loader
blog

In Astronomy

By Shuaibul Haithami


ഖിബ്ല മാറ്റം , ദിനമാറ്റം : മക്ക മുതൽ ടെമറ്റാഗി വരെ .

  1. മാനവകലണ്ടർ ഒരു സമഗ്രപഠനം ( ഡോ . കോയക്കുട്ടി ഫാറൂഖി ) അലിമണിക്ഫാൻ  കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ ( സദ്റുദ്ദീൻ വാഴക്കാട് ) , ചന്ദ്രമാസപ്പിറവി (അലി മണിക്ഫാൻ ) ഹിജ്റമാസം ( ഡോ . പി എ കരീം )  തുടങ്ങിയ പുസ്തകങ്ങളുടെ പലപുറങ്ങളിൽ പറഞ്ഞുണ്ടാക്കിയ ഭൂഗോള ഖിബ്ലാചിത്രം എന്താണ് ?

( ( ഇങ്ങനെയാണത് :നടുവിൽ കഅബാലയം . അതിന്റെ കിഴക്കേയറ്റം +180 ° E അഥവാ IDL ൽ തീരുന്നു. പടിഞ്ഞാറേയറ്റം -180°W അഥവാ IDL ൽ തീരുന്നു. യുദ്ധഭൂമിയിൽ സൈനികൾ മുഖാമുഖം നിൽക്കുന്നത് പോലെ കിഴക്കുള്ളവർ പടിഞ്ഞാറോട്ടും പടിഞ്ഞാറുള്ളവർ കിഴക്കോട്ടും തിരിഞ്ഞ് നിന്ന് നമസ്ക്കരിക്കുന്നു. ഓരോ അണിയും മുഖം തിരിയാതെ പിറകിലോട്ട് അടിവെച്ച് നീങ്ങിയാൽ IDL ൽ വെച്ച് കിഴക്കുള്ളവരും പടിഞ്ഞാറുള്ളവരും ഊരക്ക് ഊരതട്ടി അവിടെ നിൽക്കും . റഷ്യയിലെ നമസ്കാരക്കാരും അലസ്കോയിലെ നമസ്കാരക്കാരും പിറകോട്ട് നീങ്ങിയാൽ പുറം തിരിഞ്ഞ് നിൽക്കുന്ന വിധം ഊരകൾ തട്ടിനിൽക്കും .
ആ മഹത്തായ ധ്രുവരേഖയാണ് ഖിബ്ലമാറ്റ രേഖ. 1884 ൽ തീരുമാനമായ ഈ രേഖ ഇസ്ലാം ശാസ്ത്രീയമാണെന്നതിന്റെ തെളിവാണ് . അതിനെ നിരാകരിക്കൽ ഹറാമാണ് ... ! ))

പ്രതികരണം :

ഒന്ന് :

പൊട്ടത്തെറ്റ് , പരമാബദ്ധം .
വാസ്തവത്തിൽ ഖിബ്ലമാറ്റ രേഖ എന്നൊന്ന് ഭൂമുഖത്ത് ഇല്ലേയില്ല , ഉണ്ടെങ്കിലല്ലേ ആ രേഖ lDL ആണോ അല്ലേ എന്ന ചർച്ച തന്നെ പ്രസക്തമാവുന്നുള്ളൂ. നാല് ഭാഗത്തേക്ക് തിരിഞ്ഞാലും ഖിബ്ലയുടെ ദിശ കിട്ടുന്ന ( ഒന്നിലേറെ ഖിബ്ലകൾ ഉള്ള )  രണ്ട് സ്ഥലങ്ങളേ ലോകത്തുള്ളൂ. കഅബാലയത്തിനകത്തും മറ്റൊന്ന് പസഫിക് സമുദ്രത്തിലെ Tematagi എന്ന പവിഴദ്വീപും ( അതേപ്പറ്റി അവസാന ഭാഗത്ത് പറയാം ). അല്ലാതെ ,ഖിബ്ലമാറ്റവും IDL ഉം തമ്മിൽ യാതൊരു ബന്ധവുമില്ല തന്നെ . അല്ലെങ്കിലും 24 മണിക്കൂർ കടലിലൂടെ ഭൂമിചുറ്റി യാത്ര ചെയ്യുന്നവർക്ക് ഒരു ദിവസം കുറഞ്ഞ് പോവാതിരിക്കാനുള്ള മാനുഷികോപായത്തെ പിടിച്ച് ഖിബ്ലമാറ്റ രേഖ എന്നൊക്കെ പറയുന്നത് ശുദ്ധമായ തെറ്റാണ് , എഴുതപ്പെട്ടത് ഏത് ഭാഷയിലാണെങ്കിലും .

മസ്ജിദുൽ ഹറാമിൽ ആളുകൾ കഅബക്ക് ചുറ്റിലും നിൽക്കുന്നത് വട്ടത്തിലാണ്.ഭൂമിയിൽ വെച്ച് നടക്കുന്ന മനുഷ്യരുടെ ആകെ നമസ്ക്കാരം  അതേമാതിരി വട്ടത്തിലാണ് സംഭവിക്കുന്നത് . ഓരോ പള്ളിയിലും , മൈതാനത്തും അണിനിൽക്കുന്നത് നേർരേഖയായിട്ടാണെങ്കിലും നമസ്ക്കാരങ്ങളെല്ലാം കൂടി വരുമ്പോൾ ഭൂമിയുള്ള ആകെ നമസ്ക്കാരക്കാരെല്ലാം വട്ടമിട്ട് കഅബാലയത്തെ വലയം ചെയ്തിരിക്കുന്നത് പോലെയാവും , ഭൂഗോള നമസ്കാരവൃത്തത്തിന്റെ കേന്ദ്രമാവുമപ്പോൾ കഅബാ മന്ദിരം , വിടർന്ന പുഷ്പം ഭൂമിയും , ദളങ്ങൾ ആഗോള നമസ്ക്കാരങ്ങളും , പൂമൊട്ട് കഅബയുമെന്ന പോലെ .
മക്കയെ ഭൂമിയുടെ കേന്ദ്രമാക്കി പരികൽപ്പിക്കാവുന്ന രൂപത്തിലാണ് വൻകരകളുടെയും നാഗരിക കേന്ദ്രങ്ങളുടെയും വിന്യാസം എന്നും മനസ്സിലാക്കാം.

ഭൂഗോള നമസ്ക്കാര ചിത്രം രണ്ടർദ്ധഗോളങ്ങളായല്ല വികസിക്കുന്നത്. നാല് പാദവൃത്തങ്ങളായാണ് . കഅ്ബാദിശ എന്നാൽ ടി. പുസ്തകങ്ങളിൽ നിന്നും കിട്ടുന്നത് കേവലം കിഴക്കും പടിഞ്ഞാറും എന്നല്ല അർത്ഥം. രേഖാംശം പരിഗണിക്കുന്നത് പോലെ അക്ഷാംശവും പരിഗണിച്ചാണ് ദിശ നിർണ്ണയിക്കുന്നത്. പടിഞ്ഞാറോട്ടേക്കോ കിഴക്കോട്ടേക്കോ നിൽക്കുമ്പോൾ തന്നെ വടക്കോട്ടോ തെക്കോട്ടോ ആനുപാതികമായ കണക്കനുസരിച്ച് ചെരിയേണ്ടി വരും, കോഴിക്കോട് നിന്ന് കഅബാ സൂത്രം കിട്ടാൻ പടിഞ്ഞാറോട്ട് നിന്ന് 21 ° വടക്കോട്ട് തെറ്റുന്നത് പോലെ .കഅബയുടെ ലാറ്റിറ്റ്യൂഡിൽ തന്നെ നിൽക്കുന്നവർ നേർവടക്കിലേക്കോ നേർതെക്കിലേക്കോ തെറ്റുകയാണ് വേണ്ടത്.
ഇത് കൃത്യമായി മനസിലാവാൻ ഭൂമിയെ നാല് മട്ടകോണുകളാക്കുക :
വടക്ക് പടിഞ്ഞാറ് , വടക്കുകിഴക്ക് , തെക്ക് പടിഞ്ഞാറ് , തെക്ക് കിഴക്ക്.
ഇവയിൽ കഅബ എവിടെയാണ് ?
മക്ക  സ്ഥിതി ചെയ്യുന്നത് ഭൂഗോളത്തിൽ  +21 ° 21 ' N , + 40 ° 14' E എന്ന സ്ഥാനത്താണ് . അഥവാ ഭൂമധ്യരേഖയുടെ 21 ഡിഗ്രി 20 മിനുട്ട് വടക്കും ഗ്രീനിച്ച് രേഖയുടെ 40 ഡിഗ്രി 14 മിനുട്ട് കിഴക്കും കൂട്ടിമുട്ടുന്ന ബിന്ദുവിലാണ് ആ വിശുദ്ധഭൂമിക. അപ്പോൾ വടക്കുകിഴക്കൻ പാദവൃത്തത്തിലാണ് മക്ക .

ഇനി ഭൂമിയിൽ മറ്റു രാഷട്രങ്ങൾ എവിടെയാണെന്നറിയാൻ നാല് ദിശയും അടയാളപ്പെടുത്തിയ വൃത്തത്തിൽ , വടക്ക് നിന്ന് ക്ലോക്കിന്റെ സൂചി തിരിക്കുന്ന ദിശയിൽ കോണളന്ന് ,
പൂജ്യംഡിഗ്രി : വടക്ക് , ശേഷം 90 ഡിഗ്രി വരെ : വടക്ക് കിഴക്ക് ,  90 ഡിഗ്രി : കിഴക്ക് , ശേഷം 180 വരെ : തെക്ക് കിഴക്ക് , 180 ഡിഗ്രി : തെക്ക് , ശേഷം 270 ഡിഗ്രി വരെ : തെക്ക് പടിഞ്ഞാറ് , 270 ഡിഗ്രി : പടിഞ്ഞാറ് , ശേഷം 360 വരെ : വടക്ക് പടിഞ്ഞാറ് എന്നിങ്ങനെ മനസ്സിലാക്കിയാൽ മതി.
അപ്പോൾ ചർച്ചയിലെ റഷ്യക്കാർ വടക്കുകിഴക്കിലും യുഎസ്എക്കാർ വടക്കുപടിഞ്ഞാറിലുമാണെന്ന് മനസ്സിലാക്കാം .

കഅബയുടെ മുറ്റത്ത് വെച്ച് നമസ്ക്കരിക്കുന്നവർ കഅബയുടെ നാലാലൊരു ചുവരിലേക്ക് ( عين القبلة ) നെഞ്ചും മുഖവും തിരിഞ്ഞ് വേണം നമസ്ക്കരിക്കാൻ. ദൂരത്തുള്ളവർ തത്വത്തിൽ കഅബയുടെ നാല് മൂലകകളിൽ ഏതെങ്കിലുമൊന്നിന്റെ സൂത്രം (سمت القبلة) കണ്ടെത്തി ആ ദിശയിലേക്ക് ( جهة القبلة) തിരിയലാണ് രീതി. ഓരോ രാഷ്ട്രക്കാർക്കും കഅബാപോയിന്റിലേക്കുള്ള ദിശാപരിധി എങ്ങനെയാണെന്നറിയാത്തതോ ഓർക്കാത്തതോ ആവാം ഇവിടെ ഒന്നാമത്തെ പ്രശ്നം .

സ്വീകാര്യമായ മൂന്ന് രീതികളാണവിടെയുള്ളത് .

1 : ഒരാൾ കഅബയുടെ നാലാലൊരു ഭാഗത്തേക്ക് തിരിഞ്ഞ് നിന്നാൽ അയാളുടെ വലത് ഭാഗത്തേക്കുള്ള 45 ഡിഗ്രിയുടെയും ഇടതുഭാഗത്തേക്കുള്ള 45 ഡിഗ്രിക്കുമിടയിലെ ഭാഗം. ഒരു വൃത്തത്തിന്റെ നാലിലൊന്നെന്ന് ചുരുക്കം.

2 : കഅബയുടെ കിഴക്ക് ഭാഗത്തുള്ളവരുടേത് ( മിഡിൽ ഈസ്റ്റ് മുതൽ സൈബീരിയ അടക്കം ലോംഗിറ്റ്യൂഡ് 180 E വരെ ) : സൂര്യൻ അതിന്റെ വാർഷിക പരിക്രമണത്തിൽ 6 മാസം വടക്കോട്ടും ആറു മാസം തെക്കോട്ടും സഞ്ചരിക്കുന്നതിന്റെ പരമാവധിയായ രണ്ട് അയനബിന്ദുക്കളിലേക്കുള്ള ( STOLSTICES ജൂൺ 22 , ഡിസംബർ 22 ) ദൂരമായ 23.5 ° + 23 . 5 ° = 47 ° .കലയും വികലകളും കൂട്ടി 48 ° പരിഗണിക്കപ്പെടുന്നു.

3 : മുഖത്തിന്റെ ഒരംശം കഅബാ മന്ദിരത്തിന്റെയോ അതിന്റെ അന്തരീക്ഷത്തിന്റേയോ നേരെയാക്കുക. അങ്ങനെ അഭിമുഖമായി നിൽക്കുന്ന വ്യക്തിയുടെ സൂത്രത്തിൽ വരക്കുന്ന വരക്ക് കുറുകേ ഇടത്തോട്ടും വലത്തോട്ടും  സങ്കൽപ്പിക്കാവുന്ന നേർരേഖയുടെ ( മട്ടകോൺ
ആവത്തക്കവിധം ) മുഴുവൻ പരിധിയും.

ഖിബ്ലാ ദിശ കണ്ടെത്തുന്നതും മാറ്റുന്നതും IDLനെ ഒരർത്ഥത്തിലും ബന്ധപ്പെടുന്നില്ല .
ഓരോ ഇടത്തിന്റെയും ചക്രവാളത്തിലെ ഒരു നിർണ്ണിത ബിന്ദുവാണ് ഖിബ്ലാസൂത്രം. നമസ്ക്കരിക്കാൻ നിൽക്കുന്നവൻ തന്റെ നെറുകെയിലൂടെ കൃത്യമായ ഒരു കിഴക്കുപടിഞ്ഞാറ് രേഖ വരക്കുന്നു ( PRIME VERTICAL LINE). ( വടക്കുനോക്കി ഉപയോഗിച്ച് ധ്രുവനക്ഷത്രത്തിന്റെ നേരെ വടക്കായി നിർണ്ണയിച്ച് - ഗ്ലോബിന്റെ അച്ചുതണ്ടിന്റെ എതിർവശം - വടക്കിലേക്ക് തിരിയുന്നവന്റെ ഇടതു ഭാഗമാണ് പടിഞ്ഞാറ് ) . ആ രേഖ വ്യക്തിയുടെ ചക്രവാള വൃത്തത്തിന്റെ പടിഞ്ഞാറിലും കിഴക്കിലും ഖണ്ഡിക്കും. ശേഷം , അതേ സ്ഥാനത്ത് നിന്ന് തന്റെയും കഅബയുടെയും നെറുകയിലൂടെ ( അക്ഷാംശം പരിഗണിച്ച് ) ഒരു നേർരേഖ വരക്കുന്നു . ഈ രേഖയും വ്യക്തിയുടെ ചക്രവാളവൃത്തത്തിന്റെ പടിഞ്ഞാറിലും കിഴക്കിലും ഖണ്ഡിക്കും. രണ്ട് വശത്തും കോണുകൾ രൂപപ്പെടുന്നു. ശേഷം , ടി.പ്രദേശത്തിൽ നിന്ന് മക്കയിലേക്കുള്ള സമീപദിശ ഏതാണെന്ന് നോക്കി കിഴക്കോ പടിഞ്ഞാറോ തെരെഞ്ഞെടുക്കുന്നു . ശേഷം , തെരെഞ്ഞെടുക്കപ്പെട്ട ദിശയുടെ ( പടിഞ്ഞാറ് / കിഴക്ക് ) ഭാഗത്തെ ചക്രവാള വൃത്തത്തിൽ , നേരത്തെ വരച്ച രേഖകളുണ്ടാക്കിയ കോണളവ് എത്രയാണോ അത്രയും ഡിഗ്രി തെക്കോട്ടേക്കോ വടക്കോട്ടേക്കോ തെറ്റുന്നു. മക്കയുടെ അക്ഷാംശമായ + 21 ° 21' N നേക്കാൾ വടക്കുള്ളവർ തെക്കോട്ടും തെക്കുള്ളവർ വടക്കോട്ടും എന്ന രൂപത്തിൽ .
( ചിത്രം 3 കാണുക )
മക്കയുടെ അക്ഷാംശം ഒത്ത വ്യക്തിക്ക് നേരെ കിഴക്കോ പടിഞ്ഞാറോ ആവും , രേഖാശം ഒത്തവന് നേരെ തെക്കോ വടക്കോയും . രണ്ടുമൊത്ത വ്യക്തിക്ക് നാലുഭാഗത്തേക്കും തിരിയാം . കഅബയിൽ നിന്ന് തുടങ്ങി അതിന്റെ നേരെ എതിർവശത്ത് ഭൂവ്യാസ രേഖയോട് സന്ധിക്കുന്ന Point ആണത്. ടെമറ്റാഗി ( -140 ° 10 ' W , -21°25 'S) എന്ന ഫ്രഞ്ച് കോളനിയായ പവിഴദ്വീപാണത്.
അതൊരു ധ്രുവരേഖയല്ല , ബിന്ദുവാണ് . അവിടെ വെച്ച് വേണെങ്കിൽ ഖിബ്ലാ ദിശമാറാം . അതിലെവിടെയും നിർണ്ണയിക്കാനോ മാറ്റാനോ  IDL ന് അഞ്ച് പൈസയുടെ റോളില്ല തന്നെ .
ഇത് കണ്ടെത്താൻ ഇന്ന് സുലഭമായ GPS ആപ്ലിക്കേഷനുകളും പല കോംപസുകളും അതിന്റെ പ്രോഗ്രാമിംഗ് നിർവ്വഹിപ്പിച്ചവരുടെ കാഴ്ചപ്പാടുകൾക്കൊത്ത് മാറ്റം കാണിക്കുന്നതിനാൽ പലതും വിശ്വസനീയമല്ല. പസഫിക് രാഷ്ട്രങ്ങളുടെ കാര്യത്തിൽ IDL ആധാരമാക്കി തയ്യാറാക്കിയവയും അക്കൂട്ടത്തിൽ ഉണ്ട്. അതിനാൽ പരമ്പരാഗത രീതികളായ ത്രികോണമിതി സൂത്രവാക്യങ്ങൾ , ലോഗരിതം , നിഴലളക്കുന്ന പാദമട്ടം ( Quadrant) , ദാഇറതുൽ ഹിന്ദിയ്യ എന്ന ചുംബികാ പ്രയോഗം , സൂര്യഛായ രീതി ( Sun Dial System ) തുടങ്ങിയവ ( മറ്റൊരു കുറിപ്പിൽ വിശദീകരിച്ചിരുന്നു ) അവലംബിക്കലോ അതവലംബിക്കുന്നവരെ അനുകരിക്കലോ ആണ് ഏറ്റവും കൃത്യം.

രണ്ട് :

അലി മണിക്ഫാൻ ഉദാഹരിച്ചത്  IDLന്റെ പടിഞ്ഞാറേ അറ്റമായ റഷ്യയിലെയും കിഴക്കേ അറ്റമായ അലസ്കായിലേയും പള്ളികളിൽ നിൽക്കുന്നവർ പിറകോട്ട് തിരിഞ്ഞ് നടന്നാൽ പിൻഭാഗവും പിൻഭാഗവും തട്ടി നിൽക്കും എന്നാണ് ! അതായത് , ഭൂമിയുടെ ഫ്ലാറ്റ് മാപ്പ് നിവർത്തിവെച്ച് IDL ൽ നിന്ന് കിഴക്കോട്ടേക്കും പടിഞ്ഞാറോട്ടേക്കും നേർക്കുനേരെ കഅബയിലേക്ക് അമ്പെയ്യാൻ നിൽക്കുന്നത് പോലെ ഒരൊറ്റ സങ്കൽപ്പം ! വാസ്തവത്തിൽ , ആ രണ്ട് പ്രദേശങ്ങളിലെയും ഖിബ്ലാ സൂത്രം ഏകദേശം ഒന്ന് തന്നെയാണെന്നതാണ് വാസ്തവം . പടിഞ്ഞാറോട്ടേക്ക് നിന്ന് ഇടതുഭാഗത്തേക്ക് തിരിയൽ . മറ്റൊരുഭാഷയിൽ ഭാഷയിൽ പറഞ്ഞാൽ വടക്കിൽ നിന്ന് വടക്കിലേക്ക് തന്നെ നിന്ന് തെക്കോട്ടേക്ക് ചെരിയൽ . അല്ലാതെ കിഴക്കോട്ടേക്കും പടിഞ്ഞാറോട്ടേക്കും പുറംതിരിഞ്ഞല്ല അവിടെ നിൽക്കൽ .
( ചിത്രം 4 കാണുക )
ഇവിടെ , ഖിബ്ലാദിശമാത്രമല്ല , കാൽക്കുലേലേഷനിലും കൃത്യമായ പിഴവുണ്ട്. കാരണം , ഇനി , കിഴക്കോട്ടേക്കും പടിഞ്ഞാറോട്ടേക്കും പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു രേഖ വേണ്ടതുണ്ടെന്ന് വെറുതെ രസത്തിന് സങ്കൽപ്പിച്ചാൽ തന്നെ അതൊരിക്കലും IDL ആവുകയുമില്ല. കഅബാലയം ലണ്ടനിലായിരുന്നുവെങ്കിൽ സാധ്യത ചിന്തിക്കാമായിരുന്നു.
കാരണം മക്കയുടെ കിഴക്കും പടിഞ്ഞാറും എന്നാണല്ലോ ഖുർആനിൽ പറഞ്ഞതിന്റെ സാരം .
അപ്പോൾ ധ്രുവരേഖകളിൽ മക്കയെ പൂജ്യം ഡിഗ്രിയായി സങ്കൽപ്പിച്ചാൽ അതിന്റെ നേർമറുപുറമായിരിക്കും ( Antipodal) ആ കേന്ദ്രം. പക്ഷെ അക്ഷാംശത്തിന്റെ മറുപുറം കൂടി പരിഗണിക്കുമ്പോൾ അതൊരു രേഖയാവില്ല , ബിന്ദുവാകും . ആ പോയിന്റാണ് നടപ്പറഞ്ഞ Tematagi . അവിടെ നിന്ന് മാത്രമേ പുറം തിരിയൽ സാധ്യമാവൂ . പക്ഷെ പുറം തിരിയാതെ , മുമ്പിലുള്ളവരുടെ പിരടിനോക്കിയും Tematagi യിൽ നമസ്ക്കരിക്കാം. കാരണം അവരുടെ ചക്രവാളത്തിന്റെ കിഴക്കിലൂടെയും പടിഞ്ഞാറിലൂടെയും മക്കയിലേക്ക് 180° ആയിരിക്കും ദൂരം.
വടക്കിലൂടെയും തെക്കിലൂടെയും 90 ° ഡിഗ്രിയും. ഈ അടിസ്ഥാനതത്വം ഓർക്കാത്തത് കൊണ്ടോ , IDL നെ ദിവ്യസൃഷ്ടിയായി വാഴ്ത്താനുള്ള വ്യഗ്രത കൊണ്ടോ, അല്ലെങ്കിൽ ചില യൂറോപ്യൻ മുഫ്തിമാരെ വസ്തുതാപരിശോധനയില്ലാതെ അനുകരിച്ചത് കൊണ്ടോ മറ്റോ ആവാം - യു എസ് എയിലെ അലസ്കയിൽ നിന്ന് നമസ്ക്കരിക്കുന്നവൻ കിഴക്കോട്ടേക്ക് തിരിയണം എന്നൊക്കെ പറയുന്നത്. അലസ്ക ( -154.49 W ) സംസ്ഥാനത്തിന്റെ പടിഞ്ഞാറേ അറ്റം -160 ° W വരെ എത്തുന്നുണ്ട്. അവർക്ക് കിഴക്കിലൂടെ മക്കയിലേക്ക് തിരിഞ്ഞാൽ, ഗ്രീനിച്ചിലേക്ക് 160 + അവിടെ നിന്ന് മക്കയിലേക്ക് 40 = 200 അതായത് 199 മെറിഡിയനുകൾ മറികടക്കണം . റഷ്യയുടെ കിഴക്കേ അറ്റത്തുള്ളവരെപ്പോലെ പടിഞ്ഞാറിലേക്ക് തിരിഞ്ഞാൽ, IDLലേക്കുള്ള 20 + അവിടെ നിന്ന് മക്കയിലേക്കുള്ള 140 = 160 അഥവാ 159 മെറിഡിയനുകൾ മറികടന്നാൽ മതി.
അതായത് ഏകദേശം  4452 ( 111.321 x 40 ) കിലോമീറ്ററിന്റെ വ്യത്യാസം .
അത്കൊണ്ടാണ് റഷ്യയുടെ കിഴക്കേ അറ്റത്തെ Anadyr നഗരത്തിലെ ( +177 . 49 E ) മസ്ജിദിനും അല്കായിലെ മസ്ജിദിനും ഒരേ ഖിബ്ലാദിശയാവുന്നത് . ജോഗ്രഫിക്കലീGMT +9 ൽ കിടക്കുന്ന ( IDL പ്രകാരം GMT - 14 ) KIRBATI ക്കും ഇതേ ഖിബ്ല ദിശയാണ്.അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ മറ്റുഭാഗങ്ങളിലെ ഖിബ്ല വടക്കുകിഴക്കും തെക്കുകിഴക്കുമാണ്.
എന്നാൽ , അവിടെ വെച്ച് ഊരയും ഊരയും കൂട്ടിമുട്ടാൻ സാധ്യതയുണ്ടോ എന്ന് ചിന്തിക്കണ്ട .
കാരണം തുടക്കത്തിലേ പറഞ്ഞത് പോലെ , അക്ഷാംശങ്ങൾ കൂടി പരിഗണിക്കുമ്പോൾ നേർരേഖ ആവുന്നത് അക്ഷാംശമോ രേഖാംശമോ ഒക്കുന്ന പരിമിതമായ സ്ഥലങ്ങളിലായിരിക്കും. ബാക്കി മുഴുവൻ ചെരിഞ്ഞും ചാഞ്ഞുമാകും. ടി.പുസ്തകങ്ങളിൽ പറയപ്പെട്ടത് പോലെയാണ് കാര്യമെങ്കിൽ തെക്കിലും വടക്കിലും ഉള്ളവർ എങ്ങനെയാണ് നിൽക്കേണ്ടത് , കഅബയെ ശരീരത്തിന്റെ ഇടതു / വലതു പാർശ്വങ്ങളിലാക്കിയിട്ടാണോ , അതോ കഅബയിലേക്ക് മുഖം തിരിച്ച് തന്നെയോ ? മുഖം തിരിച്ചാണെങ്കിൽ വടക്കും തെക്കും കൂട്ടിമുട്ടി , പിറകും പിറകും പികാ - പികമാവുന്ന മറ്റൊരു 'ഖിബ്ലാമാറ്റ IDL ' കൂടി വേണ്ടി വരില്ലേ , ഭൂമധ്യരേഖയിലാണോ അത് സങ്കൽപ്പിക്കുക ! എന്തൊരബദ്ധമാണവർ പറഞ്ഞ് വെക്കുന്നത് !

യഥാർത്ഥത്തിൽ , കഅബാലയവും ഭൂഗോള നമസ്ക്കാരവും സംഭവിക്കുന്നത് എങ്ങനെയാണെന്ന് ഇനിയും മനസ്സിലാവാത്തവർക്ക് വേണ്ടി സാദാരണ പറയപ്പെടാറുള്ള ഒരു ഉദാഹരണം പറയാം. കഅബയെ ഭൂമിയുടെ ഒരു ധ്രുവമായി സങ്കൽപ്പിക്കുക, ഉത്തരധ്രുവം പോലെ . അതിന് ചുറ്റിലും ചെറിയൊരു അക്ഷാംശവൃത്തം പോലെ ചെറിയൊരു നമസ്ക്കാര സ്വഫ്. ധ്രുവത്തിൽ നിന്നും അകലുന്തോറും അക്ഷാംശവൃത്തം വലുതാവുന്നത് പോലെ കഅബയിൽ നിന്നും അകലുന്തോറും നമസ്ക്കാരവൃത്തം വലുതാവുന്നു. ഏറ്റവും വലിയ അക്ഷാംശവൃത്തം ഭൂമധ്യ രേഖയാണെന്നത് പോലെ , കഅബയുള്ള അർദ്ധഗോളം പൂർണ്ണമാവുന്ന സ്ഥലത്ത് ഏറ്റവും വലിയ നമസ്ക്കാരവൃത്തം ഉണ്ടാവുന്നു. ഒരു ഭാഗത്ത് ഏഷ്യാഓഷ്യാനയും മറുഭാഗത്ത് അറ്റ്ലാന്റിക്കുമായിട്ടായിരിക്കും ആ 360 ° വട്ടം .
ശേഷം , നമസ്ക്കാര വൃത്തം ചെറുതായി വരുന്നു. South Pole ന്റെ ഭാഗത്തെത്തുമ്പോൾ അക്ഷാംശവൃത്തം ചെറുതാവുന്നത് പോലെ . ക്രമാനുഗതമായി നമസ്ക്കാര വൃത്തം ചെറുതായി ചെറുതായി ഒടുവിൽ , അക്ഷാംശവൃത്തം തെക്കൻ ധ്രുവത്തിൽ തീരുന്നത് പോലെ, നേരത്തെപ്പറഞ്ഞ പസഫിക്കിലെ Tematagi പവിഴദ്വീപിൽ ചെന്ന് മറുധ്രുവം മുട്ടുന്നു. അവിടെ ഒരു പോയിന്റിൽ വെച്ച് നമസ്ക്കരിക്കുന്നവർക്ക് വേണമെങ്കിൽ പുറം തിരിഞ്ഞും നിൽക്കാം.

::

ഹിജ്റ കലണ്ടറുമായി , മാസനിർണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ 'ഇജ്തിഹാദീ' ആണെന്ന് കരുതുന്ന ഗ്രന്ഥകർത്താക്കൾക്ക് സ്വന്തം ഗവേഷണങ്ങൾസംവാദാത്മകമായി സമൂഹത്തോട് പറയാം . ശരികളും ശരികേടുകളും അതിൽ സ്വാഭാവികം . പക്ഷെ , ഖിബ്ലയുമായി ബന്ധപ്പെട്ട ഇത്തരം കണ്ടെത്തലുകൾ വസ്തുനിഷ്ഠമായി ശരിയല്ലാത്തതിനാൽ തുടർ പതിപ്പുകളിൽ നിന്ന് അത്തരം പരാമർശങ്ങൾ ഒഴിവാക്കിയെങ്കിൽ.. എന്നാഗ്രഹിക്കുന്നു .
അല്ലെങ്കിൽ സചിത്രം സലക്ഷ്യം അവതരിപ്പിക്കട്ടെ .
ان اريد إلا الإصلاح مااستطعت

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us