THEOFORT
സ്ഫടിക സ്ഫുടം ചെയ്ത ചരിത്രപരതയാണ് മുഹമ്മദ് നബി ( സ്വ )യുടെ അനിതരത്വത്തിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന്. കാലഗണനയുടെ നിർണ്ണയതത്വങ്ങളിൽ ഒരവ്യക്തതയും തിരുപ്പിറവി മുതൽ വേർപാട് വരെയുള്ള ഒരു ഘട്ടത്തെയും ബാധിച്ചില്ല.
1500 വർഷങ്ങളുടെ അന്തരമുണ്ടായിട്ടും ,ആധുനിക കാലത്ത് ജീവിച്ച് മരണപ്പെട്ട മറ്റേതൊരു ലോകനേതാവിനേക്കാൾ പോലും കൃത്യതയോടെ നബവീജീവിതം അതിൻ്റെ നാൾവഴിക്രമത്തിൽ തന്നെ വിലയിരുത്തപ്പെടുന്നുവെന്നത് അത്യസാധാരണ പ്രതിഭാസമാണ്. 

സ്ഫടിക സ്ഫുടം ചെയ്ത ചരിത്രപരതയാണ് മുഹമ്മദ് നബി ( സ്വ )യുടെ അനിതരത്വത്തിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന്. കാലഗണനയുടെ നിർണ്ണയതത്വങ്ങളിൽ ഒരവ്യക്തതയും തിരുപ്പിറവി മുതൽ വേർപാട് വരെയുള്ള ഒരു ഘട്ടത്തെയും ബാധിച്ചില്ല.
1500 വർഷങ്ങളുടെ അന്തരമുണ്ടായിട്ടും ,ആധുനിക കാലത്ത് ജീവിച്ച് മരണപ്പെട്ട മറ്റേതൊരു ലോകനേതാവിനേക്കാൾ പോലും കൃത്യതയോടെ നബവീജീവിതം അതിൻ്റെ നാൾവഴിക്രമത്തിൽ തന്നെ വിലയിരുത്തപ്പെടുന്നുവെന്നത് അത്യസാധാരണ പ്രതിഭാസമാണ്. 



1500 ൻ്റെ ക്രോണോളജി .


ചന്ദ്രവർഷ പ്രകാരം നടപ്പ് ഹിജ്റാബ്ദം 1447 ലെ മീലാദുന്നബി 1500 ആം നബിദിനാഘോഷമാണ്. 
അതിൻ്റെ കൃത്യമായ യുഗനിർദ്ധാരണം സംക്ഷിപ്തമായി പരിശോധിക്കാം. അറബ് ചരിത്രത്തിലെ പ്രമാദമായ ആനക്കലഹ സംഭവം നടന്ന 'ഗജവർഷ'ത്തിലെ റബീഉൽ അവ്വൽ 12 നായിരുന്നു തിരുപ്പിറവി .അന്നേ ദിവസത്തോടൊക്കുന്ന ഗ്രിഗേറിയൻ തിയ്യതി CE ( Common ira ) 05 - 05 - 570 തിങ്കൾ എന്നും ഹിജ്റവീ തിയ്യതി 12 - 3 - 53 BH ( Before Hijra ) എന്നുമാണ്. അതായത് , ക്രിസ്താബ്ദം 570 മെയ് 5 നായിരുന്നു നബി ( സ്വ ) ഭൂജാതനായത്.ഈ തിയ്യതിയാണ് വാസ്തവം എന്ന് പല നിലകളിൽ മനസ്സിലാക്കാം .

ഒന്ന് : നബി ( സ്വ ) ജനിച്ച ദിവസം മുതൽ നാം ഇക്കഴിഞ്ഞ 2024 ലെ റബീഉൽ അവ്വൽ 12 ന് വരേക്കുമുള്ള ദിവസങ്ങൾ തിട്ടപ്പെടുത്തി, അത് വർഷമാക്കി മാറ്റി ഒത്തുനോക്കിയാൽ മതി. 
2024 സെപ്തംബർ 16നായിരുന്നു 1499 ആം ജന്മദിനം . 1499 ചന്ദ്രവർഷങ്ങളെ ദിവസമാക്കിയാൽ കിട്ടുന്ന എണ്ണവും 5 - 5 - 570 മുതൽ 16 - 9 - 2024 വരേക്കുമുള്ള ഗ്രിഗേറിയൻ ദിനങ്ങൾ കൂട്ടി നോക്കിയാൽ കിട്ടുന്ന എണ്ണവും തുല്യമായിരിക്കും.


ചന്ദ്രവർഷ പ്രകാരം 531,196 .13 ദിവസങ്ങളാവും തിരുപ്പിറവി മുതൽ 2024 മീലാദുന്നബി വരെ ഉള്ളത്. 
1499 x 354 . 367 എന്ന ക്രിയയുടെ ഉത്തരമാണത്രയും ദിവസങ്ങൾ .ഒരു ചന്ദ്രവർഷം 354 . 367 ദിവസങ്ങളാണ് .
5 - 5 - 570 മുതൽ 16 - 9 - 2024 വരേക്കുമുള്ള ദിവസങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തോടെ ഇത്ര തന്നെയാവും.

5 - 5 - 570 എന്ന തിയ്യതിയുടെ അർത്ഥം, CE കണക്കാക്കാൻ തുടങ്ങിയത് മുതൽ 569 വർഷങ്ങളും 124 ദിവസങ്ങളും കഴിഞ്ഞുകടന്നു എന്നാണല്ലോ. 
16 - 9 - 2024 എന്ന തിയ്യതിയുടെ അർത്ഥം CE കണക്കാക്കാൻ തുടങ്ങിയത് മുതൽ 2024 വർഷങ്ങൾ തികയാൻ 106 ദിവസങ്ങൾ കുറവാണ് എന്നുമാണല്ലോ. 2024 ൽ നിന്ന് 569 കുറച്ചാൽ 1455 (വർഷങ്ങൾ ) എന്ന് കിട്ടും . അതിനെ ഗ്രിഗേറിയൻ ദിവസങ്ങളാക്കി മാറ്റിയാൽ 531 ,438.75 എന്ന് കിട്ടും . 1455 x 365 . 25 എന്ന ക്രിയയുടെ ഉത്തരമാണ് അത്രയും ദിവസങ്ങൾ . ഒരു സൗരവർഷം 365 . 25 ദിവസങ്ങളാണ് .ഇനി, 531 ,438.75 ഗ്രിഗേറിയൻ ദിവസങ്ങളിൽ നിന്ന് കലണ്ടർ ഘടന പ്രകാരം 569 വർഷങ്ങളുടെ ൻ്റെ കൂടെയുണ്ടായിരുന്ന 124 ദിവസങ്ങൾ , 2024 പൂർണ്ണമാവാൻ ( ഡിസംബർ 31 ) ബാക്കിയുള്ള 106 ദിവസങ്ങൾ , ഗ്രിഗേറിയൻ കലണ്ടർ രൂപീകരണത്തിന് വേണ്ടി പോപ്പ് ഗ്രിഗറിയടക്കം പല ഘട്ടങ്ങളിൽ കുറച്ച 13 ദിവസങ്ങൾ ( ആകെ = 243 ദിവസങ്ങൾ ) എന്നിവ കുറക്കാണം . അപ്പോൾ കിട്ടുക 531 , 195 . 75 ദിവസങ്ങളാവും. 
അതായത് , ഗജവർഷം റബീഉൽ അവ്വൽ 12 നെ ,
5 - 5 - 570 എന്ന തിയ്യതിയിലേക്ക് മാറ്റി , അതനുസരിച്ച് 
2025 സെപ്തംബറിലെ റബീഉൽ 12 ന് 1500 ആം നബിദിനം ആഘോഷിക്കുമ്പോൾ കേവലം അരദിവസത്തിൻ്റെ വ്യത്യാസമേ വരുന്നുള്ളൂ എന്നർത്ഥം .
ഹിജ്റ ദിവസാരംഭം അസ്തമന സന്ധ്യമുതലും ഗ്രിഗേറിയൻ ദിനാരംഭം അർദ്ധരാത്രി മുതലുമാണെന്ന വസ്തുത കൂടി പരിഗണിച്ചാൽ വ്യത്യാസം തന്നെയില്ല എന്ന് മനസ്സിലാക്കാം .



മറുവാക്കും മറുപടിയും . 


രണ്ട് തരത്തിലുള്ള വ്യത്യാസങ്ങൾ നബിജന്മദിനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാണാം. ഒന്ന് , ഇസ്ലാമിക ചരിത്രരേഖകളിലും ജീവചരിത്രകൃതികളിലുമുള്ള റബീഉൽ അവ്വൽ 'എത്രാം തിയ്യതി ' എന്നതാണ്. 
എന്നാൽ , ആനക്കലഹ വർഷത്തെ റബീഉൽ അവ്വലിൽ ആയിരുന്നു തിരുപ്പിറവി എന്നത് പണ്ഡിതേകോപനം ഉണ്ടായ വിഷയവുമാണ് . പ്രമാണബദ്ധമായി സ്ഥിരപ്പെട്ട , 'തിങ്കളാഴ്ച്ചയിലെ തിരുപ്പിറവി 'യിലെ തിങ്കളിനോട് യോചിപ്പിക്കാൻ വേണ്ടി പിൽക്കാല കാലഗവേഷണ വായനക്കാർക്കുണ്ടായ സ്ഖലിതങ്ങളും വ്യത്യസ്താഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ട്.
വ്യത്യസ്ത ദിവസങ്ങൾ കാണിക്കുന്ന നിവേദനങ്ങൾ , വിവരം പകർത്തിയെടുത്ത സ്രോതസ്സുകൾ അവലംബിച്ച കാലഗണനാരീതിയുടെ വ്യത്യാസവുമാവാം .


എന്നാൽ, റബീഉൽ അവ്വൽ 12 തിങ്കൾ ( 12 - 3 - 53 BH ) എന്ന ദിവസമാകുമ്പോഴാണ് ക്രണോളജി കൃത്യമാവുന്നതെന്ന് നാം മുകളിൽ മനസ്സിലാക്കി. 
ഇക്കാര്യത്തിലും പണ്ഡിതേകോപനം ( ഇജ്മാഅ് ) ഉണ്ടെന്ന് പ്രമാണങ്ങളിലുണ്ട്. സീറതുൽ ഹലബിയ്യ ( പുറം : 5 7 ) അടക്കമുള്ള സീറകൾ , സൂറ : അൽ ഫീലിൻ്റെ വിവിധ തഫ്സീറുകൾ, മറ്റു പ്രാമാണിക ഗ്രന്ഥങ്ങൾ എന്നിവയിലെ ചർച്ചകളിൽ, തിരുപ്പിറവി ഗജവർഷം റബീഉൽ അവ്വലിലെ തിങ്കളിലാണെന്ന കാര്യങ്ങ നിജപ്പെടുന്നുണ്ട് ;
വർഷവും മാസവും തിങ്കളും ഒക്കണമെങ്കിൽ അത് 12 ആവണമെന്നത് ഗവേഷണ വിഷയം കൂടിയാണ്.
ഇക്കാര്യത്തിൽ , ഡേറ്റ് കൺവേർറ്റിംഗ് ആപ്പുകൾ മാത്രമവലംബിക്കുന്നത് കൃത്യമാവില്ല.


രണ്ടാമത്തേത് , ഗ്രിഗേറിയൻ കലണ്ടറുമായി 'ഗജവർഷം റബീഉൽ അവ്വൽ 12 ' നെ യോജിപ്പിക്കുമ്പോൾ ഉണ്ടായ പിശകുകളാണ്. ഒരുവിധം അക്കാഡമിക് പഠനങ്ങളൊക്കെ റഫറൻസായി കൊടുക്കാറുള്ള ഫ്രഞ്ച് ചരിത്ര- ശാസ്ത്രകാരനായ കോസ്റ്റോപേഴ്സിവാൾ രേഖപ്പെടുത്തിയ AD 571 ഏപ്രിൽ 20 എന്നതാണ് വിഖ്യാദമായ ' തിയ്യതിത്തെറ്റ് '.
AD 571 ഏപ്രിൽ 18 , 20 , 21 , 23 , 24 എന്നീ തിയ്യതികളാണ് മിക്ക ഇംഗ്ലീഷ് - മലയാള കൃതികളും മറ്റു സ്രോതസ്സുകൾ ഉദ്ധരിച്ച് നൽകാറുള്ളത് . എന്നാൽ ഇവയൊന്നും കലണ്ടർ പ്രകാരം ' റബീഉൽ അവ്വൽ 12 തിങ്കൾ ' എന്നതിനോട് ഒത്തുവരുന്നില്ല. ഏപ്രിൽ 24 റബീഉൽ അവ്വൽ 12 ആണ് , പക്ഷെ ദിവസം വെള്ളിയാഴ്ച്ചയാണ് . ഏപ്രിൽ 20 തിങ്കളാഴ്ച്ചയാണ്, പക്ഷെ റബീഉൽ അവ്വൽ 8 ആണ് . ചില പണ്ഡിതന്മാർ , സീറകളിൽ വന്ന റബീഉൽ അവ്വൽ 8 എന്ന അഭിപ്രായത്തെ 'പ്രബലപ്പെടുത്തി ' 571 ഏപ്രിൽ 20 എന്ന് രേഖപ്പെടുത്താറുണ്ട് .പക്ഷെ , ക്രിസ്താബ്ദക്കണക്ക് നോക്കിയാൽ സീറകളിൽ പറയപ്പെട്ട പ്രസ്തുത റബീഉൽ അവ്വൽ 8 ( 8 - 3 - 53 BH ) 1 - 5 - 570 ആണെന്ന കാര്യം വ്യക്തമാവും . ഒരു വർഷത്തിൻ്റെ മാറ്റമാണവിടെ സംഭവിക്കുന്നത്. 'റബീഉൽ അവ്വൽ 8 ' എന്ന അഭിപ്രായമുണ്ട് , പക്ഷെ അങ്ങനെ അഭിപ്രായപ്പെട്ടവർ 571 എന്ന് നിരീക്ഷിച്ചിട്ടില്ല എന്ന് കാര്യം.


ഇവിടെ , ' ന്യൂമൂൺ ഹിജ്റ മാസവാദികളായ' ചിലരുടെ ബാലിശമായ വാദങ്ങൾ കൂടിയുണ്ട് . ഡോ . പി എ കരീം എഴുതിയ ' ചന്ദ്ര മാസവും മുസ്ലിം സമുദായത്തിലെ ഭിന്നതയും ' എന്ന പുസ്തകത്തിൽ പറയുന്നു .
"ശരിയായ ഗോളശാസ്ത്ര കണക്ക് പ്രകാരം അത് റബീഉൽ അവ്വൽ മധ്യത്തിൽ വന്ന പൗർണ്ണമിയിലെ തിങ്കളാഴ്ച്ച ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം ". മാസമധ്യത്തിലെ പൗർണ്ണമി ഏത് ദിവസമാണെന്ന് വ്യക്തമാക്കിയത് 
ഏറെക്കുറേ ആശയ സമാനനായ ഡോ . ടി വി കോയക്കുട്ടി ഫാറൂഖി തൻ്റെ ' മാനവ കലണ്ടർ , സമഗ്രപഠനം ' എന്ന കട്ടിയുള്ള പുസ്തകത്തിലാണ്. പതിനാല് , പതിനഞ്ച് , ചിലപ്പോൾ പതിനാറാം രാവുകളാണ് പൗർണ്ണമി എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നത് കാണാം. എന്നാൽ , പ്രസ്തുത വർഷത്തിലെ റബീഉൽ അവ്വലിലെ പൗർണ്ണമി 14 ബുധനാഴ്ച്ചയാണ് .ഒരിക്കലും 'പൗർണ്ണമി നാൾ ' ആ മാസത്തിൽ തിങ്കളാവില്ല. ദുർബലമായ ഒരു വാദം സ്ഥാപിക്കാൻ ' 16 ആം രാവിലെ പൗർണ്ണമി ' യെ കൂട്ടുപിടിക്കേണ്ടി വരുന്ന അവസ്ഥ ദയനീയം തന്നെ .
പ്രവാചകപ്പിറവി തിങ്കളാണെന്നത് അവിതർക്കിതമാണ് താനും . പൂർണ്ണ മനുഷ്യരായ മുഹമ്മദ് നബി ( സ്വ ) ജനിക്കുന്ന പൂർണ്ണചന്നുള്ള ദിവസമാകണം എന്നൊക്കെയാണ് വിചിത്രമായ യുക്തിന്യായം !
പൂർണ്ണചന്ദ്രനേക്കാൾ ആശയപ്രകാശമായി പുണ്യനബി പിറക്കുന്ന രാത്രിയിൽ മറ്റൊരു പൂർണ്ണചന്ദ്രൻ വേണ്ടതില്ല എന്നതാവും അത്തരം കവനഭാവനയിൽ കൂടുതൽ യുക്തം !




ഹിജ്റാബ്ദം - നാന്ദി .


തിരുപ്പിറവി നടന്ന വർഷം 571 ആണെന്ന് വിഷയാവഗാഹമുള്ള ചിലരടക്കം പറയുന്നതിൻ്റെ കാരണം , ചരിത്രപരമായ കാര്യം ചരിത്രകാരന്മാരെ അവലംബിക്കുക എന്ന ന്യായമായ തത്വം തന്നെയാണ്.
ആ രീതിശാസ്ത്രത്തിൽ കുഴപ്പില്ല. 
എന്നാൽ , പല ആധുനിക ചരിത്രകാരന്മാർക്കും
ഹിജ്റാബ്ദം നാന്ദിയായ കൃസ്തുവർഷം പരിഗണിച്ചയിടത്തുണ്ടായ പിശക് കാരണം ഇക്കാര്യത്തിൽ തെറ്റു പിണഞ്ഞിട്ടുണ്ട്.
മക്ക - മദീന ഹിജ്റ ആരംഭിച്ചതും സമാപിച്ചതും AD 621 സെപ്തംബറിലെ റബീഉൽ അവ്വലിലാണ് .
ഒന്നാം തിയ്യതി വ്യാഴാഴ്ച്ച വീട്ടിൽ നിന്ന് സൗർഗുഹയിലേക്ക് പോവുന്നു , വെള്ളി , ശനി , ഞായർ ദിവസങ്ങളിൽ ഗുഹയിൽ താമസിക്കുന്നു , റബീഉൽ അവ്വൽ 5 ന് തിങ്കളാഴ്ച്ച പുലർച്ചേ ഗുഹയിൽ നിന്നിറങ്ങി യമനിൻ്റെ ദിശയിലേക്ക് ചെങ്കടൽ തീരംവഴി ( ജിദ്ദ ) മദീനയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നു . അസ്ഫാൻ , അമജ് , അൽഖറാർ , ദാസലം , ബത്നു റഅ്മ് വഴി ഏഴുരാപ്പകലുകൾ ഒളിച്ചും പാർത്തും വേഗത്തിലും വിശ്രമിച്ചുമൊക്കെ സഞ്ചരിക്കുന്നു. റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച്ച മദീനായിലെ ഖുബായിലെത്തുന്നു. തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ അവിടെ തങ്ങുന്നു. ഒരഭിപ്രായപ്രകാരം വെള്ളി ജുമുഅ : യും നിർവ്വഹിച്ച ശേഷം പ്രകമ്പിതമായ മദീനാഗമനം സംഭവിക്കുന്നു ; ഇതാണ് ഹിജ്റ .
എന്നാൽ , മദീന ആസ്ഥാനമായ ഇസ്ലാമിക രാഷ്ട്രഘടന മിഡിലീസ്റ്റിന് വെളിയിലേക്ക് വ്യാപിച്ച് തുടങ്ങിയ രണ്ടാം ഖലീഫയുടെ കാലത്താണ് ഏകോപിത ഹിജ്റ കലണ്ടർ എന്ന ആശയം നടപ്പിലായത്. ദീർഘമായ കൂടിയാലോചനകൾക്ക് ശേഷം ' ഹിജ്റ പ്ലാൻ ചെയ്യപ്പെട്ട ' മാസം , ഹജ്ജിന് ശേഷം മുസ്ലിം നാഗരിക ജീവിതം പുനരാരംഭിക്കുന്ന മാസം എന്നീ പരിഗണനകൾ വെച്ച് 'മുഹറാരംഭം' കുറിക്കപ്പെടുകയായിരുന്നു .
ഈ തീരുമാനം ഉണ്ടായ ദിവസം ഹിജ്റ നടന്ന് 17 ആം വർഷം ജമാദുൽ ആഖിർ 20 വ്യാഴം ( CE 638 ജൂലൈ 9 ) ആയിരുന്നു. ഹിജ്റ സംഭവിച്ച റബിഉൽ അവ്വലിന് ശേഷം വന്ന വർഷത്തെ മുഹറം ഒന്നായിരുന്നു
1 - 1 - 1 AH ( After Hijra ) എന്ന തിയ്യതി . ക്രിസ്തബ്ദം 622 ജൂലൈ 16 ആയിരുന്നു പ്രസ്തുത ദിവസം . CE 620 എന്ന വർഷം BH 1 ഉം ( Before Hijra) , CE621 ഹിജ്റ വർഷവും , CE 622 ഹിജ്റ ഒന്നാം വർഷവും ആണെന്നർത്ഥം . ഹിജ്റ വർഷാരംഭം , ഹിജ്റ സംഭവിച്ച റബീഉൽ അവ്വലിൻ്റെ മുമ്പുള്ള അതേ വർഷത്തിലെ കഴിഞ്ഞ് പോയ മുഹറം 1 ആണെന്നാണ് ചിലർ കണക്ക് കൂട്ടിയത്.അവരുടെ ഒന്നാം ഹിജ്റാബ്ദം CE 621 നോടാണ് ഒത്തുവരിക . പക്ഷെ അത് ഹിജ്റ നടന്ന വർഷമാണ് , ഹിജ്റ നടന്ന് ഒരു വർഷം പൂർത്തിയായ വർഷമായിരുന്നില്ല.

ഇവിടെ , ആധുനിക വാനശാസ്ത്രകാരന്മാർ നിരീക്ഷിച്ച ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട് . പ്രസ്തുത മുഹറം മാസത്തിൻ്റെ ( CE622 ജൂലൈ ) NewMoon സമയം ജൂലൈ 14 ബുധൻ 06 hrs , 32 Mnts UT ആയിരുന്നു.
പ്രസ്തുത ദിവസം സൂര്യാസ്തമനത്തിന് ശേഷം 15 മിനുട്ട് നേരം ' ഹിലാൽ ' മദീനയുടെ ചക്രവാളത്തിന് മുകളിൽ ഉണ്ടായിരുന്നു . എന്നിട്ടും പിറ്റേന്ന് മുഹറം 1 ആയില്ല . മറിച്ച് ജൂലൈ 15 ന് വ്യാഴാഴ്ച്ച അസ്തമിച്ച രാത്രി മദീനയുടെ ആകാശത്തിൽ 65 മിനുട്ട് ചന്ദ്രദർശനം സാധ്യമായിരുന്നു. 
ആ ചന്ദ്രക്കല ദൃശ്യമായത് കണക്ക് കൂട്ടിത്തുടങ്ങിയാണ് പിറ്റേന്ന് ജൂലൈ 16 ആം തിയ്യതി മുഹറം 1 ആയത്. 
ഇക്കാര്യം മനസ്സിലാക്കാനാവുന്ന ഗ്രാഫിക് ചിത്രീകരണങ്ങൾ ആസ്ട്രോണമിക് സൈറ്റുകളിൽ കാണാം.മാസാരംഭം കുറിക്കാൻ ഹിലാൽ ദൃശ്യമാവലല്ല , ന്യൂമൂണാനാനുബന്ധ കണക്കുകളാണ് എന്നിപ്പോൾ പ്രചരിപ്പിക്കുന്നവരും പ്രവാചകപ്പിറവിയുടെ ഗ്രിഗേറിയൻ തിയ്യതി സമീകരിക്കാൻ ഉപയോഗിക്കുന്ന ഹിജ്റ മാസാരംഭം Newmoon കണക്കിനൊത്തല്ല സംഭവിച്ചത് എന്നതിൽ തന്നെയുണ്ട് ചിന്തിക്കുന്നവർക്ക് പാഠം .
സ്വന്തം ജനനതിയ്യതി ക്രിസ്തുവിനെ ആധാരമാക്കിയ 'AD'കണക്കിൽ രേഖപ്പെടുത്തിയ പുസ്തകത്തിൽ തന്നെ ,
'യേശു എന്നൊരാളില്ല , കെട്ടുകഥയാണ് ' എന്നെഴുതി ആത്മറദ്ദ് നടത്തുന്ന നിരീശ്വരവാദികളുടെ അതേ കുയുക്തി തന്നെയാണ് ഇതും.

തിരുപ്പിറവി 571 ൽ ആവുമ്പോഴാണ് ദിവ്യബോധനത്തിൻ്റെ ആരംഭവും തിങ്കളാഴ്ച്ച ആവുകയുള്ളൂ . 17 - 9 - 13 BH എന്ന തിയ്യതിയിലാണ് വഹിയ് ആരംഭിക്കുന്നത് .25 - 8 - 609 നോടൊക്കുന്ന റമദാൻ 17 തിങ്കളാഴ്ച്ചയായിരുന്നു അത്. അപ്പോൾ നബി ( സ്വ ) ക്ക് ഹിജ്റവീ കണക്കിൽ 40 വയസ്സും 6 മാസവും 5 ദിവസവും പിന്നിട്ടിരുന്നു. ഈ തിയ്യതി CE 610 ആഗസ്ത് 10 ആയിരുന്നുവെന്നാണ് സഫിയുദ്ദീൻ മുബാറക് ഫൂരി തൻ്റെ ' അൽ റഹീഖുൽ മഖ്തൂം " ൽ എഴുതിയത്. അബുൽ ഹസൻ അലി നദ്‌വി CE 610 ആഗസ്ത് 6 എന്നാണ് 'സീറതു ഖാതമുന്നബിയ്യീൻ ' ൽ ( പേജ് 31 ) എഴുതിയത് കാണുന്നത്. പണ്ഡിതന്മാർ പലരും ചരിത്ര വിഷയമായതിനാൽ ചരിത്രകാരന്മാരെ അവലംബിച്ചതാവാമെങ്കിലും കൂടുതൽ കൃത്യമായ സമീകരണം അതിനോടൊക്കുന്നില്ലെന്ന് പറയേണ്ടി വരും.
വഹിയാരംഭം 25 - 8 - 609 ന് തിങ്കൾ എന്നാണെന്നതിൻ്റെ വാനശാസ്ത്രന്യായം , അതനുസരിച്ച് നബി ( സ്വ ) യുടെ പുത്രൻ ഇബ്രാറാഹീമിൻ്റെ നിര്യാണദിവസം CE 27 - 1 - 632 തിങ്കൾ ( 29 / 30 - 10 - 10 AH ) ആണെന്ന് വരും . ഹദീസിൽ വന്നത് പോലെ അന്നേ ദിവസം മദീന ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ സൂര്യഗ്രഹണം ഉണ്ടായിരുന്നുവെന്നാണ് വാനശാസ്ത്ര കണക്കുകൾ . അതനുസരിച്ച് നബി( സ്വ ) യുടെ വിഖ്യാദമായ വിടവാങ്ങൽ ഹജ്ജിലെ അറഫാ പ്രഭാഷണം നടന്ന ദിവസം CE 5 - 3 - 632 വ്യാഴമായിരുന്നുവെന്ന് വരും . അതിന് ശേഷം , 3 മാസവും 3 ദിവസും കഴിഞ്ഞ് CE 632 ജൂൺ 8 ന് , റബീഉൽ അവ്വൽ 12 ( 12 - 3 - 11 AH ) തിങ്കളാഴ്ച്ച പൂർവ്വാഹ്നത്തോടടുത്ത നേരം 
സർവ്വസൃഷ്ടികളിലും അത്യുത്തമർ മുഹമ്മദ് നബി ( സ്വ ) വിടപറഞ്ഞു . തിരുജനമൃതികൾ രണ്ടും റബീഉൽ അവ്വൽ 12നാണെന്നതിനാൽ 'നബിദിനം ' എന്നാൽ ജനജീവനമൃതി അനുസ്മരണം , മാതൃകാവ്യക്തിത്വപ്രചരണം , സ്നേഹപ്രകീർത്തനാനുഭവം എന്നൊക്കെയുള്ള വിപുലമായ അർത്ഥങ്ങളാണ് . പ്രവാചക കാലഗണനാ നാൾവഴിയിലെ സന്ദേശ നിർഭരമായ 1500 സംവൽസരങ്ങൾ , ആ മഹച്ചരിതങ്ങളെ നടുക്ക് നിർത്തി ലോകം സഞ്ചരിച്ചതിൻ്റെ സന്ദേശങ്ങൾ പകർന്നും സന്തോഷങ്ങൾ നുകർന്നും 'നബിദിനം ' കൊണ്ടാടാൻ മാനവിക ലോകം തയ്യാറെടുക്കുന്ന ആസന്നമായ തിരുവസന്തോൽസവത്തിന് നമുക്കുമൊരുങ്ങാം , സ്വല്ലല്ലാഹു അലൈഹിവ സല്ലം .

Loading comments...

Leave a Reply