ആദിമ 'ഇൻസാനായ' ആദം (അ) മിന് മുമ്പത്തെ മനുഷ്യസാധ്യത പരിശോധിക്കുന്നു. കേവലം ഗവേഷണാത്മകമായ വിഷയം 'തക്ലീഫീ' അല്ലെന്ന തിരിച്ചറിവോടെ വായിക്കാം.
ഇസ്‌ലാമിക പ്രമാണങ്ങൾ മനുഷ്യനെ അവന്റെ ഭൗതികവും ആത്മീയവുമായ അവസ്ഥകളെ മുൻനിർത്തി 'ബഷർ, ഇൻസാൻ' എന്നിങ്ങനെ രണ്ട് വ്യത്യസ്ത തലങ്ങളിൽ വിശകലനം ചെയ്യുന്നുണ്ട്. കേവലം ജൈവികമായ രൂപഘടനയെ സൂചിപ്പിക്കുന്ന 'ബഷർ' എന്ന അവസ്ഥയിൽ നിന്ന് ബുദ്ധിയും വിവേകവുമുള്ള 'ഇൻസാൻ' എന്ന പരിപൂർണ്ണതയിലേക്കുള്ള വികാസത്തിന്റെ അടയാളമാണ് ഖുർആൻ ഉയർത്തിക്കാട്ടുന്ന ആദം(അ). "തീർച്ചയായും ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ (ബഷർ) സൃഷ്ടിക്കാൻ പോകുകയാണ്" (إِنِّي خَالِقٌ بَشَرًا مِّن طِينٍ) എന്ന സൂക്തത്തിലെ 'ബഷർ' എന്ന പ്രയോഗം മനുഷ്യന്റെ ഭൗതിക ഘടനയെയും, പിന്നീട് അവനിൽ ആത്മാവ് ഊതപ്പെട്ടതിലൂടെ കൈവന്ന 'ഇൻസാൻ' എന്ന പദവി വിശേഷപ്പെട്ട ഉത്തരവാദിത്തങ്ങളെയും പ്രതിനിധീകരിക്കുന്നു. ആധുനിക നരവംശശാസ്ത്രം (Anthropology) കണ്ടെത്തുന്ന പുരാതന ഫോസിലുകൾ, ആദം (അ) മിന് മുൻപ് ഭൂമിയിൽ വസിച്ചിരുന്നവരായി ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്ന 'ഹിന്ന്-ബിന്ന് - നസ്നാസ്' തുടങ്ങിയ വർഗ്ഗങ്ങളുമായി ചേർത്ത് വായിക്കാവുന്നതാണ്. "ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയോ നീ അവിടെ നിശ്ചയിക്കുന്നത്?" (أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ) എന്ന മലക്കുകളുടെ ചോദ്യം ആദമിന് മുൻപും മനുഷ്യസദൃശമായ ജീവിവർഗ്ഗങ്ങൾ ഉണ്ടായിരുന്നുവെന്ന നിഗമനത്തിന് ബലം നൽകുന്ന ഗവേഷണാത്മകമായ ഒരു പൊരുത്തമാണ്. രക്തംചിന്തുക എന്ന പ്രയോഗത്തിൽ ജിന്നുകളല്ലാത്തവരാകണം അവരെന്നും മനസ്സിലാവും,കാരണം അഗ്നിസൃഷ്ടമായ ജിന്നുകൾക്ക് രക്തമുണ്ടാവുകയില്ല.
'ബഷർ' - ഇസ്‌ലാമിക നരവംശശാസ്ത്ര വീക്ഷണം
ഇസ്‌ലാമിക പ്രമാണങ്ങൾ പ്രകാരം ആദം സന്താനങ്ങൾക്ക് മുമ്പുള്ള മനുഷ്യസൃഷ്ടിപ്പിനെ കേവലം ഒരു നിമിഷാർദ്ധത്തിൽ നടന്ന സംഭവമായല്ല, മറിച്ച് വിവിധ ഘട്ടങ്ങളിലൂടെയുള്ള ഒരു വികാസമായാണ് കാണാൻ കഴിയുക. ഇതിനെ സാധൂകരിക്കുന്നതായി നിരീക്ഷിക്കപ്പെട്ട ചില നരവംശശാസ്ത്ര ഘടകങ്ങൾ നോക്കാം.
മലക്കുകളുടെ നിരീക്ഷണം (Empirical Observation)
ആദം (അ) മിനെ പ്രതിനിധിയായി നിശ്ചയിക്കാനുള്ള തീരുമാനത്തോട് മലക്കുകൾ പ്രതികരിച്ചത് "ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയോ നീ അവിടെ നിശ്ചയിക്കുന്നത്?" (أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ - അൽ-ബഖറ: 30) എന്ന ചോദ്യത്തിലൂടെയാണ്. ഇസ്‌ലാമിക നരവംശശാസ്ത്രമനുസരിച്ച്, മലക്കുകൾക്ക് അദൃശ്യകാര്യങ്ങൾ അറിയാൻ കഴിയില്ല. അതിനാൽ, അവർ ഈ നിഗമനത്തിലെത്തിയത് ഭൂമിയിൽ മുമ്പ് നിലനിന്നിരുന്ന രക്തം ചിന്തുന്ന, ഹിംസ്രപ്രകൃതിയുള്ള 'ബഷറുകളെ' (Pre-Adamic hominids) നേരിൽ കണ്ട അനുഭവത്തിൽ നിന്നായിരിക്കണം. ഇത് ആധുനിക നരവംശശാസ്ത്രം പറയുന്ന പുരാതന മനുഷ്യവർഗ്ഗങ്ങളുടെ (ഉദാഹരണത്തിന്: Neanderthals) നിലനിൽപ്പുമായി ചേർന്നുനിൽക്കുന്നതാണോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
'ബഷർ' എന്ന ജൈവിക ഘടന (Biological Entity)
ഖുർആൻ 'ബഷർ' എന്ന പദം ഉപയോഗിക്കുന്നത് മനുഷ്യന്റെ ഭൗതികവും ശാരീരികവുമായ വശങ്ങളെ സൂചിപ്പിക്കാനാണ്. ഭൗതിക പ്രകൃതിയിൽ ആദമിന് മുൻപുള്ള ജീവിവർഗ്ഗങ്ങളുമായി സാമ്യമുള്ളതുകൊണ്ടാണ് ഖുർആൻ ആദം (അ) മിനെപ്പറ്റി സംസാരിക്കുമ്പോൾ"കളിമണ്ണിൽ നിന്ന് ഒരു ബഷറിനെ സൃഷ്ടിക്കുന്നു" (إِنِّي خَالِقٌ بَشَرًا مِّن طِينٍ - സ്വാദ്: 71) എന്ന് പറയുന്നത്.അതായത്, ശാരീരികമായി (Anatomically) ആദം ഒരു 'ബഷർ' ആണ്, എന്നാൽ അറിവും ആത്മാവും നൽകപ്പെട്ടതോടെ അദ്ദേഹം 'ഇൻസാൻ' എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടുവെന്ന് വേണം മനസ്സിലാക്കാൻ.
ഹിന്ന്-ബിന്ന്, നസ്നാസ് പരാമർശങ്ങൾ
ഇബ്നു കസീറിനെപ്പോലുള്ള മഹാജ്ഞാനികൾ ഉദ്ധരിക്കുന്ന 'ഹിന്ന്-ബിന്ന് - നസ്നാസ്' തുടങ്ങിയ വർഗ്ഗങ്ങളെക്കുറിച്ചുള്ള സൂചനകൾ ആധുനിക ആന്ത്രോപ്പോളജി കണ്ടെത്തുന്ന ഹോമിനിഡ് ഫോസിലുകളുടെ ഇസ്‌ലാമിക വ്യാഖ്യാനമായി കണക്കാക്കാം. നിയമവ്യവസ്ഥയോ ബോധപൂർവ്വമായ സംസ്കാരമോ ഇല്ലാത്ത, കേവലം ജൈവിക പ്രേരണകളാൽ നയിക്കപ്പെട്ടിരുന്ന ഒരു പൂർവ്വകാലത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
ഭാഷ ഉപയോഗിക്കാൻ ആരംഭിക്കാത്ത മനുഷ്യഘട്ടം എന്നും മനസ്സിലാക്കാം.
'ബഷർ', 'ഇൻസാൻ' - ഭാഷാപരമായ വേർതിരിവും സവിശേഷതയും
ഖുർആനിലെ പദപ്രയോഗങ്ങൾ കേവലം പര്യായപദങ്ങളല്ല (Synonyms), മറിച്ച് അവ കൃത്യമായ അർത്ഥതലങ്ങളെ പ്രതിനിധീകരിക്കുന്നു.ആദം(അ)മി
'ബഷർ' (بَشَرًا) അഥവാഅനിർവ്വചിതമായ ഭൗതിക വർഗ്ഗം
അല്ലാഹു മലക്കുകളോട് ആദമിനെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ 'ബഷർ' എന്ന പദമാണ് ഉപയോഗിച്ചത്.إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ
(നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം: തീർച്ചയായും ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ (ബഷർ) സൃഷ്ടിക്കാൻ പോകുകയാണ്. (സൂറ സ്വാദ്: 71)
ഇവിടെ 'ബഷറൻ' (بَشَرًا) എന്നത് നകിറ:(Indefinite) അഥവാ അനിർവ്വചിതമായ രൂപത്തിലാണ് വന്നിരിക്കുന്നത്. നരവംശശാസ്ത്രപരമായി ഇതിനെ വിശകലനം ചെയ്യുമ്പോൾ, ഭൂമിയിൽ അന്ന് നിലനിന്നിരുന്ന അല്ലെങ്കിൽ മലക്കുകൾക്ക് പരിചിതമായ ഒരു ജൈവിക വർഗ്ഗത്തിന്റെ (Biological species) പൊതുവായ പേരാണിതെന്ന് കാണാം. കേവലം മാംസവും തൊലിയും (Bishara) ഉള്ള ഒരു ഭൗതിക രൂപം എന്നതിനപ്പുറം സവിശേഷമായ ഒരു വ്യക്തിത്വം ആ ഘട്ടത്തിൽ 'ബഷറിന്' കൽപ്പിക്കപ്പെട്ടിട്ടില്ല.
'ഇൻസാൻ' (الْإِنسَانَ) - നിർവ്വചിതമായ ആത്മീക വ്യക്തിത്വം
എന്നാൽ, ആദം (അ) മിന് അറിവും ആത്മാവും നൽകി ആദരിക്കുന്ന ഘട്ടത്തിൽ ഖുർആൻ 'അൽ-ഇൻസാൻ' (الْإِنسَانَ) എന്ന മഅ്‌രിഫ:(Definite) അഥവാ നിർവ്വചിതമായ പദമാണ് ഉപയോഗിക്കുന്നത്..خَلَقَ الْإِنسَانَ عَلَّمَهُ الْبَيَانَ
(അവൻ മനുഷ്യനെ (ഇൻസാൻ) സൃഷ്ടിച്ചു. അവന് ആശയവിനിമയ ശേഷി പഠിപ്പിച്ചു.(സൂറ അർ-റഹ്മാൻ: 3-4). ഇവിടെ 'അൽ'(ال)എന്ന നിർവ്വചിത അവ്യയം ചേർക്കുന്നതിലൂടെ, സാധാരണ ബഷറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന, ബുദ്ധിയും വിവേകവും ആശയവിനിമയ ശേഷിയുമുള്ള ഒരു പ്രത്യേക 'മനുഷ്യനെ' ആണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഇത് ജൈവികമായ പരിണാമത്തിനപ്പുറം ആത്മീയവും ബൗദ്ധികവുമായ ഒരു 'വികാസത്തെ' (Emergence of Consciousness) സൂചിപ്പിക്കുന്നു. ഭാഷ ഉപയോഗിച്ചുള്ള സംവേദനമാണ് ആദം സന്തതികളുടെ പ്രധാന സവിശേഷതയായി ഖുർആൻ എണ്ണിയതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഭാഷാസിദ്ധി മനുഷ്യന് പരിണാമപരമായി കിട്ടിയതല്ലെന്നും പെടുന്നനെ ലഭ്യമായതാണെന്നുമുള്ള ധാരാളം പഠനങ്ങളുണ്ട്. ആദം (അ) ഒരു സവിശേഷ സൃഷ്ടിയാണെന്നതിൻ്റെ വ്യക്തമായ തെളിവാണത്.
ഭാഷ: പരിണാമത്തിനപ്പുറമുള്ള സവിശേഷ സിദ്ധി
ഭാഷാസിദ്ധി എന്നത് കേവലം ജൈവികമായ ശബ്ദാനുകരണങ്ങളല്ല, മറിച്ച് ചിന്തയെയും ആശയങ്ങളെയും രൂപപ്പെടുത്തുന്ന സങ്കീർണ്ണമായ ഒരു വ്യവസ്ഥയാണ്. ഖുർആൻ ആദം(അ) മിനെ സവിശേഷമാക്കുന്നത് ഈ വിജ്ഞാനത്തിലൂടെയാണ്.
'അൽ-ബയാൻ' (The Power of Expression)
മനുഷ്യന്റെ സവിശേഷ സൃഷ്ടിപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ ഖുർആൻ മുൻഗണന നൽകുന്നത് ഭാഷാപരമായ കഴിവുകൾക്കാണ്.
الرَّحْمَنُ عَلَّمَ الْقُرْآنَ خَلَقَ الْإِنْسَانَ عَلَّمَهُ الْبَيَانَ
(പരമകാരുണികൻ, അവൻ ഖുർആൻ പഠിപ്പിച്ചു. അവൻ മനുഷ്യനെ സൃഷ്ടിച്ചു. അവന് ആശയവിനിമയ ശേഷി പഠിപ്പിച്ചു. (സൂറ അർ-റഹ്മാൻ:1-4) ഇവിടെ 'അൽ-ബയാൻ' എന്നത് ചിന്തകളെ വ്യക്തമായി പ്രകടിപ്പിക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഇത് കേവലം വാക്കുകളല്ല, മറിച്ച് പ്രപഞ്ചത്തെ മനസ്സിലാക്കാനും നാമകരണം ചെയ്യാനുമുള്ള (علم الأسماء) സവിശേഷ സിദ്ധിയാണ്.
നോം ചോംസ്‌കിയും'ലാംഗ്വേജ് ഇൻസ്റ്റിങ്ക്റ്റും'
ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന നോം ചോംസ്‌കി, ഭാഷാസിദ്ധി പെട്ടെന്നുണ്ടായ ഒന്നാണെന്ന (Sudden Emergence) സിദ്ധാന്തത്തെയാണ് പിന്താങ്ങുന്നത്.
Universal Grammar എന്നൊരാശയമാണദ്ദേഹം മുന്നോട്ട് വെക്കുന്നത്. മനുഷ്യൻ ജനിക്കുന്നത് തന്നെ ഭാഷാപരമായ ചില അടിസ്ഥാന നിയമങ്ങൾ തലച്ചോറിൽ ഉറപ്പിച്ചുകൊണ്ടാണ്. ഇത് പരിണാമപരമായി ക്രമേണ ഉണ്ടായതല്ല, മറിച്ച് മനുഷ്യരിൽ മാത്രം കാണപ്പെടുന്ന സവിശേഷമായ ഒരു പ്രോഗ്രാം (Innate Faculty) ആണെന്ന് ചോംസ്‌കി നിരീക്ഷിക്കുന്നു.
Saltational Evolution എന്ന തത്വമാണ് മറ്റൊന്ന്. അതായത്, ഭാഷയുടെ വികാസം ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ ക്രമേണ നടന്നതല്ല (Gradualism), മറിച്ച് ഒരു 'ജനറ്റിക് മ്യൂട്ടേഷൻ'വഴി പെട്ടെന്ന് സംഭവിച്ചതാണെന്ന് അദ്ദേഹം കരുതുന്നു. ഇത് ആദം (അ) മിന് നൽകപ്പെട്ട 'അസ്മാഅ്' (Abstract Reading Capacity)എന്ന സവിശേഷ വിജ്ഞാനവുമായി ചേർന്നുനിൽക്കുന്നു.
സ്റ്റീഫൻ പിങ്കറും ജൈവിക വികാസവും
ഭാഷയെ ഒരു 'ഇൻസ്റ്റിങ്ക്റ്റ്' (Instinct) ആയിട്ടാണ് സ്റ്റീഫൻ പിങ്കർ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ The Language Instinct എന്ന ഗ്രന്ഥത്തിൽ, മനുഷ്യ മസ്തിഷ്കത്തിന് മാത്രം സാധ്യമായ ഒന്നാണ് വ്യാകരണാധിഷ്ഠിതമായ ഭാഷ എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. നരവംശശാസ്ത്രപരമായി നോക്കുമ്പോൾ, ആദമിന് മുൻപുള്ള 'ബഷറുകൾക്ക്' ആശയവിനിമയത്തിന് ശബ്ദങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞിരിക്കാമെങ്കിലും, സങ്കീർണ്ണമായ ഭാഷാഘടന (Complex Syntax) ഇൻസാനിൽ അഥവാ ആദം (അ) മിലാണ് ആരംഭിച്ചത് എന്ന് കണക്കാക്കാം.
നോം ചോംസ്കിയുടെ Why Only Us: Language and Evolution. (ഭാഷ മനുഷ്യരിൽ മാത്രം എങ്ങനെ സവിശേഷമായി രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള പഠനം),
സ്റ്റീവ് പിങ്കറിൻ്റെ The Language Instinct: How the Mind Creates Language. (ഭാഷ ഒരു ജൈവിക സിദ്ധിയാണെന്ന് സ്ഥാപിക്കുന്ന ഗ്രന്ഥം) തുടങ്ങിയ കൃതികൾ ഇക്കാര്യത്തിൽ ഏറെ പ്രയോജനകരമാണ്.
ബഷറിൽ നിന്ന് ഇൻസാനിലേക്കുള്ള പാലം
ഒരു 'ബഷർ' എങ്ങനെ 'ഇൻസാൻ' ആയി മാറുന്നു എന്നത് ഖുർആൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ
(അങ്ങനെ ഞാൻ അവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവിൽ നിന്ന് അവനിൽ ഊതുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവന് സാഷ്ടാംഗം ചെയ്യുക. (സൂറ അൽ-ഹിജ്ർ:29)
ഇവിടെ 'സവ്വയ്തുഹു' (അവനെ ക്രമപ്പെടുത്തി) എന്നത് ശാരീരികമായ പൂർണ്ണതയെയും, 'നഫഖ്തു ഫീഹി മിൻ റൂഹി' (എന്റെ ആത്മാവിൽ നിന്ന് ഊതി) എന്നത് ആത്മീയമായ ഉന്നതിയെയും സൂചിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് ആദം (അ) ഒരു സാധാരണ 'ബഷർ' എന്ന നിലയിൽ നിന്ന് 'ഇൻസാൻ' എന്ന പദവിയിലേക്ക് പരിവർത്തിക്കപ്പെടുന്നത്.
അതായത്, ബഷർ എന്നത് ആധുനിക നരവംശശാസ്ത്രം പറയുന്ന ഹോമിനിഡുകളുടെ (Hominids) ഭൗതികാവസ്ഥയും, ഇൻസാൻ എന്നത് ധാർമ്മിക ബോധവും അറിവുമുള്ള മനുഷ്യനുമാണ്. ആദം(അ) എന്നത് ഈ ഭൗതിക വർഗ്ഗത്തിൽ നിന്ന് അല്ലാഹു തിരഞ്ഞെടുത്ത ആദ്യത്തെ 'ഇൻസാൻ' അഥവാ പരിപൂർണ്ണ മനുഷ്യനാണ് എന്നും ഗ്രഹിച്ചെടുക്കാം.
സൃഷ്ടിപ്പിലെ ഘട്ടങ്ങൾ
മനുഷ്യസൃഷ്ടിപ്പ് എന്നത് പെട്ടെന്നുണ്ടായ ഒരു മാന്ത്രിക സംഭവമല്ല (Sudden creation), മറിച്ച് കൃത്യമായ കാലയളവുകളിലൂടെയും പരിവർത്തനങ്ങളിലൂടെയും കടന്നുപോയ ഒന്നാണെന്ന് ഖുർആൻ അടിവരയിടുന്നു.
'അത്‌വാർ' (أَطْوَارًا) അഥവാ ഘട്ടംഘട്ടമായുള്ള സഞ്ചാരം
സൂറ:നൂഹിലെ പതിനാലാം സൂക്തം സൂചിപ്പിക്കുന്നു:
وَقَدْ خَلَقَكُمْ أَطْوَارًا
(തീർച്ചയായും വിവിധ ഘട്ടങ്ങളിലായി അവൻ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. (സൂറ നൂഹ്:14)
'ത്വൗർ' (طور) എന്ന പദത്തിന്റെ ബഹുവചനമാണ് 'അത്‌വാർ'. ഇതിന് ഘട്ടങ്ങൾ, അവസ്ഥകൾ, പരിണാമങ്ങൾ എന്നൊക്കെ അർത്ഥമുണ്ട്. ഇത് ഗർഭപാത്രത്തിലെ വികാസത്തെ മാത്രം സൂചിപ്പിക്കുന്നതല്ല, മറിച്ച് മനുഷ്യവർഗ്ഗത്തിന്റെ ചരിത്രപരമായ സൃഷ്ടിപ്പിലെ ഘട്ടങ്ങളെയും (Stages of Biological Evolution) ഉൾക്കൊള്ളുന്നതാണ്. കേവലം ഒരു ജൈവകോശത്തിൽ നിന്ന് ആരംഭിച്ച്, ആധുനിക മനുഷ്യനിലേക്ക് (Homo sapiens) എത്തിയ ദൈർഘ്യമേറിയ പ്രക്രിയയെ 'അത്‌വാർ' എന്ന പദം പ്രതിനിധീകരിക്കുന്നു.
പരീക്ഷണാത്മകമായ കണ്ടെത്തലുകൾക്കുള്ള ആഹ്വാനം
സൃഷ്ടിപ്പിന്റെ രഹസ്യങ്ങൾ അന്വേഷിക്കാൻ ഖുർആൻ മനുഷ്യരോട് ആവശ്യപ്പെടുന്നത് പ്രപഞ്ചത്തിലെ തെളിവുകൾ (Empirical evidence) പരിശോധിച്ചുകൊണ്ടാണ്:
قُلْ سِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ بَدَأَ الْخَلْقَ
(പറയുക;നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക, എന്നിട്ട് സൃഷ്ടിപ്പ് എങ്ങനെയാണ് അവൻ ആരംഭിച്ചതെന്ന് നോക്കുക. (സൂറ അൻകബൂത്ത്: 20)
ഈ സൂക്തം ഇസ്‌ലാമിക നരവംശശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്."നോക്കുക" (فَانْظُرُوا) എന്ന ആഹ്വാനം ഭൂമിയിലെ ഫോസിലുകൾ, മണ്ണിലെ പാളികൾ (Geological layers), ഡി.എൻ.എ (DNA) പഠനങ്ങൾ എന്നിവയിലൂടെ സൃഷ്ടിപ്പിന്റെ ചരിത്രം കണ്ടെത്താനുള്ള പ്രോത്സാഹനമാണ്. ഭൂമിയിൽ ആഴത്തിൽ കുഴിച്ചാൽ കാണുന്ന പുരാതന ഫോസിലുകൾ 'ബഷർ' എന്ന വർഗ്ഗത്തിന്റെ വിവിധ 'അത്‌വാറുകളെ' അഥവാ ഘട്ടങ്ങളെയാണ് വെളിപ്പെടുത്തുന്നതാണ്.
'ബദഅ':സൃഷ്ടിപ്പിന്റെ ആരംഭം
സൃഷ്ടിപ്പിന്റെ തുടക്കത്തെ സൂചിപ്പിക്കാൻ 'ബദഅ' (بدأ) എന്ന ക്രിയയാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു നീണ്ട പ്രക്രിയയുടെ തുടക്കത്തെയാണ് കാണിക്കുന്നത്.
الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ
(താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യന്റെ (ഇൻസാൻ) സൃഷ്ടിപ്പ് കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു. (സൂറ സജദ: 7) ഇവിടെ ശ്രദ്ധേയമായ കാര്യം, കളിമണ്ണിൽ നിന്ന് ഉടനെ ഒരു മനുഷ്യൻ ഉണ്ടാവുകയല്ല ചെയ്തത്, മറിച്ച് സൃഷ്ടിപ്പ് 'ആരംഭിക്കുക' (Start)യാണ് ചെയ്തത്. ഈ കളിമണ്ണിൽ നിന്നുള്ള ഘട്ടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ 'ബഷർ' എന്ന സൃഷ്ടി ജീവിക്കുകയും ഒടുവിൽ ആദം എന്ന സവിശേഷ മനുഷ്യനെ അല്ലാഹു പ്രത്യേകം രൂപപ്പെടുത്തുകയുമായിരുന്നു.
ആദം (അ) പരിണാമസൃഷ്ടിയല്ല
ആദം (അ) മിനെ പരിണിതസൃഷ്ടിയായി അവതരിപ്പിച്ച മുസ്ലിം ചിന്തകർക്ക് വമ്പിച്ച പിഴവാണ് സംഭവിച്ചത്. കാരണം ഖുർആനിനെതിരാണ് ആ വാദം.
സ്വീകാര്യമായവും തള്ളേണ്ടവയും സമ്മിശ്രമായി പറഞ്ഞ മുസ്ലിം ചിന്തകരുണ്ട്.
ഡോ. മുഹമ്മദ് ഇഖ്ബാൽ (Allama Iqbal)
മനുഷ്യന്റെ വികാസത്തെയും ആത്മീയ ഔന്നത്യത്തെയും കുറിച്ച് ഇഖ്ബാൽ തന്റെ The Reconstruction of Religious Thought in Islam എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു: "ഖുർആനിക വീക്ഷണത്തിൽ മനുഷ്യസൃഷ്ടിപ്പ് എന്നത് പെട്ടെന്നുണ്ടായ ഒരു സംഭവമല്ല. മറിച്ച്, മണ്ണിൽ നിന്ന് ആരംഭിച്ച് ലക്ഷക്കണക്കിന് വർഷങ്ങളിലൂടെയുള്ള ഒരു ജൈവിക വികാസത്തിന്റെ പരിസമാപ്തിയാണ്.ആദം എന്നത് ഒരു വ്യക്തിയെന്നതിലുപരി, ബോധത്തിലേ
ഡോ. അലി ശരീഅത്തി (Dr. Ali Shariati)
ഇസ്‌ലാമിക നരവംശശാസ്ത്രത്തെ സോഷ്യോളജിക്കൽ തലത്തിൽ വിശകലനം ചെയ്ത ചിന്തകനാണ് അലി ശരീഅത്തി. 'ബഷർ', 'ഇൻസാൻ' എന്നീ പദങ്ങളെ അദ്ദേഹം ഇങ്ങനെ വേർതിരിക്കുന്നു:
"എല്ലാ മനുഷ്യരും 'ബഷർ' ആയിട്ടാണ് ജനിക്കുന്നത്. എന്നാൽ എല്ലാവരും 'ഇൻസാൻ' ആയി മാറുന്നില്ല 'ബഷർ' എന്നത് പ്രകൃതിയുടെ നിയമങ്ങൾക്കും വിശപ്പിനും ദാഹത്തിനും വിധേയമായ ഒരു ജൈവവസ്തുവാണ്. എന്നാൽ 'ഇൻസാൻ' എന്നത് ബോധപൂർവ്വം സ്വയം നിർമ്മിക്കുന്ന, മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ്."ഇപ്പറഞ്ഞതിലുള്ള ബഷർ സ്വയം വികസിക്കുമ്പോഴാണ് ഇൻസാനാവുന്നത് എന്ന ധ്വനി ശരിയല്ല. അല്ലാഹുവിൻ്റെ സവിശേഷ സൃഷ്ടിയാണ് ഇൻസാൻ.
ഡോ. ഇസ്മായിൽ റാജി അൽ-ഫാറൂഖി (Isma'il Raji al-Faruqi)
Al Tawhid: Its Implications for Thought and Life എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇസ്‌ലാമിക നരവംശശാസ്ത്രത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.
"മനുഷ്യൻ ഒരേസമയം പ്രകൃതിയുടെ ഭാഗവും (Physiological being) പ്രകൃതിക്ക് മുകളിലുള്ളവനുമാണ് (Moral being). ഖുർആൻ ആദമിനെപ്പറ്റി പറയുമ്പോൾ 'ഖലീഫ' (ഭൂമിയിലെ പ്രതിനിധി) എന്ന പദം ഉപയോഗിക്കുന്നത്, അവനിൽ അന്തർലീനമായ ആ ധാർമ്മിക ഉത്തരവാദിത്തത്തെ സൂചിപ്പിക്കാനാണ്. ഈ ഉത്തരവാദിത്തമാണ് അവനെ സാധാരണ മനുഷ്യവർഗ്ഗങ്ങളിൽ (Bashar) നിന്ന് വേർതിരിക്കുന്നത്."ഫലത്തിൽ, മുൻഗാമികളായ മുഫസ്സിറുകളോട് യോചിക്കുന്ന അഭിപ്രായമാണിത്.
ഇബ്നു ഖൽദൂൻ (Ibn Khaldun)
ആധുനിക നരവംശശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ മനുഷ്യന്റെ ഉല്പത്തിയെപ്പറ്റി സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്: "സൃഷ്ടിപ്പിന്റെ ലോകം പരിശോധിച്ചാൽ ലളിതമായ ഘടകങ്ങളിൽ നിന്ന് സങ്കീർണ്ണമായ രൂപങ്ങളിലേക്കുള്ള ഒരു ക്രമവികാസം കാണാം. കുരങ്ങുകളുടെ ലോകത്ത് (World of monkeys) നിന്ന് മനുഷ്യന്റെ ലോകത്തേക്കുള്ള (World of man) മാറ്റം അത്യന്തം സൂക്ഷ്മമായ ഘട്ടങ്ങളിലൂടെയാണ് നടന്നിട്ടുള്ളത്."
"ثم انظر إلى عالم التكوين كيف ابتدأ من المعادن ثم النبات ثم الحيوان على هيئة بديعة من التدريج... وآخر مرحلة من عالم النبات متصل بأول مرحلة من عالم الحيوان... وآخر مرحلة من عالم الحيوان هو عالم القردة الذي ينتهي إليه عالم القدرة ويبدأ منه عالم الإنسان..."
"സൃഷ്ടിലോകത്തെ നിരീക്ഷിച്ചാൽ അത് അതിന്റെ എല്ലാ ഘടകങ്ങളിലും അത്ഭുതകരമായ ഒരു ക്രമവും ബന്ധവും പുലർത്തുന്നതായി കാണാം. കാരണങ്ങളും ഫലങ്ങളും തമ്മിലുള്ള ബന്ധം പോലെയാണത്. ഓരോ വിഭാഗവും അതിന് തൊട്ടടുത്ത വിഭാഗത്തിലേക്ക് പരിണമിക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന. ധാതുക്കളിൽ (Minerals) നിന്ന് തുടങ്ങി സസ്യങ്ങളിലേക്കും (Plants), സസ്യങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും (Animals) ഈ ക്രമം നീളുന്നു.
സസ്യലോകത്തിന്റെ അവസാന ഘട്ടം മൃഗലോകത്തിന്റെ ആദ്യഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുപോലെ മൃഗലോകത്തിന്റെ പരിണാമം അതിന്റെ വികാസദശയിൽ എത്തിനിൽക്കുന്നത് കുരങ്ങുകളുടെ ലോകത്താണ് (World of Monkeys/Apes). അവിടെ ബുദ്ധിയും ചിന്തയും ഒത്തുചേരുന്ന മനുഷ്യന്റെ ലോകം (World of Man) ആരംഭിക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കുള്ള ഈ മാറ്റം അത്യന്തം സൂക്ഷ്മമായ ഘട്ടങ്ങളിലൂടെയാണ് സംഭവിക്കുന്നത്."
അത്യന്തം അപകടകരമായ പരമാബദ്ധങ്ങളാണ് മനുഷ്യൻ്റെ ഉൽഭവത്തെപ്പറ്റിയുള്ള ഇബ്നുഖൽദൂനിൻ്റെ ഈ വാദം. മറ്റുള്ളവ ശരിയാവാം. ഇബ്നു ഖൽദൂൻ ഇവിടെ ഉദ്ദേശിച്ചത് ആധുനിക ബയോളജിക്കൽ പരിണാമം (Biological Evolution) എന്നതിലുപരി, പ്രപഞ്ചത്തിലെ സൃഷ്ടികൾക്കിടയിലുള്ള ഒരു 'ശ്രേണി' (Hierarchy of Being) യെക്കുറിച്ചാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
മുകളിൽ സൂചിപ്പിച്ച ചിന്തകരുടെ (ഇഖ്ബാൽ, ശരീഅത്തി തുടങ്ങിയവർ) ആധുനികമായ നരവംശശാസ്ത്ര വീക്ഷണങ്ങളും ക്ലാസിക്കൽ അശ്അരി (Ash'ari) വീക്ഷണവും തമ്മിൽ ചില പൊരുത്തക്കേടുകളും എന്നാൽ ചില യോജിപ്പുകളുമുണ്ട്. അശ്അരീ വിശ്വാസശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇവയെ ഇങ്ങനെ വിശകലനം ചെയ്യാം.
പൊരുത്തപ്പെടുന്ന മേഖലകൾ
സൃഷ്ടിപ്പിലെ ക്രമവികാസം: അശ്അരീ പണ്ഡിതന്മാർ അല്ലാഹുവിന്റെ അനാദ്യമായ ഇച്ഛയെയും (Iradah) കഴിവിനെയും (Qudrah) മുൻനിർത്തിയാണ് സംസാരിക്കുന്നത്. അല്ലാഹുവിന് ഒരു നിമിഷം കൊണ്ട് ആദം (അ) മിനെ സൃഷ്ടിക്കാമായിരുന്നുവെങ്കിലും,
മലക്കുകളുടെ നിരീക്ഷണം: ആദം (അ) മിന് മുൻപ് രക്തം ചിന്തിയ 'ബഷറുകൾ' (Pre-Adamic beings) ഉണ്ടായിരുന്നുവെന്ന വ്യാഖ്യാനം ഇബ്നു കസീറിനെപ്പോലുള്ള അശ്അരി സ്വാധീനമുള്ള പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആധുനിക നരവംശശാസ്ത്രത്തിലെ ഹോമിനിഡ് (Hominids) കണ്ടെത്തലുകളുമായി അശ്അരി വീക്ഷണത്തിൽ തന്നെ യോജിച്ചുപോകുന്ന ഒന്നാണ്.
വിയോജിപ്പുള്ള മേഖലകൾ
പരിണാമം vs സൃഷ്ടിപ്പ്: ഇഖ്ബാലും മറ്റും പറയുന്ന 'ജൈവിക വികാസത്തിന്റെ പരിസമാപ്തി' (Biological Evolution) എന്നതിനോട് അശ്അരി പക്ഷത്തിന് ചില വിയോജിപ്പുകളുണ്ട്.
അല്ലാഹുവിന്റെ നേരിട്ടുള്ള ഇടപെടൽ: ഇസ്ലാമിക വീക്ഷണപ്രകാരം ഓരോ ഘട്ടത്തിലും അല്ലാഹുവിന്റെ നേരിട്ടുള്ള സൃഷ്ടിപ്പ് (Direct Creation) നടക്കുന്നുണ്ട്. പ്രകൃതിക്ക് സ്വയം പരിണമിക്കാനുള്ള കഴിവുണ്ടെന്ന് ഒരുമുസ്ലിമും കരുതുന്നില്ല.
ആദം (അ) മിന്റെ പ്രത്യേകത: പരിണാമ പ്രക്രിയയുടെ സ്വാഭാവികമായ അന്ത്യമല്ല ആദം, മറിച്ച് ആ വികാസ ഘട്ടത്തിൽ അല്ലാഹു തന്റെ സവിശേഷമായ ഇച്ഛയാൽ (Selection) സൃഷ്ടിച്ച അത്യദ്ഭുതമാണ് ആദം (അ).
'ബഷർ' - 'ഇൻസാൻ' വിഭജനം
സൂഫിയ്യത് ഇതിനെ ജിസ്മ് (Body), റൂഹ് (Spirit) എന്നിങ്ങനെയാണ് കാണുന്നത്.
അലി ശരീഅത്തിയുടെ 'Becoming an Insan' എന്ന ആശയം പണ്ഡിതന്മാരുടെ 'തക്‌ലീഫ്' (Moral responsibility) എന്ന ആശയവുമായി ചേർന്നുനിൽക്കുന്നു.
ആത്മാവ് ഊതപ്പെടുന്നതിന് മുൻപ് മനുഷ്യൻ ഒരു 'ജൈവവസ്തു' (ബഷർ) മാത്രമാണെന്നും, റൂഹ് നൽകപ്പെട്ടതോടെ അവൻ ഉത്തരവാദിത്തമുള്ള 'ഇൻസാൻ' ആയി മാറിയെന്നും മനസ്സിലാക്കുന്നതിനോട് വിശ്വാസശാസ്ത്രം എതിരാവുന്നില്ല.
ആദം(അ): സൂപ്പർ ഇന്റലിജൻസിന്റെ വികാസം
ഭൗതികമായ 'ബഷർ' അവസ്ഥയിൽ നിന്നും ആദമിനെ വേർതിരിക്കുന്നത് അദ്ദേഹത്തിന് നൽകപ്പെട്ട അമാനുഷികമായ അറിവും (Cognitive Superiority) ആത്മീയതയുമാണ്.കേവലം ജൈവിക ചോദനകളാൽ നയിക്കപ്പെട്ടിരുന്ന മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ ശേഷിയുള്ള ഒരു 'സൂപ്പർ ഇന്റലിജന്റ്' ജീവിയായി ആദം ഉയർത്തപ്പെട്ടു. ആദം (അ) മിന് നൽകപ്പെട്ട വിജ്ഞാനത്തിന്റെ അധികാരമായ (Epistemological Authority) ഖുർആൻ അടയാളപ്പെടുത്തുന്നുണ്ട്.
وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ
(അല്ലാഹു ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് അവ മലക്കുകൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു.അൽ-ബഖറ: 31)
ഇവിടെ 'അൽ-അസ്മാഅ്' (നാമങ്ങൾ) എന്നത് കേവലം പേരുകളല്ല, മറിച്ച് വസ്തുക്കളുടെ ഗുണധർമ്മങ്ങളെയും ശാസ്ത്രീയ യാഥാർത്ഥ്യങ്ങളെയും കുറിച്ചുള്ള സൈദ്ധാന്തികമായ അറിവാണ്. ബഷറുകൾക്ക് അവരുടേതായ ഗ്രഹണപാഠവവും ആശയവിനിമയവും ഉണ്ടായിരുന്നു. എന്നാൽ ആദമിന് നൽകപ്പെട്ട ഈ പ്രപഞ്ചജ്ഞാനം അദ്ദേഹത്തെ മലക്കുകളേക്കാൾ ഉയർന്ന പദവിയിലുള്ള ഒരു 'ഇൻസാൻ' ആക്കി മാറ്റി. ശാരീരികമായ 'ബഷർ' ഘട്ടത്തിൽ നിന്ന് ആത്മീയവും ബൗദ്ധികവുമായ ഔന്നത്യത്തിലേക്കുള്ള ഈ പരിവർത്തനമാണ് ആദമിന്റെ മഹത്വം.
ആദം (അ) മിന് മുൻപുള്ള ബഷർവർഗങ്ങൾ
ആധുനിക നരവംശശാസ്ത്രം ഹോമിനിഡ് ഫോസിലുകളെ (Hominid fossils) കുറിച്ച് സംസാരിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇസ്‌ലാമിക പണ്ഡിതന്മാരും ചരിത്രകാരന്മാരും ആദം (അ) മിന് മുൻപ് ഭൂമിയിലുണ്ടായിരുന്ന മനുഷ്യസദൃശ്യമായ വർഗ്ഗങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
1 : ഹിന്ന്, ബിന്ന് (الحِنُّ والبِنُّ)
ഇമാം ഇബ്നു കസീർ(റ) തന്റെ 'അൽ-ബിദായ വന്നിഹായ'യിൽ രേഖപ്പെടുത്തുന്നു:
"قال ابن عباس رضي الله عنهما: كان في الأرض الحن والبن، فسفكوا الدماء وأفسدوا في الأرض"
(ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഭൂമിയിൽ 'ഹിന്നും' 'ബിന്നും' ഉണ്ടായിരുന്നു. അവർ രക്തം ചിന്തുകയും ഭൂമിയിൽ അഴിമതി നടത്തുകയും ചെയ്തു.البداية والنهاية)
2 : നസ്നാസ് (النسناس)
മനുഷ്യസാദൃശ്യമുള്ള എന്നാൽ വിവേകശൂന്യരായ വർഗ്ഗമാണ് നസ്നാസ്. അബൂ ഹുറൈറ(റ)യുടെ വാക്കുകളിൽ അവരെ ഇങ്ങനെ കാണാം:
"النسناس قوم يشبهون بني آدم وليسوا منهم"
(നസ്നാസുകൾ ആദം സന്തതികളോട് സാദൃശ്യമുള്ളവരാണ്, എന്നാൽ അവർ മനുഷ്യരല്ല.) ഇമാം നവവി(റ), ഇബ്നുൽ ജൗസി (റ) തുടങ്ങിയവർ ഇവരുടെ ഭരണക്രമങ്ങളെയും അസ്തിത്വത്തെയും കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ഇത് നരവംശശാസ്ത്രത്തിലെ 'ഹോമോ ഇറക്റ്റസ്' (Homo erectus) തുടങ്ങിയ വർഗ്ഗങ്ങളുമായി ചേർത്ത് വായിക്കാവുന്നതാണെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.
3 : മറ്റ് വർഗങ്ങൾ (Pre-Adamic Races)
ഭൂമിയിൽ ആദമിന് മുൻപ് പല രൂപത്തിലുള്ള മനുഷ്യസദൃശ്യർ (Proto-humans) ഉണ്ടായിരുന്നുവെന്ന് 'ഉംദത്തുൽ ഖാരി' (عمدة القاري) പോലുള്ള ഗ്രന്ഥങ്ങളിൽ കാണാം. 'സൈഹ്' (Saih), 'ഷിഖ്' (Shiqq - പകുതി മനുഷ്യൻ), 'വൽഹാൻ' (Walhan) എന്നിവർ ഇതിൽ പെടുന്നു.
4 : പൂർവ്വകാല സൃഷ്ടികൾക്കുള്ള ഖുർആനിക സൂചന
ഹസ്രത്ത് അലി(റ) ഇത്തരത്തിൽ ആദമിന് മുൻപ് ഭൂമിയിൽ വസിച്ചിരുന്ന വർഗ്ഗങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന സൂക്തം ഇതിന് തെളിവായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നു:
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ
(ജനങ്ങളേ, നിങ്ങളെയും നിങ്ങൾക്ക് മുൻപുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രബ്ബിനെ നിങ്ങൾ ആരാധിക്കുവിൻ.അൽ-ബഖറ: 21)
ഇവിടെ 'നിങ്ങൾക്ക് മുൻപുള്ളവർ' എന്ന പ്രയോഗം കേവലം പൂർവ്വികരെയല്ല, മറിച്ച് ആദം(അ) എന്ന ഇൻസാൻ രൂപപ്പെടുന്നതിന് മുൻപ് ഭൂമിയിൽ വസിച്ചിരുന്ന പ്രാഗ്-മനുഷ്യ വർഗ്ഗങ്ങളെക്കൂടി ഉൾക്കൊള്ളുന്നതാണ് എന്ന് ഈ വ്യാഖ്യാനങ്ങൾ വ്യക്തമാക്കുന്നു.
ഹസ്രത്ത് അലി (റ) യും മനുഷ്യവംശത്തിന്റെ പുരാചരിത്രവും
പലതും ശിയാപണ്ഡിതന്മാർ ഉദ്ധരിച്ചതാണെന്ന ജാഗ്രത ആവശ്യമാണെന്ന ആമുഖത്തോടെ പറയാം,ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിൽ മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ചുള്ള ചർച്ചകളിൽ ഹസ്രത്ത് അലി (റ) യുടെ വചനങ്ങൾ അത്യന്തം ഗൗരവകരമാണ്. ഖുർആനിക രഹസ്യങ്ങളുടെ പൊരുളറിയുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം നൽകുന്ന സൂചനകൾ ആധുനിക നരവംശശാസ്ത്രത്തിലെ 'ഹോമിനിഡ്സ്' (Hominids) എന്ന ആശയത്തോട് ചേർന്നുനിൽക്കുന്നു. ആദം (അ) എന്ന വ്യക്തിയിലേക്ക് മനുഷ്യവർഗ്ഗം എത്തുന്നതിന് മുൻപ് ഭൂമിയിൽ നടന്ന ജൈവിക വികാസങ്ങളെക്കുറിച്ച് അലി(റ)വിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്:
"لعلكم تظنون أن الله لم يخلق خلقاً غيركم! بل والله لقد خلق ألف ألف آدم، وألف ألف عالم..."
(അല്ലാഹു നിങ്ങളെയല്ലാതെ മറ്റൊരു സൃഷ്ടിയെയും പടച്ചിട്ടില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അല്ലാഹു സാക്ഷ്യം, അവൻ ലക്ഷക്കണക്കിന് ആദമുമാരെയും ലക്ഷക്കണക്കിന് ലോകങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട്...)
ഇവിടെ 'ആയിരം ആയിരം' (അഥവാ ലക്ഷക്കണക്കിന്) എന്നത് ഒരു സംഖ്യയേക്കാളുപരി, അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അനന്തമായ വൈവിധ്യത്തെയും ആവർത്തനങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. നരവംശശാസ്ത്രപരമായി നോക്കിയാൽ, ഇത് മനുഷ്യസദൃശമായ വിവിധ വർഗ്ഗങ്ങൾ (ഉദാഹരണത്തിന്: Homo habilis, Homo erectus) ഭൂമിയിൽ പല കാലഘട്ടങ്ങളിലായി വസിച്ചിരുന്നു എന്ന കണ്ടെത്തലിന് ഉപോദ്ബലകമാണ്.
മലക്കുകളുടെ അറിവും മുൻഗാമികളുടെ നാശവും
മലക്കുകൾ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ ഇമാം റാസി തന്റെ തഫ്സീറുൽ കബീറിൽ അലി(റ)യെ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്:
"إن الله تعالى خلق قبل آدم عليه السلام أمماً كثيرة... فلما أفسدوا بعث الله عليهم الملائكة فقتلوهم وأجلوهم."
(തീർച്ചയായും അല്ലാഹു ആദം(അ)ന് മുൻപ് ഒട്ടനവധി സമുദായങ്ങളെ പടച്ചിട്ടുണ്ട്... അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയപ്പോൾ അല്ലാഹു മലക്കുകളെ അയച്ച് അവരെ നീക്കം ചെയ്യുകയായിരുന്നു.التفسير الكبير - الإمام الرازي)
ഈ ഉദ്ധരണിയിൽ 'ഉമമൻ കഥീറ' (ഒട്ടനവധി സമുദായങ്ങൾ) എന്നത് മനുഷ്യർക്ക് മുൻപുള്ള 'ബഷർ' വർഗ്ഗങ്ങളെയാണ് കുറിക്കുന്നത്. ഇവരുടെ തിക്താനുഭവങ്ങൾ കണ്ട മലക്കുകളാണ് ആദമിനെ സൃഷ്ടിക്കുമ്പോൾ ആശങ്ക പ്രകടിപ്പിച്ചത്.
'വല്ലദീന മിൻ ഖബ്ലിക്കും' - അസ്തിത്വപരമായ വ്യാഖ്യാനം
സൂറ അൽ-ബഖറയിലെ ഇരുപത്തിയൊന്നാം സൂക്തത്തെ അലി(റ)യുടെ നിരീക്ഷണങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ അത് പുതിയൊരു അർത്ഥതലത്തിലേക്ക് മാറുന്നു:
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ
(മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്ക് മുൻപുള്ളവരെയും സൃഷ്ടിച്ച നാഥനെ ആരാധിക്കുവിൻ)
ഇവിടെ 'വല്ലദീന മിൻ ഖബ്ലിക്കും' (وَالَّذِينَ مِن قَبْلِكُمْ) എന്നതിനെ വ്യാഖ്യാനിക്കുമ്പോൾ ചില പണ്ഡിതന്മാർ പറയുന്നത്, ഇത് ആദമിലൂടെ ആരംഭിച്ച 'ഇൻസാൻ' വർഗ്ഗത്തിന് മുൻപ് ഈ പ്രതലത്തിൽ ജൈവികമായി നിലനിന്നിരുന്ന (Biological predecessors) എല്ലാ വർഗ്ഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് എന്നാണ്. ഭൂമിയിൽ ആദം(അ)മിന് മുൻപുള്ള ഈ വർഗ്ഗങ്ങൾ ആരാധനാ കർമ്മങ്ങളിലോ ധാർമ്മിക ഉത്തരവാദിത്തങ്ങളിലോ പൂർണ്ണത കൈവരിച്ചവരല്ലായിരുന്നുവെങ്കിലും
ആദം(അ)മിൻ്റെ മക്കളുടെ വിവാഹവും നരവംശ വ്യാപനവും
ആദം നബി(അ)മിൻ്റെ മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗതമായ 'സഹോദര വിവാഹ' സങ്കൽപ്പം ഖുർആനികമായ അനിവാര്യതയല്ല, മറിച്ച് പലതും ഇസ്രായേലീ (Israeliyat) കഥകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തഫ്സീറുകളിൽ നിന്ന് തന്നെ കാണാം. ഇസ്‌ലാമിക നരവംശശാസ്ത്ര വീക്ഷണത്തിൽ, ആദമിന് ചുറ്റും അക്കാലത്ത് നിലനിന്നിരുന്ന മറ്റ് 'ബഷർ' വർഗ്ഗങ്ങളുമായി (Pre-Adamic hominids) ആദമിന്റെ മക്കൾ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരിക്കാം എന്ന നിഗമനം കൂടുതൽ യുക്തിസഹമാണ്. ജൈവികമായ ലയനമുണ്ടായിരിക്കാനാണ് സാധ്യത. ഹാബീൽ, ഖാബീൽ എന്നിവർ ആ കാലഘട്ടത്തിൽ ഭൂമിയിലുണ്ടായിരുന്ന മറ്റ് മനുഷ്യസദൃശ്യ വർഗ്ഗങ്ങളുമായി വിവാഹബന്ധം പുലർത്തിയതിലൂടെയാണ് 'ഇൻസാൻ' എന്ന സവിശേഷ ബോധം (Consciousness) മനുഷ്യകുലത്തിൽ വ്യാപിച്ചത്.
ഖുർആനിക സൂചന നോക്കാം;
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً
(മനുഷ്യരേ, ഒരേ ആത്മാവിൽ നിന്ന് നിങ്ങളെ പടക്കുകയും അതിൽ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരുവരിലുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുവിൻ.സൂറ അന്നിസാഅ്:1)
ഇവിടെ 'വബസ്സ മിൻഹുമാ' (അവരിൽ നിന്ന് വ്യാപിപ്പിച്ചു) എന്നത് ആത്മീയവും ബൗദ്ധികവുമായ ഔന്നത്യമുള്ള 'ഇൻസാൻ' എന്ന ഗുണവിശേഷത്തിന്റെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.
ഹഖീഖത്തുൽ മുഹമ്മദിയ്യ - ആത്മീയ പിതൃത്വം
ആദം (അ) ഭൗതികമായി മനുഷ്യരുടെ പിതാവാകുമ്പോൾ (أبو البشر - അബുൽ ബഷർ), മുഹമ്മദ് നബി (സ്വ) മനുഷ്യകുലത്തിന്റെ ആത്മീയ കേന്ദ്രബിന്ദുവാണ്. ഈ ആശയത്തെ 'ഹഖീഖത്തുൽ മുഹമ്മദിയ്യ' (The Muhammadan Reality) എന്ന് പണ്ഡിതന്മാർ വിളിക്കുന്നു.
ആദ്യത്തെ സൃഷ്ടി: ഭൗതികമായ രൂപകൽപ്പനയ്ക്ക് മുൻപേ പ്രകാശരൂപത്തിൽ നബി(സ്വ)യുടെ അസ്തിത്വം നിലനിന്നിരുന്നു. كُنْتُ نَبِيًّا وَآدَمُ بَيْنَ الرُّوحِ وَالْجَسَدِ (ആദം ആത്മാവിനും ശരീരത്തിനും ഇടയിലായിരുന്ന ഘട്ടത്തിൽ തന്നെ ഞാൻ പ്രവാചകനായിരുന്നു. (തിർമിദി)
നൂറുൻ അലാ നൂർ
ബഷറുകളിൽ നിന്നും തിരഞ്ഞെടുത്ത ആദം (അ) ന്റെ ശരീരത്തിലേക്ക് അല്ലാഹു തന്റെ ആത്മാവിനെ ഊതിയപ്പോൾ, അതിനോടൊപ്പം ഈ മുഹമ്മദീയ പ്രകാശവും നിക്ഷേപിക്കപ്പെട്ടുവെന്ന് സൂഫിയ്യത് പറയുന്നു. ഇതാണ് ആദമിനെ മലക്കുകളുടെ സാഷ്ടാംഗത്തിന് അർഹനാക്കിയത്. ചുരുക്കത്തിൽ, മനുഷ്യത്വം അതിന്റെ പരിപൂർണ്ണത പ്രാപിക്കുന്നത് മുഹമ്മദ് നബി(സ്വ)യിലൂടെയാണ് എന്നത് യാഥാർത്ഥ്യമാണ്.

Loading comments...
Leave a Reply