loader
blog

In General

By Shuaibul Haithami


അൽ ഫുട്ബോൾ : യാ അയ്യുഹന്നാസ് .

വർത്തമാനമായ സ്ഥിതിക്ക് ലോകകപ്പ് ഫുട്ബോളും ദീനുൽ ഇസ്ലാമും മലയാള മാധ്യമങ്ങളും എന്ന വിഷയത്തിലുള്ള പത്ത് നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു. 




ഒന്ന്: സ്വന്തം അണികളോട് മാത്രമായോ സാമൂഹിക ഗുണകാംക്ഷ എന്ന നിലയിൽ പൊതുവായോ നിയമപരമായി അനുവാദമുള്ള ഏത് കാരാവും ആർക്കും പറയാം എന്ന രാഷ്ട്രീയ സ്ഥിതി ഇപ്പോഴും ഇന്ത്യയിലുണ്ട്. അതെവിടെ പറയാം എന്ന വിവേചനാധികാരം അതെവിടെ പറയരുത് എന്ന വിമർശനാധികാരം പോലെത്തന്നെ ജനാധിപത്യപരമാണ്. അതായത് , മതനേതൃത്വം സ്വന്തം അണികളോട് പറഞ്ഞതിന് നിങ്ങൾക്കെന്താണ് പ്രശ്നം എന്ന അപ്പോളജറ്റിക്കൽ സ്റ്റാന്റ് ജനാധിപത്യത്തിന്റെ ബലക്കുറവാണ് കാണിക്കുന്നത്. സാമൂഹിക നന്മ എന്ന നിലയിൽ പൊതുനന്മകൾ വേണമെന്നുള്ളവർക്ക് പൊതുവായും പറയാം.




രണ്ട്: കേരളത്തിൽ , ലോകാടിസ്ഥാനത്തിൽ തന്നെ അസാധാരമായ ഫുട്ബോൾ ജ്വരം ഉണ്ടെന്നത് ഫിഫ പോലും അംഗീകരിച്ചതാണ്. അല്ലെങ്കിൽ അംഗീകരിച്ചത് ഫിഫയാണ് . ഇവിടെ പുഴയിലുയർന്ന കട്ടൗട്ടുകൾ ഫിഫ അതിന്റെ ഔദ്യോഗിക പേജിലും വമ്പൻ താരങ്ങൾ സ്വന്തം പേജിലും ചേർത്ത് വെക്കുന്നതിന്റെ അർത്ഥം എന്താണ് ? ഇന്നേവരേ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പോലും വഴിപാടിനപ്പുറം സാന്നിധ്യമാവാത്ത ഒരു നാട്ടിലെ അനാധാരണ ഫുട്ബോൾ പ്രേമത്തെ ഫിഫ പോലും കൗതുകത്തോടെയാണ് കാണുന്നത്. ഒരുപക്ഷേ , സ്വന്തം ഫുട്ബോൾ മെച്ചപ്പെടുത്താൻ നോക്കാതെ ഉള്ള കാശും സമയവും മറ്റുള്ളവരുടെ ഫുട്ബോൾ കണ്ട് കളയുന്നതിനെ അവരും അകമേ നിരാകരിക്കുന്നുണ്ടാവാം. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത ഫുട്ബോളർ ഷറഫലി യാഥാർത്ഥ്യബോധത്തോടെ ഇപ്പറഞ്ഞിന്റെ പകുതി പറയുകയും ചെയ്തു.


 ഇവിടെ കളിയും ബഹളുവായി ആഘോഷിക്കുന്ന ചെറുപ്പക്കാരുടെ സ്വപ്നങ്ങളിൽ അർജന്റീനക്കും ബ്രസീലിനുമൊക്കെ വേണ്ടി ലോകവേദികളിൽ പന്തുതട്ടുന്ന രംഗങ്ങൾ ഉണ്ടാവും. പക്ഷെ ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഫുട്ബോൾ കളിക്കുന്നത് സ്വപ്നം കാണുന്ന എത്ര കുട്ടികൾ അക്കൂട്ടത്തിലുണ്ട് ? ഉസ്താദിനെ മാന്തുമ്മുമ്പ് കണ്ടന്റിന്റെ മെറിറ്റിനെ കുറിച്ച് അൽപ്പം ആലോചിക്കാം. 






മൂന്ന് : മഖ്ബറകളിലെ "ആരാധന " , കളിക്കാർക്കൊപ്പം മതാത്മീകനേതാവിന്റെ ചിത്രം ചേർത്ത ബാലൻസിംഗ് തുടങ്ങിയ അന്തംകെട്ട കൂട്ടിവെപ്പ് അത്തരക്കാരുടെ നിലവാരത്തകർച്ചയുടെ പതിവ് തെളിവുകൾ മാത്രമാണ്. 

കളിയേത് കാര്യമേത് എന്ന സാധാരണക്കാരന്റെ കോമൺസെൻസിനെയാണവർ നിഷേധിക്കുന്നത്. പത്രങ്ങളിലും മറ്റും കായികത്തിന് വേറെ തന്നെ സ്പേസ് അനുവദിക്കപ്പെടുന്നത് അതിനെ വേർതിരിച്ച് കാണാനും അതിന് പ്രത്യേകം പരിഗണന നൽകാനുമാണ്. ഉദാഹരണത്തിന് , രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഓടുന്ന ചിത്രവും സ്വാദിഖലി ശിഹാബ് തങ്ങൾ നെയ്മറിന് പഠിക്കുന്ന ആ ഫുട്ബോൾ വീഡിയോയും ആരും കായികപേജിൽ കൊടുക്കാറില്ല .

"കളിയാൽ ജയിച്ചാൽ കാര്യം കിട്ടും " എന്നതിനാലാണ് കളി കാര്യമാവുന്നത് തന്നെ. രണ്ടും രണ്ടാണ്. 



നാല് : പോർച്ചുഗലിന്റെ മാത്രം പതാകയെ പ്രശ്നവൽക്കരിച്ചതിന്റെ സാംഗത്യം എനിക്കറിയില്ല. അതേ സമയം കൊളോണിയൽ ശക്തികളായി ഒരു കാലത്ത് ഇവിടെ വന്നിരുന്നവരുടെ ഓർമ്മകൾ നിർണ്ണയിക്കുന്ന ഒരു രാഷ്ട്രീയം പൊതുവായി അവിടെയുണ്ട്. ഹോളോകോസ്റ്റ് ദുരന്തം ഇപ്പോഴും മെന്റൽ ട്രോമയായി ജൂതരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതിനാൽ ജർമ്മനിയോട് മൊത്തത്തിൽ ചതുർത്ഥി പ്രകടിപ്പിക്കുന്ന ജൂതരാഷ്ട്രീയം ഇപ്പോഴുമുണ്ട്. ഹിറ്റ്ലറിന്റെ ജർമ്മനിയല്ല ഇന്നത്തേത് എന്നറിയാത്തവരല്ല അവർ. ക്രിസ്റ്റാനോ റൊണാൾഡോ ഫലസ്തീനിലെ കുട്ടികൾക്ക് ആശ്വാസം പകർന്നിട്ടും ഉസ്താദിന്റെ കലിപ്പ് മാറുന്നില്ലേ എന്ന ഹാഷിമിയുടെ ചോദ്യം പരമദയനീയമാണ്. കൊളോണിയൽ വിരുദ്ധ വികാരം പ്രയോഗവൽക്കരിച്ച സമുദായത്തിന്റെ ഇനിയും അവശേഷിക്കുന്ന ട്രോമ ചിലർക്ക് ഉൾക്കൊള്ളാൻ പറ്റാത്തത് " ആഗസ്ത് പതിനഞ്ചിനെ ആപത്ത് പതിനഞ്ച് " എന്നും മഹാത്മാഗാന്ധിയെ " കറുത്ത സായിപ്പ് " എന്നും വിശേഷിപ്പിച്ച ജീനുകൾ ഇപ്പോഴും അവരുടെ ഉള്ളിൽ ബാക്കിയുള്ളത് കൊണ്ടാവാം.





അഞ്ച് : കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കാൻ എന്തേ ഉസ്താദുമാർക്ക് പറ്റുന്നില്ല എന്ന കൃത്രിമ ചോദ്യം അട്ടിമറിയാണ്. ഉസ്താദുമാർക്കാണതിന് പറ്റുന്നത്. ജർമ്മനി ക്വിയർ സമൂഹത്തിന് കളിക്കളത്തിൽ ഐക്യദാർഢ്യപ്പെട്ടതും ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരികെയിൻ ആം ബാൻഡ് അണിയാൻ വിസമ്മതിച്ചതിനാൽ പ്രതിഷേധിച്ചതും അതിനെതിരെ ബെൽജിയം ക്യാപ്റ്റൻ ഈഡൻ ഹസാർഡ് രംഗത്തുവന്നതും ഒടുവിൽ ഖത്തറിന്റെ അഭ്യന്തരനയങ്ങളോട് ഖത്തറിൽ വന്നാൽ ഒത്തുപോവണമെന്നും കളിക്കാൻ വന്നവർ കളിച്ച് പോയാൽ മതിയെന്നും ഫിഫക്ക് തന്നെ പറയേണ്ടി വന്നതിലുമൊക്കെ സ്ഖലിച്ച് പോയ സ്പോർട്സ്മാൻ സ്പിരിറ്റ് നേരിട്ട് കളിയെ ബാധിക്കുന്നതായിട്ടും മലയാള നിരൂപകരുടെ വിശകലന താൽപ്പര്യത്തിൽ വന്നിട്ടില്ല. സ്വന്തം ഐഡിയോളജി ഉയർത്തിപ്പിടിക്കാൻ വംശീയ യൂറോപ്പ് ഫുട്ബോളിനെ കരുവാക്കുന്നു. അതവിടെ ഫുട്ബോൾ അനുവദിക്കുന്ന വിശാല രാഷ്ട്രീയം ആണെങ്കിൽ ആ രാഷ്ട്രീയം ഇങ്ങിവിടെയും പറ്റും. ഫുട്ബോൾ ഉണർത്തുന്ന വ്യക്തിത്വ നഷ്ടങ്ങളെ കുറിച്ചുള്ള വിമർശനഭാഷ്യത്തെ ഉൾക്കൊള്ളാനും ആ ഗോൾപോസ്റ്റിന് വിശാലതയുണ്ട്. മതത്തെ പഴിച്ച് കാഴ്ച്ച പിഴച്ച ചില ക്ഷുഭിതവാർദ്ധക്യങ്ങൾക്ക് ആ വിശാലത ഇല്ലേയില്ലെങ്കിലും.

.


ആറ് : ഫുട്ബോളിനെ തന്നെ അടിമുടി എതിർക്കാനും ആർക്കും അവകാശമുണ്ട്. ലോക സോക്കർ മേള ആഗോള കമ്പോളച്ചന്തയാണ്. കമ്മ്യൂണിസ്റ്റ് നറേഷൻ അനുസരിച്ച് മതാനന്തര ലോകക്രമത്തെ മയക്കുന്ന കറുപ്പാണ് - ടെറി ഈഡിൽസണിന്റെ വിഖ്യാദ കമന്റ് - ഫുട്ബോൾ ഗെയിം. മുതളാളിത്വം വരക്കുന്ന ആനന്ദ സമവാക്യങ്ങളും ലിബറലിസം നിർണ്ണയിക്കുന്ന ഹർഷോന്മാദങ്ങൾക്കും കിട്ടുന്ന ആധികാരിക ഉൽസവമാണ് ഒളിംപിക്സും ഫുട്ബോൾ ലോകകപ്പും എന്ന വിമർശനം മതപക്ഷത്ത് നിന്നല്ല , സോഷ്യലിസ്റ്റ് രാഷ്ട്രീയ പക്ഷത്ത് നിന്നുമാണ് കൂടുതൽ വന്നത്. ഫുട്ബോൾ ലോകകപ്പിനെ എതിർക്കുമ്പോഴേക്ക് ആറാം നൂറ്റാണ്ടിലേക്കുള്ള ടിക്കറ്റ് മുറിക്കുന്നവർ ഒന്നറിയണം , അക്കാലത്ത് ലോക രാഷ്ട്രങ്ങൾ പങ്കെടുത്ത " ഗ്ലാഡിയേറ്റർ ഗെയിമുകൾ " എവ്വിധമാണ് ഗുണവും ദോശവുമാകുന്നതെന്ന് വിലയിരുത്തിത്തന്നെയാണ് ഇസ്ലാം ഇവിടെ ഖത്തറിലും എത്തിനിൽക്കുന്നത്.



ഏഴ് : അവധാനതയില്ലാതെ മത സംഘടനാ നേതാക്കൾ ഫുട്ബോളിനിടയിലേക്ക് മതം കൊണ്ടുവന്നു " ചളമാക്കുന്നു , നാട്ടുകാർക്ക് മുമ്പിൽ നാണക്കേടാക്കുന്നു " തുടങ്ങിയ എലൈറ്റ് മുസ്ലിം വർത്തമാനങ്ങൾ പറയുന്ന " ആൾട്രാ ജമാഅതെ പ്രൊഫൈലുകളോട് " ഒരു കാര്യം ചോദിക്കട്ടെ . ലോകകപ്പ് വേദിയിൽ ഇസ്ലാം അനുവദിക്കാത്തതിനാൽ മദ്യവും ക്വിയർ ബാൻഡും പാടില്ലെന്ന ഖത്തർ ഭരണകൂടത്തിന്റെ തീരുമാനം ശരിയാണോ ? വൈറ്റ് യൂറോപ് കൂടുതൽ ഇസ്ലാമോഫോബിക്ക്‌ ആവാനല്ലേ അത് കാരണമാവുക ? മുഹമ്മദ് സ്വലായും മസൂദ് ഓസിലുമൊക്കെ ഉണ്ടാക്കിയ പ്രൊ ഇസ്ലാം മാനിയ കളിക്കളത്തിൽ ഇല്ലാതാക്കുന്ന നീക്കമല്ലേ അത്തരം ഉഗ്രവാദങ്ങൾ ?

ഇവിടെ നാം , LGBTQ + നെ മതപരമായി നിരാകരിക്കുമ്പോഴും ജനാധിപത്യപരമായി ഉൾക്കൊള്ളുന്നു എന്ന നറേഷൻ രൂപപെടുത്തുമ്പോൾ ഖത്തറിന്റെ നീക്കം കൂടുതൽ നമുക്ക് പണി തരില്ലേ ? ഇനി , അത് ഖത്തറിന്റെ അഭ്യന്തരകാര്യമാണെന്നാണെങ്കിൽ ആ ഇസ്ലാം പറയാൻ ഇന്ത്യയിൽ മുസ്ലിംകൾക്ക് പാടില്ലെന്ന ഫാസിസ്റ്റ് രാഷ്ട്രീയവും നിങ്ങളുടെ വർത്തമാനവും ഒന്ന് തന്നെയല്ലേ ? ഇറാൻ ടീം ഹിജാബ് രാഷ്ട്രീയത്തോട് ഐക്യദാർഢ്യപ്പെട്ടതിനെ ശുദ്ധീകൃത ഇസ്ലാമായി വാഴ്ത്തുന്നവർക്ക് കളി ഇസ്ലാം ശുദ്ധിയാക്കാനുള്ളതല്ലെന്ന ബോധം അവിടെ നഷ്ടപ്പെടുകയും ഇവിടെ ഉണരുകയുമാണ് ! 



ഈ കാപട്യം മറച്ചുവെക്കാനാനാണ് പാതിരാ വഅളിന്റെയും മഖ്ബറകളിലെ " ആരാധന " യും ചിലർ പ്രമേയമാക്കുന്നത് . കളിയിൽ 

ഫാനിസം എന്നാൽ Supporting wibe എന്ന് മാത്രമാണ് അർത്ഥം . Respect എന്ന് പോലുമർത്ഥമില്ല . അതിനെ മതവുമായി ബന്ധപ്പെടുത്തുന്നവരാണ് ഇസ്ലാമിനെ ശുചീകരിക്കുന്നത് എന്നതാണ് കഥ .




എട്ട്: കളിയിൽ രാഷ്ട്രീയം വരാം. പക്ഷെ കറക്ട്നസ് പ്രധാനമാണ്. ഉദാഹരണത്തിന് LGBTQ + ന് കളിക്കളത്തിൽ ജർമ്മനി പിന്തുണ നൽകുന്ന ജർമ്മനിയും ഇംഗ്ലണ്ടും മനുഷ്യാവകാശമാണ് പറയുന്നത്. പക്ഷെ ഇതേ ജർമ്മനി വംശീയത ആരോപിച്ചാണ് മസൂദ് ഓസിലിനെ അപരവൽക്കരിച്ചത്. കുർദുകളെ കൊന്നൊടുക്കുന്ന എർദോഗന്റെ ആത്മമിത്രമാണ് ഓസിൽ എന്നതാണ് തെറ്റെങ്കിൽ ആ എർദോഗന് കുർദുകളെ കൊല്ലാൻ ആയുധം നൽകുന്നത് ജർമ്മനി അടങ്ങുന്ന നാറ്റോയാണ്. നാറ്റോയിലും ഇസ്രായേൽ അലൈൻസിലും അംഗമായ തുർക്കിയുടെ കട്ടക്കട്ടയാണ് ഖത്തർ .



ഒമ്പത് : മതം സ്വകാര്യമായി പ്രാക്ടീസ് ചെയ്യാനുള്ളതാണ് , മതം പൊതുവിടത്തിൽ പറയരുതെന്ന ലിബറൽ തിട്ടൂരത്തിനോട് രാജിയാവാൻ മതവക്താക്കൾക്ക് കടമയില്ല . ഇത് കേട്ട് മാനക്കേട് തോന്നുന്ന പൊതു മുസ്ലിംകൾ സഹിച്ചേക്കുക .



പത്ത് : സമസ്ത അടക്കം മത സംഘടനകൾ നേതൃത്വം നൽകി നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം ഫുട്ബോൾ അടക്കമുള്ള ഗെയിമുകളും മാർഷൽ ആർട്സ് തന്നെയുമുണ്ട്. കളികൾ ഉല്ലാസത്തിനും രസത്തിനും വേണ്ടി നല്ലതാണ്. പഠനത്തിനും ആരാധനക്കും ഇടയിൽ കുട്ടികളെ കളിക്കാൻ വിടണം എന്നാണ് എല്ലാവരുടെയും നിലപാട്. 

ആഗോള സൂഫീ പണ്ഡിതന്മാരും അതേ ലൈൻ തന്നെ. പക്ഷെ അവർ നേരിട്ട് കളിക്കാറില്ല. കളിക്കുന്നവരെ തടയാറുമില്ല. കളി ഒരു കളി മാത്രമാണെന്ന് അവർക്കറിയാം. അത് കൊണ്ട് തന്നെ ഞങ്ങൾ കളി കൂടി ഉള്ളവരാണെന്ന് കാണിച്ച് വലുതാവാൻ അവർ ചെറുതാവാറുമില്ല. യമനിലെ ശൈഖ് ഉമർ ഹാഫിസ് അക്കാര്യത്തിൽ മാതൃകയാണ്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us