ലോകഭാവനകൾ അവളെ വരച്ച കള്ളികളാണ് കള്ളം. 

ഇസ്ലാം,സ്ത്രീ,കാഴ്ച്ച,കാഴ്ച്ചപ്പാടുകൾ എന്ന നാല് പദങ്ങൾ പ്രമേയമാവുന്ന പത്ത് വസ്തുതകൾ വായിക്കാം. 

ഒന്ന്:ശാരീരിക സവിശേഷതകൾ കാരണങ്ങളാൽ സ്ത്രീസമൂഹം പുരുഷനന്മാരേക്കാൾ സ്വയം കരുതലും ജാഗ്രതയും സ്വീകരിക്കലിൻ്റെ പേരാണ് അച്ചടക്കമെങ്കിൽ അക്കാര്യത്തിൽ മനുഷ്യർക്കാർക്കും രണ്ടഭിപ്രായമില്ല.സ്ത്രീസുരക്ഷ എന്ന ആശയം പോലെ പുരുഷസുരക്ഷ സാമൂഹികബോധമാവാത്തതിന് കാരണം ആ പ്രകൃതിസത്യമാണ്.

ഇന്നാട്ടിലെ കമ്മ്യൂണിസ്‌റ്റാചാര്യർ മുതൽ ബിഷപ്പുമാർ, കലാ സാംസ്‌കാരിക പ്രവർത്തകരടക്കം ആർ എസ് എസ് മേധാവി വരെ ആ അച്ചടക്കത്തെ മാന്യമായ വസ്‌ത്രധാരണം,സഭ്യമായ പൊതുരംഗയിടപെടൽ എന്നിങ്ങനെ നിർവ്വചിച്ചവരുമാണ്.സിദ്ധാന്തങ്ങൾക്കപ്പുറം,പുതിയ വിവാദങ്ങളിൽ എരിവും പുളിവും ചേർത്ത് മറ്റൊന്നാക്കുന്ന എല്ലാ സെക്യുലർ മലയാളികളും സ്വന്തം വീട്ടിലെ പെൺകുട്ടികൾ വേലക്കോ റാലിക്കോ പുറത്ത് പോവുമ്പോൾ ആൺകുട്ടികൾ പോവുമ്പോഴുള്ളതിനേക്കാൾ സുരക്ഷിതത്വം വിലയിരുത്താറുണ്ട്.ആ വ്യത്യാസത്തെ സത്യസന്ധമായി അഡ്രസ് ചെയ്യതെയുളള യാതൊരു ജൽപ്പനവും സ്ത്രീയെ ശാക്തീകരിക്കില്ല. പ്രകൃതിസത്യങ്ങൾ ഉൾക്കൊണ്ട് സ്ത്രീകൾ കൂടുതൽ അടക്കവും ഒതുക്കവും പാലിക്കണമെന്ന തത്വത്തിന് സ്വയം അപ്രത്യക്ഷരായി ഇല്ലാതാവുക എന്നർത്ഥം കൽപ്പിക്കുന്നവരെ നയിക്കുന്നത് തർക്കബുദ്ധിയല്ലാതെ മറ്റൊന്നല്ല.

രണ്ട്: 'സ്ത്രീകളെ പ്രദർശനവസ്‌തുക്കളാക്കരുത് 'എന്ന പ്രയോഗം അശ്ലീലവും പ്രദർശവസ്തുവാക്കുന്ന ശീലം ശ്ലീലവുമെന്ന വൈചിത്ര്യമാണ് 'പരിഷ്‌കൃതം'.

സ്ത്രീ എന്ന വ്യക്തിത്വത്തെ അവളുടെ അറിവ്, പ്രതിഭ, സ്വഭാവം,ശരീരം തുടങ്ങിയ ഘടകങ്ങളിലൂടെ താൽപര്യാനുസാരം സമീപിക്കാമെന്നിരിക്കേ, അവളെ ശരീരപ്രധാന ജീവിയായി(Objectification) മാത്രം ഉപയോഗപ്പെടുത്തുന്നത് മതവേദികളാണോ പൊതുവേദികളാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.ശ്രദ്ധക്ഷണിക്കാനും താല്പര്യമുണർത്താനും വേണ്ടി സ്ത്രീത്വവുമായി പ്രത്യേകം ബന്ധമില്ലാത്ത ഉരുപ്പടികളുടെ പരസ്യങ്ങളിലും പോലും അർദ്ധനഗ്നകളായ സുന്ദരികൾ മാത്രം ചിത്രീകരിക്കപ്പെടുന്നതിനെയും ഔദ്യോഗികതയുള്ള ക്ലബ്ബുകളിലും പാർട്ടികളിലും പോലും ചിയർ'ഗേൾസ് 'മാത്രം ഇടം പിടിക്കുന്നതിനെയും വ്യവഹരിക്കാൻ പ്രദർശനപരത എന്നതിനേക്കാൾ മികച്ച മറ്റെന്ത് മലയാളപദമുണ്ട്?

സോഷ്യൽമീഡിയാ അൽഗോരിതത്തിൽ സ്ത്രീപ്രദർശനത്തിൻ്റെ അധികസാധ്യതയെപ്പറ്റി ആർക്കുമില്ലല്ലോ തർക്കം.

മൂന്ന്: മുസ്‌ലിം വ്യാവഹാരികഭാഷയിലെ സ്ത്രീ വിരുദ്ധത ചികയുന്നവർ സാഘോഷിക്കുന്ന മലയാള സാഹിത്യത്തിലെ ചില സ്ത്രീലാവണ്യവർണ്ണനകൾ കൂടി വിലയിരുത്തേണ്ടതുണ്ട്.സാഹിത്യത്തിനും കലക്കും ജീവിതവുമായി ബന്ധമില്ല എന്നത് താത്വികമായും സാമൂഹികമായും ശരിയല്ലല്ലോ. ഉണ്ണിനീല സന്ദേശം,ചന്ദ്രോൽസവം തുടങ്ങിയ മണിപ്രവാള കാവ്യങ്ങളിൽ സ്ത്രീസ്തനങ്ങൾ മൺകുടങ്ങളായും തുടകൾ വാഴത്തണ്ടായും ആനത്തുമ്പികൈയായും , തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീനിൽ കറുത്തമ്മയുടെ സൗന്ദര്യം വർണ്ണിക്കുന്ന ഭാഗങ്ങളിൽ അവരെ വലയിൽ കുരുക്കപ്പെട്ട മൽസ്യമായും, കുമാരനാശാൻ്റെ കരുണയിൽ വാസവദത്തയുടെ ശരീരത്തെ ' തളിർപോൽ മൃദുവായ മേനി'യായും, സി.വി രാമൻപിള്ളയുടെ രാമരാജബഹദൂറിൽ സുഭദ്രയെ വിഷകന്യകയും കൂട്ടുകാരികളെ ചതുരംഗപ്പലകയിലെ കരുക്കളായും, വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശബ്ദങ്ങളിൽ ദരിദ്രസ്ത്രീശരീരം പുരുഷൻ്റെ രത്യുൽസവം നടക്കാനുള്ള ഓവുചാലായും, ആധുനികതയുടെ വക്താവായ എംടി വാസുദേവൻ നായരുടെ മഞ്ഞിൽ വിമലയുടെ അധര- ഉടൽ സൗന്ദര്യത്തെ പുരുഷകാമനകളായും,പത്മരാജൻ്റെ രതിനിർവ്വേദം പോലുള്ള കൃതികളിൽ രതിച്ചേച്ചി കൗമാരക്കാരനായ പപ്പുവിൻ്റെ കണ്ണിൽ പഴുത്ത പഴങ്ങളോടും അവളെ പ്രാപിക്കലിനെ കർഷകൻ വിളവെടുക്കുന്നതിനോടും, എ. അയ്യപ്പൻ്റെയും കടമ്മനിട്ടയുടെയുമൊക്കെ കവിതകളിൽ സ്ത്രീകളെ പകുത്തുതിന്നുന്ന റൊട്ടിയായും തീരാത്ത മദ്യചഷകമായു മൊക്കെ ചിത്രീകരിക്കപ്പെട്ടത് ആഘോഷിക്കുന്നതിന് കൂടിയാണല്ലോ മലയാളത്തിൻ്റെ സാംസ്കാരിക ബോധം എന്ന് പറയുന്നത്.

ചാനൽഫ്ലോറിലെ ഉന്മത്തതയിൽ, സ്ത്രീസൗഹൃദപരമായ പാരമ്പര്യ മുസ്‌ലിംകളുടെ 'കിതാബും സുന്നത്തും' (അതെന്താണെന്ന് പോലുമറിയാതെ)ദുർവ്യാഖ്യാനിക്കുന്ന അവതാരകർ ലോകക്ലാസിക്കുകളുടെ റിവ്യുയെങ്കിലും നോക്കാൻ തുനിയേണ്ടതുണ്ട്.

ഹോമറിൻ്റെ ഇലിയഡിൽ ബ്രൈസിസ് എന്ന സ്ത്രീ അഗമെംനോൺ എന്ന പുരുഷന് പിടിച്ചടക്കാനുള്ള 'സ്വർണ്ണക്കിണ്ണ'മാണ്.ഡാൻ്റെ മഹാകവിയുടെ ഡിവൈൻ കോമഡിയിൽ ബിയാട്രീസ് എന്ന സ്ത്രീ പുരുഷന് വിഷാദം തീർക്കാനുള്ള 'പവിത്രമായ പടവുകൾ'മാത്രമാണ്. വില്യം ഷേക്സ്പിയറിൻ്റെ ദ റേപ് ഓഫ് ലൂക്രീസിൽ സ്‌ത്രീ ശരീരം കോട്ടയും ബലാൽസംഘം കോട്ടകീഴടക്കലും ജനനേന്ദ്രിയം കോട്ടയിലെ നിധിയുമാണ്. ജോൺ ഡണിൻ്റെ To His Mistress Going to Bed ൽ സ്ത്രീശരീരം പുരുഷന് പര്യവേക്ഷണം നടത്തി കീഴടക്കാനുള്ള കോളനിയാണ്.ബൈബിളിലെ Song of Solomonൽ കാമുകിയെ വർണ്ണിക്കുന്നത് 'സ്തനങ്ങൾ മാൻകുട്ടികളും കഴുത്ത് ദാവീദിൻ്റെ ഗോപുരവും ശരീരം താമരപ്പൂക്കൾ ചുറ്റിയ ഗോതസ്‌കൂമ്പാരവും'ആയാണ്. സ്ത്രീ വിരുദ്ധമായത് ആര് പറഞ്ഞാലും എതിർക്കുമെന്ന് വലിയ വായിൽ പറയുന്ന രാഷ്ട്രീയ നേതൃത്വവും അവരാരകരും ഇത്തരം ഭാഗങ്ങൾ സിലബസിലോ സർക്കാർ ലൈബ്രറിയിലോ ഇല്ലെന്ന് ഉറപ്പ് വരുത്തുമോ ?

പുസ്‌തകപ്രേമി എന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രിക്ക് ഇത്തരം സാഹിത്യങ്ങളെക്കുറിച്ച് കൂടി പറയാനുള്ളത് കേൾക്കാൻ ജനത്തിന് താൽപര്യമുണ്ട്.

നാല്:ബുദ്ധിയും പ്രാപ്തിയും വ്യക്തിത്വവും അദൃശ്യവൽക്കരിക്കപ്പെടുകയും അംഗലാവണ്യങ്ങളുടെ വർണ്ണനകളായി സ്ത്രീ കമ്പോളവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് നോർമലൈസ് ചെയ്യപ്പെടുകയും വസ്തുതാവിവരണം പിന്തിരിപ്പുമാവുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് തിരിച്ചറിവുള്ളവർ അവളെ പ്രദർശനവസ്തുവാക്കരുതെന്ന് തന്നെയാണ് പറയേണ്ടത്.പല ആധുനിക മന:ശാസ്‌ത്ര പഠനങ്ങളും ഇത്തരം മാംസനിബദ്ധ ലോകവീക്ഷണം പുതിയ പെൺകുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് കാണാം.സ്ത്രീകളെ കേവലം ശരീരമായി മാത്രം ചുരുക്കിക്കാണുന്ന പ്രവണതയെക്കുറിച്ച് ഫ്രെഡറിക്സൺ, റോബർട്ട്സ് (1997) എന്നിവർ അവതരിപ്പിച്ച 'ഒബ്ജക്റ്റിഫിക്കേഷൻ തിയറി'യാണ് അടിസ്ഥാനപരമായ അക്കാദമിക പഠനങ്ങളിലൊന്ന്. സമൂഹവും മാധ്യമങ്ങളും സ്ത്രീയെ പ്രദർശന വസ്തുവായോ ഉപഭോഗവസ്തുവായോ (Commodification) ചുരുക്കുമ്പോൾ, പെൺകുട്ടികൾ തങ്ങളെത്തന്നെ മറ്റുള്ളവരുടെ കണ്ണിലൂടെ നിരന്തരം വിലയിരുത്താൻ നിർബന്ധിതരാകുന്നു. ഈ അവസ്ഥയെ 'സെൽഫ്-ഒബ്ജക്റ്റിഫിക്കേഷൻ' എന്നാണ് മനഃശാസ്ത്രം വിളിക്കുന്നത്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ (APA) റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിവിധ ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നത്, ഇത്തരം കാഴ്ചപ്പാടുകൾ പെൺകുട്ടികളിൽ നിരന്തരമായ ഉത്കണ്ഠ , വിഷാദരോഗം , സ്വന്തം ശരീരത്തോടുള്ള വെറുപ്പ്, ഭക്ഷണക്രമത്തിലെ താളപ്പിഴകൾ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ്. കൂടാതെ, ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള അമിതമായ ചിന്തയും മാനസിക സമ്മർദ്ദവും അവരുടെ അക്കാദമിക-ബൗദ്ധിക ശേഷികളെയും (Cognitive performance) ആത്മവിശ്വാസത്തെയും സാരമായി തളർത്തുന്നുവെന്നും അക്കാദമിക നിഗമനങ്ങൾ അടിവരയിടുന്നു.

അഞ്ച്:പരമ്പരാഗത മുസ്‌ലിംകൾ സ്ത്രീകളെ പിറകോട്ടടിക്കുന്നുവെന്ന മിഥ്യ ഫലത്തിൽ വരുത്തിത്തീർക്കുന്ന കേരളത്തിലെ പത്തിലധികം പ്രമുഖ ദൃശ്യമാധ്യമങ്ങളുടെ നിർവ്വാഹക, പോളിസി മേക്കിംഗ് സമിതിയിലും എഡിറ്റോറിലിലും എത്ര ശതമാനം സ്ത്രീകളുണ്ടെന്ന കണക്ക് പുറത്തുവിട്ട് തുറന്ന ചർച്ചക്കവസരമൊരുക്കി അടുക്കള ക്ലീനാക്കിയിട്ടാവണം മതവേദികളുടെ അരങ്ങ് കത്തിക്കാൻ. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലെയും ജനറൽ സീറ്റുകളിലെ സ്ഥാനാർത്ഥികളിലെയും സ്ത്രീപ്രാതിനിധ്യക്കുറവിനും ദിവംഗിതനായ മുൻകമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ത്രീയെ തലപ്പത്ത് വെക്കുന്നതിനെ പാർട്ടീഹത്യ എന്ന് വിശേഷിപ്പിച്ചതിനും സ്ത്രീകൾക്ക് പരിഗണ കുറഞ്ഞെന്ന് പറഞ്ഞ് കോൺഗ്രസ് വനിതാ നേതാവ് തലമൊട്ടയടിച്ചതിനും കാരണം സമസ്തയുടെ നിലപാടാണെന്ന് പറയാനൊക്കില്ലല്ലോ.എന്നാൽ കേരളത്തിലോ ദേശീയതലത്തിലോ മാത്രമല്ല, ആഗോള ചിത്രവും ഇത് തന്നെയാണ്.ലോക വൻശക്തികളായ അമേരിക്ക,റഷ്യ,ചൈന എന്നിവിടങ്ങളിൽ ഇന്നോളം ഒറ്റപ്പെണ്ണും രാഷ്ട്രാധികാരിയായിട്ടില്ല. ഹിലാരി ക്ലിൻ്റനും കമല ഹാരിസും തോറ്റതിന് പിന്നിൽ സ്ത്രീത്വം എത്രത്തോളം ഘടകമായി എന്നത് ചർച്ചയായതാണ്. ജപ്പാൻ, മെക്സിക്കോ, സൗദി അറേബ്യ എന്നിവയും ഇതര ജി.സി. സിരാഷ്ട്രങ്ങളും തഥൈവ. കാനഡ, ഫ്രാൻസ്, സൗത്താഫ്രിക്ക, ആസ്ത്രേലിയ, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രം നയിച്ച ഒരു സ്ത്രീ മാത്രമേയുള്ളൂ. ഇംഗ്ലണ്ടിലും അർജൻ്റീനയിലും രണ്ടുണ്ട്. ആധുനിക ജനാധിപത്യ ക്രമങ്ങളിൽ സ്ത്രീ രണ്ടാം തരക്കാരിയായി ട്രീറ്റ് ചെയ്യപ്പെടുന്നതിനാൽ ദണ്ണപ്പെടാതെ കുറ്റം ഏഴാം നൂറ്റാണ്ടിൽ ചാരുന്നതിലെ വൈരുധ്യം സൂചിപ്പിച്ചതാണ്.

ആറ്: സ്ത്രീസാതന്ത്ര്യം എന്ന പദത്തിൻ്റെ പ്രായോഗിക വിവക്ഷ കൂടി ചർച്ചക്ക് വരേണ്ടതുണ്ട്. ആധുനികതയാണ് സ്ത്രീക്ക് സ്വാതന്ത്യം നൽകുന്നതെന്ന് ചിന്തിക്കുന്ന ഇസ്ലാമിസ്റ്റുകൾ പോലുമുണ്ട്. എന്നാൽ,രക്ഷാകർതൃത്വം, സാമൂഹിക ചട്ടങ്ങൾ എന്നിവയുടെ മീതെയല്ല വ്യക്തിസ്വാതന്ത്ര്യം.സ്വയം നിർണ്ണയാവകാശം ശാസ്ത്രീയമാവുന്ന പ്രായം നാളിത് വരെ പരിശോധിക്കുകയോ പഠിക്കാൻ ശ്രമിക്കുകയോ ചെയ്യാത്തവരാണ് സ്വയം തെരെഞ്ഞെടുപ്പിൻ്റെ പ്രസക്തി വിളമ്പുന്നത് . ശാരീരിക പ്രായപൂർത്തി (Metabolic puberty) വരിച്ചതിന് എത്രയോ ശേഷമാണ് ബൗദ്ധിക പ്രായപൂർത്തിയിലേക്ക് (intelectual puberty) മനുഷ്യമസ്തിഷ്കം എത്തുക എന്നാണ് ഏറ്റവും പുതിയ ന്യൂറോ സയൻസ് ജേർണലുകൾ പറയുന്നത്. ലോക പ്രശസ്തയായ ന്യൂറോ സയൻ്റിസ്റ്റ് Sandra Amod അവരുടെ "Welcome to Your Child's Brain: How the Mind Grows from Conception to College" എന്ന പന്ത്രണ്ട് ഭാഷാഭേദങ്ങളിറങ്ങിയ കൃതിയിൽ അക്കാര്യം എഴുതിയത് കാണാം, 25, 32, 40 വയസ്സ് വരെ ശരിയും തെറ്റും പറഞ്ഞ് കൊടുക്കുന്ന രക്ഷാകർതൃത്വം ഏതൊരാൾക്കും വേണമെന്നാണതിൻ്റെ ചുരുക്കം.ആത്മനിഷ്ഠമായ തെരെഞ്ഞെടുപ്പ് മാത്രമല്ല സ്വാതന്ത്ര്യം.

അത് മറ്റുള്ളവരെ ബാധിക്കുന്ന രീതികൂടി സാമൂഹിക ശാസ്‌ത്രത്തിൽ പ്രധാനമാണ്.

പുരുഷൻ തീർച്ചയായും സ്ത്രീകൾക്ക് നേരെ അച്ചടക്കം പാലിക്കണം, സ്ത്രീകൾ അച്ചടക്കം തെറ്റിക്കയുമരുത്.

ഏഴ്: ഇസ്‌ലാമിൻ്റെ സ്ത്രീത്വദർശനം മനസ്സിലാവാതെ അനുബന്ധ ചർച്ചകൾ പൊടിപൊടിക്കുന്നതിനാൽ അടിസ്ഥാനം ചുരുക്കിപ്പറയാം.മനുഷ്യന് രണ്ടുതരം അസ്തിത്വമാണ് ഇസ്ലാമിക ദർശനത്തിലുള്ളത്. ആത്മീക സ്വത്വവും ഭൗതികമായ ജൈവിക സ്വത്വവും. ആത്മീക സ്വത്വത്തിന്റെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസങ്ങളില്ല. പുരുഷനേക്കാൾ മുകളിൽ സ്ത്രീക്കും സ്ത്രീയെക്കാൾ ഏറെ പുരുഷനും ആത്മീകമായ മഹത്വങ്ങൾ ആർജ്ജിക്കാം.തുല്യശക്തിയാണ് സ്ത്രീയുടെയും പുരുഷന്റെയും ആത്മീയ മണ്ഡലങ്ങൾക്കുള്ളത്. ആത്മീകസ്വത്വം എന്നാൽ അതിനും രണ്ട് തലങ്ങളുണ്ട് , ഭക്തിബോധവും ആശയരൂപീകരണ ശക്തിയും. ഒരേ ആരാധനാകർമ്മം സ്‌ത്രീയും പുരുഷനും നിർവ്വഹിച്ചാൽ പ്രതിഫലം തുല്യമാണ്. പുരുഷൻ്റെ കർമ്മത്തിന് പ്രതിഫലം കിട്ടുന്ന ചില കാര്യങ്ങളിൽ സ്‌ത്രീയുടെ നിഷ്‌കർമ്മത്തിനാവും പ്രതിഫലം .

അതേപ്രകാരം , ആശയപരമായും ദാർശനികമായും മനുഷ്യനെ മുന്നോട്ടു നയിക്കുന്നതിൽ ആത്മീക സ്വത്വമാണ് പ്രവർത്തിക്കുന്നത്.സ്‌ത്രീയും പുരുഷനും ഒരേ വിഷയത്തിൽ ഫിക്ഷനോ നൊൺഫിക്ഷനോ രചിച്ചാൽ , കലാസൃഷ്‌ടി ആവിഷ്ക്കരിച്ചാൽ ചിലപ്പോൾ സ്‌ത്രീയുടേതാവാം കേമം , ചിലപ്പോൾ മറിച്ചും . അവിടെയും സമത്വമുണ്ട് .എന്നാൽ ഇവിടെയും ജൈവികമായ ഏറ്റവ്യത്യാസം ചില കാര്യങ്ങളിൽ വ്യത്യാസം വരുത്തുന്നുണ്ട് .ഉദാഹരണത്തിന്, ധൈര്യവും സ്‌ഥൈര്യവും പുരുഷന് വർദ്ധിക്കാൻ ജൈവികമായ അനുകൂലനമുണ്ട് . അതിനാൽ , മനസ്സിലായ സത്യം ഉറക്കെപ്പറയാൻ സ്‌ത്രീ പരിമിതി നേരിട്ടേക്കാം.അത് പ്രകൃതിപരമാണ് . പ്രകൃതിയുടെ പ്രകൃതത്തിൻ്റെ പേരാണ് ഇസ്‌ലാം. ജൈവികമായ സ്വത്വം സ്ത്രീയുടെതും പുരുഷന്റെതും മൂന്നിൽ രണ്ടിൽ സമാനത പുലർത്തുമ്പോഴും ബാക്കി ഒന്നിൽ വൈവിധ്യങ്ങൾ സൂക്ഷിക്കുന്നുണ്ട്. പുരുഷന് സാധിക്കുന്നത് പലതും ജൈവികമായി സ്ത്രീക്കോ സ്ത്രീക്ക് സാധിക്കുന്ന പലതും ജൈവികമായി പുരുഷനോ സാധ്യമല്ല. ജൈവിക സ്വത്വത്തിൻ്റെ കാര്യത്തിലുള്ള സ്ത്രീപുരുഷർക്കിടയിലെ വൈവിധ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാതെ നിർവഹിക്കപ്പെടുമ്പോഴാണ് മനുഷ്യജീവിതം സാധ്യമാകുന്നത്. അവിടെ ലിംഗസമത്വം എന്ന വാക്കിന്റെ ആശയം ആത്മീകമാണെങ്കിൽ ഇസ്ലാം അതിനെ അംഗീകരിക്കുന്നു. ജൈവികമാണെങ്കിൽ സമത്വം എന്ന ആശയത്തെ മാറ്റിനിർത്തി ലിംഗനീതി എന്നൊരു ആശയമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. കാരണം, ലിംഗസമത്വം എന്ന ആശയത്തിന്റെ താല്പര്യം പ്രകൃതിപരമായി പിറകിലുള്ള സ്ത്രീ പുരുഷനെപ്പോലെ ആകുമ്പോഴാണ് അവളും വികസിതയാകുന്നത് എന്നാണ്. ഫലത്തിൽ പുരുഷമേധാവിത്വത്തിന്റെ പരോക്ഷമായ സമ്മതമാണത്.

എട്ട്:സ്ത്രീകകൾക്ക് അവരുടേതായ നിയമങ്ങൾ പാലിച്ച് സ്വയം സമ്പാദനം, തൊഴിലവകാശം, അനന്തരാവകാശം, വിദ്യാഭ്യാസാവകാശം,സ്വയം പ്രതിരോധം, വൈദ്യശാസ്‌ത്രപഠനം തുടങ്ങിയവ ഇസ്‌ലാം സമ്മതിക്കുന്നതാണ്. ഇസ്ലാം പുരുഷമേധാവിത്വത്തെയോ സ്ത്രീമേധാവിത്വത്തെയോ അഭിമുഖീകരിക്കുന്നില്ല.മറിച്ച്, പ്രകൃത്യാ നിർണ്ണയിക്കപ്പെട്ട ജൻഡർ റോളുകൾ നിർവ്വഹിച്ച് പരസ്പരം സഹകരിക്കുക എന്നതാണ് തത്വം.

ഖിവാമ: എന്ന ഉത്തരവാദിത്വം പുരുഷനും കുടുംബപരിപാലനം സ്ത്രീക്കുമാണ് പ്രകൃത്യാ വഴങ്ങുക. അവിടെ സ്ത്രീ ചെയ്യുന്ന സേവനങ്ങൾക്ക് (ആവശ്യപ്പെട്ടാൽ)പുരുഷൻ വേതനം നൽകേണ്ടതുണ്ട്.പല കാര്യങ്ങളിലും സ്ത്രീപക്ഷബദൽ എന്നതാന്ന് ഇസ്‌ലാമിൻ്റെ നയം. ഡൽഹി നിർഭയ സംഭവത്തിന് ശേഷം രാജ്യത്ത് സ്വീകരിക്കപ്പെട്ട് വരുന്ന 'ഷീ ബദലുകൾ' ഉദാഹരണം. അതും പൊതുരംഗം എന്ന ആശയത്തിന് ചുവട്ടിൽ വരും .നിർവ്വചനങ്ങൾ കുത്തകയല്ല .മതരംഗം വിപരീതം പൊതുരംഗം എന്ന യൂറോപ്യൻ ബൈനറിയിൽ വീണവരാണ് ക്യാപിറ്റലിസ്റ്റ് ലോകക്രമത്തെ എതിർക്കുന്ന പലരുമെന്നതാണ് ഖേദകരം.ഈ വ്യത്യാസം തിരിച്ചറിയാതെ വാദവും മറുവാദവും ഉന്നയിക്കുന്നത് കൊണ്ട് ഒരു ചർച്ചയും ഒരിടത്തും എത്തുന്നില്ല.

ഒമ്പത് : ബാക്കിയെല്ലാ കാര്യങ്ങളിലും അയോഗ്യമെന്ന് കൽപ്പിക്കുന്ന പ്രവാചക കഥകളിലെ സ്ത്രീ പ്രതീകങ്ങളെ വക്കുംവാലും വെട്ടി ഇക്കാര്യത്തിൽ പ്രമാണമാകുന്നവരറിയേണ്ടത്; അത്തരം മഹിളകളുടെ മൊത്തം ജീവിതമാണ് പകർത്തപ്പെടണമെന്ന് പറയാനാണ് വേദം അവരെ പ്രമേയമാക്കിയതെന്നതാണ്. ജമൽ യുദ്ധം എന്ന് ആ യുദ്ധത്തിന് പേര് കിട്ടാൻ കാരണം പ്രവാചകപത്‌നി പൊതുരംഗത്ത് അനാവശ്യമായി വരാതിരിക്കാൻ ഒട്ടക(ജമൽ)ക്കട്ടിലിൽ മറഞ്ഞിരുന്നത് കൊണ്ടാണെന്നും,കച്ചവടക്കാരിയായിരുന്ന പ്രവാചക പത്‌നി നേരിട്ട് ചന്തയിൽ പോവാതെ ഭൃത്യരെ നിയോഗിക്കുകയായിരുന്നുവെന്നും ഭർത്താവിൻ്റെ പ്രവാചകത്വത്തിന് ശേഷം അവർ വ്യാപാരം ചെയ്തിരുന്നില്ലെന്നും, ബൽഖീസ് രാജ്ഞി ആത്യന്തികമായി സുലൈമാൻ നബിയുടെ രാജാധിപത്യത്തിന് വഴങ്ങുകയാണ് ഉണ്ടായതെന്നും കൂടി അതേ സ്രോതസ്സുകളിൽ കാണാം. അതായത്, സ്ത്രീയുടെ അവകാശങ്ങൾ ചികയേണ്ട സ്രോതസ്സ് ഏതാണെന്ന് പോലും മുഖ്യമന്ത്രിക്കോ മറ്റോ അറിയില്ല തന്നെ.അവരുന്നയിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതം പകർത്തുന്ന സ്ത്രീകൾ മതനേതൃത്വത്തെ സർവ്വാത്മനാ അംഗീകരിക്കുന്നവരുമാണ്.

പത്ത് : രംഗം കൊഴുപ്പിച്ച് ഇസ്‌ലാമിന് മേൽ ആണിയടിക്കാൻ വരുന്ന എക്സ് ടീമും വിമർശകരും അറിയേണ്ടത്; നിങ്ങൾ വാസ്തവത്തിൽ ഇസ്‌ലാമിക പ്രമാണങ്ങളെ സജീവമാക്കുന്ന സെൽഫ് ഗോളാണടിക്കുന്നത്.ഒന്നര സഹസ്രാബ്ദം പഴക്കമുള്ള ഖുർആനും ഹദീഥും ഉദ്ധരിച്ച് കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീയുടെ ലോകങ്ങൾ ചർച്ചക്ക് വെക്കുന്ന സെക്യുലർ മീഡിയകളും രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയും മറ്റൊരു വിഷയത്തിലും നൂറ് കൊല്ലം മുമ്പുള്ള ഒരുദ്ധരണിയും ഓർക്കാത്തവരും വായിക്കാത്തവരുമാണ്, അത് ഇസ്‌ലാമിന് മാത്രം അവകാശപ്പെടാനാവുന്ന കാലാതിവർത്തിയായ ജീവനഗന്ധവുമത്രെ.കെടുത്താനാണ് ഊതുന്നത്, പക്ഷെ തിളങ്ങാനാണ് ഭവിക്കുന്നത് എന്നതാണ് കഥ.

Loading comments...

Leave a Reply