loader
blog

In Theology

By Shuaibul Haithami


പാൻഡമിക് കാലത്തെ ഇബാദത് : കഫ്ഫുന്നഫ്സും കഷ്ഫുന്നഫ്സും .

മനുഷ്യകുലത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊറോണ പടയോട്ടമായി പടരുമ്പോൾ പരിഹാരം എന്താണെന്ന് ഒറ്റവാക്കിൽ പറയാൻ ഒന്നേയുള്ളൂ ,വിശ്വാസം . ചികിൽസയും പ്രാർത്ഥനയും പ്രതീക്ഷയും ഉൾക്കൊള്ളലുമെല്ലാം വിശ്വാസത്തിലുണ്ട് . വൈദ്യ ശാസ്ത്രവും ഭൗതികമായ സാങ്കേതിക സന്നാഹങ്ങളും നേരിടുന്ന പരിമിതികൾക്ക് മുമ്പിൽ ഉത്തരങ്ങൾ ഇല്ലാതാവുമ്പോൾ മതവിശ്വാസത്തിനെതിരെയുള്ള ചോദ്യങ്ങളിൽ അഭയം തേടുന്ന കേരളത്തിലെ നിരീശ്വര പ്രചാരകരാണ് ഇവിടെ വിഷയീഭവിക്കുന്നത്. കൊറോണ സാംക്രമണത്തിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി വിശുദ്ധ ഹറമും പരിസരവും വിജനമാക്കിയതാണ് അവരുടെ വലിയ കുതൂഹലം . സ്വന്തം അതിഥികളെ സഹായിക്കാൻ കഴിയാതെ അല്ലാഹു നിസ്സഹയായില്ലേ എന്ന ആശയത്തിന്റെ വിവിധതലങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. വിശ്വാസവും ശാസ്ത്രവും ഒരിക്കലും എതിരല്ല ,എന്നല്ല ,എതിരാവാൻ പരസ്പര വൈപരീത്യം ഉണ്ടാവുന്ന രൂപത്തിലുള്ള ദ്വന്ദങ്ങൾ അവയ്ക്കിടയിലില്ല താനും. എന്നിരിക്കെ , ഈശ്വരവാദികളും നിരീശ്വര വാദികളും ഏകമനസ്സോടെ ഒന്നിച്ച് നിൽക്കേണ്ട സന്ദർഭത്തിൽ പോലും വിശ്വാസവ്യവസ്ഥയോടുള്ള വൈരനിര്യാതനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണമാണ്.







ഒരു പ്രത്യയശാസ്ത്രവും മതേതരപരിസരങ്ങളിൽ വിമർശനമുക്തമല്ല. പക്ഷെ , വിമർശനകേന്ദ്രത്തെ ചികഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ആ പ്രത്യയശാസ്ത്രത്തിന്റെ സാകല്യം ഗ്രഹിച്ചതിന് ശേഷമേ ശാഖകൾ വിലയിരുത്തപ്പെടാവൂ എന്നതാണത് . ആന എന്നാൽ തുമ്പിക്കൈ അല്ല എന്ന് പറഞ്ഞത് പോലെയാണ്. ഇസ്ലാം പ്രകൃതിമതമാണ് . അല്ലാഹുവേതരമായ പ്രാപഞ്ചികതയുടെ നൈസർഗികഭാവം (ഫിത്റത് ) എന്നു പറയാം. പ്രകൃതി പ്രതിഭാസങ്ങൾ ഇസ്‌ലാമിനെ കീഴ്പ്പെടുത്തി എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്. കാരണം ആ പ്രകൃതിയുടെ വ്യതിയാനപ്രക്രിയയെ കൂടി വ്യവഹരിക്കുന്ന പദമാണ് ഇസ്ലാം . പ്രകൃതിദുരന്തങ്ങളും മഹാമാരികളും സൃഷ്ടിയാണ്. ഇസ്ലാം എന്ന മതവ്യവസ്ഥക്കകത്താണ് അതിന്റെയും ഇടം.

കൊറോണ സ്വയംഭൂവാണ് , അല്ലാഹു നിസ്സഹയനാണ് ,ശാസ്ത്രം പരമാവധി പ്രതിരോധിക്കാൻ സഹായിക്കുന്നു എന്ന് പറയുന്നവർക്ക് എന്താണ് അല്ലാഹുവിന്റെ മതമായ ഇസ്ലാം എന്ന് മനസ്സിലായിട്ടില്ല. അത് ശരിയോ തെറ്റോ എന്ന് വിലയിരുത്താനും വേണം ആദ്യമത് എന്താണെന്ന് മനസ്സിലാവാൻ .







രോഗാണുക്കൾ അല്ലാഹുവിന്റെ തന്നെ സൃഷ്ടിയാണ്. മറ്റൊരാൾ രോഗമുണ്ടാക്കുമ്പോൾ ചികിൽസിക്കാനുള്ള ദൗത്യമല്ല ദൈവതം . അല്ലാഹു പറയുന്നു : "ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു വിധിപ്രമാണത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ.അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന ഒന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ ഇതൊക്കെയും " (അൽ ഹദീദ്: 22-23).





വൈക്കം മുഹമ്മദ് ബശീറുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു കഥയുണ്ട്. അദ്ദേഹവും നാടകകൃത്ത് എൻ പി മുഹമ്മദും കൂടി കല്ലായിപ്പുഴ കടത്തുവഞ്ചിയിൽ കടക്കവേ കാറ്റടിച്ച് സകലം ഇളകിയാടി. ബേജാറ്പൂണ്ട എൻപി "പടച്ചവനേ " എന്ന് വിളിച്ചത് കേട്ട ബശീർ " ബദ്രീങ്ങളേ " എന്ന് വിളിച്ചത്രെ. ഒടുവിൽ അക്കരെപറ്റിയപ്പോൾ നിങ്ങളെപ്പോഴാണ് സുന്നിയായത് എന്നായി ബശീറിനോട് എൻപി. ദാർശനികനായ ബശീർ പറഞ്ഞു , " കോളുണ്ടാക്കി ആ കാറ്റയച്ച് തോണി ഇളക്കിയത് പടച്ചവനാണ്. ഈ അവനോട് തന്നെ തോണി ഇളക്കല്ല എന്ന് പറയാൻ നമ്മളേക്കാൾ നല്ലത് ബദ്രീങ്ങളാണ് " .ഈ കഥ വാസ്തവമാണെങ്കിലും അല്ലെങ്കിലും കൊറോണ ക്ക് മുന്നിൽ കഅബാലയവഴി അടഞ്ഞല്ലോ എന്ന് പറയുന്നവർക്ക് കാര്യം മനസ്സിലാവാൻ വേണ്ടത് അതിലുണ്ട്. കഅബയുടെ നാഥൻ തന്നെയാണ് കോവിഡ് 19 ന്റെ നാഥനും .




കഫ്ഫുന്നഫ്സ് അഥവാ ആത്മാവരോഹണം .



ആരാധനകൾ ചെയ്യുക എന്നതിന്

 ' ചെയ്യുക ' എന്ന് മാത്രമല്ല , 'ചെയ്യാതിരിക്കുക 'എന്നുമുണ്ട് അർത്ഥം . ഒരാൾക്ക് നമസ്ക്കാര മധ്യേ ഭക്തി വർദ്ധിച്ച് അയാൾ സൂജൂദ് മൂന്ന് തവണയാക്കി എന്നിരിക്കട്ടെ , മന:പൂർവ്വം

അഞ്ചാം റകഅതിലേക്ക് ഉയർന്നു എന്നിരിക്കട്ടെ , ദുൽഹിജ്ജ : പതിനാലിനും ഹജ്ജിൻ്റെ കർമ്മങ്ങൾ ചെയ്തുവെന്നിരിക്കട്ടെ - അതൊക്കെ ബാത്വിലും നിഷിദ്ധവുമാണ് .

അസർ നമസ്കാരാനന്തരം , ഫജ്ർ നമസ്ക്കാരാനന്തരം ഒരാൾ ഐഛിക നമസ്ക്കാരം നിർവ്വഹിക്കുകയാണെങ്കിൽ അതും അസാധു തന്നെ . അതായത് ഭക്തിയെ പോലും നിയന്ത്രിച്ച് വ്യവസ്ഥപ്പെടുത്തലാണ് ആത്മീയത . അല്ലാഹു ആവശ്യപ്പെട്ടതേ ചെയ്യാവൂ .ഇസ്ലാം എന്നാൽ 'സമർപ്പണം ' ആകുന്നു - വൈകാരിക സമർപ്പണം .

വിശ്വാസത്തിൻ്റെ രഹസ്യം പിടികിട്ടിയ ആത്മജ്ഞാനികൾ ശിഷ്യർക്ക് ഉരുവിടാനുള്ള വിർദുകൾ നൽകുമ്പോൾ കൃത്യമായ എണ്ണം , ഉദാഹരണത്തിന് 11, 33 , 786 , 4444 എന്നിങ്ങനെ നൽകാറുണ്ട് . അതിനേക്കാൾ കുറഞ്ഞാലും കൂടരുത് എന്നതാണ് വലിയ പഥ്യം . കാരണം കൂടാതിരിക്കാനാണ് കൂടുതൽ ഏകാഗ്രത ആവശ്യമാവുക .

സാക്ഷപ്പഴുതിനേക്കാൾ താക്കോലിൻ്റെ പല്ല് ചെറുതായാലും വലുതായാലും കവാടം തുറക്കപ്പെടാത്തത് പോലെ വല്ലാതായാലും ഇല്ലാതായാലും അല്ലാഹുവിലേക്കുള്ള പാത ലഭിക്കില്ല. 

അതായത് , അല്ലാഹുവിലേക്കുള്ള ഹൃദയ കവാടങ്ങൾ തുറക്കപ്പെടുന്ന കഷ്ഫ് , മനോനിയന്ത്രണത്തിൻ്റെയും ശാരീരിക അടക്കങ്ങളുടെയും കഫ്ഫിനെ ആശ്രയിച്ചിരിക്കുന്നു .

അതാണ് വിശ്വാസത്തിൻ്റെ ഉൾപ്പൊരുൾ .




മക്കവിജനമായാൽ ആരുടെജയം ?




കാലം ഒഴുകിവന്ന ചരിത്രത്തിന്റെ തീരങ്ങളിലേക്ക് വിശ്വാസികൾ തിരിഞ്ഞുനോക്കേണ്ട സമയമാണിത്. വിശുദ്ധ മക്ക ഒരു കാലത്ത് വിജനമായിരുന്നു. പല ഘട്ടങ്ങളിൽ മനുഷ്യനാഗരികതകൾ വന്നും പോയും വികാസപരിണാമങ്ങൾക്ക് വിധേയമായ അവിടം ഭൂമിയിലെ ബൈതുൽ മഅ'മൂർ നിലകൊള്ളുന്നുവെന്നതിനാൽ വിജനമായ കാലത്തും ജനനിബിഢമായ കാലത്തും ഒരുപോലെ പരമപവിത്രമായിരുന്നു. വിശുദ്ധ കഅബാലയം പ്രളയവും അഗ്നിബാധയുമടക്കമുള്ള പ്രകൃതി വ്യതിയാനങ്ങളാലും മനുഷ്യകരങ്ങളാലും പലവട്ടം പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടിട്ടുണ്ട്. പരിശുദ്ധ റസൂൽ സ്വയുടെ ജനനസമയത്ത് വിഗ്രഹാരാധനയുടെ മാലിന്യങ്ങൾ കൊണ്ട് നിറക്കപ്പെട്ടിരുന്നു ആ വിശുദ്ധ ഭവനം. അവിടന്ന് മക്കാവിജയം നേടി കഅബാലയത്തെ വിമലീകരിച്ചതിന് ശേഷവും പലഘട്ടങ്ങളിൽ പ്രകൃതിദുരന്തങ്ങൾക്കും ക്രൂരമായ രാഷ്ട്രീയാക്രമണങ്ങൾക്കും കഅബാമന്ദിരം വിധേയമായി. ഇബ്നു കഥീറിന്റെ അൽ ബാദായ വന്നിഹായ : , ഇമാം ദഹബിയുടെ താരീഖുൽ ഇസ്ലാം , കൂടാതെ ചരിത്രകാരന്മാരായ ളിയാവുൽ അൻഖാവി , അബൂബക്റുൽ ജുറാഈ ,അബ്ബാസ് കറാറ തുടങ്ങിയവരുടെ വിവരണങ്ങൾ വായിച്ചാൽ കാര്യം വളരെ വ്യക്തമാവും. കൂട്ടത്തിൽ ഏറ്റവും വലിയ അത്യാഹിതം ഉണ്ടായത് ഒരുപക്ഷേ ക്രിസ്താബ്ദം 918 ൽ ബഹ്റൈൻ ശിയാ ഭരണാധികാരി അബൂത്വാഹിരിൽ കറാമിത്വ് നടത്തിയ അക്രമമാണ്. ഹജ്ജ് കർമ്മം നടന്നുകൊണ്ടിരിക്കേ അയാൾ നടത്തിച്ച പരാക്രമത്തിൽ മുപ്പതിനായിരം പേർ രക്തസാക്ഷികളായി. വിശ്വാസികൾ കഅബാലയത്തിന്റെ ഖില്ലയിൽ തൂങ്ങി വിലപിച്ചു . ജനാസ സംസ്ക്കരണമോ നമസ്കാരമോ നടക്കാതെ അവർ പലയിടങ്ങളായി ഖബറകപ്പെട്ടു. ഹജറുൽ അസ്വദ് ഇളക്കിയെടുത്ത് ഹജർ എന്ന പ്രദേശത്തേക്ക് കടത്തപ്പെട്ടു. ആ മഹാപരാധം ചെയ്യുമ്പോൾ കിങ്കരന്മാർ വിളിച്ചു പറഞ്ഞത്രെ

" എവിടെ അബാബീൽ പറവകൾ "! . സംസം കിണർ അവർ മൂടിക്കളഞ്ഞു. തുടർന്ന് പത്ത് വർഷം ഹജ്ജ് കർമ്മം തന്നെ മുടങ്ങി. 22 വർഷങ്ങൾക്ക് ശേഷമാണ് ഹജറുൽ അസ്വദ് യഥാസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടത്. ആധുനിക ചരിത്രത്തിൽ 1864 ,1881 ,1883 ,1884 എന്നീ വർഷങ്ങളിൽ മക്കയിൽ പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. 16 തവണ ആകെയുണ്ടായി എന്നും കാണാം. കൗതുകകരമായ കാര്യം പലഘട്ടങ്ങളിലും ഭാരതത്തിൽ നിന്നും എത്തിയ തീർത്ഥാടകന്മാരിലൂടെയാണ് വ്യാധികൾ പകർന്നത് എന്നതാണ്. 1883 ൽ എൺപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലായിരുന്നു തീർത്ഥാടകർ . ആ വർഷം 30000 പേർ മരണപ്പെട്ടുവെന്ന് ബവ്വാബതുൽ അഹ്റാം എന്ന വെബ്സൈറ്റിൽ കാണാം. മിന ,ജിദ്ധ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈജിപ്ത് വരെ ആ വർഷം അത് പടർന്നു. ആദ്യകാലഘട്ടങ്ങളിൽ ബഗ്ദാദ് ,ഈജിപ്ത് എന്നീ പ്രദേശങ്ങളിൽ നിന്നായിരുന്നു കൂടുതൽ തീർത്ഥാടകർ ഉണ്ടായിരുന്നത്. 417 ,419 ,421 എന്നീ ഹിജ്റ വർഷങ്ങളിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിൽ ആ രണ്ട് പ്രവിശ്യകളും ഞെരിഞ്ഞമർന്നതിനാൽ മക്കയിലേക്ക് ഹറമിന്റെ പുറത്തുള്ളവർ കാര്യമായി എത്തിയില്ല . 2020 കൊറോണ വൈറസ് പടർന്നതിനാൽ ഹറം മണിക്കൂറുകൾ നേരത്തേക്ക് അടച്ചിട്ടത് ഒരർത്ഥത്തിലും ഇസ്ലാമിന് ക്ഷീണമാവുന്നില്ല എന്നാണ് പറഞ്ഞത്. പ്രവാചകൻ സ്വ വഫാതായത് ഉൾക്കൊള്ളാനാവാതിരുന്ന ജനങ്ങളോട് യാഥാർത്ഥ്യം പറഞ്ഞത് സിദ്ധീഖ് റ ആയിരുന്നു ,

" ആരെങ്കിലും ആരാധിച്ചത് മുഹമ്മദ് നബി സ്വ യെ ആണെങ്കിൽ അവിടന്ന് ഇഹലോകം വെടിഞ്ഞിരിക്കുന്നു , ഇനി ,ആരെങ്കിലും ആരാധിച്ചത് അല്ലാഹുവിനെ ആണെങ്കിൽ അവൻ അമരനും അനന്തനുമാണ് " . അതേപോലെ , കഅബാലയത്തിന്റെ കാര്യത്തിൽ നേരത്തെ തന്നെ കാര്യം ഉണർത്തിയതാണ് നബി സ്വ . കഅബാലയത്തിന് പല പരിണാമങ്ങളും സംഭവിക്കും, കഅബയുടെ നാഥനാണ് ആരാധ്യൻ എന്ന മഹാസത്യമാണത്. 





മാനുഷിക ലോകത്തിനുണ്ടാവുന്ന ഇത്തരം സ്വഭാവികതകൾ അവിടെ സംഭവിക്കുമെന്ന് നേരത്തെ പ്രവാചക തിരുമേനി സ്വ അറിയിച്ചതുമാണ്. എന്തിനേറെ , അന്ത്യനാൾ അടുത്താൽ ഹബ്ശക്കാരനായ ഒരു കഷണ്ടിത്തലയന്റെ നേതൃത്വത്തിൽ കഅബാലയം തകർക്കപ്പെടുന്നത് ഞാനിപ്പോൾ കാണുന്നത് പോലുണ്ട് എന്നത് പോലോത്ത പ്രവാചക വചനങ്ങൾ ധാരാളമാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ , ഹറമിൽ ഇതൊക്കെ സംഭവിക്കുന്നുവെന്നത് ഇസ്ലാം ശരിയാണ് എന്നതിന്റെ പ്രമാണമാണ്.

അമാനുഷിക ശക്തികളും കാലത്തെയും സ്ഥലത്തെയും അതിജയിക്കുന്ന അൽഭുത സിദ്ധികളും അല്ലാഹു അവൻ ഉദ്ദേശിക്കുന്ന വ്യക്തിക്കും സ്ഥലത്തിനുമൊക്കെ നൽകും. പക്ഷെ ,പൊതുവായി പറഞ്ഞാൽ കാര്യകാരണ ബന്ധങ്ങൾക്ക് അധീനമാണ് ഭൗതികലോകം .

തീ കരിക്കാതിരുന്നതും , അടുപ്പിൽ ഉറവ പൊടിഞ്ഞതും , മൈലുകൾക്കപ്പുറം ഇപ്പുറം വെച്ച് കണ്ടതുമൊക്കെ അല്ലാഹു നൽകിയ അൽഭുത കൃത്യങ്ങളാവുന്നത് പൊതുവേ കാര്യങ്ങൾ അങ്ങനെ അല്ലാത്തത് കൊണ്ടാണ്. ഒരാണും സ്പർശിക്കാതെ കന്യകയായ മഹതീ മർയമിന് റ അല്ലാഹു ആൺകുട്ടിയെ നൽകി. പക്ഷെ പ്രസവനൊമ്പരത്തിൽ വിശന്നപ്പോൾ ഉണങ്ങിയ ഈന്തമരം കുലുക്കാൻ കൽപ്പനയുണ്ടായി. അപ്പോൾ പച്ചപ്പഴങ്ങൾ വർഷിച്ചു. അല്ലാഹു സഹായിക്കുന്നതും മനുഷ്യൻ ചെയ്യേണ്ടതും എങ്ങനെ സമജ്ഞസിക്കുന്നു എന്നവിടെ വ്യക്തമായി കാണാം. ബാക്കിയൊക്കെ കാര്യകാരണ ബന്ധങ്ങൾക്കധീതമായി നൽകിയ പടച്ചവൻ ഒരു ക്ഷീണിതയെ കൊണ്ട് മരം കുലുക്കിപ്പിച്ചു .

മദീനാ ശരീഫിലെ മിമ്പറിൽ നിന്ന് ഇറാനിലെ നെഹർവാനിലെ സേനാനായകന് നിർദ്ദേശം നൽകിയ ഖലീഫാ ഉമർ റ മറ്റൊരിക്കൽ ഫലസ്തീനിൽനിന്ന് ആരംഭിച്ച പ്ലേഗ് സിറിയയിലേക്ക് പടർന്നപ്പോൾ ചെയ്തത് മറ്റൊന്നാണ് . ജനം മരിച്ചൊടുങ്ങിക്കൊണ്ടിരുന്നു. സിറിയയിലെ നേതാക്കൾ ഖലീഫയെ വിവരമറിയിച്ചു. ഉമർ (റ) സിറിയയിലേക്ക് പുറപ്പെടാനൊരുങ്ങി. പ്ലേഗ് ബാധിച്ച സ്ഥലത്തേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് കുറെയാളുകൾ യാത്ര തടഞ്ഞു. ഭരണാധികാരി എന്ന നിലയിൽ ദുരിതമനുഭവിക്കുന്നവരെ കാണാൻ പോവുകയാണ് വേണ്ടതെന്നായി ചിലർ. പോകേണ്ടെന്ന തീരുമാനത്തെ എതിർത്തവർ അല്ലാഹുവിന്റെ വിധിയിൽ നിന്ന് നിങ്ങൾ ഓടുകയാണോ എന്ന് ഖലീഫയോട് ചോദിച്ചു. അപ്പോൾ അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) അവിടെയെത്തി. അദ്ദേഹം പറഞ്ഞു. ഇതു സംബന്ധമായി നബി (സ) പറഞ്ഞ ഒരു കാര്യം എനിക്കറിയാം. പ്ലേഗ് ഒരു രാജ്യത്തുണ്ടെന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ട് പോകരുത്. നിങ്ങൾ താമസിക്കുന്ന രാജ്യത്ത് ആ രോഗമുണ്ടായാൽ അവിടെനിന്ന് ഓടിപ്പോവുകയും ചെയ്യരുത്.

ഈ പ്രവാചക വചനം ലഭിച്ചതോടെ ഉമർ (റ) മദീനയിലേക്ക് മടങ്ങി. ശാമിൽ ഈ മഹാമാരി മാസങ്ങളോളം മരണം വിതച്ചു. സിറിയയിലെ സേനാ നായകൻ അബൂഉബൈദ (റ) ഉൾപ്പെടെ സൈനികർ മാത്രമായി 25000 പേർ മരിച്ചു. അബൂ ഉബൈദക്കു റ പകരം സ്ഥാനമേറ്റ മുആദ് ബിൻ ജബലും റ രോഗം ബാധിച്ച് മരണമടഞ്ഞു. തുടർന്ന് നിയോഗിക്കപ്പെട്ട അംറ്ബിനു ആസ്വ് (റ) ഖലീഫയുടെ നിർദ്ദേശ പ്രകാരം സിറിയയിൽ രോഗ നിയന്ത്രണത്തിന് നിയമങ്ങൾ കർശനമാക്കി. ജുമുഅ ഉൾപ്പെടെ പൊതു പരിപാടികൾ റദ്ദാക്കി. രോഗം ബാധിച്ചവരെ പർവ്വതങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ആരെയും സിറിയ വിട്ടുപോകാൻ അനുവദിച്ചില്ല. ഈ കർശന നടപടികൾ കാരണം രോഗം അതിവേഗം അപ്രത്യക്ഷമായി. 





അല്ലാഹു സഹായിക്കും എന്ന് കരുതി മനുഷ്യൻ എന്ന പരിമിതിയിൽ നാം ചെയ്യേണ്ടത് ചെയ്യാതിരിക്കരുത് എന്നതാണ് പ്രവാചക പാഠം .

അണുവിമുക്തമാക്കാൻ വേണ്ടി പ്രദിക്ഷണപഥം ആളൊഴിപ്പിച്ച സൗദി ഭരണകൂടം നിരീശ്വരവാദികളുടെ ജേർണൽ വായിച്ച് ശാസ്ത്രബോധം ഉണ്ടായവരല്ല . പ്രവാചക തിരുമേനി സ്വയുടെ ധാരാളം വചനങ്ങളടെ അന്ത:സത്ത മനസ്സിലാക്കി ചെയ്തതാണത്. ഇസ്ലാമിക വിശ്വസമനുസരിച്ച് രോഗം അല്ലെങ്കിൽ സാംക്രമികാണുക്കൾ സ്വയം പകരുകയോ പകരാതിരിക്കുകയോ ചെയ്യില്ല , പകരാതിരിക്കുകയോ ചെയ്യില്ല എന്നതാണ് പ്രധാനം. അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് ആധാരം . സ്വയം പകരില്ല എന്നല്ല ഉണ്ടാവില്ല എന്നതാണ് കൂടുതൽ ശരി. ഒന്നാമത്തെ മനുഷ്യന് ,ജീവിക്ക് ആ രോഗം എങ്ങനെ കിട്ടി എന്ന ആലോചനയാണ് ഈ വിഷയത്തിലെ അടിസ്ഥാന ചിന്ത.

നിരുപാധികം രോഗം പകരും എന്ന ധാരണക്കാരോട് രോഗം പകരില്ല എന്നും മഹാമാരിക്ക് മുമ്പിൽ കാര്യ ഗൗരവം കാണിക്കാതിരുന്നവരോട് രോഗം പകരും എന്നും പറഞ്ഞ പ്രവാചകനാണ് കൃത്യം .

ഒട്ടകത്തെ ആദ്യം മുറുക്കുറക്കോടെ കെട്ടിയിടൂ ,എന്നിട്ട് പ്രാർത്ഥിക്കൂ എന്ന നിലപാടായിരുന്നു നബി സ്വയുടേത്. അപ്പോൾ കൊറോണകൾ വരുമ്പോൾ മെഡിക്കൽ ലോകവും ഭരണകൂടവും പറയുന്നത് അനുസരിച്ച ശേഷം പടച്ചവനോട് പ്രാർത്ഥിക്കണം.

ജീവിതത്തിൽ മുഴുവൻ ഹൈജനിക്കായി വൃത്തി വൃത്തന്മാരാവാൻ ഇസ്ലാം കാണിച്ച ശുഷ്കാന്തിയുടെ പേരാണ് ശാസ്ത്രബോധം .

പ്രതിരോധ കുത്തിവെപ്പില്ലാതെ പ്രാർത്ഥിച്ച് 9000 പേരെ എളുപ്പത്തിൽ മരിക്കാൻ വിട്ട ക്രിസ്ത്യൻ പാസ്റ്ററോടും ചുറ്റുപാട് തിരിച്ചറിയാതെ ആറ്റുകാലിൽ പൊങ്കാലയിടുന്ന ഹൈന്ദവ ഭക്തരോടും ഇസ്ലാം വിയോജിക്കുന്ന പ്രതലം അതാണ്.






പ്രാർത്ഥനയുടെ ഫിലോസഫി .



ഭൂമിയിൽ സുഖവും സമാധാനവും ഉണ്ടാക്കുന്ന പണിക്കാരനോ പണക്കാരനോ അല്ല അല്ലാഹു . ഈ തെറ്റുധാരണ നാസ്തിക നേതാവ് സി രവിചന്ദ്രന് മാത്രമല്ല ,സാക്ഷാൽ ഇവി പെരിയോർക്ക് വരെ ഉണ്ടായിരുന്നു. താൻ ഇഛിച്ചത് നടപ്പിൽ വരുത്തുന്ന സമ്പൂർണ്ണ സ്വാശ്രയാസ്തിത്വമാണ് അല്ലാഹു ." ദൈവം തന്നെ ഇല്ല " എന്ന് പറയുന്നവർ ദൈവ വിശ്വാസത്തിന്റെ ന്യൂനത പറയേണ്ടതില്ല. മതവിശ്വാസികൾക്ക് അവർ വിശ്വസിക്കുന്ന തത്വസംഹിതയുടെ സമ്പൂർണ്ണത തെളിയിക്കേണ്ട കടമ ഉള്ളത് പോലെ നിരീശ്വരത്വത്തിന്റെ സമ്പൂർണ്ണത തെളിയിക്കാനുള്ള ബാധ്യത അവർക്കുമുണ്ട് . മനുഷ്യർ നേരിടുന്ന വെല്ലുവിളികൾക്ക് മുമ്പിൽ മതരഹിതമായ പരിഹാരം എന്തുണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രം എന്ന് പറഞ്ഞ് ഒഴിവാക്കുന്നത് നാണക്കേടാണ് , ആ ശാസ്ത്രത്തെയും കൂടി വ്യവഹരിക്കുന്ന ഫിലോസഫിയാണ് മതം എന്നിരിക്കെ .





ദൈവത്തെ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ പിന്നെ ഭൗതിക ലോകത്ത് മനുഷ്യൻ കരുതിയത് പോലെ എല്ലാം സംഭവിക്കും / കരുതിയേ സംഭവിക്കുകയുള്ളൂ എന്നാണെങ്കിൽ ഹൈന്ദവ മിത്തുകളിൽ കാണുന്നത് പോലെ, ദൈവത്തെക്കാൾ കഴിവുള്ളവനാക്കണമെന്നും മനുഷ്യന് പ്രാർത്ഥിച്ച് പ്രാപ്തനാവാമല്ലോ , ദൈവങ്ങളുടെ സംഘട്ടനം എന്ന അയുക്തികതയാവും ഫലം. അപ്പോൾ അങ്ങനെയല്ല , സർവ്വപ്രാപ്തനായ ഏക ദൈവതമാണ് യുക്തം . ആ ദൈവം കർമ്മസ്വതന്ത്രനാവണം .

കാലവും സ്ഥലവും പ്രദാനിക്കുന്ന അനുഭവം ,സൗകര്യം ,സാധ്യത എന്നിവയുടെ പരിമിതിയാണ് ദൈവത്തിൽ നിന്നും ദൈവമല്ലാത്തതിനെ വേർതിരിക്കുന്നത്. അപ്പോൾ കോവിഡ് 19 ഒരു സമാപനചടങ്ങല്ല .

അത് കഴിഞ്ഞാലും കഴിയാത്തവ പലതുമുണ്ടാവും , അപ്പോഴും മനുഷ്യനെ മുന്നോട്ട് നയിക്കേണ്ട മൂല്യപ്രകാശനമാണ് മതം. പദാർത്ഥ ബന്ധിതമായ സംഭവങ്ങൾ സ്ഥല കാലാധീനമായ ഹൃസ്വങ്ങളാണ് , അതിജയനത്തിന്റെ ആധാരങ്ങൾ സ്ഥായിയാവണം. ശാസ്തത്തെ ഫിലോസഫി തന്റെ ഒരു ശാഖമാത്രമാക്കി വിപുലമാവുന്നത് അവിടെയാണ്.











പ്രാർത്ഥനയുടെ അന്ത:സാരം പരിഹാസകർ പറയുന്നത് പോലെ മനുഷ്യന്റെ ആഗ്രഹ സാക്ഷാൽക്കാരത്തിനുള്ള ഷോർട്ട്കട്ട് മാർഗമല്ല. ഗവൺമെന്റ് ഓഫീസറുടെ മേശപ്പുറത്ത് കുറെ ആവശ്യങ്ങൾ ഫയലാക്കി സമർപ്പിക്കുന്നത് പോലെയുള്ള ഏർപ്പാടല്ല പ്രാർത്ഥന. പ്രാർത്ഥിച്ചിട്ടില്ലെങ്കിലും - നിവേദനം നൽകിയിട്ടില്ലെങ്കിലും മനുഷ്യന്റെ ആവശ്യം അറിയുന്നവനാണ് അല്ലാഹു. മനുഷ്യനെ മാത്രമല്ല അവന്റെ ആവശ്യങ്ങളെയും അവൻ തന്നെയാണ് സൃഷ്ടിച്ചത്. മനുഷ്യന്റെ പ്രാർത്ഥനയെപ്പോലും സൃഷ്ടിച്ചത് മറ്റൊരാളല്ല .അപ്പോൾപ്പിന്നെ മനുഷ്യന്റെ ആപ്ലിക്കേഷനല്ല സ്രഷ്ടാവിന്റെ അജണ്ടകൾ .



ചിലപ്പോൾ പ്രാർത്ഥിച്ചവന് താൽക്കാലികമായി കൂടുതൽ വിഷമങ്ങളും പ്രാർത്ഥിക്കാത്തവന് താൽക്കാലിക സൗഖ്യവും ലഭിച്ചേക്കാം. പരലോകമെന്ന പിൽക്കാലം മറിച്ചാവും. പരലോക ബന്ധിതമായ വിശ്വാസത്തെ വായിക്കുമ്പോൾ ഗവൺമെന്റ് സംവിധാനത്തെയല്ല താരതമ്യമൂലമാക്കേണ്ടത്.

പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അവൻ കരുതിയത് കരുതിയേടത്ത് നൽകും എന്നതാണ് ഇസ്ലാം വിശ്വസിക്കുന്ന അല്ലാഹുവിന്റെ രീതി . മറ്റേതെങ്കിലും ദൈവസങ്കൽപ്പത്തിന്റെ അപൂർണ്ണതക്ക് മുസ്ലിംകൾ മറുപടി പറയേണ്ടതില്ല.






അപ്പോൾപ്പിന്നെ എന്തിനാണ് പ്രാർത്ഥന എന്ന് ചോദിച്ചാൽ ,

പ്രാർത്ഥന ഉത്തരം കിട്ടാനുള്ള ആവശ്യം എന്നതിനേക്കാൾ നിരുപാധികമായ ഒരാധനയാണ് ,ഉപാസന . പ്രത്യക്ഷത്തിൽ അനുഗ്രഹങ്ങൾ വരുമ്പോഴും നിഗ്രഹങ്ങൾ ബാധിക്കുമ്പോഴും ആത്യന്തികമായ മാനവികസമർപ്പണം അല്ലാഹുവിനാണ് എന്ന മനുഷ്യന്റെ ആത്മസമ്മതമാണ് പ്രാർത്ഥന. ഏറ്റവും ഉചിതമായത് തനിക്ക് അല്ലാഹു തരും എന്നാണ് വിശ്വാസിയുടെ കരുതൽ . മനുഷ്യബുദ്ധി അനുഭവങ്ങളെ അടിസ്ഥാനമാക്കുന്നതായതിനാൽ പ്രത്യക്ഷത്തിൽ നിഗ്രഹമായത് നീക്കം ചെയ്യുക എന്നതാവും ആവശ്യം .അപ്പോൾ പ്രാർത്ഥനാ വാചകങ്ങൾ അതിനനുസരിച്ചാവും .പക്ഷെ അവൻ കാണുന്നതിനേക്കാൾ അപ്പുറത്തുള്ള വരുംകാലം തയ്യാറാക്കുന്ന അല്ലാഹുവിന്റെ പക്കൽ ഉചിതം മറ്റൊന്നാവും. വിശ്വാസി തന്റെ ജ്ഞാനപരിമിതി ഉൾക്കൊള്ളുകയും അല്ലാഹു നൽകുന്നതത്രയും തനിക്ക് ഉത്തമമായതാണ് എന്ന് കരുതുകയും ചെയ്യുന്നു. അവൻ ക്ഷാമത്തിലും ക്ഷേമത്തിലും സംതൃപ്തനാണ്. സുഖത്തിലും അസുഖത്തിലും ദൈവിക സ്മരണയിലാണ്.


ഇസ്ലാമിക വിശ്വാസം യുക്തിവാദികൾ മനസിലാക്കിയതിന് നേർ വിപരീതമാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനെ ഒരുപക്ഷേ ഏറ്റവും സഹന സാഹസങ്ങൾക്ക് വിധേയമാക്കും. അവന്റെ പ്രവാചകന്മാരാണ് ഏറ്റവും പ്രത്യക്ഷത്തിൽ കഷ്ടപ്പെട്ട മനുഷ്യർ .ചില ഉത്തമമനുഷ്യർ പ്രത്യക്ഷത്തിൽ സങ്കടപ്പാടുകളൊന്നും ഇല്ലാത്തവരാവാമെങ്കിലും അകമേ നൊമ്പരത്തീ പേറുന്നവരാവാം. ഇത് മറിച്ചും വായിക്കാം , സഹിക്കുന്ന ത്യാഗങ്ങളെ ദൈവികമാർഗത്തിൽ കരുതൽ വെക്കുന്നവർ മതപരമായി മഹാന്മാരാവുന്നു എന്നതാണത്. അല്ലാതെ , വിശ്വസിച്ചാൽ പ്രശ്ന പരിഹാരങ്ങളും സ്വപ്ന സാക്ഷാൽക്കാരങ്ങളും ഓഫർ ചെയ്യുന്ന ബ്ലാക്ക് മാജിക്കല്ല മതം .എന്നാൽ , വിശ്വസിച്ചാൽ ഏത് പ്രതിസന്ധികളും മറികടക്കാനുള്ള മനോബലവും മാനസികസ്വർഗാവസ്ഥയും മതം പ്രദാനിക്കും.

പ്രശ്ന നിമിത്തങ്ങളെ കേവലം പദാർത്ഥ ബന്ധിതമായി കാണാതെ അലൗകിക പ്രതീക്ഷകൾ വെച്ച് പുലർത്തുന്നവരിൽ ജനിക്കുന്ന ആത്മവിശ്വാസവും സഹനബലവും മനശാസ്ത്ര ലോകം അംഗീകരിച്ചതാണ്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us