THEOFORT
ഭൂമി-സൂര്യൻ-ചന്ദ്രൻ എന്നിവ ഒരേ പ്രതലത്തിൽവരുന്ന നിമിഷാനന്തരം ' NEW MOON' സംഭവിച്ചതിനുശേഷം സൂര്യനസ്തമിച്ച പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കാനടുത്ത ചന്ദ്രക്കല നഗ്നദൃഷ്ടിയിൽ ( Visible Cresent ) കണ്ട നിമിഷം മുതലാണ് ശറഈ ചന്ദ്രമാസാരംഭം. കലദൃശ്യമാവാൻ ശാസ്ത്രീയമായി, ചന്ദ്രൻ സൂര്യന്റെ നേർമുഖളിലാണെങ്കിൽ 9.4 ഡിഗ്രിയും സൂര്യന്റെ 5 ഡിഗ്രി തെക്കോ വടക്കോ ആണെങ്കിൽ 9 ഡിഗ്രി ഉയരത്തിലും ആയിരിക്കേണ്ടതുണ്ട്. അതായത്, സൂര്യൻ അസ്തമിച്ചിട്ടും 29-36 മിനുട്ട് സമയമെങ്കിലും മൂൺലാഗ് (സൂര്യ-ചന്ദ്രാസ്തമന ഇടവേള) ആകാശത്ത് വേണമെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണം. ഇതനുസരിച്ച്, പിറദർശന സാധ്യതയുടെ മിനിമം മൂൺലാഗായി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെട്ട 8 ഡിഗ്രി ( 32 മിനുട്ട് ) കൃത്യമാവുന്നു. പ്രസ്തുത ലേഖകനടക്കം 'ട്രഡീഷണൽ ഹിലാൽ വ്യവസ്ഥയെ'പരിഹസിക്കുന്നവരുടെ ന്യായവൈകല്യങ്ങളും കാര്യത്തിൻ്റെ നിജസ്ഥിതിയും ചുരുക്കിയെണ്ണാം.

'മാസപ്പിറവി എന്ന മായാത്തസമസ്യ'എന്ന പേരിൽ ഈയിടെ മലയാള ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനത്തെയും ആവർത്തിക്കപ്പെടാറുള്ള കൃത്രിമവാദങ്ങളെയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയാണിവിടെ. 'നാട്ടിലും ഗൾഫിലും ഒന്നിച്ച് നോമ്പും പെരുന്നാളുമാചരിക്കാൻ പറ്റായ്മ'യാണ് ലേഖനം പറഞ്ഞുണ്ടാക്കിയ ദണ്ണം. 'കേരളം മാസപ്പിറവി വിഷയത്തിൽ സഊദി അറേബ്യയെ പിൻപറ്റുക' എന്നതാണ് സമസ്യക്കുള്ള നിർമിതപൂരണം!

എന്താണ് മാസപ്പിറവി ?

ഭൂമി-സൂര്യൻ-ചന്ദ്രൻ എന്നിവ ഒരേ പ്രതലത്തിൽവരുന്ന നിമിഷാനന്തരം ' NEW MOON' സംഭവിച്ചതിനുശേഷം സൂര്യനസ്തമിച്ച പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കാനടുത്ത ചന്ദ്രക്കല നഗ്നദൃഷ്ടിയിൽ ( Visible Cresent ) കണ്ട നിമിഷം മുതലാണ് ശറഈ ചന്ദ്രമാസാരംഭം. കലദൃശ്യമാവാൻ ശാസ്ത്രീയമായി, ചന്ദ്രൻ സൂര്യന്റെ നേർമുഖളിലാണെങ്കിൽ 9.4 ഡിഗ്രിയും സൂര്യന്റെ 5 ഡിഗ്രി തെക്കോ വടക്കോ ആണെങ്കിൽ 9 ഡിഗ്രി ഉയരത്തിലും ആയിരിക്കേണ്ടതുണ്ട്. അതായത്, സൂര്യൻ അസ്തമിച്ചിട്ടും 29-36 മിനുട്ട് സമയമെങ്കിലും മൂൺലാഗ് (സൂര്യ-ചന്ദ്രാസ്തമന ഇടവേള) ആകാശത്ത് വേണമെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണം. ഇതനുസരിച്ച്, പിറദർശന സാധ്യതയുടെ മിനിമം മൂൺലാഗായി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെട്ട 8 ഡിഗ്രി ( 32 മിനുട്ട് ) കൃത്യമാവുന്നു. പ്രസ്തുത ലേഖകനടക്കം 'ട്രഡീഷണൽ ഹിലാൽ വ്യവസ്ഥയെ'പരിഹസിക്കുന്നവരുടെ ന്യായവൈകല്യങ്ങളും കാര്യത്തിൻ്റെ നിജസ്ഥിതിയും ചുരുക്കിയെണ്ണാം.

ഒന്ന്: ഇസ് ലാമികതത്വങ്ങളുടെ സാർവജനീന, സാർവകാലിക പൊതുഭാവത്തെ ഉൾക്കൊള്ളാതെ ഗൾഫ് - കേരള ദൂരം , ഇൻ്റർനെറ്റ് യുഗം എന്നീ സങ്കുചിത വൃത്തത്തിൽ മാസപ്പിറവിയെയടക്കം ഇസ്ലാമിനെ വായിക്കുന്നു.

രണ്ട് :ചിലർ , 1851ൽ നിർണ്ണയിക്കപ്പെട്ട അന്താരാഷ്ട്രദിനമാറ്റരേഖയുമായും സൂര്യോദയവുമായും ചന്ദ്രമാസപ്പിറവിയെ ബന്ധിപ്പിക്കുന്നു. അതടിസ്ഥാനത്തിൽ , ന്യൂമൂണിനും പിറ്റേ പ്രഭാതത്തിനുമിടയിലെ രാത്രിക്ക്
മുൻമാസത്തിലോ പുതിയ മാസത്തിലോ പെടാത്ത
' മുന്നൊരുക്കരാവ് ' എന്ന വിചിത്രമായ പദവി നൽകുന്നു .

മൂന്ന് : കേരളത്തേക്കാൾ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തുള്ളസൗദി അറേബ്യയെ ആശ്രയിച്ച് കേരളം മാസമുറപ്പിക്കുക എന്ന 'ഒച്ചപ്പാട് ' ഭൂമിയുടെ ഘടനയെക്കുറിച്ചുള്ള ധാരണപ്പിശകിൻ്റെ സൃഷ്ടിയാണ്.

ഭൂമിക്ക് നാല് അടിസ്ഥാനദിക്കുകളാണുള്ളത്.

ധ്രുവനക്ഷത്രമായ പോളറൈസിൻ്റെ ഭാഗം വടക്കായും മറുപുറം തെക്കായും വടക്കിലേക്ക് തിരിയുമ്പോഴുള്ള വലതുഭാഗം കിഴക്കായും മറുഭാഗം പടിഞ്ഞാറായും ഗണിക്കപ്പെടുന്നു. ഭൂമിയുടെ വടക്കും തെക്കമുള്ള അറ്റങ്ങൾ നിർണ്ണിതമാണ്. പക്ഷെ കിഴക്ക് - പടിഞ്ഞാറ് അറ്റങ്ങൾ നിർണ്ണയിക്കാൻ പലതവണ കാനറി ദ്വീപിലെയും ഉജ്ജയിനിയിലേതുമടക്കം പലരേഖാശങ്ങളും (Longitudes ) പരിഗണിക്കപ്പെട്ടിട്ടുണ്ട്. 1851 മുതൽ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ തെക്ക് - വടക്ക് ദിശയിൽ കടന്ന് പോവുന്ന രേഖ പൂജ്യം ഡിഗ്രിയും പസഫിക് സമുദ്രത്തിലുള്ള അതിൻ്റെ മറുപുറമായ അന്താരാഷ്ട്രദിനമാറ്റരേഖ ( IDL) 360 ഡിഗ്രിയുമാക്കി,

180 ഡിഗ്രികൾ വീതമുള്ള രണ്ട് അർദ്ധഗോളങ്ങളായി കിഴക്കും പടിഞ്ഞാറും പുന:നിർണ്ണയിക്കപ്പെട്ടു. ഗ്രീനിച്ചിൽ നിന്ന് കിഴക്കിലേക്ക് പോവുന്തോറും ( റഷ്യയുടെ ഭാഗം ) 15 ഡിഗ്രിക്ക് ഒരു മണിക്കൂർ വർദ്ധിപ്പിച്ചും ( GMT 1 Hr ) പടിഞ്ഞാറിലേക്ക് പോവുന്തോറും ( അമേരിക്കയുടെ ഭാഗം ) 15 ഡിഗ്രിക്ക് ഒരു മണിക്കൂർകുറച്ചും ( GMT - 1 Hr ) സമയം ഏകീകരിക്കപ്പെട്ടു . അമേരിക്കയുടെ ഭാഗത്തുനിന്നും IDLൻ്റെ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന കക്ഷിക്ക് IDL മറികടക്കലോടെ ദിവസം മാറുമെന്ന് നിശ്ചയിക്കപ്പെട്ടു .അതിനോടനുബന്ധിച്ച് പല രാഷ്ട്രങ്ങൾക്കും മൂന്ന് മുതൽ പതിനെട്ട് വരെ ദിവസങ്ങൾ സ്വന്തം ചരിത്രത്തിൽ നിന്ന് നഷ്‌ടപ്പെട്ടിട്ടുണ്ട്.

ഭൂമി സൂര്യനഭിമുഖമായി പടിഞ്ഞാറിൽ നിന്നും കിഴക്കിലേക്ക് സഞ്ചരിക്കുന്നതിനാൽ ആദ്യമായി സൂര്യനുദിക്കുകയും അസ്തമിക്കുകയുയും ചെയ്യുന്ന കിഴക്കൻ രാഷ്ട്രങ്ങളായ കിരിബാറ്റി , സമോവ , ടോംഗ തുടങ്ങിയ പ്രദേശങ്ങളിൽ തന്നെയാണ് ആദ്യമായി ചന്ദ്രോദയാസ്തമനങ്ങൾ ഉണ്ടാവുന്നതും.

അതായത് , രേഖാംശം 39 E യിലുള്ള മക്കയിൽ ഹിലാൽ ദൃശ്യമാവുന്നതിനേക്കാൾ 8 - 9 മണിക്കൂറുകൾ മുമ്പേ ഇപ്പറയപ്പെട്ട പ്രവിശ്യകളിൽ ഹിലാൽ ദൃശ്യമാവാം.

രേഖാശം 75E യിൽ കിടക്കുന്ന കോഴിക്കോട്ട് മക്കയിലേതിനേക്കാൾ രണ്ടര മണിക്കൂർ നേരത്തെ ഹിലാൽ ദൃശ്യമാവാം.സൗദിയിൽ കാണുന്നതിനെയാണ് ആശ്രയിക്കേണ്ടത് എന്നതിൻ്റെ അർത്ഥം സ്വന്തം ചക്രവാളത്തിന് മുകളിൽ ഹിലാൽ ദൃശ്യമായാലും ആ 'കാഴ്ച്ച ' പരിഗണിക്കാതെ സൗദിയുടെ പ്രഖ്യാപനം എന്ന 'കേൾവി' വരുന്നത് വരെ കാത്തിരിക്കണം എന്നാണ് . ഉദാഹരണത്തിന് , ഇക്കഴിഞ്ഞ ശവ്വാൽ 1 ൻ്റെ പിറ സൗദിയിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ നേരത്തെ രാത്രിയായ കിഴക്കൻ നാടുകളിൽ നട്ടുപുലർച്ചേ രണ്ടരമണി വരെ ആയിയിരുന്നു.

മാധ്യമക്കാരൻ്റെ യുക്തിവെച്ച് സൗദി കേരളത്തെ പിൻപറ്റലാണ് പ്രായോഗികമായി കരണീയമെന്ന് വ്യക്തം.

മക്ക - മദീന എന്നീ ഹറമകൾക്കപ്പുറമുള്ള പ്രദേശങ്ങൾ ഇസ്ലാമികമായി കോഴിക്കോട് പോലെത്തന്നെയാണ്.

ഇതിനേക്കാൾ കടുത്ത പ്രായോഗിക പ്രശ്നത്തിനാണ് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഉണ്ടാവുക .

ഭൂമിയുടെ പടിഞ്ഞാറേ അറ്റങ്ങളിൽ താമസിക്കുന്ന,യാത്ര ചെയ്യുന്ന ജനതക്ക് സൗദിയേക്കാൾ സൂര്യ-ചന്ദ്രാനുഭവം 14 - 15 മണിക്കൂർ വരെ വൈകുന്ന ഘട്ടങ്ങളുണ്ട് . പടിഞ്ഞാറിലേക്ക് പോവുന്തോറും ഹിലാൽദർശനത്തിൻ്റെ അനുകൂലനങ്ങളായ മൂൺലാഗ് , ഇല്യുമിനേഷൻ എന്നിവ വർദ്ധിക്കുന്നതിനാൽ സൗദിയിലും ഇന്ത്യയിലുമൊന്നും കാണാത്ത രാത്രിയിൽ തന്നെ യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം പലപ്പോഴും ഹിലാൽ കാണാനാവും.അവർ സ്വന്തം ഹിലാലിനെ അവഗണിച്ച് ഒന്നരദിവസത്തോളം കാത്തിരിക്കേണ്ടി വന്നേക്കാം !

നാല് : തിയ്യതിയുടെ ആരാധനയായ റമദാൻ 1 ലെ നോമ്പ് , ശവ്വാൽ 1 ലെ ഈദ് തുടങ്ങിയവയെ ദിവസത്തിൻ്റെ ആരാധനയായ വെള്ളിയാഴ്ച്ച ജുമുഅ:യുമായി താരതമ്യം ചെയ്യുന്ന വങ്കത്തം പലരുമെന്ന പോലെ മാധ്യമക്കാരനും ചെയ്തു. കിരിബാതി മുതൽ 
ടെമറ്റാഗി വരെ ചുറ്റുന്ന 'വെള്ളിയാഴ്ച്ച 'ദിവസം എന്ന ലൂപിംഗ് യൂണിറ്റിനകത്ത് വെച്ച് ഭൂമിയിൽ വ്യത്യസ്ത സമയങ്ങളിൽ ജുമുഅ: നടക്കുന്നു. ജമുഅ: തുടങ്ങിയേടത്ത് ശനി ളുഹർ ആവുമ്പോഴാവും മറ്റൊരറ്റത്ത് വെള്ളി ജുമുഅ : നടക്കുന്നത് .അതിന് കാരണം സൂര്യൻ്റെ ചക്രവാള മാറ്റമാണ് എന്നംഗീകരിക്കാമെങ്കിൽ , ചന്ദ്രാനുഭവത്തിൻ്റെ ചക്രവാളവ്യത്യാസമനുസരിച്ച് ഒന്നാം തിയ്യതിയിലേക്ക് ഭൂമിയിലുള്ളവർക്ക് ഒന്നിച്ച് പ്രവേശിക്കാനുമാവില്ല എന്നുമംഗീകരിച്ചേ പറ്റൂ . അനുഷ്ഠാനങ്ങളുടെ സമയമൊക്കലല്ല ഐക്യം , ഉൾപ്രേരണ സമാനമാകലാണ് മുസ്ലിം ഐക്യം .

അഞ്ച് : ഇത്തരക്കാർ നിരന്തരം മുന്നോട്ട് വെക്കുന്ന മറ്റൊരനർത്ഥം ; നമസ്ക്കാരത്തിന് ശാസ്ത്രീയ ചാർട്ടുകളും സോഫ്വെയറുകളും അവലംബിക്കുന്ന ട്രഡീഷണൽ ഖാദിമാർ മാസപ്പിറവിയുടെ കാര്യത്തിൽ ശാസ്ത്രത്തെ തള്ളുന്നു എന്ന ആരോപണമാണ്.

സൂര്യൻ്റെ വ്യത്യസ്തമായ ചായലുകളുടെ തോത് വാനശാസ്ത്രമറിയുന്ന പണ്ഡിതന്മാർ സ്വന്തം കണ്ടെത്തി, 'അഞ്ച് വഖ്തുകൾ ' സ്വയം നിഴലുകൾ നോക്കി ബോധ്യം വരുത്തി അതിനൊത്ത് സംവിധാനിച്ച ചാർട്ടുകളാണ് പണ്ഡിതന്മാർ അവലംബിക്കുന്നത്. അല്ലാതെ 'നാസ'പുത്തിറക്കിയ പട്ടികയല്ല .

അക്കാര്യത്തിനുപയോഗിക്കുന്നഅടിക്കണക്ക് മുതൽ സോഫ്റ്റ്വെയറുകളിൽ വരെ അടിസ്ഥാന മാനദണ്ഡം ഒന്നാണ്. സമയ നിർണ്ണയത്തിൽ നിഴൽ വ്യത്യാസം നേരിട്ട് മനസ്സിലാക്കിയത് പോലെ തിയ്യതി നിർണ്ണയത്തിൽ ചന്ദ്രൻ്റെ കലവ്യത്യാസം ഉപകരണമന്യേ ബോധ്യം വരുത്തണമെന്നതാണ് യുക്തം . ചന്ദ്രൻ്റേതിൽ സ്വന്തം അനുഭവത്തെ നിരാകരിച്ച് ശാസ്ത്രത്തെ അവലംബിക്കണമെന്ന് പറയുന്നവർ ഒന്നറിയണം , നൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഇക്കാണുന്ന ശാസ്ത്രസാങ്കേതികത ഇല്ലായിരുന്നു , നിമിഷങ്ങൾക്കകം ഭൂമി കരിക്കാൻ മാത്രം ശക്തമായ മാരകായുധങ്ങൾ നിറഞ്ഞ ഇക്കാലത്ത് , നൂറ് കൊല്ലങ്ങൾ കഴിഞ്ഞാൽ ഇവയൊന്നും ഉണ്ടാവുമെന്ന് പറയാനുമാവില്ല .

ഏത് സാഹചര്യത്തിലും പ്രയോഗവൽക്കരിക്കാൻ പറ്റുന്ന മാനകമായ തത്വമാവും ഇസ്ലാമിലെ ഏത് നിയമവും.

നമസ്കാരസമയത്തിൽ നിഴൽ വായനവും തിയ്യതി തുടങ്ങാൻ ഹിലാൽ കണ്ണാലേ കാണലുമാണ് അവിടെ ഏകശരി. 


ചക്രവാള പരിധി : തെറ്റിദ്ധാരണ വേണ്ട .

ഭൂമിയുടെ വെളിയിൽ നിന്ന് ഒരാൾ ഭൂമിയെ നിരീക്ഷിക്കുകയാണെങ്കിൽ , ശരാശരി 111 കി.മീറ്ററിന് 4 മിനുട്ട് എന്ന തോതിൽ കിഴക്കിൽ നിന്ന് പടിഞ്ഞാറിലേക്ക് പോകുന്തോറും ഉദയാസ്തമനങ്ങൾ വൈകുന്നുവെന്ന് കാണാം. സുനിതാവില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ 16 ഉദയാസ്തമനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ധ്രുവങ്ങളിൽ അരവർഷമാണ് രാപ്പകൽ ദൈർഘ്യം . ഇതൊക്കെ നിർണ്ണയിക്കാൻ വാനശാസ്ത്രം സങ്കൽപ്പിക്കുന്ന മാനദണ്ഡമാണ് ചക്രവാളം.ചക്രവാള സങ്കൽപ്പം ശരിയാണെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം . 

1 . 70 മീറ്റർ പൊക്കമുള്ള ഒരാൾ സമനിരപ്പിൽ നിന്ന് കാണുന്ന ആകാശത്തിൻ്റെ അറ്റം ( ആകാശം കുനിഞ്ഞിറങ്ങി ഭൂമിയെ സ്പർശിച്ച ആഴം ) 4.7 കിലോമീറ്റർ അകലത്താണെങ്കിൽ ടിയാൻ 100 മീറ്റർ ഉയരമുള്ള ഗോപുരത്തിൽ കയറിയാൽ പ്രസ്തുത ദൂരം 36 കിലോമീറ്റർ ആയി മാറും ( അത്രയും നേരത്തെ പകലാവും , വൈകി രാത്രിയാവും ) .

തൽപ്പര കക്ഷികൾ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ജില്ലാതിർത്തികളോ സംസ്ഥാനാതിർത്തിയോ അല്ല ചക്രവാള പരിധി. പ്രത്യുത,

കിഴക്ക് - പടിഞ്ഞാറ് രേഖാംശ വ്യത്യാസമാണ് . രണ്ട് ഡിഗ്രികൾക്കിടയിലെ ദൂരം 111. 321 കിലോമീറ്ററാണ്. 

ഒരിടത്ത് ഹിലാൽ ദൃശ്യമായാൽ എത്രദൂരത്തോളമാണ് പ്രാബല്യം എന്ന കാര്യത്തിൽ 'എല്ലാനാടുകൾക്കും ' ബാധകമാക്കാം (ഭൂമി മുഴുവൻ എന്നല്ല) എന്ന ഹനഫീ മദ്ഹബിലെ ഒരഭിപ്രായം മുതൽ ദൃശ്യമായ 'ബലദിന്' ( പ്രദേശം ) മാത്രം എന്ന ഇമാം ഗസ്സാലി ( റ ) അടക്കുള്ളവരുടെ അഭിപ്രായം വരെ പ്രാമാണിക കർമ്മ ശാസ്ത്രത്തിലുണ്ട്.

'പുരോഗമന മുസ്ലിംകൾക്ക് ' കൂടി തൽപ്പരനായ ഇമാം ഗസ്സാലി ( റ ) ഇക്കാര്യത്തിൽ ഏറ്റവും ചുരുങ്ങിയ പരിധിയെ പിന്തുണച്ച കൂട്ടത്തിലാണ് .ചില ആധുനിക സലഫീ മുഫ്തിമാർ പറയുന്നത് പോലെ ഒറ്റദർശനം കൊണ്ട് ഭൂമി മുഴുവൻ പ്രയോഗവൽകരിക്കൽ പ്രായോഗികമല്ല , അതിന് മുമ്പേ മറ്റിടങ്ങളിലും കണ്ടിരിക്കും . ഈ വാനശാസ്ത്രസത്യം അറിയുന്നത് കൊണ്ടാണ്

' എല്ലാനാടുകളും ' എന്നതിനെ ഏകദേശം ഖുറാസാൻ മുതൽ ഉൻദുലുസ് വരെ ( അഫ്ഗാൻ മുതൽ സ്പെയിൻ വരെ ) എന്ന് ഇമാം അബൂഹനീഫ ( റ ) വിശദീകരിച്ചത്.

രാപ്പകൽ - വൃത്തങ്ങളിൽ ഒത്ത് വരുന്ന രേഖാംശ പരിധി ഏകദേശം അത് തന്നെയാണ് , അല്ലാതെ , പടിഞ്ഞാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും മനുഷ്യരുള്ള കാര്യം അറിയാഞ്ഞിട്ടല്ല.

ഇബ്നുബാസിൻ്റെ ഫത്‌വയും ഇതേ ലൈനാണ്.

ഇക്കാര്യത്തിൽ ഏറ്റവും യുക്തവും ശാസ്ത്രീയവുമായ ശാഫീ മദ്ഹബിൽ , രണ്ടഭിപ്രായമാണുള്ളത്. 8 ഡിഗ്രികൾ അഥവാ 32 മിനുട്ടിൻ്റെ ഉദയാസ്തമന പരിധി ( 890കി.മീ ) ഒരു ചക്രവാളമായി പരിഗണിച്ചവരുണ്ട് . 

മറ്റൊരഭിപ്രായം 24 ഫർസഖ് അഥവാ രണ്ട് ഭാഗത്തേക്കും 197.510 വായുവേധ കിലോമീറ്ററാണ്. തെക്കിലേക്കും വടക്കിലേക്കും ധ്രുവങ്ങൾ വരെ ഈ നിയമം ബാധകമാക്കാവുന്നതാണ്. കിഴക്കൻ നാട്ടിൽ കണ്ടാൽ പടിഞ്ഞാറൻ നാടുകൾക്ക് ബാധകമാക്കാം , പൊതുവേ മറിച്ച് പരിധിക്കപ്പുറം പ്രായോഗികമല്ല. ഭൂപ്രദേശങ്ങളുടെ കിടപ്പ് , ഉത്തരായന - ഭക്ഷിണായന ഘട്ട വ്യത്യാസം തുടങ്ങിയവയ്ക്കും ഇവിടെ സ്ഥാനമുണ്ട് . ആസ്ട്രോമിക് കണക്കും ഒപ്റ്റിക്കൽ സഹായികളും വെച്ച് സ്പോട്ട് കണ്ടെത്തിയ ശേഷം കണ്ണാലെ പിടിച്ചെടുക്കാം .

കൂടെ , രാഷ്ട്രീയ- സാമൂഹികാവശ്യങ്ങൾക്ക് ഉമർ ( റ ) രൂപപ്പെടുത്തിയ സാങ്കേതിക ഹിജ്റ കലണ്ടറോ ഗ്രിഗേറിയൻ കലണ്ടർ തന്നെയോ ഉപയോഗിക്കാം.

Loading comments...

Leave a Reply