loader
blog

In Aesthetic

By Shuaibul Haithami


"എൻ്റെ സമ്പത്ത് കൊണ്ട് എനിക്കെന്തൂട്ട് കുന്തം , എൻ്റെ അധികാരമോ - എന്നെ കൂട്ടാതെ ചത്തും പോയി നാശം "





മരിക്കാൻ നേരം എങ്ങനെയാവും അതുൾക്കൊള്ളേണ്ടി വരിക എന്ന് ചിന്തിച്ച് നോക്കൂ ,നോക്കി ചിന്തിക്കൂ .

മരണം  ഒറ്റവാക്കാണെങ്കിലും ഒരായിരം സംഗതികളുടെ ആകെത്തുകയാണത്. 

ജീവൻ നിലക്കലല്ല മരണത്തിലെ അതിതീവ്ര ഘട്ടം .താൻ മരിക്കുകയാണ് എന്നൊരാൾ ഉൾക്കൊള്ളലാണ് / ഉൾക്കൊള്ളേണ്ടി വരലാണ്. 

മരിക്കുന്ന ശരീരം പങ്കെടുക്കുന്ന കൃത്യം അതാണ്. 

ബാക്കി നാം വേണ്ടെന്ന് കരുതിയാലും അതിൻ്റെ വഴിയേ  നടന്നോളും .മരണം റിഫ്ലക്സീവാണെന്ന് ബയോളജി പറയുന്നുണ്ടോ ഇല്ലേ എന്ന് നോക്കിയിട്ടില്ല ,പക്ഷെ എൻ്റെ ഭാവനയിൽ മരണം റിഫ്ലക്സീവ് ആക്ഷനാണ് ,ഇൻഫിആൽ .


 ThanatoIogy എന്നൊരു വിജ്ഞാന ശാഖയുണ്ട് .മരണ - മരണാനന്തര വ്യതിയാനങ്ങളെ ഭൗതികമായി മനസ്സിലാക്കാനുള്ള ശ്രമമാണത്. 


"ഇവിടെയിനി ജീവിതമില്ല" എന്ന ഉൾക്കൊള്ളൽ പ്രക്രിയ സ്വാഭാവികമായി ആറ് ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത് . 

ഒരുടലിൽ അതിന് സ്വയം പുറന്തള്ളാൻ കഴിയാത്ത ഒരന്യ വസ്തു പ്രകൃത്യായോ കൃത്വിമമായോ രൂപപ്പെടുന്ന അവസ്ഥ തുടരുമ്പോഴാണല്ലോ സ്വാഭാവിക മരണചിന്ത വന്നു തുടങ്ങുക.


ഒന്നാം ഘട്ടം : 'എനിക്കതൊന്നും വരില്ല ,ഉറപ്പുള്ള ശരീരമല്ലേ എനിക്ക് 'എന്ന സ്വയം സമാധാന ശ്രമമാണ്. 

അപകടാവസ്ഥ വന്നുചേർന്നുവെന്ന് മനസ്സ് സമ്മതിച്ചാൽ പിന്നെ , അതിൽ നിന്നും കുതറി മാറാനും രക്ഷപ്പെടാനുമുള്ള അറ്റകൈ ഉദ്യമങ്ങളാണ് രണ്ടാം ഘട്ടം. 


'പെട്ടു' അല്ലെങ്കിൽ മരിക്കാൻ

 ' തെരെഞ്ഞെടുക്കപ്പെട്ടു 'എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ , എന്ത്കൊണ്ട് എനിക്കീ ഗതി വന്നു ,അവർക്ക് വരാതെ എന്ന ആത്മശോകവും അപരയീറയുമാണ് മൂന്നാം ഘട്ടം. 


നാലാംഘട്ടം ,കീഴടങ്ങിത്തുടങ്ങലും വിധി സ്വീകരിക്കാൻ തയ്യാറെടുക്കലുമാണ്. 

സ്വന്തക്കാരോടുള്ള വിടവാങ്ങലുകളുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ കാര്യങ്ങളിൽ മനസ്സില്ലാതെ മനസ് കൊടുക്കേണ്ടി വരും ,വസ്വിയ്യതായും വിൽപത്രമായുമൊക്കെ .


അഞ്ചാം ഘട്ടം കൂടുതൽ വൈകാരികമാണ് , താനില്ലാതായാൽ ബാക്കിയാവുന്ന വീട് ,കുടുംബം ,നാട് ,ലോകം തുടങ്ങിയ വിചാരങ്ങളും മരണാനന്തം താനെന്ത് എന്ന വേപുഥുമുമാണാ നേരങ്ങൾ. 

ജീവിതത്തിൻ്റെ രണ്ടറ്റക്കൾക്കിടയിലെ ദീർഘമായ ടണൽ ഒരു കൊക്ക കണക്കേ കൺ മുമ്പിൽ തെളിയുന്നു. ആയുസ്സ് മഞ്ഞലിയുന്നതിനേക്കാൾ വലിയ കാപട്യമായിരുവെന്ന് തോന്നിത്തുടങ്ങുന്നു. 

കരയുന്നു , ദീർഘമയക്കത്തിൻ്റെ താഴ്വാരങ്ങളിലൂടെ അലക്ഷ്യമായി പാറി നടക്കുന്നു .ഇടക്കിടെ ബോധം തെളിയുമ്പോൾ ,

മരണത്തെ സംബന്ധിച്ച വ്യക്തിയുടെ വിശ്വാസമനുസരിച്ച് , സൽക്കർമ്മങ്ങളോർത്ത് സന്തോഷിക്കുന്നു. മരിക്കുന്ന നേരത്ത് പ്രിയപ്പെട്ടവർ അടുത്തുണ്ടാവണമെന്നാഗ്രഹിക്കുന്നു. 

ഏറ്റവും പ്രിയപ്പെട്ടവരിലേക്ക് ,അനങ്ങുന്നയവയവങ്ങൾ ചായുന്നു ,ചലിക്കുന്നു.


ആറാം ഘട്ടം , നിഗമനങ്ങൾ പലതാണ്.( ഈ കുറിപ്പിൻ്റെ സ്വഭാവം മാറുമെന്നതിനാൽ പറയാതെ അവ വിടുന്നു). 


Near Death experience എന്നൊരു വായനാശാഖ തന്നെ ഇന്ന് വിശാലമാണ്. നൂറുക്കണക്കിന് ഗ്രന്ഥങ്ങളും ഇൻ്റർവ്യൂകളും നെറ്റിലുണ്ട്. ഇസ്ലാം അവതരിപ്പിക്കുന്ന സകറാതിൽ നിന്നും വൈദ്യഭാഷയിലെ സെമികോമയിൽ നിന്നും തിരിച്ചുവന്നവരുടെ കഥകളാണവ ,വായിക്കണം ,കേൾക്കണം .

ശ്വാസം നിലക്കവേ, ശുദ്ധവായുവിൻ്റെ തണുത്ത കടലിലേക്ക് ചാടാൻ വെമ്പുമ്പോഴും സാധിക്കാതെ  വെപ്രാളപ്പെടുന്നു ,

കിളി പാറാൻ ചിറകുയർത്തിക്കഴിഞ്ഞു ,

നെഞ്ചിൽ കല്ലിൽ കല്ലുരസുന്ന കെട്ടിക്കിടപ്പ് പോലെ,

 ഞരമ്പുകളിൽ പൊട്ടിത്തെറികൾ സംഭവിക്കുന്നു ,

തലച്ചോറിൽ തീപ്പൊരിയും , 

അത് വരെ കാണാത്തത് കണ്ടു തുടങ്ങുന്നതിനാൽ കണ്ണിന് മൂർച്ച കൈവന്ന് കാഴ്ച്ചകൾ കുഴഞ്ഞും കൈകൾ അയഞ്ഞും

 "പോയി " എന്നടയാളമാവുന്നു. 

ദീർഘ നിശ്വാസത്തോടെ ,പാതിമുറിഞ്ഞ വാക്കുകളുടെ ഞരക്കത്തോടെ ..


മരണാനന്തരം ഇല്ലാതാവാതെ എന്തോ ഉണ്ടാവുമോ എന്ന ജിജ്ഞാസ ആർക്കുമുണ്ടാവാം ,അതേക്കുറിച്ചുള്ള നിഷേധം പോലും ആഴത്തിലുള്ള ആലോചനക്ക് ഉത്തരം കിട്ടാതാവുമ്പോഴുള്ള പിന്തിരിയലാണ്. 

ഇസ്ലാമിക വായനക്ക് പുറത്ത് , ഞാൻ മരണത്തെ മനോഹരമായി എഴുതിക്കണ്ടത് 

അമേരിക്കൻ കവയത്രി എമിലി ഡിക്കിംൺസനെയാണ്

( (Emily Dickinson) ).ഡിഗ്രിക്ക് അവരുടെ കവിത ഉണ്ടായിരുന്നു. അന്നതത്ര ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ഗൂഗിളിലൂടെ അവരെ പലതവണ സന്ദർശിച്ചു.

 പക്ഷെ അവർ വിലാപയാത്രക്കും കുടീരത്തിനുമപ്പുറത്തേക്ക് പോയില്ല.  അതിനപ്പുറത്തേക്കുള്ള ജിജ്ഞാസ കണ്ടത് പിജി ഫിലോസഫിയുടെ ഭാഗമായ റിലീജിയസ് കംപാരിസണിൽ വരുന്ന കഠോപനിഷത്തിലാണ്.  


മരണദേവനായ യമനും മരണമുഖത്തെത്തിയ നചിതകേതസ്സ് എന്ന ബാലനും തമ്മിലുള്ള സംഭാഷണമാണ് കഠോപനിഷത്ത്. പലവല്ലികളുടെ ഒടുവിൽ മരണാനന്തരം എന്താണ് കാര്യങ്ങൾ എന്നാ ബാലൻ യമനോട് ചോദിക്കുകയാണ് .

ദേവന്മാർ പോലും തർക്കിക്കുന്ന ഈ വിഷയത്തിന്റെ നിയമങ്ങൾ സങ്കീർണ്ണമായതു കൊണ്ട്, അതിനു പകരം മറ്റെന്തെങ്കിലും ചോദിക്കാൻ ആവശ്യപ്പെടുകയായിരുന്നു യമനപ്പോൾ . അതറിഞ്ഞേ പറ്റൂവെന്നായ ബാലനോട്  ജനിമൃതികളുടെ രഹസ്യം ചോദിക്കാതിരുന്നാൽ തിളങ്ങുന്ന പുത്രന്മാരെയോ തീരാത്ത സമ്പത്തോ കുമിഞ്ഞ് കൂടിയ സ്വർണ്ണമോ കാമം തപിക്കുന്ന സുന്ദരിമാരെയോ തന്ന് ആയുർദൈർഘ്യം  വരം തരാം എന്നായി യമൻ. ബാലൻ ചോദിക്കുന്നത് കൊടുക്കാം എന്ന വാക്കിന് പുറത്താണ് സംസാരം. അപ്പോൾ , നചിതകേതസ് പറഞ്ഞ മറുപടിയാണ് ബോധം . ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന ആനന്ദം സുനിശ്ചിതമായ മരണത്തോടെ കലാശിക്കുമെന്നും സമ്പത്താൽ സംതൃപ്തി സാധ്യമല്ലാത്തതിനാൽ  മരണത്തിനപ്പുറത്തുള്ള കാര്യങ്ങൾ അറിയുകയേ മരണത്തിന് മുമ്പ് ആഗ്രഹമുള്ളൂ എന്നും പറഞ്ഞു ബാലൻ. 


നചിതകേതസ്സ് പറഞ്ഞതിന് ജീവിത പ്രകാശനം നൽകിയതായി കണ്ടത് സുൽത്താൻ ഹാറൂൺ റഷീദിൻ്റെ മരണം വായിച്ചപ്പോഴാണ്. 

മരണമുനമ്പിൽ ചക്രവർത്തി ,തന്നെ അടക്കം ചെയ്യുന്ന കുടീരത്തിനരികെ എത്തിക്കാൻ ആവശ്യപ്പെട്ടു. അപ്പുറത്ത് കൊട്ടാരം ,അതിനുള്ളിൽ കണ്ണിൽ കൊള്ളാത്തത്ര അതൃപ്പങ്ങൾ,

നഷ്ടമാവുന്നത് അതിർത്തികളിയാത്ത വിധം പടർന്ന സാമ്രാജ്യം ,ശാപം പുലർന്നത് പോലെ വന്ന മരണം ... ഹാറൂൺ റഷീദ് വിതുമ്പി,ശേഷം പതിയെ ഖുർആനിൽ നിന്നോതി :


مَا أَغْنَى عَنِّي مَالِيهْ * هَلَكَ عَنِّي سُلْطَانِيهْ 

"എൻ്റെ സമ്പത്ത് കൊണ്ട് എനിക്കെന്തൂട്ട് കുന്തം , 

എൻ്റെ അധികാരമോ - 

എന്നെ കൂട്ടാതെ ചത്തും പോയി നാശം ". 


തുടർന്ന് ചക്രവർത്തി ആകാശത്തേക്ക് കണ്ണുകളുയർത്തി അല്ലാഹുവിനോട് ഭിക്ഷ തേടി.


يا من لا يزول ملكه ارحم من قد زال ملكه


" അധികാരം നീങ്ങാത്ത ഉന്നതാ , അത്പോയ അധമന് കരുണതാ " 


വിശ്വാസിക്ക് നല്ലമരണം എന്നൊരു സ്വപ്നമുണ്ട്.

അതോടൊത്ത് വരുന്ന രണ്ടാഗ്രഹങ്ങളും ഉണ്ടാവും ,

മരിച്ച് കിടക്കുമ്പോൾ ഏതോ പ്രിയപ്പെട്ടൊരാളുടെ  സ്വീകരണതമാശ കേട്ട് ചിരിക്കുന്ന പോലെ മുഖം വിടരണം , മണ്ണിലമർന്നാലും ശരീരം മണ്ണാവാതെ ,പുഴു തിന്നാതെ ബാക്കിയാവണം ,ഇവയാണത്. 

നൂറ്റാണ്ടുകൾ പഴകിയ എത്രയോ കുടീരങ്ങൾ ചരിത്രത്തിൽ അത് ശരി വെക്കുന്നുണ്ട്. 

ചിരിക്കുന്ന മുഖമുണ്ടാവണം എന്ന് കരുതുന്നത് നമ്മെ സ്നേഹിക്കുന്നവർ സന്തോഷിക്കാനാണ്.

അല്ലെങ്കിലും ,നാം ഇല്ലാതായാലുള്ള ലോകം ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക അവരാണ്. നാം പോയത് സന്തോഷത്തോടെയാണെന്ന് തോന്നുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം കൂടിയാണ് ഈ ചിരിക്കുന്ന മുഖം. രണ്ടാമത്തേത് ,നാം ഈ പ്രപഞ്ചത്തിൽ പടച്ചവനാൽ സ്വീകരിക്കപ്പെട്ടവനാണ് എന്ന അംഗീകാരമാണ് ,അതിനേക്കാൾ വിലമതിക്കാൻ വിലകളേയില്ല സങ്കൽപ്പങ്ങളിൽ .

വെടിപ്പിനെയും വൃത്തിയെയും ജീവിതത്തിൽ നിന്നും മരണത്തിലേക്കും അതിനപ്പുറത്തേക്കും നീട്ടുന്നുവെന്നതാണ് വിശ്വാസത്തിൻ്റെ പ്രത്യേകത . അവസാന ശ്വാസം വിശുദ്ധമായവനാണ് സംതൃപ്തവിശ്വാസി .

വിശ്വാസത്തിന് ശ്വസനുമായും ബന്ധമുണ്ട് .

നിശ്വാസം തീരുന്ന ശബ്ദം ഹ് ആണ് ,ലാ ഇലാഹ ഇല്ലല്ലാഹ് തീരുന്നതും .അവ മരണത്തിലൊന്നിക്കലാണ് മഹത്തരം .

നേരങ്ങളുടെ നിയമമായി വന്ന പ്രാർത്ഥനകളേക്കാൾ പ്രകമ്പനം പരക്കുന്ന പ്രാർത്ഥനകളുടെ നേരങ്ങൾ സംഭവിക്കാൻ പ്രേരണയാവുന്ന കൊതികളാണവ.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us