loader
blog

In General

By Shuaibul Haithami


പെണ്ണ് + ആണ് = പെണ്ണാണ് = ആദേശസന്ധി = വിഷമസന്ധി

ശബരിമല വിവാദത്തിന്റെ വൈകാരിക ആനുകൂല്യത്തിൽ മുസ്ലിം ആരാധനാലയങ്ങളിലും ലിംഗസമത്വം ഉറപ്പുവരുത്തണമെന്ന ശാഠ്യത്തിൽ ചട്ടം കെട്ടി കോടതിവരെയെത്തി നിൽക്കുന്ന പ്രോഗ്രസീവ് മുസ്ലിം വുമൺസ് ഫോറമടങ്ങുന്ന (നിസ) വിവിധ സംഘങ്ങളും ഇടത് ലിബറൽ രാഷ്ട്രീയ സാമൂഹിക നേതാക്കളും ഉയർത്തുന്ന പ്രധാന ന്യായങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്ത്രീവിരുദ്ധമായ മെയിൽ ഷോവനിനസത്തിന്റെ സൃഷ്ടിയാണ് പൗരോഹിത്യം .ഹൈന്ദവ ദർശനങ്ങളിലെ വൈദിക - താന്ത്രിക ദ്വന്ദങ്ങളും ഇസ്ലാമിലെ ആചാര്യസങ്കൽപ്പങ്ങളും ചൂഷണോന്മുഖമായ മധ്യകാല സാഹചര്യങ്ങളിൽ ഉടലെടുത്ത പുരുഷ കേന്ദ്രീകൃത വ്യവസ്ഥയാണ്. ആ വ്യവസ്ഥയുടെ ബലത്തിലാണ് പുരുഷൻ ആരാധനാലയങ്ങളുടെ ആധിപത്യം നേടിയത്, അല്ലാതെ ജനിതകമോ വൈദികമോ ആയ പ്രമാണങ്ങൾ കൊണ്ടല്ല. ഇസ്ലാമിൽ , സ്ത്രീത്വത്തെ ഭോഗപദവിയിൽ നിന്നും മനുഷ്യപദവിയിലേക്ക് നയിച്ച അന്ത്യപ്രവാചകൻ ഒരിക്കലും സ്ത്രീകൾക്ക് പള്ളിയിലാരാധന നിരുൽസാഹപ്പെടുത്തിയിട്ടില്ല ,മറിച്ച് ശാരീരികാവശതകളും ഗാർഹികകൃത്യാന്തര ബാഹുല്യങ്ങളും ഉണ്ടാവുമ്പോൾ വീട് പളളിയേക്കാൾ ഉത്തമമാണെന്ന് പറഞ്ഞ് അവരുടെ മനസ് വായിക്കുകയായിരുന്നു. സ്ത്രീകൾ പൊതുരംഗ പ്രവേശവഴിയിലായ ഇക്കാലത്ത് പ്രവാചകൻ ഉണ്ടായിരുന്നെങ്കിൽ അത്തരം ഫെമിനിസ്റ്റുകളുടെ മനസ് വായിച്ച് മതം നിർമ്മലമാക്കുമായിരുന്നു. നിസയുടെ സുഹ്റ , ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ജാമിതടീച്ചർ ,വനിതാകമ്മീഷന് വേണ്ടി കെ കെ ശൈലജ ടീച്ചർ , ഇടത് ലിബറലുകൾക്ക് വേണ്ടി കൊടിയേരി ബാലകൃഷ്ണൻ ,മുസ്ലിം ലിബറലുകൾക്ക് വേണ്ടി കെടി ജലീൽ തുടങ്ങി പതിവ് പോലെ ചിരപ്രതിഷ്ഠരായ അനേകം 'മുസ്ലിംബുദ്ധിജീവികളും ' ഇതേ വാദങ്ങളുടെ പല അടരുകളും ഉപയോഗിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിരവധി വെബ്പോർട്ടലുകളിൽ 'പൗരോഹിത്യ ഇസ്ലാമിലെ ' സ്ത്രീവിരുദ്ധ രീതികളെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ച് നിർവൃതിപ്പെടുന്ന വിപ്ലവസ്ത്രീത്വത്തിന്റെ കല്ലിച്ച കലിപ്പുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇത്തരം വാദമുഖങ്ങളുടെ അന്ത:സാരദോശങ്ങൾ അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്.












ഇല്ലാത്തരോഗത്തിന് കിട്ടാത്തമരുന്ന്.



ശബരിമലയും 'സുന്നിപ്പള്ളി'കളുമാണല്ലോ നിലവിൽ പ്രശ്നവും പ്രമേയവും. ആദർശബന്ധിതവും ആചാര്യ ബന്ധിതവുമായ വിശ്വാസാനുഷ്ഠാനങ്ങളെയാണ് മതം എന്ന പദം കൊണ്ട് വ്യവഹരിക്കപ്പെടുന്നത്. മേൽപറഞ്ഞ കക്ഷികൾ നിയമപരമായ മാർഗങ്ങളിലൂടെ ഈ വിഷയത്തിലിടപെടുമ്പോൾ ഉയരുന്ന പ്രതിസന്ധികൾ നിരവധിയാണ്. ശബരിമലയെ സുന്നി മസ്ജിദുകളുമായി താരതമ്യം ചെയ്ത രീതിയാണ് ഒന്നാമത്തേത്. നൈഷ്ടിക ബ്രഹ്മചാരിയായ മണികണ്ഡൻ അയ്യപ്പന്റെ പ്രതിഷ്ഠയെ ആരാധിക്കുന്ന ഇടമാണ് ശബരിമല. ഹൈന്ദവ മതത്തിലെ വൈദികവും താന്ത്രികവുമായ ആചാരമുറകളാണ് അവിടെ നടക്കുന്നത്. പന്ത്രണ്ടാം ശതകമാണ് മണികണ്ഡന്റെ കാലഘട്ടം .ശിവനെ (അയ്യൻ)പരമദൈവമായി ആരാധിക്കുന്ന ശൈവധാരയും മഹാവിഷ്ണുവിനെ (അപ്പൻ) മഹാദൈവമായി പരിഗണിക്കുന്ന വൈഷ്ണവധാരയും തമ്മിൽ സംഘർഷം നടക്കുന്ന ഒരു കാലത്ത് ഇരുപക്ഷത്തേയും ഒരുമിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 'അയ്യപ്പൻ ' രൂപപ്പെടുന്നത്. പക്ഷെ മസ്ജിദുകളിൽ പ്രതിഷ്ഠയോ പൂജയോ മൂർത്തിയോ മുഹൂർത്തമോയില്ല.

സ്ത്രീ പ്രവേശവിലക്കിന്റെ വിഷയത്തിലും വ്യത്യാസമുണ്ട്. മണികണ്ഡൻ ബ്രഹ്മചാരിയായതിനാൽ ഋതുമതിത്വം നിലനിൽക്കുന്ന സ്ത്രീശരീരം സന്നിധിയിൽ കടക്കരുതെന്നാണ് പഥ്യം .സ്ത്രീലിംഗനിയന്ത്രണം എന്നതിനേക്കാൾ പ്രായനിയന്ത്രണമാണത്. അക്കാര്യത്തിൽ സ്ഥായീരൂപം ഉണ്ടെന്ന് പറയാനുമാവില്ല. ഇടക്കാലങ്ങളിൽ പഥ്യം തെറ്റിക്കപ്പെട്ടത് കാണാം. മസ്ജിദുകളിൽ ആദരവിനോ ആരാധനക്കോ ആനന്ദത്തിനോ വേണ്ടി സ്ത്രീകൾ പ്രവേശിക്കുന്നതിന് ഇസ്ലാമിൽ വിലക്കില്ല. അക്കാര്യത്തിൽ പ്രായനിയന്ത്രണവുമില്ല. അവർ പ്രവേശിക്കുന്നത് കൊണ്ട് അവിടം അശുദ്ധമാവുകയോ ശുദ്ധികലശം വേണ്ടിവരികയോയില്ല. ആർത്തവകാരികൾക്ക് മസ്ജിദിൽ പ്രവേശിക്കാൻ പാടില്ല എന്നത് സ്ത്രീവിരുദ്ധതയാവുമെങ്കിൽ ഇന്ദ്രിയസ്ഖലനമുണ്ടായ പുരുഷനും ദേഹദാവനം നടത്തുന്നത് വരെ പ്രവേശനം നിശിദ്ധമാവും . അതിനെ പുരുഷവിരുദ്ധത എന്ന് പറയുന്ന സാംഗത്യമേ ആദ്യത്തേതിനുമുള്ളൂ. ചില പ്രത്യേക ശാരീരിക സാഹചര്യങ്ങളിൽ നമസ്ക്കാരവും വ്രതവും സ്ത്രീകൾക്ക് പാടില്ല എന്നത് പക്ഷാന്തര ഇസ്ലാമാണ്. പുരുഷന് നിസ്ക്കാരം മുതൽ ധാരാളം കാര്യങ്ങൾ നിശിദ്ധമാവുന്ന ശാരീരികാവസ്ഥകളുണ്ട്. അതൊക്കെ അനീതിയാണെന്ന് ഘട്ടം ഘട്ടമായി വന്നാൽ പിന്നെ എന്ത് ഇസ്ലാമാണ് ബാക്കിയുണ്ടാവുക ? അച്ചടക്കങ്ങളെയും ആനുകൂല്യങ്ങളെയും അക്രമമായി കാണുന്ന ലോജിക്ക് തകർന്ന വിചാരപഥത്തിന്റെ ലക്ഷണമാണ്.

ഗവൺമെന്റ് ലേഡീസ് കൺസഷൻ അനുവദിക്കുന്നതും ഡെലിവറി ലീവ് കാഷ്വലാക്കുന്നതും ,യൂണിഫോമണിയാത്ത വിദ്യാർത്ഥിയെ പുറത്താക്കുന്നതും മേലുദ്യോഗസ്ഥരുടെ മുറികളിൽ പദവി കുറഞ്ഞവർക്ക് പ്രവേശനാനുമതി തടയുന്നുതുമൊക്കെ മനുഷ്യാവകാശ ലംഘനമാവുമെന്നതിലെത്തും ആ ന്യായചിന്ത. കേവല യുക്തിവാദം ചരിത്രത്തിൽ പലവട്ടം അരാജകത്വം സൃഷ്ടിച്ചത് വെറുതെയല്ല.









ഇവിടെ , ശബരിമലയും സുന്നിപ്പള്ളിയും യോജിക്കുന്ന നിയമപരമായ ഒരിടമുണ്ട്. ആരാധനയായങ്ങളെ കൂടി പൊതുഇടക്കാക്കുക എന്ന ലിബറൽ അജണ്ടയുടെ ഭാഗമാണ് ഈ വിവാദങ്ങൾ . ആചാരരീതികളെ തകർത്ത് വിശ്വസങ്ങളുടെ അന്തഃസത്ത ഇല്ലാതാക്കി മുരടിളക്കാനാണവർ ആരാധന മനുഷ്യാവകാശമാണ് ,അതിൽ ഇടത്തിനോ ഇടനിലക്കാർക്കോ പ്രത്യേകാധികാരങ്ങൾ ഇല്ലെന്നും പറയുന്നത്. ആരാധനകൾക്ക് വേണ്ടി ഇതരർക്ക് പ്രവേശനമില്ലാത്ത സ്വകാര്യ യിടങ്ങൾ ഉണ്ടാവരുതെന്ന പക്ഷം ഭരണഘടനയുടെ നേർലംഘനമാവും .അക്കാര്യത്തിൽ മതവിശ്വാസികൾ ഒന്നടങ്കം ഒരേ പ്ലാറ്റ്ഫോമിൽ നിൽക്കേണ്ടി വരും. മാത്രവുമല്ല , തങ്ങളുടെ വിശ്വാസങ്ങളുടെ നിർവ്വചനവും നിർവ്വഹണവും മറ്റുള്ളവർ പറയുന്നത് പ്രകാരം ആക്കണമെന്ന അവസ്ഥ ഭാഗികമായെങ്കിലും വന്നാൽ പിന്നെ മതസ്വാതന്ത്രം വ്യക്തിയിൽ നിന്ന് സ്റ്റേറ്റിന്റെ അധികാരമായി മാറും. മണികണ്ഡനെ അപ്രീതിപ്പെടുത്തി ശബരിമലയിൽ പോവണമെന്ന് ശഠിക്കുന്ന ഹിന്ദു ഭക്തകളോ സുന്നിപ്പളളിയിൽ പൊതു നമസ്കാരത്തിന് നേതൃത്വം കൊടുക്കണമെന്ന് പറയുന്ന സുന്നി സ്ത്രീകളോ ഇവിടെയില്ല. മത വിശ്വാസം തന്നെ പാടില്ലെന്ന് പറയുന്നവർ ഈ പരാതികളോ പരിഭവങ്ങളോ ഇല്ലാത്തവർക്കിടയിൽ നുഴഞ്ഞു കയറി സാമൂഹികശൈഥില്യങ്ങൾ വിതക്കുന്നത് കുറ്റമാവുന്ന നിയമങ്ങളാണ് ഉണ്ടാവേണ്ടത്. നിയമപരമായ പഴുതുകളേക്കാൾ ഇത്തരം കാര്യങ്ങൾ വിലയിരുത്തപ്പെടേണ്ടത് അലിഖിതമായ സാമൂഹിക മര്യാദകൾ (Social norms) അടിസ്ഥാനപ്പെടുത്തിയാവണം.


ഇനി ,സുന്നീ സമൂഹം എന്ത്കൊണ്ട് സ്ത്രീപള്ളിപ്രവേശത്തെ നിരുൽസാഹപ്പെടുത്തുന്നു എന്നതാലോചിക്കാം . പ്രതിഷ്ഠകൾ ആധാരമാക്കി നിർമ്മിക്കുന്ന ക്ഷേത്രമതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇസ്ലാമിൽ എവിടെ വെച്ചും എങ്ങനെയും പ്രാർത്ഥിക്കാം . പളളിയാണെന്ന് ഉടമസ്ഥൻ മനോനിശ്ചയപ്പെടുത്തി വകമാറ്റുന്ന ഏതിടവും പള്ളിയാവും. അപ്പോൾ പൊതുവായി നാട്ടിൽ അറിയപ്പെടുന്ന പള്ളിയിൽ നിന്ന് പ്രാർത്ഥിക്കുന്നതും സ്വന്തം ഭവനത്തിലെ ഒരുമുറി പളളിയാണെന്ന് വകമാറ്റിയശേഷം അവിടെ വെച്ച് പ്രാർത്ഥിക്കുന്നതും ഒരുപോലെയാണ്. ഇസ്ലാമിൽ അഞ്ച് സമയങ്ങളിൽ നിർബന്ധപ്രാർത്ഥനകളുണ്ട്. പൊതുവായി പറഞ്ഞാൽ അതിൽ മൂന്നെണ്ണം രാത്രിയാണ്. ലോകം എത്ര പുരോഗതി പ്രാപിച്ചാലും പുരുഷന് സമാനമായ കായികക്ഷമത സ്ത്രീക്ക് കൈവരിക്കാനാവില്ല. ശാരീരികമായ സവിശേഷ ശക്തിക്ഷയങ്ങൾ അവരെ ബാധിക്കും , മാനസികമായ അതിഭീതിയും .അതിനാൽ ഇസ്ലാം അവർക്ക് വേണ്ടി ഭവനം മസ്ജിനെക്കാൾ ആരാധനാകാര്യങ്ങളിൽ ഉത്തമമാക്കി. മറിച്ചായിരുന്നുവെങ്കിൽ പളളിയിൽ അമ്മത്തൊട്ടിലും കുപ്പിപ്പാലും സാനിറ്ററി ലാബും ഘടിപ്പിക്കേണ്ടി വരുമെന്ന പ്രസ്താവന പ്രകൃതിപരമാണ്. അവർക്കായി വേണമെങ്കിൽ ഗോത്രപ്പള്ളിയും ഗൃഹപ്പള്ളിയും പണിയുകയുമാവാം. പുരുഷന്മാരോടൊപ്പം ഇടകലർന്നിരുന്നാൽ മാത്രമേ ഇസ്ലാം സ്ത്രീവിരുദ്ധയിൽ നിന്നും കരകയറുകയുള്ളൂ എന്ന് പറയുന്നവരുടെ അംഗീകാരമുദ്രക്ക് വിശ്വാസിസമൂഹം അമേധ്യത്തിന്റെ മൂല്യം പോലും കൽപ്പിക്കുന്നില്ല.

ഇസ്ലാമിലെ സ്ത്രീവിരുദ്ധത ശബരിമലയുമായി ബന്ധപ്പെട്ട ചർച്ചയാക്കിയതിൽ ഇവിടത്തെ 'പെമ്പള്ളി സംഘടനകൾക്ക് ' നല്ല പങ്കുണ്ട്. 'സ്ത്രീ പളളി പ്രവേശം' എന്ന ഒരു പ്രയോഗം കേരളീയ മുസ്ലിം വ്യവഹാരങ്ങളിലുണ്ട്. സത്യത്തിൽ ആ പ്രയോഗം തന്ത്രപരമായ ഒരു താക്കോൽ വാക്യമാണ്. പെണ്ണിനെ പളളിയിൽ നിന്നും ആരൊക്കെയോ തടയുന്നു എന്ന മുൻധാരണയാണ് ആ പ്രയോഗത്തിന്റെ ഉന്നം. അതിനാലാണ് സുന്നീസമൂഹത്തിന് എപ്പോഴും മറുപടി പറയുന്ന ജോലിലഭിച്ചത്. സത്യത്തിന്റെ 'പെണ്ണിന്റെ ആരാധനയും വീടും ' എന്നാണ് നബിവചനത്തിന്റെ താൽപര്യസാരം.






ഇവ്വിഷയത്തിൽ ലിബറൽ പെണ്ണിസ്ലാം ചേരി പുലർത്തുന്ന ചില വൈരുധ്യങ്ങൾ പറയാതെ വയ്യ. ഇക്കാലമത്രയും പ്രവാചകൻ സ്ത്രീ സ്വാതന്ത്രത്തെ പരിമിതപ്പെടുത്തിയെന്ന് പലരംഗങ്ങളെ സംബന്ധിച്ചും പറഞ്ഞവർ , സ്ത്രീയെ പള്ളിയിൽ കയറ്റാതിരിക്കാൻ മാത്രം മനസിടുങ്ങിയ ആളല്ല പ്രവാചകൻ എന്ന് എഴുതേണ്ടി വന്നിരിക്കുകയാണ് . പള്ളിയിൽ പെണ്ണിനെ തടയരുതെന്ന് പറഞ്ഞ മഹാനബി തൊട്ടടുത്ത വിഷയത്തിൽ അവർക്ക് അപരിശ്കൃതനാവുമെന്നതാണ് വലിയതമാശ. അപ്പോൾ അല്ലാഹുവിന്റെയും തിരുദൂതരെയും മൂല്യനിർണ്ണയം നടത്തുന്ന ജോലി അവരെ ആരാണേൽപ്പിച്ചത്. ഇടതു - വലതു നാസ്തികന്മാർ നേരത്തെ പെട്ട വൈരുധ്യത്തിന്റെ മറ്റൊരു പതിപ്പാണിത്, ഇസ്ലാം സ്ത്രീത്വത്തെ അടിച്ചമർത്തുന്നു ,അവിടെ പുരുഷാധിപത്യമാണ് എന്ന് എഴുതുകയും അതേ സമയം തന്നെ മാസം തോറും നൂറുക്കണക്കിന് അമുസ്ലിം പെൺകുട്ടികൾ പ്രലോഭിതരായി ഇസ്ലാമീകരിക്കപ്പെടുന്നുവെന്ന് പ്രസംഗിക്കുകയും ചെയ്യുന്ന അർത്ഥരാഹിത്യം അധികപേരും ആലോചിച്ചിട്ടില്ല. കുടുംബഭദ്രത തകർക്കുന്നുവെന്ന് ദിനേനെ വ്യക്തമായി വരുന്ന സമ്മതസഹിത ബാധ്യതാരഹിത ലൈംഗികതകളെ ഏത് തരത്തിലും സമ്മതിക്കുന്ന കോടതി വിധിയാൽ കഷ്ടപ്പെടുന്ന സ്ത്രീകൾ ഇവർക്ക് വിഷയമല്ല , ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹാദിയക്ക് പള്ളിയിൽ പോവാൻ താൽപര്യമുണ്ടാ എന്നവർ നോക്കിയിട്ടില്ല. തൃപ്പൂണിത്തറ ഘർവാപസി കേന്ദ്രത്തെ കുറിച്ച് മിണ്ടാൻ അവർക്ക് ഭയമായിരുന്നു. ഇത്തരം സമുദായ സമുദ്ദാരകർ എന്തെങ്കിലും ഒന്നാണെങ്കിൽ ദുരന്തങ്ങൾ മാത്രമാണ്.









ലിംഗസമത്വമല്ല ,ലിംഗനീതിയാണ് ശരി .





ദ്വന്ദങ്ങളുടെ ഏകീകരണം (Cordination of binaries) വഴിയാണ് പ്രാപഞ്ചികതയുടെ നിലനിൽപ്പ് എന്ന് ചിന്തിച്ചാൽ മനസിലാവും. രാവും പകലും, കരയും കടലും , ഉദയവും അസ്തമനവും , ഉത്ഥാനവും പതനവും , ഗിരിയും ശൃംഘവും, ന്യൂട്രോണും പ്രോട്ടോണും അങ്ങനെ തുടരുന്നതാണ് ആ ബെനറി ചെയിൻ . കംപ്യൂട്ടർ ഇൻപുട്ടുകൾ പോലും പൂജ്യം ഒന്ന് , ഒന്ന് പൂജ്യം എന്ന തോതിലാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഏറ്റവും പരമമായ ഘടകമാണ് പൗരുഷവും സ്ത്രീത്വവും. അത് രണ്ടും സമമാവണം എന്ന ചിന്ത പ്രാപഞ്ചികവിരുദ്ധമാണ്. രണ്ടിനും രണ്ട് ധർമ്മങ്ങളാണ് എവിടെയും ചെയ്യാനുള്ളത് .അവർ പരസ്പരം ഏറ്റുമുട്ടി കൂടുതൽ ശക്തിയാർക്ക് എന്നന്വേശണം പൂജ്യമാണ്. ഇപ്പോഴത്തെ ആരാധനാ സ്വാതന്ത്രത്തിലെ ലിംഗസമത്വം എന്നതിലും ഈ വസ്തുത അംഗീകരിക്കപ്പെടേണ്ടിവരും. ലോകത്തെ പുത്തൻ പ്രവണത ആണുങ്ങളെ ആശ്രയിക്കാതെ സ്ത്രീകൾ സ്വയം പര്യാപ്തരാവുന്ന സ്ത്രീപക്ഷ ബദലുകൾ ഉയരുന്നതാണ്. സ്ത്രീകൾക്ക് മാത്രമുള്ള വാഹനങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ആശുപത്രികൾ തുടങ്ങിയവ പോലെ. നമ്മുടെ നാട്ടിലെ ഷീടാക്സി അതിന്റെ ഉദാഹരണമാണ്. അതേ പോലെ സ്ത്രീകൾക്ക് മാത്രമായ ആരാധനാലയങ്ങൾ എന്ന ചിന്തയാണ് ഇസ്ലാം നേരത്തെ പറഞ്ഞത്. അത് മാത്രം എങ്ങനെ കുഴപ്പമാവും? പല മുസ്ലിം രാജ്യങ്ങളിലും ആ രീതി വ്യാപകമാവുന്നുണ്ട്. ഹറമുകളിലെ ഇടകലർച്ച ഔദ്യോഗികമോ സൗദി ഭരണകൂടം പൂർണ്ണമായി മത പ്രാമാണികമോ അല്ല.








സ്ത്രീയെ ഒരു സാമ്പത്തിക ഉപകരണം മാത്രമാക്കി 1850 കളിൽ യൂറോപ്പിൽ ഉടലെടുത്ത ഇടതുപക്ഷ ചിന്തയാണ് ഫെമിനിസം. പുരുഷന്റെ തൊഴിൽവേതനം സ്ത്രീക്കും നൽകണം എന്നതിൽ നിന്നാണ് ഇപ്പോൾ എൽജിബിറ്റി വരെ എത്തി നിൽക്കുന്ന അതിന്റെ പ്രത്യയശാസ്ത്രം ആരംഭിക്കുന്നത്. പക്ഷെ അവസര സമത്വം എന്നതിൽ സ്ത്രീക്ക് പുരുഷന്റെയത്ര സാധിക്കാത്തതിനാൽ അതിന്നും വിജയിച്ചിട്ടില്ല. യൂറോപ്പിൽ പോലും വേജ് ഗ്യാപ് ഇന്നും നിലനിൽക്കുന്നു. നമ്മടെ നാട്ടിലെ നഴ്സിംഗ് സമരം പോലും അതിന്റെ ഉദാഹരണമാവും.

ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല . ഹീമോഗ്ലോബിൻ മുതൽ ശാരീരിക സ്രവങ്ങളിലെ ഹോർമോണുകൾ കുറവാണ്. ഗർഭാനന്തര ദൗത്യങ്ങൾ വേറെയും. അപ്പോൾ കുടുംബത്തിലും ജോലിവൈ. സ്ഥലത്തും ഭാരിച്ചതോ ദീർഘിച്ചതോ ആയ ജോലികൾക്ക് സാധിച്ചില്ല. അതാണ് ഫെമിനിസം സാമൂഹികമായി പരാജയപ്പെടാൻ കാരണം. ലോകരാജ്യങ്ങളുടെ മിലിട്ടറിയിൽ സ്ത്രീ സാന്നിധ്യം വിജയിക്കാത്തതും ആപത്തുകൾ തരണം ചെയ്യാൻ സ്വയം കഴിയാതെ വന്നതും ശ്രദ്ധിക്കപ്പെട്ടു. ലിംഗസമത്വത്തേക്കൾ പ്രായോഗികം ലിംഗനീതിയാണെന്ന് തിരിച്ചറിയപ്പെട്ടു.

സ്ത്രീ പുരുഷന്റെ പിറകിലല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള പല പരീക്ഷണങ്ങളും കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നു. വളർത്തുദോശമാണ് ,അല്ലാതെ ജനിതകമല്ല ആ വേർതിരിവ് എന്ന് വാദമുണ്ടായി. ആൺ പെൺ വേർതിരിവില്ലാതെ പരീക്ഷണാർത്ഥം കുട്ടികളെ വളർത്തിയപ്പോൾ ക്രമേണെ ആൺകുട്ടികൾ ധീര - സാഹസങ്ങളിൽ ഏർപ്പെടുന്നതും പെൺകുട്ടികൾ ഉൾവലിഞ്ഞ് ചെറിയ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്നതും ശ്രദ്ധിക്കപ്പെട്ടുവെന്ന പഠനങ്ങൾ ലഭ്യമാണ്. കളിപ്പാട്ടങ്ങൾ തെരെഞ്ഞെടുക്കുന്നതിൽ വരെ ആ ജനിതകമാറ്റം പ്രകടമായി .ഇന്ന് നിയോ ഫെമിനിസം പലതും തിരിച്ചറിഞ്ഞ് പുരുഷ സൗഹൃദ ബദൽ ലോകം എന്ന പ്രാക്ടിക്കൽ പൊളിറ്റിക്സിനാണ് പ്രാധാന്യം നൽകുന്നത്. പക്ഷെ ,അവരിൽ നാസ്തികതയോട് താൽപര്യമുള്ളവർ മതത്തിനകത്തെ പെണ്ണിടങ്ങളിലിടപെട്ട് വെടക്കാക്കി

തനിക്കാക്കാനുള്ള ശ്രമങ്ങളാണിപ്പോഴത്തേത്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us