അല്ലാഹു;ഒറ്റവാക്കിലെ ഒരുപാടർത്ഥങ്ങളിലേക്കുള്ള പ്രവേശിക.
വിശ്വാസ ലോകത്തെ ഏറ്റവും പവിത്രവും വിസ്മയകരവുമായ പദമാണ് 'അല്ലാഹു' (الله). കേവലമൊരു നാമം എന്നതിലുപരി, അത് പ്രപഞ്ചാസ്തിത്വത്തിന്റെയും മനുഷ്യപ്രകൃതിയുടെയും ദൈവിക രഹസ്യങ്ങളുടെയും സംഗമസ്ഥാനമാണ്.
മനുഷ്യന്റെ ജൈവിക പ്രകൃതിയോട് (ഫിത്റ:) അങ്ങേയറ്റം ചേർന്നുനിൽക്കുന്ന പദമാണ് 'അല്ലാഹു' എന്നത്. ഒരാൾ പിറന്നുവീഴുമ്പോൾ ചെവിയിൽ ആദ്യം കേൾക്കുന്നതും (ബാങ്ക്), ഈ ലോകത്തോട് വിടപറയുമ്പോൾ അവസാനമായി ഉച്ചരിക്കേണ്ടതും (തഹ്ലീൽ) ഈ പരിശുദ്ധ നാമമാണ്. ശ്വാസനിശ്വാസങ്ങളുടെ സ്വാഭാവിക താളവുമായി ഈ പദം അലിഞ്ഞുചേർന്നിരിക്കുന്നു; 'അല്ലാഹു' എന്ന് ഉച്ചരിക്കുമ്പോൾ ശ്വാസം തടസ്സമില്ലാതെ പുറത്തേക്ക് വരുന്നു എന്നത് അതിന്റെ പ്രകൃതിപരമായ സവിശേഷതയാണ്. ശ്വസനമാണ് ജീവാധാരം . ശ്വസനത്തിനോട് സ്വരച്ചേർച്ചയുള്ള പദമാണ് അല്ലാഹ്.ഭൂഗോളത്തിന്റെ ഭ്രമണമനുസരിച്ച് ഒരിടത്ത് ബാങ്ക് അവസാനിക്കുമ്പോൾ മറ്റൊരിടത്ത് അത് തുടങ്ങുന്നു എന്നതിനാൽ, ഭൂമിയിൽ ഒരു സെക്കൻഡ് പോലും ഇടവേളയില്ലാതെ ഈ നാമം സദാ മുഴങ്ങിക്കൊണ്ടിരിക്കുന്നു. തൗഹീദിന്റെ ആധാരശിലയായ "ലാ ഇലാഹ ഇല്ലല്ലാഹ്" (لَا إِلَهَ إِلَّا الله) എന്ന വചനം പരിശോധിച്ചാൽ, അതിൽ 'അല്ലാഹു' എന്ന പദത്തിലെ അലിഫ് (ا), ലാം (ل), ഹാ (هـ) എന്നീ അക്ഷരങ്ങൾ മാത്രമാണ് ആവർത്തിച്ചു വരുന്നത് എന്ന് കാണാം. ഇത് ഏകദൈവ വിശ്വാസത്തിന്റെ ആത്യന്തികമായ പൂർണ്ണതയെയാണ് അടയാളപ്പെടുത്തുന്നത്. ഖുർആൻ സൂചിപ്പിക്കുന്നത് പോലെ, "അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടല്ലാതെ മനസ്സുകൾ ശാന്തമാവുകയില്ല" (സൂറഃ അർ-റഅ്ദ്: 28). മനുഷ്യന്റെ ആത്മാവിനും പ്രകൃതിക്കും ഇത്രമേൽ ഇണങ്ങിയ മറ്റൊരു പദം പ്രപഞ്ചത്തിലില്ല.
ആവർത്തനമൂല്യം
വിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട നാമമാണ് 'അല്ലാഹു'. 2704 തവണയാണ് الله, لللاه, اللهم എന്നീ പദരൂപങ്ങൾ ഖുർആനിൽ കടന്നുവരുന്നത്.ലോകത്തെ ഏതൊരു ക്ലാസിക് സാഹിത്യകൃതിയുടെയും പുറംചട്ടയിൽ അതിന്റെ രചയിതാവിന്റെ പേര് രേഖപ്പെടുത്താറുണ്ട്. എന്നാൽ ഖുർആന്റെ പുറത്ത് സ്രഷ്ടാവിന്റെ പേര് കാണാനാവില്ല; പകരം ഖുർആന്റെ അന്തർഭാഗത്ത് രണ്ടായിരത്തിലേറെ തവണ ആ നാമം ആവർത്തിക്കപ്പെടുന്നു. ഇത്രയധികം തവണ ഒരു നാമം ആവർത്തിക്കപ്പെട്ടിട്ടും വായനക്കാരനോ ശ്രോതാവിനോ യാതൊരു മടുപ്പും അനുഭവപ്പെടുന്നില്ല എന്നത് ഈ നാമത്തിന്റെ സവിശേഷമായ ആവർത്തന മൂല്യത്തെ (Repeating Value) സൂചിപ്പിക്കുന്നു.
മറ്റേതൊരു ലോകക്ലാസിക് കൃതിക്കുള്ളിലും ഗ്രന്ഥകൃത്ത് സ്വന്തം നാമം ആവർത്തിച്ചാൽ വായനക്കാരന് അലോസരമായിരിക്കും അനുഭവം.
സൗന്ദര്യാത്മകത
ഈ നാമത്തിന്റെ ഗ്രാഫിക്കൽ ഘടനയും അതീവ സുന്ദരമാണ്. തൗഹീദിന്റെ വചനമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' (لَا إِلَهَ إِلَّا الله) നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഒരു വര (അലിഫ്) കൊണ്ടാണ്. ലോകത്തെ എല്ലാ ഭാഷകളിലും 'അകാരം' ഉണ്ടാക്കാനും 'ഒന്ന്' എന്ന ആശയമുണ്ടാക്കാനും ഉപയോഗിക്കുന്ന അലിഫ്, ഈ വചനത്തിന്റെ അടിസ്ഥാനമാണ്. പ്രകൃതിയിലെ നെഗറ്റീവ്-പോസിറ്റീവ് ബൈനറി താളത്തിലാണ് ഇതിന്റെ ഘടന നിലകൊള്ളുന്നത്.ഇതിലെ 'ലാം' (ل) അലിഫിന്റെ ചിത്രവും പൂജ്യവുമാകുമ്പോൾ,അവസാനത്തെ 'ഹാ' (هـ) തുടക്കവും ഒടുക്കവുമില്ലാത്ത പൂർണ്ണതയെ അല്ലെങ്കിൽ ശൂന്യതയെ അടയാളപ്പെടുത്തുന്നു. ഖുർആനിൽ എവിടെ അലിഫ്, ലാം, ഹാ എന്നിവ വിന്യസിക്കപ്പെട്ടാലും അത് ഗ്രാഫിക്കലായി 'അല്ലാഹു' എന്ന് വായിക്കപ്പെടാൻ പാകത്തിലാണ് അതിന്റെ ആന്തരിക ക്രമീകരണം.
അതായത് ഖുർആനിൽ 52,655 തവണ അലിഫും
38102 തവണ ലാമും14,850 ഹാഉമാണ് ഉള്ളത്.ഈ അനുപാതം ഗ്രാഫാക്കി മാറ്റിയാൽ അത് അറബിയിൽ അല്ലാഹു എന്നെഴുതിയത് പോലുണ്ടാവും.
"അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല" (لَا إِلَهَ إِلَّا هُوَ) എന്ന പ്രഖ്യാപനത്തിലൂടെ ഈ നാമം അതിന്റെ അദ്വിതീയമായ സൗന്ദര്യവും തത്വചിന്തയും ഒരേപോലെ വെളിപ്പെടുത്തുന്നു.
അനിതരത്വം
സ്രഷ്ടാവായ അല്ലാഹുവിന്റെ അനന്തമായ ഗുണവിശേഷണങ്ങളെ വെളിപ്പെടുത്തുന്നതാണ് അവന്റെ ഓരോ നാമവും. അവന് കാലമോ സ്ഥലമോ പരിമിതികളോ ബാധകമല്ല. ഖുർആനിലെ അതിപ്രധാനമായ ആയത്തുൽ കുർസിയിൽ (2:255) അല്ലാഹു തന്റെ ശക്തിവിശേഷങ്ങൾ എണ്ണിത്തുടങ്ങുന്നത് "അവനെ മയക്കമോ ഉറക്കമോ ബാധിക്കുകയില്ല" (لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ) എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. മനുഷ്യന്റെ അടിസ്ഥാനപരമായ പന്ത്രണ്ട് ചോദനകളിൽ (ഉറക്കം, ആഹാരം, വിസർജ്ജനം തുടങ്ങിയവ) ഒന്നാമത്തേതായ ഉറക്കം സ്രഷ്ടാവിന് ബാധകമല്ലെന്ന് പറയുന്നതിലൂടെ സൃഷ്ടിയിൽ നിന്നും സ്രഷ്ടാവിലേക്കുള്ള ദൂരം വ്യക്തമാക്കപ്പെടുന്നു.(ആൻ്റി ആന്ത്രോപോമോർഫിസം).
"അവനത്രെ ആദ്യനും അന്ത്യനും പ്രകടമായവനും ഒളിഞ്ഞിരിക്കുന്നവനും" (هُوَ الْأَوَّلُ وَالْأٓخِرُ وَالظَّٰهِرُ وَالظَّٰهَرُ - സൂറഃ ഹദീദ്) എന്ന വചനം അവന് പരിമിതികളില്ലെന്ന് ബോധ്യപ്പെടുത്തുന്നു. ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു വ്യക്തിക്കോ വസ്തുവിനോ 'അല്ലാഹു' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനെ സംബന്ധിച്ച ഖുർആനിക പരാമർശം ഇപ്രകാരമാണ്: "ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവൻ; അതിനാൽ അവനെ ആരാധിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന് സമാനമായ നാമമുള്ള മറ്റാരെയെങ്കിലും നിനക്കറിയാമോ?" (هَلْ تَعْلَمُ لَهُ سَمِيًّا - സൂറഃ മറിയം 65). ഈ നാമം മറ്റാർക്കും നൽകപ്പെട്ടിട്ടില്ല എന്ന പണ്ഡിതന്മാരുടെ നിരീക്ഷണം അല്ലാഹു എന്ന നാമത്തിന്റെ അജയ്യമായ അദ്വിതീയതയെ (Uniqueness) വിളിച്ചോതുന്നു.
സാർവ്വജനീനത
അല്ലാഹു' എന്ന നാമം കേവലമൊരു ഗോത്രീയ നാമമല്ല, മറിച്ച് ചരിത്രാതീത കാലം മുതൽക്കേ മാനവരാശിക്ക് സുപരിചിതമായ ഒരു സാർവ്വലൗകിക പദമാണെന്ന് സെമിറ്റിക് ഭാഷാ പഠനങ്ങൾ (Comparative Semitic Linguistics) വ്യക്തമാക്കുന്നു. പുരാതന മെസൊപ്പൊട്ടേമിയൻ സംസ്‌കാരത്തിലെ അക്കേഡിയൻ ഭാഷയിൽ ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന'ഇലു' (ilu - ????) എന്ന പദവും,കനാന്യ ഭാഷകളിലെ 'എൽ' (El) എന്ന പദവും അല്ലാഹു എന്ന പദത്തിന്റെ ആദിമരൂപങ്ങളായി ഗവേഷകർ കണക്കാക്കുന്നു. സിറിയക്-അരാമിക് ഭാഷകളിൽ സ്രഷ്ടാവിനെ സംബോധന ചെയ്തിരുന്ന 'അലാഹാ' (Alaha - ܐܰܠܳܗܳܐ) എന്ന പദം ഉച്ചാരണത്തിലും പ്രയോഗത്തിലും അറബിയിലെ അല്ലാഹു എന്ന പദത്തോട് അങ്ങേയറ്റം സാമ്യമുള്ളതാണ്. യേശുക്രിസ്തു തന്റെ മാതൃഭാഷയായ അരാമിക് ഭാഷയിൽ ദൈവത്തെ വിളിക്കാൻ ഉപയോഗിച്ചതും ഈ പദരൂപത്തെത്തന്നെയായിരുന്നു. കൂടാതെ, ഹീബ്രു ബൈബിളിൽ ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'എലോഹ്' (Eloah), 'എലോഹിം' (Elohim) എന്നീ നാമങ്ങൾ അറബിയിലെ 'ഇലാഹ്', 'അല്ലാഹു' എന്നീ പദങ്ങളുമായി ഒരേ ഭാഷാപരമായ വേരുകൾ പങ്കുവെക്കുന്നു. ഈ ഭാഷാപരമായ തുടർച്ച ഏകദൈവ വിശ്വാസത്തിന്റെ ചരിത്രപരമായ ഏകത്വത്തെയാണ് (Universal Similarity) അടിവരയിടുന്നത്.
ഈ നാമത്തിന്റെ പദോൽപ്പത്തിയെക്കുറിച്ച് (Etymology) ഗഹനമായ നിരീക്ഷണങ്ങൾ വിശ്വാസശാസ്ത്ര പണ്ഡിതന്മാരും സൂഫിയാക്കളും പങ്കുവെച്ചിട്ടുണ്ട്.'അലിഹ' (Aliha) എന്ന ക്രിയാരൂപത്തിൽ നിന്നാണ് 'ഇലാഹ്' എന്ന പദം രൂപപ്പെട്ടതെന്ന് ഭാഷാവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് 'അങ്ങേയറ്റത്തെ സ്നേഹത്തോടെ അനുസരിക്കുക' (اله اح و اطاع) എന്ന് അർത്ഥമുണ്ട്.
ഇമാം ഖുശ്‌യരിയെയും ഇമാം ഗസാലിയെയും പോലുള്ള സൂഫി വര്യന്മാരുടെ അഭിപ്രായത്തിൽ, 'അല്ലാഹു' എന്ന നാമം കേവലം ഒരു അധികാരത്തെ മാത്രമല്ല, മറിച്ച് അടിമയും ഉടമയും തമ്മിലുള്ള തീവ്രമായ സ്നേഹബന്ധത്തെയും അരാധനയെയുമാണ് പ്രതിനിധീകരിക്കുന്നത്. 'തഹയ്യുർ' (അമ്പരപ്പ്) എന്ന പദവുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട്, ബുദ്ധിക്ക് എത്തിപ്പിടിക്കാനാവാത്ത വിധം അമ്പരപ്പിക്കുന്നവൻ എന്നാണ് 'അല്ലാഹു' എന്ന പദത്തിന്റെ പൊരുളെന്ന് ഇബ്നു അറബിയെപ്പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. ഭയത്താലുള്ള കീഴടങ്ങലിനേക്കാൾ, പരമമായ സ്നേഹത്തിൽ നിന്നും ആത്മസമർപ്പണത്തിൽ നിന്നും (Devotion and Compassion) ഉടലെടുക്കുന്ന ആരാധനയെയാണ് ഈ നാമം ഉൾക്കൊള്ളുന്നത്.
ഗുണങ്ങൾ
അല്ലാഹുവിനെക്കുറിച്ച് ഒരു വിശ്വാസി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുണവിശേഷണങ്ങളെ ഇസ്‌ലാമിക വിശ്വാസശാസ്ത്ര പണ്ഡിതന്മാർ പ്രധാനമായും നാല് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിൽ ഒന്നാമത്തേത് അല്ലാഹുവിന്റെ അസ്തിത്വത്തെ മാത്രം സൂചിപ്പിക്കുന്ന സ്വിഫത്തുന്നഫ്‌സിയ്യ (الصفات النفسية - Essential Attribute) ആണ്. ഇതിൽ വുജൂദ് (الوجود - Wujud) എന്ന ഒരു വിശേഷണം മാത്രമാണുള്ളത്. അല്ലാഹു ഉണ്ട് എന്നത് മാറ്റമില്ലാത്ത സത്യമാണെന്നും അവൻ ഇല്ലാതിരിക്കുക എന്നത് അസാധ്യമാണെന്നും ഇത് വ്യക്തമാക്കുന്നു.
രണ്ടാമത്തെ വിഭാഗം സ്വിഫാത്തുസ്സൽബിയ്യ (الصفات السلبية - Negating Attributes) ആണ്. അല്ലാഹുവിന് ഉണ്ടാകാൻ പാടില്ലാത്ത കുറവുകളെയും സൃഷ്ടിപരമായ പരിമിതികളെയും നീക്കം ചെയ്യുന്ന അഞ്ച് ഗുണങ്ങളാണിവ. സ്രഷ്ടാവിന് പ്രാരംഭമില്ലെന്ന് വ്യക്തമാക്കുന്ന ഖിദം (القدم ), അവൻ കാലാതീതനായി എന്നെന്നും നിലനിൽക്കുന്നു എന്ന് പഠിപ്പിക്കുന്ന ബഖാഅ് (البقاء ), രൂപത്തിലോ ഭാവത്തിലോ ഒരു സൃഷ്ടിയോടും അവൻ തുല്യനല്ലെന്ന് ഉറപ്പിക്കുന്ന മുഖാലഫത്തുൻ ലിൽ ഹവാദിസ് (مخالفته للحوادث ), നിലനിൽപ്പിന് മറ്റാരുടെയും സഹായം ആവശ്യമില്ലാത്ത ഖിയാമുഹു ബി നഫ്‌സിഹി (قيامه بنفسه ), സത്തയിലും ഗുണങ്ങളിലും പ്രവർത്തനങ്ങളിലും അവൻ ഏകനാണെന്ന് പ്രഖ്യാപിക്കുന്ന വഹ്ദാനിയ്യത്ത് (الوحدانية ) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.മൂന്നാമതായി അല്ലാഹുവിന്റെ സത്തയിൽ സ്ഥിരപ്പെട്ട പൂർണ്ണതയുടെ ആന്തരിക ഗുണങ്ങളെ കുറിക്കുന്ന ഏഴ് വിശേഷണങ്ങളാണ് സ്വിഫാത്തുൽ മആനി (صفات المعاني - Qualitative Attributes). സർവ്വശക്തിയെ സൂചിപ്പിക്കുന്ന ഖുദ്‌റത്ത് (القدرة ), ദൈവിക ഇച്ഛയായ ഇരാദത്ത് (الإرادة), സർവ്വജ്ഞാനമായ ഇൽമ് (العلم), നിത്യജീവനടയാളമായ ഹയാത്ത് (الحياة ), സർവ്വവും ഗ്രഹിക്കുന്ന സംഅ് (السمع), സർവ്വസാക്ഷിയായ ബസ്വറ് (البصر ), ശബ്ദമോ അക്ഷരങ്ങളോ ഇല്ലാത്ത ദൈവിക സംസാരമായ കലാം (الكلام ) എന്നിവയാണവ.
നാലാമത്തെ വിഭാഗമായ സ്വിഫാത്തുൽ മഅ്‌നവിയ്യ (الصفات المعنوية - Relational Attributes) മേൽപറഞ്ഞ 'മആനി' എന്ന ഗുണങ്ങൾ അല്ലാഹുവിൽ സദാ നിലനിൽക്കുന്നു എന്ന് സ്ഥിരീകരിക്കുന്ന ഏഴ് അവസ്ഥകളാണ്. കഴിവുള്ളവനായിരിക്കൽ (كونه قادراً),ഉദ്ദേശിക്കുന്നവനായിരിക്കൽ (كونه مريدا), അറിയുന്നവനായിരിക്കൽ (كونه عالماً), ജീവനുള്ളവനായിരിക്കൽ (كونه حياً), കേൾക്കുന്നവനായിരിക്കൽ (كونه سامعاً), കാണുന്നവനായിരിക്കൽ (كونه بصيراً),
സംസാരിക്കുന്നവനായിരിക്കൽ (كونه متكلماً)
എന്നിവയിലൂടെ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ പൂർണ്ണത കൈവരിക്കുന്നു.
'ഹു'വിൽ നിന്ന് 'അൻത'യിലേക്ക്
അല്ലാഹു എന്ന നാമത്തിന്റെ പൊരുൾ തേടിയുള്ള യാത്ര കേവലമൊരു അറിവന്വേഷണമല്ല, മറിച്ച് 'അവൻ' (ഹു - هُوَ) എന്ന അദൃശ്യനായ സ്രഷ്ടാവിൽ നിന്നും 'നീ' (അൻത - أَنْتَ) എന്ന അഭിമുഖീകരിക്കപ്പെടുന്ന പ്രിയപ്പെട്ടവനിലേക്കുള്ള ആത്മീയ പ്രയാണമാണ്. സൂഫി ചിന്താധാരയിൽ ഈ പരിവർത്തനം ഒരു വിശ്വാസിയുടെ മഅ്രിഫത്തിന്റെ (ദൈവിക ജ്ഞാനം) പരമകാഷ്ഠയെ അടയാളപ്പെടുത്തുന്നു."അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് നീ അറിഞ്ഞുകൊള്ളുക" (فاعلم انه لا اله الا الله) എന്ന ഖുർആനിക കല്പനയിൽ 'അറിയുക' (ഇൽമ്) എന്നത് വെറുമൊരു വിവര ശേഖരണമല്ല, മറിച്ച് ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹാനുഭൂതിയാണ്.
യൂനുസ് നബി (അ) പ്രയാസങ്ങളുടെ കടലാഴങ്ങളിൽ വെച്ച് വിളിച്ചത് "നീ അല്ലാതെ യാതൊരു ഇലാഹുമില്ല, നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അതിക്രമകാരികളിൽ പെട്ടുപോയിരിക്കുന്നു" (لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ) എന്നാണ്. ഇവിടെ ദൈവത്തെ 'നീ' എന്ന് അഭിസംബോധന ചെയ്യുന്നതിലെ ആത്മബന്ധവും സ്വന്തം വിനയവുമാണ് രക്ഷാകവചമായത്. ഇതിനു വിപരീതമായി, ഫിർഔൻ മുങ്ങിമരിക്കാറായപ്പോൾ നടത്തിയ പ്രഖ്യാപനം വെറും ഭയത്തിൽ നിന്നും നിസ്സഹായാവസ്ഥയിൽ നിന്നും ഉണ്ടായതായിരുന്നു. അവിടെ സ്നേഹത്തിന്റെയോ സമർപ്പണത്തിന്റെയോ നനവില്ലാത്തതിനാൽ ആ വചനങ്ങൾ സ്വീകരിക്കപ്പെട്ടില്ല.
കടാഹകടാക്ഷം
ഇസ്ലാമിക് കോസ്മോളജി പ്രകാരം പ്രപഞ്ചം മുഴുവൻ ഈ നാമത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിതരാണ്. "സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പർവ്വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരിലധികവും അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നു" (സൂറഃ അൽ-ഹജ്ജ്: 18) എന്ന വചനം ഈ നാമത്തിന്റെ പ്രപഞ്ചാധിപത്യത്തെയാണ് വിളിച്ചോതുന്നത്. അല്ലാഹുവിന്റെ അത്യുന്നതമായ നാമത്തിൽ (അൽ-ഇസ്മുൽ അഅ്ലം) പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടുമെന്ന് പ്രവാചകൻ പഠിപ്പിച്ചു.
ആത്മീയതയുടെ തുലാസിൽ ഈ നാമത്തിന്റെ കനം അളക്കാനാവാത്തതാണ്. പർവ്വതസമാനമായ പാപങ്ങളുമായി നിൽക്കുന്ന വിശ്വാസിക്ക്, ആത്മാർത്ഥമായി ഉച്ചരിച്ച 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ചെറിയൊരു കാർഡ് (ഹദീസുൽ ബതാഖ) പാപങ്ങളുടെ 99 ഫയലുകളേക്കാൾ ഭാരമേറിയതാകുമെന്ന് പ്രവാചക വചനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. "അല്ലാഹുവിലേക്ക്മാത്രം സ്വയമുയരുന്നത് പരിശുദ്ധമായ വചനങ്ങളും സൽകർമ്മങ്ങളുമാണ്"(إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ)എന്ന സൂക്തം (സൂറഃ ഫാത്വിർ: 10), ഈ നാമം മനുഷ്യനെ ഭൗതികതയുടെ ചെളിക്കുണ്ടുകളിൽ നിന്നും ആത്മീയതയുടെ വിണ്ണിലേക്ക് ഉയർത്തുന്നതിനെ എത്ര മനോഹരമായാണ് ചിത്രീകരിക്കുന്നത്!
വാഴ്ക !
"അഹദായ ഖാലിക്കായോൻ അരുളാലെ ലോകം
അഖിലവും പടച്ചോൻ വാഴ്ക...
അർഷും കുറശും അതിലൊള്ള ഖൽക്കും
അറിയോൻ വാഴ്ക സുബ്ഹാനല്ലാഹ്..."
(മോയിൻകുട്ടി വൈദ്യർ)

Loading comments...
Leave a Reply