലിയസ് സീസർ നിർദ്ദേശിച്ചുണ്ടാക്കിയ ജൂലിയൻ കലണ്ടറിൽ 10 ദിവസങ്ങൾ വെട്ടിച്ചുരുക്കിയും ചില്ലറ അറ്റക്കുറ്റപ്പണികൾ എടുത്തും നവീകരിച്ചതാണ് . കേവലം പോപ്പ് ഗ്രിഗറിയല്ല അതിന്റെ പിതാവ് . 'ഇൽമുൽ ഫലകിന്റെ കിതാബുകളുമായി' ഒത്തുനോക്കിയാൽ സൂര്യരാശികളുമായി ബന്ധപ്പെട്ട ' യോജിക്കായ്മകൾ' ഉണ്ടെങ്കിലും  ദീർഘകാലത്തേക്ക് പ്രശ്നരഹിതമായി ഇനിയും ഉപയോഗിക്കാം.

ഇനി , ഹിലാലിന് Newmoon എന്നർത്ഥം നൽകിയ വ്യാകർത്താക്കളുടെ 'ഇസ്ലാമിയ്യത് ' ഉറപ്പുവരുത്തിയിട്ടാണോ ' മുൻജാദി'ന്റെ ജാതി പരതുന്നത് ?

ഇസ്താംബൂളിലും ബർമിങ്ങ്ഹാമിലുമൊക്കെയുള്ള മൂന്നും നാലും ഖലീഫമാരുടെ കാലത്തേതെന്ന് നാം എല്ലാവരും പ്രചരിപ്പിക്കാറുള്ള ഖുർആൻ താളിയോലകളുടെ കാലപ്പഴക്കം ഉറപ്പുവരുത്താൻ കാർബൺ ഡേറ്റിംഗ് നടത്തി വെരിഫൈ ചെയ്ത സമിതിയിൽ ഒരു മുസ്ലിമെങ്കിലും ഉണ്ടോ ?

നിരാകരണം ഹറാം ആണെന്ന് അലി മണിക്ഫാനും ഏറ്റവും സുപ്രധാന ഇസ്ലാമിക വിജയം എന്ന രൂപത്തിൽ തന്നെ ടി . കൃതിയും പരിചയപ്പെടുത്തുന്ന IDL , 1884 ൽ വാഷിംഗ്ടണിൽ വെച്ച് തീരുമാനിച്ച സമിതിയിൽ മുസ്ലിംകൾ ഉണ്ടായിരുന്നോ ?

'ഹിജ്റ കലണ്ടറിന്റെ ' പ്രാധാന്യം നിഷേധിക്കുകയല്ല , പക്ഷെ ഇങ്ങനെ അട്ടിമറിക്കുന്നതെന്തിനാണ് കാര്യങ്ങൾ ?


 

നാല് :


151 ആം പേജിൽ നടേപ്പറഞ്ഞതിനേക്കാൾ വ്യക്തമായ നഹ്‌വീ പിഴവുണ്ട്. 

അതായത് ,صوموا لرأيته എന്ന ഹദീസ് പ്രയോഗത്തിലെ 'ل' ബയാനിയ്യ് (بياني) ആണെന്നാണ് എഴുതിയിരിക്കുന്നത് !


പ്രതികരണം :


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ അറബി ഭാഷയിലായതിനാൽ ആ ഭാഷയിലെ വ്യാകരണ ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാവും. 'ബയ്യാനിയ്യായ ലി 'എന്താണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല . 'ലി' എന്ന പ്രത്യയത്തിന് വിശദീകരണം ( ബയാൻ ) എന്നൊരർത്ഥം ഭാഷയിൽ ഉള്ളതായി എവിടെയും കണ്ടിട്ടില്ല. ഭാഷാ നിയമം സാങ്കേതികമാണ് , ആർക്കുമുണ്ടാക്കാം . പക്ഷെ , ക്ലാസിക് ടെക്സ്റ്റുകളിൽ ഉദാഹരണം ഉണ്ടെങ്കിൽ മാത്രമേ അത് മാനക നിയമമാവൂ . ഗ്രന്ഥകാരന് 'വിശദീകരിക്കാനുള്ള ലി ' എവിടെ നിന്നാണാവോ കിട്ടിയത് ?

ആ ഹർഫിന്റെ ഉപയോഗങ്ങൾ ചുവടെ ചേർക്കുന്നു :

ــــــــــــــــــ

1. لام الجرّ ( الحمد للهِ ) .


2. لام الأمر  ( لينفقْ ذو سَعَةٍ من سَعَته ) . 


3. لام الابتداء  ( لدرهمٌ حلالٌ خيرٌ من ألأف درهمٍ حرامٍ ) .


4. لام البُعْد (ذلك ، ذلكم ).


5. لام الجواب  (تالله لأكيدن أصنامكم) 


6. اللام المُوَطِّئة للقسم ( لئن قمتَ بواجبك لأكرمتُكَ ) .


7. لام الجحود ( وما كان الله ليعذبهم وأنت فيهم ) .


8. لام التعليل ( وجعلوا لله أنداداً ليضلوا عن سبيله ) .


9. لام العاقبة ( فالتقطه آل فرعون ليكون لهم عدواً وحزنا ) .


10. اللام الزائدة :  ( يريد الله ليبين لكم ) ، ( وأمرنا لنسلم برب العالمين ) .


11 . اللام الفارقة ( وإن كانت لكبيرة ) .


12 . اللام للتمليك (لغلامين يتيمين)


13 . اللام للاستحقاق (الحمد لله)


ചന്ദ്രപ്പിറ ദർശിക്കുക എന്നത് ' കാരണമാക്കി ' നിങ്ങൾ നോമ്പെടുക്കണം എന്ന പ്രവാചകവചനങ്ങൾ തള്ളപ്പെടേണ്ടതാണ് എന്ന് പറയാനുള്ള ധൈര്യമില്ലായ്മയാണോ ഇത്തരം ദുർവ്യാഖ്യാനങ്ങൾക്കുള്ള പ്രേരണ ?

പ്രസ്തുത 'ലി ' تعليلي ആകുന്നു.


അഞ്ച് :

പേജ് 111 ൽ , സൗരകലണ്ടറിനെ ഖുർആൻ അംഗീകരിക്കുന്നില്ല എന്ന് കാണിക്കാൻ വേണ്ടി 

وَلَبِثُواْ فِى كَهْفِهِمْ ثَلَٰثَ مِاْئَةٍۢ سِنِينَ وَٱزْدَادُواْ تِسْعًا

എന്ന വചനത്തിലെ - 300 സൂര്യവർഷവും 309 ചന്ദ്രവർഷവും - എന്ന തഫ്സീർ ശരിയല്ല എന്ന് -മറുവാദങ്ങളെക്കുറിച്ച് നിശ്ശേഷം നിശബ്ദമായി - പറയുന്നത് ശരിയല്ല . രണ്ടും തമ്മിൽ രണ്ട് മാസവും പതിമൂന്ന് ദിവസങ്ങളും വ്യത്യാസമുണ്ടെന്നതാണല്ലോ ന്യായം .


പ്രതികരണം :


300 സൗരവർഷവും 309 ചന്ദ്രവർഷവും എന്നാണതിനർത്ഥം എന്ന് പറഞ്ഞ ധാരാളം വ്യാഖ്യാതാക്കൾ ഉണ്ട്. ഒട്ടുമിക്ക തഫ്സീറുകളിലും അത് കാണാം. അലി ( റ ) അങ്ങനെ പറഞ്ഞുവെന്നതാണ് ചിലർ ഉദരിക്കുന്ന തെളിവ്. ആ സംഭവമരങ്ങേറിയ 'അൻതാഖിയ' ക്കാരെ റിപ്പോർട്ട് ചെയ്ത് പറഞ്ഞതാണെന്നും അഭിപ്രായമുണ്ട് .  തമ്മിൽ കണക്ക് കൂട്ടി വ്യത്യാസം ഉണ്ടെന്നതിനാൽ അലി ( റ ) വിലേക്ക് ചേർക്കപ്പെടുന്ന ഒന്നാമത്തെ അഭിപ്രായം അദ്ദേഹത്തിന്റേതല്ല എന്ന് പറഞ്ഞവരും ഉണ്ട്. അങ്ങനെ പറഞ്ഞവരും ഉദ്ദേശ്യം സൗര - ചാന്ദ്രിക വർഷങ്ങൾ അല്ലെന്ന് പറഞ്ഞിട്ടില്ല . അപ്പോൾ ഉയരുന്ന സ്വാഭാവിക സംശയമാണ് ; 73 ദിവസത്തെ മാറ്റം ഉണ്ടല്ലോ എന്നത്. അതിന് ആലൂസിയുടെ روح المعاني ൽ പറയപ്പെട്ട മറുപടി ഇതാണ് :

ودعوى أن التفاوت تسع سنين مبنية على التقريب؛ لأن الزائد لم يبلغ نصف سنة، بل ولا فصلا من فصولها فلم يعبأ به، وكون التفاوت تسعا تقريبا جار على سائر الأقوال في مقدار السنة الشمسية والسنة القمرية؛ إذ التفاوت في سائرها لا يكاد يبلغ ربعا فضلا عن نصف الخ

ഇവിടെ , ഏറ്റവ്യത്യാസം ഒരു വർഷത്തിന്റെ നാലിലൊന്ന് പോലുമില്ല , അതായത് ഒരു ഋതുഭേദത്തിന്റെ വിടവ് പോലും ഉണ്ടായിട്ടില്ല. സ്വാഭാവികമായി സൗര - ചന്ദ്ര വർഷങ്ങൾ സംയോജിപ്പിക്കുമ്പോൾ ചെയ്യുന്നത് പോലെ ഒരു തികഞ്ഞ വർഷം പറയുകയായിരുന്നു.  കണക്കിൽ , അംശസംഖ്യ ദശ / ശതാംശത്തിന്റെ പകുതിയിൽ കുറവാണെങ്കിൽ ഒഴിവാക്കി തൊട്ടുമുമ്പത്തെ പൂർണ്ണസംഖ്യ മാത്രം എടുക്കും , അംശസംഖ്യ പകുതിയിലേറെ ആണെങ്കിൽ തൊട്ടുമുമ്പത്തേതിനോട് ഒന്ന് കൂട്ടി അംശം ഒഴിവാക്കും . അതാണ് ഇവിടെയും ഉണ്ടായത്. 

യഥാർത്ഥത്തിൽ കണക്കിന്റെ നിയമം തെറ്റിച്ചതാരാണ് ?


ഭാഷാ നിയമപ്രകാരവും അപ്പറഞ്ഞതൊക്കും. അവിടെ تسعا എന്നതിന്റെ തർകീബ് تمييز، مفعول ، مفعول فيه എന്നൊക്കെ വന്നിട്ടുണ്ട്. الى എന്ന ഹർഫ് കളയപ്പെട്ട് نزع الخافظ منصوب ആയി വായിക്കലാണത് . അതായത് ازدادوا الى تسع - ഒമ്പതിലേക്ക് - എന്ന് , 9 എന്നمغي അതിൽ പെടാതെ .

 


 

......


 ദീർഘിക്കുന്നതിനാൽ ചുരുക്കുന്നു.


ആറ് : 

ന്യൂമൂണാനന്തര സൂര്യോദയ മാസാരംഭക്കാരുടെ കൃതികളിലെല്ലാം ( ടി . പുസ്തകം പേജ് 202 , 203 ) ഏറ്റവും വലിയ കാര്യമായി അവതരിപ്പിക്കുന്ന IDL ( Inter national date line) നെ ചുറ്റിപ്പറ്റി ഖിബ്ലയുമായി ബന്ധിപ്പിച്ച് നടത്തിയ എമണ്ടൻ വാദങ്ങളെക്കുറിച്ച് വേറെ തന്നെ എഴുതുന്നുണ്ട് . കഴിഞ്ഞ പോസ്റ്റിൽ ചുരുക്കിപ്പറഞ്ഞിരുന്നതും നോക്കാം. 


ഏഴ് : 

പേജ് 159 അടക്കം പലയിടത്തും  ان غم എന്ന പദത്തിന് അവ്യക്തത ഉണ്ടായാൽ , ആശങ്ക ഉണ്ടായാൽ , അമാവാസി നാൾ ആയാൽ അങ്ങനെ വ്യത്യസ്ത അർത്ഥം നൽകി ആകെ അവ്യക്തത ഉണ്ടാക്കുന്നു.


എട്ട് : 

114 അടക്കം ധാരാളം പേജുകളിൽ , പിറദർശന കാഴ്ചപ്പാട് മണ്ടത്തരണമാണെന്ന് പണ്ഡിതന്മാരെ കണക്കിലേറെ കളിയാക്കി പറയുകയും , എന്നാൽ مطلع ന്റെ ചർച്ചയിൽ പിറ കാണണം എന്ന് പറഞ്ഞ ഇമാമുമാരെ കൂട്ടുപിടിക്കുകയും ചെയ്ത് സ്വയം ഉൽപ്രേക്ഷ വരിക്കുന്നു.


ഒമ്പത് : 

പേജ് 169 ൽ , 30 ദിവസം നോമ്പ് നോറ്റതിനെ കുറിച്ചുള്ള ഹദീസിനെപ്പറ്റി , ഒരുമാസം മുഴുവൻ ചന്ദ്രനെ കാണാൻ കഴിയാത്തതിനാലാണെന്ന വങ്കത്തം പറയുന്നു. 

പേജ് 172 ൽ കുറൈബ് സംഭവത്തിൽ , 'ഞാൻ വെള്ളിയാഴ്ച്ച പിറ കണ്ടു ' എന്ന കുറൈബിന്റെ വാക്യത്തിലെയും , ' ഞങ്ങൾശനിയാണ് കണ്ടത്' എന്ന ഇബ്നു അബ്ബാസിന്റെ ( റ ) വാക്യത്തിലേയും رأى ക്ക് അത് വരെ പറഞ്ഞ 'മനസ്സിലാക്കുക' എന്നർത്ഥം നൽകാൻ  മറന്നു പോയി ,' കണ്ടു ' എന്ന് തന്നെ അർത്ഥം നൽകിക്കൊണ്ട് കുറൈബിനെ തള്ളി വീണ്ടും ഉൽപ്രേക്ഷ വരിക്കുന്നു .


പത്ത് : കൃതിയിലുടനീളം പറയുന്ന ഏകീകൃത മാസാരംഭം നടത്താൻ Newmoon 

ആരംഭമോ പിറകെയുള്ള സൂര്യോദയം മുതലുള്ള ആരംഭമോ പര്യാപ്തമാവാത്ത സാധ്യതകളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു.ന്യൂമൂൺ സമയത്ത് സൂര്യനിൽ നിന്ന് 108 ഡിഗ്രി പടിഞ്ഞാറുള്ള സുബ്ഹിരേഖക്ക് ( MORNING TWILIGHT LINE) കിഴക്കായി വരുന്ന പ്രദേശങ്ങളിൽപടിഞ്ഞാറിൽ തുടങ്ങിയതിന് അടുത്ത ദിവസം മാത്രമേ ചന്ദ്രമാസം ആരംഭിക്കുകയുള്ളൂ.  കഴിഞ്ഞ പോസ്റ്റിൽ ഉദാഹരണം പറഞ്ഞിരുന്നു. ന്യൂമൂണിനും ശേഷമുള്ള സൂര്യോദയത്തിനും ഇടയിലെ ഗ്യാപ്പ് ഫലത്തിൽ മുൻ മാസത്തിലേക്ക് തന്നെ ചേർക്കപ്പെടുകയാണ് കൃതിയിൽ . എന്നാൽ Newmoon ന്റെ അറബി ഹിലാൽ ആണെന്നും പറയുന്നു. അപ്പോൾ ഹിലാൽ ഉണ്ടായിട്ടും ഹിജ്റ മാസാരംഭം തുടങ്ങില്ല , പിറ്റേന്ന് കാലത്ത് സൂര്യൻ ഉദിച്ചിട്ടേ തുടങ്ങുകയുള്ളൂ എന്ന് പറയാൻ പുതിയ വഹ്‌യ് ഇറങ്ങുന്നുണ്ടോ ?

കാണുന്ന അഹില്ലയുടെ സാങ്കേതികമായ ആരംഭം കാണാത്ത ന്യൂമൂണും മതപരമായ പ്രാബല്യം പിറ്റേന്ന് കാലത്തെ സൂര്യോദയം മുതലാണെന്നും പറയാൻ മതിയായ ന്യായം എന്ത് ?

അതിനിടയിലെ ഗ്യാപ്പിനെക്കുറിച്ച് മതപരമായ വിശദീകരണം എന്താണ് ?

Newmoon എന്നതിന് ഹിലാൽ എന്നർത്ഥവും നൽകുമ്പോൾ ഹിലാൽ പിറന്നിട്ടും മാസം പിറക്കുന്നില്ലേ ?

സൂര്യോദയം എന്ന ഉപാധി ആര് വെച്ചു ?

എന്തിന് വെച്ചു ?



Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us