ഒറ്റഭൂമിയിൽ ഒറ്റസമയം നോമ്പും പെരുന്നാളും നടക്കണമെങ്കിൽ ഭൂമി പരന്നിട്ടാവലേ വഴിയുള്ളൂ എന്നറിയണമെങ്കിൽ ഫിഖ്ഹല്ല, ഭൂമിശാസ്ത്രമാണ് ഓർക്കേണ്ടത്.


സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളുടെ ഭാഗം ചേർന്ന് ചിന്തിച്ചാൽ രൂപപ്പെടുന്ന ചില ചോദ്യങ്ങളുണ്ടെന്നത് വാസ്തവമാണ്. 'നാട്ടിലും ഗൾഫിലും / ജോലിസ്ഥലങ്ങളിലും ഒന്നിച്ച് നോമ്പും പെരുന്നാളുമചരിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല' എന്നതാണ് പൊതുവായ ആവലാതി. എന്നാൽ, കുറേ അവാസ്തവങ്ങളായ ദുഷ്പ്രചരണങ്ങൾ വഴി വൈകാരികമായ മുതലെടുപ്പ് നടത്തുന്ന സ്വയം പ്രഖ്യാപിത ശാസ്ത്രാവബോധക്കാരും സൈദ്ധാന്തികരും അതുമുണ്ട്. 'ജില്ലകൾ തോറും വെവ്വേറെ നോമ്പും പെരുന്നാളും, പഞ്ചായത്തടിസ്ഥാനത്തിൽ ചക്രവാളക്കണക്ക്' തുടങ്ങിയ ക്ലീഷേകളാണ് അവർ മുസ്ലിം വൈജ്ഞാനിക മണ്ഡലങ്ങൾക്ക് നൽകിയ സംഭാവനകൾ. ഇത്തരക്കാർക്ക് പ്രാഥമികമായ വാനശാസ്ത്രമോ ഭൂമിശാസ്ത്രമോ അറിഞ്ഞിരുന്നുവെങ്കിൽ ചുരുങ്ങിയത് മൗനമവലംബിക്കാനോ, സൈദ്ധാന്തികാസ്ക്യതയുടെ വേളയിൽ അവധാനത പുലർത്താനോ പറ്റുമായിരുന്നു.
അത്തരക്കാർ പുലമ്പാറുള്ള കിറുക്കൻ വാദങ്ങളിൽ സാമാന്യം സംവാദാത്മകത നിലനിൽക്കുന്ന ഏകവാദം 'സൗദിയെ പിൻപറ്റാം' എന്ന വിഢ്ഢിത്തമാണ്. അങ്ങനെ എഴുതുന്നവർക്കില്ലാത്ത ആത്മാർത്ഥത ഒരുപക്ഷേ വായിക്കുന്ന നിക്ഷ്പക്ഷമതികൾക്കുണ്ടാവാനുള്ള സാധ്യത മാനിച്ച് നമുക്കത് പരിശോധിക്കാം.

പാൻ ഗ്ലോബൽ നോമ്പും പെരുന്നാളും സാധ്യമാക്കാൻ ഉരുണ്ട ഭൂമിയിൽ കിടന്ന് ക്ഷ വരക്കാൻ  പറയുന്ന കാര്യങ്ങളിലെ ന്യായവൈകല്യങ്ങളും അവയുടെ നിജസ്ഥിതിയും ചുരുക്കിയെണ്ണാം.

ഒന്ന് : ഇസ്ലാമികതത്വങ്ങളുടെ സാർവ്വജനീന, സാർവ്വകാലിക പൊതുഭാവത്തെ ഉൾക്കൊള്ളാതെ ഗൾഫ് - കേരള എന്ന സങ്കുചിത വൃത്തത്തിൽ മാസപ്പിറവി വിഷയത്തെ വായിക്കുന്നു. വസ്തുതാപരതയെ വൈകാരികത കൊണ്ട് മറി കടക്കാൻ ശ്രമിക്കുമ്പോഴും മലയാള മുസ്ലിംകൾ ഗൾഫിൽ മാത്രമല്ല, ഭൂമിയുടെ എല്ലാഭാഗങ്ങളിലുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നു. ലോകത്തെല്ലായിടത്തും ഒന്നിച്ച് പകലോ രാത്രിയോ കിട്ടുന്നില്ല എന്നറിയുന്നവർ മാസപ്പിറവിയുടെ ചക്രവാളശാസ്ത്രത്തെ നിരാകരിക്കുന്നതിന് കാരണം അഹന്ത മാത്രമാണെന്ന് പറയേണ്ടി വരുന്നു. 

ഭൂമിയിലെ സമയമാറ്റത്തിൻ്റെ നിർണ്ണയമായ 360 രേഖാംശങ്ങൾക്കിടയിലും (Longitudes) ഒരു ഡിഗ്രിക്ക് നാലുമിനുട്ടെന്ന തോതിൽ സമയവ്യത്യാസമുണ്ടാവുന്നതിൻ്റെ ആധാരമായ ചക്രവാളവ്യത്യാസം തന്നെയാണ് വ്യത്യസ്ത ഹിലാൽ ദർശനത്തിൻ്റെ സാംഗത്യവുമെന്ന ഭൂമിശാസ്ത്രപരമായ പ്രാഥമികതത്വത്തെ മുഖവിലക്കെടുക്കാതെ അവർ നിരർത്ഥകമായ വാചാടോപടതയിൽ അഭിരമിക്കുന്നു.

രണ്ട് : കേരളത്തേക്കാൾ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തുള്ളസൗദി അറേബ്യയെ ആശ്രയിച്ച് കേരളം മാസമുറപ്പിക്കുക എന്ന 'ഒച്ചപ്പാട് ' ഭൂമിയുടെ ഘടനയെക്കുറിച്ചുള്ള ധാരണപ്പിശകിൻ്റെ സൃഷ്ടിയാണ്.
ഭൂമിക്ക് നാല് അടിസ്ഥാനദിക്കുകളാണുള്ളത്.
ധ്രുവനക്ഷത്രമായ പോളറൈസിൻ്റെ ഭാഗം വടക്കായും മറുപുറം തെക്കായും വടക്കിലേക്ക് തിരിയുമ്പോഴുള്ള വലതുഭാഗം കിഴക്കായും മറുഭാഗം പടിഞ്ഞാറായും ഗണിക്കപ്പെടുന്നു. ഭൂമിയുടെ വടക്കും തെക്കമുള്ള അറ്റങ്ങൾ നിർണ്ണിതമാണ്. പക്ഷെ കിഴക്ക് - പടിഞ്ഞാറ് അറ്റങ്ങൾ നിർണ്ണയിക്കാൻ പലതവണ കാനറി ദ്വീപിലെയും ഉജ്ജയിനിയിലേതുമടക്കം പലരേഖാശങ്ങളും (Longitudes) പരിഗണിക്കപ്പെട്ടിട്ടുണ്ട്. 1851 മുതൽ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ തെക്ക് - വടക്ക് ദിശയിൽ കടന്ന് പോവുന്ന രേഖ പൂജ്യം ഡിഗ്രിയും പസഫിക് സമുദ്രത്തിലുള്ള അതിൻ്റെ മറുപുറമായ അന്താരാഷ്ട്രദിനമാറ്റരേഖ (IDL) 360 ഡിഗ്രിയുമാക്കി, 180 ഡിഗ്രികൾ വീതമുള്ള രണ്ട് അർദ്ധഗോളങ്ങളായി കിഴക്കും പടിഞ്ഞാറും പുന:നിർണ്ണയിക്കപ്പെട്ടു. ഗ്രീനിച്ചിൽ നിന്ന് കിഴക്കിലേക്ക്  പോവുന്തോറും (റഷ്യയുടെ ഭാഗം) 15 ഡിഗ്രിക്ക് ഒരു മണിക്കൂർ വർദ്ധിപ്പിച്ചും (GMT + 1 Hr) പടിഞ്ഞാറിലേക്ക് പോവുന്തോറും (അമേരിക്കയുടെ ഭാഗം) 15 ഡിഗ്രിക്ക് ഒരു മണിക്കൂർകുറച്ചും (GMT-1Hr) സമയം ഏകീകരിക്കപ്പെട്ടു. അമേരിക്കയുടെ ഭാഗത്തുനിന്നും IDL ൻ്റെ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന കക്ഷിക്ക്  ആ രേഖ മറികടക്കലോടെ ദിവസം മാറുമെന്ന് നിശ്ചയിക്കപ്പെട്ടു. അതിനോടനുബന്ധിച്ച് പല രാഷ്ട്രങ്ങൾക്കും മൂന്ന് മുതൽ പതിനെട്ട് വരെ ദിവസങ്ങൾ സ്വന്തം ചരിത്രത്തിൽ നിന്ന് നഷ്‌ടപ്പെട്ടിട്ടുണ്ട്. ഭൂമി സൂര്യനഭിമുഖമായി പടിഞ്ഞാറിൽ നിന്നും കിഴക്കിലേക്ക് സഞ്ചരിക്കുന്നതിനാൽ ആദ്യമായി സൂര്യനുദിക്കുകയും അസ്തമിക്കുകയുയും ചെയ്യുന്ന കിഴക്കൻ രാഷ്ട്രങ്ങളായ കിരിബാറ്റി, സമോവ, ടോംഗ തുടങ്ങിയ പ്രദേശങ്ങളിൽ തന്നെയാണ് ആദ്യമായി ചന്ദ്രോദയാസ്തമനങ്ങൾ ഉണ്ടാവുന്നതും. അതായത്, രേഖാംശം 39 E യിലുള്ള മക്കയിൽ ഹിലാൽ ദൃശ്യമാവുന്നതിനേക്കാൾ 8-9 മണിക്കൂറുകൾ മുമ്പേ ഇപ്പറയപ്പെട്ട പ്രവിശ്യകളിൽ ഹിലാൽ ദൃശ്യമാവാം.
രേഖാശം 75E യിൽ കിടക്കുന്ന കോഴിക്കോട്ട് മക്കയിലേതിനേക്കാൾ രണ്ടര മണിക്കൂർ നേരത്തെ ഹിലാൽ ദൃശ്യമാവാം. സൗദിയിൽ കാണുന്നതിനെയാണ് ആശ്രയിക്കേണ്ടത് എന്നതിൻ്റെ അർത്ഥം സ്വന്തം ചക്രവാളത്തിന് മുകളിൽ ഹിലാൽ ദൃശ്യമായാലും ആ 'കാഴ്ച്ച' പരിഗണിക്കാതെ സൗദിയുടെ പ്രഖ്യാപനം എന്ന 'കേൾവി' വരുന്നത് വരെ കാത്തിരിക്കണം എന്നാണ്. ഉദാഹരണത്തിന്, ഈ ശവ്വാൽ 1 ൻ്റെ പിറ സൗദിയിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ നേരത്തെ രാത്രിയായ കിഴക്കൻ നാടുകളിൽ നട്ടുപുലർച്ചേ രണ്ടരമണി വരെ ആയിരുന്നു. മാധ്യമക്കാരൻ്റെ യുക്തിവെച്ച്  സൗദി കേരളത്തെ പിൻപറ്റലാണ് പ്രായോഗികമായി കരണീയമെന്ന് വ്യക്തം. മക്ക - മദീന എന്നീ ഹറമകൾക്കപ്പുറമുള്ള പ്രദേശങ്ങൾ ഇസ്ലാമികമായി കോഴിക്കോട് പോലെത്തന്നെയാണ്. ഇതിനേക്കാൾ കടുത്ത പ്രായോഗിക പ്രശ്നത്തിനാണ് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഉണ്ടാവുക. ഭൂമിയുടെ പടിഞ്ഞാറേ അറ്റങ്ങളിൽ താമസിക്കുന്ന, യാത്ര ചെയ്യുന്ന ജനതക്ക് സൗദിയേക്കാൾ സൂര്യ-ചന്ദ്രാനുഭവം 14 -15 മണിക്കൂർ വരെ വൈകുന്ന ഘട്ടങ്ങളുണ്ട്. പടിഞ്ഞാറിലേക്ക് പോവുന്തോറും ഹിലാൽദർശനത്തിൻ്റെ അനുകൂലനങ്ങളായ മൂൺലാഗ്, ഇല്യുമിനേഷൻ എന്നിവ വർദ്ധിക്കുന്നതിനാൽ സൗദിയിലും ഇന്ത്യയിലുമൊന്നും കാണാത്ത രാത്രിയിൽ തന്നെ യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം പലപ്പോഴും ഹിലാൽ കാണാനാവും. ഇവിടെയൊന്നും രാഷ്ട്രാതിർത്തികൾക്കല്ല പരിഗണന, ഉദയാസ്തമനമാറ്റം എന്ന അനുഭവതലത്തിനാണ്.

മൂന്ന് : തിയ്യതിയുടെ ആരാധനയായ റമദാൻ 1 ലെ നോമ്പ്, ശവ്വാൽ 1 ലെ ഈദ് തുടങ്ങിയവയെ ദിവസത്തിൻ്റെ ആരാധനയായ വെള്ളിയാഴ്ച്ച ജുമുഅ:യുമായി താരതമ്യം ചെയ്യുന്ന വങ്കത്തം പലരുമെന്ന പോലെ മാധ്യമക്കാരനും ചെയ്തു. കിരിബാതി മുതൽ ടെമറ്റാഗി വരെ ചുറ്റുന്ന 'വെള്ളിയാഴ്ച്ച' ദിവസം എന്ന ലൂപിംഗ് യൂണിറ്റിനകത്ത് വെച്ച് ഭൂമിയിൽ വ്യത്യസ്ത സമയങ്ങളിൽ ജുമുഅ: നടക്കുന്നു. ജമുഅ: തുടങ്ങിയേടത്ത് ശനി ളുഹർ ആവുമ്പോഴാവും മറ്റൊരറ്റത്ത് വെള്ളി ജുമുഅ : നടക്കുന്നത്. അതിന് കാരണം സൂര്യൻ്റെ ചക്രവാള മാറ്റമാണ് എന്നംഗീകരിക്കാമെങ്കിൽ, ചന്ദ്രാനുഭവത്തിൻ്റെ ചക്രവാളവ്യത്യാസമനുസരിച്ച്  ഒന്നാം തിയ്യതിയിലേക്ക് ഭൂമിയിലുള്ളവർക്ക് ഒന്നിച്ച് പ്രവേശിക്കാനുമാവില്ല എന്നുമംഗീകരിച്ചേ പറ്റൂ. ഇവിടെ, സൂര്യനെ ആസ്പദിച്ചുണ്ടാവുന്ന ദിവസത്തെ ചന്ദ്രനെ ആശ്രയിച്ചിട്ടുണ്ടാവുന്ന തിയ്യതിയോട് സമീകരിക്കുക 'കഥയില്ലായ്മ' വൃത്തിക്ക് വെളിവാക്കുക കൂടിയാണ് കക്ഷി. അനുഷ്ഠാനങ്ങളുടെ സമയമൊക്കലല്ല ഐക്യം, ഉൾപ്രേരണ സമാനമാകലാണ് മുസ്ലിം ഐക്യം.

നാല് : ഇത്തരക്കാർ നിരന്തരം മുന്നോട്ട് വെക്കുന്ന മറ്റൊരനർത്ഥം ; നമസ്ക്കാരത്തിന് ശാസ്ത്രീയ ചാർട്ടുകളും സോഫ്വെയറുകളും അവലംബിക്കുന്ന ട്രഡീഷണൽ ഖാദിമാർ മാസപ്പിറവിയുടെ കാര്യത്തിൽ ശാസ്ത്രത്തെ തള്ളുന്നു എന്ന ആരോപണമാണ്. സൂര്യൻ്റെ വ്യത്യസ്തമായ ചായലുകളുടെ തോതിനൊത്ത് നിർണ്ണയിക്കപ്പെട്ട 'അഞ്ച് വഖ്തുകൾ' സ്വയം നിഴലുകൾ നോക്കി ബോധ്യം വരുത്തി അതിനൊത്ത് സംവിധാനിച്ച ചാർട്ടുകളാണ് പണ്ഡിതന്മാർ അവലംബിക്കുന്നത്. അല്ലാതെ 'നാസ' പുത്തിറക്കിയ പട്ടികയല്ല.
അടിക്കണക്ക് മുതൽ സോഫ്റ്റ്വെയറുകളിൽ വരെ അടിസ്ഥാന മാനദണ്ഡം ഒന്നാണ്. സമയ നിർണ്ണയത്തിൽ നിഴൽ വ്യത്യാസം നേരിട്ട് മനസ്സിലാക്കിയത് പോലെ തിയ്യതി നിർണ്ണയത്തിൽ ചന്ദ്രൻ്റെ കലവ്യത്യാസം ഉപകരണമന്യേ ബോധ്യം വരുത്തണമെന്നതാണ് യുക്തം. ചന്ദ്രൻ്റേതിൽ സ്വന്തം അനുഭവത്തെ നിരാകരിച്ച് ശാസ്ത്രത്തെ അവലംബിക്കണമെന്ന് പറയുന്നവർ ഒന്നറിയണം, നൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഇക്കാണുന്ന സാങ്കേതിക ഇല്ലായിരുന്നു, മിനുട്ടുകൾക്കകം ലോകം കരിക്കാൻ ആയുധങ്ങൾ നിറഞ്ഞ ഇക്കാലത്ത്, നൂറ് കൊല്ലങ്ങൾ കഴിഞ്ഞാൽ ഇവയൊന്നും ഉണ്ടാവുമെന്ന് പറയാനുമാവില്ല.
ഏത് സാഹചര്യത്തിലും പ്രയോഗവൽക്കരിക്കാൻ പറ്റുന്ന മാനകമായ തത്വമാവും ഇസ്ലാമിലെ ഏത് നിയമവും. നമസ്കാരസമയത്തിൽ നിഴൽ വായനവും തിയ്യതി തുടങ്ങാൻ ഹിലാൽ കണ്ണാലേ കാണലുമാണ് അവിടെ ഏകശരി.

അഞ്ച് : 'കാപ്പാട് മാസം കാണുന്നവരെയും ഉറപ്പിക്കുന്ന ഖാസിമാരെയും' കണക്കിലധികം കളിയാക്കുന്നവർ പറയുന്നതാണ് ഏറെ വൈരുധ്യം, അനുഭവേദ്യരായ സ്വന്തം നാട്ടുകാരെ അവിശ്വസിച്ച് വിർച്വൽ അനുഭവമായ സൗദി വാർത്താക്കുറിപ്പ് വിശ്വസിക്കണം എന്ന് !
ഇന്നത്തെ സൗദി പണ്ഡിതരാണെങ്കിൽ, ചക്രവാള പരിധിക്കകത്ത് ഹിലാൽ ഒപ്റ്റിക്കൽ സഹായികൾ മുഖേനെ സ്പോട്ട് കണ്ടെത്തി നഗ്നനേത്രം കൊണ്ട് കാണണം എന്ന് പറയുന്നവരാണ് താനും. അവിടെ ശാസ്ത്രീയതയുടെ വിഷയം കൂടിയുണ്ട്.
കേരളത്തിലെ പരമ്പരാഗത പണ്ഡിതന്മാർക്ക് നേരെ
'അശാസ്ത്രീയത' ആരോപിക്കുന്ന നിർമ്മിത പുരോഗമന മുസ്ലിംകൾ മറക്കുന്ന ഒരു യാഥാർത്ഥ്യം പലപ്പോഴും ശാസ്ത്രീയമായി ഹിലാൽ ദൃശ്യമാവില്ല എന്ന് നാസയുടെ ആസ്ട്രോണമിസ്റ്റുകൾ വിധിയെഴുതിയ ദിവസങ്ങളിലാണ് പല 'റഫറൻസീവ്' രാഷ്ട്രങ്ങളിലും മാസം കാണുന്നത് എന്നതാണ്. 20-30  മിനുട്ടുകൾ മൂൺ ലാഗുള്ള ദിവസങ്ങളിൽ കേരളത്തിൽ ഖാസിമാർ മാസമുറപ്പിച്ചതിനെ പരിഹസിക്കുന്ന പലരും അംഗീകരിക്കുന്ന നാട്ടിൽ എട്ടും പന്ത്രണ്ടും മിനുട്ട് മാത്രം മൂൺ ലാഗുള്ള ദിവസം മാസം 'കണ്ടത് ' ആഘോഷിക്കുകയാണ്.

വ്യത്യസ്ത സമയം = വ്യത്യസ്ത ചക്രവാളം

ഭൂമിയുടെ വെളിയിൽ നിന്ന് ഒരാൾ ഭൂമിയെ നിരീക്ഷിക്കുകയാണെങ്കിൽ, ശരാശരി 112 കി. മീറ്ററിന് 4 മിനുട്ട് എന്ന തോതിൽ കിഴക്കിൽ നിന്ന് പടിഞ്ഞാറിലേക്ക് പോകുന്തോറും ഉദയാസ്തമനങ്ങൾ വൈകുന്നുവെന്ന് കാണാം. സുനിതാവില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ 16 ഉദയാസ്തമനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ധ്രുവങ്ങളിൽ അരവർഷമാണ് രാപ്പകൽ ദൈർഘ്യം. ഇതൊക്കെ നിർണ്ണയിക്കാൻ വാനശാസ്ത്രം സങ്കൽപ്പിക്കുന്ന മാദദണ്ഡമാണ് ചക്രവാളം. ചക്രവാള സങ്കൽപ്പം ശരിയാണെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം.  1.70 മീറ്റർ പൊക്കമുള്ള ഒരാൾ സമനിരപ്പിൽ നിന്ന് കാണുന്ന ആകാശത്തിൻ്റെ അറ്റം (ഭൂമിയെ തൊടുന്ന ആഴം) 4.7 കിലോമീറ്റർ അകലത്താണെങ്കിൽ അയാൾ 100 മീറ്റർ ഉയരമുള്ള ഗോപുരത്തിൽ കയറിയാൽ പ്രസ്തുത ദൂരം 36 കിലോമീറ്റർ ആയി മാറും (അത്രയും നേരത്തെ പകലാവും, വൈകി രാത്രിയാവും).
തൽപ്പര കക്ഷികൾ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ജില്ലാതിർത്തികളോ സംസ്ഥാനാതിർത്തിയോ അല്ല ചക്രവാള പരിധി. കിഴക്ക് - പടിഞ്ഞാറ് രേഖാംശ വ്യത്യാസമാണ്. രണ്ട് ഡിഗ്രികൾക്കിടയിലെ ഡിഗ്രിയുടെ ദൂരം 1111- 321 കിലോമീറ്ററാണ്. ഒരിടത്ത് ഹിലാൽ ദൃശ്യമായാൽ എത്രദൂരത്തോളം അതിനൊത്ത് അനുഷ്ഠിക്കാം എന്ന കാര്യത്തിൽ 'എല്ലാനാടുകൾക്കും' ബാധകമാക്കാം (ഭൂമി മുഴുവൻ എന്നല്ല) എന്ന ഹനഫീ മദ്ഹബിലെ ഒരഭിപ്രായം മുതൽ ദൃശ്യമായ 'ബലദിന്' (പ്രദേശം) മാത്രം എന്ന ഇമാം ഗസ്സാലി (റ) അടക്കുള്ളവരുടെ അഭിപ്രായം വരെ പ്രാമാണിക കർമ്മ ശാസ്ത്രത്തിലുണ്ട്. ചില സലഫീ മുഫ്തിമാർ പറയുന്നത് പോലെ ഒറ്റദർശനം കൊണ്ട് ഭൂമി മുഴുവൻ പ്രയോഗവൽകരിക്കൽ പ്രായോഗികമല്ല, അതിന് മുമ്പേ മറ്റിടങ്ങളിലും കണ്ടിരിക്കും. ഈ വാനശാസ്ത്രസത്യം അറിയുന്നത് കൊണ്ടാണ് 'എല്ലാനാടുകളും' എന്നതിനെ ഏകദേശം ഖുറാസാൻ മുതൽ ഉൻദുലുസ് വരെ (അഫ്ഗാൻ മുതൽ സ്പെയിൻ വരെ) എന്ന് ഇമാം അബൂഹനീഫ (റ) വിശദീകരിച്ചത്. രാപ്പകൽ - വൃത്തങ്ങളിൽ ഒത്ത് വരുന്ന രേഖാംശ പരിധി ഏകദേശം അത് തന്നെയാണ്, അല്ലാതെ, പടിഞ്ഞാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും മനുഷ്യരുള്ള കാര്യം അറിയാഞ്ഞിട്ടല്ല. ശാഫീ മദ്ഹബിൽ, രണ്ടഭിപ്രായമാണുള്ളത്. 8 ഡിഗ്രികൾ അഥവാ 32 മിനുട്ടിൻ്റെ ഉദയാസ്തമന പരിധി (890കി.മീ) ഒരു ചക്രവാളമായി പരിഗണിച്ചവരുണ്ട്. 
മറ്റൊരഭിപ്രായം 24 ഫർസഖ് അഥവാ രണ്ട് ഭാഗത്തേക്കും 197.510 വായുവേധ കിലോമീറ്ററാണ്. തെക്കിലേക്കും വടക്കിലേക്കും ധ്രുവങ്ങൾ വരെ ഈ നിയമം ബാധകമാക്കാവുന്നതാണ്. കിഴക്കൻ നാട്ടിൽ കണ്ടാൽ പടിഞ്ഞാറൻ നാടുകൾക്ക് ബാധകമാക്കാം, പൊതുവേ മറിച്ച് പരിധിക്കപ്പുറം പ്രായോഗികമല്ല. ഭൂപ്രദേശങ്ങളുടെ കിടപ്പ്, ഉത്തരായന - ഭക്ഷിണായന ഘട്ട വ്യത്യാസം തുടങ്ങിയവയ്ക്കും ഇവിടെ സ്ഥാനമുണ്ട്. ശാസ്ത്രീയവും യുക്തവുമായ മദ്ഹബീ -കർമ്മശാസ്ത്രമാണ് സമ്പൂർണ്ണം. രാഷ്ട്രീയ - സാമൂഹികാവശ്യങ്ങൾക്ക് ഉമർ (റ) രൂപപ്പെടുത്തിയ സാങ്കേതിക ഹിജ്റ കലണ്ടറോ ഗ്രിഗേറിയൻ കലണ്ടർ തന്നെയോ ഉപയോഗിക്കാം.

സൗദിയിലെ പണ്ഡിതന്മാർ ഈ ശാസ്ത്രീയ മലയാളദീൻ അംഗീകരിക്കുന്നവരല്ല താനും. ഇബ്നു ബാസിൻ്റെ ഫത്‌വയാണ് ചുവടെ;

فلا يجوز لأحد أن يحتج على إبطال الرؤية بمجرد دعوى أصحاب المراصد أو بعضهم مخالفة الرؤية لحسابهم، كما لا يجوز لأحد أن يشترط لصحة الرؤية أن توافق ما يقوله أصحاب المراصد؛ لأن ذلك تشريع في الدين لم يأذن به الله، ولأن ذلك تقييد لما أطلقه الله ورسوله، واعتراض على صاحب الشريعة الذي لا ينطق عن الهوى، وتكليف للناس بما لا يعرفه إلا نفر قليل من الناس، فيضيقون بذلك ما وسعه الله.

"കേവലം ഭാഗികമായോ പൂർണ്ണമായോ വാനനിരീക്ഷരുടെ വാദമെടുത്ത്, ശാസ്ത്രീയ കണക്കിനോടൊക്കുന്നില്ലെന്ന് കാണിച്ച് പിറദർശനം അസാധുവാണ് എന്നു പറയാൻ ഒരാൾക്കും സമ്മതമില്ല, മാസപ്പിറ വാനശാസ്ത്രത്തോട് ഒത്തുവരണമെന്ന് നിബന്ധനവെക്കാൻ പാടില്ലാത്തതാണ്. കാരണമത് അല്ലാഹു സമ്മതിക്കാത്ത മതനിർമ്മാണമാണ്. അല്ലാഹുവും റസൂലും സാമാന്യവൽക്കരിച്ചതിനെ സോപാധികമാക്കലാണത്,
മതത്തിൻ്റെ കാര്യത്തിൽ താന്തോന്നിത്തം ജൽപ്പിക്കുകയോ കൽപ്പിക്കുകയോ ചെയ്യാത്ത നബി (സ്വ) യോടുള്ള ധിക്കാരമാണത്, തുഛം പേർക്ക് മാത്രമറിയുന്ന കാര്യം വെച്ച് വിശ്വാസിസമൂഹത്തെ ബുദ്ധിമുട്ടിക്കലാണത്. അല്ലാഹു ലളിതമാക്കിയതിനെ സങ്കീർണ്ണമാക്കലേ തദ്വാരാ ഉണ്ടാവുകയുള്ളൂ "

Loading comments...

Leave a Reply