വിശുദ്ധ ഖുർആൻ സംരക്ഷണവുമായി ബന്ധപ്പെട്ട പത്ത് സന്ദേഹങ്ങളുടെ നിജസ്ഥിതി പറയുന്നു.


അല്ലാഹുവിന്റെ അനാദിയായ അനവദ്യ വചനമാണ് (കലാമുല്ലാഹ്) ഇസ്‌ലാമിക വിശ്വാസത്തിൽ ഖുർആൻ. 

1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ്നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടത് മുതൽ ഖുർആൻ അക്ഷരപ്രോക്തമായും ആശയഭദ്രമായും  സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. എന്നിരുന്നാലും, പാരായണഭേദങ്ങൾ (Variant Readings), കയ്യെഴുത്തുപ്രതികളിലെ വ്യത്യാസങ്ങൾ, ആദ്യകാല ക്രോഡീകരണ പ്രക്രിയകൾ എന്നിവയെ അടിസ്ഥാനമാക്കി വിമർശകർ ചില ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. അവയ്ക്കുള്ള മറുപടികൾ താഴെ നൽകുന്നു.

ആരോപണം:
ഖുർആൻ ക്രോഡീകരിച്ചത് വൈകിയാണ്, പ്രവാചകന്റെ കാലത്തല്ല.

വാദം:                                       പ്രവാചകൻ ﷺ യുടെ ജീവിതകാലത്ത് ഖുർആൻ ക്രോഡീകരിച്ചിട്ടില്ല, അതിനാൽ അതിന്റെ യഥാർത്ഥ ഉള്ളടക്കത്തിന് ഉറപ്പില്ല.

മറുപടി:
പ്രവാചകന്റെ ﷺ കാലത്തെ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ സംരക്ഷണം ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്.

പ്രവാചകൻ ﷺ യുടെ ജീവിതകാലത്ത് തന്നെ ഖുർആൻ വാക്കാലുള്ള രൂപത്തിലും എഴുതപ്പെട്ട രൂപത്തിലും സംരക്ഷിക്കപ്പെട്ടിരുന്നു. സെയ്ദ് ബിൻ സാബിത്, മുആവിയ ബിൻ അബി സുഫിയാൻ, ഉബയ്യ് ബിൻ കഅബ് (رضي الله عنهم) തുടങ്ങി നാല്പതിലധികം സ്വഹാബികളെ ഔദ്യോഗിക എഴുത്തുകാരായി നിയമിച്ചിരുന്നു. ഒരു വചനം അവതരിക്കുമ്പോൾ തന്നെ പ്രവാചകൻ ﷺ അത് അവരെക്കൊണ്ട് എഴുതിപ്പിക്കുമായിരുന്നു. അതോടൊപ്പം നൂറുകണക്കിന് സ്വഹാബികൾ ഖുർആൻ മനഃപാഠമാക്കിയവരായിരുന്നു (ഹാഫിളുകൾ). ക്രോഡീകരണം   നിര്യാണാനന്തരമുള്ള ഔദ്യോഗിക രൂപരേഖ മാത്രമായിരുന്നു. യമാമ യുദ്ധത്തിൽ നിരവധിഖുർആൻ ഹൃദ്യസ്തർ രക്തസാക്ഷികളായതോടെ, ഉമർ ബിൻ ഖത്താബ് (റ)വിന്റെ നിർദ്ദേശപ്രകാരം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ)വാണ് ഔദ്യോഗിക ക്രോഡീകരണം ആരംഭിച്ചത്. സെയ്ദ് ബിൻ സാബിത് (റ) ഇതിന് നേതൃത്വം നൽകി. ഒന്നിലധികം സാക്ഷികളുടെ സാന്നിധ്യത്തിൽ മാത്രം വചനങ്ങൾ സ്വീകരിച്ചുകൊണ്ട് അതീവ ജാഗ്രതയോടെയാണ് ഇത് നിർവ്വഹിച്ചത്.

ഖലീഫ ഉസ്മാൻ (റ)ന്റെ കാലത്തെ ഏകീകരണം:
ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചപ്പോൾ ഉച്ചാരണ ശൈലികളിൽ (ഡയലക്റ്റുകൾ) തർക്കങ്ങൾ ഉടലെടുത്തു. ഇത് പരിഹരിക്കാൻ ഖലീഫ ഉസ്മാൻ (റ) ഖുറൈശി ശൈലിയിലുള്ള ഔദ്യോഗിക പ്രതികൾ തയ്യാറാക്കി പ്രധാന നഗരങ്ങളിലേക്ക് അയച്ചു. ഇത് പുതിയൊരു ഖുർആൻ നിർമ്മിക്കലല്ല, മറിച്ച് നിലവിലുള്ളതിനെ ഏകീകരിക്കലായിരുന്നു. യാതൊരു വിധമാറ്റങ്ങങ്ങളും വരുത്തിയതിന് ചരിത്രപരമായ തെളിവുകളില്ല. സൻആ കയ്യെഴുത്തുപ്രതി, ടോപ്കാപ്പി മുസ്ഹഫ് എന്നിവ ഇന്നും നിലവിലുള്ള ഖുർആനുമായി പൊരുത്തപ്പെടുന്നു. ആർതർ ജെഫ്രിയെപ്പോലുള്ള അമുസ്‌ലിം പണ്ഡിതന്മാർ പോലും ഖുർആൻ പ്രവാചകന് ശേഷം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ല.

ആരോപണം:                           ഒന്നിലധികം ഖുർആനുകൾ ഉണ്ടായിരുന്നു, ഇത് വൈരുദ്ധ്യങ്ങളെ സൂചിപ്പിക്കുന്നു.

മറുപടി:
പതിപ്പുകൾ(Versions)എന്ന പദത്തിന്റെ തെറ്റായ ഉപയോഗമാണ് പ്രശ്നം.

ഇവിടെ 'പതിപ്പുകൾ' എന്നതിനെ 'വായനാഭേദങ്ങൾ' (قراءات ) 'ശൈലീഭേദങ്ങൾ' (أحرف ) എന്നിവയുമായി തെറ്റായി കൂട്ടിക്കുഴയ്ക്കുകയാണ് ചെയ്യുന്നത്. ഇവ വ്യത്യസ്ത ഉള്ളടക്കങ്ങളല്ല, മറിച്ച് അർത്ഥവ്യത്യാസമില്ലാതെ പ്രവാചകൻ ﷺ തന്നെ അനുവദിച്ച ഉച്ചാരണ രീതികളാണ്.

വൈവിധ്യങ്ങൾക്ക്
പ്രവാചകന്റെ അനുമതി:
പ്രവാചകൻ ﷺ പറഞ്ഞു:

   إِنَّ هَذَا الْقُرْآنَ أُنزِلَ عَلَى سَبْعَةِ أَحْرُفٍ، فَاقْرَءُوا مَا تَيَسَّرَ مِنْهُ

"തീർച്ചയായും ഈ ഖുർആൻ ഏഴ് അഹ്‌റുഫുകളിൽ (ശൈലികൾ/ഡയലക്റ്റുകൾ) അവതരിപ്പിക്കപ്പെട്ടിരിക്കുന്നു, അതിനാൽ അതിൽ നിന്ന് നിങ്ങൾക്ക് എളുപ്പമുള്ളത് ഓതുക"

ഉസ്മാൻ (റ) വിൻ്റെ പങ്ക്:
വിവിധ ഗോത്രശൈലികൾ കാരണം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ ഉസ്മാൻ (റ) ഖുറൈശി ശൈലിയിലുള്ള ലിപിക്ക് മുൻഗണന നൽകി. സ്വകാര്യമായുള്ള കുറിപ്പുകളും വ്യാഖ്യാനങ്ങളും അടങ്ങിയ വ്യക്തിഗത കോപ്പികൾ അദ്ദേഹം നീക്കം ചെയ്തത് ഐക്യം നിലനിർത്താനാണ്.

ആരോപണം:
ഉസ്മാനി മുസ്ഹഫ് ചില ഖുർആനിക വചനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.(ഉദാഹരണത്തിന് റജ്മ് അഥവാ കല്ലെറിഞ്ഞു കൊല്ലുന്നതുമായി ബന്ധപ്പെട്ട വചനം)

മറുപടി:
നസ്ഖ് (Abrogation) മായി ബന്ധപ്പെട്ട തത്വം ഖുർആൻ തന്നെ മുന്നോട്ട് വെക്കുന്നുണ്ട്. ചില വചനങ്ങൾ അല്ലാഹുവിന്റെ കല്പനപ്രകാരം പാരായണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും എന്നാൽ വിധി നിലനിൽക്കുകയും ചെയ്യാം. ഖുർആൻ പറയുന്നു:

  مَا نَنَسَخْ مِنْ آيَةٍ أَوْ نُنْسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا

"ഏതൊരു വചനം നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുന്നുവോ, അതിനേക്കാൾ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്."(2:106)

പാരായണം ഒഴിവാക്കപ്പെട്ട വചനം:
റജ്മിന്റെ വിധി പ്രവാചകചര്യയിലൂടെയും (സുന്നത്ത്) പണ്ഡിത ഏകോപനത്തിലൂടെയും (ഇജ്മാഅ്) ഇന്നും നിലനിൽക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം നടന്നതാണ്, അല്ലാതെ മനുഷ്യർ ബോധപൂർവ്വം ഒഴിവാക്കിയതല്ല.

ആരോപണം:
സൻആ, ടോപ്കാപ്പി തുടങ്ങിയ സ്ഥലങ്ങളിലുള്ള ആദ്യകാല കയ്യെഴുത്തുപ്രതികൾ വ്യത്യാസങ്ങൾ കാണിക്കുന്നു.

മറുപടി:
ലിപിയിലെ വ്യത്യാസങ്ങൾ (Orthography) ഖുർആനിലെ വ്യത്യാസങ്ങളല്ല.

ആദ്യകാല അറബി ലിപിയിൽ Diagratic Signs അഥവാ കുത്തുകളോ (നുഖ്‌ത) ചിഹ്നങ്ങളോ (ഹറക്കത്ത്) ഉണ്ടായിരുന്നില്ല. ഇത് വായനയിൽ ചെറിയ വ്യത്യാസങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഖുർആന്റെ അടിസ്ഥാന സന്ദേശത്തിനോ ഉള്ളടക്കത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ല. കോസ്മോപൊളിറ്റൻ പരിശോധന നടത്തിയാലും അടിസ്ഥാനപരമായ യാതൊരു മാറ്റവും ഒരിടത്തും കാണാനാവില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് കണ്ടെത്തിയ കയ്യെഴുത്തുപ്രതികളായാലും അവയിലെ അധ്യായങ്ങളും ഉള്ളടക്കവും ഒന്നുതന്നെയാണ്. ഒരു പുതിയ ഖുർആൻ ആരും എവിടെയും കണ്ടെത്തിയിട്ടില്ല. ബർമിങ്ങ്ഹാം യൂണിവേഴ്സിറ്റിയിലെ ആൽബഫിദലിയുടെ പഠനങ്ങൾ അക്കാര്യത്തിൽ സുവിദിതമാണ്.

ആരോപണം:
ചില സൂറത്തുകൾ നഷ്ടപ്പെട്ടതായി ചില ഹദീസുകൾ സൂചിപ്പിക്കുന്നു.

മറുപടി:
ഇവ നിയമപരമായി പാരായണം ഒഴിവാക്കപ്പെട്ട (നസ്ഖ്) വചനങ്ങളെക്കുറിച്ചുള്ള ഹദീസുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. സ്വഹാബികളുടെ കാലം മുതൽ ഇന്നുവരെ മുസ്ഹഫിലുള്ളത് പൂർണ്ണരൂപമാണെന്നതിൽ പണ്ഡിത ഏകോപനമുണ്ട് (ഇജ്മാഅ്). ഖുർആന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതാണ്:

 إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

"തീർച്ചയായും നാം തന്നെയാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്."(15:9)

ഖുർആൻ സംരക്ഷണത്തിൻ്റെ ഭാഗമായി അറബിഭാഷ, അറബ് സംസ്ക്കാരം, നാഗരികമുദ്രകൾ തുടങ്ങിയ എല്ലാ അനുകൂലനങ്ങൾ കൂടി സംരംക്ഷിക്കപ്പെടുകയുണ്ടായി. CE 609 - 632 കാലയളവിലാണ് ഖുർആൻ അവതീർണ്ണമായത്. അക്കാലഘട്ടത്തിലെ അതേ മാനക അറബി ഇന്നും കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നു. മക്ക, മദീന എന്നീ അവതീർണ്ണ സ്ഥലനാമങ്ങൾ പോലും നിലനിൽക്കുന്നു. പ്രവാചകർ ﷺ ൻ്റെ സമകാലീന നാഗരികതകളെല്ലാം മ്യൂസിയത്തിലായപ്പോഴും പ്രവാചക,ഖുർആനിക ദർശനം അതേപടി നിലനിൽക്കുന്നു.

ആരോപണം:
ഖുർആൻ എഴുതുന്നതിലും ക്രോഡീകരിക്കുന്നതിലും മനുഷ്യർ ഉൾപ്പെട്ടതിനാൽ പിശകുകൾ വരാം.

മറുപടി:
മനുഷ്യർ ഇടപെട്ടു എന്നതുകൊണ്ട് മാത്രം തെറ്റ് സംഭവിക്കണമെന്നില്ല. ശാസ്ത്രീയ നേട്ടങ്ങളും വലിയ നിർമ്മാണങ്ങളും മനുഷ്യർ കൃത്യതയോടെ ചെയ്യുന്നില്ലേ? അതുപോലെ ഖുർആന്റെ കാര്യത്തിൽ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണവും സ്വഹാബികളുടെ കണിശമായ പരിശോധനാരീതികളും ഉള്ളതിനാൽ പിശകുകൾക്ക് സാധ്യതയില്ല.ഖുർആൻ സംരക്ഷിച്ചത് അല്ലാഹുവാണ്. രേഖീകരണ കലയുടെ ഏറ്റവും സമഗ്രമായ മാർഗങ്ങളവലംബിച്ച് കൊണ്ട് ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ ജനതയിലൂടെയാണത് സാധ്യമാക്കിയത്.

ആരോപണം:               ബൈബിളിനെപ്പോലെ ഖുർആനും കാലക്രമേണ പരിണമിച്ചതാണ്.

മറുപടി:
ബൈബിളും ഖുർആനും തമ്മിൽ സംരക്ഷണ രീതിയിൽ വലിയ വ്യത്യാസമുണ്ട്. ഖുർആൻ അവതരണകാലം മുതൽക്കേ എഴുതപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ മനഃപാഠമാക്കുകയും ചെയ്തതാണ്. വായ്മൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്ന (തവാതുർ) ഈ രീതി ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനുമില്ല. അതുകൊണ്ട് തന്നെ ഇതിൽ തിരുത്തലുകൾ അസാധ്യമാണ്. എന്നാൽ ബൈബിൾ ഒറ്റ ദിവസം കൊണ്ടോ, ഒരു പ്രത്യേക വർഷത്തിലോ പെട്ടെന്ന് ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കപ്പെട്ടതല്ല. അതൊരു നീണ്ട ചരിത്രപരമായ പ്രക്രിയയായിരുന്നു. എങ്കിലും, ഇന്നത്തെ രൂപത്തിലുള്ള ബൈബിൾ (പ്രത്യേകിച്ച് പുതിയ നിയമം) ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പ്രധാന നാഴികക്കല്ലുകൾ താഴെ പറയുന്നവയാണ്:

​1. എ.ഡി. 367: വിശുദ്ധ അത്തനാസിയൂസിന്റെ കത്ത്.
അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന വിശുദ്ധ അത്തനാസിയൂസ് ആണ് ആദ്യമായി ഇന്നത്തെ 27 പുതിയ നിയമ പുസ്തകങ്ങൾ കൃത്യമായി ലിസ്റ്റ് ചെയ്തത്. ഇതിനു മുൻപ് പല സഭകളിലും വ്യത്യസ്ത പുസ്തകങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.

2. എ.ഡി. 393: ഹിപ്പോ കൗൺസിൽ (Synod of Hippo)
സഭാപിതാക്കന്മാർ ഒത്തുചേർന്ന ഈ കൗൺസിലിലാണ് ആദ്യമായി ബൈബിളിലെ പുസ്തകങ്ങളുടെ ഔദ്യോഗിക പട്ടികയ്ക്ക് അംഗീകാരം നൽകിയത്.

3. എ.ഡി. 397: കാർത്തേജ് കൗൺസിൽ (Council of Carthage)
ഇന്നത്തെ ബൈബിളിലുള്ള അതേ പഴയ നിയമ, പുതിയ നിയമ പുസ്തകങ്ങൾ (Old & New Testaments) ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഈ കൗൺസിലിലാണ്. പാശ്ചാത്യ ക്രൈസ്തവ സഭകൾ ഈ തീരുമാനത്തെയാണ് അംഗീകരിച്ചത്.

4. എ.ഡി. 1546: ട്രെന്റ് കൗൺസിൽ (Council of Trent)
കത്തോലിക്കാ സഭ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് മറുപടിയായി, ബൈബിൾ കാനോൻ (ഔദ്യോഗിക ഗ്രന്ഥസൂചിക) ഒരു വിശ്വാസ സത്യമായി (Dogma) പ്രഖ്യാപിച്ചത് ഈ കൗൺസിലിലാണ്.   ചുരുക്കത്തിൽ, എ.ഡി. 397-ലെ കാർത്തേജ് കൗൺസിൽ ആണ് ബൈബിളിനെ ഇന്നത്തെ രൂപത്തിൽ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ പ്രധാന ഔദ്യോഗിക വേദിയായി കണക്കാക്കുന്നത്.

ആരോപണം:                             എന്തിനാണ് ഖലീഫ ഉസ്മാൻ (റ) മറ്റു കോപ്പികൾ കത്തിച്ചു കളഞ്ഞത്?

മറുപടി:
അത് തെറ്റായ ഖുർആനുകൾ ആയതുകൊണ്ടല്ല, മറിച്ച് ഉച്ചാരണ ശൈലികളിലുള്ള വ്യത്യാസം കാരണം ജനങ്ങൾ തമ്മിൽ തർക്കിക്കുന്നത് ഒഴിവാക്കാനാണ്. ഏകീകൃതമായ ഒരു ലിപിയിലൂടെ ഇസ്‌ലാമിക ഉമ്മത്തിന്റെ ഐക്യം നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന് അലി (റ) ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ സ്വഹാബികളുടെയും പിന്തുണയുണ്ടായിരുന്നു.

ആരോപണം:                               ഓർമ്മയെ അടിസ്ഥാനമാക്കിയുള്ള കൈമാറ്റം (Oral transmission) തെറ്റുകൾക്ക് കാരണമാകും.

മറുപടി:
ഖുർആന്റെ കാര്യത്തിൽ ഇത് സംഭവിക്കില്ല. കാരണം, തവാതുർ (التواتر): ആയിരക്കണക്കിന് ആളുകൾ ഒരേ വചനം ഒരേപോലെ മനഃപാഠമാക്കുമ്പോൾ ഒരാൾക്ക് തെറ്റിയാലും മറ്റുള്ളവർ അത് ഉടൻ തിരുത്തും.

ഇരട്ട സംരക്ഷണം:
ഒരേസമയം വാക്കാലുള്ള മനഃപാഠവും എഴുതപ്പെട്ട രൂപവും പരസ്പരം ഒത്തുനോക്കിയാണ് ഖുർആൻ സംരക്ഷിച്ചത്. ഇജാസ (إجازة) സമ്പ്രദായം: കൃത്യമായ ഉച്ചാരണത്തോടെ പഠിച്ചു എന്ന് ഗുരു സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഒരാൾക്ക് ഖുർആൻ അധ്യാപകനാകാൻ കഴിയൂ. സമാനതകളില്ലാത്ത വ്യാപ്തിയും ആവർത്തനവും (Unmatched Scale and Redundancy) ഇന്ന് ലോകമെമ്പാടുമുള്ള ഒരു കോടിയിലധികം ആളുകൾ ഖുർആൻ അക്ഷരപ്രോക്തമായി മനഃപാഠമാക്കിയിട്ടുണ്ട്. ഫിജി മുതൽ അലാസ്ക വരെയുള്ള പ്രദേശങ്ങളിൽ, അറബികളല്ലാത്തവരും കൊച്ചു കുട്ടികളും പോലും ഒരേപോലെ ഇത് പാരായണം ചെയ്യുന്നു. ഈ വിപുലമായ ശൃംഖലയുള്ളതിനാൽ ഖുർആനിൽ ഒരു മാറ്റം വരുത്തുക എന്നത് സ്ഥിതിവിവരക്കണക്കനുസരിച്ച് (statistically) അസാധ്യമാണ്; ചെറിയൊരു പിശക് പോലും മറ്റുള്ളവർ ഉടൻ തന്നെ തിരിച്ചറിയുന്നു.

ആധുനികമായ പ്രായോഗിക പരിശോധന (Modern Empirical Verification)

വർഷം തോറും നടക്കുന്ന ആഗോള ഖുർആൻ മത്സരങ്ങളും, വിശിഷ്യാ റമദാൻ മാസത്തിലെ നിത്യേനയുള്ള ജമാഅത്ത് നമസ്കാരങ്ങളും ഖുർആൻ പാരായണത്തിന്മേലുള്ള നിരന്തരമായ പൊതുപരിശോധനകളായി പ്രവർത്തിക്കുന്നു. നമസ്കാരത്തിനിടയിൽ ഇമാമിന് ചെറിയ പിശക് പറ്റിയാൽ പോലും പിന്നിൽ നിൽക്കുന്നവർ അത് അപ്പോൾ തന്നെ തിരുത്തുന്നു. ഇത് ഖുർആൻ സംരക്ഷണത്തിന്റെ സജീവമായ സാമൂഹിക പ്രക്രിയയെയാണ് കാണിക്കുന്നത്. ചുരുക്കത്തിൽ, സാധാരണ വാമൊഴി പാരമ്പര്യങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിലും ഖുർആൻ ഒരു സാധാരണ ഗ്രന്ഥമല്ല. അതിന്റെ സംരക്ഷണം താഴെ പറയുന്നവയെ കൂട്ടിയിണക്കുന്നു

ബഹുജനങ്ങളിലൂടെയുള്ള കൈമാറ്റം (Tawatur).

രേഖാമൂലമുള്ള ക്രോഡീകരണം.

ഔദ്യോഗിക സർട്ടിഫിക്കേഷൻ സമ്പ്രദായം (Ijazah).

ദൈനംദിന ആഗോള പാരായണവും തിരുത്തലും.

ഈ ഘടകങ്ങൾ കഴിഞ്ഞ 14 നൂറ്റാണ്ടുകളായി ഖുർആനെ മാറ്റമില്ലാതെ നിലനിർത്തുന്നു. അല്ലാഹു പറയുന്നു:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

“തീർച്ചയായും നാം തന്നെയാണ് ആ ഉൽബോധനം അവതരിപ്പിച്ചത്; നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്.” (15:9)

ആരോപണം:
'സാത്താനിക് വേഴ്സസ്' (Satanic Verses) എന്ന് പറയപ്പെടുന്നവയെക്കുറിച്ച്?

വാദം:                                         പ്രവാചകൻ മുഹമ്മദ് നബി ﷺ വിഗ്രഹങ്ങളെ പുകഴ്ത്തുന്ന വചനങ്ങൾ പാരായണം ചെയ്തുവെന്നും, ഇത് ഖുർആനിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നതിനോ സാത്താന്റെ സ്വാധീനത്തിനോ തെളിവാണെന്നും ചിലർ ആരോപിക്കുന്നു.

മറുപടി:
റിപ്പോർട്ടുകളുടെ വിശ്വാസ്യതയില്ലായ്മ (Weakness of Sanad): ഈ കഥയുടെ അടിസ്ഥാനം തന്നെ അങ്ങേയറ്റം ദുർബലമായ ചില റിപ്പോർട്ടുകളാണ്. ഇവ Mursal (കണ്ണികൾ മുറിഞ്ഞത്) അല്ലെങ്കിൽ Muʿlal (നിവേദകർ ഇല്ലാത്തത്) എന്നീ വിഭാഗങ്ങളിൽ പെടുന്നവയാണ്. ഹദീസിന്റെ ആധികാരികത പരിശോധിക്കുന്ന കർശനമായ നിയമങ്ങൾ ഇവ പാലിക്കുന്നില്ല എന്ന് മാത്രമല്ല, ഖുർആനിലെ സ്ഥിരീകരിക്കപ്പെട്ട വചനങ്ങൾക്കും ഹദീസുകൾക്കും ഇവ വിരുദ്ധവുമാണ്.

ഖുർആനിക സന്ദേശത്തിന് വിരുദ്ധം:
ഖുർആന്റെ അടിസ്ഥാനം തൗഹീദ് (ഏകദൈവ വിശ്വാസം) ആണ്. ശിർക്കിനെ (അല്ലാഹുവിൽ പങ്കുചേർക്കൽ) ഖുർആൻ കർശനമായി എതിർക്കുന്നു:

قُلْ إِنَّمَا أَعْبُدُ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ وَلَا أَكُونُ مِنَ ٱلْمُشْرِكِينَ

“പറയുക: അല്ലാഹുവിനെ മാത്രമാണ് ഞാൻ ആരാധിക്കുന്നത്, അവനുള്ള കീഴ്‌വണക്കത്തിൽ ഞാൻ നിഷ്കളങ്കനാണ്. ഞാൻ ബഹുദൈവാരാധകരിൽ പെട്ടവനല്ല.”

സൂറ അൽ-ഹജ്ജ് (22:52) നൽകുന്ന വ്യക്തത: വിശുദ്ധ ഖുർആൻ പറയുന്നു:

فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَٰنَ ثُمَّ يُحْكِمُ ٱللَّهُ ءَايَٰتِهِۦ...

“...എങ്കിലും പിശാച് കുത്തിവെക്കുന്നത് അല്ലാഹു മായ്ച്ചുകളയുകയും പിന്നീട് അല്ലാഹു തന്റെ വചനങ്ങളെ സുസ്ഥിരമാക്കുകയും ചെയ്യുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാണ്.” ഇത് ഇലാഹീ സംരക്ഷണത്തിന്റെ ഉറപ്പാണ്.

പ്രമുഖ പണ്ഡിതന്മാരുടെ നിരാകരണം:
ഇബ്നു കസീർ, ഇമാം ഖുർത്വുബി, ഇമാം ബഗ്വി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെല്ലാം ഈ കഥ പ്രവാചകന്റെ സ്വഭാവത്തിനും ഖുർആനിക തത്വങ്ങൾക്കും നിരക്കാത്തതാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്.

പ്രവാചകത്വത്തിന്റെ വിശുദ്ധി (ʿIsmah):
പ്രവാചകന്മാർ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നതിൽ പാളിച്ചകൾ പറ്റാത്തവരായി സംരക്ഷിക്കപ്പെട്ടവരാണ് (maʿsum) എന്നതാണ് ഇസ്‌ലാമിക വിശ്വാസം.

ചരിത്രപരമായ ദുരുപയോഗം:
ഇസ്‌ലാം വിരുദ്ധരും ചില ഓറിയന്റലിസ്റ്റുകളും പ്രവാചകന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കാൻ ഈ വ്യാജ കഥയെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇസ്‌ലാമിക വൈജ്ഞാനിക ശാഖയിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല.

ചുരുക്കത്തിൽ, 'സാത്താനിക് വേഴ്സസ്' എന്ന ആരോപണം കെട്ടിച്ചമച്ച ഒന്നാണ്. ഖുർആൻ അതിന്റെ ഏകദൈവ സന്ദേശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും അത് ദൈവികമായി സംരക്ഷിക്കപ്പെട്ടതാണെന്നും ഇതിലൂടെ വ്യക്തമാണ്.

Loading comments...

Leave a Reply