loader
blog

In Ideal

By Shuaibul Haithami


ദായക്രമത്തിലെ ഇസ്ലാം : യുക്തിയും കുയുക്തിയും .

ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ഉടമസ്ഥതയിലുള്ള സ്വത്തിൽ മറ്റൊരാൾക്കും ഒരു തരിമ്പവകാശവുമില്ല. മരണപ്പെടലോടുകൂടെ മാത്രമാണ് അനന്തരാവകാശികൾ ഉണ്ടാവുന്നത്. വ്യക്തിയുടെ മരണത്തോടെ അയാളും സ്വത്തും തമ്മിലുള്ള ഉടമസ്ഥാവകാശബന്ധവും ഇല്ലാതായി. ജീവിത കാലത്ത് ചെയ്യേണ്ടിയിരുന്ന നിർബന്ധ ധനബന്ധിതബാധ്യതകളുടെ തോത് കഴിച്ചുള്ള മിച്ചമാണ് വീതം വെക്കാനുള്ള അനന്തരസ്വത്ത്. ഗണിതശാസ്ത്രം , ധനവിനിമയക്രിയകൾ, സാമൂഹികക്രമം തുടങ്ങിയ വസ്തുനിഷ്ഠവും അനുഭവപരവുമായ വസ്തുതകൾ മുന്നിർത്തി പരിശോധിച്ചാൽ സമഗ്രവും സുശക്തവുമായ ദായക്രമമാണ് ഇസ്ലാമിന്റേത് എന്ന് മനസ്സിലാവും. 

ചില നിർണ്ണിത സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഇസ്ലാമിക അനന്തരാവകാശ നിയമങ്ങൾ , മുസ്ലിം വ്യക്തിനിയമം, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം തുടങ്ങിയവയെ അധികരിച്ച് കൊണ്ടുള്ള വിവാദങ്ങൾ വികസിക്കാറുള്ളത്.

അത്തരം ഘട്ടങ്ങളിൽ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന ചില ദാർശനികവും മാനസികവുമായ തലങ്ങൾ കൂടിയുണ്ട്. സ്ഥാവരമോ ജംഗമമോ സാങ്കൽപ്പിക മൂല്യമോ ആയിട്ടുള്ള ഒരേസമ്പത്ത് തന്നെ ഓരോകാലഘട്ടത്തിൽ വ്യത്യസ്ത അവകാശികളിലൂടെ ക്രയവിക്രയം നടത്തപ്പെടുകയാണ് . അതിന്റെ മുകളിൽ നിന്ന് വീക്ഷിക്കുമ്പോൾ , ഓരോരോ ആയുർദശകളിൽ ഓരോരുത്തരുടെ ഉടമസ്ഥതയിലൂടെ കടന്നുപോവുന്ന സമ്പത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ മനുഷ്യരാരുമല്ലെന്നും അവർ കൈകാര്യ കർത്താക്കളാണെന്നും മനസ്സിലാക്കാം. അനന്തരസ്വത്തിന്റെ കാര്യത്തിലുള്ള സ്വാർത്ഥതകളാണ് പലസത്യങ്ങളും തമസ്ക്കരിക്കപ്പെടാനുള്ള പ്രേരണയാവുന്നത് എന്നതിനാൽ നടേപ്പറഞ്ഞ യാഥാർത്ഥ്യത്തിന് ചർച്ചയിൽ സ്ഥാനമുണ്ട്.



ഇസ്ലാമികദായക്രമത്തിന്റെ നേരിയ പഴുതുകളിൽ ന്യൂനത ആരോപിക്കുന്നവരുടെ പ്രത്യാഖ്യാനങ്ങൾക്ക് കനത്ത സാമൂഹികാഘാത ശേഷിയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന രണ്ട് വാർത്താപ്രമുഖരുടെ പ്രസ്താവകൾ ഉദാഹരിക്കാം. തന്റെ സമ്പാദ്യം തനിക്കും തന്റെ ഭർത്താവിനും ജീവിച്ച് തീർക്കാനുള്ളതാണ് , അല്ലാതെ മക്കൾക്കുള്ളതല്ലെന്ന മലയാള അഭിനേത്രി ശ്വേതമേനോൻ നടത്തിയ പ്രസ്താവനയാണ് ഒന്നാമത്തേത്.

മലയാള സാമാന്യബോധത്തിന് എതിരായ വ്യക്തികേന്ദ്രീകൃത കാഴ്ച്ചപാടാണത്. ഒരാൾക്കും മറ്റൊരാളോടും നിയതമായ കടപ്പാടോ മറ്റൊരാളിൽ ജൻമാർജ്ജിതമായ അവകാശമോ ഇല്ലെന്ന തത്വം പറയാതെ പ്രയോഗവൽക്കരിക്കുന്ന ആധുനികതയുടെ ഉൽപ്പന്നമാണ് ഇൻഡിവിജ്വലിസം. അതനുസരിച്ച്, രണ്ടുപേർക്ക് പ്രണയാർദ്രരായി ഇണചേർന്നുണ്ടാവുന്ന സന്താനങ്ങളുടെ കാര്യത്തിൽ അവർക്ക് സാമ്പത്തികോത്തരവാദിത്വങ്ങളില്ലെന്ന ജൽപ്പനം എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ്.സന്താനങ്ങളുടെ പരിപാലനാവകാശം ഭരണകൂടത്തിന്റെ ചുമതലയായി മാറുന്ന വെൽഫയർ സ്റ്റേറ്റ് സങ്കൽപ്പം അങ്ങേയറ്റം സ്നേഹനിരാസത്തിന് മേൽ കെട്ടിപ്പൊക്കപ്പെട്ടതാണെന്നതാണ് വാസ്തവം.

എന്നാലും , അഭിനേത്രിയുടെ നിലപാട് അവർ സ്വീകരിക്കുന്ന ലോകവീക്ഷണത്തോട് നീതിപാലിക്കുന്നതാണ്.

പ്രസ്തുത പൊളിറ്റിക്കൽ കറക്ട്നസോ സത്യസന്ധതയോ ഇല്ലാതെ , സ്വന്തം സഹോദരങ്ങൾക്ക് തന്റെ അന്തരസ്വത്ത് പോവാതിരിക്കാൻ വേർപ്പെടുത്തിയ ദാമ്പത്യം പുന:സ്ഥാപിച്ച മൂന്ന് പെൺമക്കളുടെ പിതാവായ അഭിഭാഷകന്റെ വിശദീകരണവും അതിനോടുണ്ടായ അനുഭാവവുമാണ് രണ്ടാമത്തേത്. മതമൊഴിവാക്കി ജീവിച്ചാലും , സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള പുന:വിവാഹത്തിലൂടെ ജന്മംകൊണ്ട് മുസ്ലിമായ ഒരാൾക്ക് മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽ നിന്നും മുക്തനാവാൻ കഴിയില്ലെന്ന നിയാമക നിരീക്ഷണം അവിടെയുണ്ട്. അതിനപ്പുറം, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം എന്ന മഹത്വവൽക്കരണം ചാർത്തപ്പെടുന്ന ആ വാദഗതിയുടെ അപകടം മറ്റൊന്നാണ്. 

പിതൃവ്യന്മാരെ പിതാവിന്റെ സ്ഥാനത്ത് വെച്ച് പരിഗണിക്കുന്ന വിധം കുടുംബബന്ധത്തിന്, പ്രത്യേകിച്ച് രക്തബന്ധുത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവിടെയുള്ള സാമാന്യജനം.ബന്ധുത്വബന്ധങ്ങളെ കൂടുതൽ വൈകാരികമായി പരിഗണിക്കുന്നവരാണ് പെൺകുട്ടികൾ . തങ്ങളുടെ സംരക്ഷകരോ റോൾമോഡലോ ഒക്കെയായി അവർ ശൈശവം മുതൽക്കേ കാണുന്ന പിതൃവ്യന്മാർ തങ്ങൾക്കവകാശപ്പെട്ട സ്വത്ത് അപഹരിക്കാൻ നിൽക്കുന്ന ക്രൂരസാന്നിധ്യങ്ങളാണെന്ന തോന്നലുളവാക്കുന്നത് ഒട്ടും ക്ഷന്തവ്യമല്ല. ഇതേ ചിത്രത്തിലേക്കാണവർ പിതാമഹനെയും ആനയിക്കുന്നത്. അനന്തരസ്വത്തിൽ കാര്യത്തിൽ അവകാശബോധത്തെ സങ്കുചിതത്വത്തിന്റെ ഇടുക്കത്തിൽ കുടുക്കുന്ന ഇത്തരം നിർമ്മിത പൊതുബോധം, മറ്റുകാര്യങ്ങളിൽ ഒരാൾക്കും മറ്റൊരാളിൽ നാമൂഹികനിർമ്മിതമായ അവകാശങ്ങൾ ഉണ്ടാവരുതെന്ന് വാദിക്കുന്നവരാണെന്നതാണ് അവിടെയുള്ള വൈരുധ്യം. ഭരണഘടന മുന്നോട്ട് വെക്കുന്ന അവസരസമത്വം ,ലിംഗനീതി തുടങ്ങിയ മൂല്യങ്ങളെ നിരുപാധിക, കേവലതുല്യത എന്ന് വ്യാഖ്യാനിക്കുന്നവർ തുല്യതയെ പ്രായോഗികമായി നിർവ്വചിക്കുകയെങ്കിലും വേണം. ഒന്നും മറ്റൊന്നിനോട് തുല്യമല്ല , ജൈവികമായും സാങ്കേതികമായും . വൈവിധ്യങ്ങുടെ സഹവർതിത്വമാണ് സന്തുലിതം. വ്യക്തിയുടെ സംതൃപ്തിയുമായി ബന്ധപ്പെട്ടത് നീതിയാണ് , സമത്വമല്ല. ഇനി, പരിപൂർണ്ണമായ തുല്യത വൈകാരികമായ സംതൃപ്തി വരുത്തുമോ എന്നതും പരിശോധിക്കാം. ഉദാഹരണത്തിന് , മൂന്ന് ആൺമക്കൾ മാത്രമുള്ള ഒരു പിതാവിനെ സങ്കൽപ്പിക്കാം. മൂത്തമകൻ നന്നേ ചെറുപ്പം തൊട്ടേ പിതാവിനൊപ്പം അധ്വാനിച്ചാണ് കൂട്ടുസ്വത്തുണ്ടാക്കിയത് , നടുവിലുള്ളവൻ അതിന്റെ ആനുകൂല്യത്തിൽ പഠിച്ച് വലിയ ജോലിക്കാരനായി , ഇളയപുത്രൻ കഥകളറിയാതെ കളിച്ച് നടക്കുന്നു . പിതാവിന്റെ മരണാനന്തരം സ്വത്ത് തുല്യമായി വീതം വെക്കുന്നതിനെ ആധുനികമൂല്യം എങ്ങനെ കാണുന്നു ? ഇസ്ലാം അത്തരം ആത്മനിഷ്ഠമായ വൈകാരികതയെയല്ല , വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെയാണ് പരിഗണിച്ചത്. ഗണിതക്രിയകളെ ആശ്രയിച്ച് വീതം വെച്ചത്. എന്നാൽ വൈകാരികതയെ അവഗണിച്ചില്ല താനും , വസ്വിയ്യ , ദാനം മുതലായ വേറെ വകുപ്പുകൾ അവിടെ ഉപയോഗപ്പെടുത്താം. മുസ്ലിം വ്യക്തിനിയമങ്ങൾ ഇല്ലായ്മ ചെയ്ത് സിവിൽ നിയമങ്ങൾ ഏകീകരിക്കാനുള്ള മുസ്ലിംവിരുദ്ധ രാഷ്ട്രീയത്തിന് വേഗതപകരുന്ന അച്ചാരപ്പണി മാത്രമാണ് അപ്പറയുന്ന തുല്യതാവാദം. കാരണം , ജീവിത കാലത്ത് തന്നെ തന്റെ സ്വത്ത്, മരണം വരെ സ്വന്തം സംരക്ഷരണവും പരിപാലനവും ആദായമെടുപ്പും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ പെൺമക്കൾക്ക് മാത്രമായി സ്നേഹദാനം ചെയ്യാൻ നിയമപരമായ വകുപ്പുകളുണ്ട്.



ഭരണഘടനാ മൂല്യങ്ങളും മുസ്ലിം വ്യക്തിനിയമങ്ങും സ്വാഭാവികനിലയിൽ എതിരാവുന്നില്ല. ഇസ്ലാം ഉപേക്ഷിക്കുന്നവർക്ക് മുസ്ലിം വ്യക്തിനിയമമനുസരിച്ചോ ഇന്ത്യൻ പിന്തുടർച്ചാനിയമനുസരിച്ചോ കാര്യങ്ങൾ തെരെഞ്ഞെടുക്കാൻ പറ്റുന്നവിധം നിയമസാധുത ഉണ്ടാവുന്നതിനോട് മുസ്ലിംകൾക്ക് എതിർപ്പുണ്ടാവാനിടയില്ല.

അതേസമയം , ഇസ്ലാമിക നിയമങ്ങൾ പാലിച്ച് കൊണ്ട് അനന്തരസ്വത്ത് വീതം വെക്കാൻ മുസ്ലിംകൾക്ക് ലബ്ധമായ നിയമപരിരക്ഷ എടുത്തുകളയാനുള്ള നീക്കവും അതിനാക്കം കൂട്ടുന്ന കുലദ്രോഹവും ദുശിച്ച മനസ്ഥിതിയുടെ അടയാളമാണ്. പെൺമക്കളുടെ സംരക്ഷണച്ചുമതല പിതാവിന്റെ അഭാവത്തിൽ പിതാമഹനോ അല്ലെങ്കിൽ പിതൃവ്യനോ ആണെന്ന് ഇസ്ലാം വ്യവഛേദിക്കുന്നുണ്ട് , സ്ത്രീയുടെ പരിപാലന കർതൃത്വം പുരുഷന്റെ ബാധ്യതയാണെന്നും . ആ തത്വത്തെ ചോദ്യം ചെയ്ത് " ഭ്രമിതതുല്യത " വാദിക്കുന്നവരാണ് കഴിഞ്ഞദിവസം , ആൺകുട്ടികളെ പോലെ പെൺകുട്ടികൾ മുണ്ടും ഷർട്ടുമുടുത്ത് സമരം ചെയ്യുന്നത് നാടിന്റെ സമാധാനം നശിപ്പിക്കുമെന്ന് പച്ചക്ക്പറഞ്ഞ് ഉള്ള് കള്ളികൾ കള്ളമാണെന്ന് കാണിച്ചതും ട്രാൻസ്ദമ്പതികൾക്ക് പിറന്ന കുഞ്ഞിനെ പെണ്ണായി പ്രഖാപിച്ച് ജൻഡർ ന്യൂട്രാലിറ്റി വിശദീകരിച്ചതുമൊക്കെ. 



പിന്തുടർച്ചാക്രമം മുന്നിർത്തി മുസ്ലിം വ്യക്തിനിയമം എടുത്തുകളയണമെന്ന് ശഠിക്കുന്നവർ ഇസ്ലാമിക ദായക്രമ സ്വസ്ഥ ആധാരമാക്കുന്ന ചില അടിസ്ഥാന തത്വങ്ങൾ അറിഞ്ഞിരിക്കണം. ഇസ്‌ലാമിൽ ഒരാൾക്ക് മറ്റൊരാളുടെ സ്വത്തിനവകാശം ഉണ്ടാവുന്നതിന്റെ വിവിധ രൂപങ്ങളിലൊന്ന് മാത്രമാണ് മരണാനന്തരാവകാശം. സകാത്, വസ്വിയ്യത്, വഖ്ഫ് തുടങ്ങി വിവിധ രൂപങ്ങൾ അവിടെയുണ്ട്. അതായത്, ഒരു വ്യവസ്ഥപ്രകാരം എന്തെങ്കിലും സാന്ദർഭികമോ വൈയക്തികമോ ആയ കാരണത്താൽ ഒരാൾ അനീതിക്കിരയാവുകയാണെങ്കിൽ മറ്റൊരു വ്യവസ്ഥ മുഖേനെ അത് പരിഹരിക്കാൻ സാധിക്കും. അതിനർഥം അനന്തരാവകാശ വ്യവസ്ഥയിൽ അനീതിയുണ്ടെന്നല്ല. മൂന്ന്: പുതൃത്വം, പുത്രിത്വം എന്നിവ മാത്രമല്ല ഇസ്‌ലാമിലെ അർഹതയുടെ മാനങ്ങൾ. പിതൃത്വം, മാതൃത്വം, ഭാര്യത്വം, ഭർതൃത്വം, സാഹോദര്യം എന്നിവ (ചിലത് പൂർവവും അനന്തരവുമായ ദീർഘതയോടെ) പരിഗണിക്കപ്പെടുന്നുണ്ട്. നാല്: രക്തബന്ധത്തിലെ സാമീപ്യത്തിന്റെ ഏറ്റക്കുറച്ചിലാണ് ഇസ്‌ലാമിലെ അർഹതയുടെ ക്രമം നിശ്ചയിക്കുന്നത്. അഞ്ച്: ഏത് പ്രത്യയശാസ്ത്രവും വിലയിരുത്തപ്പെടുമ്പോൾ അതിന്റെ നിയമസാകല്യത്തെ മുൻനിർത്തി വേണം വിശകലനം. അനന്തരാവകാശനിയമം ഇസ്‌ലാമിൽ രാഷ്ട്രീയ വിഷയമല്ല, കുടുംബ-വിവാഹ സ്ഥാപനത്തിന്റെ കെട്ടുറപ്പിനെ നിർണയിക്കുന്ന സാമ്പത്തിക വിഷയമാണ്. അഭ്യസ്തവിദ്യതന്നെയായ ഒരു സ്ത്രീ തന്റെ പങ്കാളിയായ പുരുഷനോട് ‘ഞാനെനി ജോലിക്ക് പോവുന്നില്ല, നിങ്ങളുടെ രക്തമാണ് എന്റെ വയറ്റിലെ കുട്ടി, എന്നെ ഇനി നിങ്ങൾ പുലർത്തണം’ എന്ന് പറയുകയാണെങ്കിൽ ആ ആവശ്യത്തെ അഡ്രസ് ചെയ്യാൻ ആധുനികതയിൽ പ്രത്യയശാസ്ത്ര നിർണയങ്ങളില്ല. മാത്രമല്ല, ‘വെൽഫെയർ സ്റ്റേറ്റ് ‘ എന്ന് അവതരിപ്പിക്കപ്പെടുന്ന പാശ്ചാത്യ ദേശരാഷ്ട്രസങ്കൽപ്പങ്ങളിൽ സ്ത്രീ ‘സ്വയം തെരഞ്ഞെടുപ്പ്’ സ്വായത്തമാക്കിക്കഴിഞ്ഞു എന്ന നറേറ്റീവ് ഫെമിനിസ്റ്റുകൾ മാത്രമല്ല ആമിന വദൂദിനെപ്പോലുള്ള തിയോളജിക് സ്‌കോളേഴ്‌സ് പോലും നടത്തിയിട്ടുണ്ട്. എന്നാൽ, സ്ത്രീകൾ എന്താണ് തെരഞ്ഞെടുക്കേണ്ടത് എന്ന് അത്തരം നാടുകളിൽ ഗവൺമെന്റാണ് തീരുമാനിക്കുന്നത്. ഭരണകൂടം നേരിട്ടോ സ്വകാര്യ കമ്പനികളോ മുന്നോട്ടുവയ്ക്കുന്ന ജോലികളിൽ നിന്ന് ഏത് തെരഞ്ഞെടുക്കണമന്ന ചോയിസാണ് അപ്പറയപ്പെടുന്ന ‘സ്വയം തെരെഞ്ഞെടുപ്പ്’.



മുകളിൽ പറഞ്ഞതിൽനിന്ന് ‘ആൺകുട്ടിക്ക് പെൺകുട്ടിയേക്കാൾ സ്വത്ത് കിട്ടുന്നു’വെന്ന അടർത്തൽ അനർഥമാണെന്ന് വ്യക്തമാവും. വിശുദ്ധ ഖുർആനിലെ അധ്യായം നിസാഇലെ 7-11 വചനങ്ങളാണ് ഇസ്‌ലാമിലെ ദായക്രമങ്ങളുടെ അടിസ്ഥാനം. അനന്തരസ്വത്തവകാശം പറയപ്പെട്ട അധ്യായത്തിന്റെ അർഥം തന്നെ ‘സ്ത്രീ’ എന്നാണ്. ആണും പെണ്ണും ദ്വന്ദങ്ങളായി വരുമ്പോൾ പെണ്ണിന്റെ ഇരട്ടി ആണിനെന്ന് വരുന്നത് അവനാണ് അവൾക്ക് ഉപജീവനം നൽകേണ്ടതെന്ന ലളിതയുക്തിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ അവൾക്ക് സ്വയം സമ്പാദിക്കാനും ശേഖരിക്കാനും ഉടമസ്ഥതാവകാശമുണ്ട്. ഇസ്‌ലാമികമായി ‘ധനികൻ’ഉണ്ടാവുന്നതിനേക്കാൾ ‘ധനിക ‘ രൂപപ്പെടാനാണ് സാധ്യത. അതിനപ്പുറം വായിച്ചാൽ, മുപ്പത്തിനാല് സന്ദർഭങ്ങളിലാണ് ഇസ്‌ലാമികമായി സ്ത്രീയും പുരുഷനും അനന്തരസ്വത്ത് വീതംവയ്പ്പിൽ ഒരുമിച്ചുവരുന്നത്. അതിൽ അഞ്ചിടങ്ങളിൽ മാത്രമാണ് പുരുഷവർഗത്തിന് സ്ത്രീവർഗത്തിന്റെ ഇരട്ടി കിട്ടുന്നത്. പതിനൊന്ന് സന്ദർഭങ്ങളിൽ ഇരുഭാഗവും തുല്യരാവുന്നു. പതിനാല് സന്ദർഭങ്ങളിൽ സ്ത്രീ പുരുഷനേക്കാൾ സ്വത്ത് നേടുന്നു. അഞ്ച് സന്ദർഭങ്ങളിൽ പുരുഷന് ലഭിക്കുന്നേയില്ല. അതായത്, അവർ വിപരീത ദ്വന്ദമാവുമ്പോൾ (സ്ത്രീയുടെ കർതൃത്വം പുരുഷനാവുന്ന ഘട്ടങ്ങളിൽ) മാത്രമാണ് ഇരട്ടിയും പാതിയുമാവുന്നത്. പൊതുവായല്ല.


പൗത്രനും പിതാമഹനും തമ്മിലുള്ള പാരസ്പര്യത്തിലും ഒരു അനീതിയുമില്ല. അവിടെ ആരോപണത്തിന്റെ മർമം ഇങ്ങനെയാണ്: പിതാമഹനിൽനിന്ന് പൗത്രന് അവകാശം ലഭിക്കാൻ പിതാമഹന് പുത്രന്മാർ ഉണ്ടാകാതിരിക്കണം എന്നതാണ് നിയമം. എന്നാൽ, പൗത്രനിൽ നിന്ന് പിതാമഹന് അവകാശം ലഭിക്കാൻ പൗത്രന് പുത്രന്മാർ ഇല്ലാതിരിക്കണമെന്ന നിബന്ധനയില്ലതാനും. ഇത് പൗത്രനോട് ചെയ്യുന്ന അനീതിയല്ലേ എന്നതാണ് ചോദ്യം.ഇവിടെ ദുർഗ്രാഹ്യമോ ഏകപക്ഷീയമോ ആയ യാതൊന്നും ഇല്ല. പിതാമഹനും പൗത്രനും പരസ്പരം രണ്ട് തലങ്ങളിലാണ് അവകാശം നേടുന്നത്. ഒന്ന്: മറ്റു അവകാശികളില്ലെങ്കിൽ അവർ പരസ്പരം അനന്തരസ്വത്ത് മുഴുവനായും നേടും(കർമശാസ്ത്രത്തിൽ ‘അസ്വബ’ എന്ന് പറയും). അതായത്, മരിച്ച പിതാമഹന് സന്താനങ്ങളില്ലെങ്കിൽ അസ്വബ സ്ഥാനം പൗത്രന് ലഭിക്കും. മരണപ്പെട്ട പൗത്രന് സന്താനങ്ങളും പിതാവും ഇല്ലെങ്കിൽ അസ്വബ സ്ഥാനം പിതാമഹന് ലഭിക്കും. അവിടെ രണ്ടുപേരും തുല്യമായി പരിഗണിക്കപ്പെടുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ പൗത്രന് സ്വൽപ്പം സാങ്കേതിക ലാഭമുണ്ട് താനും. കാരണം, പിതാമഹന് പൗത്രന്റെ ആസ്വിബ് ആവണമെങ്കിൽ പൗത്രന് താഴെയും മീതെയുമുള്ള തലമുറ ഇല്ലാതാവണം. പൗത്രൻ പിതാമഹന്റെ സ്വത്തിൽ മൊത്താവകാശി(വീറ്റോ പവർ) ആവണമെങ്കിൽ പിതാമഹന് തൊട്ടുതാഴെയുള്ള ഒരു തലമുറ ഇല്ലാതിരുന്നാൽ മതി.


രണ്ട്: പിതാമഹൻ മരണപ്പെട്ടാൽ, പിതാവ്(പിതാമഹന്റെ സന്താനം) ഉണ്ടെങ്കിൽ പൗത്രന് അവകാശം ഉണ്ടാവില്ല. എന്നാൽ, പൗത്രൻ മരണപ്പെട്ടാൽ പൗത്രന് സന്താനം ഉണ്ടെങ്കിലും പിതാമഹന് പൗത്രന്റെ ആറിലൊന്ന് കിട്ടും. പൗത്രന് പിതാവ് ഉണ്ടാവാതിരുന്നാൽ മതി. ഇവിടെയും അനീതിയില്ല. കാരണം അത്തരം ഘട്ടത്തിൽ പിതാമഹന് ലഭിക്കുന്ന ആറിലൊന്ന് പിതാവിന്റെ അവകാശമാണ്. പിതാവ് ഇല്ലാത്തതിനാൽ അത് പിതാവിന്റെ പിതാവിലേക്ക് നീങ്ങുന്നുവെന്ന് മാത്രം. അതേസമയം, പിതാമഹൻ മരണപ്പെടുമ്പോൾ പൗത്രന്റെ പിതാവ് (പിതാമഹന്റെ പുത്രൻ) ഉണ്ടെങ്കിൽ പിന്നെങ്ങനെ പിതാവിന് കിട്ടേണ്ട അവകാശം പൗത്രനിലേക്ക് നീങ്ങും, നീങ്ങരുതല്ലോ? മറ്റൊരുനിലയിൽ ചിന്തിച്ചാൽ, പിതാവും പൗത്രനും പിതാമഹന്റെ സ്വത്താണ്. അവരെ രണ്ടാളെയും അവരാക്കിയത് വേരിട്ടും നേരിട്ടും പിതാമഹനാണ്. എന്നാൽ പിതാവ് പോലും ഈ ചിത്രത്തിലെ പൗത്രന്റെ സ്വത്തല്ല, എന്നിട്ടല്ലേ പിതാമഹൻ പൗത്രന്റെ സ്വത്താവൽ.


മറ്റൊരു വിമർശനം, ഖുർആൻ ആധാരമാക്കിയ ഗണിതനിർണയം ചില ഘട്ടങ്ങളിൽ പിഴക്കുന്നു എന്ന വിചിത്രവാദമാണ്. ഭർത്താവ്, രണ്ടുസഹോദരിമാർ എന്നിവർ അനന്തരാവകാശികളായി വരുമ്പോൾ ഭർത്താവിന് പകുതിയും രണ്ടു സഹോദരിമാർക്ക് മൂന്നിൽ രണ്ടും ലഭിക്കണമെന്നാണ് ഖുർആൻ പറയുന്നത്. ഇവിടെ ആകെ തുക ആറാണെങ്കിൽ അതിൽ നിന്ന് എങ്ങനെ പകുതിയും മൂന്നിൽ രണ്ടും നൽകും എന്നതാണ് ഒന്നാമത്തെ ചോദ്യം. മറ്റൊന്ന്, മാതാപിതാക്കൾ, രണ്ട് പെൺമക്കൾ, ഭാര്യ എന്നിവരുണ്ടാവുമ്പോൾ ഖുർആൻ നിർണയിച്ച ഓഹരി തികയാതെവരുന്നു എന്നതാണ്. അതായത്, അടിസ്ഥാന ഓഹരി ഇരുപത്തിനാല് ആവുമ്പോൾ രണ്ട് പെൺമക്കൾക്ക് മൂന്നിൽ രണ്ടായ പതിനാറ് പോവും. മാതാപിതാക്കൾക്ക് നാല് വീതമായി എട്ട് പോവും. അതോടെ ഭാര്യക്ക് കിട്ടേണ്ട എട്ടിലൊന്നായ മൂന്ന് തികയാതെ വരും. ഇതാണ് പ്രശ്‌നം. വലിയ കാര്യമായി ഇവ രണ്ടും എഴുന്നള്ളിക്കുന്ന ‘മാപ്രജബ്രകൾ’ ഒന്നറിയണം. ഈ രണ്ടെണ്ണം നിങ്ങളുടെ മഹത്തായ കണ്ടുപിടുത്തമൊന്നുമല്ല. ഇങ്ങനെ ‘കണ്ടുപിടിക്കാത്ത ‘ ചില രൂപങ്ങൾ വേറെയുമുണ്ട്. ഇത്തരം അഞ്ചിലേറെ സന്ദർഭങ്ങൾ പ്രവാചക തിരുമേനിയുടെ ഖലീഫമാരുടെ കാലത്തും ശേഷവുമായി ഉണ്ടായിട്ടുണ്ട്. അവർ ഖുർആനിൽ നിന്ന് തന്നെ, അവ പ്രശ്‌നമല്ലെന്നും അത്തരം സന്ദർഭങ്ങളുടെ സവിശേഷ വകുപ്പുകൾ കൂടി സ്വാഭാവിക വകുപ്പ് വിശദീകരിച്ച വചനത്തിൽ നിന്ന് ചൂണ്ടിക്കാണിച്ച് തരികയായിരുന്നു. കർമശാസ്ത്രജ്ഞർ അത് വിശദമാക്കുകയും ചെയ്തു.


‘മാതാപിതാക്കളും ഏറ്റം അടുത്തവരും വിട്ടേച്ചുപോയ സ്വത്തിൽ പുരുഷന്മാർക്ക് അവകാശമുണ്ട്. മാതാപിതാക്കളും ഏറ്റം അടുത്തവരും വിട്ടേച്ചുപോയ സ്വത്തിൽ സ്ത്രീകൾക്കും അവകാശമുണ്ട്. അതിൽ കുറഞ്ഞതിനും കൂടിയതിനും’ എന്ന അനന്തരാവകാശ നിയമം വിശദീകരിക്കുന്ന വചനത്തിലെ ‘ഏറിയും കുറഞ്ഞും’ എന്ന വകുപ്പാണ് പരാമർശ സന്ദർഭങ്ങളിലെ നിയമം. അതനുസരിച്ച് മുകളിലുദ്ധരിച്ച ഒന്നാമത്തെ ചിത്രത്തിൽ അടിസ്ഥാന സംഖ്യയായ ആറ് ഏഴാക്കണം. എന്നിട്ട് ആറിൽ നിന്നെന്ന പോലെ പുകുതി (മൂന്ന്). ആറിന്റെ മൂന്നിൽ രണ്ട് (നാല്, രണ്ട് പേർക്ക്) എന്നിങ്ങനെ കൊടുക്കണം. അപ്പോൾ ആറിന്റെ വിഹിതത്തേക്കാൾ തോത് കുറയുകയും അടിസ്ഥാന ഹാര്യം കൂടുകയും ചെയ്യും. ഇതാണ് ഖുർആൻ പറഞ്ഞ ‘ഏറിയും കുറഞ്ഞും’. രണ്ടാമത്തേതിൽ അടിസ്ഥാന സംഖ്യ ഇരുപത്തിനാലിൽ നിന്ന് ഇരുപത്തി ഏഴാക്കി വർധിപ്പിക്കണം. ശേഷം ഇരുപത്തി നാലിൽ നിന്നെന്ന പോലെ മൂന്നിൽ രണ്ട്(പതിനാറ്) രണ്ട് പെൺകുട്ടികൾക്ക്, മാതാപിതാക്കൾക്ക് ഇരുപത്തിനാലിന്റെ മൂന്നിലൊന്ന് (രണ്ട് നാലുകൾ അഥവാ എട്ട് ) ഭാര്യക്ക് ഇരുപത്തിനാലിന്റെ എട്ടിലൊന്ന് (മൂന്ന് ) എന്നിങ്ങനെ കൊടുക്കാം. അവിടെയും വിഹിതം കുറഞ്ഞു, ഹാര്യം കൂടി. ചുരുക്കത്തിൽ, അനന്തരാവകാശവുമായും സ്ത്രീ കർതൃത്വവുമായും ബന്ധപ്പെട്ട് ഇസ്‌ലാമിന് നേരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്ന് മാത്രമല്ല അതിനോളം വ്യവസ്ഥാപിതമായ ചട്ടവും ചിട്ടയും മറ്റൊന്നിലും കാണാനൊക്കില്ലെന്ന് കൂടി വ്യക്തമാവുകയാണ്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us