പാർട്രിയാർക്കിക്കൽ ഡോഗ്മകളുടെ ആകെത്തുകയാണ് ഇസ്ലാം എന്ന് ഇസ്ലാമറിഞ്ഞ പെണ്ണുങ്ങൾ പറയാത്തതെന്തേ?

 

 

സ്ത്രീത്വം എന്ന സ്വത്വത്തെയാണ് പെൺവർഗ വ്യവഹാരങ്ങളിൽ ഇസ്ലാം അടിസ്ഥാനമാക്കുന്നത്. വ്യക്തിത്വം,കർതൃത്വം,അവകാശം എന്നീ മൂന്ന് തലങ്ങളിൽ സ്ത്രീയുടെ ഇസ്ലാം വായിക്കാം.

വ്യക്തിത്വം

മനുഷ്യരിൽ ആൺ - പെൺ എന്നീ രണ്ട് വർഗങ്ങളെയാണ് ഇസ്ലാം അംഗീകരിക്കുന്നത്. ഖുൻസകൾ മൂന്നാം ലിംഗമോ അപരലിംഗമോ അല്ല,കോംസോം,ഹോർമോൺവ്യതിയാനം മൂലം ലൈംഗിക ഭിന്നത (അസാധാരണത്വം) ബാധിച്ച പുരുഷനോ സ്ത്രീയോ തന്നെയാണ്. ട്രാൻസ് ജൻഡേഴ്സ് മുക്കാലളവിലും കൃത്രിമ വർഗമാണ്.
സ്ത്രീസ്വത്വം അംഗീകരിക്കുന്ന ചില ഖുർആനിക വചനങ്ങൾ നോക്കാം;

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى
(الحجرات 13)

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (الروم: 21)

هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ
(البقرة 187 )

وَاللَّيْلِ إِذَا يَغشى وَالنَّهَارِ إِذَا تَجَلَّى وَمَا خَلَقَ الذَّكَرَ وَالْأُنْثَى

ലിംഗസമത്വമല്ല, നീതിയാണ് ഇസ്ലാമികവും പ്രകൃതിപരവും. പുരുഷനെപ്പോലെയാവുക എന്നതല്ല സ്ത്രീയുടെ ധർമ്മം,മറിച്ച് സ്ത്രീയാവുക എന്നതാണ്. സ്ത്രീകളുടെ കൂടി കർമ്മങ്ങളെ ആശ്രയിച്ചാണ് മനുഷ്യജീവിതം സമ്പൂർണ്ണമാവുന്നത്. സ്ത്രീക്ക് മാത്രം സാധിക്കുന്നതും സ്ത്രീക്കും പുരുഷനും ഒരേ അളവിൽ സാധിക്കുന്നതും രണ്ട് വർഗത്തിനും ഏറ്റക്കുറച്ചിലുകളോടെ സാധിക്കുന്നതുമുണ്ട്. ആ മാറ്റങ്ങൾ ശരീര ഭാരം, ഉയരം, സ്രവങ്ങൾ, ഹോർമോണുകൾ, ബുദ്ധിശക്തി, വൈകാരിക സ്ഥിരത തുടങ്ങി പല കാര്യങ്ങളിലും കാണാം. ശാരീരികമായും വൈകാരികമായും പുരുഷന്മാരുടെയത്ര സ്ത്രീകൾ ശക്തരല്ലാത്തതിനാൽ കൂടി സ്ത്രീയെ പരിപാലിക്കാനുള്ള  ഖിവാമപുരുഷന്മാരുടെ ബാധ്യതയായി ഇസ്ലാം കാണുന്നു.

കർതൃത്വം

അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഇടയിലുള്ള വ്യത്യാസവുമായി ബന്ധപ്പെട്ടതാണ് ആധുനികതയിലും ഇസ്ലാമിലും ഉള്ള സ്ത്രീ കർതൃത്വത്തിന്റെ വ്യത്യാസം. ആധുനികത സ്വയം സ്വാതന്ത്ര്യമാണ് അധികാരം എന്നും അധികാരം എന്നാൽ മറ്റുള്ളവരെ കീഴിലാക്കാനുള്ള മാർഗമാണെന്നുമാണ് പറഞ്ഞ് വെക്കുന്നത്. എന്നാൽ ഇസ്ലാം അധികാരത്തെ (ഖിവാമ) കർതവ്യബാധ്യതകളോടാണ് ബന്ധപ്പെടുത്തുന്നത്. ഇസ്ലാമിൽ അധികാരം പ്രിവിലേജല്ല എന്നർത്ഥം. ജൻഡർ റോളുകളെ സംബന്ധിക്കുന്ന ആധുനിക - ഇസ്ലാം സംവാദങ്ങളിൽ മറക്കരുതാത്തൊരു പാഠമാണത്. ജൻഡർ റോളുകളുടെ സന്തുലിതത്വത്തിലാണ് സാമൂഹിക ഘടനയുടെ ഭദ്രത നിലക്കൊള്ളുന്നത്. അവിടെ പുരുഷൻ സ്ത്രീയേക്കാൾ കേമനോ സ്ത്രീ പുരുഷനേക്കാൾ മികച്ചതോ അല്ല,മറിച്ച് രണ്ടാളുകളും രാവും പകലും ചേർന്ന് ദിവസം രൂപപ്പെടുത്തുമ്പോലെ ചേർന്ന് നിന്ന് പരസ്പരം നിലനിൽപ്പ് കൈമാറേണ്ടവരാണ്. പ്രവർത്തനവും പ്രതിരോധവും സ്ത്രീയേക്കാൾ പ്രകൃത്യാ വഴങ്ങുന്ന ശരീരം ആണിന്റേതാണ്. പരിപാലനവും സ്വകാര്യതകളും പെണ്ണിന്റെ പ്രകൃതത്തോടും കൂടുതൽ ചേരും. ഈ റോൾ വികേന്ദ്രീകരണമാണ് ഖിവാമ യുടെ മർമ്മം. പല മുസ്ലിം ഫെമിനിസ്റ്റുകൾ പോലും എഴുതിയത് പോലെ കേവലം പുരുഷന്റെ മേൽക്കോയ്മാ പ്രഖ്യാപനമല്ല അത്. ലിംഗ നീതിയുടെ പ്രായോഗിക പദമാണ് മറ്റൊരർത്ഥത്തിൽ "ഖിവാമ".

അതായത്, ആധുനിക സ്റ്റേറ്റുകളും കോർപറേറ്റ് ലോക ഘടനയും സ്ത്രീയുടെ തൊഴിൽ സാധ്യത വിലക്കെടുക്കുകയും അവളുടെ സ്വാതന്ത്ര്യം എന്തെന്ന് സ്വന്തമായ് നിർവ്വചിച്ച് സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോൾ ജൻഡർ പൊസിഷൻ കൃത്യമായി വിശദീകരിക്കുകയാണ് ഖിവാമ. വ്യക്തിസ്വാതന്ത്ര്യമാണ് പരമമായ വിമോചന സങ്കൽപ്പം എന്നതിലേക്ക് സ്ത്രീ വിമോചക പ്രസ്ഥാനങ്ങളെ ഏകീകരിക്കുകയും അതൊനൊത്ത വിപണന ലോകം ക്രമപ്പെടുത്തുകയും ചെയ്യുക വഴി ഊരാനാവാത്ത അടിമത്വത്തിലേക്കാണ് ആധുനികത സ്ത്രീത്വത്തെ നയിച്ചത്. ലിംഗസമത്വം എന്ന ടൂൾ കൊണ്ടാണ് ആധുനികത അതിന്റെ ചതി മറച്ച് പിടിച്ചത്. ഒരിക്കലും നടക്കാത്ത ഒരാശത്തിന് പിറകേയുള്ള ഓട്ടം എന്നും ആ വിപണന മൂല്യം ബാക്കിയാക്കുമെന്ന് ലിബറൽ ലോക ഘടന കണക്ക് കൂട്ടുന്നു. തൊഴിലിടങ്ങളിലെ വേതന - പങ്കാളിത്ത സമത്വത്തിന് വേണ്ടി നിലവിൽ വന്ന ഫെമിനിസത്തെ പോലും മതവിരുദ്ധ പെൺ ബോധമാക്കി പലരും അട്ടിമറിക്കപ്പെട്ടു. ഇസ്ലാം വ്യക്തി സ്വാതന്ത്ര്യം എന്നതിനേക്കാൾ ദീർഘകാല ബന്ധം നിലനിൽക്കുന്ന കുടുംബ ഘടനക്കാണ് പ്രാധാന്യം നൽകുന്നത്. വ്യക്തിഗത താൽപര്യങ്ങൾ പൊതുവേ ബാധ്യതകളെ ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉന്നം ആനന്ദം മാത്രമായിരിക്കും. കുടുംബഘടന വിട്ടുവീഴ്ച്ചകൾ,ത്യാഗങ്ങൾ, ബാധ്യതകൾ തുടങ്ങിയ പങ്കുവെക്കലുകളെ ആശ്രയിക്കുന്നു. അവിടെയാണ് നീതി രൂപപ്പെടുന്നത്. അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിക്കാതെ ചെയ്ത് കൊടുക്കേണ്ടതിനെ കൂടി ഉൾക്കൊള്ളുമ്പോഴാണ് മനുഷ്യസമൂഹത്തിന് മുന്നോട്ട് പോവാനാവുക.

സ്വാതന്ത്ര്യം

ഇസ്ലാമല്ല, ആധുനികതയാണ് സ്ത്രീക്ക് ചിന്താസ്വാതന്ത്യം നൽകുന്നതെന്ന് ചിന്തിക്കുന്ന ഇസ്ലാമിസ്റ്റുകൾ പോലുമുണ്ട്. എന്നാൽ, സ്വയം നിർണ്ണയാവകാശം ശാസ്ത്രീയമാവുന്ന പ്രായം നാളിത് വരെ ഇവിടത്തെ മതേതര വാതാക്കൾ പോലും പരിശോധിക്കുകയോ പഠിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ശാരീരിക പ്രായപൂർത്തി (Metabolic puberty) വരിച്ചതിന് എത്രയോ ശേഷമാണ് ബൗദ്ധിക പ്രായപൂർത്തിയിലേക്ക് (intelectual puberty) മനുഷ്യമസ്തിഷ്കം എത്തുക എന്നാണ് ഏറ്റവും പുതിയ ന്യൂറോ സയൻസ് ജേർണലുകൾ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ പറയുന്നത്. ലോക പ്രശസ്തയായ ന്യൂറോ സയൻ്റിസ്റ്റ് Sandra Amod അവരുടെ "Welcome to Your Child's Brain: How the Mind Grows from Conception to College" എന്ന പന്ത്രണ്ട് ഭാഷാഭേദങ്ങളിറങ്ങിയ കൃതിയിലെഴുതി, "Most of the privileges and responsibilities of adulthood are legally granted by the age of 18. That's when you can vote, enlist in the military, move out on your own, but is that the true age of maturity? A growing body of science says, no. That critical parts of the brain involved in decision-making are not fully developed until years later at age 25 or so. ഇരുപത്തഞ്ച് വയസ്സ് വരെയുള്ള സ്വയം തെരെഞ്ഞെടുപ്പ് ശാസ്ത്രീയമല്ലന്നർത്ഥം.മറ്റൊരു പ്രമുഖയായ ന്യൂറോ അമേരിക്കൻ സയന്റിസ്റ്റ് Kayt Sukel 32 വർഷങ്ങൾ തികഞ്ഞാൽ മാത്രമേ മസ്തിഷ്കം വീക്ഷണ സ്ഥിരത പ്രകടിപ്പിക്കുകയുള്ളൂ എന്നെഴുതി. ഇവരൊക്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ കൂടിയാണ്. യാഥാർത്ഥ്യം ഇതായിരിക്കേ എങ്ങിനെയാണ് പിന്നെ 18,17,16,12 വയസ്സുകളിലൊക്കെ കുട്ടികൾക്ക് നിരുപാധിക തീരുമാനാധികാരം നൽകാനാവുക? രക്ഷാകർതൃത്വം എന്ന മതകീയ കാഴ്ച്ചപ്പാടിന്റെ പ്രസക്തിയതാണ്.

ഉടൽ

ഇയ്യിടെവരെ, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അനീതികളെ ചോദ്യം ചെയ്തു കൊണ്ടാരംഭിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആധുനിക നിർവ്വചനങ്ങൾ നടത്താറുള്ളത്. എന്നാലിപ്പോൾ ജൻഡർ ആക്ടീവിസമാണ് ഒന്നു കൂടി സങ്കീർണ്ണം. കൃത്യമായിപ്പറഞ്ഞാൽ,അമേരിക്കൻ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970 ൽ പുറത്തിറങ്ങിയതിന് ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗസമത്വമുറപ്പിക്കാനുള്ള രാഷ്ടീയായുധം സാമ്പത്തിക, സാംസ്ക്കാരിക ഉപകരണങ്ങളല്ല,മറിച്ച് ശാരീരികതയുടെ സാധ്യതകൾ തന്നെയാണെന്ന അത് വരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയൊരു വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വമ്പൻ സ്വീകാര്യത തന്നെ ലഭിച്ചു. ആ പുസ്തകം പറയുന്നുത് ഇങ്ങനെ ചുരുക്കാം. "ആൺ,പെൺ എന്ന ശാരീരിക വ്യത്യാസം മാത്രമാണ് 'സെക്സ്' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പെരുമാറ്റം,വികാരങ്ങള്‍, ചിന്തകള്‍, ഭ്രമകല്പനകള്‍ ഇവയിലെ ആണ്‍ പെണ്‍ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നതാണ് 'ജെന്റര്‍' എന്ന പദം. ചെറുപ്പത്തില്‍ കുട്ടികളെ ലാളിക്കുന്നതില്‍ തന്നെ ആണ്‍ പെണ്‍ ഭേദം തുടങ്ങുന്നു. ഓരോ ജെന്ററിനും ആവശ്യമുള്ളതെന്നു സമൂഹത്തിനു തോന്നുന്നത് അവരെ പഠിപ്പിക്കുന്നു, അങ്ങനെ ആണും പെണ്ണും ജനനശേഷം ആര്‍ജ്ജിക്കുന്നതാണ് അധീശത്വപൂര്‍വ്വമായ 'ആണത്തവും' (masculine) വിധേയത്വത്തോടുകൂടിയ 'പെണ്ണത്തവും' (feminine). ഇവിടെ ശരീരശക്തി അപ്രസക്തമാണ്. സാമൂഹ്യശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്. പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണ് അത്. പാട്രിയാര്‍ക്കി എന്ന സമ്പൂര്‍ണ്ണ സ്ഥാപനത്തിലെ ഒരു പാട്രിയാര്‍ക്കല്‍ ഏകകം. പാട്രിയാര്‍ക്കിയുടെ പൊതുനിയമങ്ങളോട് കൂറ് പുലര്‍ത്താന്‍ കുടുംബം സ്വന്തം അംഗങ്ങളെ സജ്ജരാക്കുന്നു. ഒപ്പം പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഒരു ഏജന്റ് ആയി പ്രവര്‍ത്തിച്ച് കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ അത് ഭരണകൂടത്തെ സഹായിക്കുന്നു. 'അച്ഛന്റെ അധികാരം' (ptaria protestas) എന്ന റോമന്‍ നിയമസങ്കല്പത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. നേരെചൊവ്വേ പറഞ്ഞാൽ, മതം,കുടുംബം എന്നീ ശൃംഖലയിൽ നിന്ന് സ്ത്രീയെ അടർത്തി വ്യക്തി എന്ന ഇൻഡിവിജ്വലിസ്റ്റിക് കോണിലേക്ക് ചുരുക്കുകയായിരുന്നു ഉപര്യുക്ത ആശയങ്ങൾ. നിലനിൽക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗിക കലാപാഹ്വാനങ്ങളായിരുന്നു പിന്നീട് യൂറോപ്പ്, പ്രത്യേകിച്ച് സ്കാണ്ടിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങൾ. സത്യാനന്തര കാല സാമൂഹിക ഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജ്ജിച്ച ദൃശ്യതയും വഴി അമേരിക്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയയിടങ്ങളിലേക്കും ആ ആശയം പടർന്നു.

ഉടയാട

സ്ത്രീയുടെ വസ്ത്രസ്വാതന്ത്യം പറയുമ്പോൾ എറ്റവും വിമർശിക്കപ്പെടുന്നതാണ് ഹിജാബ്. കേവലം മുസ്ലിം വിരുദ്ധ രാഷ്ട്രീയം,ലിബറൽ സ്വാതന്ത്രവാദം എന്നിവക്ക് പുറമേ ഹിജാബ് വിരുദ്ധതക്ക് പിറകിൽ ചരിത്രപരമായ ഘടകങ്ങൾ കൂടിയുണ്ട്.മലബാർ വിപ്ലവകാലത്ത്, സാമൂതിരിയുടെ സൈനികച്ചുമതല വഹിച്ചിരുന്ന മലപ്പുറത്തെ കപ്രാട്ട് പണിക്കത്തറവാട്ടിലെ ജന്മിയായ കൃഷ്ണപ്പണിക്കരുടെ മുറ്റം വൃത്തിയാക്കിയിരുന്ന ചിരുത എന്ന ചക്കി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ചികിൽസാഫലത്തിൽ ആകൃഷ്ടയായി ഇസ്ലാം വരിച്ച് ആഇശയായി ഹിജാബണിഞ്ഞു. കലിതുള്ളിയ പണിക്കരിൽ നിന്നഭയം തേടി മമ്പുറം തങ്ങളെ സമീപിച്ച ഇരക്ക് വേണ്ടി തുടങ്ങിപ്പടർന്ന ലഹളയാണ് ചേറൂർലഹള. ഹിജാബിന്റെ രാഷ്ട്രീയത്തെ സവർണ്ണർമാർ ബ്രിട്ടീഷുകാരെ ഇറക്കി രക്തപങ്കിലമാക്കി. ഒടുവിൽ 1843 ഒക്ടോബർ 19 ന് പണിക്കർ ഗളസ്ഥം ചെയ്യപ്പെട്ട് നിലംപൊത്തുകയായിരുന്നു. അവർണ്ണർ ചില ശരീരഭാഗങ്ങൾ മറക്കരുതെന്ന തിട്ടൂരത്തിന്റെ ജനിതക വിത്തുകൾ കാലം തെറ്റി പൊടിച്ച് കൊണ്ടിരികുന്നതാണിപ്പോഴും. നായർ സ്തീകൾ പോലും അരക്ക് മീതെ സദാ അനാഛേദിതരായിക്കണം എന്നും തിയ്യകീഴാള സ്ത്രീകൾ മുലയുടെ വലിപ്പത്തിനനുസരിച്ച് മുലക്കരം കൊടുക്കണമായിരുന്നുവെന്നതും അക്കാലത്തെ ട്രാവൻകൂർ ഭരണനിയമം തന്നെയായിരുന്നു. മുലയുടെ വലിപ്പമളക്കാൻ ഉദ്യോഗസ്ഥർ വരുമായിരുന്നു. 1829 ഫെബ്രുവരി മൂന്നിനാണ് മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മനം നൊന്ത് മുല തന്നെ അരിഞ്ഞെടുത്ത് അളവെടുക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് വാഴയിലയിൽ പൊതിഞ്ഞ് കൊടുത്ത് രക്തം വാർന്ന് മരിച്ച ചേർത്തല കണ്ടപ്പന്റെ ഭാര്യ നങ്ങേലി ഇന്നും വിങ്ങുന്ന ഓർമ്മയാണ്. നങ്ങേലിയുട എരിയുന്ന ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തതോടെയാണ് ചാന്നാർ ലഹള കൊടുമ്പിരി കൊള്ളുന്നത്. ഈ ദർശന - സ്പർശനസുഖം തടഞ്ഞ് മാറ് മറക്കാൻ കീഴാളർക്ക് തുണിയും ധൈര്യവും പകർന്ന് കൊടുത്ത ടിപ്പു സുൽത്താനോട് ചിലർക്കുള്ള അരിശം ആ വഴിക്ക് വന്നതുമാണ്. പലരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സവർണ്ണ മാടമ്പിബോധങ്ങളെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങളാവരുത് ഒരുകാലത്തും മാധ്യമശ്രദ്ധ. സഭ്യേതരമല്ലാത്ത ഏത് വസ്ത്രവും ആർക്കും ധരിക്കാം എന്നതാണ് കലർപ്പില്ലാത്ത സ്വതന്ത്രവാദം, അങ്ങനെയാവേണ്ടത്. ഏകതാനതാവൽക്കരണം വൈവിധ്യങ്ങളെ ഇല്ലാതാക്കും. അടിച്ചമർത്തലുകൾ ലെജിറ്റിമൈസ് ചെയ്യപ്പെടും. മതമുക്തപൊതുവിടം എന്നത് അത്ര മേന്മയുള്ള അജണ്ടയൊന്നുമല്ല. ഉന്മത്തഭ്രമിതമായ സ്വന്തം മനസ്സ് മറ്റുള്ളവർക്കില്ലാത്തതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രീതിയാണിവിടെ ജനാധിപത്യവൽക്കരിക്കപ്പെടുന്നത്. അതിൽത്തന്നെ പൊളിറ്റിക്കൽ കറക്നസ് ഒട്ടുമില്ല.

അനന്തരാവകാശം

നിസാഇലെ 7-11 വചനങ്ങളാണ് ഇസ്‌ലാമിലെ ദായക്രമങ്ങളുടെ അടിസ്ഥാനം. അതിനെ സമീപിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ പലതാണ്. ഇസ്‌ലാമിൽ ഒരാൾക്ക് മറ്റൊരാളുടെ സ്വത്തിനവകാശം ഉണ്ടാവുന്നതിന്റെ വിവിധ രൂപങ്ങളിലൊന്ന് മാത്രമാണ് മരണാനന്തരാവകാശം. സകാത്,വസ്വിയ്യത്,വഖ്ഫ് തുടങ്ങി വിവിധ രൂപങ്ങൾ അവിടെയുണ്ട്. അതായത്, ഒരു വ്യവസ്ഥപ്രകാരം എന്തെങ്കിലും സാന്ദർഭികമോ വൈയക്തികമോ ആയ കാരണത്താൽ ഒരാൾ അനീതിക്കിരയാവുകയാണെങ്കിൽ മറ്റൊരു വ്യവസ്ഥ മുഖേനെ അത് പരിഹരിക്കാൻ സാധിക്കും. പുതൃത്വം, പുത്രിത്വം എന്നിവ മാത്രമല്ല ഇസ്‌ലാമിലെ അർഹതയുടെ മാനങ്ങൾ. പിതൃത്വം, മാതൃത്വം, ഭാര്യത്വം, ഭർതൃത്വം, സാഹോദര്യം എന്നിവ (ചിലത് പൂർവവും അനന്തരവുമായ ദീർഘതയോടെ) പരിഗണിക്കപ്പെടുന്നുണ്ട്. അനന്തരസ്വത്തവകാശം പറയപ്പെട്ട അധ്യായത്തിന്റെ അർഥം തന്നെ ‘സ്ത്രീ’ എന്നാണ്. ആണും പെണ്ണും ദ്വന്ദങ്ങളായി വരുമ്പോൾ പെണ്ണിന്റെ ഇരട്ടി ആണിനെന്ന് വരുന്നത് അവനാണ് അവൾക്ക് ഉപജീവനം നൽകേണ്ടതെന്ന ലളിതയുക്തിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ അവൾക്ക് സ്വയം സമ്പാദിക്കാനും ശേഖരിക്കാനും ഉടമസ്ഥതാവകാശമുണ്ട്. മുപ്പത്തിനാല് സന്ദർഭങ്ങളിലാണ് ഇസ്‌ലാമികമായി സ്ത്രീയും പുരുഷനും അനന്തരസ്വത്ത് വീതംവയ്പ്പിൽ ഒരുമിച്ചുവരുന്നത്. അതിൽ അഞ്ചിടങ്ങളിൽ മാത്രമാണ് പുരുഷവർഗത്തിന് സ്ത്രീവർഗത്തിന്റെ ഇരട്ടി കിട്ടുന്നത്. പതിനൊന്ന് സന്ദർഭങ്ങളിൽ ഇരുഭാഗവും തുല്യരാവുന്നു. പതിനാല് സന്ദർഭങ്ങളിൽ സ്ത്രീ പുരുഷനേക്കാൾ സ്വത്ത് നേടുന്നു. അഞ്ച് സന്ദർഭങ്ങളിൽ പുരുഷന് ലഭിക്കുന്നേയില്ല.

രാഷ്ട്രീയ അധികാരം

عَنْ أَبِي بَكْرَةَ رضي الله عنه قَالَ :

لَقَدْ نَفَعَنِي اللَّهُ بِكَلِمَةٍ سَمِعْتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيَّامَ الْجَمَلِ بَعْدَ مَا كِدْتُ أَنْ أَلْحَقَ بِأَصْحَابِ الْجَمَلِ فَأُقَاتِلَ مَعَهُمْ . قَالَ : لَمَّا بَلَغَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَهْلَ فَارِسَ قَدْ مَلَّكُوا عَلَيْهِمْ بِنْتَ كِسْرَى قَالَ : لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً

رواه البخاري (4425)

ഈ ഹദീഥിന്റെ വെളിച്ചത്തിൽ ഇമാമുൽ അഅ്ളം, ഖദാ പദവിയിലേക്ക് സ്ത്രീകൾ യോഗ്യരല്ല. എന്നാൽ ഭരണ നിർവ്വഹണ സഹായികളായി വർത്തിക്കാൻ പറ്റുന്ന വ്യവസ്ഥാപിത സന്ദർഭങ്ങളുണ്ട്.

 വിദ്യാഭ്യാസം

وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ ۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا

الاحزاب 34

അനിവാര്യമായ മതവിദ്യാർജ്ജനാവകാശം സ്ത്രീകൾക്കുണ്ട്. അവയുടെ അധ്യാപന വൃത്തിയും അവർക്കാവാം. മറ്റവശ്യ ജ്ഞാനങ്ങളായ ഹോം സയൻസ്, നഴ്സിംഗ്, സെൽഫ് ഡിഫൻസ് മുതലായതും ആർജ്ജിക്കാം.

വിവാഹ മോചനം

മതിയായ കൂടിയാലോചന,കൗൺസിലിംഗ് സൗന്ദര്യപ്പിണക്കാഭിനയം,കാത്തിരിപ്പ് തുടങ്ങിയവക്ക് ശേഷമാണ് വിവാഹ മോചന ഘട്ടം ആരംഭിക്കുന്നത്. ബാധ്യതാരഹിതമായി  ഒഴിവാക്കലല്ല ത്വലാഖ്. പോറലോ പരിക്കോ ഏൽപ്പിക്കാതെയുള്ള, വ്യവസ്ഥാപിതമായ തിരിച്ചേൽപ്പിക്കലും തിരിച്ച് കൊടുക്കലുമാണ്. تصريح باحسان എന്ന ഖുർആൻ പ്രയോഗം ത്വലാഖിൻ്റെ സൗന്ദര്യം കൂടിയാണ്. മൊഴി ചൊല്ലുമ്പോൾ 'നിന്നെ അല്ലാഹ് കാണുന്നുണ്ട് ' എന്നോർത്ത് വേണം പെരുമാറാൻ എന്നാണ് ആശയം. വിവാഹമോചനം സ്ത്രീക്കും ആവശ്യമാകാവുന്ന കാര്യമാണ്. പുറമേ, ഫസ്ഖ്, ഖുൽഅ' എന്നീ വഴികളും സ്ത്രീകൾക്കുണ്ട്. മുത്ത്വലാഖ് ചില സന്ദർഭങ്ങളിൽ ഇരു കക്ഷികൾക്കും ആവശ്യമാവും. ദുരുപയോഗങ്ങളുടെ പരിഹാരം മതബോധമാണ്. മഹർ,പാർപ്പിടം,ഭക്ഷണം, സേവകി തുടങ്ങിയവ സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന പ്രത്യേക പ്രിവിലേജുകളാണ്. ഭർത്താവിൽ നിന്ന് ചെയ്യുന്ന സേവനങ്ങൾക്ക് വേതനം പറ്റാൻ അവർക്കവകാശമുണ്ട്.

പാർട്രിയാർക്കിക്കൽ തക്‌ലീഫ്

പടച്ചവനെ പടച്ചവൾ എന്ന് വിളിക്കാമോ, ഖുർആനിക വാക്യങ്ങൾ പൊതുവേ എന്ത് കൊണ്ട് പുല്ലിംഗമായി? തുടങ്ങിയ സന്ദേഹങ്ങൾ സ്വാഭാവികമാണ്. നോക്കാം, ഭാഷയിലും തിയോളജിയിലും ധാരണയുള്ളവർ പോലും ഇടക്കിടെ ആവർത്തിക്കുന്ന 'അല്ലാഹു' എന്തേ മലയാളത്തിൽ 'പടച്ചവൻ' ആയി, 'പടച്ചവൾ' ആയില്ല എന്ന സംസാരം. അല്ലാഹു പുരുഷനോ സ്ത്രീയോ അല്ല. ജനകനോ ജാതനോ അല്ല. അവൻ അകാരണാസ്ഥിത്വവും നിമിത്തങ്ങളുടെ നിർവ്വാഹകനുമാണ്. ചർചപലരും വിചാരിക്കുന്നത് പോലെ അല്ലാഹു എന്ന അറബി പദത്തിൻ്റെ മലയാള സാരമല്ല പടച്ചവൻ എന്നതും അല്ലെങ്കിൽ പടച്ചവൾ എന്നതും. അല്ലാഹു എന്ന പദത്തെ സംബന്ധിച്ച, അറബിയാണോ, സർവ്വഭാഷിയാണോ, അബ്രഹമിക്കാണോ, സെമിറ്റിക്കാണോ, ഹിജാസിയനാണോ, നിഷ്പന്നപദമാണോ, ധാതുവാക്കാണോ, വിശേഷണമാണോ, നാമമാണോ തുടങ്ങിയ എറ്റിമോളജിക്കൽ ചർച്ചകൾ ദീർഘമായതിനാൽ ഒഴിവാക്കുന്നു.  മതപരമായി അല്ലാഹു എന്ന പദത്തിന് ഭാഷാപരിമിതികൾക്കപ്പുറം - അറബിയതീത പദവി ഉണ്ടോ എന്ന കാര്യത്തിൽ ഭിന്ന വീക്ഷണങ്ങൾ ഉണ്ടെങ്കിലും ആ പദം അറബീകരിക്കപ്പെട്ടതോ തനതോ ആയ അറബിയായിരുന്നു എന്നതിൽ തർക്കമില്ല. അങ്ങനെയൊരു അറബിവാക്കിന് 'പടച്ചവ -ൻ/ൾ' എന്നർത്ഥവും ഇല്ല 'ഖാലിഖ്' എന്ന അറബിപദത്തിൻ്റെ അർത്ഥമാണ് പടച്ചവൻ. ഫാത്വിർ, മുബ്ദിഅ' എന്നീ പദങ്ങളുടെ സാരങ്ങളിലും പടച്ചവൻ എന്ന മലയാളാർത്ഥം വരുന്നുണ്ട്, പൂർണ്ണമല്ലെങ്കിലും. ഖാലിഖ് എന്നതും അല്ലാഹുവിൻ്റെ വിശേഷണനാമമാണ്. ഏതെങ്കിലുമൊരുഭാഷയനുസരിച്ച്, ഒരു സംഗതിയുടെ നാമമായി നിശ്ചയിക്കപ്പെട്ട പദത്തിൻ്റെ മറ്റൊരു ഭാഷയിലെ തർജ്ജിമ ആ നിശ്ചയമനുസരിച്ച് അതേ സംഗതിയുടെ നാമമാവില്ല എന്നതാണ് പൊതുനിയമം.

ഉദാഹരണമായി, ഒരാൾക്ക് ഹിലാൽ എന്ന പേര് നിശ്ചയിക്കപ്പെട്ടുവെന്നിരിക്കട്ടെ; ആ അറബിപദത്തിൻ്റെ മലയാളസാരമായ രവിചന്ദ്രൻ എന്ന പേര് അയാൾക്ക് കിട്ടില്ല. ഹിലാൽ വേറെയും രവിചന്ദ്രൻ വേറെയുമാണ്. Name എന്ന കോളത്തിൽ ഗൾഫിൽ വെച്ച് ഹിലാൽ എന്നും കേരളത്തിൽ നിന്ന് രവിചന്ദ്രൻ എന്നും പറയാറില്ലല്ലോ. ഇഎ ജബ്ബാറും ഹമീദ് ചേന്ദമംഗലൂർ തന്നെയും നിരന്തരം അബദ്ധം പറയുന്ന ഒരു തലം കൂടിയാണിത്. ഇനി, ഖാലിഖ് എന്ന പദം ഭാഷാപരമായി വിശേഷണം - Adjective ആണ്. അതനുസരിച്ച്, ഖാലിഖ് എന്നതിനെ മലയാളപ്പെടുത്തിയാൽ  'പടച്ചവൻ' എന്നാണ് വരിക. 'പടച്ചവൾ' എന്ന് വരില്ല.ഖാലിഖ് ഭാഷാപരമായി പുല്ലിംഗമാണ്. അല്ലാഹു എന്നാണ് Nesessory Being ൻ്റെ പേര്. ആ പേരിൻ്റെ പരിഭാഷകൾ ആ സ്വത്വത്തിൻ്റെ പേരാവുകയില്ല.  ഉദാഹരണമായി, ദൈവം എന്നത് അല്ലാഹുവിൻ്റെ പേരല്ല / പരിഭാഷയയാവില്ല, ദൈവം വർഗനാമമാണെന്ന പ്രശ്നം പരിഗണിക്കാതെ തന്നെ. മറ്റ് ഭാഷകളിലെ സ്ഥിതിയും തഥൈവ.പരിഭാഷാപദങ്ങൾ കൊണ്ട് അല്ലാഹുവിനെ ഉദ്ദേശിച്ചാൽ മതിയോ മതിയാവില്ലേ എന്നതല്ല ഇവിടെ പറയുന്നത്. അതേസമയം, അല്ലാഹുവിനെ കുറിക്കുന്ന സർവ്വനാമങ്ങൾ പുല്ലിംഗമായതിൻ്റെ (അവൻ,അവന്, അവൻ്റെ) സാംഗത്യം ആലോചിക്കുന്നത് കുറച്ചുകൂടെ ഉചിതമാവും.  ഈ ഭാഗം പറയുമ്പോൾ ഇസ്ലാം നേരിടുന്ന ആക്ഷേപമായ പുരുഷഭാഷാ പ്രശ്നം ഇല്ലെന്നാക്കാൻ അല്ലാഹു എന്ന പദവും അവനെ കുറിക്കുന്ന സർവ്വനാമങ്ങളും Neutral gender ആണെന്ന് പറഞ്ഞും എഴുതിയും കാണുന്നു. പക്ഷെ, ആ അഭിപ്രായം ശരിയാണെന്ന ധാരണ എനിക്കില്ല. കാരണം അറബിഭാഷയിൽ ന്യൂട്രൽ ജൻഡർ എന്ന ഒരു കാറ്റഗറി ഇല്ല. ഫ്രഞ്ച് ഒഴികെയുള്ള ഇൻഡോ - യൂറോപ്യൻ ഭാഷകളിൽ മൂന്ന് ജൻഡറുകൾ ഉണ്ട്.

Masculine - പുല്ലിംഗം,

Feminine - സ്ത്രീലിംഗം

Neutral - നിർലിംഗം എന്നിവയാണവ.

ഉദാഹരമായി ഇംഗ്ലീഷ് നോക്കിയാൽ Third person singular ൽ  He, She എന്നതിന് പുറമേ demonstrative pronoun ആയ it കൂടി വരുന്നത് Nuetral gender നെ പരിഗണിച്ചാണ്. പക്ഷെ, സെമിറ്റിക്ക് - അറബി,അംഹറിക്,അറാമിക്,ഹീബ്രു,ട്രിഗിനിയൻ ഭാഷകളിൽ ന്യൂട്രൽ ജൻഡർ എന്നൊന്നില്ല.  പ്രധാനമായും അചേതന വസ്തുക്കളെ കുറിക്കാനാണ് മറ്റുഭാഷകളിൽ ന്യൂട്രൽ ജൻഡർ കാറ്റഗറി. അത്തരം പദങ്ങൾ അറബിയിൽ ഒന്നുകിൽ മുദക്കർ - പുല്ലിംഗമോ അല്ലെങ്കിൽ മുഅന്നഥ് - സ്ത്രീലിംഗമോ തന്നെയാണ്. അല്ലാഹു എന്ന അറബ് പദം നിർബന്ധമായും ആ രണ്ടാലൊരു ഭാഗത്ത് വരണം. അല്ലാതെ ലിംഗജാതിത്വം ബാധകമാവാത്ത ന്യൂട്രൽ ഒന്നുമല്ല ആ പദം. അങ്ങനെയൊരു പദം അറബി ഭാഷയിൽ ഉണ്ടാവില്ല. ഈ ഘട്ടത്തിൽ മാരകമായ ഒരു തെറ്റിദ്ധാരണയാണ് വിണ്ഡിത്വ ചർച്ചകളിലേക്ക് പലരെയും നയിക്കുന്നത്. പ്രാപഞ്ചികാധീതത്വമുള്ള അല്ലാഹുവിന് ലിംഗം ചാർത്തുന്നത് ശരിയാണോ എന്ന തോന്നലാണ് ആ പ്രശ്നം. Masculine എന്ന് പറഞ്ഞാൽ നിരുപാധികം പുരുഷജഡികത്വം എന്നല്ല അർത്ഥം. അത് പദാർത്ഥബന്ധിതമായ വാക്കല്ല. ഭാഷാബന്ധിതമായ സാങ്കേതികപദമാണ്. ആൺ / പുരുഷൻ - Male എന്ന Concrete ഉടലിനെയല്ല Masculine സൂചിപ്പിക്കുന്നത്. Feminine എന്ന് പറഞ്ഞാൽ Female പെണ്ണ് എന്ന ജഡികയുമല്ല. നാമവാക്കുകളിലെ സ്ത്രീത്വമാണ് ഉദ്ദേശ്യം. അങ്ങനെയല്ലെങ്കിൽ, സ്ത്രീലിംഗം എന്നല്ല സ്ത്രീയോനി എന്ന് പറയേണ്ടി വരും. സ്ത്രീലൈംഗികാവയവമുള്ള വസ്തുവിനെയും ഇല്ലാത്ത വസ്തുവിനെയും അറബിയിലെ സ്ത്രീഭാഷാലിംഗം ഉൾക്കൊള്ളുന്നുണ്ട്. അല്ലാഹു എന്ന പദത്തെ അറബിഭാഷ വ്യവഹരിച്ച രീതിയാണത്. അല്ലാതെ 'അവൻ്റെ' സ്വത്വത്തെ സ്പർശിക്കുന്ന നിയമമല്ല ആ ഭാഷാനിയമം. വാഗ്രുപിതമായ 'അല്ലാഹു' ഭാഷയുടെ നിർണ്ണയങ്ങളിൽ പുല്ലിംഗമാണ്. അതിനാൽ, അല്ലാഹു പുരുഷനോ സ്ത്രീയോ അല്ലാത്തതിനാൽ അവനെ കുറിക്കുന്ന പദങ്ങൾക്കും ലിംഗമില്ല എന്ന് ആരെയോ ഭയന്ന് പ്രബോധകർ പറയരുത്, അത് ശരിയല്ല. അല്ലാഹു എന്ന നാമത്തിൻ്റെ മഹത്വം കൂടിയാണ് ഈ വാങ്ങ്മയഭംഗി. അതിനെ ശാരീരികലിംഗ പരിമിതിയില്ലാതെ വ്യവഹരിക്കാൻ അറബി തന്നെയാണ് ഉചിതം. English ൽ God പുരുഷനാണ്,സ്ത്രീ Goddess ആണ്. മലയാളത്തിൽ ദേവനും ദേവിയുമാണ്. അല്ലാഹു എന്ന പദത്തെ പുരുഷനാക്കിക്കൊണ്ട് അവൻ എന്ന് പറയുന്നതിനെതിരെ, ദൈവത്തിന് സ്ത്രീത്വം കൽപ്പിച്ച് അവൾ എന്നാക്കണം എന്ന വാദത്തിൻ്റെ പ്രേരണയാണ് തമാശ. ഭാഷാപരമായി ആ വാദം തെറ്റൊന്നുമല്ല. ഭാഷാ നിയമങ്ങളിൽ മാറ്റങ്ങൾ വരാം,വരുത്താം. പക്ഷെ, സ്ത്രീപക്ഷ ഇസ്ലാം വായന എന്നൊക്കെ പറഞ്ഞ് അതിനെ പുതുഷാരപ്പെടുത്തുന്നവർ സ്വയം വട്ടപ്പൂജ്യമാവുകയാണ് ചെയ്യുന്നത്. ഈ പുരുഷ സർവ്വനാമങ്ങൾ നോക്കി അല്ലാഹു ആണോ പെണ്ണോ എന്ന് ചർച്ച ചെയ്യുന്നവരൊക്കെ വലിയ സെലിബ്രിറ്റികളാണ്, വിവരക്കേടിൻ്റെ ചന്തയിലെ വഴിവാണിഭക്കാർ. ശാരീരികലിംഗഭിന്നതകൾ പ്രത്യുൽപ്പാദത്തിനാണ്.

തിയോളജിയുടെ ബാലപാഠം അറിയുന്ന ഒരാളും ഇസ്ലാമിക ദൈവസങ്കൽപ്പത്തെ അവ്വിധം വായിക്കില്ല. എന്നാലും ഒരു സംശയം ബാക്കിയുണ്ട്. അല്ലാഹു എന്നതിനെ സ്ത്രീലിംഗത്തിലും പെടുത്താമല്ലോ എന്ന്. അതിനുള്ള വിശദീകരണം അറബ് വ്യാകരണ ഗ്രന്ഥങ്ങളിലുണ്ട്. പുല്ലിംഗപദത്തിൽ നിന്നാണ് പൊതുവേ അറബിയിൽ സ്ത്രീലിംഗ പദമുണ്ടാക്കുന്നത്. ഇതിന് പുരുഷനിൽ നിന്നാണ് സ്ത്രീ ഉണ്ടാവുന്നത് എന്നല്ല അർത്ഥം. അപ്പോൾ, അല്ലാഹു എന്ന നാമത്തെ അടിസ്ഥാന ശബ്ദമായ പുല്ലിംഗത്തിൽ പെടുത്തുകയായിരുന്നു. ഇമാം സീബവൈഹിയുടെ 'അൽകിതാബ്' വാള്യം 1 - 22, 3 - 241 നോക്കിയാൽ കൃത്യമായി മനസ്സിലാക്കാം.

അധികാരവും പെണ്ണും

സ്ത്രീയെ അധികാരമേൽപ്പിച്ച ജനത വിജയിക്കില്ലെന്ന് നബി (സ്വ) പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശമല്ലേ, അത്തരം ജനത വിജയിക്കുന്നുണ്ടല്ലോ? ഈ സംശയവും സുവിദിതമാണ്. സ്ത്രീകൾ നയപരമായി പുരുഷന്മാരുടെ പിന്നിലാണ് എന്ന അബദ്ധം ഇസ്ലാം പറയുന്നില്ല. ശാരീരികക്ഷമത അടിസ്ഥാനത്തിൽ ക്രയവിക്രിയകളുടെ കാര്യത്തിൽ സ്ത്രീയേക്കാൾ പ്രബലൻ പുരുഷനാണ് എന്നത് പ്രകൃതിയാണ്. ഇരു ലിംഗക്കാരിലും പൊതുവായുള്ള ഹോർമോണുകളുടെ നോർമ്മൽ കൗണ്ട് മാത്രം നോക്കിയാൽ അത് മനസ്സിലാക്കാം. ഒരു ലിംഗം മാറ്റാന്നിനെ കീഴ്പ്പെടുത്തിയോ ഇല്ലയോ എന്ന ചർച്ച അശ്ലീലമാണ്. ഇരുധർമ്മങ്ങളുടെ സങ്കലനമാണ് സന്തുലിതത്വം. ഹദീസിൽ സൂചിപ്പിക്കപ്പെട്ട - വിജയിക്കില്ല - എന്ന പ്രസ്താവന മുഹമ്മദ് നബി (സ്വ) യുടേതാണ്. പ്രവാചകൻ സമർപ്പിച്ച രാഷ്ട്രീയ ഇസ്ലാമിൽ ആത്യന്തികമായ ജയപരാജയം പരലോകത്തെ വിജയവും തോൽവിയുമാണ്. വിജയം എന്നതിൻ്റെ ഭൗതികസാരങ്ങളിൽ വരുന്ന സാങ്കേതിക മുന്നേറ്റങ്ങളെ അർത്ഥം കുറിക്കുന്ന വിജയമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്ന വിജയം. എന്നാൽ അവ പരസ്പരം പൂർണ്ണഭിന്നമല്ല താനും. പക്ഷെ, ഭൗതിക-സാങ്കേതികമായി ജയിച്ചവർ പരലോകത്ത് ജയിക്കുമെന്നോ,പരലോകത്ത് ജയിക്കുന്നവർ ഭൗതികമായി പിന്നോക്കം പോകുമെന്നോ നിർബന്ധാർത്ഥമില്ല. വിജയിച്ചവരുടെ യോഗ്യതകൾ ഖുർആൻ എണ്ണിയത് നമസ്ക്കാരഭക്തി, ലൈംഗികചാരിത്ര്യം, ദാനാദാനം എന്നിവയാണ്. അവയുണ്ടാവുമ്പോൾ കൂടെയുണ്ടാവുന്ന അനുബന്ധങ്ങൾ സാന്ദർഭിക ഗ്രാഹ്യമാണ്. പ്രസ്തുത പ്രവാചക വചനം ഇസ്ലാം വിരുദ്ധ വേദികളിൽ നിരന്തരം ദുരുപയോഗം ചെയ്യപ്പെടുന്നതായതിനാൽ ഭാഷാപരവും ചരിത്രപരവുമായ ഒരാലോചന കൂടെ വേണ്ടതുണ്ട്. 

( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً 

رواه البخاري (4425)

ഈ പ്രസ്താവന നടന്ന ഭാഷയുടെ നിയമമനുസരിച്ച്, നിർണ്ണിതപദത്തിലേക്ക് ചേർക്കപ്പെട്ട അനിർണ്ണിതപദത്തിന് സാകല്യം (ഉമൂം) എന്ന സാരം ലഭിക്കും. 

ഉദാഹരണത്തിന്, Definite പദമാണ് നിർണ്ണിതം - മഅ'രിഫ: Indefinite പദമാണ് അനിർണ്ണിതം - നകിറ : book of boy/ book of a boy എന്നതിന് ഏതോ കുട്ടിയുടെ ഏതോ പുസ്തകം എന്നേ അർത്ഥമുള്ളൂ, book of the boy എന്നതിന് അറബി നിയമപ്രകാരം ആ / ഈ / പ്രസ്തുത കുട്ടിയുടെ എല്ലാ പുസ്തകങ്ങളും എന്നർത്ഥം കിട്ടും. 'എല്ലാ' എന്നർത്ഥം ഇംഗ്ലീഷിൽ ഇല്ല. ഇവിടെ - അംറഹും - എന്ന ഒരു ഭാഗികവാചകം ഉണ്ട്. അംറുൻ + ഹും എന്നതാണത്. അംറ് എന്നാൽ കാര്യം എന്നാണർത്ഥം. ആ പദം സ്വന്തമായി നകിറ: ആണ്. ഹും എന്നാൽ ബഹുപുരുഷ സർവ്വനാമമാണ് - (They , them, their എന്നീ Thirdperson ലെ Subjective ,Objective,Possessive cases കളിൽ വരുന്ന പദമാണ് ഹും) സർവ്വനാമങ്ങൾ നിർണ്ണിതമാണ്. അങ്ങനെ വരുമ്പോൾ, അംറഹും എന്നതിന് "അവരുടെ സർവ്വകാര്യങ്ങളും" എന്നാവും അർത്ഥം. ഭാഷാപരമായ മറ്റൊരു ശ്രദ്ധിക്കപ്പെടാത്ത കാര്യം ഇതാണ്. ഇംറഅതൻ - എന്ന പദം indefinite ആണ്. ഏതോ ഒരു പെണ്ണ് - just a lady എന്നാണതിനർത്ഥം. Just a lady എന്നതിന് വ്യത്യസ്ത ഉപയോഗ സന്ദർഭമുണ്ട്. ആരാണവൾ എന്നത് അജ്ഞാതമാവുമ്പോഴോ, വ്യക്തിയെ അറിയാമെങ്കിലും അയോഗ്യയാണ് എന്നർത്ഥത്തിൽ നിന്ദിക്കാനോ അങ്ങനെ പ്രയോഗിക്കാം. അറബിയിൽ - നകിറ: യുടെ തൻവീൻ ഏകാർത്ഥം കുറിക്കാനോ, വന്ദന- നിന്ദകൾക്കോ, പ്രശംസാ - ന്യശംസകൾക്കോ ഉപയോഗിക്കും.  അതായത്, പ്രസ്തുത ഹദീഥിൻ്റെ അർത്ഥം "തങ്ങളുടെ എല്ലാകാര്യങ്ങളുടെയും നിയന്ത്രണാധികാരം ഏതോ ഒരു പെണ്ണിനെ ഏൽപ്പിച്ച ജനത വിജയിക്കുകയില്ല" എന്ന് മാത്രമാണ്. അല്ലാതെ, പെണ്ണിനെ പ്രസിഡണ്ടാക്കിയ രാജ്യങ്ങൾ കൊറോണ പിടിച്ച് ഇല്ലാതെയാവും എന്നല്ല! പ്ലാറ്റോയുടെ റിപ്പബ്ലിക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ മൂലകൃതി നോക്കാതെ ഇംഗ്ലീഷ് പ്രതി മലയാളത്തിലേക്ക് മാറ്റുമ്പോൾ സംഭവിക്കുന്ന ഗ്രഹണദോഷങ്ങളെങ്കിലും ചുരുങ്ങിയത് വരും, അറബി വചനങ്ങളുടെ ഇംഗ്ലീഷ് ആശ്രയിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ .കേരളത്തിലെ പരിഗണിക്കപ്പെടാവുന്ന ഇസ്ലാം വിമർശകർ അവലംബിക്കുന്നത് 'ഇംഗ്ലീഷ് കിതാബുകളാണ്'. "Never will succeed such a nation as makes a woman their ruler." ഇങ്ങനെയാണ് പ്രസ്തുത ഹദീഥിൻ്റെ ഒരുവിധം പരിഭാഷകളിലെല്ലാം ഉള്ളത്. ഇവിടെ such a nation എന്ന പ്രയോഗം മുൻധാരണയുടെ സൃഷ്ടിയാണ്. to rule എന്ന പദത്തിന് അറബിയിലെ തൗലിയതിൻ്റെ വ്യാപ്തി ഒട്ടുമില്ല. "ഏതോ ഒരു പെണ്ണിനെ സർവ്വമേൽപ്പിച്ച ജനത ജയിക്കില്ല" എന്ന പ്രവാചകോക്തി പറയാനുണ്ടായ പശ്ചാതലം പരിശോധിച്ചാൽ മറ്റൊരു വലിയ കാര്യം ബോധ്യമാവും. അപ്പറഞ്ഞത് ഇസ്ലാമിലെ ഒരു നിയമമല്ല, മറിച്ച് പ്രവാചകൻ്റെ അൽഭുത പ്രവചനങ്ങളിലൊന്നായിരുന്നു അത്. പേർഷ്യയിലെ സസാനിയൻ സാമ്യാജ്യത്വത്തിനെതിരായ ശാപപ്രവചനമായിരുന്നു അത്.

നോക്കാം, ക്രിസ്തബ്ദം 628 - 629 ൽ പ്രവാചകൻ അന്നത്തെ ലോക നേതാക്കൾക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്തുകളെഴുതിയിരുന്നു. റോമിലെ ബൈസൻ്റയിൻ ഭരണാധികാരി ഹെറാക്ലീസ് സീസർ,ഈജിപ്തിലെ ഗസ്സാൻ രാജാവ് മുഖൗഖിസ്,അബ്സീനിയൻ രാജാവ് നേഗസ്,ബഹ്റൈൻ മേധാവി മുൻദിർ ബിൻ സവ എന്നിവരായിരുന്നു പ്രമുഖർ. ഇവരെല്ലാം ഇസ്ലാംദൂത് മാന്യമായി കേൾക്കുകയും ചിലർ പ്രവാചകന് കാണിക്കകൾ കൊടുത്തയക്കുകയും ചെയ്തു. മറ്റൊരു പ്രമുഖനായിരുന്നു പേർഷ്യയിലെ ഖുസ്റുവായിരുന്ന അബ്രൂസ് ബിൻ ഹുർമുസ്. പ്രവാചകൻ്റെ കത്ത് കണ്ടപ്പോൾ അയാൾക്ക് കലി തുള്ളുകയായിരുന്നു. 'എൻ്റെ അടിമയായ ഒരറബി എനിക്ക് സന്ദേശമയച്ചു പോലും' എന്ന് പിറുപിറുത്ത അയാൾ അത് പിച്ചിച്ചീന്തി. എന്നിട്ടും പ്രശാന്തിവരാതെ, യമനിലെ തൻ്റെ ഗവർണ്ണറായ ബാസാമിന് ഖുസ്രു കത്തെഴുതി. അവിടെയുള്ള രണ്ട് കിങ്കരന്മാരെ ഹിജാസിലേക്കയച്ച് മുഹമ്മദിനെ തൻ്റെ മുമ്പിൽ ഹാജരാക്കാനായിരുന്നു കത്തിലെ നിർദ്ദേശം. ഷഹിൻഷാ (പേർഷ്യൻ രാജാവിൻ്റെ സംബോധനാ നാമം) യുടെ കൽപ്പനയനുസരിച്ച് ഖർഖസറത്,അബൂദവൈഹി എന്നിവരെ യമനിലെ സസാനിയൻ ഗവർണർ ബാസാം ഹിജാസിലേക്കയച്ചു. അതിനിടെ, പേർഷ്യയിലേക്ക് കത്തുമായി പോയ അബ്ദുല്ലാഹിബിൻ ഹുദൈഫ(റ) പ്രവാചക സന്നിധിയിൽ തിരിച്ചെത്തി. ഹുർമസിൻ്റെ പുത്രൻ തൻ്റെ ക്ഷണപ്പത്രിക പിച്ചിച്ചീന്തിയെന്ന വാർത്ത പ്രവാചകനെ ക്ഷുഭിതനാക്കി. 'അയാളുടെ സാമ്രാജ്യം പിച്ചിച്ചീന്തപ്പെടട്ടെ' എന്ന് മാത്രം അപ്പോൾ പറഞ്ഞു.  ഇബ്നു കഥീറിൻ്റെ അൽബിദായ വന്നിഹായ അനുസരിച്ച് ഹിജ്റ ഏഴാം വർഷം ജമാദുൽ ആഖിർ പത്ത് ചൊവ്വാഴ്ച്ച സന്ധ്യാനേരം തുടങ്ങുമ്പോൾ, യമനിലെ ബാസാം പറഞ്ഞയച്ച രണ്ട് ദൂതന്മാർ പ്രവാചകൻ്റെ അടുത്തെത്തി. തങ്ങളുടെ വരവിൻ്റെ ഉദ്ദേശ്യം പറഞ്ഞ ദൂതന്മാരോട് പ്രവാചകൻ ഹാസ്യ രൂപേണെ പറഞ്ഞു - നിങ്ങളുടെ നാഥൻ കിസ്രാ രാജാവിനെ അതിന് മകൻ കൊന്നു കളഞ്ഞല്ലോ മക്കളേ. വാർത്ത വിശ്വസിക്കാനാവാതെ അവർ യമനിലേക്ക് മടങ്ങി .കഥകൾ കേട്ട ബാസാം മുഹമ്മദ് പ്രവാചകൻ തന്നെയാണെന്ന് പ്രതികരിച്ചു. കിസ്റാ സാമ്രാജ്യം ഛിന്നഭിന്നമാവട്ടെ എന്ന പ്രവാചകശാപത്തിന് ശേഷം ആറു മാസമാണ് അബ്രൂസ് ഭരിച്ചത്. അതിനിടയിൽ സ്വന്തം മകൻ ഷീർവൈഹി അഛൻ്റെ ഏറ്റവും വലിയ എതിരാളിയായി മാറി. മകൻ തന്നെ വധിക്കുമെന്നുറപ്പായപ്പോൾ, മരുന്നിൽ വിഷം കലർത്തി പാത്രത്തിലാക്കി, അതിന് മുകളിൽ 'രാജസജ്ഞീവിനി' എന്നെഴുതിപ്പതിപ്പിച്ച് അബ്രൂസ് തൻ്റെ ഇരിപ്പിടത്തിനടുത്ത് വെച്ചു. അഛനെ വധിച്ച മകൻ താമസിയാതെ രാജൗഷധം സേവിച്ചു യശ: ശരീരനായി. നാട്ടിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അബ്റൂസിന് ചരിത്രത്തിൽ മറ്റൊരാൾക്കും ഇല്ലാത്ത ഒരു പദവി ലഭിച്ചു, المقتول الذي قتل قاتله തന്നെ കൊന്നവനെ കൊന്നവൻ. അതോടെ പെങ്ങൾ അധികാരത്തിനായി രംഗത്ത് വന്നു, ഒടുവിൽ അവർ അധികാരത്തിലെത്തി. ഈ സംഭവം തൻ്റെ സന്നിധിയിൽ വെച്ച് പറയപ്പെട്ടപ്പോഴാണ് പ്രവാചകൻ പ്രസ്തുത വചനം ഉരുവിട്ടത്. അതും ഒരു പ്രവചനമായിരുന്നു .ആ സ്ത്രീയെ സൈന്യത്തിലെ പുരുഷന്മാർ സ്വാധീനിച്ചും വശീകരിച്ചും പേർഷ്യ തകർന്നു പോയതാണ് തുടർ ചരിത്രം .ഒടുവിൽ AD 637 ൽ ഖലീഫാ ഉമറിൻ്റെ (റ) കാലത്ത് സഅദുബിൻ അബീ വഖാസും സൈന്യവും (റ) പുളളിപ്പുലിത്തോൽ നിർമ്മിതമായ കിസ്റയുടെ പതാക വലിച്ചു കീറി മദീനയിലെത്തിച്ചു. അതിൻ്റെ അഗ്രങ്ങളിൽ രത്നാഭിഷേകം ചെയ്യപ്പെട്ടതായിരുന്നു. പുലർന്ന പ്രവചന രാവിൽ മദീന പ്രകമ്പനം കൊണ്ടു. ഈ പേർഷ്യൻ രാജാധിപത്യം പ്രവാചകപ്പിറവിയോടെ തന്നെ വിറകൊണ്ടിരുന്നതായി സീറകളിൽ കാണാം. തിരുപ്പിറവിയുടെ രാത്രി, അഗ്നിയാരാധകരായ പേർഷ്യക്കാരുടെ നൂറ്റാണ്ടുകളായി കെടാതെ സൂക്ഷിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞുപോവുകയും സസാനിയൻ കൊട്ടാരത്തിലെ പതിനാല് ബാൽക്കണികൾ ഇളകിയതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇസ്ലാമിൽ തൊണ്ണൂറ്റൊമ്പത് ശതമാനം പണ്ഡിതന്മാരും സ്ത്രീത്വം അയോഗ്യതയാണെന്ന് പറഞ്ഞ പദവിയുണ്ട്. അത്പൊതുഭരണാധികാരം - ഇമാമുൽഅഅ'ളം ആണ്. ഖദാ - വിധിന്യായപദവി ഇൻ്റെ കാര്യത്തിലും മിക്കവരും ഇതേ അഭിപ്രായക്കാരാണ്. പക്ഷെ, വിമർശകർ ഉന്നയിക്കുന്നത് പോലെ, സ്ത്രീകൾക്ക് ബുദ്ധിശക്തി കുറവായതിനാലാണ് എന്ന് വിവരമുള്ള ആരും പറഞ്ഞിട്ടില്ല, പറയുകയുമില്ല. ജനങ്ങൾക്ക് 365 ദിവസവും 24 മണിക്കൂറും ക്ഷമതയോടെ ലഭ്യമാവുക എന്ന ഘടകം സ്ത്രീകൾക്ക് സാധ്യമല്ല. അത് കൊണ്ടാണ് പ്രസ്തുത പദവികൾക്ക് പുരുഷന്മാർ തെരെഞ്ഞെടുക്കപ്പെടുന്നത്. സൈനിക നടപടികൾ, രാഷ്ട്രീയ ലഹളകൾ തുടങ്ങിയ സന്ദർഭങ്ങളിലെ സ്തൈര്യവും കൂടുതൽ പുരുഷനാണ്. ആധുനിക രാഷ്ട്രങ്ങളിൽ സ്ത്രീകൾ സൈന്യങ്ങളിൽ സജീവമായി എവിടെയുമുള്ളതായി അറിയില്ല. അതേ സമയം പുരുഷനായ ഭരണനായകൻ്റെ കീഴിൽ സൈനിക - സാമൂഹിക സേവനങ്ങൾ സ്ത്രീകൾക്ക് ആവാം. ഖലീഫാ ഉമറിൻ്റെ (റ) വാണിജ്യ മന്ത്രിയായിരുന്ന ശിഫാ ബിൻത് അബ്ദില്ല ഒരുദാഹരണം മാത്രം. (it longs) ഹനഫീ കർമ്മധാരയിൽ സ്ത്രീക്ക് ഇസ്‌ലാമിക രാജ്യത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാവാം എന്ന അഭിപ്രാമുണ്ട് (മജ്മഉൽ അൻഹർ). ഇബ്നു ഹസമിനും ഇതേ അഭിപ്രായമാണ്. സ്ത്രീകൾ ബുദ്ധിയും മതവും കുറഞ്ഞവരാണ് എന്ന ഒരു ഹദീസ് വിമർശകർ ഉന്നയിക്കുന്നത് ധാരണപ്പിശകാണ്. തൻ്റെ ആ പരാമർശം പ്രവാചകൻ സ്വ തന്നെ തുടർന്ന് വിശദീകരിച്ചിട്ടുണ്ട്. ശരീരം എപ്പോഴും പാകമല്ലാത്തതിനാൽ ആരാധന കുറഞ്ഞവരാണ് എന്നാണ് മതം കുറഞ്ഞവർ എന്നതിനർത്ഥം. എന്നാൽ ഭക്തി കുറവ് എന്നല്ല അർത്ഥം. മനോധൈര്യം പുരുഷനേ അപേക്ഷിച്ച്കുറവായതിനാൽ,സഭാഭയം ഉണ്ടാവാനുള്ള സാധ്യത പെണ്ണിന് കോടതി മുറിയിൽ ഉണ്ടാവും. ഭയന്നാൽ മറവിയും സാക്ഷ്യത്തിൽ കൃത്യതക്കുറവും സംഭവിക്കും. അതാണ് ബുദ്ധി കുറവ് എന്നതിനർത്ഥം. അത് മനസിലാക്കാൻ അധികമൊന്നും ചിന്തിക്കേണ്ടതില്ല .ദീൻ കുറവാണ് എന്നതാണ് ബുദ്ധി കുറവാണ് എന്നതിൻ്റെ കൂടെ വന്നത്. ദീൻ എന്നതിൻ്റെ അനുഷ്ഠാന വശം എന്നാണ് സാരം എന്ന് പ്രവാചകൻ തന്നെ അതിനെ തഖ്സീസ് ചെയ്തു. അതേപോലെത്തന്നെ, ബുദ്ധികുറവാണ് എന്നതിനെ സന്നിഘ്ദ ഘട്ടങ്ങളിൽ മറവി പിണയാം എന്ന അർത്ഥം നൽകി തഖ്സീസ് ചെയ്തു. അവിടെ ഒരു വൈരുധ്യവും ഇല്ല. അങ്ങനെയല്ല സ്വാഭാവികത എന്ന് പറയുന്നവർ അത് തെളിയിക്കട്ടെ. ഈ പേർഷ്യൻ രാജ്ഞിയെ സംബന്ധിച്ച ഹദീഥ് ഇന്നത്തെ ജനാധിപത്യ രീതിയോട് തുലനം ചെയ്ത് സംസാരിക്കുന്നത് ശരിയല്ല .കെയ്റോയിലെ പ്രമുഖ ശാഫീ പണ്ഡിതനായിരുന്ന ഡോ അലി ജുമുഅ യുടെ അഭിപ്രായവും മറ്റൊന്നല്ല. ഇസ്ലാം വിമർശത്തിൻ്റെ ഭാഗമായി വിജയിച്ച ജനാധിപത്യ രാഷ്ട്രങ്ങളുടെ വിശേഷങ്ങൾ പറഞ്ഞ് ഹദീസിനെ പ്രശ്നവൽക്കരിക്കുന്നവർക്ക് ഒട്ടും രാഷ്ട്രീയപരമായ തത്വദീക്ഷ ഇല്ല. കാരണം ഇന്നത്തെ രാഷ്ട്രനേതാക്കൾ സ്വയംഭരണാവകാശം ഉള്ളവരല്ല. ഭരണഘടന അനുസരിച്ച് മുന്നോട്ട് പോവുന്ന ജനാധിപത്യ സംവിധാനത്തിൽ പ്രസിഡണ്ടും പ്രധാമന്ത്രിയുമൊക്കെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ തന്നെയാണ്. ജനങ്ങൾ ഏൽപ്പിച്ച തൊഴിൽ അവരാഗ്രഹിക്കുന്ന രൂപത്തിൽ ചെയ്തിട്ടില്ലെങ്കിൽ അടുത്ത തെരെഞ്ഞെടുപ്പോടെ അവരുടെ തൊഴിൽ നഷ്ടപ്പെടും. ഒരാളല്ല, ഒരു സംഘവും വ്യവസ്ഥയുമാണ് ഭരിക്കുന്നത്. ഈ സംവിധാനമല്ല പഴയ രാജ സംവിധാനം. ചിത്രത്തിൽ പറയപ്പെട്ടതോ അല്ലാത്തതോ ആയ ഒരു രാജ്യവും മുന്നേറിയത് ഏതെങ്കിലും വ്യക്തിയുടെ വ്യക്തിഗത മികവിലാണെന്ന് നിരുപാധികം ആരും പറയില്ല. മുൻഗാമികൾ ഒരുക്കിക്കൊടുത്ത അനുകൂല ഘടകങ്ങൾ വലിയ ഫാക്ടറുകളാവും ഇക്കാലത്ത്.

മറ്റൊരു യാഥാർത്ഥ്യം നോക്കൂ, ലോക വൻശക്തികളായ അമേരിക്ക,റഷ്യ,ചൈന എന്നിവിടങ്ങളിൽ ഇന്നോളം ഒറ്റപ്പെണ്ണും രാഷ്ട്രാധികാരിയായിട്ടില്ല. ഹിലാരി ക്ലിൻ്റൻ തോറ്റതിന് പിന്നിൽ സ്ത്രീത്വം എത്രത്തോളം ഘടകമായി എന്നത് ചർച്ചയായതാണ്. ജപ്പാൻ, മെക്സിക്കോ, സൗദി അറേബ്യ എന്നിവയും ഇതര G CC രാഷ്ട്രങ്ങളും തഥൈവ. കാനഡ, ഫ്രാൻസ്, സൗത്താഫ്രിക്ക, ആസ്ത്രേലിയ, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രം നയിച്ച ഒരു സ്ത്രീ മാത്രമേയുള്ളൂ. ഇംഗ്ലണ്ടിലും അർജൻ്റീനയിലും രണ്ടുണ്ട്. ജനാധിപത്യ ക്രമങ്ങളിൽ സ്ത്രീ രണ്ടാം തരക്കാരിയായി ട്രീറ്റ് ചെയ്യപ്പെടുന്നതിനാൽ ഇസ്ലാമും അങ്ങനെത്തന്നെ എന്നല്ല പറയുന്നത്. ഇസ്ലാമിക് സ്ട്രക്ചർ മറ്റൊന്നാണ് താനും. മറിച്ച്, ആധുനിക മൂല്യങ്ങൾ എന്ന് വാഴ്ത്തപ്പെടുന്ന സങ്കൽപ്പങ്ങളിലെ കുഴപ്പങ്ങളെക്കുറിച്ച് ദണ്ണപ്പെടാതെ ഇസ്ലാമിലേക്ക് കുറ്റം ചാരുന്നതിലെ അനർത്ഥം സൂചിപ്പിച്ചതാണ്. 

Loading comments...

Leave a Reply