loader
blog

In Philosophy

By Shuaibul Haithami


ഫൽസഫതുനാ : പ്രപഞ്ചം , മതം , മനുഷ്യൻ .

ഒന്ന് :

മനുഷ്യനാണ് താരം .


കോടാനുകോടി ജീവിവർഗങ്ങളിൽ വെച്ച് സവിശേഷ ജീവിയാണ് മനുഷ്യൻ . മനുഷ്യന് രണ്ടുതരം അസ്ത്വങ്ങളുണ്ട് : ജൈവികമായ കേവലാസ്തിത്വത്തിന് പുറമേ ബൗദ്ധികവും ആത്മീകവുമായ സവിശേഷാസ്ത്വം കൂടിയാണ് മനുഷ്യന്റെ അടിസ്ഥാനം. അതിനാൽ , മറ്റിതര ജീവികൾക്ക് നിലനിൽക്കാനാവശ്യമായ ഭൗതിക ചുറ്റുപാടുകൾക്ക് പുറമേ ബുദ്ധിപരമായ ധാരാളം ആലോചനകളും അന്വേഷണങ്ങളും വിചാരങ്ങളും കൂടി സാക്ഷാൽക്കരിക്കപ്പെടുമ്പോഴേ 

" മനുഷ്യൻ " ഉണ്ടാവുന്നുള്ളൂ. ശ്വസനം ,ഉറക്കം , ഭോഗം , ഭോജനം തുടങ്ങിയ ആവശ്യങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കുമുണ്ട്. ആത്മാവിന്റെ സാന്നിധ്യമാണ് മനുഷ്യരുടെ പ്രത്യേകത . തന്മൂലം അവന് വിശേഷ ബുദ്ധിയും ഭാഷാ സംവേദനവും വിശ്വാസപരമായ ഉത്തരവാദിത്വവും കൈവന്നു. അങ്ങനെയാണ് മനുഷ്യൻ സവിശേഷ ജീവിയായത്. 





വിശുദ്ധ ഖുർആൻ , സൂറ: അഹ്സാബിൽ അല്ലാഹു പറയുന്നു ,


إنا عرضنا الأمانة على السماوات والأرض والجبال فأبين أن يحملنها وأشفقن منها وحملها الإنسان إنه كان ظلوما جهولا

"ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നാരാഞ്ഞ് കൊണ്ട് വാനഭുവനങ്ങളുടെയും പർവ്വതങ്ങളുടെയും മേൽ  സത്യവിശ്വാ സത്തെ നാം പ്രദർശിപ്പിച്ചു. അന്നേരം അവയെല്ലാം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിക്കൊടുക്കാൻ കേണു പറഞ്ഞ് കൊണ്ട് വിസമ്മതിച്ചു. മനുഷ്യൻ അതേറ്റെടുക്കുകയും ചെയ്തു. തീർച്ചയായും മനുഷ്യൻ വലിയ അജ്ഞനും അക്രമിയും തന്നെ " .

മനുഷ്യന് മാത്രമാണ് മറ്റുജീവികളെയും പ്രകൃതിയെയും  കീഴ്പ്പെടുത്തി തന്റെ വരുതിയിലാക്കാൻ സാധിക്കുന്നത്. സഹസ്രാബ്ദങ്ങൾക്ക് മുമ്പേ ജീവിച്ചിരുന്ന രീതികളിൽ നിന്നും,  പ്രകൃതിയുടെ മാറ്റം ചില ജീവികളുടെ പ്രകൃതത്തിൽ മാറ്റം വരുത്തിയെന്നല്ലാതെ , ഭൗതികമായോ ബൗദ്ധികമായോ മുന്നേറാൻ അവയ്ക്കൊന്നും സാധിച്ചിട്ടില്ല.

വിദ്യാഭ്യാസ പ്രവർത്തനമോ , ശാസ്ത്രീയന്വേഷണമോ രാഷ്ട്രീയ സംവിധാനങ്ങളോ മറ്റോ മറ്റൊരു ജീവിക്കുമില്ല .





രണ്ട് :


" വിചാരമാണ് സിദ്ധി "


മനുഷ്യനെ മനുഷ്യർ നിർവ്വചിച്ചപ്പോൾ പലതരം പ്രസ്താവനകളാണ് ചരിത്രത്തിലുണ്ടായത്. ഓരോ സങ്കേതങ്ങളും പ്രത്യയശാസ്ത്രങ്ങളും അവ മുന്നോട്ട് വെക്കുന്ന പ്രാപഞ്ചിക വീക്ഷണം, മനുഷ്യവായന എന്നിവയെ അടിസ്ഥാനമാക്കിയാണ് നിർവ്വചനങ്ങൾ രൂപപ്പെടുത്തിയത്.  നട്ടെല്ലിൽ നിവർന്ന് നിൽക്കുന്ന ജന്തു , ചിന്തിക്കുന്ന മൃഗം , വാലില്ലാതായ വാനരൻ തുടങ്ങിയ ജൈവിക വിശദീകരണങ്ങളും പ്രപഞ്ചത്തിന്റെ കേന്ദ്രകഥാപാത്രം , പൂർണ്ണവളർച്ചയിലെത്താതെ മരണപ്പെടുന്ന ജീവി തുടങ്ങിയ കാൽപ്പനിക നിരീക്ഷണങ്ങളും മനുഷ്യനെ കുറിച്ചുണ്ടായി . ചിലതൊക്കെ അവാസ്തവവും മറ്റുപലതും അവ്യവസ്ഥാപിതവുമായിരുന്നു. ഭാഷാഭാഷണ ക്ഷമതയുള്ള വിശേഷബുദ്ധൻ എന്ന നിർവ്വചനമാണ് ദാർശനികമായി കൂടുതൽ അംഗീകരിക്കപ്പെടുന്നത്.

മനുഷ്യനിൽ അന്തർലീനമായ വ്യത്യസ്ത സ്വത്വങ്ങളെ അടിസ്ഥാനപ്പെടുത്തി അവന്റെ കർമ്മാ - ധർമ്മങ്ങളെ വ്യവഛേദിച്ച / വ്യവഛേദിക്കുന്ന രീതിയാണ് ചരിത്രത്തിലുടലെടുത്ത എല്ലാ 

സാമൂഹിക പദ്ധതികളും മുന്നോട്ട് വെച്ചത്. മനുഷ്യന്റെ ഉൽപ്പാദ - പ്രത്യുൽപ്പാദനക്ഷമതയാണ് അവനെ പരകോടി ജീവികളിൽ മുമ്പനും വമ്പനുമാക്കുന്നതെന്ന് നിരീക്ഷിച്ചവർ മനുഷ്യനിലെ തൊഴിലാളിസ്വത്വത്തെ മുന്നിർത്തി വീക്ഷണങ്ങൾ വികസിപ്പിച്ചെടുത്തു. അങ്ങിനെയല്ല , ദേശരാഷ്ട്രാതിർത്തികൾക്കകത്ത് പൊതുവായ സാമൂഹിക മൂല്യങ്ങൾക്ക് / ഭരണഘടനക്ക് വഴങ്ങി നിലകൊള്ളുന്ന ജീവികൾ എന്ന പദവിയാണ് മനുഷ്യസ്ഥാനമെന്ന് നിരീക്ഷിച്ചവർ അവനിലെ പൗരസ്വത്വത്തെ മുന്നിർത്തി സംവദിച്ചു. ജാതി , വർണ്ണം , ഭാഷ , ആവാസം തുടങ്ങി പലതും അവിടെ മാനദണ്ഡമാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ , എന്താണ് മനുഷ്യന്റെ അടിസ്ഥാന സ്വത്വം , ഏതാണ് അടിസ്ഥാന മൂല്യം എന്ന കാര്യത്തിലുള്ള ഭിന്നാഭിപ്രായങ്ങളാണ് മനുഷ്യ സമൂഹത്തിന്റെ ആശയലോകവൈവിധ്യങ്ങൾ .





തെറ്റും ശരിയും എന്ന ബൈനറിക്കപ്പുറം ഏതാണ് അക്കൂട്ടത്തിൽ ഏറ്റവും കൃത്യമായ ശരി എന്നന്വേഷണത്തിന്റെ ഉത്തരമാണ് ഇസ്ലാം . ദൈവേതരമായ പ്രാപഞ്ചികവും പ്രാതിഭാസികവുമായ ഉണ്മകളും നൈസർഗിക സ്വത്വമാണ് ഇസ്ലാം. മനുഷ്യർ സൈദ്ധാന്തിക ഇസ്ലാമിലെ ഒരംഗം മാത്രമാണ് : വിശ്വാസപരമായ ഉത്തരവാദിത്വവും കർമ്മപരമായ നിയമാവലിയും ബാധകമായ സവിശേഷ സൃഷ്ടി. ആത്മാവും വിശേഷബുദ്ധിയും ഭാഷാഭാഷണവും കൊണ്ട് അനുഗ്രഹ കടാക്ഷം സിദ്ധിച്ച ജന്തുവാണ് മനുഷ്യൻ . ഇസ്ലാം മനുഷ്യനിലെ ആത്മീയസ്വത്വത്തെയാണ് മുന്നിർത്തുന്നത്. കാരണം ജൈവികവും കാൽപ്പനികവുമായ എല്ലാ മനുഷ്യവിശേഷങ്ങളും ആത്മാവിന്റെ സാന്നിധ്യം കൊണ്ടുണ്ടായതാണ്. 

മറ്റു പ്രത്യയശാസ്ത്രങ്ങൾ മനുഷ്യന്റെ ജൈവികവും ഭൗതികവുമായ ചോദനകളെ സംതൃപ്തിപ്പെടുത്താനുള്ള ഉപായങ്ങൾ ഉണ്ടാക്കുമ്പോൾ ഇസ്ലാം അതോടൊപ്പം മനുഷ്യനിലെ അടിസ്ഥാന ഘടകമായ ആത്മാവിന്റെ തൃഷ്ണകളെ ഉത്തേജിപ്പിക്കാനും ഉൽസാഹിപ്പിക്കാനും കൂടി ശ്രമിക്കുന്നു , അതാണ് മനുഷ്യവായനയുടെ പൂർണ്ണത.

വിചാരം ,വിഭാവനം , വിശകലനം , വിശദീകരണം തുടങ്ങിയ വിശേഷണങ്ങളാണ് മനുഷ്യന്റെ മാറ്റ്, മാറ്റവും . അത്തരം സാധനകളെ ഗുണപരമായും സൃഷ്ടിപരമായും വഴിതിരിക്കുന്ന ഗുണമാണ് വിവേകം . അനുനിമിഷ വികസ്വരമാണവന്റെ ലോകങ്ങൾ . പ്രസ്തുത യോഗ്യത കേവലം കർമ്മാർജ്ജിതമല്ല , ദിവ്യദത്തായ ഗുണമാണത്. 

പരമസത്യത്തോടുള്ള ആ  വിനീത വിധേയത്വം നിയന്ത്രിക്കുന്ന അന്വേഷണാത്മകതയാണ് വിചാരപ്പെടുന്ന വിദ്യാർത്ഥിത്വം.  മനുഷ്യനിൽ ബോധവും ചിന്തയും എങ്ങനെ ഉൽഭവിച്ചുവെന്നതിനുത്തരം തരാത്ത കാലത്തോളം പ്രത്യേക കഴിവുകളുള്ള കേവല പദാർത്ഥമാണ് മനുഷ്യനെന്ന ഭൗതികവാദികളുടെ കണ്ടെത്തൽ ഒട്ടും ശരിയല്ല.



ചില ഖുർആനിക വചനങ്ങൾ നോക്കാം .


"الرحمن علم القرآن خلق الإنسان علمه البيان"


" പരമകാരുണികൻ തന്നെ സത്യം , അവൻ പാരായണം പഠിപ്പിച്ചു , മനുഷ്യനെ സൃഷ്ടിച്ചു , അവന് ഭാഷാ സംവേദനവും അഭ്യസപ്പിച്ചു "




وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ


" നിങ്ങൾക്ക് ഗുണകരമായി സൂര്യചന്ദ്രന്മാരെയും രാപ്പകലുകളെയും നാം കീഴ്പ്പെടുത്തിത്തന്നു "





اللَّهُ الَّذِي جَعَلَ لَكُمُ الْأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ * وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ * وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنْكِرُونَ






മൂന്ന് :


" പ്രപഞ്ചമാണ് പുസ്തകം "



ഹൃസ്വവും പരിമിതവുമായ ദൃശ്യലോകമോ ഭൗമിക മണ്ഡലങ്ങളോ ലിഖിത സാഹിത്യങ്ങളോ മാത്രമല്ല , ഭൗതികവും അതിഭൗതികവുമായ സമഗ്രമായ പ്രാപഞ്ചിക വീക്ഷണമാണ് ഗോളാന്തര യാത്രകളുടെ കാലത്തെ വിദ്യാർത്ഥിത്വത്തിന് തീർച്ചയായും ഉണ്ടാവേണ്ടത്. ഇസ്ലാം എന്നാൽ ചെറിയൊരു ഭൂഗോളത്തിലെ മൂന്നിൽ രണ്ട് വരുന്ന കരയിലെ കോടിക്കണക്കിന് ജീവിവർഗങ്ങളിലൊന്നായ മനുഷ്യരുടെ ജീവിത പദ്ധതിയോ നിയമാവലിയോ മാത്രമല്ല , ബില്യൺ കണക്കിന് നക്ഷത്രങ്ങളുള്ള ബില്യൺ കണക്കിന് ഗ്യാലക്സികളുള്ള , അതിശീഘ്രം വികസിച്ച് കൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തിന്റെ സ്വാഭാവിക താളമാണ്. 







يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ



" ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ചരാചരങ്ങളും അധികാരിയും പരിശുദ്ധനും പ്രതാപിയും തന്ത്രജ്ഞനുമായ അല്ലാഹുവിനെ സങ്കീർത്തനം ചെയ്യുന്നു "




أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ ۗ وَاللَّهُ عَلِيمٌ بِمَا يَفْعَلُونَ


ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ചരാചരങ്ങളും പക്ഷങ്ങളുയർത്തി പാറുന്ന പക്ഷികളും അല്ലാഹുവിനെ സങ്കീർത്തനം ചെയ്യുന്നത് താങ്കൾ കാണുന്നില്ലേ, എല്ലാ വസ്തുക്കൾക്കും അതിന്റേതായ പ്രാർത്ഥനയും സങ്കീർത്തനവുമറിയാം , അവകൾ ചെയ്യുന്നതിനെ കുറിച്ച് അല്ലാഹു നന്നായറിയുന്നവനാണ് " .




നാല് :


" വഹ്യാണ് വഴി "


അറിവുകളുടെ ഉറവിടം പ്രപഞ്ചനാഥനാണ്. ലബ്ദമായ ജ്ഞാനമാണ് അജ്ഞാനമായിരുന്നവയെ കുറിക്കുന്ന അന്വേഷണങ്ങൾക്ക് വെളിച്ചമായത്. ആദ്യത്തെ മനുഷ്യനെ അല്ലാഹു സർവ്വജ്ഞാനിയാക്കിയെന്ന് വിശുദ്ധ ഖുർആൻ പറയുന്നത് കാണാം. പ്രവാചകന്മാർ മുഖേനെയാണ് മനുഷ്യനാഗരികതയുടെ ജ്ഞാന വികാസം സാധ്യമാവുന്നത്.

പ്രവാചകന്മാർ ആഗമനം കൊള്ളാത്ത പ്രദേശങ്ങളില്ലെന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. വിശ്വാസത്തോടൊപ്പം , സാമൂഹിക മര്യാദകൾ , സാംസ്കാരിക നടപ്പുകൾ , ശുദ്ധിപാലനം , കൃഷി , കച്ചവടം, രാജ്യഭരണം തുടങ്ങിയ മേഖലകളെല്ലാം വേദഗ്രന്ഥങ്ങൾ വഴി സ്പഷ്ടമായോ സൂചനയായോ അഭ്യസിക്കപ്പെട്ടു. ശാസ്ത്രീയ പുരോഗതിയും ഗ്രന്ഥരചനയും സാഹിത്യ സൃഷ്ടിയുമെല്ലാം മുസ്ലിം നാഗരിക കേന്ദ്രങ്ങളിൽ പുഷ്ക്കലമായി. അലക്സാണ്ട്രിയ , കോർദോവ, സമർഖന്ദ് തുടങ്ങിയ പ്രതീകങ്ങൾ ഇപ്പോഴും നിലക്കാത്ത അക്ഷര പ്രചോദനങ്ങളാണ് പകരുന്നത്.






അഞ്ച് :


" സുന്നി എന്ന സ്വാഭിമാനി"


മനുഷ്യത്വം , പരിസ്ഥിതി, സാമൂഹികത , ബഹുസ്വരത , ദേശരാഷ്ട്രം തുടങ്ങിയ ഘടങ്ങളോട് ഗുണകരമായി യോചിക്കുന്ന വിജ്ഞാന വീക്ഷണം ഇസ്ലാമിന്റേതാണ് , അതായത് അഹ്ലുസ്സുന്ന: വൽ ജമാഅ:യുടേതാണ്.

അതിൽ നിന്നുമുള്ള വ്യതിചനം ഗുരുതരമായ മത - മതേതര പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ 15 നൂറ്റാണ്ടുകളിൽ ലോക ശ്രദ്ധ നേടിയ , ഗണിത - ഭൗതിക - രാസ - വാന - ജീവ - തത്വ- ഭാഷാ ശാസ്ത്ര മേഖലകളിൽ പിൽക്കാലത്തിന്റെ അംഗീകാരം നേടിയ മുസ്ലിം ലോകത്തിന്റെ ഐക്കണുകളെല്ലാം അഹ്ലുസ്സുന്നക്കാരായിരുന്നു. ഇമാം ഗസ്സാലി (റ) മുതൽ ശംസുൽ ഉലമ ഇ.കെ അബൂബക്ർ മുസ്ലാർ വരെയുള്ളവരെ നമുക്കവിടെ കാണാം. ആഗോള - ഇന്ത്യൻ - കേരളീയ ജ്ഞാന വികാസ ശ്രംഖലയിൽ സൂഫീ ഉലമാഇന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്. തോമസ് ആർണോൾഡ്‌ , ഫിലിപ്പ് കെ ഹിറ്റി മുതലായ ചരിത്രകാരന്മാരുടെ പ്രത്യേക  നിരീക്ഷണം അക്കാര്യത്തിലുണ്ട്. വർഗീയതയില്ലാതെ , പൊതുബോധത്തെയും പൊതുരംഗത്തെയും ഒപ്പം നിർത്തി തദ്ദേശീയ വികാരത്തിനൊപ്പം  നിലകൊണ്ട മുസ്ലിംജ്ഞാനികൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും മുൻ നിരയിലുണ്ടായിരുന്നു. മമ്പുറം തങ്ങന്മാർ, പൊന്നാനി മഖ്ദൂം താവഴി, ഖാദി മുഹമ്മദ്, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാർ തുടങ്ങിയവരുടെ ഇടപെടലുകളും രചനകളും പ്രശസ്തമാണ്. സൂഫീ ജ്ഞാനികൾ ഉണ്ടായിരുന്ന നാട്ടിൽ വർഗീയ ലഹളകൾ ഉണ്ടായിരുന്നില്ലെന്നും ലോകത്തെ ഏറ്റവും സമാധാന നഗരങ്ങൾ സൂഫീ നഗരങ്ങളായിരുന്നുവെന്നുമുള്ള പഠനങ്ങൾ നമ്മുടെ മുമ്പിലുണ്ട്.







ആറ് :


" വിശ്വാസിയാണ് മനുഷ്യൻ "


മനുഷ്യനുണ്ടായ കാലം മുതൽക്കേ മനുഷ്യൻ വിശ്വാസിയായിരുന്നു , ഇസ്ലാമായിരുന്നു മതം . മനുഷ്യൻ ഒരു ആത്മീക മത ജീവിയാണ് . ദൃശ്യമോ ആദ്യശ്യമോ ആയ ശക്തികളിൽ വിശ്വസിക്കാത്ത മനുഷ്യർ അധികാര കേന്ദ്രങ്ങൾ , ഭരണഘടന , സ്വന്തം ധാരണകൾ, നാങ്കൽപ്പിക കഥാപാത്രങ്ങൾ അങ്ങനെ തുടങ്ങിയ എന്തിനെയെങ്കിലും ക്രോസ് തിങ്കിംഗ് ഇല്ലാതെ വിശ്വസിക്കുന്നവരാണ്. നിഗൂഢതകളിൽ വിശ്വസിക്കുന്ന  മാസോണിസ്റ്റുകളുടെ നിയന്ത്രണത്തിലേക്കാണ് അവിശ്വാസത്തിന്റെ ലോകം കൂപ്പുകുത്തുന്നത്. ബൗദ്ധികമായ സർവ്വ ജിജ്ഞാസകൾക്കുമുള്ള സംതൃപ്തമായ പരിഹാരമാണ് ഇസ്ലാം. യഥാർത്ഥ ഉടമസ്ഥനോടുള്ള അടിമത്തത്തിലാണ് "മനുഷ്യനായിരിക്കുക " എന്നതിന്റെ സാക്ഷാൽക്കാരം. സ്വതന്ത്രചിന്ത , വ്യക്തിസ്വാതന്ത്ര്യവാദം  , ശാസ്ത്രമാത്രവാദം തുടങ്ങിയ ആധുനികതാസങ്കൽപ്പങ്ങൾ പിറകിലോട്ടുള്ള മുന്നേറ്റമാണ്. ശാസ്ത്ര ലോകത്തെ മതരഹിതമാക്കാനുള്ള നീക്കം കൃത്രിമമാണ്. കാഷിറക്കിയാൽ മാറ്റാവുന്നത്ര ബലം മാത്രമാണിന്നത്തെ ശാസ്ത്രീയ പഠനങ്ങൾക്കുള്ളത്. 

മതാത്മക ചിന്താധാരയിലധിഷ്ഠിതമായ ശാസ്ത്രാവബോധത്തിന്റെ ജനകീയവൽക്കരണമാവണം നമ്മുടെ ലക്ഷ്യം.

ഇലാമിനകത്തുള്ള യുക്തിവാദം - നിയോ ഇഅതിസാലിസം, പ്യൂരിറ്റാനിസം - മതത്തിന് പുറഞ്ഞുള്ള യുക്തിവാദത്തിലേക്കുള്ള കവാടമാണ്.





ഏഴ് :


" സമസ്തയാണ് സമഗ്രത "


 ഇസ്ലാമിന് വിശ്വാസപരമായ സാർവ്വജനീന - ആഗോള സ്വത്വമുണ്ട്. എന്നാൽ കർമ്മപരമായും ആത്മീയാനുഷ്ഠാനപരമായും പ്രാദേശികത്വത്തിലാണ് ഇസ്ലാമിന്റെ നിൽപ്പ് . പലവിധം " നാറ്റീവിറ്റി " കളുടെ കൂട്ടായ്മയാണ് ഇസ്ലാമിന്റെ "ഗ്ലോബലിറ്റി " . മുൻഗണനാ ക്രമത്തിൽ കേരളീയ സാഹചര്യത്തിലെ ഏറ്റവും പരിഗണിക്കപ്പെടേണ്ട മാനദണ്ഡമാകണമെന്നില്ല പുറമെയുള്ള നാടുകളിൽ. സമസ്ത കേരള ജംഇയ്യതുൽ ഉലമ വിഭാവനം ചെയ്യുന്ന മത- മതേതര വീക്ഷണങ്ങൾക്കപ്പുറത്തേക്ക് കേരളത്തിലെ മുസ്ലിം അഭ്യസ്തവിദ്യാലോകത്തെ ക്ഷണിക്കുന്ന പ്രവണതകൾ ക്ഷന്തവ്യമല്ല . പാൻ ഇസ്ലാം സങ്കൽപ്പം ഒരു തെറ്റായ രാഷ്ട്രീയ അജണ്ടയാണ്. മുസ്ലിം ലോകത്തിന്റെ ആധുനിക ശാപമായ വിഘടനവാദങ്ങളുടെയെല്ലാം മാസ്റ്റർ ബ്രയിൻ അതാണ്.

 ആഗോള സൂഫീ ഉലമാക്കൾ അതിനെതിരായിരുന്നു. സഈദ് റമദാൻ ബൂത്വിയെപ്പോലുള്ള സൂഫീ ഉലമാഇന്റെ നിലപാട് എത്രമാത്രം ശരിയായിരുന്നുവെന്ന് ചീറ്റിപ്പോയ മിഡിൽ ഈസ്റ്റിലെ മുല്ലപ്പൂ വിപ്ലവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 






എട്ട് : 


" ദേശം , സന്ദേശം "



നാം ഇന്ത്യക്കാരാണ്. ദേശരാഷ്ട്രം മുന്നോട്ട് വെക്കുന്ന സന്ധിപത്രമാണ് ഭരണഘടന . ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോട് നാം കടപ്പെട്ടവരും അതിന്റെ സംരക്ഷണത്തിന് കടമപ്പെട്ടവരുമാണ്. ഇബാദത്, ദഅവത് എന്ന പരമപ്രധാന മതകൃത്യങ്ങൾക്ക് വേണ്ട സാമൂഹിക സാഹചര്യങ്ങൾ ഭരണഘടന ഉറപ്പു നൽകുന്നു .

فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ 

അതായത് സുഭിക്ഷതയും സമാധാനവുമാണ് ഇബാദതിന് വേണ്ട സാമൂഹിക ഘടകങ്ങൾ. 

രാഷ്ട്രത്തിന്റെ അഖണ്ഡതക്കെതിരായ രഹസ്യവും പരസ്യവുമായ സമരങ്ങൾക്കെതിരാണ് നമ്മുടെ പ്രസ്ഥാനം.




ഒമ്പത് :


" ഇന്ത്യ മരിക്കരുത് , നമുക്ക് ജീവിക്കണം "


ഭാരതം എല്ലാവരുടേതുമാണ്. ഉൾക്കൊള്ളലാണ് ഭാരതീയത , പുറംതള്ളലല്ല . ശ്രീരാമന്റെ അനുജനായ ഭരതന്റെ പേരിൽ നിന്നാണ് " ഭാരത "മുണ്ടായത്. തനിക്ക് വേണ്ടി രാജ്യഭരണം നടത്തുന്ന അനുജൻ കാട്ടിൽ വന്ന് ഉപദേശം തേടിയപ്പോൾ രാമൻ ഭരതന് നൽകിയ ഉപദേശം മഹാഭാരതത്തിലുണ്ട്. എതിരാളികളായ ചർവ്വാകന്മാരുടെ ക്ഷേമം പോലും ഉറപ്പുവരുത്തണമെന്നായിരുന്നു രാമന്റെ ഉപദേശം. സഹിഷ്ണുതയാണ് യഥാർത്ഥ രാമരാജ്യം . രാവണായിസത്തിന് രാമനിസം എന്ന് പേരിടുന്നതാണ് ആധുനിക ഹിന്ദുത്വ . "ഇൻഡ്യ " ഇൻഡസ് വാലി സിവിലൈസേഷനിൽ നിന്നും രൂപപ്പെട്ടതാണ്. സംസ്ക്കാരവും സഹിഷ്ണുതയുമാണ് ഇന്ത്യ എന്ന ആശയം .

അവിടെ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം ആത്മനിന്ദയാണ്. മുസ്ലിംകളെ ചരിത്രപരമായി അദൃശ്യരാക്കുവാനുള്ള ഗുപ്തപദ്ധതികൾ അനീതിയാണ്. ഇന്ത്യയുടെ ഭംഗി മുസ്ലിം പ്രതീകങ്ങളാണ്. രാജ്യത്തിന്റെ സമ്പത്ത് അറബ് - ഹിന്ദുസ്ഥാനീ - പേർഷ്യൻ കലാസാഹിത്യങ്ങളാണ്. ഇന്ത്യൻ നാട്ടുരാജാക്കന്മാർക്ക് യുദ്ധം ചെയ്യേണ്ടി വരാത്ത ഏക വിദേശശക്തി അറബികൾ മാത്രമാണ്. ഇന്ത്യ മരിക്കരുത് , നമുക്ക് ജീവിക്കണം .





പത്ത് :


" നീതി പൂക്കേണ്ട പൂവാടി "


നൈതികത ഖുർആനിന്റെ അടിസ്ഥാന പ്രമേയമാണ്. നീതിത്രാസിനെ സംബന്ധിച്ച് , സന്തുലിത സാമൂഹിക- അന്തരീക്ഷ ഘടനയെ സംബന്ധിച്ച് ഖുർആൻ സംസാരിക്കുന്നു. 


لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ


وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ


തുടങ്ങിയ വചനങ്ങൾ നീതിസങ്കൽപ്പത്തിന്റെ സാക്ഷാൽക്കാരങ്ങളാണ്.


"പ്രിയപ്പെട്ട വിശ്വാസ സമാജമേ , നിങ്ങൾ നീതിയുടെ നാക്ഷികളായ അല്ലാഹുവിന്റെ വക്താക്കളാവുക :ഒരു ജനതയോടുള്ള വിദ്വേഷ്യം അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ " -

أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ

എന്ന ഖുർആനിക പ്രഖ്യാപനം ആധുനിക ജനാധിപത്യ സംരംഭങ്ങളുടെയും സംവിധാനങ്ങളുടെയും വക്താക്കൾക്ക് മാർഗരേഖയാവാൻ മാത്രം ശക്തവും വ്യക്തവുമാണ്.




പതിനൊന്ന് :


" വിദ്യാഭ്യാസം ആഭാസമല്ല "


വ്യവസായവൽകൃത വിദ്യാഭ്യാസത്തിനെ തിരുത്തുന്നതാണ് വിചാരപ്പെടുന്ന വിദ്യാർത്ഥിത്വം. അറവിന്റെ വിനിമയമാണ് നടക്കേണ്ടത് , വിപണനമല്ല. ഏറ്റവും ലാഭകരമായ വിൽപ്പനച്ചരക്ക് വിവരമാണെന്നും മാർക്കറ്റ് സമൂഹത്തിന്റെ അജ്ഞതയാണെന്നും വരുത്തുന്ന ആധുനിക വിദ്യാഭ്യാസ വീക്ഷണമാണ് വിദ്യാഭ്യാസത്തെ അഭ്യാസങ്ങൾ മാത്രമായി ചുരുക്കിയത്. ബിരുദക്കടലാസുകൾ കടലാസുകൾ മാത്രമാണ് , മൂല്യം വ്യക്തിത്വത്തിലാണ് പ്രതിഫലിക്കേണ്ടത്.

ജ്‌ഞാനസമ്പാദനം ആരാധനയാണ്. അതിന് ലക്ഷ്യമുണ്ടാവണം , ഋജുമാർഗങ്ങളുണ്ടാവണം. കരുണയുടെ നനവുണ്ടാവണം. ദുരയും ദർപ്പവും സ്പർശിക്കരുത്. അപ്പവും അന്നവും തരുന്ന കേവലവേലമാത്രവുമല്ല അത്. വ്യക്തിയെ , കുടുംബത്തെ , സമൂഹത്തെ , രാഷ്ട്രത്തെ , വിശ്വമാനവികതയെ , പരിസ്ഥിതിയെ , മണ്ണിനെ , ചരിത്രത്തെ , വർത്തമാനത്തെ , ഭാവിയെ ഇങ്ങനെ സർവ്വതലസ്പർശിയായ പരിഗണനകളെ നന്ദിപൂർവ്വം സേവിക്കാനും പരിപോഷിപ്പിക്കാനുമുള്ള യജ്ഞമായി വികസിക്കേണ്ടതാണ് വിദ്യാഭ്യാസദർശനം. 




ക്ഷുഭിത യൗവ്വനവും കൗമാരവുമാണ് ആധുനിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. വൈകാരികതയുടെ അതിതീവ്രവും തീവ്രലോലവുമായ മാനസികഘടനയാണ് അവരുടേത്. അനിയന്ത്രണാവസ്ഥയെ സ്വാത്രന്ത്ര്യം എന്നും അനാഥത്വത്തെ വിമോചനമെന്നും മനസ്സിലാക്കുന്ന സമവാക്യങ്ങൾക്ക് കൃത്രിമമായ സൈദ്ധാന്തിക പശ്ചാത്തലം ഒരുക്കപ്പെടുന്നു. മാംസനിബദ്ധമായ പ്രണയ , ലൈംഗിക സങ്കൽപ്പങ്ങൾ സാക്ഷാൽക്കരിക്കാനുള്ള തുറന്ന വേദിയായി കലാലയങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു. അശാസ്ത്രീയവും മാനുഷികവിരുദ്ധവുമായ ലൈംഗികസ്വത്വങ്ങൾക്ക് വികസിക്കാനുള്ള ഇടമായി ഉത്തരവാദിത്വപ്പെട്ടവർ തന്നെ രംഗം വിട്ടുകൊടുക്കുന്നു.നാർക്കോട്ടിക്ക് ശ്രംഖലകളുടെ സൗര്യവിഹാരങ്ങളിൽ അന്തിമയങ്ങുന്ന തളർന്ന രാവുകളൾക്ക് പിറകെ ഉയിരുള്ള പ്രഭാതങ്ങൾ ലഭിക്കാതെ ഉശിരും ഉത്ഥാനവും ഒരുപാട് കണ്ട ക്യാംപസുകൾ അനർത്ഥമായ ബഹളങ്ങൾക്ക് മാത്രം സാക്ഷിയാവേണ്ടി വരുന്നു. എല്ലായിടവും ഇങ്ങനെയെന്നല്ല , ഇങ്ങനെയുള്ള തമ്പ്നെയിലുകൾക്ക് മാത്രം ദൃശ്യത ലഭിക്കുന്ന വിധം ഒരു വിദ്യാഭ്യാസ തലമുറയുടെ വിനോദ- വികാര പരിസരങ്ങൾ അപനിർമ്മിക്കപ്പെട്ടുവെന്നതാണ് ഗൗരവം . പ്രശ്നങ്ങൾ  കണ്ടെത്തലല്ല , പരിഹാരം കൂടി നിർദ്ധേശിക്കലാണ് ഇവിടെ വിചാരപ്പെടുന്ന വിദ്യാർത്ഥിത്വം .





പന്ത്രണ്ട് :


" വായന : നല്ല വാഹനം "


യാനം എന്നാൽ യാത്രയാണ്. യാഥാർത്ഥ്യങ്ങളിലേക്കുള്ള യാത്രയാണ് വായന . പുസ്തകങ്ങൾ വാഹനങ്ങളാണ്. 

വായനയാണ് വേദം ആവശ്യപ്പെട്ടത്. വചനമാണ് പ്രപഞ്ചത്തിന്റെ കാരണമെന്നും കാണാം . നന്മയുടെ വഴിയിലാവണം വായന എന്ന സന്ദേശമാണ് ദൈവനാമത്തിലുള്ള വായനക്ക് വേണ്ടിയുള്ള കൽപ്പന. ഇന്റർനെറ്റും കൃത്രിമബുദ്ധിയും വായനയുടെ തലവും തരവും മാറ്റിമറിക്കുന്നു . അറിവുകളുടെ അപ്ഡേഷനിലാണ് അസ്തിത്വത്തിന്റെ ഭദ്രത .

ഗ്രന്ഥപ്പുരകൾ കെട്ടി തഴമ്പിച്ച പ്രപിതാക്കളുടെ മക്കളാണ് നാം. അനന്തരസ്വത്തായി അറിവിനെ എണ്ണിയ പ്രവാചക ദർശനത്തിൽ നിന്നാണ് നാം വെളിച്ചം സ്വീകരിക്കുന്നത്. വായനയുടെ കാലങ്ങളും രീതികളും നാൾവഴികളും നമുക്ക് ചർച്ച ചെയ്യാം . പുതിയകാലം വിനോദങ്ങൾക്കും ദൃശ്യാവിഷ്ക്കാരങ്ങൾക്കും അമിത പ്രാധാന്യം നൽകുന്നു. മൗനമായി വായിക്കുന്ന ശാന്തതയാണ് ഏറെ ഹൃദ്യം .





പതിമൂന്ന് :




" മാപ്പിളകല മാംസനിബദ്ധമല്ല "


ഹൃദയപരതയെ ഉണർത്തുന്ന വിഭാവനങ്ങളുടെ ക്രമീകരണമായിരുന്നു മുസ്ലിം കലാസാഹിത്യങ്ങൾ .

സ്വന്തമായ മൂശകളും മൗലികമായ അച്ചുകളുമുണ്ടായിരുന്ന പാരമ്പര്യം ആധുനികഭ്രമത്തിന് മുമ്പിൽ കയ്യൊഴിയേണ്ട കാര്യമില്ല. ദേഹത്തിന്റെ നടനമല്ല , ദേഹിയുടെ നടനങ്ങളാണ് നടക്കേണ്ടത്. കിസ്സയും മാലയും ഓത്തും ബൈത്തും നൂലിട്ട് തുന്നിയ മാപ്പിളസ്വത്വത്തിന്റെ വീണ്ടെടുപ്പിന് ശ്രമം നടക്കേണ്ടതുണ്ട്. പുതുമകൾ ആവാം , പഴമത്വം ചോരാതെ.






പതിനാല് :


" മണ്ണിൽ മുളക്കേണ്ട ഭാവി "


മുസ്ലിംകൾക്ക് കൃഷിയുടെ പാരമ്പര്യമുണ്ട്. ജനമൃതികളെ കൃഷിയോട് തുലനം ചെയ്യുന്ന ഖുർആനിൽ കാർഷികവൃത്തി പലവുരു പ്രമേയമാവുന്നുണ്ട്. റിയലിസ്റ്റിക് സെൻസിൽ നിന്നും വിദ്യാർത്ഥിത്വ ബോധം ഫാന്റസികൾ മാത്രമായി ചുരുങ്ങുന്ന കാലത്ത് പാടത്തും പറമ്പത്തും കിളച്ച് വിയർത്ത് വിത്തിറക്കി കൊയ്യുന്ന വിദ്യാർത്ഥി സമാജത്തെ കൂടി സൃഷ്ടിച്ച് നമുക്ക് മാതൃകയാവാം , വേലയിൽ വിളയുന്ന വിദ്യാഭ്യാസം എന്നതിന്റെ സുന്ദരരൂപം .



പതിനഞ്ച് :


"ദഅവത് : ജീവകാരുണ്യ പ്രവർത്തനം "


ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് ചെയ്ത് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം അല്ലാഹുവിലേക്ക് നയിക്കാണ്. പരിമിതകാലത്തേക്ക് ശാരീരിക ക്ഷതങ്ങൾ പരിഹരിക്കുന്നതിനേക്കാൾ മൂല്യം കാലമില്ലാക്കാലത്തോളമുള്ള പരലോക രക്ഷ ഒരുക്കിക്കൊടുക്കലാണ്. അത് കൊണ്ടാണ് , മതം പറയാൻ വന്ന പ്രവാചകനെ കുറിച്ച് " മഹാവിശ്വ കാരുണ്യം" എന്ന് ഖുർആൻ വിശേഷിപ്പിച്ചത്. കരുണയാണ് കരണീയം. മതമാണ് കരുണ.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us