ശരീരത്തെ മനസ്സിൽ നിന്നും മറിച്ചും വേർപ്പെടുത്തി ഭാവനാത്മകമായി വികസിപ്പിച്ച വൃത്തം തെറ്റിയ കവിതയാണ് ക്വിയറിസം.

 

എന്താണ് ക്വിയർ ആക്ടീവിസം 

 

അമേരിക്കൻ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970 ൽ പുറത്തിറങ്ങിയതിന് ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗസമത്വമുറപ്പിക്കാനുള്ള രാഷ്ടീയായുധം സാമ്പത്തിക,സാംസ്ക്കാരിക ഉപകരണങ്ങളല്ല, മറിച്ച് ശാരീരികതയുടെ സാധ്യതകൾ തന്നെയാണെന്ന അത് വരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയൊരു വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വമ്പൻ സ്വീകാര്യത തന്നെ ലഭിച്ചു. പ്രണയത്തിന് ലിംഗഭേദമില്ലെന്ന തലക്കെട്ടോടെ കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ലൈംഗിക രാഷ്ട്രീയം വരെ എത്തി നിൽക്കുന്നു ആ ചിന്താഗതിയുടെ സ്വാധീനം. "ലോകം ഉറങ്ങുകയായിരുന്നു, കേറ്റ് മില്ലറ്റ് അതിനെ ഉണർത്തി" എന്നാണ് പ്രസ്തുത കൃതിയെ കുറിച്ച് വാഴ്ത്തപ്പെട്ടത്. കേറ്റ് മില്ലറ്റ് അതിൽ കുറിച്ചു, "ആണ്, പെണ്ണ് എന്ന ശാരീരിക വ്യത്യാസം മാത്രമാണ് 'സെക്സ്' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പെരുമാറ്റം, വികാരങ്ങള്‍, ചിന്തകള്‍, ഭ്രമകല്പനകള്‍ ഇവയിലെ ആണ്‍ പെണ്‍ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നതാണ് 'ജെന്റര്‍' എന്ന പദം. ചെറുപ്പത്തില്‍ കുട്ടികളെ ലാളിക്കുന്നതില്‍ തന്നെ ആണ്‍ പെണ്‍ ഭേദം തുടങ്ങുന്നു. ഓരോ ജെന്ററിനും ആവശ്യമുള്ളതെന്നു സമൂഹത്തിനു തോന്നുന്നത് അവരെ പഠിപ്പിക്കുന്നു, അങ്ങനെ ആണും പെണ്ണും ജനനശേഷം ആര്‍ജ്ജിക്കുന്നതാണ് അധീശത്വപൂര്‍വ്വമായ 'ആണത്തവും' (masculine) വിധേയത്വത്തോടുകൂടിയ 'പെണ്ണത്തവും' (feminine). ഇവിടെ ശരീരശക്തി അപ്രസക്തമാണ്.

സാമൂഹ്യശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്. പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണ് അത്. പാട്രിയാര്‍ക്കി എന്ന സമ്പൂര്‍ണ്ണ സ്ഥാപനത്തിലെ ഒരു പാട്രിയാര്‍ക്കല്‍ ഏകകം. പാട്രിയാര്‍ക്കിയുടെ പൊതുനിയമങ്ങളോട് കൂറ് പുലര്‍ത്താന്‍ കുടുംബം സ്വന്തം അംഗങ്ങളെ സജ്ജരാക്കുന്നു. ഒപ്പം പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഒരു ഏജന്റ് ആയി പ്രവര്‍ത്തിച്ച് കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ അത് ഭരണകൂടത്തെ സഹായിക്കുന്നു. 'അച്ഛന്റെ അധികാരം' (ptaria protestas) എന്ന റോമന്‍ നിയമസങ്കല്പത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. നേരെചൊവ്വേ പറഞ്ഞാൽ, നിലനിൽക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗികകലാപാഹ്വാനങ്ങളായിരുന്നു പിന്നീട് യൂറോപ്പ്, പ്രത്യേകിച്ച് സ്കാണ്ടിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്നത്.സത്യാനന്തര കാല സാമൂഹിക ഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജ്ജിച്ച ദൃശ്യതയും വഴി അമേരിക്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയയിടങ്ങളിലേക്ക് ആ ആശയം പടർന്നു. പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാൾ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുന:ക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജൻഡർ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികമായ ഉപാപജയ പ്രക്രിയ എന്നതിലുപരി അതിന്റെ വിനോദവ്യവസായ സാധ്യതയെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 1990 കളിൽ പുറത്തുവന്ന ക്വിയർ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം / അനാധുനികം എന്ന് രണ്ടാക്കാന്മാത്രമുള്ള ശക്തിയാർജ്ജിച്ചു. വളരെ പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്. ലിംഗവും (biological sex) ലൈംഗികതയും (sexuality) തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർത്ഥിക്കുന്ന 1990 കളിൽ നിലവിൽ വന്ന സിദ്ധാന്തമാണ് ക്വിയർ തിയറി. മഴവില്ലിലെ വർണ്ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുൾക്കൊള്ളുന്ന വലിയൊരു ജാലികയാണ് ലൈംഗികത എന്നവർ സിദ്ധാന്തിക്കുന്നു. അതനുസരിച്ച്, ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലൈംഗികസ്വത്വം (gender identity), ലൈംഗികപ്രകടനം (gender expression), ലൈംഗികാഭിനിവേശം (sexual orientation) എന്നീ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. പുരുഷൻ, സ്ത്രീ, ഉഭയലിംഗി(intersex) എന്നിവയാണ് ജീവശാസ്ത്രപരമായി വേർ തിരിക്കാൻ കഴിയുന്ന ലിംഗങ്ങൾ. ചിലർ തെറ്റിദ്ധരിച്ചത് പോലെ , മൂന്നാം ലിംഗക്കാരായി അറിയപ്പെടുന്ന intersex വിഭാഗമേയല്ല Transgender സമൂഹം. ഒന്നാമത്തേത് ജൈവികവും രണ്ടാമത്തേത് കൃത്വിമവുമാണ്. ജൈവിക ലിംഗവും ലൈംഗികതയും ഒന്ന് തന്നെയാണെങ്കിൽ അവരെ സിസ്ജെൻഡർ (cisgender) എന്നും അല്ലെങ്കിൽ അവരെ ട്രാൻസ്ജെൻഡർ (transgender) എന്നും വിളിക്കുന്നു. പുരുഷത്വം (musculinity), സ്ത്രീത്വം (feminity,) ദ്വിലിംഗത്വം (androgynous) എന്നിവയാണ് ലൈംഗികപ്രകടനങ്ങൾ. പുരുഷശരീരത്തിൽ സ്ത്രൈണഭാവങ്ങളുണ്ടാവുന്നതും തിരിച്ചും ദ്വിലിംഗത്വമായാണ് പരിഗണിക്കപ്പെടുക. ഒരാൾക്ക് ആരോടാണോ അഭിനിവേശം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ ലൈംഗികാഭിനിവേശം തീരുമാനിക്കപ്പെടുക. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികാഭിനിവേശവും ഒന്ന് തന്നെയാണെങ്കിൽ അയാൾ എതിർവർഗ്ഗപ്രണയിയും (heterosexual) രണ്ടാണെങ്കിൽ അയാൾ സ്വവർഗ്ഗപ്രണയിയും (homosexual) ആണ്. ലൈംഗികാഭിനിവേശത്തിന്റെ വർണരാജിയിലെ രണ്ട് അറ്റത്താണ് എതിർവർഗ്ഗപ്രണയിയും സ്വവർഗ്ഗപ്രണയിയുമുള്ളത്. നടുവിലായി ദ്വിവർഗ്ഗപ്രണയി(bisexual)യുണ്ട്. മഴവില്ലിലെ വർണ്ണരാജിയിലെ നിറങ്ങളെപ്പോലെ എതിർവർഗ്ഗപ്രണയിക്കും സ്വവർഗ്ഗപ്രണയിക്കുമിടയിൽ പല തരം ലൈംഗികാഭിനിവേശങ്ങളുണ്ട്. അവയെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ക്വിയർ. അതനുസരിച്ച്, ഋതുമതിത്വം പ്രാപിക്കുന്ന ഒരാൾ തൻ്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറുക. അതൊരുപക്ഷേ, ഉടലിനെ തന്നെ ഉടച്ച് കളഞ്ഞോ വേഷഭേദം വരുത്തിയോ അല്ലാതെയോ ആവാം. ഇങ്ങനെയുള്ളവരെയാണ് Transgenders എന്ന് വിളിക്കുന്നത്. ആഘട്ടമെത്തുന്നത് വരെ ഒരുകുട്ടിയും പ്രകൃതിപരമായി ആണോ പെണ്ണോ അല്ലെന്ന, ചിലപടിഞ്ഞാറൻ രാഷ്ട്രങ്ങൾ അനുശീലിക്കാൻ ശ്രമിച്ച് കുത്ത്പാളയെടുത്ത, വ്യവസ്ഥാപിത കുടുംബ - സാമൂഹിക - രാഷ്ട്ര നിർവ്വഹണങ്ങൾ വരെ താളഭംഗപ്പെടുന്ന സാമൂഹിക രാസബോംബായിരുന്നു ഇതേ രാഷ്ട്രീയ ഏജൻസികൾ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്ന ന്യൂട്രൽ ജൻട്രൽ ആശയങ്ങൾ. അത് ചിലയിടങ്ങളിൽ ഭാഷയിലെ സർവ്വനാമങ്ങൾ മുതൽ ശൗച്യാലയങ്ങൾ വരെ ന്യൂട്രലാക്കി പരാജയപ്പെട്ടതാണ്.

 

ട്രാൻസ് ജൻഡർ ആരാണ് ?

വാഷിംഗ്ടണിലെ ബാർബർഷോപ്പ് റിസപ്ഷനിസ്റ്റായിരുന്ന ജറേത്ത് നെബുല എന്ന 33 വയസ്സുള്ളയാൾ അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് അവ്വിധം രൂപഭേദം വരുത്തി സാമൂഹികപ്രവേശം നടത്തിയത് ഇയ്യിടെ വലിയ വാർത്തയായിരുന്നു. സ്ത്രീയായി ജനിച്ച അവർ ഇരുപത്തൊമ്പതാം വയസ്സിൽ തന്റെ അകത്തുള്ളത് പുരുഷനാണെന്ന് "കണ്ടെത്തി" ട്രാൻസ്മാൻ ആയതിന് ശേഷമാണ് അതിന്റെയുമുള്ളിലെ "ഏലിയനെ" കണ്ടെത്തി അന്യഗ്രഹജീവിയായത്. പക്ഷെ താമസിക്കുന്നത് ഇതേഗ്രഹത്തിൽ തന്നെയാണിപ്പോഴും. ഏലിയൻസ് ന്യൂട്രൽ ജൻഡർ ആയതിനാൽ തന്നെ ആരും സ്ത്രീ - പുരുഷ സർവ്വനാമങ്ങളിൽ അഭിസംബോധന ചെയ്യരുതെന്നും അചേതനമായ വസ്തുക്കളെ കുറിച്ച് നിർലിംഗപദം മാത്രമേ തന്നെ കുറിച്ച് ഉപയോഗിക്കാവൂ എന്നുമാണ് കക്ഷിയുടെ (അതിന്റെ) ആവശ്യം. ജപ്പാനിൽ നിന്നൊരാൾ തന്റെ അകത്തുള്ളത് നായയാണെന്ന് കണ്ടെത്തി ലക്ഷങ്ങൾ മുടക്കി അക്കോലത്തിലായി (ട്രാൻസ്പീഷ്യസ്) കോളി എന്ന് സ്വനാമകരണം നടത്തിയിട്ട് ദിവസങ്ങളേയായുള്ളൂ. കറുത്തവർഗക്കാരായി സ്വയം പ്രഖ്യാപിക്കുന്ന വെള്ളവർഗക്കാരും മറിച്ചും (ട്രാൻസ്റേസിസം) ഇന്ന് പുതിയ പ്രവണതയാണ്. രചൽ ഡോലീസൽ എന്ന അമേരിക്കൻ വെളുത്തവംശജ ഇനി മുതൽ തന്റെ മനസ് കറുത്തവംശത്തിന്റേതാണെന്ന് കണ്ടെത്തി വർഗമാറ്റം പ്രഖാപിച്ചതോടെയാണ് ലോകം അതേക്കുറിച്ച് ചിന്തിക്കുന്നത്.

ഇങ്ങനെ ലോകത്ത് ആർക്കും ആരുമാകാവുന്ന, എന്തുമാകാവുന്ന കാലത്താണ് കോഴിക്കോട് അഛൻ പ്രസവിച്ച വാർത്ത നമ്മുടെ മാധ്യമങ്ങളും മന്ത്രിതന്നെയും ക്വിയർ ആക്ടീവിസത്തിന്റെ മഹാവിജയമായും ശാസ്ത്രത്തിന്റെ നേട്ടമായും പ്രഖ്യാപിച്ചത്. കോഴിക്കോട് സംഭവിച്ചതിന്റെ പ്രത്യക്ഷം ഇങ്ങനെമാത്രമാണ്. തന്റെ അകത്തുള്ളത് പുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ച ഒരു സഹോദരി തന്റെ സ്തനം സർജറിയിലൂടെ നീക്കം ചെയ്ത ശേഷം, തന്റെ മനസ് സ്‌ത്രൈണമാണെന്ന് സ്വയം പ്രഖ്യാപിച്ച് (ഔട്ട്കമിംഗ്) ഹോർമോൺ തെറാപ്പി ചെയ്ത് സ്ത്രീയുടെ വേഷത്തിലേക്ക് മാറിയ ഒരു സഹോദരനിലൂടെ ഗർഭിണിയാവുന്നു. രണ്ടുപേരും ബോട്ടം സർജറി ചെയ്തിരുന്നില്ല. അഥവാ പ്രസവിച്ച "അഛൻ" ഓവറിയും വജീനയും നീക്കം ചെയ്ത് ലിംഗം വെച്ചുപിടിപ്പിച്ചിരുന്നില്ല. ഗർഭമുണ്ടാക്കിക്കൊടുത്ത "സ്ത്രീ" ലിംഗമോ ജനനേന്ദ്രിയമോ നീക്കം ചെയ്ത് സ്ത്രീഘടനയിലേക്ക് മാറിയിട്ടുമുണ്ടായിരുന്നില്ല. ഫലത്തിൽ പ്രകൃത്തിദത്തമായ ലൈംഗികബന്ധത്തിലൂടെ സ്വാഭാവികമായ ഫലത്തിലെത്തി പ്രസവിച്ചതാണ് കഥ. അവർക്ക് ജനിച്ച കുട്ടി "പെണ്ണാണ്" എന്ന് അതേറ്റുപിടിച്ചവർ തന്നെ ആഘോഷമധ്യേ പ്രഖ്യാപിച്ചത് സെൽഫ്ഗോളണെന്ന് മനസ്സിലാക്കാൻ അവർക്കെന്താണില്ലാതെ പോയതെന്ന് വിവേകമുള്ള മലയാളികൾക്ക് മനസ്സിലാക്കാനാവും.

"ട്രാൻസ് ജൻഡേഴ്സ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു" എന്ന തലക്കെട്ട് വാസ്തവത്തിൽ ഒരു ട്രോളാണ്. 

ശാസ്ത്രത്തിന്റെ നേട്ടമായി ഇതിനെ വാഴ്ത്തിയവർ സ്യൂഡോസയൻസിന്റെ കാര്യമാണ് പറയുന്നതെന്ന് എല്ലാവർക്കുമിനിയും മനസ്സിലായിട്ടില്ല. യഥാർത്ഥ സയൻസിന്റെ നേട്ടമാണെന്നാണെങ്കിൽ അവരോട് പറയാനുള്ള കഥയും കോഴിക്കോട് തന്നെയുണ്ട്. തെക്കോട്ട് പോവാനുള്ള യാത്രക്കാരൻ ആദ്യമായി ട്രയിൻ കയറിപ്പോൾ വണ്ടിമാറി വടക്കോട്ടുള്ള വണ്ടിയായിപ്പോയി. യാത്രാമധ്യേ, അടുത്തിരിക്കുന്ന ആളോട് എങ്ങോട്ടേക്കാണെന്നാരാഞ്ഞപ്പോൾ മംഗലാപുരത്തേക്ക് എന്നായിരുന്നു കൃത്യമായ മറുപടി. മറുപുറത്തെ തിരുവനന്തപുരത്തേക്ക് കയറിയ തനിക്ക് പിണഞ്ഞ അബദ്ധം അപ്പോഴും തിരിച്ചറിയാതെ സ്വൽപ്പം ഗാസ്ത്രഭക്തിയുടെ ആസ്ക്യതയുള്ള കക്ഷി പറഞ്ഞു: "ശാസ്ത്രത്തിന്റെ ഒരു പുരോഗതിയേ, ഒരേ ട്രയിൻ ഒരേസമയം തെക്കോട്ടും വടക്കോട്ടും പോവുന്നു". ഇത്രേയുള്ളൂ അത്തരം ആർമ്മാദങ്ങൾ.

 

ട്രാൻസ്ജൻഡർ:

അങ്ങനെയൊന്നുണ്ടോ ?

വസ്തുനിഷ്ഠമല്ലാത്തതിനാൽ നിർവ്വചനപരമായ കൃത്യതക്കുറവുണ്ടെങ്കിലും, ശാരീരികമായ ലൈംഗിക രൂപത്തിനോട് സാധർമ്മ്യപ്പെടാത്ത മാനസിക ലിംഗബോധം പേറുന്നവരെന്ന് സ്വയം വെളിപ്പെടുത്തി, സഹജ ലൈംഗികാവയവങ്ങളെ മനസ്സിനിണങ്ങുന്നതെന്ന് തോന്നുന്ന

(ആ തോന്നൽ മാറാം) എതിർലിംഗാവസ്ഥയിലേക്ക് ശസ്ത്രക്രിയകളിലൂടെ പരിവർത്തിപ്പിച്ചവരെയാണ് ട്രാൻസ്ജൻഡർ എന്ന് പറയപ്പെടുന്നത്. അവർക്ക് വേണ്ടിയും മറ്റു ഭിന്നലൈംഗികവാദികൾക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് ക്വിയർ ആക്ടീവിസ്റ്റുകൾ. അവരുടെ വാദപ്രകാരം, ജന്മാർജ്ജിതമായിഒരു വ്യക്തിക്ക് ലഭിക്കുന്നത് സെക്ഷ്വൽ ഐഡന്റിറ്റി മാത്രമാണ്. ജൻഡറും (പുരുഷനാണോ സ്ത്രീയാണോ എന്ന ബോധം) സെക്ഷ്വൽഓറിയന്റേഷനും (തനിക്ക് ആരോടാണ്, എന്തിനോടാണ് ലൈംഗികാസക്തി തോന്നുന്നതെന്ന ബോധം) പിന്നീട് മാനസികമായി രൂപപ്പെടുന്നതാണ്, അഭിരുചിയനുസരിച്ച് മാറാവുന്നതാണ്, അല്ലെങ്കിൽ ഗുപ്തമായത് കണ്ടെത്തപ്പെടേണ്ടതാണ്, സാങ്കേതികമായി ആത്മനിഷ്ഠമാണെന്ന് പറയും.ജൻഡർ ഒരു നിശ്ചിതപ്രായമെത്തുമ്പോൾ വ്യക്തിസ്വയം കണ്ടെത്തുന്നത് വരെ സമൂഹമോ രക്ഷിതാക്കളോ തീരുമാനിക്കാതെ നിർലിംഗമാക്കിവെക്കുന്നതിനാണ് ജൻഡർ ന്യൂട്രാലിറ്റി എന്ന് പറയുന്നത്. ചുരുക്കത്തിൽ മേൽപ്പറഞ്ഞ പ്രകാരം മനസ്സിലാക്കാവുന്ന ഭിന്ന-ലിംഗബോധ, ലൈംഗികാസക്തിബോധവാദത്തിന്റെ ന്യൂനതകൾ സംഗ്രഹിച്ച് ചുവടെ മനസ്സിലാക്കാം.

 

ഒന്ന്

ജൻഡറും സെക്സും രണ്ടാണെന്ന ക്വിയർസിദ്ധാന്തവും രണ്ടാവാമെന്ന ലിബറൽ യുക്തിയും ശാസ്ത്രീയ യാഥാർത്ഥ്യത്തിനെതിരാണ്. കോശങ്ങൾക്കകത്തെ ന്യൂക്ലിയസിൽ അല്ലെങ്കിൽ മർമ്മത്തിനകത്തെ ക്രോമാറ്റിൻ ജാലികയിൽ സ്ഥിതി ചെയ്യുന്ന ക്രോംസോമുകളാണ് മനുഷ്യനെ സ്ത്രീയോ പുരുഷനോ ആയി വേർതിരിക്കുന്ന ഭൗതികനിദാനം. മനുഷ്യന് 23 ജോഡിയായി 46 ക്രോമസോമുകളാണുള്ളത്. ഇവയിൽ 44 എണ്ണം സ്വരൂപികളും (സൊമാറ്റിക്) 2 എണ്ണം ലിംഗനിർണ്ണയ ക്രോമസോമുകളുമാണ്. അവയാണ് X ഉം Y ഉം അല്ലെങ്കിൽ അണ്ഡവും ബീജവും. പുരുഷന്റെ ബീജത്തിൽ X ഉം Y ഉം ഉണ്ടാവും. സ്ത്രീയുടെ അണ്ഡത്തിൽ Y മാത്രവും. ബീജസങ്കലനത്തിന്റെ വേളയിൽ സ്ത്രീയുടെ X ന്റെ കൂടെ ചേരുന്നത് പുരുഷന്റെ X ആണെങ്കിൽ കുഞ്ഞ് പെണ്ണും Y ആണെങ്കിൽ കുഞ്ഞ് ആണുമാവുകയാണ്. അതായത്, 44 XX സ്ത്രീയും 44 XY പുരുഷനും. ഇത് വിശുദ്ധ ഖുർആനിൽ നിന്നും നേരിട്ട് ഗ്രഹിക്കാം എന്നതാണ് വാസ്തവം. ജൻഡർ ന്യൂട്രാലിറ്റിക്ക് ശാസ്ത്രീയ പിൻബലമില്ല. അവിടെ ജന്മാനാ ചില ക്രോമസോം വ്യതിയാനങ്ങൾ വരുമ്പോൾ കുഞ്ഞ് ഇന്റർസെക്സ് അഥവാ പഴയപ്രയോഗപ്രകാരമുള്ള ഹിജഡ ആവുന്നു. 46 xx, 46 xy, True Gonadal intersex, Complex intersex എന്നിങ്ങനെ നാല് രൂപങ്ങൾ അതിനുണ്ട്. ഇത് ഗർഭസ്ഥാവസ്ഥയിൽ കണ്ടെത്തിയോ ശേഷമോ പരിഹരിക്കാൻ മാർഗങ്ങളുണ്ട്. എന്നാൽ ട്രാൻസ്ജൻഡേഴ്സ് ഇവരല്ല. ശാരിരികമായി യാതൊരു ലൈംഗികഭിന്നതയുമില്ലാത്തവരാണവർ. ശേഷം, മറ്റൊരാക്കോ ശാസ്ത്രീയസംവിധാനങ്ങൾക്കോ നിർണ്ണയിക്കാനാവാത്തവിധം മനസ്സിന്റെ തോന്നലുകൾക്കനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയും എതിർലിംഗ ഹോർമോൺ സ്വീകരണവും നടത്തുകയാണവർ.

 

രണ്ട് 

യഥാർത്ഥത്തിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഇന്റർസെക്സ് സമൂഹത്തിന് വേണ്ടി ക്വിയർ പ്രവർത്തകരും ലിബറലുകളും മിണ്ടാതെ കൃത്രിമ സമസ്യയുണ്ടാക്കി അത് പ്രത്യയശാസ്ത്രവൽക്കരിച്ച് ക്വിയർഫോബിയ എന്ന ഇരവാദം മുഴക്കുകയാണ്. എന്നാൽ, ഒരഭിനിവേശം എന്ന നിലയിൽ വ്യക്തിപരമായി ജൻഡർ മാറുകയും അതിന്റെ പ്രചാരകരാവാതെ സ്വന്തം സന്തോഷങ്ങളിൽ ജീവിക്കുകയും ചെയ്യുന്നവരെ ജനാധിപത്യപരമായി ഉൾക്കൊള്ളാൻ ആർക്കും പ്രയാസമില്ല. മറിച്ച് അത്തരം ഭ്രമങ്ങളെ മഹത്വവൽക്കരിക്കുകയും വിപണനം നടത്തുകയും ശാസ്ത്രീയവൽക്കരിക്കുകയും മറുപക്ഷത്തെ അപരിഷ്കൃതരായി അവതരിപ്പിക്കുകയും ചെയ്യുന്നവരും അതേറ്റുപിടിച്ച് മതവിരുദ്ധതയുടെ സാധ്യതകൾ കണ്ടെത്തുന്ന യുക്തന്മാരായ ക്ഷുദ്രജീവികളുമാണ് താളഭംഗം വരുത്തുന്നത്. മതിയായ തെളിവില്ലാത്ത കാര്യങ്ങൾ സാമാന്യവൽക്കരിക്കാൻ കൂട്ടുനിന്ന് നിയമപരമാക്കുന്ന ഭരണകൂട രീതിയും പുന:പരിശോധിക്കപ്പെടേണ്ടതുണ്ട്.

 

മൂന്ന് 

ജൻഡർ കൺഫേർഷൻ പ്രായമായി ഭരണകൂടം അംഗീകരിക്കുന്ന പതിനെട്ട് വയസ്സ് എന്ന പരിധി അശാസ്ത്രമാണ്. വിവേകമുറക്കുന്ന ഘട്ടമാണ് മനുഷ്യന്റെ ബൗദ്ധിക പ്രായപൂർത്തി (Intellectual Puberty). ന്യൂറോ സയൻസിന്റെ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 25 - 40 വയസ്സിന്റെ ഇടയിലാണത്. സ്തനങ്ങൾ നീക്കം ചെയ്തില്ലായിരുന്നുവെങ്കിൽ സ്വന്തം അകിടിൽ നിന്നും വാവക്ക് പാല് കൊടുക്കാമായിരുന്നുവെന്ന് പറഞ്ഞ് നിർഭാഗ്യത്തെ പഴിക്കുന്ന കോഴിക്കോട്ടെ ട്രാൻസ്മാതൃത്വം തന്നെയാണ് നമുക്ക് മുമ്പിലെ ജീവിക്കുന്ന തെളിവ്. ഒരാവേശത്തിന് സ്വന്തം ലൈംഗികാവയവങ്ങൾ ഛേദിച്ച് ജനനേന്ദ്രിയ പ്രകൃതങ്ങൾ മാറ്റിയ വ്യക്തിക്ക് തൊട്ടടുത്ത നിമിഷം തന്നെ അടിസ്ഥാന, ശാരീരികലൈംഗികസ്വത്വത്തിലേക്ക് മാറാൻ തോന്നാം. ഈ മനോവ്യതിയാനം Gender Dispheria എന്നാണറിയപ്പെടുന്നത്. പക്ഷെ ഒരിക്കൽ മാറ്റിയ ശരീരം വീണ്ടും മാറ്റത്തിന് വഴങ്ങാതെ വരുമ്പോൾ ആത്മഹത്യ മാത്രം അഭയമാവുന്നു. ട്രാൻസ് ആത്മഹത്യയുടെ വാർത്തകൾക്കിപ്പോൾ ആവർത്തന വിരസതയാണ്. ഭാരിച്ച പണച്ചെലവുകളും സാഹസം നിറഞ്ഞ ശസ്ത്രക്രിയകൾക്കും ശേഷം പോലും പൂർണ്ണമായ ട്രാൻസ്മിഷനോ ഒട്ടും പ്രത്യുൽപ്പാദനമോ സാധ്യമല്ല. ലൈംഗികമായ സഹജീവനം മാത്രം സാധ്യമാവുന്ന ഈ രീതിയെ മാർക്കറ്റിലെത്തിച്ചതിന്റെ പിറകിൽ ലൈംഗികവ്യവസായ താൽപര്യങ്ങളാണ്. ട്രാൻസ് സമൂഹം ലൈംഗിക തൊഴിലാളികളാണെന്നാണ് മതധാർമ്മികപക്ഷ വിമർശനം എന്നാക്കി ഇതിനെ ചിലർ അട്ടിമറിക്കാറുണ്ട്. അത്തരക്കാർ ലോകപ്രശസ്ത ന്യൂറോസയൻസ് പണ്ഡിതനും സെക്സോളജിസ്റ്റുമാർ Dr. Derba Soh യുടെ End of Gender, Dr. Ryan T. Anderson ന്റെ When Harry became Sally : Responding to the Transgender, Wall Street Journal കോളമിസ്റ്റായ Abigail shrier ന്റെ lrreversible Damage തുടങ്ങിയ കൃതികൾ വായിക്കേണ്ടതാണ്. അമേരിക്കൻ കോളേജ് ഓഫ് പീഡിയാട്രീഷ്യൻസ് പ്രസിഡണ്ട് Dr. Michelle A Crettella യുടെ പ്രഭാഷണങ്ങൾ കേട്ടാലും ട്രാൻസ്ജൻഡേഴ്സ് കൃത്യമായ നിർമ്മിത പൊതുബോധത്തിന്റെ ഇരകളാണെന്ന് മനസ്സിലാവും.

 

നാല് 

ആർക്കും മറുത്ത് പറയാനാവാത്തവിധം ആത്മനിഷ്ഠമായ ജൻഡർ ട്രാൻസ്മിഷൻ അറ്റമിറ്റാത്ത സ്ത്രീപീഡനങ്ങൾക്കാണ് ഭാവിയിൽ കാരണമാവുക. ലിംഗവും വൃഷ്ണവും നീക്കം ചെയ്യാതെ ഈസിസ്ട്രോജിൻ സ്വീകരിച്ച് ക്ലീൻഷേവും സ്ത്രീവേഷവും അണിഞ്ഞത് കൊണ്ട് മാത്രം ഒരാൾ ട്രാൻസ്വുമൺ ആവുമോ ഇല്ലേ എന്നതിനുത്തരം ക്വിയർ ആക്ടീവിസ്റ്റുകൾ തരേണ്ടതാണ്. ആവുമെങ്കിൽ സാമൂഹിക ദ്രോഹികളുടെ സുവർണ്ണ ഘട്ടമാണത് വഴി സാധ്യമാവുക. യഥാർത്ഥ ലിംഗമാറ്റം വരുത്തി സ്ത്രീയായ എമിലി ബ്രിഡ്ജസ് എന്ന കായികതാരത്തെ സ്ത്രീകളോടൊപ്പം സൈക്ലിംഗ് മൽസരത്തിൽ നിന്ന് 2 വർഷം വിലക്കിയിരിക്കുകയാണ്. സ്ത്രീകളുടെ ജയിലിൽ കടന്ന് അവിഹിത ഗർഭം വരുത്തുന്ന സ്യൂഡോ ട്രാൻസ്മാൻ പ്രതികളുടെ വാർത്തകളും ആഗോളതലത്തിലുണ്ട്. 

ബോട്ടം - യൂറിനറി - പ്ലാസ്റ്റിക് സർജറികൾ ചെയ്യാതെ കേവലം രൂപം മാറിയവർ യഥാർത്ഥ ട്രാൻസ് സമൂഹത്തോടാണ് അനീതി ചെയ്യുന്നത്. അക്കാര്യത്തിൽ നിലപാട് പറയേണ്ടത് പൂർണ്ണ ലിംഗഭേദം വരുത്തിയവരാണ്.

 ന്യൂട്രാലിറ്റി ; നിരാകരണം

 

1950 - 60 കാലഘട്ടത്തിലാണ് പശ്ചാത്യലോകത്ത് ഉദാരലൈംഗിക വിപ്ലവചിന്ത ആഞ്ഞുവീശീയത്. ഭരണകൂടം,ധർമ്മകേന്ദ്രം,കുടുംബം,നിയമം, പാരമ്പര്യം തുടങ്ങിയ മൂർത്തമോ അമൂർത്തമോ ആയ യാതൊന്നും വ്യക്തിയുടെ ലൈംഗികതയുടെ കാര്യത്തിൽ ഇടപെടരുത് എന്നതായിരുന്നു പ്രസ്തുത ചിന്താപദ്ധതി. ലൈംഗിക വിനോദത്തിന്റെ വ്യാവസായിക സാധ്യതകളാരായുന്ന കുത്തകഭീമന്മാർ പണമിറക്കി പൊലുപ്പിച്ച കൃത്രിമസിദ്ധാന്തങ്ങളും പ്രസാധനങ്ങളും പിന്നീട് മുറക്ക് നടന്നു. 1953 ൽ പ്രസിദ്ധീകരണമാരംഭിച്ച പ്ലേബോയ് മാഗസിൻ മുതൽ 1969ൽ ആൻഡി വാൻഹോൾ എന്ന സംവിധായകൻ പോൺമൂവി ചിത്രീകരിക്കുന്നത് വരെയായിരുന്നു ആ പദ്ധതിയുടെ ഗർഭകാലം. ജൈവിക ലൈംഗികത (sex), ലൈംഗികസ്വത്വം (Gender), ലിംഗനിരപേക്ഷത്വം (Gender nutrality) എന്നിവയുമായി ബന്ധപ്പെട്ട "ഞെട്ടിപ്പിക്കുന്ന" കണ്ടെത്തലുകൾ പുറത്തുവന്നുതുടങ്ങിയതിന്റെ സാമൂഹിക പശ്ചാത്തലം അതായിരുന്നു. "This planet needs sexual libaration" എന്നതിലേക്ക് ചുരുങ്ങുന്നതായിരുന്നു എല്ലാവിധ പഠനങ്ങളുടെയും രത്നസാരം. നേരത്തെ തയ്യാറാക്കിയ ശാസ്ത്രീയ ഭാഷ്യങ്ങൾ സഹിതം അപ്രതീക്ഷതമായി പൊട്ടിപ്പുറപ്പെട്ട സിദ്ധാന്തങ്ങൾക്ക് മുമ്പിൽ ലോകം ഒരിട പകച്ചുപോയി. പഠനലോകങ്ങൾ ലിംഗത്തിലേക്കും ലിംഗത്വത്തിലേക്കും കൂടുതൽ വ്യാപിച്ചതോടെ മറുവാഖ്യാനങ്ങൾക്കും മറുപടികൾക്കും കൂടുതൽ ശാസ്ത്രീയത കൈവന്നു. അപ്പോഴാണ് Sex Revalution അതിന്റെ പണിപ്പുര ശാസ്ത്രത്തിന്റെ ലാബിൽ നിന്നും രാഷ്ട്രീയത്തിന്റെ ഇല്ലങ്ങളിൽ ചെന്ന് പടർച്ച പരതിത്തുടങ്ങുന്നത്. ലിബറലിസം + മോഡേണിറ്റി = ഇൻഡിവിജ്വലിസം എന്ന രാസസമവാക്യം പുതിയരാഷ്ട്രീയ സാധ്യത തന്നെയായി മാറി. മതങ്ങളെ വിഴുങ്ങിയത് പോലെ ലിബറലിസം രാഷ്ട്രീയത്തെ കൂടി വിഴുങ്ങിയതോടെ കടുത്ത ഭരണകൂടവാദികളായ (Statists) ഇടതുഭരണകൂടങ്ങൾ പോലും വ്യക്തിവാദത്തിലേക്ക് ചുരുങ്ങി. വാസ്തവത്തിൽ, ലിംഗാതീത ലൈംഗിക വ്യവസായത്തിന്റെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി Hentro Normative Syndrom അഥവാ ആൺ- പെൺ ദ്വന്ദം എന്ന സ്വാഭാവിക കാഴ്ചപ്പാടായിരുന്നു. "സ്വാഭാവികത" സ്വാഭാവികമല്ലെന്നാക്കാൻ അവർ ആദ്യം നിശ്ചയിച്ച സെക്ഷ്വൽ ഗിയർ പൊസിഷനാണ് ന്യൂടാലിറ്റി. അതിന് വേണ്ടി മാത്രം പടയപ്പെട്ട സിദ്ധാന്തമാണ് ഹോമോസാപ്പിയൻ, Monomorphic അഥവാ സ്ത്രീ- പുരുഷദ്വന്ദം ജന്മനാ വഹിക്കാത്ത വർഗമാണെന്ന തീർപ്പുശ്രമങ്ങൾ. Dimorphism അഥവാ ലൈംഗികദ്വന്ദം പ്രകൃതമാണ് അല്ലാതെ പ്രാകൃതമല്ലെന്ന് തന്നെയാണ് ഏറ്റവും പുതിയ പഠനങ്ങൾ.

ടോപ്പിലേക്കും റിവേഴ്സിലേക്കും യഥേഷ്ടം വിഹരിക്കാവുന്ന "ന്യൂടാലിറ്റിയെ" ഇടതുലിബറലുകൾ പുൽകുന്നത് മുതലാളിത്തത്തിന്റെ ഉപകരണമായി പരിണമിച്ച ഇടതുബോധത്തിന്റെ വിലക്ഷണമാണ്.

"യൂറോപ്പിനെ നോക്കി പരിഷ്ക്കരിക്കൂ" എന്ന് പറയുന്ന വലത്തേ അറ്റത്താണ് ഇവിടത്തെ ഇടത്തേയറ്റം. അത്രനിഷ്കളങ്കമല്ല ഈ പിറകിലേക്ക് വലിക്കുന്ന മുന്നേറ്റനാട്യങ്ങൾ എന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന പത്ത് ന്യായങ്ങൾ തന്നെ മതിയാവും.

ഒന്ന് :

ഭൂമിശാസ്ത്രം,ചരിത്രം,

കാലാവസ്ഥ,സംസ്ക്കാരം,സാമ്പത്തികം തുടങ്ങിയ ഭൗതികവും സാങ്കേതികവും ആശയപരവുമായ ഘടകങ്ങൾ പരിഗണിച്ച് അതത് സമൂഹത്തിന്റെ സ്ഥിതിഗതികളെ സംബന്ധിച്ച യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് വേണം ഏത് തരം പുതിയ രീതിയും പരിചയപ്പെടുത്താൻ. ഭൂരിപക്ഷത്തിന് സ്വീകാര്യമായാൽ തന്നെ പ്രയോഗിച്ചും തിരുത്തിയും (Correction) മുന്നോട്ട് പോവുന്നതാണ് ശാസ്ത്രീയരീതി. ലിംഗത്വം,ലിംഗനിരപേക്ഷത്വം പോലുള്ള അസ്ഥിത്വജന്യമായ കാര്യങ്ങളാവുമ്പോൾ പ്രത്യേകിച്ചും. ശാസ്ത്രീയമാണെന്ന് വന്നാൽ തന്നെ നിലനിൽക്കുന്ന സാമൂഹിക ചട്ടങ്ങൾക്കെതിരാവാതിരിക്കുക കൂടി വേണം. ശാസ്ത്രവും നിയമവും മാത്രമല്ല വ്യക്തിജീവിതത്തിന്റെ ധർമ്മബോധത്തിന്റെ അടിസ്ഥാനം.

 

രണ്ട് :

ലിംഗ സമത്വം എന്ന ഭരണഘടനാപരമായ തത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി അസ്ഥാനങ്ങളിൽ 

ദുരുപയോഗപ്പെടുകയാണ്, ഔദ്യോഗികയിടങ്ങൾ പോലും വസ്തുനിഷ്ഠമായി സംസാരിക്കുന്നില്ല. 

ലിംഗ വിവേചനമില്ലാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടാനുള്ള അവസര സമത്വം എന്നതിനപ്പുറം "ലിഗം" എന്ന വിവേചനമില്ലാതെ എല്ലാവരെയും ഒന്നാക്കുക എന്ന ആശയം ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്നില്ല. ആൺ - പെൺ ലൈംഗിക സ്വത്വം അതിന്റെ വ്യത്യസ്ത സവിശേഷതകളോടെ പരിപാലിക്കപ്പെടുകയും അതോടൊപ്പം രണ്ടു വിഭാഗത്തിനും നിയമപരമായ പൊതുവിഷയങ്ങളിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ആശയത്തെ ലിംഗാതീത തലമുറയെ ഉൽപ്പാദിപ്പിക്കുക എന്നാക്കുന്നത് ഗുരുതരമായ ലൈംഗികബന്ധിത മനോരോഗങ്ങൾ വരുത്തിവെക്കാനേ കാരണമാവുകയുള്ളൂ.

 

മൂന്ന് :

ലിംഗപരമായ അസമത്വം ഇല്ലാതാക്കുക എന്നർത്ഥം വരുന്ന പ്രയോഗങ്ങളാണ് ന്യൂട്രാലിറ്റി എന്ന ആശയത്തെ സാധൂകരിക്കാൻ കൊണ്ടുവരപ്പെടുന്നത്. അത് കൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ അവ്യക്തത ബാക്കിയുണ്ട്. പുരുഷ - സ്ത്രീ ദ്വന്ദത്തെ ഇല്ലായ്മ ചെയ്യുക എന്ന കമ്പോളവൽകൃത ലൈംഗിക വ്യവസായത്തിന്റെയും വ്യക്തികേന്ദ്രീകൃത ഉദാരവാദത്തിന്റെയും സങ്കൽപ്പത്തെ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി നടപ്പിൽ വരുത്തിത്തുടങ്ങുക എന്നതാണെങ്കിൽ, അത്തരം രീതി നടപ്പിൽ വരുത്തി വിജയിച്ച മുൻമാതൃകകളും ശാസ്ത്രീയ പഠനങ്ങളുടെ പിൻബലവും ബന്ധപ്പെട്ടവർ ഹാജരാക്കേണ്ടതുണ്ട്. ഇത്ര വിശാലമായ അർത്ഥങ്ങൾ ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്നാണെങ്കിൽ ഉദ്ദേശിക്കുന്ന ആശയം എന്താണെന്ന കാര്യത്തിൽ സുതാര്യത വരുത്തുകയും വേണം.

നാല് :

ലിംഗപരമായ അസമത്വം ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിലൂടെ തന്നെ മറികടക്കണം എന്ന് പറയുന്നത് യുക്തിപരമല്ല.

ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കേവലം യൂണിഫോമുമായോ വസ്ത്രധാരണത്തോടോ ബന്ധപ്പെട്ടതല്ലെന്നും മറിച്ച് വിപുലമായ ലൈംഗിക സ്പെക്ട്രം എന്ന ആശയത്തെ ഉപജീവിച്ച് നിൽക്കുന്ന മറ്റൊരു ജീവിത രീതിയുടെ അടിത്തറയാണെന്നും ബോധപൂർവ്വം മറച്ചുവെക്കുന്നതും ഭംഗിവാക്കുകളിലൂടെ കേരളീയ സംസ്ക്കാരത്തോട് ചേരാത്ത കാര്യങ്ങളെ ഗ്ലോറിഫൈ ചെയുന്നതിനും വേണ്ടി ഭരണഘടനാപരമായ സൗകര്യങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടുകയാണ്. 

ജൻഡർ ന്യൂട്രാലിറ്റിയുടെ രണ്ടാം ഘട്ടം കൗമാരപ്രായത്തിലെത്തിയാൽ വിദ്യാർത്ഥികൾക്ക് Puberty Ban Treatment അഥവാ ഋതുമതിത്വ വർജ്ജന മുറ നൽകലാണെന്ന് ആ ആശയദാതാക്കൾ പരസ്യമായി പറയുന്ന കാര്യമാണ്. തദ്ഫലമായി നോർഡിക് രാജ്യങ്ങളിൽ Gender disconfirming syndrom അഥവാ താൻ ആണോ പെണ്ണോ എന്നറിയാതെ Gender Dysphoria എന്ന മനോരോഗം സാർവ്വത്രികമാകുന്നുവെന്ന ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ "പരിഷ്കരണവാദികൾ" മുഖവിലക്കെടുക്കണം. Nordic Paradox എന്ന ഇന്ന് ഏവർക്കുമറിയാവുന്ന ഭാഷാപ്രയോഗം വന്നത് അത് വഴിയാണ്. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്ക് ഈ മാനസിക പ്രയാസം മൂന്നിരട്ടി അധികമാണ് താനും.

അഞ്ച് :

ലിംഗപരമായ അസമത്വം ഇല്ലാതാക്കാൻ ലിംഗം തന്നെ ഇല്ലാതാക്കുക എന്ന് ഫലത്തിൽ വരുന്നത് തുഗ്ലക്ക് പരിഷ്ക്കാരം മാത്രമാവും. മറിച്ച്, കൂടുതൽ വിവേചനം നേരിടുന്നത് പെൺകുട്ടികളായതിനാൽ അവർക്ക് പ്രത്യേകം പരിഗണനയും ശ്രദ്ധയും നൽകുകയാണ് വേണ്ടത്.

അതിന് Gender Sensibility എന്നാണ് പറയുക. അതാണ് നമ്മുടെ നാടിന് ആവശ്യം. അതടിസ്ഥാനത്തിലാണ് പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും താവളങ്ങളും ആലയങ്ങളും നിർമ്മിക്കപ്പെടുന്നത്. അത്തരം റിസർവേഷനുകൾ ഇല്ലാതെ വന്നാൽ ഇന്നാട്ടിലെ സാധാരണ സ്ത്രീ സമൂഹം മാത്രമല്ല, ക്യാംപസുകളിലെ അധ്യാപികമാരും പെൺകുട്ടികളും നേരിടുന്ന വൈഷമ്യങ്ങൾ എത്ര വലുതായിരിക്കും എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് സാമൂഹിക ക്ഷേമവകുപ്പിനോട് ചോദിച്ച് മനസ്സിലാക്കണം. Gender Neutrality എന്ന ആശയം അപ്പറഞ്ഞതിന് നേർവിപരീതമാണ്.

പെൺകുട്ടികൾക്ക് പ്രത്യേകം കരുതൽ നൽകേണ്ടതില്ലെന്നും അവർ ഫലത്തിൽ ആൺകുട്ടികളായ് ബാഹ്യമായെങ്കിലും മാറണമെന്നും ശഠിക്കുന്നത് എത്ര ബാലിശമാണ്.

പാട്രിയാർക്കിക്കൽ ഡൊമിനൻസി അഥവാ ആൺകോയ്മയെ ആഘോഷിക്കാനല്ലേ പെൺകുട്ടികൾ കൽപ്പിക്കപ്പെടുന്നത്?

ആറ് :

പെൺകുട്ടികളുടെ കംഫർട്ട്നെസ്സാണ് മാനദണ്ഡമെങ്കിൽ ഭരണകൂടം എന്തിനാണ് പ്രത്യേകം ചട്ടം അടിച്ചേൽപ്പിക്കുന്നത്?

ബാലുശ്ശേരിയിൽ ജൻഡർ ന്യൂട്രൽ യൂണിഫോം ഉദ്ഘാടനം ചെയ്ത ശേഷം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തത് ലിംഗാതീത ബോധത്തിലേക്കുള്ള പെൺകുട്ടികളുടെ ചുവട് വെപ്പ് എന്നാണ്. ആ രീതിയെ കേരളത്തിലെ എത്ര ശതമാനം പെൺകുട്ടികൾ അംഗീകരിക്കുന്നുണ്ടെന്ന കണക്ക് സർക്കാറിന്റെ കൈവശമുണ്ടോ?

എന്താണ് ജൻഡർ ന്യൂട്രാലിറ്റി എന്നറിയാത്ത കൊച്ചുകുട്ടികളുടെ തുള്ളിച്ചാട്ടം മാനദണ്ഡമാക്കുകയാണെങ്കിൽ സ്ക്കൂളിന് അവധി നൽകിയാൽ അതിലേറെ കുട്ടികൾ തുള്ളിച്ചാടില്ലേ. വിവേകമുള്ളവരുടെ രക്ഷാകർതൃത്വമല്ലേ മാനദണ്ഡമാക്കേണ്ടത്?

ഏഴ് :

ലിംഗ അസമത്വമാണ് ഇന്ത്യ വിദ്യാഭ്യാസപരമായി പിന്നിലാവാൻ കാരണം എന്ന കാഴ്ച്ചപ്പാട് വാസ്തവ വിരുദ്ധമാണ്. ഉയർന്ന ജി.ഡി.പി ഉള്ള രാജ്യങ്ങളാണ് എല്ലാ കാര്യത്തിലെന്ന പോലെ വിദ്യാഭ്യാസ കാര്യങ്ങളിലും മുമ്പിൽ. സാമ്പത്തികമായ പിന്നോക്കാവസ്ഥയും ലൈംഗികതയും തമ്മിൽ ബന്ധമുള്ളതായി സാമൂഹിക പഠനങ്ങൾ നിലവിലില്ല.

എട്ട് :

ലൈംഗിക സ്വത്വം തിരിച്ചറിയാൻ പാകപ്പെട്ട പ്രായം എന്ന നിലയിൽ 18 നിശ്ചയിക്കുന്നതാകട്ടെ തീർത്തും അശാസ്ത്രീയമാണ് താനും.

ലോകത്ത് 12 മുതൽ 22 വരെയാണ് ആ പ്രായപരിധി. ശാസ്ത്രീയമായി ബൗദ്ധിക പ്രായപൂർത്തി 26 - 40 ആണ്. അത്തരം പ്രതിസന്ധിഘട്ടങ്ങൾ മന:പൂർവ്വം വരുത്തിവെക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കേണ്ടതുണ്ട്. ഈ ആശയത്തെ പിന്തുണക്കുന്നവർ പോലും, ലൈംഗിക സ്വത്വം തിരിച്ചറിയാൻ കഴിയാത്ത കുട്ടികളെ രക്ഷിതാക്കൾ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കണം, സ്റ്റേറ്റിന് ആ ചുമതലയില്ല എന്നേ പറയുന്നുള്ളൂ. ആരുടെ പുരോഗതി എന്നാണിവിടെ ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത്.

ഒമ്പത് :

ജൻഡർ ന്യൂട്രാലിറ്റി നടപ്പിൽ വന്നാൽ ഒരു വ്യക്തി ആജീവനാന്തം ലിംഗാധീതനായി തുടരണമോ, അതല്ലെങ്കിൽ നിശ്ചിത പ്രായമാവുമ്പോൾ ജൻഡർ കണ്ടെത്തേണ്ടതുണ്ടോ എന്ന കാര്യത്തിലുള്ള അവ്യക്തത ഔദ്യോഗിക നിർവ്വഹണങ്ങളെ ബാധിക്കും. കേവലം മാനസികമായ ഈ "ഇല്ലാത്ത" ഓറിയന്റേഷൻ മുൻനിർത്തി വ്യാജന്മാരെ കണ്ടെത്താൻ മൂർത്തമായ മാർഗങ്ങൾ ശാസ്ത്രലോകത്തില്ല. ആത്മനിഷ്ഠമായി ഓരോ വ്യക്തിയും ജൻഡർ തീരുമാനിച്ചാൽ സ്ത്രീ പീഡകരുടെ പറുദീസക്കാലമാവും ഭാവി. കണ്ടെത്തപ്പെടുന്ന ജൻഡറിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും ഏത് നിമിഷവും മാറാമെന്നിരിക്കേ, മനുഷ്യനെ മനുഷ്യനല്ലാതാക്കാൻ മാത്രം പ്രഹര ശേഷിയുള്ള ഈ കാഴ്ച്ചപ്പാട് അത്യന്തം അപകടരമാണ്.

പത്ത് :

ജൻഡർ ന്യൂട്രാലിറ്റി ഒരു ആധുനിക ആശയമാണെങ്കിൽ, മറ്റൊരു ആധുനിക ആശയമായ (യഥാർഥത്തിൽ അല്ല) സ്വവർഗകാമുകത (Homonormative) യുമായി അത് ഒത്തുപോവുന്നില്ല.കാരണം ലൈംഗിക ഛോദന ജന്മാർജ്ജിതവും ജനിതകവുമാണെന്നാണ് സ്വവർഗഭോഗികളുടെ ജൻഡർ രാഷ്ട്രീയം അവകാശപ്പെടുന്നത്. ചുരുങ്ങിയത് 18 വയസ് വരെയെങ്കിലും ജൻഡർ ന്യൂട്രലാണെന്ന് വന്നാൽ ജന്മനാ എങ്ങനെ സ്വവർഗതൽപരനാവും? അവിടെയപ്പോൾ അങ്ങനെയൊരു വർഗം തന്നെ ഇല്ലല്ലോ!

പതിനൊന്ന് :

ജൻഡർ ന്യൂട്രാലിറ്റി എൽ ജി ബി റ്റി ക്യു + ആക്ടീവിസത്തിന് പോലും എതിരാവുന്ന വേറെ തലങ്ങളും ഉണ്ട്. ഉദാഹരണത്തിന് രണ്ടെണ്ണം സൂചിപ്പിക്കാം. ആഗോള തലത്തിൽ LGBTQ + ആക്ടീവിസ്റ്റുകൾ മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ ചിലത്, ജൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി ഇവിടെ കഥയറിയാതെ ആട്ടം തുള്ളുന്നവരുടെ നിലപാടുകൾക്ക് കടകവിരുദ്ധമാണ്. പ്രകടമായ പതിനഞ്ചോളം വെരുധ്യങ്ങളിൽ കേമമായ രണ്ടെണ്ണം നോക്കാം. ഇവിടെ അതാഘോഷിക്കുന്നവരുടെ പ്രധാന ഉൽസാഹം സ്വവർഗ പ്രണയാതുരജീവിതങ്ങളെ അണിയറയിൽ നിന്നും അരങ്ങത്തെത്തിച്ച് പരമാവധി ദൃശ്യത നൽകുക എന്നതാണ്. സ്വകാര്യതയെ പ്രണയത്തിൽ നിന്നും ഒഴിവാക്കാനുള്ള രാഷ്ട്രീയ പിന്തുണയാവരുടെ രാഷ്ട്രീയം തന്നെ. എന്നാൽ ആഗോള ക്വിയർ ആക്ടീവിസം മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഒരാവശ്യം സ്വകാര്യതക്കുള്ള അവകാശം (Right for privacy) വകവെച്ച് കൊടുക്കണം എന്നാണ്. സ്വകാര്യയിടങ്ങൾ ഔദ്യോഗികമായി സമ്മതിക്കപ്പെട്ടാൽ മാത്രമേ സംഗതി റെഡിയാവൂ എന്ന് പറഞ്ഞാണ് അന്താരാഷ്ട്ര ബഹളങ്ങൾ.

മറ്റൊന്ന്, ആഗോള തലത്തിൽ അവർ ഉന്നയിക്കുന്ന മറ്റൊരാവശ്യം കുടുംബമായ് കൂടാനുള്ള (Freedom for family) അവകാശത്തിന് വേണ്ടിയാണ്. ഇവിടെ, ജൻഡർ ന്യൂട്രാലിറ്റി ക്രമേണെ കുടുംബ സംവിധാനത്തെ തകർക്കുമെന്ന ആരോപണത്തിന്, അതൊക്കെ പാട്രിയാർക്കിക്കൽ വിലാപങ്ങളാണെന്ന വലിയ വർത്താനങ്ങളാണ് ചിലർ തട്ടിവിടുന്നത്. മറ്റുചിലരാവട്ടെ, എന്തിന് കുടുംബം എന്ന പരിമിതി, പാറിപ്പറക്കട്ടെ പുതിയകാലം എന്ന അപ്പൂപ്പൻ താടി സിദ്ധാന്തക്കാരുമാണ്. രസം അതല്ല, കുടുംബം നിർമ്മിക്കാൻ കോടതി കനിയണമെന്ന് പറയുന്നവരുടെ ന്യായവാദങ്ങളാണ് : കുടുംബമായി വ്യവസ്ഥ വന്നില്ലെങ്കിൽ സ്വവർഗ പങ്കാളി മടുക്കുമ്പോൾ പിരിയും, പലരും വഴിയാധാരവും എടുക്കാച്ചരക്കുമാവും. പങ്കാളി മരിച്ചാൽ അനന്തര സ്വത്ത് കിട്ടുമെങ്കിലല്ലേ ജീവിതം നൽകുമ്പോൾ ഗ്യാരണ്ടി പറയാനാവൂ, അങ്ങനെ പോവുന്നു കഥകൾ.

പന്ത്രണ്ട് :

എല്ലാവരെയും ഒരുപോലെയാക്കുക എന്ന Uniformity അല്ല, നാനാത്വത്തിൽ ഏകത്വം എന്ന Unity യാണ് കരണീയം.

വിവേചനങ്ങളവസാനിക്കാൻ വ്യത്യസ്തതകളെ നശിപ്പിക്കുകയോ വൈവിധ്യങ്ങളെ മൂടിവെക്കുകയോ അല്ല വേണ്ടത്. വിവേചനചിന്താഗതി മാറ്റിയെടുക്കുകയാണ് വേണ്ടത്. ദലിതർ അവഗണിക്കപ്പെടുന്നതിന് പരിഹാരം ഭരണകൂടം ദലിതരെ സവർണരായി പ്രഖ്യാപിക്കലോ മറിച്ചോ അല്ല. ദലിതരെ അവരുടെ സാംസ്‌ക്കാരിക തനിമ നിലനിർത്തി മുഖ്യധാരയിലെത്തിക്കലാണവിടെ പോംവഴി. വ്യത്യസ്തകളെ വ്യത്യസ്തതയോടെ പരിപാലിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ നാനാത്വങ്ങളുടെ ഏകീകരണം എന്നാക്കുന്ന പ്രവണത ശരിയല്ല. നാലിനെയും കൂടി ഒന്നാക്കലല്ല, മറിച്ച് നാലിനെയും നാലായി വിടുന്ന ഒരിടമാവലാണ് നാടിന് നല്ലത്.

പതിമൂന്ന് :

കഴിഞ്ഞ ദിവസം, ലൈംഗിക പീഡന കുറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന വിധിന്യായത്തിൽ സൂചിപ്പിക്കപ്പട്ട കാര്യം ശ്രദ്ധേയമാണ്. കാമാതുരതയുണർത്തും വിധം വസ്ത്രം അസ്ത്രമാവുന്ന സന്ദർഭങ്ങളുണ്ടാവും. അത് നിർണ്ണയിക്കാൻ നിയമത്തിനോ ശാസ്ത്രത്തിനോ പറ്റില്ല. സാമൂഹിക മര്യാദ എന്ന ഒന്നാം പാഠമാണ് ജീവിതത്തിന്റെ തന്നെ തലക്കെട്ട്.

അതിനിടയിലെ ചേലാകർമ്മം.

സ്വയം സ്തനം ഛേദിച്ചതിൽ വേദനിക്കുന്ന അമ്മയുടെ ദൃശ്യം മനുഷ്യഹൃദയങ്ങളെ നൊമ്പരപ്പെടുത്തുമ്പോൾ തന്നെയാണ് ഇസ്ലാമിൽ നിന്നും പുറത്തുപോയി ഇസ്ലാമിനെ പറയാൻ സംഘടനയുണ്ടാക്കി ജീവിക്കുന്ന, സവർണ്ണ നാസ്തികരുടെ ചാവേർ പടയായ ഒരുകൂട്ടർ ഇസ്ലാമിലെ ചേലാകർമ്മം നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തത്. 18 ന് വയസ്സിന് മുമ്പുള്ള മാർഗക്കലാണമാണത്രെ നിരോധിക്കേണ്ടത്. പുരുഷന്റെ ജനനേന്ദ്രിയവ്യൂഹം പൂർണ്ണമായും ഛേദിച്ച് അവിടെ ദ്വരമുണ്ടാക്കി പത്തിലേറെ ചെറുതും വലുതുമായ സർജറികൾ ചെയ്ത് ഒരാൾ സ്ത്രീയായി മാറുന്നതിൽ അവർക്ക് വേദനയോ കടച്ചിലോ ഇല്ല. സെക്ഷ്വൽ റീ അസൈൻമെന്റ് എന്ന ലോകത്ത് ഒരിടത്തും പൂർണ്ണമായി സാധ്യമാവാത്ത ഒരു കാര്യത്തിന് വേണ്ടി പ്രലോഭനം പരത്തി ക്യാംപയിൻ നടത്തുന്നതിലും അവർക്ക് പരാതിയില്ല. ജനിക്കുന്ന കുട്ടിക്ക് സ്വയം പാലൂട്ടാൻ സാധിക്കാത്ത വിധം സ്തനങ്ങൾ മുറിച്ചെടുക്കുന്നവർ പിറക്കുന്ന പൈതലിന് അവകാശപ്പെട്ട മുലപ്പാൽ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘമാവുമെന്ന , അത്തരക്കാർക്ക് ഗർഭംധരിക്കുന്നത് കുറ്റകൃത്യമാക്കണമെന്ന നിയമജ്ഞരുടെ തന്നെ നിരീക്ഷണങ്ങൾ അവർക്ക് ബാധകമാവുന്നില്ല. ലിംഗത്തിന്റെ ഉപരിചർമ്മം (For skin ) മാത്രം നീക്കുന്നതാണ് അവർ നിരോധിക്കാൻ നടക്കുന്ന ഇസ്ലാമിലെ ചേലാകർമ്മം. അത് ലിംഗാഗ്രത്തിലെ (Glanza ) പൂപ്പലുകൾ (Smegmas) വൃത്തിയാക്കാൻ എളുപ്പമാവുമെന്നും ലൈംഗിക രോഗങ്ങൾ ഇല്ലാതാവുമെന്നുമുള്ള നൂതനമായ ശാസ്ത്രീയ പഠനങ്ങൾ അവർ കാണാറില്ല. ലൈംഗികാർബുദം വ്യാപകമായ നാടുകളിൽ ചേലാകർമ്മമാണ് ചികിൽസയുടെ ആദ്യമുറ തന്നെ, അതേസമയം അന്ധവിശ്വാസം, അടിച്ചമർത്തൽ തുടങ്ങിയ കാരണങ്ങളാൽ തെറ്റായ രീതികളിൽ നടക്കുന്ന അപകടരമായ ചേലാകർമ്മങ്ങൾ ലോകത്തുണ്ട്. അതാവട്ടെ മുസ്ലിംകൾക്കിടയിലല്ല താനും. ഇസ്ലാമിലെ, ചേലാകർമ്മത്തിന്റെ ആരോഗ്യ നേട്ടങ്ങൾ വിശദീകരിക്കുന്ന മെഡിക്കൽ ജേർണൽ പഠനങ്ങൾ ആർക്കും സുലഭമാണ്. ബൈബിളും തോറയും പുണ്യകരമാക്കിയ സെമിറ്റിക് സംസ്ക്കാരം കൂടിയാണത്. കാത് കുത്തുന്നതും മൂക്ക് കുത്തുന്നതുമടക്കം ദേഹം തുളക്കുന്നത് പോൺ ടോയിസ് രഹസ്യഭാഗങ്ങളിൽ അറ്റാച്ച് ചെയ്ത് ഘടിപ്പിക്കുന്നതും അവർക്ക് മനുഷ്യാവകാശമാണെന്നത് കൂടി ഓർക്കണം. പതിനെട്ട് വയസ് തികയും വരെ പാരന്റിംഗിന്റെ കാലമാണ്. അത്രയും വയസ്സ് വരെ യുക്തിവാദികൾ മക്കളെ പഠിപ്പിക്കാതെ, ശരിപ്പെടുത്താതെ പൊത്തിൽ വെക്കാറാണോ പതിവ്. മക്കൾ സ്വതന്ത്രമായി വളരട്ടെ എന്ന കാഴ്ചപ്പാട് തന്നെ രക്ഷിതാക്കളുടെ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കലല്ലേ?

മനുഷ്യന്റെ നൈസർഗിക പ്രകൃതം ആരെങ്കിലും അവരെ പരിപാലിച്ച് വളർത്തണം എന്ന സനാഥത്വ ബോധമാണ്.ആഫ്രിക്കൻ ചേലാകർമ്മമല്ല ഇസ്ലാമിലേത്.

സ്ത്രീയുടെ ചേലാകര്‍മം (ഫീമെയില്‍ സര്‍കംസിഷന്‍) ഇസ്‌ലാമുമായോ മറ്റു മതങ്ങളുമായോ ബന്ധപ്പെട്ട വിഷയമല്ല. സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ലോകനാഗരികതകളുമായും ഉപോല്‍പ്പന്നങ്ങളായ വിവിധ സംസ്‌കാരങ്ങളുമായും ബന്ധപ്പെട്ട ആചാരമാണ്. അതുസംബന്ധിച്ച് ലോകത്ത് വിവിധ സര്‍വകലാശാലകളുടെ കീഴില്‍ ഗഹനമായ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പഠനങ്ങള്‍ പ്രകാരം ‘യോനീഛേദക്രിയ’ വൈദ്യശാസ്ത്രത്തിന്റെ വിഷയമല്ല. ലാറ്റിനമേരിക്ക,ആഫ്രിക്ക,ചില ദ്വീപ് ഗോത്രസമൂഹങ്ങള്‍ എന്നിവയില്‍ പ്രാചീനകാലം മുതലും മധ്യേഷ്യ,യൂറോപ്പ്,അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയിടങ്ങളില്‍ മധ്യകാലം മുതലും ഈ ആചാരം വിവിധ രൂപത്തില്‍ നടന്നുവരുന്നു. അനാചാരം,അത്യാചാരം,

ആചാരം എന്നീ ത്രിതലമാനങ്ങളില്‍ ഇതു വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇരുപതു രാജ്യങ്ങളിലെങ്കിലും സ്‌ത്രൈണ പ്രജനനാവയവങ്ങളുടെ വിവിധ ഭാഗങ്ങള്‍ മുഴുവനായോ ഭാഗികമായോ ഛേദിച്ചുകളയുന്ന സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നാണു സാമൂഹികവിശാരദനും ഭിഷഗ്വരനുമായ ഡോ.ഡസ്മണ്ട് മോറിസ് രേഖപ്പെടുത്തുന്നത്. (നഗ്‌നനാരി- മാതൃഭൂമി പബ്ലിക്കേഷന്‍സ്).

ഇതുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പഠനം നാന്‍സി എഹ്‌റെന്റിക്ക്,മാര്‍ക്ക്ബാര്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച ‘ഇന്റര്‍സെക്‌സ് സര്‍ജറി, ഫീമെയില്‍ ജനിറ്റല്‍ കട്ടിങ് ആന്‍ഡ് ദ് സെലക്ടീവ് കണ്ടംനേഷന്‍ ഒാഫ് കള്‍ച്ചറല്‍ പ്രാക്ടീസസ്‘ എന്ന ഗവേഷണ കൃതിയാണ്. സ്‌ത്രൈണ ചേലാകര്‍മവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പഠനങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ട കൃതിയെന്ന നിലയില്‍ അത് വേറിട്ട് നില്‍ക്കുന്നു. സ്ത്രീകള്‍ക്കിടയിലെ ചേലാകര്‍മം സാമ്പ്രദായിക മുസ്‌ലിംകളുടെയും ചില ആഫ്രിക്കന്‍ നാടുകളുടെയും അപരിഷ്‌കൃതമായ ആചാരമാണെന്ന മൂടിക്കെട്ടല്‍ എത്രത്തോളം ഭീമാബദ്ധമാണെന്ന് അതു വായിച്ചാല്‍ ബോധ്യമാവും. ശരിതെറ്റുകള്‍ക്കപ്പുറം, ഇന്നു മൂന്നു രൂപങ്ങളിലുള്ള യോനി ഛേദക്രിയകളാണു സ്ത്രീ ചേലാകര്‍മത്തിനു ലോകത്തുള്ളത്. പൊതുവായി അവ ‘ശിശ്‌നികാഗ്രഛേദം’ (ഫീമെയില്‍ സര്‍കംസിഷന്‍) എന്നറിയപ്പെടുന്നു. ഇതിന്റെ രണ്ടു രൂപങ്ങളാണു ഫീമെയില്‍ ജനിറ്റല്‍ കട്ടിങും ലൈംഗികാന്തര ശസ്ത്രക്രിയയും. സ്‌ത്രൈണ പ്രജന നാവയവത്തിന്റെ ഭഗാധരങ്ങള്‍ മാത്രം നുള്ളിക്കളയുന്ന രീതിയാണു പൊതുവെ നിലവിലുള്ളത്. ഈ രീതി ഇപ്പോള്‍ അമേരിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ചില അറബ് നാടുകളിലും അനുഷ്ഠിക്കപ്പെടുന്നു. ചിലര്‍ ഗുരുതരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഭഗാധരങ്ങളും ഭഗശിശ്‌നികയും മുറിച്ചുകളയുകയോ ചീകിക്കളയുകയോ ചെയ്തു യോനീദ്വാരം മൂത്രസരിത്തിനും ആര്‍ത്തവ ഒഴുക്കിനുമുള്ള വിടവു മാറ്റിനിര്‍ത്തി തുന്നിക്കൂട്ടുന്ന സമ്പ്രദായമാണത്. അതിന് ഇന്‍ഫിബുലേഷന്‍ എന്നാണു പറയുക. മുകളില്‍ പരാമര്‍ശിക്കപ്പെട്ട രീതികള്‍, സൂചിപ്പിക്കപ്പെട്ട നാടുകളില്‍ സാര്‍വത്രികമായി നടന്നുകൊണ്ടിരിക്കുന്നു എന്നല്ല പറഞ്ഞത്. സാമൂഹികമോ സാംസ്‌കാരികമോ ആയ പ്രേരണകളാല്‍ പ്രാക്തനകാല ശീലങ്ങളായിപ്പോലും എല്ലാതരത്തിലുമുള്ള സ്ത്രീചേലാകര്‍മങ്ങളെയും എതിര്‍ക്കുന്നില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണ്. എഏഇയിലെ മാനുഷികവിരുദ്ധമല്ലാത്ത ചില രീതികളെ അവര്‍ സംസ്‌കാരത്തിന്റെ ഭാഗമായി വകവച്ചു കൊടുക്കുന്നുണ്ട്. സ്ത്രീ ചേലാകര്‍മങ്ങളുടെ പ്രേരകഘടകങ്ങള്‍ നോക്കിയാലും വൈവിധ്യങ്ങള്‍ കാണാനാകും. ആഫ്രിക്കയിലെ ആധുനികരീതികളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്; അവര്‍ക്ക് അതു വിശ്വാസത്തിന്റെ ഭാഗമാണ്. അമേരിക്കയിലും യൂറോപ്പിലും കറുത്തവര്‍ഗക്കാര്‍ക്കിടയിലെ സ്ത്രീകളുടെ പ്രത്യുല്പാദനശേഷി ഇല്ലാതാക്കാനായി വെളുത്തവര്‍ഗക്കാരായ ഭരണാധികാരികള്‍ ക്രൂരമായ ചേലാകര്‍മക്രീഡകള്‍ നടപ്പില്‍ വരുത്തിയിരുന്നു.അതിലേറെ വൈചിത്ര്യം, നിരന്തരമായ ലൈംഗികാനന്ദത്തിനായി മധ്യകാല യൂറോപ്പിലെ വരേണ്യവിഭാഗത്തിലെ സ്ത്രീകള്‍ പ്രത്യേക തരത്തില്‍ ശിശ്‌നികാഗ്രഛേദം ആവിഷ്‌കരിച്ചിരുന്നുവെന്നതാണ്. മറ്റൊന്ന്, സ്ത്രീലൈംഗികാവയവങ്ങളുടെ ശാരീരികമോ വൈകാരികമോ ആയ ന്യൂനതകള്‍ പരിഹരിക്കാനുള്ളതാണ്. ഇതു വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്.

ചുരുക്കത്തില്‍, സ്ത്രീചേലാകര്‍മമെന്നത് ഒരു സാംസ്‌കാരികാചാരമാണെന്നും അവയില്‍ അതിക്രൂരവും മാനവികവിരുദ്ധവുമായ

രീതിയിലുള്ളതു മുതല്‍ സാധാരണരീതിയിലുള്ളതുവരെയുണ്ടെന്നും മനസ്സിലാക്കാം. പ്രധാന കാര്യം, ഇന്റര്‍നെറ്റിലും അക്കാദമിക് ലൈബ്രറികളിലും ലഭ്യമായ ഫെമിനിസ്റ്റ് പുസ്തകങ്ങളിലും സാമൂഹികനിരൂപണങ്ങളിലും അപരിഷ്‌കൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയപ്പെട്ടത് അക്കൂട്ടത്തില്‍ ചിലതിനെ സംബന്ധിച്ചാണ്. ആ നിരൂപണമൂശയിലും വിമര്‍ശനഭാഷയിലുമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായ ‘മുസ്‌ലിം സ്ത്രീ ചേലാകര്‍മം’ വായിക്കപ്പെടുന്നത് എന്നതാണു ഖേദകരം. മേല്‍ പറയപ്പെട്ട ക്രിയകളില്‍ ചിലത്, പ്രജന നശേഷി, ലൈംഗികാസക്തി,രതിമൂര്‍ച്ഛ തുടങ്ങിയവയെ ഇല്ലാതാക്കും. അതിന്റെ ‘ഇര’ ചിലപ്പോള്‍ കടുത്ത മാനസികക്ഷോഭത്താല്‍ ഹതാശയായി മാറുകയും ചെയ്യും. അത്തരം ആരോപണങ്ങള്‍ കേട്ട് അസ്ഥാനത്ത് തരിപ്പു കയറിയവരാണ് അവയൊന്നുമല്ലാത്ത ‘ഖിതാനുല്‍മര്‍അതി’നെതിരേ രംഗത്തു വരുന്നത്. ഇസ്‌ലാമിക സ്ത്രീചേലാകര്‍മവും മറ്റൊരര്‍ഥത്തില്‍ സാംസ്‌കാരികം തന്നെയാണ്. നാഗരികതകളുടെ സംഗമഭൂമിയിലാണു പ്രവാചകനിയോഗം നടന്നത്. ഒന്നര സഹസ്രാബ്ദങ്ങള്‍ക്കു മുമ്പത്തെ പ്രധാന ലോകസംസ്‌കൃതികളായ പേര്‍ഷ്യന്‍,റോമന്‍, ഇന്ത്യന്‍,അറബ് സമൂഹങ്ങളുടെ മധ്യകേന്ദ്രമായിരുന്നു പ്രവാചകന്റെ കേളീനിലമായ ഹിജാസ്. ഇസ്‌ലാമിനെ അയത്‌നലളിതമായി പ്രചരിപ്പിക്കല്‍ ചില നാഗരികശീലങ്ങളെ പ്രവാചകന്‍ പഴയതുപോലെ സമ്മതിച്ചു കൊടുത്തിരുന്നു. ഭാഷ,വേഷം,ഭക്ഷണം,പേരുകള്‍ തുടങ്ങിയവയില്‍ പിഴവില്ലാത്തതിനെ നബി തിരുമേനി(സ) നിലനിര്‍ത്തിയത് ഇസ്‌ലാമിനെ പ്രകൃതിയുടെ മതമായി വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ്.

മനുഷ്യന്റെ നൈസര്‍ഗികവും ആത്മീയവും ജൈവികവുമായ എല്ലാ നന്മകളെയും പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണു മൂവായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ചേലാകര്‍മം നബി (സ) നിലനിര്‍ത്തുന്നത്. ഇബ്രാഹിം നബി (അ)മിന്റെ സഞ്ചാരപഥം മെസപ്പെട്ടോമിയ മുതല്‍ ഫലസ്തീന്‍ വരെയായിരുന്നു. അന്ത്യപ്രവാചകന്റെ കാലമാകുമ്പോഴേയ്ക്ക് ഈ പ്രവിശാലമായ പ്രവിശ്യയിലെ ഇബ്രാഹീമി മതം വികലമായിപ്പോയിരുന്നു. പക്ഷേ, ജനങ്ങള്‍ അനുവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ ശീലങ്ങളില്‍ ചേലാകര്‍മം നിലനിന്നു. വൃത്തിയുടെ ഭാഗമായി അറേബ്യന്‍ പെനിന്‍സുല അതിനെ അന്ത്യപ്രവാചകനു മുമ്പേ നിലനിര്‍ത്തി.

അതുകൊണ്ടാണ് നബി (സ്വ) യുടെ കാലത്തു കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് ആളുകള്‍ വന്ന വിപ്ലവഗാഥകളിലൊന്നും ‘മാര്‍ഗകല്യാണ’ങ്ങളുടെ കഥകള്‍ കാണാത്തത്. ആഫ്രിക്ക,യൂറോപ്പ്,മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്നെല്ലാം മദീനയിലേക്കു മതംകൂടാന്‍ ആളുകള്‍ വന്നിട്ടുണ്ട്. പക്ഷേ, മദീനയില്‍ ഒരു ‘സുന്നത്ത് കല്യാണ ക്യാംപ് ‘ നടത്തേണ്ടിവന്നിട്ടില്ല. അതു നാഗരികതയുടെ സംഭാവനയാണ്. സ്ത്രീകളും ആരോഗ്യത്തിനു ഹാനികരമല്ലാത്ത ചേലാകര്‍മം പ്രവാചകാഗമനത്തിനു മുമ്പേ ചെയ്തുവന്നിരുന്നു. ഇസ്‌ലാം അതിനെ വ്യവസ്ഥപ്പെടുത്തിക്കൊണ്ടു നിലനിര്‍ത്തി. ഭഗാധരങ്ങളുടെ പുറത്തുള്ള അനാവശ്യമായ തൊലിമാത്രം നുള്ളിക്കളയലാണ് ഇസ്‌ലാമിലെ സ്ത്രീ ചേലാകര്‍മം. അതൊരിക്കലും ശിശ്‌നികാഗ്രഛേദമല്ല. ഗ്രന്ഥങ്ങളില്‍ പറഞ്ഞതുപോലെ ചര്‍മഛേദം മാത്രമാണ്.

അത്തറിനെയും പെണ്ണിനെയും പുഷ്പത്തെയും ഒരേ ചരടിലെണ്ണിയ മാനവികസുഗന്ധമാണു മുഹമ്മദീയത. ധിഷണയും സ്‌നേഹവും ഭാവനയും പൂര്‍ണമായ ഒരു മനുഷ്യനേ അങ്ങനെ കോര്‍ക്കാനാവൂ. മറ്റൊരിടത്തു സ്ത്രീയെ സ്ഫടികത്തോടാണു നബി ഉപമിച്ചത്. ഐഹികവിഭവങ്ങളുടെ തലപ്പത്തു സ്ത്രീസൗന്ദര്യത്തെ പ്രതിഷ്ഠിച്ച പ്രായോഗികവാദികൂടിയാണു പ്രവാചകന്‍. അങ്ങനെയൊരാള്‍ക്കു സ്ത്രീയെ വേദനിപ്പിച്ചു പീഡിപ്പിക്കുന്ന സംസ്‌കാരം നിലനിര്‍ത്താനാവില്ല. പ്രവാചകനെ സ്ത്രീമോഹിയായി വികലമാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ആ പ്രവാചകന്റെ മതം സ്ത്രീലൈംഗികസ്വാതന്ത്ര്യത്തെ ഛേദിക്കുന്നുവെന്നു വിലപിക്കുന്നതെന്നതാണു വിരോധാഭാസം. ചില വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാതെ വയ്യ. സ്ത്രീയുടെ ശരീരം മുറിക്കുന്നതാണു ചിലര്‍ കാണുന്ന അനൗചിത്യം. പുതിയ ലെസ്ബിയന്‍ കോസ്മറ്റോളജിയുടെ ഭാഗമായ ശസ്ത്രക്രിയ പ്രകാരം സ്ത്രീ ലൈംഗികാവയവം വിവിധ രൂപങ്ങളില്‍ തുളച്ച് സെക്‌സ്‌ടോയിസ് ഘടിപ്പിക്കുന്നത് ആധുനികതയുടെ ഭാഗമാണ്. നിലക്കാത്ത ലൈംഗികാസ്വാദനത്തിനായി ഇങ്ങനെ വിവിധ രൂപങ്ങളില്‍ ഓപ്പറേഷനുകള്‍ നടക്കുന്നുവെന്ന് അന്വേഷണവായനയില്‍ ആര്‍ക്കും കണ്ടെത്താം. അതു പുതിയൊരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നതിനാല്‍ ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശമാണ്! ബോളിവുഡ് നടിമാരെ അനുകരിച്ച് മലയാളി സ്ത്രീകള്‍ മൂക്കിനു കുത്താന്‍ തുടങ്ങി. കര്‍ണാഭരണദ്വാരവും അങ്ങനെ തന്നെ. കേരളം പോലൊരു നാട്ടില്‍ ഇന്ന് അതു നിലവിലില്ലാത്തതിന്റെ കാരണം നിപുണകളായ സഹവര്‍ത്തിനികളുടെ അഭാവമാണ്; സാംസ്‌കാരിക മാറ്റം. മുസ്‌ലിംസ്ത്രീകള്‍ക്ക് അതു ഖണ്ഡിതമായി നിര്‍ബന്ധമല്ല താനും. വൃത്തിക്കും ആരോഗ്യത്തിനും ഇസ്‌ലാമിക ചേലാകര്‍മം ഉത്തമമാണെന്ന മെഡിക്കല്‍ പഠനങ്ങള്‍ ധാരാളമുണ്ട്. ഛേദിച്ചു കളയേണ്ട ഭാഗം സൃഷ്ടിപ്പില്‍ പൂര്‍ണനായ സ്രഷ്ടാവ് എന്തിനുണ്ടക്കി എന്നതാണു ചില യുക്തിവാദികളെ അലട്ടുന്ന സംശയം. ബ്രാന്‍ഡഡ് കമ്പനികള്‍ ഒരുല്‍പന്നം പുറത്തിറക്കുമ്പോള്‍, ഏറ്റവും പ്രധാനഭാഗങ്ങള്‍ കവര്‍ ചെയ്തിട്ടു മാത്രമേ പുറത്തിറക്കാറുള്ളൂ, മുഖാവരണം നീക്കം ചെയ്താലേ ഉപയോഗം എളുപ്പത്തില്‍ ആവുകയുള്ളൂ എന്ന് യുക്തികൊണ്ട് തിരിച്ചു ചിന്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ അതിലുള്ളൂ.

Loading comments...

Leave a Reply