loader
blog

In Ideal

By Shuaibul Haithami


ഇസ്‌ലാമികത : പ്രദേശികത , വർത്തമാനം .

ആഗോള ഇസ്ലാം എന്നാൽ പ്രാദേശിക ഇസ്ലാമുകളുടെ സമാഹാരമാണ് . സ്വയം അതിജീവന ശക്തിയും ആന്തരിക ചൈതന്യവുമുള്ള സൃഷ്ടിയാണ് ഇസ്ലാം എന്ന വ്യവസ്ഥ. ചെന്നെത്തുന്ന ഇടങ്ങളോട് അനുഗുണമാം വിധം സ്വയം പാകപ്പെടാനുള്ള വിധാനത ഇസ്ലാമിന്റെ അകത്ത് തന്നെയുണ്ട്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഘടനാത്മക വ്യവഹാരങ്ങളും വിദ്യാഭ്യാസ ക്രയവ്യയങ്ങളും ആഗോള ഇസ്ലാം ചലനങ്ങൾക്കനുസരിച്ച് പുന:ക്രമ കറിക്കപെടേണ്ടതുണ്ടെന്ന വാദങ്ങൾ പ്രൈംലൈനിൽ വരുന്നതാണ് പുതിയ പ്രവണതകൾ . രണ്ട് കാര്യങ്ങൾക്കാണവിടെ ഉത്തരം കിട്ടാനുള്ളത് , അങ്ങനെയൊരു സാർവ്വഭൗമിക വ്യവസ്ഥയാണോ ഇസ്ലാം മുന്നോട്ട് വെക്കുന്ന നാഗരികക്രമം എന്നതും നിലവിൽ അങ്ങനെയൊരു റോൾമോഡലായ ആഗോള ഇസ്ലാം പതിപ്പ് ഉണ്ടോ എന്നതും. രണ്ടിനും അല്ല , ഇല്ല എന്നതാവും ഉത്തരം. 


പ്രാദേശികത്വം : ആചരണ വ്യവഹാരം.



പ്രാദേശികത്വം ഇസ്ലാമിക ക്രയവ്യയങ്ങളിലും നിയമനിർവ്വഹണങ്ങളിലും എങ്ങനെയാണ് ഇടം നേടുന്നത് എന്നത് സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാകേണ്ടതുണ്ട്. വൈവിധ്യം ഇസ്ലാം മുന്നോട്ട് വെക്കുന്ന പ്രധാന ആശയമാണ്. ഏകധാനത അഥവാ വ്യത്യസ്തതയില്ലായ്മ തൗഹീദിലാണുള്ളത്. രിസാലതിലും ശാഖാപരമായ നിയമങ്ങളിലും ഭാഷ, വംശം , കാലം , സംസ്ക്കാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മാത്രമേ ഒരു " പാൻ ഇസ്ലാം പതിപ്പ് " സാധ്യമാവുകയുള്ളൂ . കർമ്മശാസ്ത്രത്തിൽ മാത്രമല്ല , ആധ്യാത്മികതയിലും സാഹചര്യാനുസാരിയായ ഇലാസ്തികതയിൽ രൂപപ്പെടുത്തപ്പെട്ട ആചരണ - ആലാപന രീതികളാണുള്ളത്." ആഗോള ഇസ്ലാമിക സങ്കൽപ്പം "ഒരു ആധുനിക ആശയവും അപ്രായോഗികവുമാണ്. ആഗോളീയ വാണിജ്യ ഏകോപനം സാധ്യമാക്കാനുള്ള ലിബറൽ ലോകവായനയുടെ മതപ്പതിപ്പാണത്. കേരളത്തിന്റെ ഇട്ടാവട്ടത്തിലിരിക്കുന്ന "മുസ്ല്യാക്കന്മാർ കഥയെന്തറിഞ്ഞു " എന്ന തരത്തിൽ ഇടക്കിടെ പുറപ്പെടുന്ന ക്ലീഷേകൾ സന്ദേശദായിയായ ആശയമല്ല , പരിഹാസം മാത്രമാണ്. കേരളത്തിലെ സാമാന്യം ഭദ്രമായ ഇസ്ലാമിക ചട്ടക്കൂടിന്റെ തനിമ ഇല്ലാതാക്കിക്കൊണ്ട് ഇല്ലാത്ത ഒരാഗോള ഇസ്ലാമിക പതിപ്പാകാനുള്ള ഉൽസാഹം ഉള്ളതും ഇല്ലാതാവാനേ നിമിത്തമാവൂ.ആഗോള തലത്തിലെ ഇസ്ലാം എന്നാൽ വിവിധ പ്രാദേശിക ഇസ്ലാമീ രീതികളുടെ സഹവർത്തിത്വമാണ് , അല്ലാതെ സംയോജനമല്ല , അത് സാധ്യവും അല്ല , അതിന്റെ ആവശ്യമില്ല . എന്നല്ല , അത് ഇസ്ലാമികാധ്യാത്മികമായ ബഹുസ്വരതയെ ഇല്ലാതെയാക്കാനുള്ള " സിൻക്രറ്റിക് " ഫിലോസഫിയുടെ ഗൂഢാലോചനയാണ്.സിൻക്രറ്റിസവും പ്രിസ്ക തിയോളജിയുമാണ് ഒന്നാം ഘട്ടത്തിൽ ഹദീഥ് നിഷേധമായി ഇവിടെ എത്തിയത്. സർവ്വ ഇസ്ലാം ശരിവാദമായും ദേശീയ ഇസ്ലാം ലിബറൽ വാദമായും വിശാല ലാ ഇലാഹ ഇല്ലല്ലാഹ് സമൂഹമായും മാറുന്ന ഇസ്ലാമിക് ഇൻഡിവിജലിസമാണ് പുതിയ കാലത്തെ പ്രധാന മതഭീഷണി. സോഷ്യൽ മീഡിയയിലെ "ഉമ്മതിൻ കായ " ദീനിന്റെ തനിമ ഭംഗപ്പെടുത്തുന്ന വിഷക്കായകളാണ്. 


പ്രാദേശികത്വത്തിന്റെ മറ്റൊരുദാഹരണം നോക്കാം ,ഒരു ത്വരീഖതിന്റെ തന്നെ "കോർവ്വയിൽ " വ്യത്യസ്ത അദ്കാറുകളാണ് വ്യത്യസ്ത നാടുകളിൽ പ്രചരിതമായത് .അപ്പോൾ , ആത്മീയഗുരുക്കന്മാരായ മാശാഇഖുമാർ അവരുടെ ശിഷ്യന്മാർക്ക് അവരുടെ ദേഹ - ഭൂ - ആരോഗ്യ പ്രകൃതത്തിനെതിരാവാത്ത അദ്കാറുകളായിരുന്നു നിർദ്ദേശിച്ചിരുന്നത്.വ്യത്യസ്ത ഭൂപ്രദേശക്കാർക്ക് വ്യത്യസ്ത വേദവും നിയമവുമായതിന്റെ പൊരുളിന്റെ ഭാഗം തന്നെയാണത്. ഒരു നാട്ടിൽ വിശ്രുതമായ മൗലിദായിരിക്കല്ല , രചയിതാവ് ഒരാൾ തന്നെ ആയാലും , മറ്റൊരുനാട്ടിൽ വിശ്രുതമായത്. ഈരടികൾ ഒന്നാണെങ്കിലും ഈണം വ്യത്യസ്തമാവും ചിലപ്പോൾ.വ്യക്തി , കാലാവസ്ഥ , ഭൂമിശാസ്‌ത്രം തുടങ്ങിയ അനവധി ഘടകങ്ങൾക്ക് അവിടെ സ്വാധീനമുണ്ട്. ഉദാഹരണത്തിന് ആഫ്രിക്കക്കാർക്ക് ദീർഘശ്വാസ സാധകം കൂടുതൽ സാധ്യമാവുന്നതിനാൽ അവർക്ക് ഉച്ചസ്ഥായീശബ്ദങ്ങൾ അനായേസേനെ എടുക്കാൻ പറ്റും . " മജ്ഹൂർ ശദീദ് " ആയ അക്ഷരങ്ങൾ അവർക്ക് ഫേവറുകളാവും .

 ആഫ്രിക്കൻ ഖാരിഉകളെയും പാട്ടുകാരെയും കേട്ടാൽ ആ മാറ്റം മനസ്സിലാക്കാം . ചരിത്രത്തിലെ ബിലാൽ (റ) മുതൽ ഖാരീ അബ്ദുൽ ബാസിത്വ് അടക്കം സെനഗലുകാരൻ മുഹമ്മദ് അത്തൂർ വരെ നമ്മുടെ മുമ്പിലുണ്ട് .

അതേസമയം കിഴക്കനേഷ്യൻ പ്രദേശത്തുകാർ പതുങ്ങിയ സ്വരമുള്ളവരാണ് . അവർക്ക് 

" മഹ്മൂസ് റഖ്വ "യായ സ്വരങ്ങളാണ് ഫേവറുകളാവുക. പാശ്ചാത്യർക്ക് അക്ഷരസ്ഫുടതയേക്കാൾ ഉച്ചാരണ വേഗതയാണുണ്ടാവുക. മിഡിലീസ്റ്റ് എല്ലാറ്റിന്റെയും മധ്യമസ്വഭാവത്തിലാണ്.

പാരായണം ആരാധനയായ വിശുദ്ധ ഖുർആൻ മിഡിലീസ്റ്റ് കേന്ദ്രീകരിച്ച് അറബിയിറങ്ങിയതും - അത് തന്നെ ഏഴ് സ്ലാങ്ങുകളെ പരിഗണിച്ചതും അക്കാരണത്താൽ കൂടിയാണ്.




 പ്രാദേശികത്വവും അച്ചടക്കവും.



ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഇസ്ലാമിക - വിദ്യാഭ്യാസ - സംഘടനാരീതികളിൽ ഓരോരുത്തരും തങ്ങളുടെ തന്മയത്വം നിലനിർത്തുന്നത് കാണാം. ഇതര രീതികളുമായുള്ള ധാരണയോ സഹകരണമോ സാധ്യമാക്കുമ്പോഴും അസ്തിത്വം ഇല്ലാതാക്കുന്ന ഒരു പ്രവണതയും വ്യവസ്ഥാപിത മതകേന്ദ്രങ്ങൾ അനുവദിക്കാറില്ല. അതിലാണ് വൃത്തിയുള്ളത്.കേന്ദ്രം അല്ലെങ്കിൽ കേന്ദ്രബിന്ദു ഒന്നായിക്കൊണ്ട് വ്യത്യസ്ത വൃത്തപരിധികൾ വരക്കാം . പക്ഷെ പരിധി ഒന്നായിക്കൊണ്ട് വ്യത്യസ്ത കേന്ദ്രങ്ങൾ വരക്കാനാവില്ല.കേന്ദ്രമനുവദിക്കുന്ന അകലമാണ് പരിധിയുടെ അസ്തിത്വം. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചുറ്റും രൂപംകൊണ്ട വൃത്തത്തിനും ഇത് തന്നെയാണ് നിയമം. വൃത്തവും ചുറ്റുവട്ടവും രണ്ടാണ്. ചുറ്റുവട്ടം ഉരുണ്ട രേഖ മാത്രമാണ്. കേന്ദ്രമില്ലാത്ത വട്ടത്തിൽ അച്ചടക്കം ഉണ്ടാവില്ല. സമസ്ത ചുറ്റുവട്ടമല്ല , വൃത്തമാണ് , അതായത് വൃത്തിയുള്ള ചുറ്റുവട്ടം .കേന്ദ്രത്തിൽ നിന്നും മുനതെന്നിയതിന് ശേഷം വൃത്തത്തെ വെടിപ്പാക്കാൻ ശ്രമിക്കുന്നത് ലോജിക്കൽ ഫാലസിയാണ്.

"മുശാവറ " എന്ന ഉലമാ കൗൺസിലാണ് കേന്ദ്രം . സയ്യിദ് ജുഫ്രി മുത്തുക്കോയ തങ്ങൾ എന്ന മനുഷ്യനാണിപ്പോൾ കേന്ദ്രബിന്ദു. ഉലമാഇനെ നിരുപാധികമായി അനുസരിക്കാനും നിർദോഷകരമായി മനസ്സിലാക്കാനും മനസ്സിനെ പാകപ്പെടുത്തലാണ് ചെറിയൊരു വലിയ കാര്യം . എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കാൻ മനുഷ്യരാർക്കും പറ്റില്ല.

അപ്പോൾ ഒന്നിച്ച് പോവാനുള്ള സൗകര്യത്തിനാണല്ലോ വൃത്തകേന്ദ്രം .അച്ചടക്ക രാഹിത്യങ്ങളെ ആഗോള സൈദ്ധാന്തികതയുടെ മറവിൽ ന്യായീകരിക്കുന്നത് ശരിയല്ല. ഇന്നത്തെ പലരീതികളും പുന:ക്രമീകരണം തേടുന്നുണ്ടെന്ന വസ്തുത ചർച്ചയാവേണ്ടതുമാണ്.



വിദ്യാഭ്യാസ പുന:ക്രമീകരണം .



ഒരുഭാഗത്ത് ,രാഷ്ട്ര - സമൂഹ നിർമ്മിതിയിൽ ഉയർന്ന പദവികളായി പരിഗണിക്കപ്പെടുന്ന തൊഴിലിടങ്ങൾ എംഗേജ് ചെയ്യാൻ പര്യാപ്തരായ അഭ്യസ്ത വിദ്യരെ ഉൽപ്പാദിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ . തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നിർമ്മാതാക്കളും മെത്തഡോളജി ഡിസൈനേഴ്സുമായി അവർ വളരണം.

അവിടെ മത പ്രതീകങ്ങളോട് ഭവ്യതയും ആദരവും അനുസരണയും ഉണ്ടാവുന്ന തരത്തിൽ ആവശ്യമായ തസ്കിയതോടെ കുട്ടികളെ പാകപ്പെടുത്തണം .

ഇവർക്ക് മതബിരുദമോ വിധിതീർപ്പ് കൽപ്പിക്കാനുള്ള സനദോ നൽകരുത്.

സാമുദായിക പ്രതിബദ്ധതയുള്ള പ്രഫഷണൽസാവണം ഉൽപന്നങ്ങൾ , നാടൻ ഭാഷയിൽ - ഐ എ എസ്സുകാർ മുതൽ എൽ ഡി ക്ലർക്ക് വരെ .


മറ്റൊരു ഭാഗത്ത് , ഉയർന്ന നിലവാരത്തിൽ ഇസ്ലാമിക ശാസ്ത്രങ്ങളിൽ ഗവേഷണവും അതിൽ ജീവിത സമർപ്പണവും ചെയ്യുന്നവരെ വളർത്തിയെടുക്കുന്ന ഇൽമിന്റെ കേന്ദ്രങ്ങൾ . തസ്കിയ - തർബിയ - തഅ്ലീം എന്ന തസ്വവ്വുഫ് ശൈലിയിൽ മാത്രമായിരിക്കണം ജ്ഞാനക്രിയകൾ. 

ഗണിത - ഗോള - ഭൗതിക ശാസ്ത്രങ്ങൾ ഇസ്ലാമിക വ്യവഹാരങ്ങളെ സഹായിക്കാൻ വേണ്ടി സിലബസിലുണ്ടാവണം.

ക്രിറ്റിക്കൽ പെഡഗോഗി സമീപത്ത് പോലും വെക്കരുത്. ഭാഷകൾ , സാങ്കേതിക പരിജ്ഞാനങ്ങൾ,മാർഷൽ ആർട്സ് , ജനറൽ അവേർനസ് തുടങ്ങിയവ പ്രദാനിക്കണം . ഹയർ സെക്കണ്ടറിക്ക് മുകളിൽ മതേതര വിദ്യാഭ്യാസ തൊഴിലുകൾക്ക് സഹായകമാവുന്ന ഒരു സർട്ടിഫിക്കറ്റും നൽകരുത്. അവർ തനി ഉലമാക്കളായി മാറണം . ജീവിതമാർഗമായി മതവൃത്തി ആവാം , ആവാതിരിക്കാം.


അപ്പറഞ്ഞ രണ്ടുതരം സ്ട്രീമുകളാണ് ഇനി ഡിസൈൻ ചെയ്യപ്പെടേണ്ടത്.സമന്വയ വിദ്യാഭ്യാസ സംവിധാനം എന്ന പേരിൽ അറിയപ്പെടുന്ന മത- മതേതര സർട്ടിഫിക്കറ്റുകളുടെ സംയോജനത്തിന്റെ പ്രസക്തി കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ പത്ത് നാൽപ്പത് കൊല്ലങ്ങൾ അതാവശ്യമുള്ള കാലമായിരുന്നു. ഇനിയത് മുസ്ലിം കേരളത്തേക്കാൾ പിന്നിലുള്ള നാടുകളിലാവട്ടെ . നിലവിലുള്ള സമന്വയ സ്ഥാപനങ്ങൾ തദ്സ്ഥിതി തുടരുകയോ പുന:ക്രമം വരുത്തുകയോ ചെയ്യട്ടെ. തദ്സ്ഥിതി തുടർന്നാലും , മതേതര വിഷയങ്ങളായി ഭാഷാ സാഹിത്യങ്ങൾ മാറ്റി ജനറൽ സയൻസോ സാങ്കേതിക പാടവങ്ങളോ അഭ്യസിപ്പിക്കലാവും ഉചിതം.ഭാഷാ സാഹിത്യങ്ങളും സാമൂഹിക ശാസ്ത്രവും ഇന്നത്തെ സോഷ്യൽ മീഡിയാ കാലത്ത് മതസ്ഥാപനങ്ങളിലെ സൂമർ തലമുറക്ക് അച്ചടക്കവും ജീവിതക്രമവും നഷ്ടപ്പെടുത്തുന്നു എന്ന ആക്ഷേപം വിലയിരുത്തപ്പെടേണ്ടതാണ്.വെള്ള വസ്ത്രം ജീവിത ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമാണ്. മതം പകരുന്ന വർത്തമാനങ്ങളിലും ഭാവങ്ങളിലും പരമ ലാളിത്യവും വിനയവും സൗമ്യതയും നിഴലിക്കുന്ന വിധം നിർമ്മല മനസ്ക്കതയാണ് വളരേണ്ടത്.

ദീൻ അല്ലാഹുവിന്റേതാണ്.സമുദായം പുണ്യറസൂലിന്റേതുമാണ് - സ്വ.


പഠിക്കുന്നതും വായിക്കുന്നതും വ്യക്തിത്വത്തെ സ്വാധീനിക്കും.

നമ്മുടെ സമന്വയ സ്ഥാപനങ്ങളിൽ മിക്കയിടത്തും മതവിഷയങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു സാഹിത്യമാണ് സെക്കുലറായി ഇപ്പോൾ പഠിപ്പിക്കപ്പെടുന്നത്.ഭാവന , കവനം , ആവിഷ്ക്കാരം , നിരൂപണം , വിമർശനം തുടങ്ങിയ കലകളുടെ സമാഹാരമാണത് . ഒന്നിലും ഒന്നിനും അവിടെ കൃത്യത ഉണ്ടാവില്ല. ഊഹങ്ങളുടെ ഉൽസവമായിരിക്കും പുസ്തകങ്ങൾ നിറയെ. ഇതാണ് അതിലൂന്നിയ വ്യക്തിത്വത്തെ വിമർശനോന്മുഖമാക്കി മാറ്റുന്നത്.

സോഷ്യൽ സ്പെക്റ്റാറ്റിംഗ് പ്രധാന ഹോബിയാവുകയാണ് അത്തരം വിദ്യാർത്ഥികളിൽ. ഈ രീതി ആത്മീയമായ അച്ചടക്കത്തെ ബാധിക്കും. സ്വയം വ്യാഖ്യാനങ്ങളും ക്രിറ്റിക്കൽ റീസണിംഗും മുന്നിർത്തി ഖുർആനിനെവരെ നവീകരിക്കാനുള്ള ഉൾഭ്രമം ഉടലെടുക്കും.ഇതാണ് ഫലമെന്ന് ജനറലൈസ് ചെയ്തൊന്നും പറയാനാവില്ല. എങ്കിലും ഒരു പ്രോംപ്റ്റീവ് എലമെന്റായി ലിറ്ററേച്ചറും സോഷ്യോളജിയും ഇപ്പറഞ്ഞ സങ്കീർണ്ണതക്ക് ആക്കം കൂട്ടുന്നുണ്ട്. അത്തരം സാഹിത്യാധ്യാപനങ്ങൾ ഒഴിവാക്കി പകരം നമ്മുടെ സ്ഥാപനങ്ങൾ ശാസ്ത്ര വിഷയങ്ങളും ഗണിതശാസ്ത്രബന്ധിത സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്ന രീതി എത്ര വേഗമാരംഭിക്കുന്നുവോ അത്ര ശാന്തമാവും അകത്തളങ്ങൾ. 


എന്നാൽ ഇന്നത്തെ സമന്വയ വിദ്യാഭ്യാസക്രമം ഒരു രീതി എന്നതിനേക്കാൾ പതിനായിരങ്ങൾ ഭാഗവാക്കായ ഒരു സംസ്ക്കാരമാണെന്ന യാഥാർത്ഥ്യം ചില്ലറക്കാര്യമല്ല . അതിനുള്ളിൽ മതിയായ ആത്മീയത ഉണ്ട് താനും. എവിടെയുമുള്ള പലത്വം അവിടെയുമുണ്ടാവുമല്ലോ .

സമന്വയക്കാർക്ക് ആത്മീയബോധമില്ല എന്ന് ആത്മാർത്ഥമായി ഗുണദോശിക്കുന്നവർ ഒന്നോർക്കണം : നിലനിൽക്കുന്ന വ്യവസ്ഥകൾക്കെതിരായ ഇടതുപക്ഷ ബോധമല്ല ആത്മീയത. ലഭ്യമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് വെളിച്ചം അന്വേഷിക്കലാണത്.കണ്ടീഷനിംഗ് അഥവാ സോപാധികത്വവും സൂഫിസവും സംയുക്തമല്ല , വിരുദ്ധങ്ങളാണ്. യഥാർത്ഥത്തിൽ സൂഫിസം ഇസ്ലാമിസത്തിൽ നിന്ന് വ്യത്യസ്തമാക്കുന്ന അടിസ്ഥാന നിർണ്ണയം അതാണല്ലോ .

കാലങ്ങൾ കൊണ്ട് രൂപപ്പെടുന്ന സമ്പ്രദായങ്ങളുടെ പരിണാമങ്ങൾ കാലത്തിന്റെ കൈ ക്രിയകൾക്ക് തന്നെ വിട്ടുകൊടുക്കുക . സമുദ്ധാരണങ്ങൾ ജനിക്കലാണ് , ചുട്ടടെടുക്കപ്പെടലല്ല.അത് സംഭവിക്കും , സംഭവിപ്പിക്കാൻ മെനക്കെടുന്നത് അസഹിഷ്ണുതയാണ് .അതാവട്ടെ , ആത്മീയതക്കന്യമാവേണ്ടതും.

നിരുപാധികം സമന്വയക്കാരെ ഉൾക്കൊള്ളാൻ അവരല്ലാത്തവർക്ക് മറിച്ചും സാധിക്കേണ്ടതുണ്ടെന്ന് ചുരുക്കം. 



വേരുകൾ വിസ്മരിച്ച് പൂക്കളിൽ വിസ്മയിക്കരുത് എന്നാണ് പുതിയ പ്രവണതകളിൽ ഓർമ്മയാവുന്ന ചൊല്ല്.

സമസ്തയുടെ കീഴിലുള്ള സമന്വിത പഠനങ്ങലൂടെ മറ്റുള്ളവരുടെ മുന്നിലെത്തിയവരെല്ലാം നാട്ടിലെ മദ്റസകളുടെ കൂടി കണ്ടെത്തലാണ് .കൊള്ളാവുന്ന / ഇസ്ലാമിക കുടുംബ പശ്ചാത്തലമുള്ള കുട്ടികളെ മദ്റസകളിലെ ഉസ്താദുമാർ സ്ക്രീൻ ചെയ്ത് ഇന്റർവ്യൂവിന് പറഞ്ഞയച്ചതാവും മൂന്നിൽ രണ്ടരക്കഥകളും.

നാട്ടിലെ സ്ക്കൂളിൽ മാത്രം ഉയർന്ന് പഠിപ്പിക്കാൻ വെച്ച മക്കളെ രണ്ടും പഠിക്കുന്ന " മൊല്യാര് " കുട്ടികളായി മാറ്റാൻ വിസമ്മതിക്കുന്ന രക്ഷിതാക്കൾക്ക് സ്ഥാപനങ്ങളുടെ കലണ്ടറും കാറ്റലോഗും കാണിച്ച് കൺവിൻസ് ചെയ്യിപ്പിക്കുന്ന സ്വദർ ഉസ്താദുമാരാണ് കിംഗ് മേക്കർമാർ.അവർ സ്ക്രീനിൽ ഉണ്ടാവില്ല.

എന്നല്ല , "സംഘടനാമതക്കാർ " എന്ന പഴികേട്ട് വീണ്ടും നിശബ്ദമായി ആ ജോലി ചെയ്ത് കൊണ്ടേയിരിക്കുകയാണ്. വന്നവഴികളോ വഴികൾ തന്ന കൈകളോ മറക്കുന്ന

നന്ദിയില്ലാത്തവർക്ക് തുടങ്ങിയത് തീർക്കാനായേക്കാം , പക്ഷെ പിന്നെ തുടങ്ങാനാവില്ല.

വിദ്യാഭ്യാസ നിർമ്മാണം നടത്താൻ കെൽപ്പുറ്റ ക്രീം ടീമിനെ സെറ്റ് ചെയ്യാൻ സമസ്തയുടെ സർക്കുലറും പിടിച്ച് രക്ഷിതാക്കളെ കൗൺസിൽ ചെയ്യുന്ന മദ്റസാ ഉസ്താദുമാരോട് പുഛം പ്രകടിപ്പിക്കുന്നവരാണ് പലപ്പോഴും വിജയിച്ച കഥകൾക്ക് മംഗളം പാടുന്നത് .ജയിക്കുന്നത് വരെ അത്തരക്കാർക്ക് മേൽ അപരിഷ്കൃതത്വം ആരോപിക്കുകയും രണ്ടാം തരം പൗരത്വം കൽപ്പിക്കുകയും പിന്നീട് പൂന്തോട്ടങ്ങൾക്ക് അവകാശം പറയുകയും ചെയ്യുന്നതിനെയാണല്ലോ - വൈക്കം മുഹമ്മദ് ബശീർ എന്തോ വിളിച്ചത് ?അത്തരം ഗ്രാസ്റൂട്ട് വർക്കുകൾക്കാണ് മതസംഘടന . അവർക്ക് വഴി തെളിച്ച് കൊടുക്കാനാണ് സാമുദായിക രാഷ്ട്രീയം . ഈ സംവിധാനം നിലനിർത്താൻ വേണ്ടി ജീവിക്കുന്നവരെ ഉൾക്കൊണ്ടാൽ മാത്രമേ ചെയ്യുന്നതിൽ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാവുകയുള്ളൂ.

വ്യക്തികളാണ് , നാട്ടുകാരാണ് സമുദായ കാര്യങ്ങൾ ഓരോന്നും ചെയ്യുന്നത്. പക്ഷെ അവരെ കോഡിനേറ്റ് ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും ഘടനാത്മക സംവിധാനവും പ്രത്യയ ശാസ്ത്രപരമായ വിശ്വാസവുമാണ് .അതാണ് മഹല്ല് - സ്ഥാപനങ്ങൾ സമസ്തയോട് കടപ്പെട്ട വഴി. രാഷ്ട്രീയമായാലും ഗവൺമെന്റ് തന്നെയായാലും ചെയ്യുന്നത് വ്യക്തിയോ നാട്ടുകാരോ തന്നെയാവും.

പക്ഷെ ചെയ്യാനിടങ്ങൾ ഒരുക്കുന്നത് പ്രത്യയ ശാസ്ത്രമുണ്ടാക്കിയ ഫ്രയിം വർക്കാണ്. 

അവിടെ വ്യക്തികൾക്കല്ല സ്ഥാനം , പ്രത്യയശാസ്ത്രത്തിന് മാത്രമാണ്.

അത് തിരിച്ചറിയാത്ത " ഇസ്ലാമിക് ഇൻഡിവിജലിസം " തൽക്കാലത്തേക്ക് രസമാണ് , പക്ഷെ പിൽക്കാലത്തേക്ക് ബാധ്യതയാവും .



മതസംഘടനയും നവീകരണവും .




രാഷ്ട്ര ഭരണത്തിന്റെ ഫ്രയിംവർക്കിലൂടെ നോക്കിക്കാണേണ്ട ഹെറാർക്കിയല്ല ആത്മീയസംഘടനാക്രമം.

തിയോക്രസിക്കും ഡമോക്രസിക്കും ചില പൊതുത്വങ്ങൾ കാണാം. എന്നാൽ മതാത്മീക സംഘാടനം ഇത് രണ്ടുമല്ല .

ജനാധിപത്യത്തിൽ നേതാക്കൾ നിയമനിർമ്മാതാക്കളും ഭരണാധികാരികളുമാണ്.

ആത്മീക പ്രസ്ഥാനത്തിൽ നേതാക്കൾ ദീനീ നിയമങ്ങൾ അനുസരിച്ചുള്ള കൈകാര്യകർത്താക്കളാണ്. 

ജനാധിപത്യ രാഷ്ട്രീയം ഒരേസമയം നിയമനിർമ്മാതക്കളെയും അവരുടെ വിമർശകരെയും അതിന്റെ അടിസ്ഥാന സ്വഭാവമായി ഉൾക്കൊള്ളുന്നു.കാരണം ഭരണാധികാരികൾ നീതി പാലിക്കേണ്ടവരാണ്.

രാഷ്ട്രീയം നീതിസങ്കൽപ്പത്തെയാണ് അടിസ്ഥാന സ്വത്വമായി പരിഗണിക്കുന്നത്.

ഇസ്ലാമിലെ ആത്മീയത അങ്ങനെയല്ല. നിയമങ്ങൾ ലബ്ദപ്രതിഷ്ഠമാണ്. നീതി അവിടെ മനുഷ്യനിർമ്മിതയല്ല .

അല്ലാഹുവിലാണ് ആത്യന്തിക നീതി. വിചാരണാവകാശവും അവന് മാത്രം.മതാത്മീക നേതൃത്വം അല്ലാഹുവിന്റെ പ്രതിപുരുഷന്മാരല്ല.മതസംഘടന സംഘടനക്ക് വേണ്ടിയുള്ളതുമല്ല .

ലഭ്യമായ ഭൗതിക സാഹചര്യത്തിൽ അനുവദനീയമായ മതാചരണങ്ങൾ അനുശീലിക്കാനാവശ്യമായ പാടവും പാഠവും വിശ്വാസികൾക്ക് ഒരുക്കിക്കൊടുക്കലാണതിന്റെ പണി.വിശ്വാസികൾ യാത്രക്കാരാണ്.മറുകര പറ്റലാണ് ലക്ഷ്യം.

പാലത്തിന്റെ കൈപ്പിടിയുടെ കണ്ണികൾ ഇളകിയതിന് തൂണുകളുടെ ബലത്തെയല്ല സംശയിക്കേണ്ടത്. 

പിന്നിൽ വരാനുള്ളവർ ധാരാളമായതിനാൽ പാലത്തിലിരുന്ന് മുന്നിൽ നടന്നവരുടെ നടത്തം ഓട്ടവും ചാട്ടവുമാവുന്നില്ലെന്ന് തർക്കിക്കാതെ വേഗം സ്വന്തം ജോലി ചെയ്ത് നടക്കലാണ് ഉപാസന.

കുറവും ന്യൂനതയും ചോദ്യം ചെയ്യുനാവകാശപ്പെട്ടവൻ മറുകരയിലുണ്ട് , അല്ലാഹു .

അവൻ മുന്നിൽ നടന്നവരെ മാത്രമല്ല വിചാരണ നടത്തുക.

പിന്നിൽ നടക്കുന്നവർക്കും നിയമമുണ്ട് ,പിന്നിലുള്ളവർ നോക്കേണ്ടത് അവരുടെ കാല് പതിയുന്ന സ്ഥലമാണ്. മുന്നിലുള്ളവർ കാല് വെക്കുന്ന സ്ഥലമല്ല. അണികൾ അവരുടെ കടമകൾ പാലിച്ചിട്ടുണ്ടോ എന്നും പടച്ചവൻ നോക്കും.

നിയ്യതിന്റെ ലക്ഷ്യത്തിലേക്ക് ഒന്നിച്ച് സഞ്ചരിക്കുന്നത് ആത്മീകയാനത്തിലും യാത്രയുടെ പാതയും പാഥേയവും നിർണ്ണയിക്കുന്നത് ആധുനികതാമൂല്യങ്ങളുമാവുന്നതാണ് ഇവിടെ കല്ലുകടി. 



തിരുത്തിയും തിരുത്തിച്ചും വികസിക്കേണ്ട സാഹിത്യസംഘമല്ല സമസ്ത. കൃത്യതയും കണിശതയും കൈമുതലാക്കിയ കർമ്മശാസ്ത്ര ബന്ധിതമായ ആത്മീയ ഇസ്ലാമാണ് അതിന്റെ ചട്ടക്കൂട്.

ആ കൂട് വേണ്ടാത്തവർക്ക് ഇസ്ലാമിൽ തന്നെ വേറെ ധാരാളം കൂടുകൾ ഉണ്ടെന്നിരിക്കേ , ക്രിറ്റിക്ക് എലമെന്റ് കൊണ്ട് സമസ്തയെ ശരിപ്പെടുത്തുന്നത് ശരിയാവില്ല. മുൻകാലത്ത് , മുശാവറയിൽ കർമ്മശാസ്ത്രപരമായ വീക്ഷണഭിന്നതകൾ ഉള്ളവർ ഒന്നിച്ച് നിന്നതിനെ ഇന്നിക്കാണുന്ന വിമർശന മൽസരങ്ങളെ ന്യായീകരിക്കാൻ വേണ്ടി എഴുന്നള്ളിക്കുന്നവർ രണ്ട് പിഴവാണ് വരുത്തുന്നത്. 

ഒന്ന് , അക്കാലത്ത് അണികൾ ഭിന്നാഭിപ്രായം പറഞ്ഞ് നേതൃത്വത്തെ തിരുത്തിയിട്ടില്ല.

സമാസമക്കാരുടെ ആശയദാനമായിരുന്നു ആ മഹത്തായ "തർക്കം " . അതാവട്ടെ , ആദരവിന്റെ അഴകാർന്ന ഭാഷയിലും .രണ്ട് , ജ്ഞാന നിർദ്ധാരണവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാടും അധികാരഘടനയുമായി ബന്ധപ്പെട്ട ഒച്ചപ്പാടും വെവ്വേറെയാണ്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us