loader
blog

In Philosophy

By Shuaibul Haithami


റാഷനിസം : മലയാളത്തിൻ്റെ ജനിതകപരിണാമങ്ങൾ

കേരള യുക്തിവാദ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനും നാരായണഗുരുവിൻ്റെ പ്രിയ ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പനിലെ 'നാസ്തികശുദ്ധി' ചോദ്യം ചെയ്തു കൊണ്ടുള്ള Ravichandran C യുടെ സംസാരം കേട്ടു . അതിനോട് വിശ്വനാഥൻ സി അടക്കമുള്ളവർ നടത്തിയ പ്രതികരണവും വായിച്ചു. സവർക്കറൈറ്റ് വലതുനാസ്തികതയും മാർക്സിയൻ ഇടതുഭൗതികവാദവും തമ്മിലുള്ള വ്യത്യാസത്തിൻ്റെ ഭാഗമായ ആ ദ്വന്ദത്തിന് ചരിത്രവും പ്രമാണവും ഉണ്ട്. കേരള യുക്തിവാദത്തിൻ്റെ ചരിത്രവും വർത്തമാനവും നിരീക്ഷിക്കുന്ന മുസ്ലിം പക്ഷത്തുനിന്നുള്ള ഒരു വ്യക്തി എന്ന നിലയിൽ ആ വിഷയത്തോടുള്ള സമീപനമാണിത്. 

റിച്ചാർഡ് ഡോകിൺസിനും ക്രിസ്റ്റഫർ ഹിച്ചണും സാം ഹാരിസിനുമപ്പുറം പദാർത്ഥവാദം മോഷ്ടിച്ചും സയൻസ് കൂട്ടിച്ചേർത്തും ആശയവാദം കത്രിച്ചുമുണ്ടാക്കിയ അസന്തുലിത വീക്ഷണം മാത്രമുള്ള സവർക്കറൈറ്റ് നാസ്തികത പൊതുബോധത്തിലെ മേൽക്കോയ്മകളെ ജയിപ്പിച്ചെടുക്കാനുള്ള വ്യാജരാഷ്ട്രീയമാണ് ,ഒരിക്കലും ഒരു സാമൂഹിക പ്രസ്ഥാനമല്ല .അതേസമയം ,താരതമ്യേനെ മൗലികവും പ്രാദേശികവും എന്നാൽ ആഗോളരാഷ്ടീയ പിൻബലവുമുണ്ടായിരുന്ന ജീവിതരീതി മുന്നോട്ട് വെച്ച സഹോദരൻ അയ്യപ്പൻ്റേത് സാമൂഹിക പ്രസ്ഥാനമായിരുന്നു. 
രാഷ്ട്രീയ വരട്ടുന്യായങ്ങൾ മാത്രമായ നവനാസ്തികത ,സത്യത്തിൽ , ഇസ്ലാമിൻ്റെ / മതങ്ങളുടെ വിപരീതസ്ഥാനത്ത് വരിക പോലുമില്ല .കാരണം അതൊരു ജീവിതരീതിയോ നിയതമായ പ്രാപഞ്ചിക വീക്ഷണമോ മുന്നോട്ട് വെക്കുന്നില്ല .അതതു സമയത്ത് നാവ് നീണ്ടയാൾ പറയുന്നതാണ് അവരുടെ പ്രപഞ്ചം. 
നാവ് നീളുക എന്നത് മാത്രമാണ് വലിയ യോഗ്യത എന്നത് വെറുതെ പറയുകയല്ല , ബ്രഹ്മ ണിക്കൽ ഹെജിമണിക്ക് ഒരുതുള്ളി അതൃപ്തി വരാതിരിക്കാൻ നിലപാട് രൂപപ്പെടുത്തുമ്പോൾ തീയിൽ നടക്കുന്നത് പോലെ ശ്രദ്ധിക്കുന്ന രവിചന്ദ്രന് , അയ്യപ്പനെ ജാതിവാദിയെന്ന് കളിയാക്കിച്ചിരിക്കാനാവുന്നത് അത്കൊണ്ടാണ്. 
എന്നാൽ മാർക്സിയൻ ഭൗതികവാദം , അതിൻ്റെ അനേകം ഉൾപ്പിരിവുകളടക്കം ,അപൂർണ്ണവും അപ്രായോഗികവുമായ ഒരു ജീവിതരീതി മുന്നോട്ട് വെക്കുന്നുണ്ട്. ഏറെക്കുറെ ന്യായമായ സംവാദാത്മകത അവരോടാണ് മുസ്ലിംകൾക്ക് സാധിക്കുക. മറ്റവരോട് രാഷ്ട്രീയത്തിന് രാഷ്ട്രീയം മതി ,പ്രമാണങ്ങൾ തമാശയാണ് .

ലോകത്ത് 85 % മതവിശ്വാസികളിൽ സവർണ്ണ ഹിന്ദുത്വരല്ലാത്തവരെ മൊത്തത്തിലും മുസ്ലിംകളെ വിശേഷിച്ചും അപരവൽക്കരിക്കാൻ കിട്ടുന്ന സർവ്വ പദപ്രയോഗങ്ങളും നടത്തുന്നവർക്ക് സവർക്കറൈറ്റ് നാസ്തികർ എന്ന പേര് ലഭിക്കുമ്പോൾ വല്ലാത്ത ശ്വാസം മുട്ടാണിപ്പോൾ .യഥാർത്ഥ ആൾദൈവ സംസ്ക്കാരം യാതൊരു ലജ്ജയുമില്ലാതെ കൊണ്ടുനടക്കുമ്പോഴാണ് കൾട്ട് വിരുദ്ധത അവർ തന്നെ പറയുന്നത്. 

അവർക്ക് അവസാനവാക്ക് പറയുന്ന കൾട്ടുകളുണ്ട് .
അവർ പറയുന്ന ' പ്രമാണങ്ങൾ ' പരീക്ഷണ നിരീക്ഷണമന്യേ 'അന്ധമായി ' വിശ്വസിക്കുകയാണ് അനുയായികൾ ചെയ്യുന്നത്.
ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തിൽ .
പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും .
വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും .
ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും .
പദാർത്ഥ ഗുണത്തോടുള്ള അതിഭ്രമം സയൻ്റിസമാവും .
വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും .
ഇതെല്ലാം തെളിവുകളേക്കാൾ 'വിശ്വാസം' തീർപ്പ് കൽപ്പിക്കുന്ന ഡോഗ്മകൾ പ്രസക്തമായ മതങ്ങൾ തന്നെയാണ്.
പ്രസ്തുത ഫാൻസ് കൾട്ടിനാണ് ആൾദൈവം എന്ന് പറയുന്നത്.
അതായത് ,മാതാ അമൃതാനന്ദമയി എന്താണോ അതിൻ്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി രവിചന്ദ്രൻ എന്ന ഊതിവീർപ്പിച്ച ബിംബവും.
തെളിവുകൾ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തൻ്റെ ഭക്തരെ നയിക്കുന്നത് സവർണ്ണ വംശീയതയിലേക്ക് തന്നെയാണ്.
പറയുന്ന കാര്യങ്ങൾക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്?
അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവർ ഭക്തരല്ലെങ്കിൽ പിന്നാരാണ് ഭക്തർ ?

അതായത് , ഇടതുപക്ഷ / കമ്മ്യൂണിസ്റ്റ് ഭൗതിക ചിന്തയേക്കാൾ 
മുസ്ലിം വിരുദ്ധമായത് 
ബ്രഹ്മണിക്കൽ ഹെജിമണിയെ 
ശാസ്ത്രീയമായി പ്രകൃതിപരമാക്കാൻ വളഞ്ഞു വലയം പിടിക്കുന്ന സവർണ്ണ യുക്തിവാദം തന്നെയാണ്.മാർക്സിയൻ ഭൗതികവാദവും കേവല യുക്തിവാദവും വേർപ്പിരിയുന്നത് തകർക്കപ്പെടേണ്ട മുഖ്യശത്രു ഏതാണെന്ന കാര്യത്തിലാണ്.നവ നാസ്തികതക്ക് ദൈവത്തെ തകർക്കലേ ലക്ഷ്യമുള്ളൂ ,അനന്തരം അജണ്ടകളില്ല .
മാർക്സിസം ദൈവേതരമായ മോറൽ ,സിവിൽ പീനൽ കോഡുകൾ മുന്നോട്ട് വെക്കുന്നുണ്ട് .

മാത്രമല്ല ,
ഭൗതിക - പദാർത്ഥ വാദവും ഇസ്ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല.
ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ് ,വിരുദ്ധമല്ല . രാഹിത്യം വിരുദ്ധതയായി പലതവണകളിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഉപയോഗിച്ചത് വ്യക്തിനിഷ്ഠ താൽപര്യങ്ങൾ വഴിയാണ് ,പ്രമാണനിഷ്ഠ താൽപര്യമായിരുന്നില്ല .
മതത്തെ നിശിതമായി നിരസിച്ച മാർക്സിയൻ സൈദ്ധാന്തികർ മറ്റൊന്ന് ബദലായി പറയാൻ ശ്രമിക്കുകയായിരുന്നു. 

റഷ്യൻ വിപ്ലവത്തിന്റെ ആദ്യഘട്ടത്തിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് അയ്യപ്പൻ ചെറായിയിൽ ചരിത്ര പ്രധാനമായ മിശ്രഭോജനം നടത്തുന്നത്. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയായിരുന്നു അയ്യപ്പൻ. അക്കാലത്ത് അയ്യപ്പൻ എഴുതിയ ഈഴവോൽബോധനം എന്ന കവിതയിൽ റഷ്യൻവിപ്ലവത്തെക്കുറിച്ച്പരാമർശിച്ചിട്ടുണ്ടായിരുന്നു. റഷ്യൻ ജനത രചിച്ച ചരിത്രത്തെക്കുറിച്ച് തന്റെ പ്രസംഗങ്ങളിൽ അയ്യപ്പൻ ആവേശപൂർവ്വം എടുത്തുപറയുമായിരുന്നു, ലെനിൻ ആയിരുന്നു അക്കാലത്ത് അയ്യപ്പന്റെ വീരപുരുഷൻ. കേരളത്തിലെ ജനങ്ങൾ റഷ്യയെക്കുറിച്ചും,ലെനിനെക്കുറിച്ചും, റഷ്യൻവിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത് അയ്യപ്പന്റെ സഹോദരൻ എന്ന പത്രത്തിലൂടെയായിരുന്നു എന്നതാണ് ചരിത്രം .

കേരളത്തിൽ തന്നെ ,
ആത്മീയതയെ ഭൗതീകമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്ലാമിനോട് താദാത്മ്യപ്പെടുന്ന 
അകധാര കണ്ടെത്തിയവരായിരുന്നു. 
കേരള യുക്തിവാദത്തിൻ്റെ ആചാര്യനായ നമ്മുടെ വിഷയത്തിലെ സഹോദരൻ അയ്യപ്പൻ തന്നെ രാഷ്ട്രീയ ഇസ്ലാമിൻ്റെ മാനവികതലം അംഗീകരിച്ചിരുന്നു.
അദ്ധേഹത്തിൻ്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ 'മുനാഫിഖ്' യുക്തിവാദികൾക്ക് മനസ്സിലാവില്ല.

ആ പേര് വേറെതെ വീണതല്ല ,ചരിത്ര പശ്ചാത്തലം ഉണ്ടായിരുന്നു അതിന്.
ആഇശ എന്നത് അക്കാലത്ത് കീഴാളസ്ത്രീത്വത്തിൻ്റെ വിമോചന നാമം കൂടിയായിരുന്നു.
തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ
ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ 
മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജസ്ത്രീ .
അവർ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്ലാമണഞ്ഞ് ആഇശയായി മാറിൽ വസ്ത്രമണിഞ്ഞു .
ധൃഷ്ടനായ പണിക്കർ അവരുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തി പീഡിപ്പിച്ചു .
മമ്പുറം തങ്ങളുടെ അടുക്കൽ ആഇശ എന്ന ചക്കി അഭയം തേടിയപ്പോൾ 
ഏഴ് മാപ്പിളപ്പോരാളികൾ ചേർന്ന് ചെന്ന് പണിക്കരുടെ പണി കഴിച്ചു.
ഭൂപ്രഭുക്കന്മാർ മാപ്പിളമാർക്കെതിരെ തിരിഞ്ഞു .
ബ്രിട്ടീഷുകാർ ജന്മിമാരോടൊപ്പം ചേർന്നു.
20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു.
അതോടെ ആഇശ ഒരു പ്രതീകമായി ഉയർന്നു.
പക്ഷെ ,ചാന്നാർ ലഹളയുടെ നായിക,
മുലക്കപ്പം വാങ്ങാൻ വന്നവർക്ക് മുലയരിഞ്ഞ് നൽകിയ കണ്ടപ്പൻ്റെ കെട്ടിയോൾ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തിൽ പോലും ചക്കിക്ക് ലഭിച്ചില്ല.
ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാൾ അഭയമായി മാറുന്ന തുരുത്തിൽ ബദലന്വേശിച്ച ചക്കി തന്നെയാണ് വാസ്തവത്തിൽ എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം .

മലയാള യുക്തിവാദത്തിൻ്റെ സവർണ്ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുകമായ പരിണാമമാണ്.
1970കളിൽ
യുക്തിവാദിസംഘത്തിൽ കോൺഗ്രസ്സുകാരും സി.പി.ഐക്കാരും ആർ.എസ് പിക്കാരും നക്സലൈറ്റുകളും സി.പിഎമ്മിൽ പെട്ടവരും ഉണ്ടായിരുന്നു.
കോൺഗസ്സുനേതാവായിരുന്ന എം .എ .ജോൺ , മുൻ കോൺഗ്രസ്സ് മന്ത്രിയായിരുന്ന ഡോ.എം.എ .കുട്ടപ്പൻ, സി.പി.ഐ. നേതാവായിരുന്ന പവനൻ, വി.ജോർജ്, തെങ്ങമം ബാലകൃഷ്ണൻ, 
ആർ എസ്സ്പിയിൽ നിന്നും വന്ന ഇടമറുക്, സി.പി.എമ്മിൽ നിന്നും വന്ന യു. കലാനാഥൻ , സി.പി.ഐ. എം .എല്ലിൽ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കൾ .
പവനനും യു കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവർക്കിടയിൽ അഭ്യന്തര സംവാദങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാർക്സിവും തമ്മിലുള്ളസംവാദമുണ്ടായത്. 
പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാർക്സിസ്റ്റ് പാർട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു.  

ജാതീയ മേൽക്കോയ്മക്കെതിരിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വളർത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ.
ചില ഉദാഹരണങ്ങൾ നോക്കാം ,
അവരുടെ മുഖപത്രമായിരുന്ന 
'യുക്തിരേഖ'മാനേജറായിരുന്ന
രാജഗോപാൽ വാകത്താനം
ശ്രീ നാരായണ ഗുരുവിനെതിരെ യുക്തിരേഖയാൽ ലേഖനമെഴുതുന്നു. 
ഗുരു വിപ്ലവകാരിയല്ല ,അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം. 
ഇവി പെരിയോറല്ല , ഗോൾവാൾക്കറാണ് ശരി എന്ന രവിചന്ദ്രൻ്റെ കണ്ടെത്തൽ ആകസ്മികമല്ല എന്നർത്ഥം. 
ശിവഗിരി പിടിച്ചെടുക്കാൻ സവർണ്ണ ഹിന്ദുത്വർ ശ്രമിച്ചപ്പോൾ പവനൻ തന്നെ അവർക്കൊപ്പം വേദി പങ്കിടുന്നു.
RSS ജനറൽ സെക്രട്ടറിയായിരുന്ന മോഹനൻ ,
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരോടൊപ്പം ചേർന്ന് ശിവഗിരിയെ നമ്പൂതിരിവൽക്കരിക്കാൻ കൂട്ട് നിന്നയാളായി പവനൻ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 

ഇസ്ലാമിന് / മുസ്ലിംകൾക്ക് ദൈവനിഷേധത്തിൻ്റെ എല്ലാ വഴികളോടും വിയോജിപ്പാണ് ,ആ അർത്ഥത്തിൽ ഇവരണ്ടും ഒരുപോലെയുമാണ്.
മാത്രവുമല്ല , അതതു നാടുകളിലെ ഭൂരിപക്ഷത്തിൻ്റെ സംസ്ക്കാരങ്ങളെയല്ലാതെ മാർക്സിയൻ ഭൗതികതയും ദേശീയമോ പൊതുവോ ആക്കിയിട്ടില്ല .
മേൽക്കോയ്മകളെ താത്വികമായി അംഗീകരിക്കാതെ സമത്വം പറയുമ്പോഴും , ഹെറാർക്കിക്കൽ ഹെജിമണികളെ പ്രകോപിപ്പിക്കാതെ അവർ നോക്കും.
" ജമാഅതെ ഇസ്ലാമിയുടെ വളർച്ചക്ക് 
വഴിമരുന്നിടാതിരിക്കാൻ വേണ്ടി " RSS നെ അവഗണിക്കുന്ന പിണറായി വിജയൻ CPM ൽ ജനിക്കാത്തത് അപ്പറഞ്ഞതിൻ്റെ ഏറ്റവും ലളിതമായ തെളിവാണ്. 
മാത്രമല്ല ,
ജനനം ,വിവാഹം ,മരണം ,മരണാനന്തരം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ തരം ഭൗതികവാദികളും
'ദേശീയമായി വാഴ്ത്തപ്പെട്ട ' ഹൈന്ദവ ശീലങ്ങളാണ് പാലിക്കുന്നത്.  
എളുപ്പത്തിൽ മനസ്സിലാവുന്ന 
വേറൊരുദാഹരണം പറയാം ,
സ്വന്തം ചിന്താസ്വാത്രന്ത്ര്യത്തിൻ്റെ ഭാഗമായി 
നജ്മൽ ബാബുവായി മാറിയ ടി എൻ ജോയി എന്ന എക്സ് ലെഫ്റ്റ് നക്സൽ തൻ്റെ ഭൗതികദേഹം കൊടുങ്ങല്ലൂർ പള്ളിപ്പറമ്പിൽ അടക്കണം ചെയ്യണം എന്ന് സ്വന്തക്കാരെ ഏൽപ്പിച്ചിരുന്നു. 
പക്ഷെ ,അവർ ഹൈന്ദവമായിട്ടാണ് നജ്മലിന് അന്ത്യയാത്ര നേർന്നതും ശാന്തി നിമജ്ഞനം ചെയ്‌തതും. 
അതിൻ്റെ രാഷ്ട്രീയം അല്ല പറയുന്നത് ,
മരണം എന്നത് കേവലം രാസ - ജൈവനിർവ്വാണം മാത്രമാണെന്നും അലൗകികമായ അനന്തരത്വങ്ങൾക്ക് പ്രസക്തിയില്ലാത്ത ഭൗതിക വസ്തു മാത്രമാണ് മൃതദേഹം എന്നും പറയുന്നവർക്ക്
മുസ്ലിംപള്ളിക്കാടും കൃസ്ത്യൻപെട്ടിക്കൂടും അശോകച്ചിതയും ഒരുപോലാവണം ,പക്ഷെ അങ്ങനെ ആകാനാവാത്തത് എല്ലാ തരം ഭൗതികവാദത്തിലും നിവർത്താനാവാത്ത ഒരൊടിവ് സഹജഗുണമായതിനാലാണ്.
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us